പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, November 16, 2009

മഹാന്മാര്‍ ഉണ്ടാകുന്നത് എങ്ങിനെയെന്നാല്‍...........


വെക്കാനുള്ള അരി വിറ്റ് ചീട്ടുകളിയും പട്ടയടിയും പുരുഷന്മാര്‍ ശീലമാക്കിയതിനാല്‍ അടുപ്പില്‍ അധികം തീ പുകച്ച് കണ്ണും കരളും പുകിലാക്കേണ്ടി വന്നില്ല ആ നാട്ടിലെ അമ്മപെങ്ങമ്മാര്‍ക്ക്.അതെ,കൊച്ചുവിന്റെ ഹെര്‍ബര്‍ട്ട് നഗര്‍ കോളനിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പുരുഷന്മാര്‍ ഇങ്ങനെ ചീട്ടുകളിയും കള്ളുകുടിയുമൊക്കെയായി ജീവിതത്തെ അങ്ങാടിപ്പാട്ടാക്കി ആര്‍ത്തുല്ലസിച്ചു നടന്നപ്പോള്‍ ഉമ്മറപ്പടിയില്‍ വരിവരിയായിരുന്ന് തലയിലെ പേന്‍ നുള്ളുകകയും ലാലുപ്രസാദ് യാദവിനെപ്പോലെ ഒരു മര്യാദയുമില്ലാതെ കരിപ്പുക തുപ്പി അങ്ങോട്ടുമിങ്ങോട്ടും ഓടിയിരുന്ന ട്രെയിനുകളുടെ എണ്ണം പിടിച്ചും ബോഗിയെണ്ണിയും നേരം കളഞ്ഞു ഹെര്‍ബര്‍ട്ട് നഗറിലെ മിസ്സിസ്സുകള്‍ .അന്ന് ലേഡീ ലയണ്‍സ് നിലവില്‍ വന്നിട്ടില്ല.
പൈതങ്ങളാണെങ്കിലോ ഒറ്റ മുട്ടയുമിട്ട് ലോകത്തില്‍ ഒരു പ്രധാനസംഭവം നടന്നിരിക്കുന്നു എന്ന് കൂകിവിളിച്ച് വിളംബരം ചെയ്ത പിടക്കോഴികളെ കല്ലെറിഞ്ഞും റെയില്‍ വേ ട്രാക്കിലേക്ക് മൂത്രം നീട്ടിയൊഴിച്ചും പുതിയ തലമുറയുടെ കാഹളം മുഴക്കിക്കൊണ്ടിരുന്നു. മേരിമാതയില്‍ മാറ്റിനിക്കുള്ള പാട്ട് കേള്‍ക്കുമ്പോള്‍ കുണ്ടിയുറക്കാത്ത ചില പെണ്ണുങ്ങള്‍ എവിടെ നിന്നെങ്കിലും തറട്ടിക്കറ്റിനുള്ളത് അരിച്ചുപെറുക്കി പുറപ്പെടും.പെണ്ണുകയറ്റക്കാരായ കെ.പി.ഉമ്മറിനെയും ഗോവിന്ദന്‍ കുട്ടിയെയും കണ്ടില്ലെങ്കില്‍ ഒരിതുമില്ലാതതതുപോലെയാണ് ചില പെണ്ണുങ്ങള്‍ക്ക്.ഭര്‍ത്താവില്‍ നിന്നും കിട്ടുന്ന ഉറിയടിയുടെ ഊക്കു പോരാത്തതു പോലെ തോന്നും മേരിമാതയിലേക്കുള്ള അവരുടെ വെച്ചുപിടുത്തം കണ്ടാ‍ല്‍.അതുപോലെ നസീറിന്റെ പ്രണയത്താല്‍ ചുറ്റപ്പെട്ട് ജയഭാരതി വരിഞ്ഞുമുറുകി ഞരമ്പ് രോഗികളെപ്പോലെ ചുണ്ടുകള്‍ കോടിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ എരിപിരികൊള്ളുന്ന പുരുഷരത്നങ്ങള്‍ പ്രൊജക്റ്റര്‍ റൂമില്‍ നിന്നും തിരശ്ശീലയിലേക്ക് ഡൊമിനി വിടുന്ന പുകയിലേക്ക് നാട്ടു ബീഡി വലിച്ച്
മര്യാദപ്പുക നീട്ടിവിട്ട് ഞാനാരാ എന്ന മട്ടില്‍ ചുറ്റുപാടും നോക്കി അമര്‍ന്നിരിക്കും.ഇത്യാദി സംസ്കാരസമ്പന്നരായ മനുഷ്യര്‍ വസിക്കുന്ന സ്ഥലമാണ് ഹെര്‍ബര്‍ട്ട് നഗര്‍ കോളനി.

ലോകബാങ്കിന്റെ സഹായത്തിന്റെ ഭാഗമായി സാസ്കാരിക വിപ്ലവമെങ്ങാനും തൃശൂര്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയാല്‍ ഉന്മൂലനാശം ചെയ്യപ്പെടാന്‍ മാത്രം സംസ്കാരം ഉള്ളവരായിരുന്നു അവര്‍.വെക്കാനുള്ള അരി,തൂറാനുള്ള കക്കൂസ്,കുളിക്കാനുള്ള കുളം,കളിക്കാനുള്ള കളം,ഇഴയാനുള്ള നിലം,ഇതൊക്കെ അവരുടെ ആവശ്യങ്ങള്‍ ആയിരുന്നു.കളിച്ചില്ലെങ്കിലും കുളിച്ചില്ലെങ്കിലും കുഴപ്പമില്ല,തൂറാനാണെങ്കില്‍ റെയില്‍ വേ ട്രാക്ക് ഉപയോഗിക്കാം.സ്പീഡ് ട്രെയിന്‍ വരുന്നത് നോക്കാന്‍ ചുവപ്പന്‍ കൊടിപിടിച്ച് ആളെ നിര്‍ത്തിയാല്‍ മതി.(അത്തരം കൊടികള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത സ്ഥലമായിരുന്നു ഹെര്‍ബര്‍ട്ട് നഗര്‍.മുണ്ടു പൊക്കി കാണിച്ചാലും ചുവപ്പു നിറം കണ്ട് നമ്മള്‍ ഇങ്ക്വിലാബ് വിളിച്ചു പോകും.അത്രയധികം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഹെര്‍ബര്‍ട്ട് നഗറില്‍ പ്രവര്‍ത്തിച്ചിരുന്നു.അടിവസ്ത്രങ്ങള്‍ നിര്‍ബ്ബന്ധമായതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അവര്‍ അകമഴിഞ്ഞ് സ്നേഹിച്ചു,സ്വീകരിച്ചു.)

മീറ്റര്‍ ഗേജിന്റെ കാലത്ത് സംഗതികള്‍ പരമസുഖമായിരുന്നു. ഇമ്മിണി വലിയ കക്കൂസ് പോലെയായിരുന്നു ഹെര്‍ബര്‍ട്ടുകാര്‍ക്ക് മീറ്റര്‍ ഗേജ്.ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് എന്നാണ് ഹെര്‍ബര്‍ട്ടുകാ‍ര്‍ മീറ്റര്‍ ഗേജിനെപ്പറ്റി കഥകള്‍ പറഞ്ഞത്.ഓരോ പാളത്തിലും ഓരോ കാല്‍ വെച്ച് പാളത്തിലേക്ക് വിക്ഷേപിച്ചാല്‍ മതി.മീറ്റര്‍ ഗേജ് പാളങ്ങള്‍ ഒന്നു കൂടി അടുപ്പിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്ന കാലത്താണ് ഒരപശകുനം പോലെ ബ്രോഡ് ഗേജ് വരുന്നത്.അതുമ്മേല്‍ കവച്ചുവെച്ചിരുന്നാല്‍ പോളിയുന്ന കുണ്ടി വേറാരുടേതുമല്ലെന്ന് ഹെര്‍ബര്‍ട്ടുകാര്‍ക്കറിയാം,അത്രക്ക് വിവരദോഷികളൊന്നുമല്ല അവര്‍.ഒരു വരെയെങ്കിലും പഠിച്ചവരാണ് അധികം പേരും.അറിവിന്റെ പിന്‍ബലത്തില്‍ ഹെര്‍ബര്‍ട്ടുകാര്‍ സമരത്തിനൊന്നും പോയില്ല.അതിന് നൊട്ടണം.കക്കൂസിന്റെ കാര്യത്തിന് സമരം ചെയ്യുക എന്നത് ,ഛേ....സംസ്കാരമില്ലാ‍ത്തവര്‍ ചെയ്യുന്ന കാര്യമാണ്.എങ്ങിനെയെങ്കിലും നാല് അരിമണി ഹെര്‍ബര്‍ട്ട് കുടുംബിനികള്‍ക്ക് കിട്ടിയെന്നിരിക്കട്ടെ.അതൊന്ന് വേവിച്ച് തീറ്റപ്പരുവത്തില്‍ ആക്കാന്‍ എന്തു ചെയ്യും.ഗ്യാസ് എന്ന് പറഞ്ഞാല്‍ വയറ്റില്‍ ഉരുണ്ടുകൂടുകയും പട്ടയടിച്ച് ശമിപ്പിക്കാന്‍ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സാധനം എന്നേ ഹെര്‍ബര്‍ട്ടുകാര്‍ക്കറിയൂ.അടുപ്പിന് വിറകും മരമുട്ടിയും തന്നെ ശരണം.ഹെര്‍ബര്‍ട്ട് നഗറിലുള്ളവര്‍ക്ക് എന്തിനും ഏതിനും റെയില്‍വേയാണ് ശരണം.കടപ്പുറത്തുകാര്‍ക്ക് കടല്‍ പോലെ മലമ്പ്രദേശത്തുകാര്‍ക്ക് മല പോലെ,എഴുത്തച്ഛന്മാര്‍ക്ക് മൂര്‍ക്കനിക്കര സിറ്റിപോലെ ഹെര്‍ബര്‍ട്ട് നഗറുകാര്‍ക്ക് റെയില്‍ വേ.

നിര്‍ത്തിയിട്ട ഗുഡ്സില്‍ നിന്നും കല്‍ക്കരി,ഗോതമ്പ്,സിമന്റ് തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ കവര്‍ന്നെടുക്കുക പതിവു പരിപാടികളില്‍ ഒന്നായിരുന്നു.കല്‍ക്കരിയായിരുന്നു അതില്‍ പ്രധാനം.വിറകിന്റെ ക്ഷാമം അങ്ങിനെയാണ് ഹെര്‍ബര്‍ട്ടുകാര്‍ പരിഹരിച്ചത്.തീവണ്ടി ഓടിയില്ലെങ്കിലും അടുപ്പില്‍ തീ പുകയണം.കല്‍ക്കരിയുടെ യുഗം കൂകിപ്പാഞ്ഞതോടെ രക്ഷപ്പെട്ടത് കരിപുരണ്ട യാത്രക്കാരാണെങ്കിലും കഷ്ടപ്പെട്ടത് ഹെര്‍ബര്‍ട്ട് നഗറുകാരായിരുന്നു.ഇലക്ടിസിറ്റിയിലോടുന്ന വണ്ടിയിലേക്ക് നോക്കി അവര്‍ നെടുവീര്‍പ്പിട്ടു പഴയ കാലം അയവിറക്കി.ഇലക്ടിസിറ്റി മോഷണമാണെങ്കില്‍ അന്ന് സങ്കല്പിക്കാന്‍ പറ്റാത്ത കാര്യവുമായിരുന്നു.

ങ്ങിനെയൊരു ക്ഷാമകാലത്ത് ചൊറിയും കുത്തിയിരിക്കുമ്പോള്‍ കൊച്ചു എന്ന അതിസാഹസികനായ ഹെര്‍ബര്‍ട്ട് മനുഷ്യനില്‍ ചിന്താവിസ്ഫോടനം പോലെ ഒരു സാധ്യത തെളിഞ്ഞത്.തന്റെ തലയില്‍ തന്നെയാണൊ ഇത്തരം ബുദ്ധിയുദിച്ചതെന്ന് സംശയം തോന്നുകയും തലയില്‍ കൈവെച്ച് അക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു.റെയില്‍ വേയും തീവണ്ടിയും കണ്ടുപിടിച്ചതിനേക്കാള്‍ ഹെര്‍ബര്‍ട്ട് നഗറുകാര്‍ക്ക് ഇതായിരുന്നെനെ മഹത്തായ കണ്ടുപിടുത്തം.റെയില്‍ പാളത്തിലെ മരത്തടികൊണ്ടുള്ള സ്ലീപ്പര്‍ തഞ്ചത്തിലൂരുക,ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഒന്നിടവിട്ട് ഊരുക.പെട്ടെന്നാരും കണ്ടുപിടിക്കില്ല.അല്ലെങ്കില്‍ തന്നെ ഇത്ര അടുത്തടുത്ത് സ്ലീപ്പര്‍ അശാസ്ത്രീയവുമാണ്.വിറകിന്റെ ക്ഷാമം അങ്ങിനെ പരിഹരിക്കാം.പല വഴിക്കും പല തരത്തില്‍ വലിയ തലയില്‍ കൊച്ചു ചിന്തിച്ചു.പദ്ധതി നടപ്പില്‍ വരുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി.

പിക്കാസ് കോടാലി നൂര്‍സേട്ട് ബീഡി തീപ്പെട്ടി തുടങ്ങിയ ആയുധങ്ങളുമായി കൊച്ചു വെളുപ്പാന്‍ കാലത്ത് കൊച്ചു പാളത്തിലേക്ക് മെറ്റല്‍ വിരിപ്പിലൂടെ ഊര്‍ന്നിറങ്ങി.ഈ ഊര്‍ന്നിറങ്ങലില്‍ ചില ചില്ലറ മുറിവുകള്‍ പറ്റി രക്തം പൊടിഞ്ഞു.നല്ല കാര്യങ്ങള്‍ക്ക് ഇത്തിരി രക്തം കൊടുത്താലും കുഴപ്പമില്ല,ചിന്തയില്‍ കൊച്ചു കറകളഞ്ഞ കമ്യൂണിസ്റ്റായി.ഒരു മദാലസയെപ്പോലെ പാളം അങ്ങിനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്.കൊച്ചു ഭാവന നെയ്തു. നൂര്‍സേട്ട് ബീഢി ആഞ്ഞുവലിച്ച് കൊച്ചു ട്രാക്കിന്റെ വശം ചേര്‍ന്ന് ഇരുന്നു.പാളത്തില്‍ ഒന്നു തൊട്ടു,പാമ്പിനെ തൊടുന്നതു പൊലെ തണുപ്പ്. തൂറാനിരിക്കുന്നു എന്നു തോന്നിക്കാനാണ് മുറിബീഡി കത്തിച്ചത്. കുന്തിച്ചിരുന്ന് ചുറ്റിക കൊണ്ടും പിക്കാസ് കൊണ്ടു സ്ലീപ്പര്‍ ഊരാന്‍ ശ്രമമാരംഭിച്ചു.ആഞ്ഞടിക്കാന്‍ പറ്റില്ല.തുടക്കത്തിലേ വിപ്ലവം പൊളിയും.തഞ്ചത്തില്‍ അടിക്കണം.സ്ലീപ്പര്‍ ഊരുകയും വേണം ശബ്ദം ഒറ്റയൊരുത്തന്‍ കേള്‍ക്കാനും പാടില്ല.

കൊച്ചുവെളുപ്പാന്‍ കാലത്ത് റെയില്‍ വേ ട്രാക്കില്‍ ഒരു കലാകാരന്‍ ജനിക്കുകയാണ്.ഭര്‍ത്താവിനെ ഉണര്‍ത്താതെ പ്രത്യേക ശബ്ദത്തിലും ഈണത്തിലും വാതിലില്‍ മുട്ടി ഭാര്യ എന്ന കാമുകിയെ ഉണര്‍ത്തുന്ന ജാരന്റെ അതേ അനുഷ്ഠാനകല കൊച്ചു റെയില്‍വേ ട്രാക്കിലും പരീക്ഷിക്കുകയാണ്.ജയന്തി ജനതക്കും എറണാകുളം പാസഞ്ചറിനും ഇടക്കുള്ള സമയമായിരുന്നു അത്.ഒരു പത്തിരുപത്തഞ്ച് മിനിട്ട് കിട്ടും.അതിനിടയില്‍ സംഗതി പോരണം.ചുണ്ടില്‍ നൂര്‍സേട്ട് ബീഡിയും പുറത്തു വരാത്ത മൂളിപ്പാട്ടുമായി കൊച്ചു പാളത്തിന്നരികെ പതിയിരുന്ന് പണിതുടങ്ങി. ദുര്യോഗമെന്ന് പറഞ്ഞാല്‍ മതിയല്ലൊ ട്രയിന്‍ വന്നില്ല പകരം ടോര്‍ച്ചും മിന്നിച്ച് ഗാര്‍ഡ് വന്നു.വെളിയിലിരിക്കാന്‍ വന്ന് കുറ്റിക്കാട്ടില്‍ നിന്നും പുറത്ത് വന്നതായിരുന്നു.

ട്രാക്കിലെ നിഴല്‍ കണ്ടാണ് ഗാര്‍ഡിന്റെ വരവ്.പെട്ടെന്നായിരുന്നു അവന്റെ രംഗപ്രവേശം.(റെയില്‍ വേ ഗാര്‍ഡും ആഗസ്റ്റ് പതിനഞ്ചും ഒരുപോലെയാണ്,എപ്പോളാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ല.അതാണ് ഹെര്‍ബര്‍ട്ട് നഗറുകാരുടെ വിശ്വാസം.സ്കൂളില്‍ പോയിവരുന്ന കുട്ടികളുടെ കയ്യില്‍ മുട്ടായി കാണുമ്പോള്‍ മാത്രമാണ് ആഗസ്റ്റ് പതിനഞ്ച് എന്നവര്‍ ഓര്‍ക്കുക.ഇങ്ങിനെ വിലയിരുത്തിയതിന്റെ ഭാഗമായി ഒന്നോ രണ്ടൊ വര്‍ഷം ആഗസ്റ്റ് പതിനഞ്ച് രണ്ടു തവണ വന്നതായും ചില വീട്ടമ്മമാര്‍ ഓര്‍മിക്കുന്നു)അയാളെ കണ്ടതും കൊച്ചു പാതിയൂരിയ സ്ലീപ്പര്‍ തിരികെ കയറ്റാന്‍ ധൃതിയില്‍ പരിശ്രമിച്ചു.കൊച്ചുവിനരികെ വന്ന ആള്‍ കൊച്ചുവിന്റെ ശ്രമം കണ്ട് ആദ്യം പകച്ചു,പിന്നെ യാഥാര്‍ത്ഥ്യബോധത്തില്‍ സ്ലീപ്പര്‍ കയറ്റാന്‍ കൊച്ചുവിനെ സഹായിക്കുകയും ചെയ്തു.പണി തീരുകയും ജയന്തി ജനത വന്നതും ഒരുമിച്ചായിരുന്നു.ഗാര്‍ഡ് തലക്ക് കൈവെച്ച് ഭാഗ്യം എന്ന് ഉരുവിട്ടു കൂര്‍ക്കഞ്ചേരിയിലെ മദ്യപാ‍നികളുടെ ദേവനായ ഗുരുവിനെ ധ്യാനിച്ചു.തീവണ്ടി മറിഞ്ഞ് പത്തോ നൂറൊ പേര്‍ മരിക്കുന്നതല്ല, ജോലി പോകുമായിരുന്നല്ലോ എന്നായിരുന്നു ഗാര്‍ഡ് ഗാഢമായി ചിന്തിച്ചത്.

ളി ഇവിടം കൊണ്ടും തീര്‍ന്നില്ല.ആയിരക്കണക്കിനു വരുന്ന ദില്ലിയാത്രക്കാരെ രക്ഷിച്ചതിന് റെയില്‍വേ കൊച്ചുവിനെ ആദരിച്ചു.ജീവിതാവസാനം വരെ ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറിയാനുള്ള അവകാശം റെയില്‍വേ കൊച്ചുവിന് പതിച്ചുകൊടുത്തു.റെയില്‍ വേ പാസഞ്ചേര്‍സ് അസോസിയേഷനും പണക്കിഴി നല്‍കി കൊച്ചുവിന്റെ ധീരതയേയും കര്‍മ്മശേഷിയേയും വാഴ്ത്തി.പത്രത്തില്‍ കൊച്ചു അച്ചായും ചിത്രമായും നിരന്നു.

ഹാന്മാര്‍ ഉണ്ടാകുന്നത് അബദ്ധത്തില്‍ ആണെന്ന പുതിയ വിജ്ഞാനം കൈവന്ന സന്തോഷത്തില്‍ ആയിരുന്നു കൊച്ചു.വീട്ടിലേക്ക് കയറുന്നതിനുമുമ്പ് പട്ട വാങ്ങാനും കൊച്ചു മറന്നില്ല,അത്രക്ക് കനത്തിലായിരുന്നു ആ മഹാനുഭാവന്റെ മനസ്സ്.





10 comments:

മണിലാല്‍ said...

മഹാന്മാര്‍ ഉണ്ടാകുന്നത് അബദ്ധത്തില്‍ ആണെന്ന പുതിയ വിജ്ഞാനം കൈവന്ന സന്തോഷത്തില്‍ ആയിരുന്നു കൊച്ചു.വീട്ടിലേക്ക് കയറുന്നതിനുമുമ്പ് പട്ട വാങ്ങാനും കൊച്ചു മറന്നില്ല,അത്രക്ക് കനത്തിലായിരുന്നു ആ മഹാനുഭാവന്റെ മനസ്സ്.

മണിലാല്‍ said...

.(അത്തരം കൊടികള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത സ്ഥലമായിരുന്നു ഹെര്‍ബര്‍ട്ട് നഗര്‍.മുണ്ടു പൊക്കി കാണിച്ചാലും ചുവപ്പു നിറം കണ്ട് നമ്മള്‍ ഇങ്ക്വിലാബ് വിളിച്ചു പോകും.അത്രയധികം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഹെര്‍ബര്‍ട്ട് നഗറില്‍ പ്രവര്‍ത്തിച്ചിരുന്നു.അടിവസ്ത്രങ്ങള്‍ നിര്‍ബ്ബന്ധമായതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അവര്‍ അകമഴിഞ്ഞ് സ്നേഹിച്ചു,സ്വീകരിച്ചു.)

ശ്രീ said...

ഹ ഹ. കൊച്ചു ആള് കൊള്ളാമല്ലോ

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കലക്കി ....

Clipped.in - Latest Indian blogs said...

കൊച്ചു ആളൊരു പുലി തന്നെ...

മണിലാല്‍ said...

.(അത്തരം കൊടികള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത സ്ഥലമായിരുന്നു ഹെര്‍ബര്‍ട്ട് നഗര്‍.മുണ്ടു പൊക്കി കാണിച്ചാലും ചുവപ്പു നിറം കണ്ട് നമ്മള്‍ ഇങ്ക്വിലാബ് വിളിച്ചു പോകും.അത്രയധികം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഹെര്‍ബര്‍ട്ട് നഗറില്‍ പ്രവര്‍ത്തിച്ചിരുന്നു.അടിവസ്ത്രങ്ങള്‍ നിര്‍ബ്ബന്ധമായതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അവര്‍ അകമഴിഞ്ഞ് സ്നേഹിച്ചു,സ്വീകരിച്ചു.)

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ കണിമംഗലത്തെ കൊച്ചുവും,ശില്പി രാജനും , ഡൊമിനിയും ,കുഞ്ഞിരി ബാലനും,...ബുലോഗത്തും മഹാമാരായി അല്ലേ..ഭായി
അസ്സൽ വിവരണമായി കേട്ടൊ ,മണിലാൽ

Unknown said...

കൊച്ചുമാര്‍ നീണാള്‍ വാഴട്ടേ....

ടി. കെ. ഉണ്ണി said...

മഹാന്മാരുണ്ടാവുന്നതിന്റെ മാർജാര ഭാഷ്യം അസ്സലായി...

Ford France said...

very beautifully written... wonderful post..

GCSE Coursework | Assignment Writing | Assignment Service


നീയുള്ളപ്പോള്‍.....