പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, April 30, 2010

പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം(തിരക്കഥ)




തിരക്കഥ
രാത്രി


സീന്‍
നേരിയ വെളിച്ചം.
ചെറുപ്പക്കാരന്റെ മുറി. നേരിയ വെളിച്ചം.
സ്പോര്‍ട്സ് സിനിമ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ചുമരില്‍ പതിച്ചിട്ടുണ്ട്.ഈ തലമുറയിലെ പ്രതിനിധി.
കമ്പ്യൂട്ടര്‍ തുറന്നു കിടക്കുന്നു,നെറ്റും.
അടച്ചിട്ട മുറിയില്‍ തന്റേതായ ലോകത്ത്, കട്ടിലില്‍ അസ്വസ്ഥതയോടെ കിടക്കുകയാണ് അയാള്‍‍.
പെട്ടെന്നാണ് നെറ്റില്‍ സ്നേഹത്തോടെ മുട്ടുന്നതു പോലെ ഒരു ശബ്ദം.
യുവാവ് തല കുത്തി മറിഞ്ഞ് കമ്പ്യൂട്ടറിന്റെ മുന്നിലെത്തുന്നു
മുഖത്ത് പടരുന്ന സന്തോഷം,ആവേശം.
യുവാവ് കീ ബോര്‍ഡില്‍ വിരല്‍ അമര്‍ത്തുന്നു.
he എന്ന് മെയില്‍ ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍
ശബ്ദം അശരീരിയായി പുറത്തു വരുന്നു.
ഹെലോ.
ടൈപ്പ് ചെയ്തു കഴിഞ്ഞ യുവാവിന്റെ
ആകാംക്ഷ നിറഞ്ഞ മുഖം
ബോക്സില്‍ sampreetha has entered the text
എന്നു തെളിയുന്നു.
യുവാവ് കസേര സുഖകരമായ അവസ്ഥയിലേക്ക് ശരിയാക്കി അതില്‍ അമര്‍ന്നിരിക്കുന്നു. കസേരയില്‍ നിന്നിളകാതെ കമ്പ്യൂട്ടര്‍ പരിസരങ്ങളിലെ അലങ്കോലങ്ങള്‍ ഒതുക്കി വെക്കുന്നു,അക്ഷമയോടെ ആകാംക്ഷയോടെ.
കമ്പ്യൂട്ടര്‍ വെളിച്ചത്തില്‍ മുഖം തെളിയുന്നു.
അയാള്‍ കേള്‍ക്കുന്ന പതിഞ്ഞ പെണ്‍ ശബ്ദം: ഹെലോ

യുവാവിന്റെ മുഖം പ്രസന്നമാവുന്നു.
യുവാവ് ടൈപ്പ് ചെയ്യുന്ന ശബ്ദവും യുവത്വമാര്‍ന്ന പുരുഷശബ്ദവും ഇടകലരുന്നു.

യുവാവ്:എന്താ പേര്
മറൂപടി:നെല്ലിക്ക
യുവാവ്:നല്ല പേര് ,എന്റെ പേര് ജനമേജയന്‍
മറുപടി:ഉം.ഞാന്‍ ചോദിച്ചില്ലല്ലോ.
യുവാവ്:ചോദിച്ചാ‍ലും ഞാന്‍ പേരു പറയാറില്ല,പലപ്പോഴും...........വീടെവിടെയാ
മറുപടി:അകലെയകലെയാ.........
യുവാവ്:ഓ.....ഇപ്പോ എത്രാ അവിടെ സമയം.
മറുപടി:12 കഴിഞ്ഞു.

(യുവാവ് തിരിഞ്ഞ് കമ്പ്യൂട്ടര്‍ ടേബിളില്‍ തിരിഞ്ഞിരിക്കുന്ന സമയോപകരണം നോക്കുന്നു)
യുവാവ്:അപ്പോ അകലെയകലെയകലെയല്ലല്ലോ.അടുത്തടുത്താണല്ലോ.(പെണ്‍ചിരി)
എന്തു ചെയ്യുന്നു?
മറുപടി:ഡിസൈനിംഗ് സ്റ്റഡീസാ....
യുവാവ്:എന്ത് ഡിസൈനിംഗ്.....
യുവതി:(മടിയോടെ)അതു പിന്നെ...........സ്റ്റിച്ചിംഗ് എന്നു പറയും.
യുവാവ്:(നിസ്സാരമാക്കി)ഓ തുന്നല്.
മറുപടി:(നീരസത്തോടെ)എന്താ കളിയാക്കുന്ന മാതിരി
യുവാവ്:(ക്ഷമാപണത്തോടെ)ഏയ് വെറുതെ........ (ഉഷാറായി)
പറയൂ വിശേഷങ്ങള്‍
മറൂപടി:(താല്പര്യത്തോടെ)പറയൂ.......ഞാന്‍ കേള്‍ക്കാം,എനിക്ക് കേള്‍ക്കാനാ ഇഷ്ടം...........എന്തു ചെയ്യുകയാ..
യുവാവ്:ഞാന്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

മറുപടി:അതല്ല.എന്താ ചെയ്യുന്നേന്ന്

യുവാവ്:ഓഹോ....ഡയറക്റ്റ് മാര്‍ക്കറ്റിംഗ് എന്നൊക്കെ കേട്ടിട്ടില്ലെ.

മറുപടി:അറിയാം.(പാട്ടു പാടുന്നതു പോലെ)വീടുകള്‍ തോറും കയറിയിറങ്ങി...........

യുവാവ്:ഞങ്ങള്‍ വീടുകളില്‍ പോകാറില്ല,ആളുകളെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത് ഞങ്ങളാ‍.....

മറുപടി:(തമാശ മട്ടില്‍)അപ്പോ നിങ്ങളാണല്ലെ ഓരോരുത്തരെ ഓരോ സാധനങ്ങളുമായി പറഞ്ഞയച്ച് സ്വൈരക്കേടുണ്ടാക്കുന്നത്........

യുവാവ്: ഹ ഹ

മറുപടി:ഹി ഹി........ എതു സിനിമയാ കണ്ടോണ്ടിരുന്നത്?യുവാവ്:ഹിന്ദിയാ...സിനിമ കാണാറുണ്ടൊ
മറുപടി:ങും....
യുവാവ്: ആരെയാ ഇഷ്ടം.ലാലോ മമ്മുട്ടിയോ?
മറുപടി:രണ്ടു പേരേം എനിക്കിഷ്ടമല്ല.
യുവാവ്:അതെന്താ അങ്ങിനെ
മറുപടി:ഞാന്‍ ചെറുപ്പമല്ലെ,അമീര്‍ ഖാനാ എന്റെ ഫാന്‍

യുവാവ്:ഹിന്ദി അറിയുമോ‍?

മറൂപടി:ഏയ് ഹിന്ദിയൊന്നുമറിയില്ല...മസിലു കാണാനാ...
എത്രയാ വയസ്സ്
മറുപടി:എന്തിനാ...
യുവാവ്:വെറുതെ,എന്നാ വേണ്ട.എത്രേല ജനിച്ചത്?
മറുപടി:87
യുവാവ്:(പറയുന്നത് പെരുപ്പിച്ച്)ആയിരത്തിത്തൊള്ളായിരത്തി...........
മറൂപടി:(അതേ പോലെ വാക്കുകളെ പെരുപ്പിച്ച്)അല്ല കാക്കതൊള്ളായിരത്തി........
യുവാവ്:രാഷ്ട്രീയമൊക്കെ അറിയുമോ?
മറുപടി:കുറേശ്ശേ അറിയാം.
യുവാവ്:ഗ്രേറ്റ്.സോണിയാ ഗാന്ധിയെയാണോ സുഷമാ സ്വരാജിനെയാണൊ ഇഷ്ടം......
മറുപടി:(അജ്ഞതയോടെ)ആരാ.... ഇവരൊക്കെ?
യുവാവ്:അപ്പോ രാഷ്ട്രീയൊക്കെ അറിയുമെന്ന് പറഞ്ഞിട്ട്
മറുപടി:അറിയാനാ ഞാന്‍ ചോദിച്ചത്...ആരാ ഇവരൊക്കെ.
യുവാവ്:അവരൊക്കെ............ഗവണ്മെന്റിന്റെ വലിയ ആള്‍ക്കാരാ..........
മറുപടി(ഗൌരവത്തില്‍):ഓഹോ.......എനിക്ക് നല്ല ബഹുമാനം തോന്നുന്നു.
യുവാവ്:അവരോടൊ
മറുപടി:അല്ല യുവിനോട്
യുവാവ്:എന്തിന്
മറുപടി:നല്ല വെളിവും വിവരവും യുവിനുണ്ടല്ലോ.
യുവാവ്:(തരളിതനായി)താങ്ക് യു
കേരളത്തിലല്ലെ.
മറുപടി:ആര്
യുവാവ്:നെല്ലിക്ക?
മറുപടി:അല്ല.
യുവാവ്:പിന്നെവിടാ
മറുപടി:ഇങ്ങു ദൂരെയാ,പാലായില്
( ചെറിയ മൌനം)
എന്താ ഒന്നും മിണ്ടാത്തത്
യുവാവ്:ചിരിവന്നു.അതു കഴിയട്ടേന്ന് കരുതി
മറുപടി:എന്തിനാ ചിരിക്കുന്നത്.ഞാന്‍ ചിരിക്കാന്‍ വല്ലതും പറഞ്ഞോ?
യുവാവ്:ഞാനങ്ങനാ .ഇടക്ക് ചിരിവരും.അടക്കാന്‍ പറ്റാണ്ടാവുമ്പോ ചിരിച്ചങ്ങു തീര്‍ക്കും.
മറുപടി:എനിക്കാ ചിരി കാണാം
യുവാവ്:എനിക്കും.ഇപ്പൊ നിന്നെ എനിക്ക് കാണാം.
മറുപടി:എങ്ങിനെ കാണും.
യുവാവ്:അതിനൊരു സൂത്രമുണ്ട്.
മറുപടി:എന്തു സൂത്രമാ.......
യുവാവ്:അതിപ്പോ പറയില്ല.പറയാറാവുമ്പോ പറയാം.
...............ഇവിടെ നല്ല നിലാവാണ്
ഇവിടെയിരുന്നാല്‍ ഒരു വലിയ കുന്നു കാണാം.
കുന്നിന്‍ മുകളില്‍ ചന്ദ്രന്‍.എന്തൊരു ഭംഗിയാണെന്നോ
മറുപടി:ഇവിടെ നല്ല മഴയാണ്.ഇന്നലെ നല്ല ചൂടായിരുന്നു.
യുവാവ്:ആഗോളതാപനമല്ലെ.
മറുപടി:അതെന്താ...
യുവാവ്:അത്......നമ്മടെ തലയുടെ സ്ഥാനത്ത് സൂര്യന്‍ നിന്ന് കത്തും.അതാ.
മറുപടി:എന്റീശോയെ.അതിനിപ്പ നമ്മളെന്താ ചെയ്യാ.
യുവാവ്:സൂര്യന് കുളിക്കാന്‍ കുളങ്ങളും കിണറുകളും കുഴിക്കുക.
മറുപടി:ഞങ്ങളുടെ വീടിന്റെ അടീല് ഒരു കുളമുണ്ട്.
യുവാവ്:അടീലോ
മറുപടി:അത് മൂട്ടിയിട്ടാ...അതിന്റെ മുകളിലാ ഈ വീട് പണിതത്
യുവാവ്:കഷ്ടം.
മറുപടി:ശരിയാ കഷ്ടമായിപ്പോയി.
പിന്നെ ഒരു കാര്യംണ്ട്.ഞാന്‍ നിലത്ത് തല വെച്ച് കിടക്കുമ്പോ...ഭൂമീടെ അടീന്ന് ഒരു ശബ്ദം കേള്‍ക്കാം.കളകളം കളകളംന്ന്....കുളം കരയുന്നതാവോ
എന്തായാലും ഇപ്പ മഴയുണ്ട്.
യുവാവ്:(കാല്പനികതയില്‍ മുങ്ങി)മഴയും മഞ്ഞും നിലാവും ചേര്‍ന്നാല്‍ എന്താവും.
മറുപടി:(തണുപ്പ് അനുഭവിക്കുന്നതുപോലെ)നല്ല തണുപ്പുണ്ടാവും.
യുവാവ്:(കവിത ചൊല്ലുന്നതുപോലെ)മഴയും മഞ്ഞും നിലാവും ചേര്‍ന്നാല്‍? ചേര്‍ന്നാല്‍............ഒരു മലയുണ്ടാവും.
യുവതി:(നിസഹയതയോടെ)എനിക്കൊന്നും മനസ്സിലാവണില്ല.
യുവാവ്:(കവിത വിടുന്നു)അതൊക്കെ പോട്ടെ.........പിന്നെ..........ഇവിടിരുന്നാല്‍ കാണാം....പുറത്തൊരു കുളമുണ്ട്.അതിലിപ്പോള്‍ ചന്ദ്രനും നിലാവും മുങ്ങിത്തുടിക്കുന്നുണ്ടാവും.ഉരുകിയൊലിക്കുന്ന സൂര്യനും ആ കുളത്തില്‍ തന്നെയാണ് മുങ്ങിക്കിടക്കുക.നിനക്കും ഞാന്‍ തരട്ടെ
മറുപടി:എന്തോന്ന്
യുവാവ്:ലേശം നിലാവ്
മറുപടി:(അരുതാത്തത് നീട്ടിയതു പോലെ)അയ്യോ വേണ്ട,കയ്യീക്കിട്ടിയാ ഞാനതെവിടെ ഒളിപ്പിച്ചു വെക്കും......
ആരെങ്കിലും കണ്ടാല്‍
യുവാവ്:(ഗൌരവത്തോടെ)ഞാനൊരു സ്ഥലം പറയട്ടെ നിലാവ് ഒളിപ്പിച്ചു വെക്കാന്‍.
മറുപടി:(യുവാവിന്റെ അതേ ഗൌരവത്തില്‍)ങും
യുവാവ്:(കാല്പനികതയോടെ)നിന്റെ മാറു പിളര്‍ന്ന് വെക്കുക.അഅതിന്റകത്ത് ചന്തമുള്ള ഒരു പെട്ടിയുണ്ട്,ഹൃദയം.അതിനകത്ത് വെച്ചോളൂ
മറുപടി:ഉം
യുവാവ്:എന്തെ ഒരു ഉം
മറുപടി:യുവിന്റെ ഡയലോഗ് കേട്ടോണ്ടിരിക്കയാണ്..കഥയൊക്കെ എഴ്താറുണ്ടോ.
യുവാവ്:ഇല്ല വായിക്കും.
മറുപടി:(നീ)വായിക്ക്വോ
മറുപടി:(നിസഹയതയോടെ)പക്ഷെ പ്രണയകതോള് വായിച്ചാ കര്‍ത്താവിനെ ഓര്‍മ്മ വരും.അപ്പോ വിഷമോം വരും.
യുവാവ്:അപ്പോ പ്രേമ കഥകള് വായിക്കേണ്ട.
മറുപടി:ഏതു കഥ വായിച്ചാലും എനിക്കങ്ങിനാ..കര്‍ത്താവിനെ ഓര്‍മ്മ വരും.പിന്നെ കരച്ചില് വരും.
യുവാവ്:(അവളെ പിന്താങ്ങുന്ന ഭാവത്തില്‍)ഓ.....
മറുപടി:ഒരു ഓയുമില്ല.ബൈബിളാണേ സത്യാ‍........
യുവാവ്:സമ്മതിച്ചു. നെല്ലിക്കക്ക് ആരോടെങ്കിലും തോന്നിയിട്ടുണ്ടൊ,പ്രണയം.
മറുപടി:ശോ.......
യുവാവ്:എന്തെ
മറൂപടി:ഈശോയെ,ഇങ്ങിനെയൊന്നും ചോദിക്കാന്‍ പാടില്ലാട്ടൊ............
(കുറച്ചു മൌനം)പിന്നെ യുവിന് ആരോടെങ്കിലും ഇങ്ങിനെയൊക്കെ തോന്നിയിട്ടുണ്ടൊ
യുവാവ്:എങ്ങിനെ
മറൂപടി:നേരത്തെ പറഞ്ഞില്ലെ,അങ്ങിനെയൊക്കെ.
യുവാവ്:ഇതു വരെ തോന്നിയിട്ടില്ല.പക്ഷെ ഇപ്പോ
മറുപടി:എന്തിപ്പോ
യുവാവ്:തോന്നുന്നു
മറുപടി:ആരോടാ
ഈ നേരത്ത്
യുവാവ്:അകലെയകലെയുള്ള ഒരാളോട്,
മറുപടി:ആ കുട്ടി എന്താ ചെയ്യുന്നേ
യുവാവ്:ഡിസൈനിംഗ് സ്റ്റഡീസാ,ക്ലോത്ത്

മറുപടി:ശൊ.എന്റീശോയെ,(കരച്ചിലിന്റെ മട്ടില്‍)ഞാനിപ്പ വരാം ട്ടോ.
മറുപടി പറയുന്ന ( 20 വയസ്സ്)യുവതിയുടെ മുറി.
പ്രകാശമാനം.ലളിതമായ ഒരു മുറി.കമ്പ്യൂട്ടറിന് മുന്നില്‍ നിന്നും എഴുന്നേറ്റ് അവള്‍ ലൈറ്റ് ഓഫ് ചെയ്യുന്നു.ലൈറ്റില്‍ അവളുടെ മുഖം കാണുന്നില്ല.ലൈറ്റ് ഓഫ് ചെയ്തതിനുശേഷം അവളെ നേരിയ വെളിച്ചത്തില്‍ കാണുന്നു.അവള്‍ ധൃതിയില്‍ കമ്പ്യൂട്ടറില്‍ വന്നിരിക്കുന്നു.പിറകില്‍ കത്തുന്ന ബള്‍ബില്‍ മിന്നുകയും തെളിയുകയും ചെയ്യുന്ന ഒരു തിരുരൂപം.
യുവതി:ഹൈ
യുവാവ്:എവിടെ നീ ,കരയുകയാണൊ?
യുവതി:ലൈറ്റ് കെടുത്താന്‍ പോയതാ.ആരെങ്കിലും കണ്ടാലോ നമ്മളെ.
യുവാവ്:എന്നെ ഇഷ്ടമാണോ
യുവതി:ങാ
യുവാവ്:എന്റെ നിലാവ് നിന്റെ ഹൃദയത്തിലുണ്ടൊ
യുവതി:ഇടിമിന്നലാ ഇപ്പോള്ളത് .ചെറിയ കുളിരും തോന്നുന്നു.പനി വരണതായിരിക്കും.
യുവാവ്:അത് പനീടേതല്ല

യുവതി:പിന്നെ....

യുവാവ്:പ്രണയം വരുന്നതിന്റേയാ.
യുവതി:എനിക്കിതാദ്യാ
യുവാവ്:എന്ത്
യുവതി:ഇങ്ങനൊക്കെ പറേണത്
യുവാവ്:പേടീണ്ടെങ്കില്‍ വേണ്ട
ഞാന്‍ പോട്ടെ..
യുവതി:വേ............ണ്ട
യുവാവ്:അപ്പോ ഇഷ്ടംണ്ട്,ല്ലെ
യുവതി:ഇണ്ട്
യുവിനോ
യുവതി:യു ലവ് യു
യുവതി:ഹി ഹി
യുവാവ്:നിന്റെ പേരെന്താണ്?

യുവതിയുടെ ഭാഷയും പെരുമാറ്റവും പെട്ടെന്ന് മറ്റൊരു അവസ്ഥയിലേക്ക് രൂപാന്തരപ്പെടുന്നു.മുറിയിലെ നേരിയ വെളിച്ചം ഒരു പ്രത്യേക മൂഡിലേക്ക് മാറുന്നു.മറ്റൊരു ലോകത്തിലേക്ക് വലിച്ചെറിയപ്പെട്ടതു പോലെ അവള്‍.
യുവതി: ഭാരമില്ലാത്തതിനാല്‍ ഞാന്‍ ഭൂമിയില്‍ അവശേഷിക്കുന്നില്ല.....
പിന്നെ പേരെന്തിന്

യുവാവ്:(യുവതിയുടെ മാറ്റത്തില്‍ ഒന്നു പതറൂന്നുണ്ടെങ്കിലും അയാള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു.ഒരു പുരുഷന്റെ സ്വാഭാവികതയോടെ) അപ്പോള്‍ എനിക്കും പേരു വേണ്ടല്ലോ







യുവതി:നിന്റെ ഇഷ്ട്രം.
നിന്റെ പേരില്‍ ഞാന്‍ ഒന്നും ആവശ്യപ്പെടില്ല.നിന്റെ പേര്‍ ചൊല്ലി ഞാന്‍ നിന്നെ വിളിക്കില്ല.....നീയിപ്പോള്‍ എന്തു ചെയ്യുകയാണ്.



അവള്‍:കീബോര്‍ഡില്‍ തലവെച്ചു കിടക്കുന്നു,ലോകത്തെ ഞാന്‍ തലയിണയാക്കുന്നു.
നീയോ
യുവാവ് :കീബോര്‍ഡില്‍ നിന്നും എന്റെ കൈകള്‍ വളരുന്നു,ചില്ലകളായി അത് ഇരുട്ടില്‍ അപ്രത്യക്ഷമാകുന്നു



യുവതി:അതെ,ഇരുട്ടില്‍ നിന്നും ഒരു കൈ നീണ്ടു വരുന്നതുപോലെ.
അതെന്റെ പ്രണയത്തില്‍ തൊടുന്നു,നഗ്നതയില്‍ തണല്‍ വീഴുത്തുന്നു.
എന്തോ എന്നില്‍ അമരുന്നതുപോലെ.....പക്ഷെ ഭാരമില്ല.
.....എന്റെ ആഗ്രഹങ്ങള്‍ക്കുമേല്‍ പ്രണയം ഭ്രാന്തമായി ബ്രൌസ് ചെയ്യുന്നതുപോലെ.....എന്റീശോയെ, ഇതെന്തൊരു ലോകമാ...കാണാതെയും കേള്‍ക്കാതെയും.എന്റെ ശരീരം.........ശൊ..എന്റെ ശരീരത്തില്‍ ആദ്യമായി ഞാന്‍ നിറയുന്നു.



യുവാവ്:നീയെന്താണു പുലമ്പുന്നത്.
നിനക്കെന്താ സ്വബോധം നഷ്ടമായോ,മറ്റൊരാളെപ്പോലെ.


യുവതി:ഇത് പ്രണയത്തിന്റെ മൂര്‍ച്ഛയാണ്.
നീ പുരുഷനാണ്,
നിനക്കത് മനസ്സിലാവില്ല.ഞങ്ങളുടെ പ്രണയം പോലും.
യുവാവ് : ഞങ്ങളോ?
അതെ ഞങ്ങള്‍ പെണ്ണുങ്ങള്‍
യുവാവ് :എത്ര പെണ്ണുങ്ങള്‍
യുവതി:നാലല്ല,നാല്പതല്ല,നാലായിരമല്ല.നരവംശമാകെയുള്ള പെണ്ണുങ്ങള്‍.
യുവാവ് : നിങ്ങള്‍ എന്തോന്നിന്നാ പൊറപ്പാട്
യുവതി :പേടിക്കേണ്ട.ഒന്നിനുമല്ല.പക്ഷെ.........

യുവാവ്:(സ്വാഭാവികതയിലേക്ക് വരുന്നു)നിന്നെ ഒന്നു കാണാന്‍.....


യുവതി:അതിനി പറ്റില്ല.ഞാനീ ലോകം വിട്ടിരിക്കുന്നു.
ഒരു സ്വരം മാത്രം ഞാന്‍ ശ്രവിക്കുന്നു.
ഒരു രൂപം മാത്രം ഞാന്‍ ദര്‍ശിക്കുന്നു.
ഇതെന്റെ ആദ്യാനുഭവമാണ് ,എല്ലാ പ്രകാ‍രത്തിലും ഞാന്‍ ഉയര്‍ത്തപ്പെടുന്നു



യുവാവ്:(അരക്ഷിതാവസ്ഥയോടെ,അസ്വസ്ഥതയോടെ)ഉറക്കമൊഴിച്ചിട്ടാണ് പിച്ചും പേയും പറയുന്നത്.
പോയി കിടക്കാന്‍ നോക്ക്.
ഉറക്കം ശരിയാകുമ്പോ എല്ലാം ശരിയാകും.



യുവതി: ഇനി എനിക്കുറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല.
ഉറങ്ങിയാല്‍ തന്നെ അത് ഉണര്‍ച്ചയുടെ തുടര്‍ച്ച മാത്രമായിരിക്കും




യുവാവ്:എന്റെ പൊന്നല്ലെ


ഞാന്‍ മണ്ണും പൊന്നുമൊന്നുമല്ല.
രണ്ടിലും ഞാനില്ല.
ഞാന്‍ ഒന്നില്‍ നിറയുന്നു,
ഒന്നില്‍ മാത്രം.
അനശ്വരവും സുന്ദരവുമായ ഒന്നില്‍,ഞാന്‍ വിചാരിച്ചാല്‍ പോലും വേര്‍പ്പെടുത്താനാവാത്ത ഒന്നില്‍.

യുവാവ്:അപ്പോ നമ്മുടെ പ്രണയം.

യുവതി:മണ്ണിലെ പ്രണയവും ഒരു സദാചാര കലയാണ്.ഇപ്പോള്‍ ഞാന്‍ വേരുകളില്‍ തൂങ്ങി നില്പില്ല.പൂവിന്റെ ഗന്ധമാ‍യി ഞാന്‍ ഭൂമിയെ വേര്‍പ്പെടുന്നു.


യുവാവ്:(പെട്ടെന്ന്)എന്റമ്മോ.(ഒരു നിമിഷത്തെ മൌനത്തിനു ശേഷം അപേക്ഷയുടെ സ്വരത്തിലേക്ക് അയാള്‍ അയയുന്നു)
എന്റെ തങ്കക്കുടമല്ലെ,പ്ലീസ്.


യുവതി: ഭൂമിയിലെ സ്നേഹവര്‍ത്തമാനങ്ങള്‍ എന്നോടു പറയരുത്.
എനിക്ക് മനം പുരട്ടും.
ഞാനിപ്പോള്‍ മനുഷ്യയല്ല,ഭൂമിയിലുമല്ല.



യുവാവ്:പിന്നെ നീ എന്തു കുന്താന്ന് വാതൊറന്ന് പറ.
എന്തോന്നാ ഈ പാതിരാക്ക് ഒരുമാതിരി..........



യുവതി:ഞാന്‍ സ്വര്‍ഗത്തിലെ മണവാട്ടിയായിരിക്കുന്നു
എന്റെ ബോധം നേര്‍ത്തു നേര്‍ത്തു വരുന്നു.
ഞാനാകെ നനഞ്ഞിരിക്കുന്നു.
ആരും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത പ്രണയത്തില്‍ ഞാന്‍ പൊടിഞ്ഞുപോകുന്നു.
സത്യത്തില്‍ ഇത് പ്രണയമല്ല,അതിനും മീതെയുള്ള ഒന്ന് .
അതിനുള്ള വാക്ക് എന്നില്‍ നിന്ന് തുടങ്ങും.
ഞാനില്ലാതാവുകയാണ്.
എന്റെ പിന്നിലും മുന്നിലും തുറസ്സുകള്‍ മാത്രം.
മറ്റൊന്നുമല്ല, അതെന്റെ സ്വാതന്ത്ര്യമാണ് .


യുവാവ്: ഞാന്‍ നിന്നെ ചുംബിക്കട്ടെ....എന്റെ ഡാഷ് അല്ലെ നീ.


യുവതി:പാടില്ല,ചുംബനമരുത്


യുവാവ്:പിന്നെ എന്തോന്നാ


യുവതി:നിന്റെ മുറിവുകളെ ഞാനുണക്കാം.
ചതവുകളില്‍ തൈലം പുരട്ടിത്തരാം.
ഒടിവുകളുണ്ടെങ്കില്‍ നിവര്‍ത്തിത്തരാം




യുവാവ്:അതിന് നിന്നെ എവിടെ കാണും
യുവതി: എവിടേയും കാണാം.
ഞാനിപ്പോള്‍ സൈബര്‍ മണവാട്ടിയാണ്............

എന്റെ നനവുകളെ തിരുവസ്ത്രങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു.
സുഗന്ധതൈലങ്ങള്‍ എന്റെ നഗ്നതാഗന്ധങ്ങളുമായി കലരുന്നു.
അതിന്റെ മത്തിലും മയക്കത്തിലുമാണ് ഞാന്‍.
നീ ഒരു നിമിത്തം മാത്രമായിരുന്നു,എന്നെ കണ്ടെത്തുന്നതിലും ഉണര്‍ത്തുന്നതിലും വിശുദ്ധീകരിക്കുന്നതിലും.
ഇപ്പോള്‍ ഞാനൊരു ശരീരം മാത്രമല്ല.
വിശുദ്ധിയുടെ കൂടാരമാണ്.
ഇതില്‍ നിനക്കുമാത്രമായി അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു.



യുവാവ് :നീ വിശുദ്ധയായാല്‍ ഞാനെന്തു ചെയ്യും.
ഞാനൊരു മനുഷ്യനല്ലെ,രക്തക്കുതിപ്പൂള്ള മനുഷ്യന്‍.



യുവതി:ഈയുള്ളവള്‍ വാഴ്ത്തപ്പെടുമ്പോള്‍ അതില്‍ വഴിയും വഴികാട്ടിയുമായി നീ പരാമര്‍ശിക്കപ്പെടും


യുവാവ്:അതോണ്ടെനിക്കെന്നാ മെച്ചം

യുവതി:"അതൊരു ചെറിയ കാര്യമല്ല.
മനുഷ്യന്റെ ശുഷ്കമായ ജീവിതത്തേക്കാള്‍ എന്തുകൊണ്ടും അതൊരു മഹത്തരം കര്‍മ്മമായിരിക്കും, നീ അറിയുക.
ഈ രാത്രി സുഖമായി നീ ഉറങ്ങുക,ഉണര്‍ച്ചയില്‍ അത്ഭുതങ്ങള്‍ നിന്നെ കാത്തിരിപ്പുണ്ട് ."

യുവാവിന്റെ ചാറ്റ് ബോക്സില്‍ പച്ച വെളിച്ചം കെടുന്നു.ബോക്സിനുതാഴെ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

“janamejayan is offline and can‘t recieve messeges right now“

No comments:


നീയുള്ളപ്പോള്‍.....