പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, June 17, 2009

പൂണൂല്‍ ധാരികള്‍ മീന്‍പിടുത്തക്കാരായി വളര്‍ന്ന കഥ


  തൃശ്ശിവപേരൂരിന്റെ സ്വന്തം വാറോലയായിരുന്ന എക്സ്പ്രസ്സ് ദിനപത്രം തുടങ്ങുന്നതിനും സാംസ്കാരിക തലസ്ഥാനത്തിന്റെ സ്വന്തം ശരീരമായ തീറ്ററപ്പായി ജനിക്കുന്നതിനും മുമ്പത്തെ സംഭവമാണ്. ജോസും ബിന്ദുവുമൊക്കെ സ്വപ്നയും,ഗിരിജയും,ജോര്‍ജ്ജേട്ടന്റെ രാഗവുമൊക്കെ  തുണിപൊക്കി സിനിമ തുടങ്ങുന്നതിനും മുമ്പേയുള്ള സംഗതിയുമാണ്.

രാജാവ് ഒറ്റ കൈ കൊണ്ട് പല വകുപ്പുകളില്‍ കൈയിട്ടു നക്കിയിരുന്ന കാലം.
രാജാവിന്റെ ചക്കരക്കയ്യില്‍ ആര്‍ക്കെങ്കിലും നക്കാന്‍ പറ്റിയെങ്കിലായി.

അന്നൊക്കെ മനുഷ്യന്റെ ജാതിയും മതവും സ്റ്റാറ്റസും നിര്‍ണ്ണയിച്ചിരുന്നത് രാജാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയാണ്. കൊട്ടാരത്തില്‍ കയറാന്‍ കഴിയുന്നവൻ,അടുക്കളയില്‍ നുഴഞ്ഞുകയറാന്‍ പ്രാപ്തിയുള്ളവന്‍ , അരിവെപ്പന്മാര്‍,അരിയിട്ടു വാഴ്ചക്കാര്‍ ,കൊട്ടാരം വൈദ്യന്മാര്‍ , രാജ്ഞിയുടെ കിടപ്പറയില്‍ പ്രവേശിക്കാന്‍ കെല്‍പ്പുള്ളവര്‍ എന്നിങ്ങനെയൊക്കെ ഉള്ള നിലവെച്ചായിരുന്നു.

നായന്മാര്‍ ,ചോമാര്‍ ,മുക്കുവര്‍ ,കുശവര്‍ ,ജാരന്മാര്‍ ,പിന്നെ രാവിലേയും വൈകീട്ടും പൂജക്കും, പൂരത്തിനും ദേഹണ്ഡത്തിനും സദ്യക്കും പുറത്തിറങ്ങാറുള്ള നമ്പൂരാക്കള്‍,അന്യന്റെ മുതല്‍ നേരിട്ടല്ലാതെ ചിട്ടിയിലൂടെ കൈവശപ്പെടുത്തുന്ന നസ്രാണിമാര്‍ എന്നിങ്ങനെയുള്ള ജാതി സമൂഹങ്ങളുടെ കൊമ്പും ചില്ലകളും. രാജാവിന്റെ മനോനില വെച്ചും രാജ്ഞിയുടെ മനോരാജ്യമനുസരിച്ച്   ഉണങ്ങിയും തളിര്‍ത്തും കായ്ചും പൂത്തും ഉലഞ്ഞുകൊണ്ടുമിരുന്നു.


  ശക്തനായ രാജാവിന്റെ പല്ലക്ക് തോളിലേറ്റുന്ന ചുമട്ടു തൊഴിലാളികള്‍ നെടുപുഴ, അയ്യുന്ന്, ചിയ്യാരം, തങ്കമണിക്കേറ്റം(അന്ന് തങ്കമണി ജനിച്ചിട്ടില്ല,വെറും കയറ്റം മാത്രം) കിണര്‍  , വലുയാലുക്കല്‍ തുടങ്ങിയ ഭാഗങ്ങളില്‍ താമസിച്ചു പോന്ന ചില കുടുംബാംഗങ്ങള്‍ക്കായിരുന്നു.ചെത്തിക്കുടിച്ചു കൂത്താടുന്ന ചോന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന കൂർക്കഞ്ചേരിയിൽ നിന്നും ഒരകലം പാലിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.(നാരായണന്‍ എന്നോ മറ്റോ പേര്‍ വിളിക്കുന്ന ഒരു  ചോച്ചങ്ങായി അവിടെ മൊട്ടയടിച്ച് ചുറ്റിക്കറങ്ങുന്നതായി അവര്‍ക്ക് വിവരം കിട്ടിയിരുന്നു.  മതങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ്     തച്ചും ചതച്ചും കൊന്നും വിവരിക്കാനാവാത്ത ഹര്‍ഷോന്മാദത്തില്‍ ജീവിച്ചിരുന്ന  ജനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ഈ ചട്ടമ്പിയായ സ്വാമി വന്നതെന്നും സ്വതവേ അറിവാളികളായ അവര്‍ മനസ്സിലാക്കിയിരുന്നു.)

കാതില്‍ കടുക്കനും അതിനുതാഴെ തരിശായിക്കിടന്ന ശരീരത്തിൽ പൂണൂലും ചുറ്റി നടന്ന അവര്‍ നിറത്തില്‍ കടൽമീനായ പുതിയാപ്ലക്കോര പോലെ തിളങ്ങുന്നവരായിരുന്നില്ല,കായൽമീനായ കുറുമാടു പോലെ  കറുത്തു മിനുസമുള്ളവരായിരുന്നു.

ശക്തനായ രാജാവിനെ ചുമലിലേറ്റി നടക്കുമ്പോള്‍ ഉച്ച വെയിലത്ത് പൂണൂൽ തിളങ്ങുമായിരുന്നു,ഉച്ചവെയിലില്‍ പരല്‍ മീനുകള്‍ പോലെയൊ,കോണ്‍ഗ്രസ്സ്   യോഗ വേദിയിലെ നേതാക്കള്‍ പോലെയൊ ,കലക്കുവെള്ളത്തിൽ അരയന്നങ്ങൾ പോലെയൊ അതിനെ ഭാവന ചെയ്യാം.

ഉണ്ടിരിക്കുന്ന നായക്കൊരു ഉള്‍വിളി എന്നു പറയുന്നതുപോലെ ഒരു ദിവസം ശക്തനാ‍യ രാജാവിനൊരു യാത്രാപൂതി പൊന്തി.കണിമംഗലത്തെ പുരയൊന്നുപൂകണം, അവിടെ അമ്പലത്തില്‍ തൊഴേം,ചുറ്റുപാടും  പറ്റുന്ന വല്ല കലാപരിപാടികളില്‍ മുഴുകയേം ചെയ്യാം എന്നൊരു തോന്നലായിരുന്നു മൂപ്പര്‍ക്ക്.അങ്ങിനെ അരമനേന്ന് ചില്വാനം പറ്റി ഉണ്ടുറങ്ങുന്ന കറമ്പന്മാര്‍ക്കൊരു പണിയും കൊടുക്കാം .       (ചുമക്കാന്‍ രാജഭാ‍രമില്ലാത്ത സമയത്തൊക്കെ നെല്ലുകുത്തു പുരയിലോ തേങ്ങാത്തടത്തിലൊ വാല്യക്കാരിത്തികളോട് അലോഹ്യത്തിലെത്താന്‍ പറ്റുന്ന ഏതെങ്കിലും ലോഹ്യം പറഞ്ഞിരിപ്പായിരിക്കും ഇക്കൂട്ടര്‍ )

കാരോക്കും പാടം കടക്കുന്നതിനിടയിലെ തോടില്‍ ആയുസ്സിന്റെ നീളമറിയാതെ മീനുകള്‍ ഉച്ചവെയിലില്‍ പുളച്ചുമറിയുകയായിരുന്നു.അന്നേരമാണ് പല്ലക്ക് ആ വഴിയിലൂടെ ഇരുകാലിളുടെ  ചക്രത്തിന്മേല്‍ നിങ്ങിക്കൊണ്ടിരുന്നത്.പൂര്‍വ്വികമായ സ്മൃതി ഉള്ളില്‍ നിന്നും തികട്ടി വന്നതിനാലൊ ഭാവിയിലേക്കുള്ള ചൂണ്ടുപലക മനസ്സിൽ കണ്ടതിനാലോ എന്തോ, രാജാവിന്റെ പല്ലക്ക് വരമ്പിൽ വെച്ച് ചുമട്ടുകാര്‍ വെള്ളത്തിലേക്ക് ഒത്തൊരുമിച്ചു മുങ്ങാംകുഴിയിട്ടു.അഞ്ചെട്ടാളുകള്‍ ഒന്നിച്ചു ചാടിയതോടെ വെള്ളം ഒരു വിധമായി,നാനാവിധമായി.

കലക്ക് വെള്ളത്തില്‍ തന്റെ ചുമട്ടുകാര്‍ മീന്‍ പിടിക്കുന്നത് രാജാവ് ഉച്ചവെയിലിൽ വിയര്‍ത്തു കുളിച്ച് നോക്കിക്കണ്ടു.എഴുന്നേറ്റാല്‍ കുണ്ടിയുടെ തണുപ്പുകൂടി നഷ്ടപ്പെടുമെന്ന ഭയത്താല്‍ അവിടെ തന്നെ അമര്‍ന്നിരുന്നു.പിന്നെ ഒന്നു മയങ്ങിപ്പോയി,വേറേ ഗതിയില്ലാതെ.(പല്ലക്കില്ലെങ്കില്‍ സംബന്ധി പോലും വിലകല്‍പ്പിക്കില്ലെന്ന് രാജാവിനല്ല ഏതു കുഞ്ഞുകുട്ടിക്കുമറിയാം).ശബ്ദം കേട്ടുണർന്ന രാജന്‍ കായലില്‍ കണ്ടത്  തൂറി ജീവിക്കുന്ന ഏതൊരു  സവര്‍ണ്ണനും സഹിക്കുന്നതിനപ്പുറമായിരുന്നു. തന്നെ വെയിലിൽ ഉണക്കാനിട്ടത് ക്ഷമിക്കാം,വൈകിച്ചത് പോട്ടെയെന്നും വെക്കാം. നാലു തലവെട്ടി പട്ടിക്കിട്ടുകൊടുത്ത്   ഉള്ളിലെ കോപം ശമിപ്പിക്കുകയും ചെയ്യാം.

പക്ഷെ കണ്ട കാഴ്ച !
ഭഷ്യക്ഷാമം വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനു മുന്നിൽ തീറ്ററപ്പായി എന്ന പോലെ രാജാവ് തളർന്നുപോയി.പിടിച്ച മീനുകളത്രയും പൂണൂലിൽ കോര്‍ത്തെടുത്തുകൊണ്ടായിരുന്നു പല്ലക്കന്മാരുടെ വരവ്. മീന്‍ മുഴുവന്‍ പൂണൂലിൽക്കിടന്ന് പിടഞ്ഞ് പ്രതിഷേധിച്ചുകൊണ്ടിരുന്നു.കേന്ദ്രത്തിലെ സഹമന്ത്രിമാരെപ്പോലെ ദുര്‍ബ്ബലനായ ഒരു  രാജാവിനു പോലും ഇത്  സഹിക്കാന്‍ സാധിക്കില്ല.അപ്പോള്‍ ശക്തന്റെ കാര്യം പറയണോ.
തിരികെ   രാജന്‍ കൊട്ടാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പേ തേക്കിന്‍ കാട്ടില്‍ വെച്ചുതന്നെ
പൂണൂലെല്ലാം ഒന്നൊഴിയാതെ അഴിച്ചു വാങ്ങി(മീനില്ലാതെ) അവരുടെ ജീവിതമാകുന്ന തെളിവെള്ളത്തില്‍ അധികാരത്തിന്റെ(അതൊ ധിക്കാരത്തിനെയോ) ഒരു കല്ലെറിഞ്ഞു രാജന്‍ അവരുടെ വെള്ളം കലക്കി.അധികാരത്തിന്റെ അടിപ്പാതയിൽ നിന്നും അവർ തന്നിഷ്ടത്തിന്റെ സ്വതന്ത്ര്യവഴികളിലേക്ക് ഊളയിട്ടു.മീന്‍പിടുത്തം തൊഴിലാക്കിയും മീൻ കച്ചവടം പിടിച്ചുപറിയുമാക്കിയ അവര്‍ പില്‍ക്കാലത്ത് രാജാവിന്റെ പേരില്‍ തന്നെ മാര്‍ക്കറ്റ് സ്ഥാപിച്ച് തങ്ങളുടെ മൂക്കിന് മീതെ രാജാവില്ലാത്തതും മുട്ടിനു താഴെ മീനുകളുള്ളതുമായ ഒരു ലോകം സ്ഥാപിച്ചു, ശക്തൻ മാര്‍ക്കറ്റ്.

അഴിച്ചുമാറ്റപ്പെട്ട പൂണൂല്‍ ശരീരത്തില്‍ നിന്ന് അരക്കെട്ടിലേക്ക് മാറ്റിസ്ഥാപിച്ച് പൂണൂലിന്റെ സാന്നിദ്ധ്യവും അഹങ്കാരവും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇക്കൂട്ടരില്‍ ചിലർ.ഇടക്ക് പൂണില്‍ മീന്‍ പിടക്കുന്നുണ്ടൊ എന്ന് ശങ്ക തോന്നി അരയില്‍ തപ്പി നോക്കുന്നത്, മീന്‍ കൊതിയന്മാരായ നാട്ടുകാരെ കത്തിവെക്കുന്നതിനിടയിലെ  അസുഖകരമായ  കാഴ്ചയാണ്.

 (നെടുപുഴ ഹെര്‍ബര്‍ട്ട് നഗറില്‍ ശില്പങ്ങളുണ്ടാക്കി ഭാര്യ രാധയോടൊപ്പം താമസിക്കുന്ന  രാജന്‍ പറഞ്ഞ വാമൊഴിയുടെ കടലാസു രൂപമാണിത് .ഈ കഥ പറയുമ്പോള്‍ ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍ .മോഹനന്‍ ,വാസ്തുകം ശ്രീനി ,പ്രിന്റെക്സ് അജിത് മുതല്‍ പേര്‍ ഉണ്ടായിരുന്നു.ഇതില്‍ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ അത്  അവര്‍ പറഞ്ഞു തരുന്നതാകുന്നു.)

9 comments:

Unknown said...

ithenthaanishtaa comments okke delete cheytho?
enthaayalum ippozhum njan ethi munpe.
photos ugran.kazhinja postil theepidippikkunna photo superb........

മണിലാല്‍ said...

നന്ധി സുസ്മി..........

മണിലാല്‍ said...

മാര്‍ജാരന്‍ ചിത്ര സഹിതം വായിക്കുക

Anonymous said...
This comment has been removed by a blog administrator.
Sapna Anu B.George said...

Good read

ശ്രീനാഥന്‍ said...

why deleting the comments?

Anonymous said...

അക്ഷരത്തിനെല്ലാര്‍ക്കുമര്‍ഹതയില്ലെന്നു വാദിക്കുന്നവര്‍ക്കുതെളിവായി ഉപയോഗിക്കാം ഐ പൊസ്റ്റ്.

Muralee Mukundan , ബിലാത്തിപട്ടണം said...

കണിമംഗലത്തേയും ,നെടുപുഴയിലേയും പല്ലക്കുചുമട്ടുകാരേയും;നമ്മുടെ തമ്പുരാനേയും ചരിത്രത്തിൽ നിന്നും പുറത്തിടുത്തിട്ടത് വളരെ നന്നായിട്ടുണ്ട് ...കേട്ടൊ..മണിലാൽ.

ജ്യോതീബായ് പരിയാടത്ത് said...

assalayi


നീയുള്ളപ്പോള്‍.....