പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, January 25, 2011

പ്രണയത്തിന്റെ ഉച്ചകോടി:ഫേൺഹിൽ




വാരിയെടുത്ത ജീവിതം ബാഗില്‍ത്തിരുകി രണ്ടിടത്തു നിന്നും ഒരിടത്തേക്ക് യാത്രയായി,ഞങ്ങള്‍. മുള്ളിയിലേക്കുള്ള പാലം മഴപ്പെരുക്കത്തില്‍ പുഴയില്‍ മാഞ്ഞുപോയിട്ടുണ്ടാവുമെന്നും ഒറ്റയാന്‍ ഇറങ്ങിയിട്ടുണ്ടെന്നുമുള്ള കഥയില്ലാക്കഥകള്‍ യാത്രയില്‍ പലരും പറഞ്ഞു കേട്ടു,പക്ഷെ ഞങ്ങള്‍ ചെവി കൊടുത്തില്ല.
ഞങ്ങള്‍ സാഹസികരായിരുന്നു.കാരണം ഞങ്ങള്‍ പ്രണയത്തിന്റെ ഉച്ചകോടിയിലായിരുന്നു,സാധാരണ മനുഷ്യരെ ബാധിക്കുന്നതൊന്നും ഞങ്ങളെ ബാധിക്കുമായിരുന്നില്ല.പ്രണയത്തിന്റെ മൂര്‍ത്തത അതില്‍പ്പെടുന്നവര്‍ക്ക് നല്‍കുന്നു.പുറമെ നിന്നും ഒന്നും ഏല്‍ക്കാത്ത ഉറച്ച ഒരു മറ.അതിന്റെ സുരക്ഷിതത്വത്തില്‍,   











മത്തിലും മയക്കത്തിലുമായിരുന്നു ഞങ്ങള്‍.ഓരോ നിമിഷത്തേയും പുതുപുത്തന്‍ ലഹരി പുതപ്പിക്കുന്ന സഞ്ചാര ലഹരി വേറെയും.
ജീപ്പ് വിട്ട് ഞങ്ങള്‍ പുഴയിലിറങ്ങി.
പാറയിലിരുന്ന് കാല്‍ ജലത്തില്‍ ഇട്ടു, തല നിറയെ നട്ടുച്ച കൊണ്ടു. ശരീരത്തിലെ വേനലിനെ ഞങ്ങള്‍ പുഴയ്ലിട്ട് നനച്ചു.വസ്ത്രങ്ങള്‍ക്കും നഗ്നതക്കുമിടയിലെ ശരീരഭാവങ്ങള്‍ ഞങ്ങളില്‍ സംഗീതമായി പ്രകമ്പനം കൊണ്ടു.
മുള്ളി കവലയിലേക്ക് ജീപ്പ് ഇഴഞ്ഞു കയറി.കല്ലുവിരിച്ച പാതയുടെ അപൂര്‍ണ്ണതയെ ഞങ്ങള്‍ ജീപ്പിനുള്ളില്‍ അനുഭവിച്ചു. കുലുങ്ങിയും മറിഞ്ഞും ഞങ്ങള്‍.ചായപ്പീടികയും ചില്ലറക്കടയും കോണ്‍ക്രീറ്റ് കുരിശു ചുമന്ന് തളർന്ന പള്ളി. അനാഥക്കുഞ്ഞുങ്ങളെ പോലെ കുറെ കുട്ടികള്‍ വഴിയരികിലും ചുറ്റുപാടും.
അതാണ് മുള്ളിക്കവല. മലയുടെ മുകളിലാണ് ഈ കവല.ജനങ്ങള്‍ എന്നും മലകയറണം.ശബരിമലയില്‍ ഭക്തിക്കാണ് കാശ് കൊടുക്കേണ്ടതെങ്കില്‍ ഇവിടെ ഉപജീവന സാധനങ്ങള്‍ക്കാണ് അത് കൊടുക്കേണ്ടത്.ഇതാണ് നല്ല മല,ശബരിമലയേക്കാള്‍.

ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് കയറി നിന്ന് ചുറ്റുപാടും നോക്കി.

അഗാധമായ താഴ്വരകള്‍.സദാചാര സമൂഹം എത്രയോ കാതമകലെയെന്ന് ഞങ്ങള്‍ ആശ്വസിച്ചു. ശരീരങ്ങളിലേക്ക് ഞങ്ങള്‍ പിടഞ്ഞുകയറി,മുറുക്കിപ്പിടിച്ച് ഉത്സവമാക്കി.ഈ സമയം ഒരു കന്യാസ്ത്രീ ഞങ്ങള്‍ക്കെതിരെ ആ കുഞ്ഞുപള്ളിയുടെ വാതില്‍ കരകരാ ശബ്ദത്തോടെ ചാരി.നേരത്തെ കണ്ണില്‍ പെടാതെ പോയതാണവര്‍.കണ്ണില്‍ കാണുന്നതിനും കാതില്‍ കേള്‍ക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ടായിരുന്നു അപ്പോള്‍,ആ മൂഡില്‍.
മുള്ളിക്കവലയില്‍ നിന്നുംകപ്പടാമീശക്കാരന്‍ ഫോറസ്റ്റ് ഗാര്‍ഡിന്റെ കാടന്‍ നോട്ടത്തെ മറികടന്ന് ഞങ്ങള്‍ തമിഴ് പേശും നാട്ടില്‍ കടന്നു.
ഈ യാത്ര അവളുടെ ഭാവനയും നിര്‍മ്മിതിയുമാണ്.
“എനിക്ക് മൌനത്തിരിലിക്കണം, കുടുംബ ജീവിതത്തില്‍ ചിതറിപ്പോയ എന്റെ ശബ്ദം വീണ്ടെടുക്കണം.വീട്ടിലിരുന്നാൽ അത് നടക്കില്ല”.
കവിതക്കൊപ്പം അവള്‍ ചിത്രകാരിയും കൂടിയാണ്.
“നമ്മള്‍ എവിടെപ്പോകും“?
ഉറച്ച മനസ്സില്‍ അവള്‍ ചിരിച്ചു.
”ഫേണ്‍ ഹില്‍”
“അതെന്താ ഫേണ്‍ ഹില്‍”
“കാലം അവിടെ ഘനീഭവിച്ച് കിടക്കുന്നു.പകല്‍ക്കാടുകളില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലുകള്‍ പോലെ.അവിടെ ഭാവിയും ഭൂതവുമില്ല.ഉറഞ്ഞ മഞ്ഞ് തൂങ്ങിക്കിടക്കുന്ന നിശബ്ദത മാത്രം.വേരില്ലാതെ,പൊട്ടി മുളക്കാത്ത വിത്തിന്റെ നിദ്രാനിമിഷം പോലെ എനിക്ക് കഴിയണം”
കുണ്ടിലും കുഴിയിലും വളവിലും തിരിവിലും പെട്ട് ജീപ്പുലയവെ എന്റെ ചെവി കടിച്ചവള്‍ പറഞ്ഞു.
“നിന്റെ പോലെയല്ല എന്റെ ശരീരം... തുളുമ്പുന്നു”
“കുറച്ച് നേരം ഇറങ്ങി നടന്നാലോ”.ഞാൻ
“വേണ്ട തണുപ്പില്‍ നമ്മളുരുമ്മി നടന്നാല്‍ തുളുമ്പുന്നത് നീയായിരിക്കും”
ഞങ്ങളുടെ മലയാളം ചിരിയില്‍ തമിഴത്തികള്‍ കണ്ണുമിഴിച്ചു.
ഊട്ടിയിലെത്തുമ്പോള്‍ സമയം പാതിര.തണുപ്പിന്റെ തിരയിളക്കം.
ഡിസംബര്‍ മഞ്ഞില്‍ പുതച്ചുകിടന്നു.
ആദ്യം തെളിഞ്ഞ വെളിച്ചത്തിലേക്ക് മഞ്ഞു വിരിച്ചിട്ട നിലാവില്‍ ഞങ്ങള്‍ നടന്നു.
നായ്ക്കുരവകള്‍.
വഴിയോരത്തെ ടെന്റുകള്‍ അപരിചിതമായ ശബ്ദങ്ങള്‍പുറപ്പെടുവിക്കുന്നു.മനുഷ്യരുടേതാണ്.
പേടി തോന്നിച്ചതേയില്ല.
കയറിയ കൊച്ചു ഹോട്ടലിന്റെ മുന്‍ ഭാഗത്ത് നിരനിരയായി കിടന്ന് കൂര്‍ക്കംവലിച്ചുറങ്ങുന്ന കമ്പിളിക്കെട്ടുകളെ ആയാസത്തോടെ മറികടന്ന് ഞങ്ങൾ മുറിയിലെത്തി.അതൊരു പഴയ ലോഡ്ജായിരുന്നു. മലര്‍ന്നുകിടന്ന് പുതപ്പും പുതപ്പിന്മേല്‍ പുതപ്പും ഞങ്ങള്‍ തണുപ്പ് കവര്‍ന്ന ശരീരത്തിലേക്ക് വലിച്ചിട്ടു.മാറാലയില്‍ പൊതിഞ്ഞ് ഒരു പഴയ ഫാന്‍.ആരും അതിനെ തിരിക്കാന്‍ നോക്കിയിട്ടില്ല,അതിന്റെ ആവശ്യവുമില്ല ഈ മഞ്ഞുമലയില്‍.തണുപ്പിനെ ഞങ്ങള്‍ ഒന്നിച്ച് നേരിട്ടു.
വെളുത്തപ്പോള്‍ കമ്പിളിയില്‍ നിന്നും ആമയെപ്പോലെ പുറമേക്ക് വന്ന ഞങ്ങളെ മഞ്ഞുപറ്റങ്ങൾ മുറിയിലേക്ക് തലനീട്ടി ഒന്നു നക്കി.

ഫേണ്‍ ഹില്ലിലേക്കുള്ള നടത്തത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ വെയില്‍ കോടയിൽ നിന്നും പതുക്കെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു,ഒരു മടിയന്‍ കുട്ടിയെപ്പോലെ.
വെയില്‍ ഞങ്ങൾക്ക് പുതിയ ലഹരിയായി.
കഴുത വിസര്‍ജ്ജ്യങ്ങള്‍ക്കരികെ നിന്ന് ഞങ്ങള്‍ ചായ രസിച്ചു.
“പതുക്കെ നടന്നാല്‍ മതി,അവിടെ ചെന്നാല്‍ നിന്റെ പ്രേമമൊന്നും നടക്കില്ല”.
“അതെന്താ”
“അതൊരാശ്രമമല്ലെ?”
“യതിയുടെ ആശ്രമമാണ്,സ്കോപ്പുണ്ട് ”
“അതെന്താ ”
“ ആള്‍ നല്ലൊരു കാമുകനായിരുന്നു”
“ആര്”?
“യതി”“പക്ഷെ നിന്നെപ്പോലെയല്ല,നല്ല ഒതുക്കമുണ്ടായിരുന്നു.ലോകാവസാനം മുന്നില്‍ കാണുന്നതുപോലെയാവരുത് പ്രണയങ്ങള്‍”

പ്രണയത്താല്‍
അവള്‍ ഒളികണ്ണിട്ടു.
മഞ്ഞു വേലിക്കകത്തെ ആശ്രമത്തിന് ഇളംവെയില്‍ തിളക്കം.
എന്തിലേക്കോ ഉറയുന്നതു പോലെ ഞങ്ങള്‍ നിശബ്ദരായി.
യതിയൊഴിഞ്ഞ ആശ്രമം വിജനമായിരിക്കുമോ ?
യതിയുടെ കുസൃതികള്‍ കേള്‍ക്കാതെ സസ്യപരിസരങ്ങള്‍ നിര്‍മമാ‍യിത്തീര്‍ന്നിട്ടുണ്ടാകുമോ?
തക്കാളിച്ചെടിയിലെ പൂക്കളും കായ്കളും ജിഞ്ജാസയില്‍ നോക്കി നില്‍ക്കുന്ന ആശ്രമവാസിയെക്കണ്ടു,ജപ്പാനിയാണ്.
അവര്‍ ചിരിച്ചു,ആശ്രമത്തിലേക്ക് സ്വ്വീകരിച്ചു.
ഞങ്ങള്‍ക്ക് അകലാന്‍ സമയമായി.
ഷാളുകള്‍ ഞങ്ങള്‍ പരസ്പരം കൈമാറുമ്പോള്‍ തണുത്ത കാറ്റ്.


അവളുടെ കാന്‍ വാസ്സില്‍ ബ്രഷ് നൃത്തം ചെയ്യുന്നത്
പിന്നീടൊരിക്കലുംഞാന്‍ കണ്ടില്ല.
എന്റെ വാസസ്ഥലങ്ങളിലെവിടെയൊ അവളുടെ മണം ചേര്‍ത്തുവെച്ച ആ കോട്ടന്‍ ഷാള്‍ ചുരുണ്ടുകിടപ്പുണ്ടാകും.

5 comments:

മണിലാല്‍ said...

മ്യാവൂ

ക്രിട്ടിക്കന്‍ said...

nannaayirikkunnu....................

കുഞ്ഞൂസ് (Kunjuss) said...

എത്ര സുന്ദരമായ പ്രണയം, എത്ര മനോഹരമായി എഴുതിയിരിക്കുന്നു....

eccentric said...

fern hill--gud memories of guru..:)

ezhuthu nannayirikkunnu..hkeep penning

Anonymous said...

othukkanum othukkamillaymakkumidayile manoharitha niranja pranayam..............nice


നീയുള്ളപ്പോള്‍.....