പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, October 10, 2009

മധുരക്കനി ഒരു പ്രണയക്കനിചുട്ടുപഴുത്ത ഏകാന്തതയുടെ മുട്ടത്തോട് പിളര്‍ത്തിയാണ് മധുരക്കനി പളനിമലയെ കണ്ടെടുക്കുന്നത്,തേനിയില്‍ വെച്ച്. പഴനിമലക്ക് താറാവുവളര്‍ത്തലാണ് സാഹചര്യം പതിച്ചു നല്‍കിയ ജോലി. കിട്ടിയ ജോലി നന്നായി നിര്‍വ്വഹിക്കാതെ അന്യന്റെ ജോലിയെ പ്രേമിച്ചു നടന്നില്ല പഴനി. താറാവിനെ മേച്ചു നടക്കുന്നതില്‍ പ്രാവീണ്യം നേടി എന്നു മാത്രമല്ല കൃഷിയില്‍ നേരും നെറിവും കാണിച്ച മര്യാദരാമനായിരുന്നു പഴനിമല. മധുരക്കനിയുടെ തന്തയാര്‍ക്ക് പാരമ്പര്യരോഗം പോലെ മുട്ടക്കച്ചവടമായിരുന്നു നേരമ്പോക്ക്. കാടമുട്ട, താറാമുട്ട, കോഴിമുട്ട, പൊന്മുട്ട (പൊന്മയുടെ മുട്ട) തുടങ്ങി ലോകത്തിലെ സകലമാന മുട്ടകളും അവിടെ മനുഷ്യര്‍ക്ക് വിഴുങ്ങാന്‍ പാകത്തില്‍ നിരത്തിവെച്ചു. വീടിനോട് ചേര്‍ന്ന പനയോലഷെഡില്‍. അവിടെ സ്ഥിരമായി മുട്ടകൊടുക്കാന്‍ വരുമായിരുന്നു പഴനിമല.

റ്റു മുട്ടക്കച്ചവടക്കാരെപ്പോലെയായിരുന്നില്ല പഴനിമല. താറാമുട്ടയെന്നു പറഞ്ഞാല്‍ തനിത്താറാമുട്ട തന്നെയായിരിക്കും കൊണ്ടു വരുന്നത്. വെളുമ്പന്‍ കോഴിമുട്ടയില്‍ ചെളിപുരട്ടി വൃത്തിഹീനമാക്കി താറാമുട്ടയാക്കുന്ന മറിമായത്തിനൊന്നും പഴനിമല നിന്നില്ല. കച്ചവടത്തില്‍ ആനമുട്ടയുടെയത്രക്ക് സത്യസന്ധത പഴനിമല പാലിച്ചുപോന്നു. സത്യസന്ധതാപാലനമാണ് പഴനിമലയില്‍ നോക്കി നെടുവീര്‍പ്പിടാന്‍ മധുരക്കനിയുടെ നിറയൌവ്വനത്തെ പ്രേരിപ്പിച്ചത്. രായ്ക്കുരാമാനം പഴനിമലയെപ്പറ്റി മധുരക്കനിയുടെ തന്തയാര്‍ ഉരിയാടും. ഇത് പന്നിപ്പനിയുടെ വൈറസ് പോലെ മധുരക്കനിയിലേക്ക് പെടുന്നനെയാണ് പടര്‍ന്നുകയറിയത്. കോഴിപ്പേന്‍ ദേഹത്ത് അരിച്ചെന്ന മട്ടില്‍ മധുരക്കനിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. പഴിനിമലയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും മധുരക്കനി അടയിരുന്നു. കുളിയൂം കളിയും ഒന്നുമില്ലാതെയായി. പഴനിമലയില്ലാതെ ഇതെല്ലാം എതുക്ക്?

ഇടക്കൊന്നു കൂകുകയോ കുറുകുകയോ മാത്രം ചെയ്തു പോന്നു മധുരക്കനി. സ്വപ്നങ്ങളെല്ലാം മുട്ടകളായിരുന്നെങ്കില്‍ എത്രയെത്ര പക്ഷിപ്പറവകള്‍ കൊത്തിവിരിഞ്ഞേനെ മധുരക്കനി അടയിരുന്നതിന്‍ ചൂടില്‍. അക്ഷമയുടെ അടയാളങ്ങളായ കൊക്കരക്കോ, കുറുകല്‍, ചിക്കിപ്പെറുക്കല്‍, ചേവല്‍, ചിറകുവിടര്‍ത്തല്‍, വെപ്രാളങ്ങള്‍ മധുരക്കനിയില്‍ ഉടലെടുക്കുന്നത് മുട്ടക്കച്ചവടക്കാരനായ തന്തയാര്‍ക്ക് പെട്ടെന്ന് തന്നെ തിരിഞ്ഞു. തള്ളക്കോഴി കുഞ്ഞുക്കോഴിയെ എന്ന വണ്ണം സ്വപ്നച്ചിറകുകള്‍ വിരിഞ്ഞ മധുരക്കനിയെ തന്തയാര്‍ കൊത്തിയകറ്റി പഴനിമലക്കൊപ്പം പറത്തി വിട്ടു. പോണാല്‍ പോകട്ടും പോടീ............

പെണ്ണുകെട്ടിയ വീടുമായി മുട്ടക്കച്ചവടം മാത്രമല്ല ഒരു കച്ചോടവും അത്ര പന്തിയല്ലെന്ന് കണ്ട പഴനിമല മധുരക്കനിയേയും കൂട്ടി പശ്ചിമഘട്ടം കടന്നു. റിയല്‍ എസ്റ്റേറ്റും, മാഫിയാ, ഗുണ്ടാപണിയും,വ്യാജ വോട്ടര്‍ പട്ടികയും, കള്ളവോട്ടും, ഗള്‍ഫ് സ്വപ്നങ്ങളുമൊന്നുമില്ലാതെ, ചുടുകാറ്റില്‍ ക്ഷീണിച്ചും നട്ടെല്ലൊടിച്ചും കൃഷിചെയ്തു സത്യസന്ധരായി,നെറ്റിയിയിലെ വിയര്‍പ്പുകൊണ്ട് പട്ടിണി കിടന്ന് ജീവിക്കുന്ന അപരിഷ്കൃതരായ ഒരു ജനത പാര്‍ക്കുന്നൊരിടം ഇപ്പോഴും കേരളത്തിലുണ്ടെന്ന് കണ്ടു പിടിച്ചു പഴനിമല. അങ്ങിനെ പാലക്കാട്ടെ ഒരു കുഗ്രാമത്തിലെത്തി. താറാക്കൂട്ടത്തിന്റെ തളരാത്ത ആവേശത്തിനൊപ്പം അവര്‍ സഞ്ചരിച്ചു. ഒടുവില്‍ കൊങ്ങന്‍ ചാത്തിക്കളം എന്നൊരു സ്ഥലത്ത് അവര്‍ വലിയൊരു പാടത്തിന്‍ നടുവില്‍ ജീവിതമാരംഭിച്ചു.

രാവിലെ മധുരക്കനി ആവാഹിച്ചും വേവിച്ചും കൊടുത്ത ഭക്ഷണം കഴിച്ച് പഴനിമല താറാവുകൂട്ടവുമായി പുറപ്പെടും. നെന്മണികള്‍ കൊത്തി മുന്നേറുന്ന താറാക്കൂട്ടത്തിനൊപ്പം വടിയും സഞ്ചിയുമായി നൃത്തം വെച്ച് പഴനിമലയും സഞ്ചരിച്ചു. രാത്രി മുട്ടയിടാന്‍ മറന്നുപോയ ചില അരാജകവാദിത്താറാവുകള്‍ കണ്ടത്തില്‍ പണി പറ്റിക്കും.

കൂട്ടം തെറ്റിപ്പോകാതിരിക്കാന്‍ ഒരു കണ്ണ്, മുട്ട വരുന്ന ദ്വാരം വികസിക്കുന്നത് നോക്കാന്‍ മറ്റൊരു കണ്ണ്. താറാവുകാര്‍ക്ക് അങ്ങിനെ പല കണ്ണുകള്‍ വേണം,രാജ്യാതിര്‍ത്തിയില്‍ നില്‍ക്കുന്ന മനുഷ്യരൂപങ്ങള്‍ പോലെ. പഴനിമല സന്ധ്യക്കേ മടങ്ങിവരൂ.

ഴനിമലയെ യാത്രയാക്കിക്കഴിഞ്ഞാല്‍ മധുരക്കനി തൊട്ടടുത്ത പുഴയില്‍ നീരാടാനായി പുറപ്പെടും. അലതല്ലി കുറച്ചുനേരം അങ്ങിനെ വെള്ളത്തില്‍ കിടക്കും. ചൂടുപിടിച്ച ശരീരത്തെ തണുപ്പിക്കും. വെള്ളം കൊണ്ടെത്ര തണുപ്പിച്ചാലും ചൂടുപോകാത്ത എഞ്ചിനാണ് ശരീരമെന്ന് അവള്‍ ഫിലോസഫിച്ചു. പിന്നെ എത്ര കുളിച്ചാലും വിട്ടുമാറാ‍ത്ത താറാക്കാട്ടത്തിന്റെ മണവും. തിരിച്ച് ഷെഡിലെത്തി പൌഡര്‍ സ്പ്രേ ചാന്ത് സെന്റ് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ വാരിപ്പൂശും. അവള്‍ പിന്നെ കുറെ നേരം വെയില്‍ കൊള്ളും. പനമരത്തില്‍ കാറ്റു പിടിക്കുന്നത് കുറെ നേരം നോക്കി നില്‍ക്കും. മുള്‍ച്ചെടി പോലും പടരാത്ത പനമരം പോലെയാണ് തന്റെ ജീവിതമെന്ന് അത്മഭാഷണം നടത്തും. പനക്ക് കൂട്ടായി കാറ്റെങ്കിലുമുണ്ട്. തനിക്കോ?

ലില്ലിപ്പുട്ടുകളെപ്പോലെ കുണ്ടികുലുക്കി നടക്കുന്ന താറാവുകളും അവയെ നിയന്ത്രിക്കുന്ന വികൃതമായ ശബ്ധങ്ങളുമല്ലാതെ മറ്റൊന്നും പഴനിമലയുടെ ജീവിതത്തില്‍ ഇല്ലെന്നും മധുരക്കനി തിരിച്ചറിഞ്ഞു. മുട്ടയുടെ കനം കാണുമ്പോളുള്ള ചിരിയല്ലാതെ തനിക്കുനേരെ മുഖത്തൊന്നും കാണാറില്ലെന്നും അവള്‍ മനസ്സിലാക്കി. അടുപ്പു പൂട്ടി ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കുളിച്ച് പൌഡര്‍ പൂശി ഇരുന്നിട്ടൊന്നും കാര്യമില്ലെന്നും താറാക്കാട്ടത്തിന്റേയും പട്ടച്ചാരായത്തിന്റേയും ലോകത്തിലാണ് പ്രണനാഥന്‍ പഴനിമലയെന്നും അവള്‍ അരിശത്തോടെ ഓര്‍ത്തു. തന്റെ ശരീരവും മനസ്സും വെറുതെയെന്തിന് പാലക്കാടന്‍ വെയിലില്‍ ഉരുക്കുന്നുവെന്ന് അവള്‍ ആവലാതിയോടെ പരിതപിച്ചു. പുഷ്പിതമായ കാലത്തെ കന്നംതിരിവുകേടില്‍ അവള്‍ സ്വയം പഴിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇരുട്ടിയാല്‍ പഴനിമല വരുന്നതും കാറ്റു പിടിച്ചാണ്. വറ്റുചാരായത്തിന്റെ ആയാസത്തില്‍ ആടിയും ഉലഞ്ഞും. പിന്നെ താറാക്കാട്ടത്തിന്റെ മണമില്ലാത്ത ലോകത്തിലേക്ക് അയാള്‍ കുഴഞ്ഞു വീഴും. താറാവിന്റെയും പഴനിമലയുടെയും സമ്മിശ്ര ഗന്ധത്തിന്റെ രൂക്ഷത അനുഭവിക്കാന്‍ വിധിക്കപ്പെട്ടതോര്‍ത്ത് മധുരക്കനി നെടുവീര്‍പ്പിടും.

സ്വപ്നത്തിലെന്നോണം ചില രാത്രികളില്‍ പുറത്ത് പതിഞ്ഞ കാലടിയൊച്ചകളും കേട്ടു. ഷെഡില്‍ ചിത്രം വരക്കുന്ന നിഴലുകളും കണ്ടു. താറാവിന്റെ പോലെ മൃദുലമായ ചര്‍മ്മത്തോടുകൂടിയ സഹൃദയനായ ഒരു ജീവി ഷെഡിനു ചുറ്റും രാത്രികളില്‍ സഞ്ചരിക്കുന്നതായി മധുരക്കനിക്ക് തോന്നി. അവളുടെ നെഞ്ചിടിച്ചു.

പ്രായത്തിലെ നെഞ്ചിടിപ്പ് ചെകുത്താന്റെ വാസ സ്ഥലത്തേക്കുള്ള പ്രയാണമാണെന്ന് തിരിച്ചറിഞ്ഞ് ചിങ്ങംചിറയിലേക്ക് സദാചാരത്തിന്റെ ചിഹ്നമാ‍യ ഭാരതസ്ത്രീയുടെ ഭാവരൂപം നേര്‍ന്നു.നെര്‍വഴിക്ക് നയിക്കേണമേ. (താറാവിനെ പൊക്കാന്‍ വരുന്ന കുറുക്കനെങ്ങാനും അകുമോ? ആവാന്‍ തരമില്ല. കുറുക്കന് ജാരന്മാരുടെയത്ര വകതിരിവ് ഉണ്ടാവില്ല.) ദൈവമേ കൂര്‍ക്കം വലിക്കാരനെ എങ്ങിനെ ഉണര്‍ത്തും. (ഉണരാതിരിക്കട്ടെ എന്ന് മനസ്സിലും ആഗ്രഹിച്ചു) ഒരു നിശ്വാസത്തിനു മറുപടിയായി മറ്റൊരു നിശ്വാസം അവളില്‍ നിന്നും പുറത്തു വന്നു. അതിന്റെ ധൈര്യത്തില്‍ കാലിടര്‍ച്ചയോടെയെങ്കിലും അവള്‍ ഷെഡിനുപുറത്തിറങ്ങി. കുറുക്കനായാലും വേണ്ടില്ല, കുറുനരിയായാലും വേണ്ടില്ല. താന്‍ മാത്രം ഉണര്‍ന്നിരിക്കുന്ന വിജനതയില്‍ ഏതൊരു ജീവിയും നല്ല കൂട്ടുകാരനായിരിക്കും. നല്ല നിലാവ്. പനയോലകളില്‍ നിലാവ് മുടിയില്‍ എണ്ണത്തിളക്കം പോലെ ജ്വലിച്ചു. അവള്‍ തണുത്ത കാറ്റില്‍ തുളുമ്പി. തണുപ്പിനെ തൊടാനെന്നപോലെ അവളുടെ ഉണര്‍വ്വുകള്‍ പുറത്തേക്ക് വെമ്പി. നില മറന്നുനില്‍ക്കവെ ഒരു മുരടനക്കം കേട്ടു, അരികെ. ഞെട്ടലോടെ തിരിഞ്ഞു.മു ന്നില്‍ ഒരു രൂപം നിവര്‍ന്നുനില്‍ക്കുന്നു. ആദ്യം അമ്പരന്നെങ്കിലും ഉടനെ തന്നെ ആളെ മനസ്സിലായി. അതയാള്‍ തന്നെ.എന്നും രാവിലെ താറാമുട്ട വാങ്ങാ‍ന്‍ ബൈക്കിലെത്തുന്ന കണ്ണുതുറിയന്‍ . കാണുമ്പോള്‍ ഒരുന്നം മുഖത്ത് എന്നും ഉണ്ടായിരുന്നു. നേരത്ത് ഇയാള്‍..... (ഇത്ര വൈകാന്‍ പാടില്ലായിരുന്നു എന്നും മനസ്സിലും വിചാരമുണ്ടായി) താറാവുകള്‍ നീന്തുന്ന കലങ്ങിയ കുളം പോലെ ചടുലമായിരുന്നു അയാളുടെ കണ്ണുകള്‍. അവള്‍ പലകാര്യങ്ങള്‍ പലതരത്തില്‍ ആലോചിച്ചു നില്‍ക്കെ അയാള്‍ അവള്‍ക്കരികിലെത്തി അവളുടെ ചുമലില്‍ അമര്‍ത്തിപ്പിടിച്ചു. അയാളുടെ തണുത്തതും വരണ്ടതുമായ കൈകത്തലം അവളുടെ ശരീരത്തെ കൂടുതല്‍ തണുപ്പിച്ചു. കാലില്‍ നിന്നും വിറയല്‍ ശരീരമാകെ പടര്‍ന്നു കയറി. അവള്‍ക്ക് മിണ്ടാന്‍ കഴിഞ്ഞില്ല.അതിനു മുമ്പെ അവരുടെ ശ്വാസങ്ങള്‍ ഇട കലര്‍ന്നിരുന്നു.

അവര്‍
വരമ്പത്തിരുന്നു,മുറുക്കിക്കെട്ടാന്‍ വെച്ച കൊയ്ത നെല്‍ക്കതിരുകള്‍ പോലെ.
അയാള്‍ പറഞ്ഞു.

ഭാര്യക്കാണെന്ന് ഞാന്‍ നുണ പറഞ്ഞതാ. എനിക്കാ മൂലക്കുരൂന്റെ അസ്കിത. താറാമുട്ട കഴിച്ചിട്ടൊന്നും ഒരു കൊറവുമില്ല. എടങ്ങറോണ്ട് രാത്രി കെടക്കാന്‍ തന്നെ പറ്റാണ്ടായി. എറങ്ങി നടന്നതാ....നടന്നപ്പ ഇങ്ങട്ടാ കാല് തോന്നിച്ചേ”

തു പറയുമ്പോള്‍ മധുരക്കനി വിളഞ്ഞ നെല്‍ക്കതിര്‍ നിലത്തിന്റെ ഊഷരതയിലേക്കെന്നപോലെ അയാളുടെ മടിയിലേക്ക് ചാഞ്ഞു. മധുരക്കനിയില്‍ ചേര്‍ന്ന പുതിയ അവതാരത്തിന്റെ പേര് ശബരിമല. അയാളുടെ അച്ഛന്‍ പത്തു പതിനഞ്ചു വര്‍ഷം മല കയറിയതിന്റെ സിദ്ധിയാണ് ശബരിമലയെന്ന മൂലക്കുരു ബാധിതന്‍. അവരുടെ ഒച്ചയനക്കങ്ങളില്‍ താറാക്കൂട്ടം ഒന്നിച്ചൊരു കോണിലേക്ക് ഒതുങ്ങിനിന്നു. അവയുടെ വെപ്രാളത്തില്‍ തൊലിക്കനമില്ലാത്ത പുതുമുട്ടകള്‍ പൊട്ടിത്തകര്‍ന്നു. പേടിച്ചരണ്ട അവയുടെ ശബ്ദങ്ങളും പഴനിമലയുടെ കൂര്‍ക്കം വലിയും അവരുടെ ശരീരച്ചേര്‍ച്ചകള്‍ക്ക് അകമ്പടിയായി. പലയോലയില്‍ കാറ്റുപിടിച്ചുണ്ടായ സംഗീതം അവിടെയാകെ നിറഞ്ഞു. കൊയ്തൊഴിയാത്ത പാടങ്ങളുടെ സീല്‍ക്കാരവും ഗന്ധവും അവിടെ പരന്നു. വിയര്‍പ്പും വിയര്‍പ്പും കലര്‍ന്ന് സുഗന്ധവാഹിയായ മറ്റൊരു സംഗമം ഭൂമിയില്‍ ഉടലെടുക്കുകയായിരുന്നു.

രാവിലെ താറാക്കൂട്ടങ്ങളുമായി പഴനിമല പുറപ്പെടുമ്പോള്‍ ഷെഡിന്റെ മുളങ്കമ്പില്‍ കൊളുത്തിയിട്ട കണ്ണാടിയില്‍ മുഖത്തെ നിറച്ചുനിര്‍ത്തി അവള്‍ സ്വയം സംസാരിക്കുകയായിരുന്നു.

രാത്രിക്കൊരു പകല്‍ കണ്ടു പിടിച്ച ദുഷ്ടന്‍ ആരാണ്

സമയം പഴനിമലയും താറാക്കൂട്ടങ്ങളും വെയിലിന്റെ തീഷ്ണതയിലേക്ക് അലിഞ്ഞുതീരുകയായിരുന്നു. കാഴ്ച നഷ്ടമായപ്പോള്‍ മധുരക്കനി ഷെഡ്ഡിനുള്ളിലെ ഇളം ചൂടില്‍ തളര്‍ന്നുറങ്ങി.

രാവിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള്‍ താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ടു. അതെടുത്ത് മടിയില്‍ത്തിരുകി ഒരാള്‍ക്കുമാത്രം നടക്കാന്‍ പാകത്തിലുള്ള ചെറുവരമ്പത്തൂടെ വരിവരിയായി കണ്ടത്തിനു നേരെ നടന്നു കൊയ്ത്തുകാര്‍‍.

4 comments:

മണിലാല്‍ said...

കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള്‍ താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ടു. അതെടുത്ത് മടിയില്‍ത്തിരുകി ഒരാള്‍ക്കുമാത്രം നടക്കാന്‍ പാകത്തിലുള്ള ചെറുവരമ്പത്തൂടെ വരിവരിയായി കൊയ്ത്തു കണ്ടത്തിനു നേരെ നടന്നു അവര്‍.

Unknown said...

കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള്‍ താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ടു.
Excellent narration!
Creativity at its peak.

Unknown said...

Intro is amazing. Nice.

Anonymous said...

ഇതു പറയുമ്പോള്‍ മധുരക്കനി വിളഞ്ഞ നെല്‍ക്കതിര്‍ നിലത്തിന്റെ ഊഷരതയിലേക്കെന്നപോലെ അയാളുടെ മടിയിലേക്ക് ചാഞ്ഞു?


നീയുള്ളപ്പോള്‍.....