പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, March 29, 2011

ശില്പിരാജന്‍:തൃശൂര്‍ക്കാരുടെ സ്വന്തം ഗഡി

ശില്പി രാജനില്ലെങ്കില്‍ തൃശൂര്‍ ഇല്ല എന്നു തോന്നുന്നുവെങ്കില്‍ അതില്‍ അതിശയോക്തിയില്ല,സത്യവുമില്ല.പക്ഷെ തൃശൂരാണ് ശില്പി നിറയെ. അതുമല്ലെങ്കില്‍ തൃശൂര്‍ പുറത്തേക്ക് തുളുമ്പുന്നത് ശില്പിയില്‍ നിന്ന് കൂടിയാണെന്നും പറയാം.

നഗരത്തിലോ നഗരത്തെ വട്ടംകറക്കുന്ന റൌണ്ടിലോ ഒന്നുമല്ല ശില്പിയുടെ പാര്‍പ്പ്.അഞ്ച് കിലോമീറ്റര്‍ മാറി നെടുപുഴ എന്നൊരു ദിക്കിലാണ് ശില്പിയും പരിവാരങ്ങളും ഗോത്രമായി നിലനില്‍ക്കുന്നത്.കൃത്യമായി പറഞ്ഞാല്‍ തൃശൂര്‍-തൃപ്രയാര്‍ ഇരിഞ്ഞാലക്കുട റൂട്ടില്‍ വലുയാലുക്കല്‍ സ്റ്റോപ്പില്‍ ബസിറങ്ങി പാസഞ്ചറിന്റേയോ ഗുഡ്സിന്റെയോ ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് ഒരഞ്ചാറു മിനിറ്റ് നടന്നാല്‍ ശില്പിയുടെ വീട്ടിലെത്താം. വീടെവിടെ എന്ന് ചോദിച്ചാല്‍ ഫിലോസഫി അസ്കിതയില്ലാത്ത സമയത്താണെങ്കില്‍ ശില്പി പറയും : വലുയാലുക്കല്‍ ബസിറങ്ങി ഒരു വിത്സ് സിഗാര്‍ വാങ്ങി ചുണ്ടില്‍ വെക്കുക.അത് കത്തിച്ച് നേരെ പടിഞ്ഞാട്ട് നടക്കുക.
സിഗരറ്റ് വലിക്കുന്നതിനിടയില്‍ അധികം ചിന്തിക്കരുത്.ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതു പോലെ കണിശതയോടെ സിഗരറ്റ് വലിച്ച് പുക ഊതി വിടുക,മേലുദ്യോഗസ്ഥനോടുള്ള ഒരുതരം പകപോലെ ആഞ്ഞുവലിക്കയുമരുത്. കയ്യിലും ചുണ്ടത്തും അതിനിടയിലെ സിഗരറ്റിന്റെ സഞ്ചാരത്തിനും ആവശ്യത്തിനുമാത്രം സമയം കൊടുക്കുക.അങ്ങിനെ വലിച്ച് വലിച്ച്
(ഇടക്കു ചുമക്കുകയോ കുരക്കുകയോ ആവാം,പ്രശ്നമില്ല)
സിഗരറ്റ് കത്തിയമര്‍ന്ന് കൈപൊള്ളുമെന്നാവുമ്പോള്‍ ആരോടെങ്കിലും ചോദിക്കുക, ശില്പിരാജന്റെ വീട്.തീര്‍ച്ചയായും തൊട്ടടുത്തായിരിക്കും അത് . ബസിറങ്ങിയാല്‍ വിത്സ് പാടകലെ എന്നൊരു പ്രയോഗവും നിലവില്‍ വന്നു ശില്പിയുടെ വീട്ടിലേക്കുള്ള ദൂരത്തിന്.


കമ്യൂണിസ്റ്റ് കോട്ടയാണ് ഹെര്‍ബര്‍ട് നഗര്‍.കോമിക് റിലീഫിനുവേണ്ടി ചില കോണ്‍ഗ്രസ്സുകാര്‍ ഉണ്ടെന്ന് മാത്രം.വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഗ്രാമത്തെ മദ്യവിമുക്തമാക്കാനും ഗാന്ധിസം പ്രചരിപ്പിക്കാനും വന്ന മദ്യവിരുദ്ധസമിതിക്കാര്‍ ഇതെന്ത് ജാതി എന്ന് വാലും മടക്കി പറപറന്ന കഥ ശില്പി പറയും.ഗാന്ധിജി ആഹ്വാനം ചെയ്ത ഗ്രാമോദ്ധാരണം ഹെര്‍ബര്‍ട് നഗറില്‍ നടപ്പില്ലെന്ന് അവര്‍ തീരുമാനിച്ചു.അങ്ങിനെയാണ് ഗാന്ധിസത്തില്‍ നിന്ന് ശില്പിയും അനുബന്ധസമൂഹവും രക്ഷപ്പെട്ടത്.കോണ്‍ഗ്രസ്സുകാര്‍ തെരഞ്ഞെടുപ്പ് കാലത്ത് വന്നാലായി,വന്നില്ലെങ്കിലായി.

സ്വയം ശില്പി എന്ന് പ്രയോഗിക്കുന്ന ഒരാളെ ഭൂമുഖത്തുള്ളു,അത് ശില്പി രാജനാണ്.രാജനെവിടെ എന്ന് ചോദിച്ചാല്‍ ശില്പങ്ങള്‍ എത്ര വേണമെങ്കിലും ഉണ്ട് പക്ഷെ ശില്പി ഇവിടെയില്ല എന്നാണ് രാധയും ഇപ്പോള്‍ പറയുന്നത്.രാജനോടൊപ്പം എല്ലാവരും നര്‍മ്മത്തില്‍ മുങ്ങുന്നു.

ശില്പിയെ ആദ്യം കാണുന്നത് കേരളവര്‍മ്മ കഴിഞ്ഞ് ചെറിയൊരു ഗ്യാപ്പില്‍ നാട്ടില്‍ ചുറ്റിക്കറങ്ങി പിന്നീട് റൌണ്ടില്‍ എത്തിച്ചേര്‍ന്നപ്പോഴാണ്.(ശില്പി കേരളവര്‍മ്മയില്‍ പഠിച്ചിട്ടില്ലെങ്കിലും അവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.കോളേജിലും ഹോസ്റ്റലിലും ചുറ്റിക്കറങ്ങും. ബന്ധം സ്ഥാപിക്കാന്‍ ഇടക്കിടെ ചില ശില്പങ്ങള്‍ ചെയ്യും, വേസ്റ്റ് പേപ്പറിലോ മറ്റോ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി.ക്ഷേമാവതി ടീച്ചറുടെ നൃത്തവിദ്യാര്‍ത്ഥികളെ പവിത്രന്‍ സ്റ്റുഡന്റ് ഇന്‍ ലോ എന്നു പറയും പോലെ ഒരു ബന്ധമായിരുന്നു കേരളവര്‍മ്മയുമായി ശില്പിയുടേത്.)


ഗ്യാപ് എന്നു പറയുന്നത് നാട്ടില്‍ എല്ലാവരും ചെയ്യുന്നതുപോലെയുള്ള സാംസ്കാരിക പരിപാടിയാണ്.ഫിലിം സൊസൈറ്റി, ലെഫ്റ്റ് പ്ലാറ്റ് ഫോം,ജീവന്‍ കലാവേദി ആന്റ് റീഡിംഗ് റൂം, തിയ്യട്രിക്കല്‍ ഗാതറിംഗ്സ് ,എന്നൊക്കെ കാട്ടിക്കൂട്ടി നാട്ടില്‍ സംസ്കാരം പഠിപ്പിക്കാനുള്ള പുറപ്പാടായിരുന്നു.പിന്നീടാണ് മനസ്സിലാവുന്നത് ഇതൊന്നുമല്ല സംസ്കാരമെന്ന്.


അന്ന്
തേക്കിന്‍ കാട്ടില്‍ ഇന്നത്തെ പോലെ തേക്കുമില്ല,ആരും പോകാറുമില്ല.ചില പൊളിഞ്ഞതും പൊളിയാറായതുമായ കഫേകള്‍(ഇന്റര്‍നെറ്റല്ല) പബ്ലിക് ലൈബ്രറി, സാഹിത്യ അക്കാദമി(സാഹിത്യ അക്കാദമി എന്നുവെച്ചാല്‍ തേരാ പാരാ സമയം ചെലവഴിക്കാനൊരിടം എന്നാണ് അന്നൊക്കെ കരുതിയത്.പിന്നീടാണത് പോലീസ് സ്റ്റേഷനൊക്കെ മാതിരി മറ്റൊരധികാര സ്ഥാപനമെന്നറിയുന്നത്)മാസവാടകക്കെടുത്ത ആരുടെയെങ്കിലും ഹോട്ടല്‍ മുറി,ലിറ്റില്‍ മാഗസിന്‍ പ്രസാധകരുടെ ഇടുങ്ങിയ ഓഫീസ്,ഹോസ്റ്റലുകള്‍,ബാലന്റെ ആള്‍ ഇന്ത്യ റേഡിയോ,എവിടെയുമില്ലെങ്കില്‍ അരിയങ്ങാടിയില്‍ അജിതിന്റെ പ്രിന്റെക്സ്. ആകെ മുപ്പത് സ്ക്വയര്‍ ഫീറ്റില്‍ കേരളത്തിന്റെ വിവിധങ്ങളായ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ( സകലമാന താടിക്കാരും അല്ലാത്തവരും )അമരുന്ന അത്ഭുതവിദ്യ പ്രിന്റെക്സിന്റെ കൊച്ചു മുറിയിലാണ് ആദ്യം കാണുന്നത്.പിന്നീടാണ് ബോംബെയില്‍ പോയതും ഇത്തരം കാഴ്ചകള്‍ കണ്ടതും.
മറ്റൊരു കേന്ദ്രം കറന്റ് ബുക്സിനു മുന്നിലെ പോസ്റ്റ് ബോക്സ്.നാലു നാലരടിയോളം ഉയരമുള്ള ആ ബോക്സിനു ചുറ്റും എല്ലാവരും കൂടും.എകരമുള്ളവര്‍ കയ്യതില്‍ വെക്കും കുറഞ്ഞവരാണെങ്കില്‍ തല വെക്കും.അഞ്ചുമണിക്ക് ശേഷം സ്മരണയായി ആ പോസ്റ്റ് ബോക്സ് പൊതുജനങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവും.കയ്യില്‍ നിവര്‍ത്തിപ്പിടിച്ച കത്തുകളുമായി ചിലര്‍ പോസ്റ്റ് ബോക്സ് പരതുന്നതു കാണുമ്പോള്‍ പോലും മാറികൊടുക്കാതെ കൂട്ടത്തില്‍ ആരെങ്കിലും ലെറ്റര്‍ വാങ്ങി ബോക്സിലേക്ക് നിക്ഷേപിക്കും.വിലാസം ലോകം അറിയരുതെന്ന് കരുതുന്ന ഊമക്കത്തുകാരും പ്രണയിനികളും മറ്റൊരു ബോക്സ് തേടി നഗരം ചുറ്റും.ആയതിനാല്‍ ഊമക്കത്തിന്റെയും പ്രണയലേഖനത്തിന്റേയും അകംപൊരുള്‍ ഈ ബോക്സ് അറിഞ്ഞിട്ടുണ്ടാവാനിടയില്ല.


അക്കാദമി അവാര്‍ഡ് കിട്ടിയവരും കാംക്ഷികളും മറ്റു മേഖലയില്‍ ഉയര്‍ന്നുപോയവരുമൊക്കെയായ സാഹിത്യകാരന്മാരോ അല്ലാത്തവരോ അത് വഴി കാറില്‍ പുറത്തേക്ക് കൈവെച്ച് നെഗളിപ്പോടെ പോകുമ്പോള്‍ പോസ്റ്റ് ബോക്സിന്മേല്‍ പൊതിഞ്ഞുകിടക്കുന്ന ചെറുപൂരങ്ങളെ നോക്കി പറയും.
ഞാനും കുറെ നിന്ന് എത്ര ഞെളിഞ്ഞതാ ആ ബോക്സിന്മേല്‍........”
ബോക്സില്‍ ചാരി നിന്ന് സംസ്കാരം പാസായിപ്പോയ ഒരു കവി പിന്നീട് അദ്ധ്യാപകനായപ്പോളും വിവാഹിതനായപ്പോളും
ചാരിനില്‍ക്കാതെ ഒന്നും ചെയ്യാന്‍ വയ്യെന്നായി കഷ്ടപ്പെട്ടത് തൃശൂരിന്റെ മറ്റൊരു കഥയാണ്.മരിച്ചാല്‍ വെടികിട്ടാന്‍ പാകത്തില്‍ വളര്‍ന്നതിനാല്‍ മാന്യദ്ദേഹത്തിന്റെ ടൈറ്റില്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല.ബോക്സ് പരിസരത്തു വെച്ചാണ് ഞാന്‍ ആദ്യമായി ശില്പിയെ പരിചയപ്പെടുന്നത്,ഇടക്കിടെ കാണാറുണ്ടെങ്കിലും.ഒരുച്ചക്ക്. മൊതലിനെ ഒന്ന് പരിചയപ്പെടണം എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.അത്രക്ക് ചന്തമുള്ള മനുഷ്യനാണ് ശില്പി.ഒറ്റക്ക് കിട്ടുന്നത് ആദ്യമാണ്.ബുദ്ധിജീവികളെ ഒറ്റക്ക് പരിചയപ്പെടുന്നതാ നല്ലതെന്ന ഗുണപാഠവും അനുഭവത്തില്‍ നിന്നും കിട്ടിയിട്ടുണ്ട്.ആനകളില്‍ ഒറ്റയാന്മാരെപ്പോലെയല്ല ബുദ്ധിജീവികള്‍, കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്.

ആന പട്ട കൂട്ടിപ്പിടിക്കുന്നതുപോലെ ശില്പി താടി നീട്ടിപ്പിടിച്ച് പിന്നെ അത് പിരിച്ചു.എന്നെ ഒന്നു നോക്കി,ഏതെടാ യിവന്‍ എന്ന മട്ടില്‍. സംസാരം ആരംഭിച്ചു.എന്തൊക്കെയോ പറഞ്ഞു.അന്ന് പറഞ്ഞ ഒരു ഡയലോഗ് ഇന്നും ഓര്‍മ്മയില്‍ ഉണ്ട്.

അരണാട്ടുകരയിലെ ഡ്രാമ സ്കൂളില്‍ നാടകം ഉണ്ടായിരുന്നു ആ ദിവസം.ഷേക്സ്പിയറീയന്‍ പ്ലേ.അവിടേക്ക് പോകാന്‍ ശില്പി ആരെയോ കാത്തുനില്‍ക്കയാണെന്ന തോന്നലില്‍ നാടകത്തിനു പോകുന്നില്ലെ എന്നോ മറ്റോ ചോദിച്ചപ്പോള്‍ ശില്പിയുടെ ഉടന്‍ മറുപടി ഇതായിരുന്നു.

“ഡ്രാമാ സ്കൂളില്‍ എല്ലാം ഉണ്ട്,പക്ഷെ നാടകമില്ല ”


ആ പ്രയോഗത്തിന്റെ സൌന്ദര്യത്തിലും ദര്‍ശനത്തിലും ഞാന്‍ ഉടക്കി.ഒരാളെ കൂട്ടാന്‍ ഇതൊക്കെ ധാരാളം.
അതില്‍ പിന്നെ ശില്പി എന്റെയും ശില്പിയായി.അതിനു ശേഷം ഞാന്‍കണ്ടത് പലതരം ശില്പിയെ ആയിരുന്നു.


തവള ബാലേട്ടന്റെ,പോലീസ് മുകുവിന്റെ, റെയില്‍ വേ സ്റ്റേഷന്‍ സത്താറിന്റെ ,ജയരാജ് വാര്യരുടെ, കെജീയെസ്സിന്റെ,ആറ്റൂരിന്റെ,സിനിമാശ്രീരാമേട്ടന്റെ, എഴുത്ത് ശ്രീരാമേട്ടന്റെ, അടക്ക ജോണിയുടെ, ഇമ ബാബുവിന്റെ,കാര്‍പ്പന്റെ,മാതവേണുവിന്റെ,ഡ്രൈവിംഗ് സ്കൂള്‍ പ്രകാശന്റെ,മന്ത്രവാദിയുടെ,റാഡിക്കല്‍ ചിത്രകാരന്മാരുടെ,പവിത്രന്റെ, ഷാജി വര്‍ഗ്ഗീസിന്റെ,പ്രിയനന്ദനന്റെ,ചിന്ത രവിയേട്ടന്റെ, കെ.ആര്‍.മോഹനേട്ടന്റെ,ജോസ് ചിറമ്മലിന്റെ ,തമ്പിമാഷിന്റെ, സാക്ഷാല്‍ കവി അയ്യപ്പന്റെ, സുരാസുവിന്റെ,എം.ആര്‍.രാജന്റെ,വെങ്കിടിയുടെ,പി.ടി.കുഞ്ഞിമുഹമ്മദിന്റെ,നെടുമുടി വേണുവിന്റെ,ജി.അരവിന്ദന്റെ,നീലന്റെ,പി.ജി.മോഹന്റെ,ഭരത് മുരളിയുടെ,കോട്ടക്കല്‍ ശിവരാമന്റെ,മോഹന്‍ ലാലിന്റെ,ഡോക്യുമെന്ററി ശരത്തിന്റെ,യതിച്ചേട്ടന്റെ,ഡെലീസ പ്രേമേട്ടന്റെ,മാതാ വേണുവേട്ടന്റെ,  കമ്യൂണിസ്റ്റൂപാര്‍ട്ടികളുടെ,നക്സലൈറ്റുകളുടെ, നെടുപുഴക്കാരുടെ,ഹെര്‍ബര്‍ട് നഗറിന്റെ,കുട്ടാരുവിന്റെ,കൊച്ചുവിന്റെ, ഏറ്റവുമൊടുവില്‍ രാധയുടെ സ്വന്തം ശില്പിയെ.


അയ്യപ്പനെ കണ്ടാല്‍ ഓട്ടൊ നിര്‍ത്തുന്ന അപൂര്‍വ്വം ഒരാള്‍ ശില്പിയായിരുന്നു.സുരാസുവിനെ പരിചയപ്പെടുന്നത് ശില്പി രാജന്റെ വീട്ടില്‍ നിന്നാണ്.അന്ന് അമ്മുവേടത്തിയും കൂടെയുണ്ട്.ട്രെയിനുകള്‍ നിരനിരയായി തലങ്ങും വിലങ്ങും പായുന്ന സമയമായതിനാല്‍ ഞങ്ങള്‍ അധികമൊന്നും ചൊല്ലിയാടിയില്ല.

തൃശൂര്‍ എക്സ്പ്രസ്സ് പത്രമാണ് ശില്പിയെ വളര്‍ത്തിയത്.അവിടുത്തെ വേസ്റ്റ് കൊണ്ട് ശില്പി ശില്പമുണ്ടാക്കി.ഏറ്റവും വേസ്റ്റ് പത്രങ്ങളാണെന്ന് ശില്പി അന്നേ കണ്ടെത്തിയിരുന്നു. അവിടുത്തെ നീലന്‍,ഡേവിസ്,സി.എ. കൃഷ്ണന്‍ തുടങ്ങിയവര്‍ ശില്പിയെ എഴുതി.അവര്‍ക്കെഴുതാന്‍ പാകത്തില്‍ ശില്പി ബ്യൂറോക്ക് താഴെ   അദ്യത്തെ എക്സിബിഷന്‍ നടത്തി.ചെറുവത്താനിയിലെ ശ്രീരാമേട്ടന്‍ ശില്പിയെ കുറച്ചു കാലത്തേക്ക് ഏറ്റെടുത്തതോടെ ശില്പി പുറം ലോകത്തേക്ക് ശ്വാസം വിട്ടുതുടങ്ങി.ജി.അരവിന്ദന്‍ വഴി പിന്നെയും കുറെ ദൂരങ്ങള്‍.മോഹന്‍ലാല്‍ മുരളി നിര്‍മ്മാതാവ് രവി എന്നിങ്ങനെ ശില്പങ്ങള്‍ വളര്‍ന്നു.ഭോപ്പാലിനെ രാഷ്ട്രീയ മാനവസംഗ്രാലയില്‍ ശില്പിയുടെ നാല്പതോളം ശില്പങ്ങള്‍ കേരളത്തെ പ്രതിനിധീകരിക്കുന്നു,തൃശൂരിനെയും.


  ഒരു പ്രണയകാലത്ത് ഞാനും ശില്പിയും രാത്രിയില്‍ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ നില്‍ക്കുകയാണ്.അയ്യന്തോള്‍ ലൈനില്‍ നിന്നാണ് ഞങ്ങള്‍ ഇരുട്ടിലേക്ക് ഇറങ്ങി നില്‍ക്കുന്നത്. അക്കാലം ലഹരിയുടെ മൊത്തക്കച്ചവടം നടക്കുന്ന തൃശൂരിലെ ഏകസ്ഥലം അതായിരുന്നു.ബാക്കിയുള്ളവരൊക്കെ പലവഴിക്കായി  തെറിച്ചു പോയിരുന്നു.ശില്പി പറഞ്ഞു.
നിന്നോട് ഒരു കാര്യം പറയാനുണ്ട്.
ശില്പിക്കും  മുഖവുരയൊ   എന്ന് ഞാന്‍.
നീ ഒരു പെണ്ണിനുവേണ്ടി ജീവിതം കളയരുത് ”
ഇതാണൊ വലിയ കാര്യം, ഞാന്‍ ശില്പിയേ നോക്കി.
അതാ വരുന്നു പുതിയ വാചകം.
ലോകത്ത് ഒരു പാടു പെണ്ണുങ്ങളുള്ളതല്ലെ ഗഡീ........”

അന്നേ മനസിലായി ഈ മൊതല് ചില്ലറക്കാരനല്ല.


ശില്പിയുടെ എക്സിബിഷന്‍ തൃശൂര്‍ കെസ്സ് ഭവന്‍ ഹാളില്‍ നടക്കുന്ന സമയം.അവിടെ മറ്റൊരു ഹാളില്‍ പ്രാര്‍ത്ഥനക്കോ മറ്റോ വന്ന ഒരു കൂട്ടം കന്യാസ്ത്രീകള്‍ കോണികയറി പ്രദര്‍ശനം കാണാനെത്തുന്നു.അന്ന് പ്രദര്‍ശനത്തിന്റെ ഒടുവില്‍ ദിവസം ആണ്.ശില്പം കെട്ടിപ്പൂട്ടി പേക്ക് ചെയ്യാനുള്ള മടിയോടെയും ഒന്നും വിറ്റുപോകാത്തതിലുള്ള സന്തോഷത്തോടെയും ശീല്പി.(ശില്പി എന്നും പറയുന്നൊരു കാര്യമുണ്ട്.ശേഷിയുണ്ടെങ്കില്‍ ഇതൊന്നും ഞാന്‍ ആര്‍ക്കും വില്‍ക്കില്ല).
ഉള്ളില്‍ ഒഴുകുന്ന മറ്റൊരു ശില്പിയുള്ളതിനാള്‍ ശില്പഭംഗിയോടെ ഒരു വലിയ ശില്പത്തിനെ തഴുകിയും സ്നേഹിച്ചും അവയോട് സംസാരിച്ചും അങ്ങിനെ നില്‍ക്കുമ്പോളാണ് കന്യാസ്ത്രീപ്പെരുമയുടെ വരവ്.


അവര്‍ക്ക് മുന്നില്‍ ശില്പി തരളിതനായി.ശില്പി പറഞ്ഞു.
“അല്പം കഴിച്ചിട്ടുണ്ട്”
എന്താണ് കഴിച്ചതെന്ന് കൈകൊണ്ട് കഥകളിയും ഉണ്ടായി.
കന്യാസ്ത്രീകളില്‍ സീനിയര്‍ അവസരോചിതമായി ഉയര്‍ന്നു.
“നിങ്ങള്‍ കലാകാരന്മാരല്ലാതെ പിന്നെ ആരാ ഇതൊക്കെ കഴിക്ക്യാ......അല്ലെ സിസ്റ്ററെ”
എന്ന് ശില്പിയേ അംഗീകരിക്കുകയും സഹ കന്യാസ്ത്രീകളുടെ അംഗീകാരവും നേടി.
അവര്‍ തിരിച്ചു പോയ വഴിയേ നോക്കി ശില്പി ഞങ്ങളോടു പറഞ്ഞു.
“ ശരിക്കും മാലാഖമാരാ...ട്ടാ അവര് ”


ഹോങ്കോംഗില്‍ നിന്നും സുരേഷ് എന്ന സൂപ്പന്‍ വിളിക്കും.
നമ്മടെ ശില്പി എന്തു പറയുന്നു എന്നായിരിക്കും ആദ്യ അന്വേഷണം.ഇവിടുത്തെ സഖാക്കളെല്ലാം ചൈനയില്‍ പോകുമ്പോള്‍ സൂപ്പനോടൊപ്പമായിരിക്കും വാസം.എന്തിനും പോന്ന ഒരു സഖാവ്.ഒരു കെട്ട് ബനിയനും അതിനുള്ളില്‍ ഒളിപ്പിച്ച് ചൈനീസ് മദ്യവും
ശില്പിക്കായി കൊണ്ടു വരും.
ഞങ്ങള്‍ക്കില്ലെ എന്ന് ചോദിച്ചാല്‍ ശില്പി തന്നാല്‍ വാങ്ങിക്കോ എന്ന് പറഞ്ഞൊഴിയും.

പ്രത്യേകിച്ച് മദ്യം ശില്പിയില്‍ നിന്ന് കിട്ടിയതു തന്നെ.മദ്യം കഴിച്ചാല്‍ കാലില്‍ നീരുവരും ശില്പിക്ക്.ഒരു ദിവസം ചെല്ലുമ്പോള്‍ എടുക്കാച്ചരക്ക് പോലെ ശില്പി ഉമ്മറപ്പടിയില്‍.കൂടെ ഒന്നു രണ്ടു ശില്പങ്ങളും.
കാലില്‍ നീരുവന്ന് ജീന്‍സ് ഊരാന്‍ പാങ്ങില്ലാതെ കാലുഴിഞ്ഞ് ഇരിപ്പാണ്.
“മരുന്ന് വാങ്ങിക്കഴിക്ക്,ഏതെങ്കിലും ഡോക്ടറെ കണ്ട്.....”
ഞാന്‍ പറഞ്ഞതും ശില്പിയുടെ മൊഴി വന്നു.
‘ഞാനാലോചിക്കയായിരുന്നു,ഡോക്ടറെ കാണണോ അതോ ടൈലറെ കാണണോ‘
ജീന്‍സ് ഊരലാണ് പ്രധാനം.അതിനു ചിലവു കുറഞ്ഞ പരിപാടി ആലോചിക്കുകയായിരുന്നു ശില്പി.


തൃശൂര്‍ പൂരം നാള്‍.
ജയരാജ് വാര്യര്‍ ഏതോ ചാനലിനു വേണ്ടി പൂരം കവര്‍ ചെയ്യുകയാണ്.ആ സ്ഥലത്തേക്ക് ശില്പി എത്തിപ്പെടുന്നു.
സമയം കൊല്ലാന്‍ ഒരിരയെ എന്നതിലുപരി ഒരു ഗഡിയെ കിട്ടി എന്ന സന്തോഷത്തിലായിരുന്നു ജയരാജ്.
ജയരാജ് മൈക്ക് ശില്പിക്കുനേരെ പിടിക്കുന്നു.കിട്ടിയ താപ്പ് കൈവിട്ട് പോകരുതെന്ന പോലെ ശില്പി മൈക്ക് പിടിച്ചുവാങ്ങുന്നു.
“വെടിക്കെട്ട് അപകടങ്ങള്‍ ഇവിടെ ഇടക്കിടെ ഉണ്ടാവുന്നു.വെടിക്കെട്ട് നിരോധിക്കണം എന്നൊക്കെ നാട്ടുകാര്‍ മുറവിളി കൂട്ടുന്നു.
എന്താണ് ശില്പിയുടെ അഭിപ്രായം“
ജയരാജ് വിഷയം എടുത്തിടുന്നു.
“വെടിക്കെട്ടുകാര്‍ വെടിക്കെട്ടു പുരയില്‍ തന്നെ മരിക്കുന്നത് ഗംഭീര സംഭവല്ലെ ഗഡീ.............”
(എഴുത്തുകാര്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍,നര്‍ത്തകി നൃത്തം ചെയ്യുമ്പോള്‍,അഭിനേതാക്കള്‍ അരങ്ങില്‍,ശില്പികള്‍ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരിക്കണം കെട്ടു പോകേണ്ടത് എന്നൊക്കെ ശില്പി ഓര്‍ത്തിട്ടുണ്ടവണം.)

കയ്യിലകപ്പെട്ടുപോയ മൈക്ക് തിരികെ കൊടുക്കുവാന്‍ എത്ര തിരഞ്ഞിട്ടും ശില്പിക്ക് ജയരാജിനെ പൂരം തിരക്കില്‍ കണ്ടുപിടിക്കാനായില്ല.


പോകാന്‍ തോന്നുന്ന വീടാണ് ശില്പിയുടേത്.ശില്പങ്ങള്‍ക്കിടയിലൂടെ ഓടി നടക്കുന്ന രാധയും ശില്പങ്ങളില്‍ കൂട്ടലും കിഴിക്കലും നടത്തുന്ന ശില്പിയും ശില്പങ്ങള്‍ക്കിടയില്‍ ഉറങ്ങുകയോ കഴിക്കുകയോ ചെയ്യുന്ന കൊച്ചുവും,ആകെ ശില്പ സമൃദ്ധമാണ് ആ വീട്.
ട്രെയിനുകള്‍ കൂകിപ്പാഞ്ഞു പോകുമ്പോള്‍ മാത്രം മറക്കപ്പെടുന്ന അപ്പുറത്തെ വീട് നാടകക്കാരന്‍ ജോസ് ചിറമ്മലിന്റെതാണ്.

തട്ടിയും മുട്ടിയും ഇരിക്കുന്നവര്‍ തമ്മില്‍ ഇടക്കൊന്നു ഉരസും,ചെറുങ്ങനെ തീ പാറുകയും ചെയ്യും.അങ്ങിനെ ശില്പിയും ജോസും തമ്മില്‍ രൂപമായ സൌന്ദര്യപ്പിണക്ക സമയത്ത് ഒരു ശൂന്യവേളയില്‍ ഗുഡ്സ് വണ്ടിയേ നോക്കി ഞാന്‍ പറഞ്ഞു-എന്തൊരു വലിപ്പം.
ഉടന്‍ ശില്പി : കുറച്ചു കൂടി നീളം വേണംന്നാ എനിക്ക്,അത്രേം നേരം കാണണ്ടല്ലോ അവനെ.
തൊട്ടടുത്ത നിമിഷം തന്നെ വണ്ടിയുടെ നീളം കുറയാന്‍ ആഗ്രഹിച്ചുപോകുകയും ചെയ്യും ശില്പി.
ജോസിനെ ഏറ്റവും സ്നേഹിച്ചവരുടെ ഇടയിലാണ് ശില്പിയുടെ സ്ഥാനവും.


ശില്പിയെ കേട്ടറിഞ്ഞ് ഒരു സംഘം മുസിരിസ് ഘടികള്‍ കൊടുങ്ങല്ലൂരില്‍ നിന്നും വന്നു.ദില്ലി ജാമിയ മിലിയ കോളേജില്‍  അദ്ധ്യാപകവൃത്തിയില്‍ ഉള്ള ഇല്യാസിന്റെ നേതൃത്വത്തില്‍ സലാം,ഫസറു,അനൂപ് എന്നിവര്‍.ഞങ്ങള്‍ ശില്പിയേയും കൂട്ടി ചിമ്മിനി ഡാമില്‍ പോയി.ശില്പി സ്വയം തിരിച്ചറിയുന്നത് അവിടെ കാട്ടില്‍ വെച്ചാണ്.ഒഴിവുസമയങ്ങളില്‍  കത്തിയുമായിറങ്ങും ഒഴിവു സമയത്ത്.പുഴയിലൂടെ ഒഴുകിവരുന്ന മരക്കഷണങ്ങളില്‍ കത്തിപ്രയോഗങ്ങള്‍.തിരിച്ചു നാട്ടില്‍ വന്നാണു രാജന്‍ 
ശില്പകലയെ കൈവശപ്പെടുത്തുന്നത്.ഞങ്ങളന്ന് കാട്ടിലൂടെ നടന്നു,കാറ്റു കൊണ്ടു.ശില്പിയുടെ കാടനുഭവങ്ങള്‍ അറിഞ്ഞു.ഒടുവില്‍ റിസര്‍വോയറില്‍ മുങ്ങിക്കിടന്നു.അധികനേരമാരാ‍ണ് ആഴത്തില്‍ മുങ്ങിക്കിടക്കുക എന്ന  ബാല്യകാലവിനോദമെന്ന നിലയില്‍ എല്ലാവരും മുങ്ങി.പെട്ടെന്നു തന്നെ എല്ലാവരും പൊങ്ങി.ശില്പിയൊഴികെ.ഞങ്ങള്‍ക്ക് പേടിയായി.നൂറെണ്ണിക്കഴിഞ്ഞിരുന്നു.  എല്ലാവരും തപ്പി ശില്പിയെ ബലമായി പൊക്കിക്കൊണ്ടുവന്നു.”ശ്വാസം മുട്ടിയില്ലെ”ഞങ്ങള്‍ ഒന്നടങ്കം ചോദിച്ചു.”ഞാന്‍  കുറെ കാര്യങ്ങള്‍ ആലോചിക്കുകയായിരുന്നു”.ആലോചിക്കാന്‍ പറ്റിയ സ്ഥലമെന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ശില്പിയെ കളിയാക്കിയില്ല. ”ശില്പി.ഇതാണു കക്ഷി,എല്ലാവര്‍ക്കും സന്തോഷമായി.


പലരും മരണമാഘോഷിക്കാന്‍ വരുന്നത് ശില്പിയുടെ മുറ്റത്തെ പാളം തന്നെ.ഒരിക്കല്‍ നാട്ടില്‍ നിന്നുള്ള(നേരെ ചൊവ്വേ പറഞ്ഞാല്‍ ഞങ്ങള്‍ടെ നാട്ടീന്ന്) കുടുംബം ആത്മഹത്യ ചെയ്തത് ഇവിടെയായിരുന്നു.ചിതറിപ്പോയ ശരീരങ്ങള്‍ക്കു മുന്നില്‍ നാട്ടുകാരും എഞ്ചിന്‍ ഡ്രൈവറും യാത്രക്കാരും പകച്ചുനിന്നു. യാത്ര മുടങ്ങിയതില്‍ യാത്രക്കാര്‍ പിന്നീട് ക്ഷുഭിതരാവുകയും ചെയ്തു.പാളത്തില്‍ നിന്നും ശരീരങ്ങള്‍ മാറ്റാതെ ട്രെയിന്‍ പോകില്ലെന്ന് ഡ്രൈവര്‍.ആരെങ്കിലും സഹായത്തിനുണ്ടെങ്കില്‍ താന്‍ തയ്യാറെന്ന് ശില്പി.ശില്പിയെ സഹായിക്കാന്‍ ട്രെയിനില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങി വന്നു.

ശില്പി ഒരിക്കല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആരായിരിക്കും ആ രണ്ട് എന്ന് ഞാന്‍ ചോദിച്ചു.
തികച്ചും സ്വഭാവികമായി ശില്പി പറഞ്ഞു.
പോക്കറ്റടിക്കാരാണെന്ന് തോന്നുന്നു.
ഇതാണ് ശില്പിയുടെ ദര്‍ശനം.
ഇതാണ് ഞ
ങ്ങളുടെ ശില്പി,രാജശില്പി.

21 comments:

മണിലാല്‍ said...

മദ്യം കഴിച്ചാല്‍ കാലില്‍ നീരുവരും ശില്പിക്ക്.ഒരു ദിവസം ചെല്ലുമ്പോള്‍ എടുക്കാച്ചരക്ക് പോലെ ശില്പി ഉമ്മറപ്പടിയില്‍.കൂടെ ഒന്നു രണ്ടു ശില്പങ്ങളും.
കാലില്‍ നീരുവന്ന് ജീന്‍സ് ഊരാന്‍ പാങ്ങില്ലാതെ കാലുഴിഞ്ഞ് ഇരിപ്പാണ്.
മരുന്ന് വാങ്ങിക്കഴിക്ക്,ഏതെങ്കിലും ഡോക്ടറെ കണ്ട്.....ഞാന്‍ പറഞ്ഞതും ശില്പിയുടെ മൊഴി വന്നു.
‘ഞാനാലോചിക്കയായിരുന്നു,ഡോക്ടറെ കാണണോ അതോ ടൈലറെ കാണണോ‘
ജീന്‍സ് ഊരലാണ് പ്രധാനം.അതിനു ചിലവു കുറഞ്ഞ പരിപാടി ആലോചിക്കുകയായിരുന്നു ശില്പി.

mumsy-മുംസി said...

മണിലാലേട്ടാ....കലക്കി...ശില്‍പി തെങ്ങിന്‍കടയെ പറ്റി ദൂരദര്‍ശന്‍ അഭിമുഖക്കാരനോട് പറഞ്ഞതും ഓര്‍ത്തു പോയി !

kbvenu.blogspot.com said...

Manilal, ithu gambheeramaayi...
Ithinekkurichum kaanum Silpi vaka oru kidilan comment

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സുന്ദരമായൊരു നഖചിത്രം.

മണിലാല്‍ said...

അഭിപ്രായം പറഞ്ഞ മുംസി,കേബി വേണു,പള്ളിക്കരയില്‍ എന്നിവര്‍ക്ക് എന്റെ പേരിലും ശിലിയുടെ സുഹൃത്തുക്കളുടെ പേരിലും ശില്പിയുടെ പെരിലും അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.

അജിത് said...

സുന്ദരൻ എഴുത്ത്... ഊമക്കത്തിന്റെയും പ്രണയലേഖനത്തിന്റേയും അകംപൊരുള്‍ ഈബോക്സ്അറിഞ്ഞിട്ടുണ്ടാവാനിടയില്ല..... ഒരാളെകൂട്ടാൻ ഇതൊക്കെ ധാരാളം.... ഇതൊക്കെ സമാഹരിക്കണ്ടെ?

മണിലാല്‍ said...

അജിത്തേ പേടിക്കാതെ,,,,,,,,,,പുത്തയമാവാന്‍ സാധ്യതയുണ്ട്.പ്രവര്‍ത്തനം നടക്കുന്നു.പിന്നെ ഭരണിക്ക് വരുന്നുണ്ടെന്നൊരു തെറി കേട്ടു.കാണാം.

Sapna Anu B.George said...

മണി.................എന്നെത്തെയും പോലെ, ഇന്നും വാചകക്കസർത്തു കൊണ്ട് കരിയിപ്പിച്ചു, പ്രത്യേകിച്ചും ,വേദന്യെക്കാളേറെ, തയ്യക്കാരനെ വിളിക്കണോ എന്നു സന്തേഹിക്കുന്ന ആൾ!!

tomy said...

ENIKKU ISHTAPPETTU.

meenakshi said...

manilale nannayirikkunnu

Kuzhur Wilson said...

കരിങ്കൽ ശിൽപ്പത്തെക്കുറിച്ചാകയാലാകണം കുറിപ്പും ശിൽപ്പം. അദ്ദേഹത്തെ കാണാൻ തോന്നുന്നു

മണിലാല്‍ said...

കാണാം പക്ഷെ ബില്ലുവരും

Chandra said...

Nammude Silpi neenal vazhatte.....Puthhakam enthayi? Nuna enikku pidichhu.

Anonymous said...

shilpiyekkurichu kettarivundu, adutharivulla oralilninnu oru nalla shilpam..othiri ishtayi.

ushakumari said...

തകര്‍ത്തു...

റീനി said...

നന്നായിരിക്കുന്നു. ബസിറങ്ങിയാല്‍ വിത്സ് പാടകലെ...ഇഷ്ടപ്പെട്ടു......

മണിലാല്‍ said...

എന്റെ ഒരു പ്രണയകാലത്ത് ഞാനും ശില്പിയും രാത്രിയില്‍ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ നില്‍ക്കുകയാണ്.അയ്യന്തോള്‍ ലൈനില്‍ നിന്നാണ് ഞങ്ങള്‍ ഇരുട്ടിലേക്ക് ഇറങ്ങി നില്‍ക്കുന്നത്. അക്കാലം ലഹരിയുടെ മൊത്തക്കച്ചവടം നടക്കുന്ന തൃശൂരിലെ ഏകസ്ഥലം അതായിരുന്നു.ബാക്കിയുള്ളവരൊക്കെ പലവഴിക്കായി ചിതറിപ്പോയിരുന്നു.ശില്പി പറഞ്ഞു.
നിന്നോട് ഒരു കാര്യം പറയാനുണ്ട്.
മുഖവുര കേട്ട് ഇതെന്തൊരു കൂത്ത് എന്ന് ഞാന്‍.
“ നീ ഒരു പെണ്ണിനുവേണ്ടി ജീവിതം കളയരുത് ”
ഇതാണൊ വലിയ കാര്യം എന്ന് ഞാന്‍ ശില്പിയേ നോക്കി.
അതാ വരുന്നു പുതിയ വാചകം.
“ ലോകത്ത് ഒരു പാടു പെണ്ണുങ്ങളുള്ളതല്ലെ ഗഡീ........”

അന്നേ മനസിലായി ഈ മൊതല് ചില്ലറക്കാരനല്ല.

Myna said...

ഡോക്ടറെ കാണണോ അതോ ടൈലറെ കാണണോ...

Manoj vengola said...

"സാഹിത്യ അക്കാദമി എന്നുവെച്ചാല്‍ തേരാ പാരാ സമയം ചെലവഴിക്കാനൊരിടം എന്നാണ് അന്നൊക്കെ കരുതിയത്.പിന്നീടാണത് പോലീസ് സ്റ്റേഷനൊക്കെ മാതിരി മറ്റൊരധികാര സ്ഥാപനമെന്നറിയുന്നത്."
അത് കൊള്ളാട്ടോ.
ശില്‍പ്പിക്ക് നമോവാകം.

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ തൊട്ടയലക്കക്കാരനായ ആനകുട്ടിരാജനെന്ന് ഞങ്ങൾ വിളിച്ചുപോന്ന പിന്നീട് സാംസ്കാരികനഗരത്തിലും,മറ്റും എല്ലാവരുടേയും ശിൽ‌പ്പിരാജനായി മാറിയ ആ ഗെഡിയുടെ ഒരു തനി യഥാർത്ഥശീല്പം മണിലാൽ ഇവിടെ സുന്ദരമായ ഈ എഴുത്തിലൂടെ കൊത്തിവെച്ചിരിക്കുന്നു കേട്ടൊ...അഭിനന്ദനങ്ങൾ..

മണിലാല്‍ said...

ശില്പിയെ വിജയിപ്പിച്ച എല്ലാവര്‍ക്കും ചിയേര്‍സ്


നീയുള്ളപ്പോള്‍.....