പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, April 21, 2011

ജീവികള്‍ക്കൊക്കെയും വേണമല്ലൊ................!


ഏതൊരു യാത്രയും അലസമല്ല,ലക്ഷ്യമില്ലെങ്കിലും.യാത്രകളില്‍ നമ്മില്‍ വന്നു നിറഞ്ഞതൊക്കെ തുടര്‍ന്നുള്ള കാലങ്ങളിലായിരിക്കും കവിയുന്നത് .ചിറകു വിടര്‍ന്ന് അതിന്റെ ചൂടറിയുക പിന്നീടായിരിക്കും. ചില സാഹചര്യത്തില്‍ അത് നമ്മെ കൈപിടിക്കുകയും പറത്തുകയും പടര്‍ത്തുകയും ചെയ്യും.  വീഴ്ചയിലും ഉയര്‍ച്ചയിലും അത് നമ്മുടെ മനോനിലയില്‍ ഊര്‍ജ്ജമായി നിറയും.  യാത്രകളിലൂടെ അറിയാനും നിറയാനും മറയാനും ആഗ്രഹിക്കുന്നവന്‍ ഈയുള്ളവന്‍.


രണ്ടു പേരാണ്,നിരക്ഷരനും മൈനാ ഉമൈബാനും ഈയൊരു യാത്രക്ക് നിമിത്തമായത്. അതി രാവിലെ ഉണര്‍ത്തി എന്നെ ധൃതിപിടിപ്പിച്ചതും ഈയൊരു സൌഹൃദം തന്നെ.

(ഉണര്‍ച്ച നേരത്തെയെങ്കില്‍ പുതു ലോകത്തേക്കുണരാം.മനുഷ്യരുണരും മുമ്പുള്ള സമയം മറ്റു ജീവജാലങ്ങള്‍ പങ്കിട്ടെടുക്കുന്നു.  ആധുനിക ലോകം ഉണരുന്നതിനു മുമ്പേ  അവര്‍ പണിയെല്ലാം പറ്റിക്കുന്നു.ഒറ്റക്ക് ഈ ലോകത്തെ അനുഭവിക്കുന്നതിന്റെ പ്രതീതി വല്ലാത്തൊരുന്മാദമാണ്.മനുഷ്യരും പാലും പത്രവുമില്ലാത്ത, ചാനലുകള്‍ വഷളത്തം വിളമ്പിത്തുടങ്ങാത്ത,പത്രങ്ങള്‍ നമ്മുടെ സ്വൈര്യത്തിനുമേല്‍ വന്നു പതിക്കാത്ത സമയം.ഇരുട്ടില്‍ ഉണരുമ്പോള്‍ വെളിച്ചമെല്ലാം പുറത്തെടുക്കരുത്.ഭൂമിയുടെ ഇരുട്ടിലൂടെ വേണം വീട്ടിലും സഞ്ചരിക്കാന്‍.ചുറ്റുപാടെല്ലാം പങ്കിട്ടെടുത്ത് അകമഴിഞ്ഞിരിക്കുന്ന ജീവജാലങ്ങളുടെ ലോകത്തേക്ക് വാതിലും ജനവാതിലുമെല്ലാം മെല്ലെ തുറക്കണം.വീടിനെ പുറത്തെ ഈ ഊര്‍ജ്ജം കൊണ്ടു നിറക്കണം.)

ഇതു വരെ കാണാത്ത രണ്ടു മനുഷ്യരായിരുന്നു,നിരക്ഷരനും മൈനയും.രണ്ടുപേരും നെറ്റിലൂടെ പരിചിതര്‍.മാതൃഭൂമി വാരികയില്‍ കൂടിയാണ് മൈനയെ കൂടുതല്‍  അറിവ്.കൊണ്ടോട്ടിയിലേക്കാണ്   പോകേണ്ടത്.മൈന കോഴിക്കോട്ടുനിന്നും നിരക്ഷരന്‍ എറണാകുളത്തു നിന്നും വരും.ഞാന്‍ ഇടയില്‍ കയറണം.കുന്ദംകുളത്തുനിന്ന് കയറാമെന്ന് ഞാന്‍ തീരുമാനിച്ചു. ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കേണ്ടതില്ല.ശ്രീരാമേട്ടന്റെയും ഗീതേച്ചിയുടെയും വീടുണ്ട്.കിട്ടനുണ്ട്,ചുക്കിയുണ്ട്.അടുത്ത വീടുകളിലെ എണ്ണിയാലൊതുങ്ങാത്ത കുട്ടികളുമുണ്ട്.കാറിന്റെ നിറവും പേരും വലിപ്പവും  പറഞ്ഞു തന്നു.ഇടക്കിടക്ക് വിളിച്ചു കൊണ്ടിരുന്നു.കൊടുങ്ങല്ലൂര്‍,തൃപ്രയാര്‍,വാടാനപ്പള്ളി,ഗുരുവായൂര്‍. തീരദേശത്തുകൂടിയാണ് വരവ്. വാടാനപ്പിള്ളി എന്റേതു കൂടിയാകുന്നു. കുന്ദംകുളത്തെത്തിയപ്പോള്‍ കാറിന്റെ നിറവും എന്റെ രൂപവും ഒത്തുനോക്കിയപ്പോള്‍, ഞാന്‍ കാറിനകത്തായി.നിരക്ഷരന്‍ മാത്രമല്ല സാക്ഷരരായ മറ്റു രണ്ടുപേരും കാറില്‍ ഉണ്ടായിരുന്നു,എനിക്ക് സമാധാനം ( ഇത്രയും ദൂരം ഒരു നിരക്ഷരന്റെ കൂടെ ഇരിക്കുന്നതിലായിരുന്നു എന്റെ ഏനക്കേട് മുഴുവന്‍).  ലതികാ സുഭാഷും   മനോരാജ് എന്ന ബ്ലോഗറും ആയിരുന്നു അവര്‍.


കേരളത്തിന്റെ കരുത്തനെന്ന് ആവശ്യം വരുമ്പോഴൊക്കെ പത്രങ്ങള്‍ എഴുതുന്ന അച്യുതാനന്ദനോട് മലമ്പുഴയില്‍ പടവെട്ടിയതിന്റെ ആലസ്യമൊന്നും ലതികയില്‍ കണ്ടില്ല.വോട്ടുകള്‍ എണ്ണാനിരിക്കുന്നതേയുള്ളൂ. കൂടുതല്‍ ഊര്‍ജ്ജസ്വലയായിട്ടാണ് ലതികയിരുന്നത്. “ജയിക്കും ഞാന്‍ ജയിക്കും“ എന്നവര്‍ പല തവണ എന്നോടും ഫോണില്‍ കൂടി പലരോടും പറഞ്ഞു കൊണ്ടിരുന്നു.സംശയം പ്രകടിപ്പിച്ചവരോടെക്കെ അവര്‍ ബെറ്റിന് വെല്ലുവിളിച്ചു. അത്മവിശ്വാസത്തെ ബലപ്പെടുത്താന്‍   ലതികയുടെ ക്രോപ്പ് ചെയ്ത തലമുടിയില്‍ ഞാന്‍  തൊട്ടു.ജയിച്ചാല്‍ ലതിക  മന്ത്രിയാവാന്‍ സാധ്യതയുണ്ടെന്നും ഞങ്ങള്‍ അനുമാനിച്ചു.മന്ത്രിയായാല്‍ തന്നെ മറക്കരുതെന്ന് ലതികയും ഞങ്ങളോടു തമാശ പറഞ്ഞു.ക്ഷമിക്കണം, മന്ത്രിമാരെ   ഓര്‍ക്കാറില്ലെന്ന് ഞാന്‍,അധികാരമെന്നാല്‍ മറ്റൊരു ലോകത്തേക്കുള്ള വഴിപിരിയലാകുന്നു.


 ലതികക്കുമുണ്ട് ബ്ളോഗെഴുത്ത്,സൃഷ്ടി എന്ന പേരില്‍.


പേടിക്കണം,ഇവരെല്ലാം ബൂലോകവാസികളാണ്.ലതികയും നിരക്ഷരനും എല്ലാം.എന്നെപ്പോലെ നാട്ടലച്ചില്‍ അല്ല,ഇതെല്ലാം പോരാഞ്ഞ് ബൂലോകമനുഷ്യരെ കാണാതെ പതുങ്ങി നടക്കുന്ന  മാര്‍ജാരനും .എല്ലാവരും പോകുന്നത് കൊണ്ടോട്ടിയിലേക്കാണ്.അവിടെ മുസ്തഫയെ കാണാന്‍.


ജീവിതത്തില്‍ വീണുപോയ മുസ്തഫയെ ആനന്ദത്തിന്റേതായ ജീവിതത്തിലേക്ക് കൊണ്ടുവന്നവരാണ് എന്റെ കൂടെയുള്ള നിരക്ഷരന്‍,മൈന,ലതിക     തുടങ്ങിയവര്‍.ഒരു വീഴ്ചയില്‍ അരക്കെട്ടിനു താഴെ തളര്‍ന്നുപോയ മുസ്തഫ.മുസ്തഫയുടെ ഏകാന്തതയിലേക്ക് വേണ്ടതെല്ലാം അവരെത്തിച്ചു,  പുസ്തകമെത്തിച്ചു,സഹജീവാനുഭാവം  കാണിച്ചു.വാ‍യനയിലൂടെ സൌഹൃദങ്ങളിലൂടെ മുസ്തഫ പുതുജന്മമായി. വീടില്ലാത്ത മുസ്തഫക്ക് ബൂലോകരെല്ലാം ചേര്‍ന്ന് സ്ഥലം വാങ്ങി വീടു വെച്ചു കൊടുത്തു.അമേരിക്കയിലെ പ്രധാന സാമൂഹ്യ സംഘാടകരായ ഫോമയും ഇവര്‍ക്കൊപ്പം ചേര്‍ന്ന് നല്ല മനുഷ്യരായി .

ഭൂമിയുടെ ഒരു മൂലയില്‍ നിന്നുള്ള  വിളി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് മനുഷ്യര്‍ കേള്‍ക്കുകയായിരുന്നു.


കൊണ്ടോട്ടി പുളിക്കലിലെ പുതിയ വീട്ടിലേക്ക് മുസ്തഫയും വീട്ടുകാരും കയറിത്താമസിക്കുന്ന ദിവസമാണ് .പലരോട് വഴി ചോദിച്ച് പല വഴികള്‍ തെറ്റി, നിരക്ഷരരെപ്പോലെ ഞങ്ങള്‍ കുറെ വട്ടം കറങ്ങി. മലബാര്‍ ടച്ചുള്ള വെട്ടു വഴിയിലൂടെ ഒടുവില്‍ മുസ്തഫയുടെ വീട്ടിലെത്തി.രണ്ടുകുട്ടികള്‍ കാറിന്റെ മുന്നിലേക്ക് ചാടി വീണു,വഴി കാണിക്കാന്‍.അവിടെ മുസ്തഫയും  വീട്ടുകാരും മൈനയും സുനിലും ഇതളും രാജീവ് രാഘവനും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ലിയ പെരുന്നാളിന്റെ ഉത്സാഹമായിരുന്നു മുസ്തഫക്കും വീട്ടുകാര്‍ക്കും.വീല്‍ച്ചെയറില്‍ മുസ്തഫ ചിരപരിചിതരെപ്പോലെ ഞങ്ങളെ സ്വീകരിച്ചു.കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുസ്തഫയുടെ പ്രധാന കൂട്ടാണ്.  അകലങ്ങളെ അത് മുസ്തഫയില്‍ നിന്നും മുറിച്ചുകളയുന്നു.

ചോരക്കുഞ്ഞിനെ കൊന്ന മേരിഫെറാര്‍ എന്ന നാടകത്തിലെ
‘ജീവികള്‍ക്കൊക്കെയും വേണമല്ലോ മറ്റു ജീവികള്‍ തന്‍ സഹായം‘

എന്ന പ്രശസ്തമായ സംഗീതം ഞാന്‍ മുസ്തഫയുടെ മുന്നില്‍ ഓര്‍ത്തു.മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചെറിയ ചെറിയ പാലങ്ങള്‍ ആണ്.നിരക്ഷരനേയും മൈനയേയും ലതികയേയും മുസ്തഫയേയും ഇതളിനേയും സുനിലിനേയും മറ്റുമനുഷ്യരേയുമൊക്കെ  കൂട്ടിയിണക്കുന്ന കണ്ണികളായി ഞാന്‍ സങ്കല്പിച്ചു.
മാര്‍ജാരന്റെ   വര്‍ഗസ്വഭാവത്തോടെ മണം പിടിച്ച ഞാന്‍ അടുക്കളയിലേക്കെത്തി നോക്കി.ബിരിയാണി റെഡി.മീനും ചോറും റെഡി.കട്ടു തിന്നേണ്ട കാര്യമില്ലായിരുന്നു.പുറത്തെ വലിച്ചു കെട്ടിയ ചെറുപന്തലില്‍ എല്ലാം വിളമ്പി വെച്ചിരുന്നു.വീടിന്റെ ഉമ്മറത്തിരുന്ന് മുസ്തഫ ഞങ്ങളുടെ സാന്നിദ്ധ്യം സന്തോഷത്തോടെ ആസ്വദിച്ചുകൊണ്ടിരുന്നു.


ഓര്‍മ്മയില്‍ നിന്നുഅറ്റു പോയതായിരുന്നു ഇതു പോലുള്ള ഗ്രാമീണമായ ഒത്തൊരുമിക്കല്‍. വലിച്ചു കെട്ടിയ പന്തലും, പെണ്ണുങ്ങളും കുട്ടികളും വിളമ്പുന്ന സദ്യയും,ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പരിഗണിക്കുന്ന മനുഷ്യരും,  ഇലകളില്‍ കൊത്തിവലിക്കുന്ന    കൊത്തുന്ന കാക്കയും, കാക്കകളെ ചെറുകുര കൊണ്ട് പറപ്പിക്കുന്ന നാടന്‍ നായ്ക്കളും, മണ്ണില്‍ ചവിട്ടിയുള്ള കൈ കഴുകലും,വേലി മുറിച്ചു കടക്കാവുന്ന പരിസര വീടുകളും.കുട്ടിക്കാലത്തെ  ജീവിതങ്ങളെ ഓര്‍മ്മയില്‍ കൊണ്ടുവന്നു.

ഫോട്ടോ എടുപ്പിനു ശേഷം ഞങ്ങള്‍ മുസ്തഫയെ വിട്ടു പോന്നു.
തിരിച്ചു പോരുമ്പോള്‍ ഞങ്ങള്‍ സാക്ഷരരായി.വഴി ചോദിക്കേണ്ടി വന്നില്ല.എല്ലാവരും ഒരേ കാറില്‍ നിറഞ്ഞ് തുഞ്ചന്‍ പറമ്പിലേക്ക് .കാരിക്കേച്ചര്‍ ചെയ്യുന്ന എറണാകുളത്തെ  സജ്ജീവാണ്   എനിക്ക് കാണേണ്ട ഒരാള്‍,എറണാകുളത്ത് പോകുമ്പോള്‍ ഇടക്കിടെ കാണാറുണ്ടെങ്കിലും. ഇന്‍കംടാക്സ് ഓഫീസറാണെങ്കിലും അത് മറച്ചുവെച്ച വര മുന്നില്‍ വെക്കുന്ന ആള്‍. നൂറ്റന്‍പത് കിലോ ശരീരവുമായി ഭാരമില്ലാതെ പറന്നുനടന്നു വരക്കുന്ന മനുഷ്യന്‍.കടലാസും മഷിത്തണ്ടും എപ്പോഴും കയ്യില്‍ തിരുകി നടക്കുന്നവന്‍.വരയില്ലാതെ സജ്ജിവില്ല.ഓഫീസില്‍ വരുന്നവരേയും വരഞ്ഞുകുത്തും.   തുഞ്ചന്‍ പറമ്പിലും വരച്ചു കൊണ്ടിരിക്കുകയായിരുന്നു സജീവന്‍.അവിടെയുള്ളവര്‍ മാറിമാറി സജ്ജീവിനു    മുന്നില്‍ ചാഞ്ഞും ചെരിഞ്ഞും ഇരുന്നു കൊടുക്കുന്നു,സജ്ജീവന്‍ വരച്ചു     കൊണ്ടിരിക്കുന്നു.വരക്കിണങ്ങുന്ന മുഖമാണെങ്കില്‍ സജ്ജീവിന്റെ കവിളുകള്‍  ചിരിക്കും.

തുഞ്ചന്‍ പറമ്പ് നിറയേ ബ്ലോഗേഴ്സായിരുന്നു.കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍. സാഹിത്യ സമ്മേളനങ്ങളിലോ പൊതുവേദികളിലോ സമരങ്ങളിലോ കാണാത്തവര്‍.ഒളിഞ്ഞിരിപ്പുകാരെ പ്പോലെയാണ് എനിക്ക് ബ്ലോഗേര്‍മാരെ തോന്നിച്ചിട്ടുള്ളത്.അണ്ടര്‍ ഗ്രൌണ്ട് റൈറ്റേഴ്സ്.അവര്‍ രഹസ്യങ്ങള്‍ വിട്ടു പുറത്തുവന്നു തുടങ്ങിയിരിക്കുന്നു.തുഞ്ചന്‍ പറമ്പും അവര്‍ കീഴടക്കിയിരിക്കുന്നു.കവിതയും കഥയും അനുഭവങ്ങളുമാണ് അവരും എഴുതുന്നത് ,ചര്‍ച്ച ചെയ്യുന്നത്.

 എഴുത്തില്‍ എല്ലാം ഒന്നാണെന്ന്   യോഗത്തില്‍ കെ.പി രാമനുണ്ണി  ഉറപ്പിച്ചു പറഞ്ഞു.പേനയായാലും കമ്പ്യൂട്ടറായാലും എഴുത്തില്‍ വ്യത്യാസമില്ലെന്ന് എല്ലാവരെയും പോലെ ഞാനും അറിയുന്നു.  മാസ്റ്റര്‍ പീസുകള്‍ എഴുതിയ ടൈപ്പ് റൈറ്ററിനേയും ഓര്‍ക്കേണ്ടതാണ്.   പല എഴുത്തുകാര്‍ക്കും കമ്പ്യൂട്ടര്‍ ഇന്നും ഒരു എത്താമലയാണ്.അവര്‍ മലയെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു.അത് കാലത്തിന്റെ വിടവാണ്.എന്നും ആവര്‍ത്തിക്കുന്നവ.വായുവിലെഴുതിയാലും അത് സേവ് ചെയ്യാന്‍ പറ്റുന്ന സാങ്കേതികവിദ്യ  വരുമെങ്കില്‍ അതും ആഹ്ലാദത്തോടെ സ്വീകരിക്കാന്‍ മനസിനെ പര്യാപ്തമാക്കുക.  

15 comments:

മണിലാല്‍ said...

കെ.പി രാമനുണ്ണി എഴുത്തില്‍ എല്ലാം ഒന്നാണെന്ന് യോഗത്തില്‍ ഉറപ്പിച്ചു പറഞ്ഞു.പേനയായാലും കമ്പ്യൂട്ടറായാലും എഴുത്തില്‍ വ്യത്യാസമില്ലെന്ന് എല്ലാവരെയും പോലെ ഞാനും അറിയുന്നു.മഹാരഥന്മാര്‍ മാസ്റ്റര്‍ പീസുകള്‍ എഴുതിയ ടൈപ്പ് റൈറ്ററിനേയും ഞാന്‍ ഓര്‍ക്കുന്നു.പല എഴുത്തുകാര്‍ക്കും കമ്പ്യൂട്ടര്‍ ഒരു എത്താമലയാണ്.അവര്‍ മലയെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു.അത് കാലത്തിന്റെ വിടവാണ്.എന്നും ആവര്‍ത്തിക്കുന്നവ.പുതുക്കത്തില്‍ വന്നു കൊണ്ടിരിക്കുന്ന തലമുറയെ ബാധിക്കാത്തവ.

myna umaiban said...

ഓര്‍മ്മയില്‍ നിന്നു പോയതായിരുന്നു ഇതു പോലുള്ള ഗ്രാമീണമായ ഒത്തൊരുമിക്കല്‍. വലിച്ചു കെട്ടിയ പന്തലും, പെണ്ണുങ്ങളും കുട്ടികളും വിളമ്പുന്ന സദ്യയും,ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പരിഗണിക്കുന്ന മനുഷ്യരും,ഇലകള്‍ കൊത്തുന്ന കാക്കയും, മണ്ണില്‍ ചവിട്ടിയുള്ള കൈ കഴുകലും,വേലി മുറിച്ചു കടക്കാവുന്ന പരിസര വീടുകളും.കുട്ടിക്കാലത്തെ സദ്യകള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു

സന്തോഷകരമായ യാത്ര...

ടി പി സക്കറിയ said...

എഴുത്തിലെ ജനാധിപത്യം എന്നുറപ്പിച്ചുപറയാം.ഫാസിസ്റ്റുകളായ പത്രാധിപന്മാരെ പേടിക്കണ്ടല്ലോ..

മണിലാല്‍ said...

ജയിക്കും ഞാന്‍ ജയിക്കും അവര്‍ പല തവണ എന്നോടും ഫോണില്‍ കൂടി പലരോടും പറഞ്ഞു കൊണ്ടിരുന്നു.ആ അത്മവിശ്വാസത്തെ ബലപ്പെടുത്തി ഞാന്‍ ലതികയുടെ ക്രോപ്പ് ചെയ്ത തലമുടിയില്‍ തൊട്ടു.ലതികക്കുമുണ്ട് ബ്ളോഗെഴുത്ത്,സൃഷ്ടി എന്ന പേരില്‍.

ജെ പി വെട്ടിയാട്ടില്‍ said...

തുഞ്ചന്‍ പറമ്പിലെ വിശേഷങ്ങള്‍ വിശദമായി ആരും എഴുതിക്കണ്ടില്ല.

പിന്നെ മൈന എന്നു പറയുന്നത് നമ്മുടെ വടക്കേക്കാട്ടുള്ള മൈനത്തായാണോ?

പ്രൊഫഷണല്‍ എഴുത്തുകാരനായ താങ്കളുടെ പോസ്റ്റ് വളരെ നല്ലത്. ഞാനൊക്കെ എപ്പളാ ഈ നിലവാരത്തിലെത്തുക.

പൂരത്തിന് കാണാം. ഇത് വരെ എന്റെ തൃശ്ശൂരിലെ വീട്ടിലേക്ക് വന്നില്ലല്ലോ?

ഷാഫി said...

മുസ്‌തഫയുടെ വീടിനെപ്പറ്റി ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്ന ലേഖനം
http://nattuvazhiyil.blogspot.com/2011/04/blog-post_23.html

കുഞ്ഞൂസ് (Kunjuss) said...

നിരക്ഷരന്റെ ബസ്സില്‍ കയറി,മാര്‍ജ്ജാരന്റെ വീട്ടിലേക്കും അവിടെ നിന്നു മുസ്തഫയുടെ പുതുവീട്ടിലേക്കും....മാര്‍ജ്ജാരന്റെ വിഭവസമൃദ്ധമായ സദ്യയും മുസ്തഫയുടെ വീട്ടിലെ സ്നേഹസദ്യയും മനം നിറച്ചു.

മൈനക്കും സഹായികള്‍ക്കും അഭിനന്ദനങ്ങള്‍...! തുടര്‍ന്നും കാരുണ്യത്തിന്റെ പൊന്‍ദീപം തെളിയിക്കാന്‍ അവരുടെ കൈകള്‍ക്ക് ഈശ്വരന്‍ ശക്തി നല്‍കട്ടെ.

cp aboobacker said...

വരാനാവാത്തതില്‍ ദു:ഖമുണ്ട്. അതില്‍ പങ്കെടുത്ത സുഹൃത്ത് മേപ്പയൂര്‍ കുഞ്ഞമ്മദ് ക്യാമ്പിന്റെ മൂല്യത്തെ പ്രശംസിച്ചു പറഞ്ഞു. എന്തിനാണ് ഞാനിങ്ങനെ തിരക്കില്‍ പെടുന്നതെന്ന് സ്വയം ചോദിക്കാറുണ്ട്. പെട്ടുപോവുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ പോലെ പറയട്ടെ, ഞാനും പെട്ടുപോവുകയാണ്, വിവര്‍ത്തനം, മറ്റുപ്രവൃത്തികള്‍... സോറി, ഇനിയൊരുക്യാമ്പേ് നടക്കുമ്പോള്‍ വരാം.

cp aboobacker said...

വരാനാവാത്തതില്‍ ദു:ഖമുണ്ട്. അതില്‍ പങ്കെടുത്ത സുഹൃത്ത് മേപ്പയൂര്‍ കുഞ്ഞമ്മദ് ക്യാമ്പിന്റെ മൂല്യത്തെ പ്രശംസിച്ചു പറഞ്ഞു. എന്തിനാണ് ഞാനിങ്ങനെ തിരക്കില്‍ പെടുന്നതെന്ന് സ്വയം ചോദിക്കാറുണ്ട്. പെട്ടുപോവുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ പോലെ പറയട്ടെ, ഞാനും പെട്ടുപോവുകയാണ്, വിവര്‍ത്തനം, മറ്റുപ്രവൃത്തികള്‍... സോറി, ഇനിയൊരുക്യാമ്പേ് നടക്കുമ്പോള്‍ വരാം.

ശ്രീജിത് കൊണ്ടോട്ടി. said...

:)

അജിത് said...

കട്ടുതിന്നേണ്ട കാര്യമില്ലായിരുന്നു..

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

പാവത്താൻ said...

പാലങ്ങളാ‍കട്ടെ നാമോരോരുത്തരും പരസ്പരം.
മുസ്തഫയുടെ വീട് നന്മയുടെ ഒരു പ്രകാശ ഗോപുരമായി സന്തോഷം പകര്‍ന്നു നില്‍ക്കട്ടെ.

Lathika subhash said...

ഇപ്പൊഴാ ഇവിടെ വരാനൊത്തത്. നന്നായിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ബ്ലോഗേഴ്സ്..അണ്ടര്‍ ഗ്രൌണ്ട് റൈറ്റേഴ്സ്....

അവര്‍ രഹസ്യങ്ങള്‍ വിട്ടു പുറത്തുവന്നു തുടങ്ങിയിരിക്കുന്നു...
തുഞ്ചന്‍ പറമ്പും അവര്‍ കീഴടക്കിയിരിക്കുന്നു.
കവിതയും കഥയും അനുഭവങ്ങളുമാണ് അവരും എഴുതുന്നത് ,ചര്‍ച്ച ചെയ്യുന്നത്.

മുസ്തവയേയും,ബൂലോഗസംഗമത്തേയും കുറിച്ച് വേറിട്ട ഒരവലോകനം...കേട്ടൊ മണിലാൽ


നീയുള്ളപ്പോള്‍.....