പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, July 1, 2011

വേറിട്ട ഒരു പ്രകൃതിസ്നേഹി

(എറണാകുളം മറൈന്‍ ഡ്രൈവില്‍ വെച്ച് കടല്‍ക്കാക്കകള്‍ ആര്‍ത്തുകരഞ്ഞ ഒരു സന്ധ്യക്ക് ഒരു സുഹൃത്ത് നിന്ന നില്പില്‍ ആവേശത്തില്‍ പറഞ്ഞ കാര്യങ്ങള്‍)



   റിവേട്ട രു പ്രകൃതിസ്നേഹി




(എറണാകുളം മറൈന്‍ ഡ്രൈവില്‍ വെച്ച് കടല്‍ക്കാക്കകള്‍ ആര്‍ത്തുകരഞ്ഞ ഒരു സന്ധ്യക്ക് ഒരു സുഹൃത്ത് നിന്ന നില്പില്‍ ആവേശത്തില്‍ പറഞ്ഞ കാര്യങ്ങള്‍)


    സൂര്യന്‍ പുഴയിലേക്ക് മുങ്ങാന്‍ കുഴിയിടുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. സുഹൃത്ത് പറഞ്ഞു തുടങ്ങിയിരുന്നു.കണ്ണില്‍ നിന്നും സൂര്യന്‍ ഒന്നു പോയ്ക്കൊട്ടെ എന്ന് പറയണമെന്നുണ്ടായിരുന്നു. സുഹൃത്ത് സഞ്ചാരിയാണ്.എപ്പോഴും കിട്ടില്ല.സൂര്യനെ എപ്പോ വേണമെങ്കിലും കിട്ടും.

അവന്‍ പറഞ്ഞു തുടങ്ങുകയായിരുന്നു.

എനിക്കൊരു സ്വപ്നമുണ്ട്.കണുന്നവരോടൊക്കെ ഞാനിത് പങ്കുവെക്കുന്നുമുണ്ട്. കാര്യം നടന്നില്ലെങ്കിലും   പൊടിപ്പും തൊങ്ങലും വെച്ച് അത് നാലാളോട് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനാ മനുഷ്യന്‍.ഒരര്‍ത്ഥത്തില്‍ നമ്മളെല്ലാം കഥപറച്ചിലുകരല്ലെ.

    പ്രകൃതി ഉപാസകന്‍ എന്ന നിലക്ക് എനിക്കെന്റെ ജീവിതത്തെ ആവിഷ്കരിക്കേണ്ടത്.പുതിയ മനുഷ്യര്‍  ആര്‍ത്തിപിടിക്കുന്നതു പോലെ നാഗരികമായ ഒന്നും എനിക്കിഷ്ടമല്ല.ഫ്ലാറ്റിന്റെ ചൂടില്‍ ഉരുകിയൊലിക്കാനും കറന്റ് പോയാല്‍ ശ്വാസം മുട്ടാനും ലിഫ്റ്റില്‍ കുടുങ്ങി മരിക്കാനും എനിക്കാവില്ല.ഹോര്‍മോണ്‍ കോഴികളെ തിന്ന് സ്വയം ഷണ്ഡീകരിക്കാനും എനിക്ക് താല്പര്യമില്ല.തിരക്കും തിക്കും ക്യൂ നില്പും ഒന്നും എനിക്കിഷ്ടമല്ല.ഇപ്പോഴത്തെ എന്റെ നഗരജീവിതം താല്‍ക്കാലികമായ ഒത്തുതീര്‍പ്പാണ്.ഗള്‍ഫില്‍ പോയി ഞെരുങ്ങി ജീവിച്ച് പണമുണ്ടാക്കിയതിന്റെ കലിപ്പ് മാറ്റാനുള്ള താല്‍ക്കാലികമായ ഹൂങ്ക് മാത്രമാണത്.




        അധികകാലം എനിക്കാവില്ല ഇവിടെ ഇങ്ങനെ.കുറച്ച് കാശൊക്കെ കയ്യിലുണ്ട്, ഒന്നുരണ്ടു ദേശസല്‍കൃത ബാങ്കുകളിലും  ഏക ഭാര്യയുടെ കഴുത്തിലും കയ്യിലുമൊക്കെയായി കുറച്ച് സ്വര്‍ണ്ണാഭരണങ്ങളും.കുറച്ച് ഭൂമി ഏതെങ്കിലും ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് വാങ്ങണം.ഒരു പത്തിരുപതേക്കര്‍,അതുമതി.   കുറച്ച് സ്ഥലമൊഴികെ ബാക്കി സ്ഥലത്ത് മരങ്ങള്‍ പാകണം,അതിനെ പരിപാലിച്ച് വനമാക്കണം.(കാസര്‍കോട്ടെ ഒരാള്‍ മൊട്ടക്കുന്ന് വാങ്ങി മരം വെച്ച് വനമാക്കിയതിന്റെ കഥ വായിച്ച് എത്ര പേരോടാ ഞാന്‍ തന്നെ പറഞ്ഞിരിക്കുന്നത്.)ബാക്കി വരുന്ന സ്ഥലത്ത് സ്വന്തം ആവശ്യത്തിനുള്ള കൃഷിയാണ് ഉന്നം.ഭൂമിയെ എറങ്ങേടാക്കുന്ന  രാസ വളങ്ങള്‍ നാലയലത്ത് കേറ്റില്ല.ഭൂമിയെ, സസ്യത്തെ, ജീവജാലത്തെ അമ്മയായിട്ടാണ് കാണേണ്ടത്.(ജീര്‍ണ്ണിച്ച മനുഷ്യരെയും അതിനകത്ത് ഞാന്‍ കേറ്റില്ല.ചില മനുഷ്യര്‍ കാലുകുത്തിയാ മതി ഭൂമി വാടും.ചില  തരിശുനിലങ്ങളില്‍ കാണാറില്ലെ,മന്തിമാര്‍  ഇട്ടേച്ചു പോയ ശിലാഫലകങ്ങള്‍.)ഇതൊക്കെ എല്ലാ പാഠപുസ്തകങ്ങളിലുണ്ടെങ്കിലും ജയിക്കാനുള്ള മാര്‍ക്ക് കിട്ടിയാപ്പിന്നെ  അത് മറന്നു കളയും സ്വാര്‍ത്ഥമതികളും അവനവനിസ്റ്റുകളുമായ മനുഷ്യര്‍.പണ്ടൊക്കെ രാസവളങ്ങള്‍ക്ക് ഇംഗ്ലീഷ് വളങ്ങള്‍ എന്നാ ആളുകള്‍ പറഞ്ഞിരുന്നത്.അതാ നല്ല പേരുതാനും.പേരു കേള്‍ക്കുമ്പ തന്നെ അതിനെ നാട്ടീന്നും തുരത്താന്‍ തോന്നും.


        ഋതുഭേദങ്ങള്‍ മാറീമ്മറിഞ്ഞും വരും.അങ്ങിനെ മരങ്ങളൊക്കെ വളരേം ചെയ്യും,കുറ്റിച്ചെടികളോക്കെ നിബിഢവനമാകും.ജൈവകൃഷിയാകെ പടര്‍ന്നു പന്തലിക്കും.ഇതൊക്കെ കാണുമ്പോ മനസ്സിനുണ്ടാക്കുന്ന ഉല്ലാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല.ശരീരത്തിന്റെ കാര്യം പറയാനുമില്ല.എല്ലാറ്റിനുമൊരു ഊക്കു തോന്നും.ആശുപത്രിയും സ്വശ്രയത്തില്‍ നിന്നും വരുന്ന ഇത്രേം ഡോക്ടര്‍മാര്‍ ഈ ലോകത്ത് എന്തിനാന്ന്   നമ്മള്‍ ചോദിക്കേണ്ട അവസ്ഥ വരും..


      കാടിനും ജൈവകൃഷിക്കും ഇങ്ങേ അറ്റത്തൊരു
        കൂര പണിയണം.വീടെന്നൊക്കെ പറഞ്ഞാല്‍ അത് കടങ്ങളിലേക്കും സ്വയം നാശത്തിലേക്കൊക്കെയുള്ള ഒടുക്കത്തെ കാല്‍വെയ്പായിരിക്കും.കോണ്‍ക്രീറ്റ് ഒരിക്കലും വേണ്ട.അതിന്റെ ചോട്ടില് ചൂടും കൊണ്ടിരിക്കാന്‍ ഞാന്‍ മന്ദബുദ്ധിയൊന്നുമല്ല.ഒരു കാര്യത്തില്‍ വീട്ടുവീഴ്ച തുടങ്ങിയാല്‍   ജീവിതം പിന്നങ്ങോട്ടു വിട്ടുവീഴ്ചകളുടെ വല്യ പെരുന്നാളായിരിക്കും . ഫ്രിഡ്ജ് വേണം ടി വി വേണം സംഗീതം വേണം കമ്പ്യൂട്ടര്‍ മിക്സി മെഷീന്‍ വാഷിംഗ് .....ഒന്നിനും ഒരവസാനവുമുണ്ടാവില്ല.


        പരിഷ്കാരത്തിന്റെ കുപ്പത്തൊട്ടിയായി നമ്മള്‍ നിന്നു കൊടുക്കേണ്ടല്ലോ.ഇലക്ടിസിറ്റി തന്നെ പാടില്ലാന്നാ എന്റെ അഭിപ്രായം.(ഇതൊക്കെ ഒള്ളതു കൊണ്ടാ അതിരപ്പള്ളീലും  മറ്റു മരോള്ളോടത്തൊക്കെ മന്ത്രിമാര്  മഴുവും  കോടാലിയുമായി പോകുന്നേ).പണ്ടാത്തെ മനുഷ്യര്‍ ഇതൊന്നുമില്ലാതെ പഠിച്ച് കളക്ടര്‍മാരും ഡോക്ടര്‍മാരുമൊക്കെ ആയിട്ടുണ്ടല്ലോ,പഠിക്കാതെ നേതാക്കന്മാരും മന്ത്രിമാരുമൊക്കെയായിട്ടുണ്ടല്ലോ.
        നമ്മള്‍ ഈ ഉപഭോഗസംസ്കാരത്തിനൊപ്പം നിന്നു കൊടുക്കുന്നതും മാര്‍ക്കറ്റിനു വിധേയമാകുന്നതുമൊക്കെ പ്രകൃതിക്കും അതിലെ സസ്യ ജന്തു ലതാതികള്‍ക്കും ശല്യമായി തീരുകേം ചെയ്യും.കടുണരുമ്പോള്‍ പരിസരോം നന്നാവും.ഇഷ്ടം പോലെ വെള്ളം കിട്ടും, കുടിക്കാനും നനക്കാനും ഊര കഴുകാനുമൊക്കെ.കാട്ടില്‍ നിന്നുള്ള സംഗീതത്തിനു പകരം വെക്കാന്‍ ലോകത്തിലൊരു യന്ത്രത്തിനും കഴിയില്ല.


        പ്രകൃതിയോടിണങ്ങുന്ന ഒരു കൂര,അല്ലെങ്കില്‍ കുടി.അത് നമ്മുടെ ശ്രീനിയോടൊ ശില്പി രാജനോടൊ ചെയ്ത് തരാന്‍ പറയാം.അങ്ങിനെ   ലയത്തില്‍ ജീവിച്ച്   ജന്മം തീര്‍ക്കുക,നമ്മുടെ കര്‍മ്മങ്ങള്‍ അടുത്ത തലമുറക്ക് ഉതകുകേം ചെയ്യും.


        നഗരജീവിതം തകര്‍ത്ത് തളരുമ്പോള്‍ എല്ലാവര്‍ക്കും തോന്നും ഏതെങ്കിലും ഒരു കാട്ടില്‍ കയറിയിരുന്ന് രസിക്കാന്‍.അങ്ങിനെ വീടിനേക്കാള്‍ കാടാണ് നല്ലതെന്ന് വല്ലപ്പോഴുമെങ്കിലും തോന്നുന്ന സുഹൃത്തുക്കള്‍ക്ക് വാതില്‍ ഞാന്‍ തുറന്നു വെക്കും.മലയളികളായതിനാല്‍ സ്വാഭാവികമായും അവര്‍ സേവക്കുള്ളതും കയ്യില്‍ കരുതും.അതത്ര തൊന്തരവു പിടിച്ച കാര്യവുമല്ല.ഫ്യൂരടാന്‍ പൂശാത്ത നല്ല പഴത്തില്‍നിന്നൊക്കെ ഉള്ളതാവണമെന്ന് മാത്രം.മദ്യം എന്നും മനുഷ്യരോടൊപ്പമുള്ളതാണല്ലോ,മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്ക് തന്നെ. മദ്യ സന്ദര്‍ഭങ്ങളില്‍ ഇമ്പം കൂട്ടാനൊക്കെ തോന്നല്‍ സ്വാഭാവികം.


        നിലാവുള്ള രാത്രിയാണെങ്കില്‍ ചില കാട്ടുമൃഗങ്ങള്‍ കാട്ടില്‍ നിന്ന് പതുക്കെ നിലാവിലേക്കിറങ്ങി വരുന്നത് നമുക്ക് കൂരയിലുന്നു നോക്കിയാല്‍ തന്നെ കാണാം.അവറ്റകള്‍ ജൈവകൃഷിയിടത്തിലൂടെ മെഴുമെഴാ പതിഞ്ഞു മേയുമ്പോള്‍ സ്വന്തം കൂരയിലിരുന്നു സൈലന്‍സര്‍ ഉള്ള നാടന്‍ തോക്ക് കൊണ്ടു നാമതിനെ  കാവ്യാത്മകമായി  ഉന്നം വെക്കും.വെടി കൊള്ളുന്ന മൃഗങ്ങള്‍ പോലുമറിയില്ല. തീരെ ഒച്ചയനക്കങ്ങള്‍ ഇല്ലാതെ  ഒരു നിറയൊഴിക്കല്‍.ആരെന്തു പറഞ്ഞാലും രുചിയുടെ കാര്യത്തില്‍ വെടിയിറച്ചി ഒന്നു വേറെ തന്നെ .പ്രത്യേകിച്ച് മദ്യവുമായി കൂട്ടിയുയുരുമ്മുമ്പോള്‍.


        അങ്ങിനെ  മധുരോദാരമായ ജീവിതമാണ് എന്റെ സ്വപനത്തിലുള്ളത്.തികച്ചും പ്രകൃതിജീവനത്തിലൂന്നിയത്.മാനുഷികമായത്.


സുഹൃത്തെ,ഒടുവില്‍ ഒന്നു കൂടി ചോദിച്ചോട്ടെ.ഞാന്‍ കാടുകയറിയോ..........?




3 comments:

മണിലാല്‍ said...

നിലാവുള്ള രാത്രിയാണെങ്കില്‍ ചില കാട്ടുമൃഗങ്ങള്‍ കാട്ടില്‍ നിന്ന് പതുക്കെ നിലാവിലേക്കിറങ്ങി മെഴുമെഴാ ജൈവകൃഷിയിടത്തിലൂടെ പതിഞ്ഞു കയറുമ്പോള്‍ നമ്മള്‍ സ്വന്തം കൂരയിലിരുന്നു സൈലന്‍സര്‍ ഉള്ള നാടന്‍ തോക്ക് കൊണ്ടു അതിനെ ഉന്നം വെക്കും. കൊള്ളുന്ന മൃഗങ്ങള്‍ പോലുമറിയാതെ ഒരു നിറയൊഴിക്കല്‍.

മണിലാല്‍ said...

അപൂര്‍വ്വം മാത്രം സംഭവിക്കുന്ന കവിതകള്‍ പോലെ കഥകള്‍ പോലെ നോവലുകള്‍ പോലെ വായനയില്‍ ഒരട്ടിമറിയായിരുന്നു അത്.സിനിമ അത്രക്കായോ എന്നത് മറ്റൊരു കാര്യം.എഴുത്ത് വേറെ സിനിമ വേറെ.

മണിലാല്‍ said...

തീരെ ഒച്ചയനക്കങ്ങള്‍ ഇല്ലാതെ ഒരു നിറയൊഴിക്കല്‍.ആരെന്തു പറഞ്ഞാലും രുചിയുടെ കാര്യത്തില്‍ വെടിയിറച്ചി ഒന്നു വേറെ തന്നെ .പ്രത്യേകിച്ച് മദ്യവുമായി കൂട്ടിയുയുരുമ്മുമ്പോള്‍.


അങ്ങിനെ മധുരോദാരമായ ജീവിതമാണ് എന്റെ സ്വപനത്തിലുള്ളത്.തികച്ചും പ്രകൃതിജീവനത്തിലൂന്നിയത്.മാനുഷികമായത്.


സുഹൃത്തെ,ഒടുവില്‍ ഒന്നു കൂടി ചോദിച്ചോട്ടെ.ഞാന്‍ കാടുകയറിയോ..........?


നീയുള്ളപ്പോള്‍.....