പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, December 3, 2011

ശിരസ്സില്‍ തീ പിടിച്ച കാലം



ശിരസ്സില്‍ തീ പിടിച്ച കാലം



യിരത്തിത്തൊള്ളായിരത്തി എണ്‍പത്താറ് നവംബര്‍ പതിനാറിന് തൃശൂര്‍ ജില്ലയിലെ ആലപ്പാടു നിന്നും വൈകീട്ട് നാലു മണിയോടെ ഒരു നാടകം ആരംഭിക്കുന്നു. കുരിശിന്റെ വഴി എന്ന പേരില്‍.പല സ്ഥലങ്ങളിലായി നടത്തിയ റിഹേര്‍സലുകള്‍ ആലപ്പാട് സെന്ററില്‍ ഒത്തൊരുമിച്ച് നാടകമായി  രൂപാന്തരപ്പെടുകയായിരുന്നു. പത്തുപതിനഞ്ചോളം വേദികള്‍ പിന്നിട്ട് പത്തു കിലോമീറ്റര്‍ അകലെ തൃപ്രയാറില്‍ സമാപിക്കുന്ന രീതിയിലാണ് നാടകാവതരണം ആസൂത്രണം ചെയ്തത്. ഓരോ തെരുവു മൂലയിലും കേരളത്തെ അടിമുടി ബാദിച്ച ജനാധിപത്യവിരുദ്ധവിഷയങ്ങള്‍.   അത്രയേറെ വിഷയങ്ങളാണ് അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ ജനാധിപത്യകേരളത്തിന് നല്‍കിയത്.തങ്കമണിയിലെ പോലീസ് നരനായാട്ട്,കീഴ്മാട് അന്ധവിദ്യാലയത്തിലെ പോലീസ് അതിക്രമങ്ങള്‍ അങ്ങിനെ നീണ്ടുപോകുന്ന ഭരണകൂട ഭീകരത.ഭരണകൂടമുണ്ടെങ്കില്‍ അതിന്റെ ഭീകരതയും ഉണ്ടാവും എന്നതിന്റെ എന്നത്തേയും തെളിവായിരുന്നു അത്.

പി.എം.ആന്റണിയുടെ കൃസ്തുവിന്റെ ആറാം തിരുമുറിവ്  എന്ന നാടകത്തെ  കോണ്‍ഗ്രസ്സുകാരുടെയും ശിങ്കിടിപ്പാര്‍ട്ടികളുടെയും  വോട്ടു ബാങ്കായ സഭക്കു വേണ്ടി ഭക്തിരസം തുളുമ്പുന്ന കരുണാകരന്‍ സര്‍ക്കാര്‍ നിരോധിച്ചു.ഇതിനെതിരെ സാംസ്കാരിക കേരളം ഉണര്‍ന്നതിന്റെ പ്രതിഫലനമായിരുന്നു  ആര്‍ത്തിരമ്പിയ പ്രതിഷേധമെല്ലാം. സഭയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഉലഞ്ഞുപോയപ്പോഴാണ് നാടകം നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നത്.ജാതിക്കോമരങ്ങള്‍ ജനാധിപത്യരംഗം കയ്യടക്കുന്നതിനെതിരെയുള്ള മതാത്മകവിരുദ്ധ പ്രസ്ഥാനം കൂടിയായിരുന്നു അന്നത്തെ നാടകാവതരണവും പിന്നിടുണ്ടായ എല്ലാം കൂട്ടംകൂടലും.


തൃശൂരിലെ കെ.എസ്.ആര്‍.ടി.സി.ക്കടുത്തുണ്ടായിരുന്ന വാഞ്ചി ലോഡ്ജ് ,ഷൊര്‍ണ്ണൂര്‍ റോഡിലെ സോണ ലോഡ്ജ്  എന്നിങ്ങനെ ആയിരുന്നു ഇത്തരം ചിന്തകളുടെ ഒരു കേന്ദ്രം.ലെഫ്റ്റ് ഫ്ലാറ്റ് ഫോം,തിയ്യട്രിക്കല്‍ ഗാതറിംഗ്സ്,സ്ക്രീന്‍ ഫിലിം സൊസൈറ്റി എന്നിങ്ങനെ രാഷ്ട്രീയമായ സംഘടിത രൂപങ്ങള്‍ വാടാനപ്പള്ളിയിലും സക്രിയമായിരുന്നു.ആലപ്പാടും കുറെ പേര്‍ തെരുവില്‍ ഇറങ്ങിനിന്നിരുന്നു.എല്ലാം ശ്വാസങ്ങളും ചേര്‍ന്ന് ഇടിമുഴക്കങ്ങളായി പരിണമിക്കുകയായിരുന്നു.അന്നത്തെ സാംസ്കാരിക മണ്ഡലത്തിലേക്ക് പലതും പൊട്ടിവിടര്‍ന്നത് ഇത്തരം സംഘങ്ങളില്‍ നിന്നാണെന്ന് ചരിത്രം പറയുന്നു.അന്ന് വാഞ്ചി സകലമാന തെറിച്ച മനുഷ്യരുടെ താവളമായിരുന്നു.യുക്തിവാദികള്‍,നക്സലൈറ്റുകള്‍ തുടങ്ങി നാനതരം മനുഷ്യര്‍ അവിടെ തിങ്ങിപ്പാര്‍ത്തിരുന്നു.  .വാഞ്ചി ലോഡ്ജ് ഇന്നില്ല.അത് പൊളിച്ചുമാറ്റപ്പെട്ടപ്പോള്‍ അതില്‍ നിന്നും സ്വതന്ത്രരായ  മനുഷ്യര്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഇപ്പോഴും പല തരം സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി നീങ്ങുന്നു.


സിവിക് ചന്ദ്രന്‍ കോഴിക്കോടുണ്ട്,പ്രകാശ് മേനോന്‍ ചെന്നെയിലുണ്ട്.പി.എ.എം.ഹനീഫ് മലബാറിലുണ്ട്.മോഹന്‍ കുമാര്‍ കണ്ണൂരിലുണ്ട്,നാസ്തികന്‍ സണ്ണി എവിടെയെന്നറിയില്ല.ജോണ്‍ എബ്രഹാം പലപ്പോഴും അവിടെ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്,മുന്‍ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയെ അവിടെ വെച്ച് കാണുമാറായിട്ടുണ്ട്.പ്രേരണ,ഉത്തരം,നാസ്തികന്‍,സഹ്യാദ്രി,രംഗഭാഷ,വാക്ക്,പാഠഭേദം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇവിടെ നിന്നാണ് പിറവി.ലിറ്റില്‍ മാഗസിനുകളുടെ തോഴന്‍ കെ.എന്‍.ഷാജിയെ അവിടെ തീര്‍ച്ചയായും വന്നിട്ടുണ്ടായിരിക്കണം.   .സുരാസുവിനും അമ്മുവേടത്തിക്കും പ്രണയത്തിന്റെ തണല്‍ ഈ കെട്ടിടം നല്‍കിയിട്ടുണ്ട്.



സാംസ്കാരിക കേരളം ശ്വസിച്ചത് ഇവിടെ നിന്നാണെന്നും അതിശയോക്തിയോടെ പറയാം.
സൂര്യവേട്ട,മുദ്രാ‍രാക്ഷസം,ഭോമ എന്നിങ്ങനെ നാടകങ്ങളുമായി ജോസ് ചിറമ്മല്‍ കത്തി നില്‍ക്കുന്ന കാലമായിരുന്നു.സ്വാഭാവികമായും നാടകത്തിന്റെ മുന്‍ നിരയില്‍ ജോസ് തന്നെ വന്നു.
തങ്കമണിയിലും കീഴ്മാടിലും നടന്ന പോലീസ് തേര്‍വാഴ്ചയുടെ നേരത്താണ് നാടകവും നിരോധിക്കുന്നത്.കീഴ്മാടില്‍ അന്ധവിദ്യാലയത്തില്‍ നടത്തിയ തേര്‍വാഴ്ച കേരള ചരിത്രത്തിലെ മാറാക്കറയാണ്.പ്രതിപക്ഷം സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോപങ്ങള്‍ സംഘടിപ്പിക്കുന്ന സമയമായിരുന്നു അത്.നാടക നിരോധത്തോടെ കേരളത്തില്‍ മറ്റൊരു പ്രതിപക്ഷവും ഉടലെടുത്തു.അത് സാംസ്കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സിനിമാക്കാരുടെയുമൊക്കെ നേതൃത്വത്തിലായിരുന്നു.മുഖ്യധാരയില്‍ നിന്നും തെറിച്ചു നിന്ന യൊവ്വനങ്ങള്‍(പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല)
കേരളമാകെ കൈകോര്‍ക്കുന്ന അസുലഭനിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അതിന്റെ തൃശൂര്‍ വെര്‍ഷന്‍ ആയിരുന്നു പത്തു കിലോമീറ്റര്‍ നീളത്തില്‍ ആസൂത്രണം ചെയ്ത കുരിശിന്റെ വഴി എന്ന തെരുവുനാടകം.



കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും അണിചേരാന്‍ ആളുകള്‍ വന്നു.
ജോസ് ചിറമ്മല്‍ അതിന്റെ തലപ്പത്ത് നിന്നു.വാടാനപ്പള്ളിയിലും ആലപ്പാടുമൊക്കെ റിഹേഴ്സല്‍ ക്യാമ്പുകള്‍ സജീവമായി.അന്നത്തെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യവിരുദ്ധമായ നടപടികളെ തെരുവില്‍ ആവിഷ്കരിക്കുകയായിരുന്നു നാടകത്തിന്റെ ലക്ഷ്യം.ഓരോ തെരുവുമൂലയിലും ഓരോ പ്രമേയങ്ങള്‍ അവതരിപ്പിച്ചു മുന്നേറൂക.സാംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ പ്രസ്ഥാനത്തിന് പിന്തുണ കിട്ടി.ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥികളായ ടി.വി.സന്തോഷ്,മുരളി,  ബറോഡയില്‍ ചിത്രകല പഠിച്ചിരുന്ന മുഹമ്മദ്,നാടക രംഗത്തെ സി.എസ്.ഗോപാലന്‍,സുര്‍ജിത്,ശില്പി രാജന്‍,ശാന്തന്‍,കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,ഇ.പി.കാര്‍ത്തികേയന്‍,എ.വി.ശ്രീകുമാര്‍,വാടാനപ്പള്ളിയില്‍ നിന്നും ഗഫൂര്‍,ഷാജഹാന്‍,രമേശ്,പ്രേം പ്രസാദ്,ചാഴൂരിലെ സുരേഷ് ബാബു,സി.വി.ചന്ദ്രന്‍, അസലം,കോണ്‍ഗ്രസ്സുകാരനായ ഇ.ബി.ഉണ്ണികൃഷ്ണന്‍(ഭരണം മറന്ന് പ്രതികരിക്കുന്ന ആളാണ് ഉണ്ണികൃഷ്ണന്‍.തീരദേശത്തെ ജനകീയ സമരങ്ങള്‍ക്കൊപ്പം  ഉണ്ണികൃഷ്ണനെ കാണാം) എന്നിങ്ങനെ മനുഷ്യരുടെ   കൂട്ടം ഉടലെടുക്കുന്നു.



ആലപ്പാട് വെച്ച് കെ.കെ.രാജന്‍ നാടകാവതരണത്തിന്റെ അദ്യം ഡയലോഗ് ഒരു പഴയകെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചും പറഞ്ഞതും നൂറുകണക്കിന് വരുന്ന കാക്കിക്കുപ്പായക്കാര്‍ നാടകസംഘത്തെ വളഞ്ഞുവെച്ച് അറസ്റ്റ് ചെയ്തു.(റിഹേര്‍സല്‍ സമയത്തു തന്നെ രഹസ്യപ്പോലീസുകാര്‍ ആലപ്പാട് നിറഞ്ഞിരുന്നു.ചായക്കടങ്ങളിലും കള്ളുഷാപ്പുകളിലും കല്ലോവിന്മേലും അതുവരെ കണ്ടിട്ടില്ലാത്ത മുഖങ്ങളെ കണ്ട് ഇതേതു കൂട്ടക്കാര്‍ എന്ന് ഗ്രാമം മൂക്കത്ത് വിരല്‍ വെച്ചതിന്റെ ഗുട്ടന്‍സ് ഈ അറസ്റ്റോടെയാണ് മനസ്സിലായത് .സാദാവേഷത്തില്‍ നടന്ന  ഇവരൊക്കെ നാടകം തുടങ്ങിയുടന്‍ തൊപ്പി വെച്ച് ലാത്തി ചുഴറ്റി പാഞ്ഞടുക്കുകയായിരുന്നു.)തുടര്‍ന്ന് സംഘര്‍ഷങ്ങളുടെ വേദിയായിത്തീര്‍ന്നു ആലപ്പാട് മുതല്‍ അന്തിക്കാട് പോലീസ് സ്റ്റേഷന്‍ വരെ.അറസ്റ്റ് ചെയ്തവര്‍ക്കുമുന്നില്‍ പോലീസ് ജീപ്പിനെ കടത്തി വിടാതെ വലിയൊരു ജനസഞ്ചയം പ്രകടനമായി മുന്നേറി.എന്തും സംഭവിക്കാവുന്ന അവസ്ഥ.നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷന്‍ വരെ പ്രകടനം പോലീസ് വണ്ടിയെ കടത്തി വിടാതെ മുന്നേറി.ആയിരങ്ങളാണ് പാതക്കിരുവശവും സമരക്കാര്‍ക്ക് ആവേശമായി അണിനിരന്നത്.അന്തിക്കാടിന്റെ മഹത്വം തിരിച്ചു പിടിച്ച മുഹൂര്‍ത്തമായിരുന്നു അത്.നാടകത്തില്‍ കയറി അഭിനയിക്കാന്‍ ഓരോ തെരുവിലും കാത്തു നിന്ന കുറെ നടന്മാരും നാട്ടുകാരും നാടകസംഘത്തെ കാണാതെ നിരാശാരായി തിരിച്ചു പോയി.


എന്‍.ആര്‍ ഗ്രാമപ്രകാശന്‍,വി.ജി.തമ്പി,വിശ്വനാഥന്‍ വയക്കാട്ടില്‍,ടി.ആര്‍.രമേശ് ,കെ.ഗോപിനാഥന്‍,ചന്ദ്ര ബോസ് ,പ്രേം പ്രസാദ്, ഗോപിനാഥ് പനമുക്കത്ത് എന്നിവരൊക്കെ മാര്‍ച്ചിന്റെ മുന്നണിയിലുണ്ടായിരുന്നു.കൂടെ നാട്ടുകാരുടെ വലിയൊരു സംഘവും.
പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തിയ ജനങ്ങള്‍ സ്റ്റേഷന്‍ വളഞ്ഞു നിന്നു,മതിലില്‍ കയറിയിരുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ.രാത്രിയോടെ എല്ലാവരെയും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജാരാ‍ക്കുവാ‍നായി അയ്യന്തോളിലേക്ക് കോണ്ടു വന്നു. രാത്രി മുഴുവന്‍ അയ്യന്തോള്‍ പോലീസ് സ്റ്റേഷന്റെ ഇടുങ്ങിയ മുറിയില്‍ എല്ലാവരും കിടന്നു,അസാധ്യമായ മെയ്‌വഴക്കത്തോടെ,സാഹോദര്യത്തോടെ.
ജോസ് ചിറമ്മല്‍ ഒന്നാം പ്രതിയും കെ.കെ.രാജന്‍ രണ്ടാം പ്രതിയും കെ.ജെ.ജോണി മൂന്നാം പ്രതിയുമായി കേസ് രജിസ്റ്റര്‍ ചെയ്തു.കേസ്സില്‍ പെട്ടിരുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ സാമി നാഥന്‍,കാരമുക്കിലെ ശ്യാം,ഏഷ്യാനെറ്റില്‍ എഡിറ്റര്‍ ആയിരുന്ന ഷാജു ജോസ് ഇന്ന് ജീവിതത്തിലില്ല.


പരസ്പരം അറിയുന്ന 57 പേര്‍.ചിത്രകലാ വിദ്യാര്‍ത്ഥിയായിരുന്ന സന്തോഷ് സ്റ്റേഷനകത്ത് കരിക്കട്ട കൊണ്ടു ചുമരില്‍ വരച്ച പോലീസുകാരന്റെ ചിത്രം ഭരണകൂട ഭീകരതയുടെ കടുംഛാ‍യ പകര്‍ന്നു.ഇന്നും അതോര്‍മ്മയില്‍ നില്‍ക്കുന്നുണ്ട്.ടിവി.സന്തോഷ് ഇന്ന് ലോകപ്രശസ്തനായ ചിത്രകാരനാണ്. കേസ് വര്‍ഷങ്ങള്‍ നീണ്ടു.കരുണാകരന്‍ സര്‍ക്കാന്‍ തോറ്റമ്പി. നായനാര്‍ സര്‍ക്കാര്‍ വന്നിട്ടും കേസ് പിന്‍ വലിക്കപ്പെട്ടില്ല.സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് ഞങ്ങള്‍ സമാധാനിച്ചു.കേസ്സ് പിന്‍ വലിക്കണമെന്ന ആവശ്യത്തിന്മേല്‍ സാംസ്കാരിക നായകന്മാര്‍ ഒപ്പിട്ടു മടുത്തു.സച്ചിദാനന്ദന്‍,ആനന്ദ്,കെ.ജി.എസ്. സുകുമാര്‍ അഴിക്കോട്,സി.ആര്‍ പരമേശ്വരന്‍ എന്നിവര്‍ എപ്പോഴും കൂടെയുണ്ടായിരുന്നു.  . (കേസ്സ് നാടകമായതിനാല്‍ കോടതിയില്‍ പോക്കും തമാശയായിരുന്നു.പ്രതികളുടെ കയ്യിലിരിപ്പ് കൊണ്ട് കേസുള്ള ദിവസം മുഴുവന്‍ കോടതി പരിസരത്ത് കോട്ടിട്ട പലതരം കൊഞ്ഞാണന്മാരെ നോക്കിയിരിക്കേണ്ടിവന്നിട്ടുണ്ട്.ഹാജര്‍ എടുക്കാന്‍ ,എണ്ണം തിട്ടപ്പെടുത്താന്‍ കോടതി ഞങ്ങളോട് ആവശ്യപ്പെടും.വണ്‍,ടൂ,ത്രീ,ഫോര്‍,ഫൈവ്,സിക്സ്,സെവന്‍,എയ്റ്റ്,ണയന്‍ എന്നിങ്ങനെ എണ്ണുന്ന നേരത്തായിരിക്കും ഞങ്ങള്‍ക്കിടയിലെ ഒരു കൊഞ്ഞാണന്‍ മലയാളത്തില്‍ ‘പത്ത് ‘’ എന്ന് പറയുക. കോടതിയില്‍ പൊട്ടിച്ചിരിയാകും.അതോടെ ജഡ്ജി മൂക്കിന്റെ തുമ്പത്തേക്ക് ദേഷ്യം വരുത്തി ഞങ്ങളെ പുറത്താക്കും.പിന്നെ കോടതി പിരിയുന്ന നേരത്തുമാത്രമേ വിളിക്കുകയുള്ളു.ഞങ്ങളുടെ കേസ്സ് ഫീസൊന്നും വാങ്ങാ‍തെ ഏറ്റെടുത്ത പ്രകാശന്‍ വക്കീല്‍ പിടിച്ച പുലിവാല്‍ ചില്ലറയല്ല,എണ്ണം അന്‍പത്തേഴാണ്.ഇത്രയധികം താടിമീശക്കാരെ ഒന്നിച്ച് കോടതിയും മറ്റുള്ളവരും ഒന്നിച്ചു  കാണുന്നതും അന്നാണ്.ഭരണകൂടം കൊഴിഞ്ഞു പോയില്ലെങ്കിലും ഒന്നു പതറിയിട്ടുണ്ടാവണം.ആര്‍ക്കറിയാം.





ഈ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു,തൃശൂര്‍ ടൌണില്‍ ആവിഷ്കാര സ്വാതന്ത്ര്യ കണ്‍ വെന്‍ഷന്‍ എന്ന് പേരിട്ടു നടന്ന സാംസ്കാരിക സമരം. വാക്കു കൊണ്ടും വര കൊണ്ടും അരങ്ങു കൊണ്ടുമൊക്കെ സൌന്ദര്യമാര്‍ന്ന വ്യക്തിത്വങ്ങള്‍ ഈ സമരത്തിന്റെ മുന്നണിപ്പോരാളികളായി.സമരം സര്‍ഗ്ഗാത്മകമാവുമ്പോള്‍ മുദ്രവാക്യം കവിതയാവുമെന്നത് ഈ സമരമുഖത്ത് നിന്നും വായിക്കാനായി.സര്‍ഗ്ഗാത്മക ആവിഷ്കാരങ്ങള്‍ അവതരിപ്പിച്ചായിരുന്നു ഓരോ ഗ്രുപ്പും ഓരോ മനുഷ്യനും ഇതില്‍ പങ്കാളികളായത്.കേരള ചരിത്രത്തില്‍
 നട്ടെല്ല്  നിവര്‍ന്നു നില്‍ക്കുന്നൊരു മഹാ സംഭവമാ‍യി മാറി ഈ സമ്മേളനം.സച്ചിദാനന്ദന്‍,കെ.ജി.എസ്,പൌലോസ് മാര്‍ പൌലോസ്,സുകുമാര്‍ അഴീക്കോട്,നീലന്‍,കെ.എ.മോഹന്‍ ദാസ് ,സോമശേഖരന്‍,എം.എം.ഡേവിസ് എന്നിവരൊക്കെ അതില്‍ സജീവ പങ്കാളികളായി.കക്ഷി രാഷ്ട്രീയമല്ല ഇവിടെ അരങ്ങേറിയത്.പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ തെളിച്ചമുള്ള വീക്ഷണമായിരുന്നു.

തിരിഞ്ഞുനോക്കുമ്പോള്‍ ആര്‍ക്കും കുറ്റബോധമില്ലാത്ത ഒരു സമരമായിരുന്നു ആവിഷ്കാര സ്വാതന്ത്ര്യ സമരം. നിരന്തരം പ്രസക്തമാവുന്ന ഒരു മുദ്രാവാക്യം, അതിനെ കാലങ്ങളില്‍ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്നു.


ബൂര്‍ഷ്വാ കോടതി തുലയട്ടെ എന്ന് മുദ്രവാക്യം വിളിച്ചില്ലെങ്കിലും കോടതി     വിളിച്ച തീയ്യതിക്ക് മറ്റു പരിപാടികളുള്ളതിനാല്‍ കോടതിയില്‍ പോകാന്‍ കഴിയാറില്ല.  (ജഡ്ജി പറയുന്നതല്ല അവസാന വാക്ക് ,ജനങ്ങള്‍ പറയുന്നതായിരിക്കണം.ജനകീയമായി പറയുന്നത്തായിരിക്കണം എന്നൊക്കെയുള്ള ലളിതരാഷ്ട്രീയം ഉള്ളിലുണ്ടായിരുന്നു,അന്നും ഇന്നും) പകരക്കാരനെ വെക്കാനും പറ്റിയില്ല. ഹാജാരാവത്തതിനാല്‍ ഗഫൂര്‍,ഷാജഹാന്‍,അസലം അടക്കം ഞങ്ങള്‍ നാലു പേരെ വിയ്യൂര്‍ ജയിലിലേക്ക് കോടതി ഗോതമ്പുണ്ട തിന്നാന്‍   വിട്ടു.അന്ന് ഞങ്ങള്‍ക്കു വേണ്ടി ഹാജരായ സുഭാഷ് വക്കീലിനു വല്ലാത്ത വിഷമമായി.

 പിന്നീടൊരിക്കല്‍ വാടാനപ്പള്ളിയിലെ ബോധി കോളേജിലിരിക്കുമ്പോള്‍ ഞങ്ങളെ ഉണ്ടതീറ്റിച്ച ജഡ്ജിയേക്കാള്‍ മാന്യനായ ഒരാള്‍ എന്റെ മുന്നില്‍ വന്നു നിന്നു.കൂളിംഗ് ഗ്ലാസ്സ് ഊരി,മുടി കൈകൊണ്ടു മേലേക്ക് ചീകി അയാള്‍  സ്വയം പരിചയപ്പെടുത്തി.അയാള്‍ പോക്കറ്റടിക്കാരനായ സലീം ആയിരുന്നു.
ജോലി വാടാനപ്പള്ളി ബസ് റൂട്ടിലായിരുന്ന ദിവസമാണ് എന്നെ കാണാന്‍ വന്നത്. വീടു പോലെയല്ല ജയില്‍,അതില്‍ ഒരുമിച്ചു കിടന്നവര്‍ ജീവിത കാലം മറക്കില്ല.പോക്കറ്റടിക്കാരനായാലും വിപ്ലവകാരിയായാലും.അയാള്‍ എന്നോടൊപ്പം മൂന്നു ദിവസം വിയ്യൂര്‍ ജയിലില്‍ കിടന്ന മനുഷ്യനായിരുന്നു.പോക്കറ്റടി ഒന്നുമില്ലാത്തവന്റെ  കലയാണെന്ന് ഇവരെ പരിചയപ്പെട്ടതിനു ശേഷമാണ് എനിക്ക് തിരിഞ്ഞത്.



25 comments:

മണിലാല്‍ said...

പി.എം.ആന്റണിയുടെ കൃസ്തുവിന്റെ ആറാം തിരുമുറിവ് വോട്ടു ബാങ്കായ സഭക്കു വേണ്ടി ഭക്തിരസം തുളുമ്പുന്ന കരുണാകരന്‍ സര്‍ക്കാര്‍ നിരോധിച്ചു

മണിലാല്‍ said...

വീടു പോലെയല്ല ജയില്‍,അതില്‍ ഒരുമിച്ചു കിടന്നവര്‍ ജീവിത കാലം മറക്കില്ല.പോക്കറ്റടിക്കാരനായാലും വിപ്ലവകാരിയായാലും.അയാള്‍ എന്നോടൊപ്പം മൂന്നു ദിവസം വിയ്യൂര്‍ ജയിലില്‍ കിടന്ന മനുഷ്യനായിരുന്നു.

Echmukutty said...

എല്ലാ കാലത്തും പലതരം കാപട്യങ്ങളിൽ തട്ടി ഉടഞ്ഞ്പോയവയാണ് ആവിഷ്ക്കാരം സ്വാതന്ത്ര്യം തുടങ്ങിയ വാക്കുകൾ. എങ്കിലും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും സമരങ്ങൾ നടക്കുന്നു..എന്നും നടക്കുകയും ചെയ്യും...എല്ലാവരും അറിയണമെന്നില്ല.

കുറിപ്പ് നന്നായി. അഭിനന്ദനങ്ങൾ.

Prabhan Krishnan said...

വിശദാംശങ്ങള്‍ അറിയില്ലായിരുന്നെങ്കിലും...
സംഭവം ഓര്‍ക്കുന്നു. 25 വര്‍ഷം എത്രവേഗമാണ് കടന്നുപോയത്..!
അനുഭവത്തിന്റെ ചൂടുള്ള ഈ കുറിപ്പ് ഇഷ്ടമായി.
ആശംസകളോടെ...പുലരി

റീനി said...

സമരം സര്‍ഗ്ഗാത്മകമാവുമ്പോള്‍ മുദ്രവാക്യം കവിതയാവുമെന്നത് ഈ സമരമുഖത്ത് നിന്നും വായിക്കാനായി....

നന്നായി എഴുതിയിരിക്കുന്നു. ഈ രചനയും മാതൃഭൂമി ബ്ലോഗനയില്‍ വായിക്കാന്‍ ഇടവരട്ടെ!

അഭിനന്ദനങ്ങള്‍ !

gafoor said...

nannayi mani lal abhivaadyangal

ഒരു യാത്രികന്‍ said...

ഓര്‍മ്മപ്പെടുത്തലുകള്‍ എന്നും എല്ലാ കാലത്തിന്റെയും ആവശ്യം. എന്നാലും ഇപ്പോഴും പൂര്‍ണ്ണമായ ആവിഷ്ക്കാര സ്വാതന്ത്ര്യം അകലെ തന്നെ. അംഗം ച്ചേദിക്കപ്പെട്ട സസ്യ ശില്പവും, ഹുസൈനിന്റെ ചിത്രത്തിനു ചലച്ചിത്രമേളയില്‍ ഉണ്ടായ പ്രതിഷേധവും ഒക്കെ അതല്ലേ തെളിയിക്കുന്നത് ..............സസ്നേഹം

മണിലാല്‍ said...

അടിച്ചമര്‍ത്തലും അതിജീവനവും തുടര്‍ച്ചകളാണ്

കുസുമം ആര്‍ പുന്നപ്ര said...

വളരെ നല്ല ലേഖനം. അനുഭവത്തിന്‍റ തീച്ചൂളയില്‍ ചുട്ടെടുത്തതുകൊണ്ട് രുചി കൂടുതലാണ്. അഭിനന്ദനങ്ങള്‍

അജിത് said...

നല്ല എഴുത്ത്..ഇജ്ജാതിയുമുണ്ടായിരുന്നോ? ഏട്യായിനും.. ഇതുവരെ?

മണിലാല്‍ said...

അജിത്തെ,മരിക്കുന്നതിനു മുമ്പ് എന്തൊക്കെ കാണണം എന്നല്ലെ.............മനസ്സിലെ മുറുമുറുപ്പ്

reenaphilipm said...

മനോഹരമായ ഭാഷയിലൂടെ മണി ലാല്‍ ചരിത്രം ഓര്‍മപ്പെടുത്തുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി കൂട്ടമായി സമരം ചെയ്തവരുടെ ചരിത്രം . ചരിത്രം ഇതിലും ഭീകരമായ രീതിയില്‍ ആവര്തിയ്ക്കപ്പെടുമ്പോള്‍ ഈ ഒരു ഊര്മാപ്പെടുതല്‍ അത്യാവശ്യമാകുന്നു . നന്ദി മണിലാല്‍

ushakumari said...

നന്നായി

മണിലാല്‍ said...

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്താറ് നവംബര്‍ പതിനാറിന് തൃശൂര്‍ ജില്ലയിലെ ആലപ്പാടു നിന്നും വൈകീട്ട് നാലു മണിയോടെ ഒരു നാടകം ആരംഭിക്കുന്നു. കുരിശിന്റെ വഴി എന്ന പേരില്‍.പല സ്ഥലങ്ങളിലായി നടത്തിയ റിഹേര്‍സലുകള്‍ ആലപ്പാട് ഒത്തൊരുമിച്ച് നാടകമായി ക്രമപ്പെടുകയായിരുന്നു. പത്തു കിലോമീറ്റര്‍ അകലെ തൃപ്രയാറില്‍ സമാപിക്കുന്ന രീതിയിലാണ് നാടകാവതരണം ആസൂത്രണം ചെയ്തത്. ഓരോ തെരുവു മൂലയിലും ഓരോ വിഷയങ്ങള്‍.അത്രയേറെ വിഷയങ്ങളാണ് അന്നത്തെ സര്‍ക്കാര്‍ ജനാധിപത്യകേരളത്തിന് നല്‍കിയത്.

vk ramachandran said...

"വാഞ്ചി ലോഡ്ജ് "...കണ്ടിട്ടില്ലെങ്കിലും ആ വിലാസം ഓര്‍മ്മയിലുണ്ട്. കേരളത്തിന്‌ പുറത്തേക്കും കേട്ടറിഞ്ഞ വാര്‍ത്തകള്‍ ... നന്ദി മണിലാല്‍

meenakshi said...

aa samarathinte koode adanna pole.....
nannayirikkunnu
iniyumundo aavanazhiyil itharam ambukal?

മണിലാല്‍ said...

പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തിയ ജനങ്ങള്‍ സ്റ്റേഷന്‍ വളഞ്ഞു നിന്നു,മതിലില്‍ കയറിയിരുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ.രാത്രിയോടെ എല്ലാവരെയും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജാരാ‍ക്കുവാ‍നായി അയ്യന്തോളിലേക്ക് കോണ്ടു വന്നു. രാത്രി മുഴുവന്‍ അയ്യന്തോള്‍ പോലീസ് സ്റ്റേഷന്റെ ഇടുങ്ങിയ മുറിയില്‍ എല്ലാവരും കിടന്നു,അസാധ്യമായ മെയ്‌വഴക്കത്തോടെ,സാഹോദര്യത്തോടെ.

മണിലാല്‍ said...

പോക്കറ്റടി ഒന്നുമില്ലാത്തവന്റെ കലയാണെന്ന് അന്നാണ് എനിക്ക് തിരിഞ്ഞത്

കാസിം തങ്ങള്‍ said...

പഴയ ചരിത്രമെങ്കിലും എനിക്കിത് പുതിയ അറിവാണ്. വാടാനപ്പള്ളിക്കാരായ കുറേ പേരും ഉണ്ടായിരുന്നല്ലേ സമരമുഖങ്ങളില്‍. ആശംസകള്‍.

Rajeeve Chelanat said...

തണുത്തുറഞ്ഞ ഈ കാലത്തിനെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓര്‍മ്മിപ്പിക്കണം.തീ പിടിച്ച ആ കാലത്തെക്കുറിച്ച്...അഭിവാദ്യങ്ങളോടെ

മണിലാല്‍ said...

ഈ ആഴ്ചത്തെ മാതൃഭൂമി വീക്കിലി ബ്ലോഗനയില്‍ ‘ശിരസ്സില്‍ തീ പിടിച്ച കാലം”വായിക്കുക.

മണിലാല്‍ said...

പോക്കറ്റടി ഒന്നുമില്ലാത്തവന്റെ കലയാണെന്ന് അന്നാണ് എനിക്ക് തിരിഞ്ഞത്.)

Echmukutty said...

വായിച്ചു, മാതൃഭൂമിയിൽ...

Muralee Mukundan , ബിലാത്തിപട്ടണം said...

കാൽനൂറ്റാണ്ട് മുമ്പ് നാട്ടിലുണ്ടായിരുന്ന ബുദ്ധിജീവികളായ പല താടിമീശക്കാരും വീണ്ടും എന്റെ മുമ്പിൽ ഓടിയെത്തിയ അനുഭൂതിയാണ് ഇത് വായിച്ചപ്പോൾ എന്നിലുണ്ടായത് കേട്ടൊ മണിലാൽ

Sajitha Madathil said...

Very informative. Well written. Thanks Dear!


നീയുള്ളപ്പോള്‍.....