പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, February 2, 2012

ഇലവീഴാപൂഞ്ചിറ വഴി മൂന്നാര്‍

ഴയില്‍ ഉറഞ്ഞിരിക്കുമ്പോളാണ് യാത്രയുടെ ആരവമാടി അവര്‍ വന്നത് വേഗം വേഗം എന്നവര്‍ ഇടിവെട്ടും ശബ്ദത്തില്‍ ബഹളം കൂട്ടി.രണ്ടാമതൊന്ന് ആലോചിച്ചില്ല,മഴയോടൊപ്പമല്ലെ യാത്ര.എവിടേക്കാണ്?അതൊക്കെ പിന്നീട് ആലോചിക്കാം.മലയിലേക്കായിരുന്നു.മഴയും മലയും.ലഹരി പിടിക്കാന്‍ പിന്നൊന്നും വേണ്ടിവരില്ല. മലയില്‍ ഓരോ ഇടവും വ്യത്യസ്ഥമായ കാഴ്ച തരുന്നു.ഉയരങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ എന്നും പ്രിയമാവുന്നത് അതു കൊണ്ടാണ്.തൃശൂര്‍ പൂരം മുകളില്‍ നിന്ന് കണ്ടുനോക്കുക.മനുഷ്യവര്‍ണ്ണങ്ങളുടെ മറ്റൊരു പൂരമായിരിക്കുമത്.



യാത്ര,ഉയരങ്ങളിലേക്കാണെങ്കില്‍ പറക്കല്‍ പ്രതീതിയാണ്.എല്ലാറ്റിനേയും താഴെക്ക് തള്ളിയൊതുക്കി. പോരാ പോരാ എന്ന ഉയരത്തിലേക്ക്.മൂവാറ്റുപുഴ തൊടുപുഴ മേലുകാവ് ഇലവീഴാപൂഞ്ചിറ വഴി ചാഞ്ഞും ചെരിഞ്ഞും വണ്ടിപ്പെരിയാറിലേക്ക്.മേലുകാവിലിറങ്ങി സജിനിയുടെയും മാത്യുവിന്റേയും പതിനഞ്ച് മക്കളെ കണ്ടു. നല്ല മഴയായിരുന്നു അവിടെയും.വഴി തെറ്റാതിരിക്കാന്‍ മത്യുസ് കുട ചൂടി വഴിയിലിറങ്ങി നിന്ന് ഞങ്ങളുടെ വണ്ടികള്‍ തടഞ്ഞു. അനാഥത്വം അനുഭവിക്കുന്ന ഇത്രയും കുട്ടികളെ അവര്‍ വളര്‍ത്തുന്നു,അതവരുടെ നിയോഗം പോലെയാണ്.തോരാത്ത മഴയുടെ നിതാന്ത സ്പര്‍ശമാണ് ഈ കുട്ടികള്‍ക്ക് സജിനിയും മാത്യൂസും.സ്വന്തം കുട്ടികള്‍ക്കൊപ്പം അവരും അവിടെ വളരുന്നു.നാട്ടുകാരും കൂട്ടുകാരും സജിനിയെ ഇക്കാര്യത്തില്‍ പിന്തുണക്കുന്നു.ഈ വഴി പോകുമ്പോഴൊക്കെ അവിടെ ഒന്ന് കയറും.അതൊരു കീഴ്വഴക്കാമായി.ഞങ്ങള്‍ക്ക് മാത്രമല്ല സജിനിയെ അറിയുന്നവര്‍ക്കും ഈ കുട്ടികളെ ഓര്‍ക്കുന്നവര്‍ക്കും.


ഇലവീഴാ പൂഞ്ചിറ മേലുകാവിനടുത്താണ്.ജീപ്പുപേക്ഷിച്ച് നടന്നു കയറുക.മൌനത്തിന്റെ മഹാസാഗരത്തിലേക്ക് കലരാം,പടരാം.നിശബ്ദതയുടെ മഹാസ്പര്‍ശമാണ് ഇലവീഴാപൂഞ്ചിറ.


വണ്ടിപ്പെരിയാറിലെത്തുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. മല വെട്ടിയുണ്ടാക്കിയ വെടിപ്പില്ലാത്ത വഴിയിലൂടെ കയറണം കുത്തനെ.അവിടെ ഒരിടത്താണ് ഞങ്ങള്‍ ഇടക്കിടെ പോകാറുള്ള സ്വപ്നഭവനം. ചുറ്റും കാടുകളാണ്.കാടു നിറയെ വന്യമൃഗങ്ങളാണ്.മല മുകളില്‍ രാവിലെ വെയിലു കായാന്‍ വരുന്ന കാട്ടുപോത്തിനെയും ആനകളെയും പാറമേല്‍ തുള്ളിക്കളിക്കുന്ന വരയാടുകളെയും കാണം.പിന്നെ കാഴ്ചക്ക് തരാത്ത മൃഗങ്ങളുടെ ശബ്ദങ്ങള്‍ എപ്പോഴും കേള്‍ക്കാം,ഏതേതു വനജീവികളെന്ന് സങ്കല്പ്പിക്കാം.
കുറെ മലകള്‍ക്കപ്പുറമാണ് ശബരിമല.ഇവിടെ നിന്ന് ശരണം വിളിക്കാതെ നാലു മണിക്കൂര്‍ നടന്നാല്‍ ശബരിമലയിലെത്താം.ശരണം വിളിച്ചാണ് പോകുന്നതെങ്കില്‍ അത് അഞ്ചാറു മണിക്കൂര്‍ ആകുമെന്ന് വീടിന്റെ കെയര്‍ ടേക്കറായ പൊന്നച്ചന്‍ പറഞ്ഞു.നടക്കുമ്പോള്‍ നടത്തയില്‍ മാത്രം ഊന്നുക.


ഈ വഴിയിലാണ് മധുരമനോഹരമായ ഗവി.മനോഹരമായ വനപ്രദേശം.വനം വകുപ്പിന്റെ നിര്‍ണ്ണായകമായ പ്രദേശമാണ് ഗവി.വനം വകുപ്പിലെ വേണു പലപ്പോഴും ക്ഷണിച്ചിട്ടുണ്ട്,ഗവിയില്‍ വാ,ഗവിയില്‍ വാ എന്നൊക്കെ.പോയിട്ടില്ല ഇതു വരെ.വേണു റിട്ടയര്‍ ചെയ്തു.ഇപ്പോളവിടെ ബഷീറുണ്ട്.വേണമെങ്കില്‍ പോകാം.കാടും മരങ്ങളും പുഴയും മഞ്ഞും എപ്പോഴും അങ്ങിനെയാണ് നമ്മളെ ക്ഷണിച്ചു കൊണ്ടിരിക്കും,ചിലപ്പോള്‍ വേണുവിന്റെ രൂപത്തില്‍ അല്ലെങ്കില്‍ ബഷീറിന്റെയോ മറ്റാരുടെയോ രൂപത്തില്‍.
മലയില്‍ മഞ്ഞായിരുന്നു. പാഴ്മരങ്ങള്‍ മുറ്റത്ത് കത്തിക്കൊണ്ടിരുന്നു. അമേരിക്കന്‍ നിര്‍മ്മിത ജാക്ക് ഡാനിയേല്‍ സില്‍വര്‍ സെലക്ടിന്റെ കുപ്പിയെടുത്ത് അത് കൊടുത്തയച്ച ദുബായിലെ സഞ്ജുമാധവിന് അഭിവാദ്യമര്‍പ്പിച്ചു, കുപ്പി കമിഴ്ത്തി വെക്കാന്‍ അധികനേരം വേണ്ടിവന്നില്ല.അത്രക്കായിരുന്നു തണുപ്പ്,ലഹരി. അകത്തും പുറത്തും തീ മുരണ്ടു. ഞങ്ങള്‍ പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു.


എല്ലാവരുമുണ്ടായിരുന്നു.ഷാജി വര്‍ഗ്ഗീസ്,ബാലു,ആശ,ജോളി,സഗീര്‍,ജീന,അല്‍ക്ക,ഷാഹുല്‍,അനില്‍ എന്നിവര്‍.അവിടെയില്ലാത്ത സുഹൃത്തുക്കളും മൊബൈലില്‍ ഞങ്ങള്‍ക്കൊപ്പം കൂടി,പാടി.വൈദ്യുതിയില്ലാത്ത വീട്ടില്‍ കാട്ടു മൃഗങ്ങളെ പോലെ ഞങ്ങള്‍ അസംസ്കൃതരായി രാത്രിയെ ആഘോഷിച്ചു. ചുട്ട കോഴിയെ അകത്തേക്കും ,തൂവലുകളെ താഴ്വരകളിലേക്കും പറപ്പിച്ചു രസിച്ചു.ചുട്ട കോഴിയെ പറപ്പിക്കുന്ന വിദ്യക്കാരെ നാട്ടില്‍ ഇപ്പോള്‍ കിട്ടാനില്ല, ബ്രോയിലര്‍ കോഴിയെ പറപ്പിക്കാനെന്നല്ല നടത്തിക്കാന്‍ പോലും കൊടും മന്ത്രവാദിയെ വെല്ലുവിളിക്കാം.ആകെയുണ്ടായിരുന്നത് പാപ്പുണ്ണിയാശാനായിരുന്നു.ജീവിതത്തില്‍ നിന്നു തന്നെ അയാള്‍ പാറിപ്പറന്നു പോയി,ഒരു മന്ത്രവാദിയുടെ അനായസത്തോടെ.


കോടയില്‍ മുങ്ങി ഞങ്ങള്‍ മലയിറങ്ങി.രാത്രിയില്‍ കയറിയത് ഈ കയറ്റമായിരുന്നോ എന്ന് മുന്നിലെ തഴ്ച കണ്ട് അത്ഭുതപ്പെട്ടു,മൂക്കത്ത് വിരല്‍ വെച്ചില്ല.മൂന്നാറിലേക്ക് പോകട്ടെ എന്ന് ഞങ്ങള്‍ ആഞ്ജാപിച്ചു.വണ്ടി മുരള്‍ച്ചയോടെ അനുസരിച്ചു.നെടുങ്കണ്ടത്തേക്ക് 20 കിലോ മീറ്റര്‍ എന്ന് കണ്ടപ്പോഴാണ് മൂന്നാറിലേക്ക് പോകേണ്ടത് ലേഖയുടെ നാട്ടിലൂടെയാണെന്ന അറിവ് വന്നത്.മൊബൈല്‍ കറക്കി ലേഖക്ക്.തണുപ്പില്‍ ചുരുണ്ടു കൂടിക്കിടന്ന ലേഖ മുരടനക്കി.ഷോര്‍ട്ട് നോട്ടീസില്‍ അങ്ങോട്ടു വരേണ്ടെന്നും പറഞ്ഞു.ഭീഷണി 20 കിലോമീറ്റര്‍ ദൂരമെത്തിക്കഴിഞ്ഞതായി ലേഖക്ക് മനസ്സിലായി.


മില്‍മ ബൂത്തിനു മുന്നില്‍ ലേഖയുണ്ടായിരുന്നു.കൂടെ അച്ഛനുമമ്മയും .ലേഖയുടെ അച്ഛന്റെ കയ്യില്‍ ഒരു കൊടുവാളും തലയില്‍ കെട്ടുമുണ്ടായിരുന്നു.മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്,കമ്യൂണിസ്റ്റുമാണ് .നക്സലൈറ്റുകള്‍ക്കിടയില്‍ വളര്‍ന്നവരാ‍യതിനാല്‍ ഞങ്ങള്‍ക്ക് പേടി തോന്നിയില്ല.ചായ കുടിച്ചു.പഴുത്ത ചക്കയുടെ മണം പിടിച്ച ബാലു അടുക്കളയില്‍ കയറി ചക്ക വെട്ടി.ചക്കയും പ്രണയവും ഒളിച്ചു വെക്കാന്‍ പറ്റത്തില്ല.


കാറോടിച്ചതിന്റെ ക്ഷീണത്തില്‍ സ്വീകരണമുറിയില്‍ മയങ്ങിപ്പോയ സഗീറിനെ ഞങ്ങള്‍ ഐവറി കോസ്റ്റില്‍ നിന്നെത്തിയ നീഗ്രോ എന്ന് പരിചയപ്പെടുത്തി.പോരാന്‍ നേരത്ത് ഉണര്‍ത്തിയപ്പോള്‍ “മച്ചാനെ, കാറിന്റെ താക്കോല്‍ എവിടെ” എന്ന കീശ തപ്പിയുള്ള ചോദ്യത്തോടെ ഐവറി കോസ്റ്റ് എന്ന രാജ്യം തകര്‍ന്നു പോയി.സഗീര്‍ കൊടുങ്ങല്ലൂര്‍ തിരിച്ചു പിടിച്ചു.
മൂന്നാറില്‍ രാത്രിയാത്ര അവസാനിച്ചു.പ്രകൃതിയോടിണങ്ങാത്ത ടൂറിസ്റ്റ് താമസ സങ്കേതങ്ങള്‍ മലകളെ വികൃതമാക്കി.താമസിക്കാന്‍ കല്ലാറിലേക്ക് പോയി. വഴി വശമില്ലാത്തതിനാലും ചോദിക്കാന്‍ വഴിവക്കില്‍ ആരുമില്ലാത്തതിനാലും സംസാരിക്കാനും കലഹിക്കാനും വിഷയങ്ങളുണ്ടായി.
ബ്ലസിയുടെ പ്രണയത്തെക്കുറിച്ചും സംസാരമുണ്ടായി.അതിരുകള്‍ നിശ്ചയിച്ച് ആ‍ടുകളെ മേയാന്‍ വിടുന്നതു പോലെ ബ്ലസ്സിയുടെ പ്രണയത്തിലെ കഥാപാത്രങ്ങള്‍ എന്ന് അഭിപ്രായം പൊന്തി.പ്രണയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ എവിടെയുമെത്താതെ പോകലാണ് അനുഭവമെന്നതിനാല്‍ അതിരുകള്‍ തരക്കേടില്ലെന്നും ഉണ്ടേന്നും ചര്‍ച്ച പാളി. അടുത്ത പകല്‍ മുഴുവന്‍ മൂന്നാറിനെ വലം വെച്ചു,മാട്ടുപ്പെട്ടിയില്‍ പോയി,ഹില്‍ ടോപ്പില്‍ പോയി.മലയിറങ്ങുമ്പോള്‍ സമനിലത്തില്‍ നിന്നും മഴയുടെ ആരവമെത്തി.ആരവം മഴയായി തീര്‍ന്നില്ലെങ്കില്‍.......പ്രണയം പോലെയാണത്. ചിലപ്പോള്‍ തിമിര്‍ത്ത് , അരികെയരികെ,അകന്നകന്ന്.....


ബെവറേജ് അടക്കുന്നതിന് പത്തു മിനിറ്റ് മുമ്പ് എല്ലാവരും കടവന്ത്രയിലെത്തി.അടുത്ത ദിവസം ഹര്‍ത്താല്‍ ആയതിനാല്‍ എല്ലാവരും അവരവരുടെ സ്വരൂപങ്ങളിലേക്ക് മടങ്ങി.ഹര്‍ത്താല്‍ മറ്റൊരു ലഹരിയായി മലയാളിക്ക് മാറിയിരിക്കുന്നു.

4 comments:

മണിലാല്‍ said...

ഇലവീഴാ പൂഞ്ചിറ മേലുകാവിനടുത്താണ്.ജീപ്പുപേക്ഷിച്ച് നടന്നു കയറുക.മൌനത്തിന്റെ മഹാസാഗരത്തിലേക്ക് കലരാം,പടരാം.നിശബ്ദതയുടെ മഹാസ്പര്‍ശമാണ് ഇലവീഴാപൂഞ്ചിറ.

മണിലാല്‍ said...

ബെവറേജ് അടക്കുന്നതിന് പത്തു മിനിറ്റ് മുമ്പ് എല്ലാവരും കടവന്ത്രയിലെത്തി.അടുത്ത ദിവസം ഹര്‍ത്താല്‍ ആയതിനാല്‍ എല്ലാവരും അവരവരുടെ സ്വരൂപങ്ങളിലേക്ക് മടങ്ങി.ഹര്‍ത്താല്‍ മറ്റൊരു ലഹരിയായി മലയാളിക്ക് മാറിയിരിക്കുന്നു.

സ്നേഹതീരം said...

മൌനത്തിന്റെ മഹാസാഗരം...
ഇലവീഴാപ്പൂഞ്ചിറ..
ഞാനിതേവരെ അവിടെ പോയിട്ടില്ല..
ഈ പോസ്റ്റ് വായിച്ചപ്പോള്‍ വെറുതെയൊരു മോഹം..
ആ മൌനസാഗരത്തിന്റെ തീരത്തു പോയൊന്നു നില്‍ക്കാന്‍..
അതിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ പേടിയാണ്...
മഴയെപ്പോലെയാണ് മൌനവും.
ചിലപ്പോള്‍ മഴ ഒരു ലഹരിയായ് മനസ്സില്‍ പടരും..
ചിലപ്പോള്‍ വല്ലാതെ കണ്ണുനനയിച്ച്, നൊമ്പരമായ്
മനസ്സിലേയ്ക്ക് അരിച്ചിറങ്ങും..
മൌനവും അതു പോലെ..

നല്ല പോസ്റ്റ്. ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്രയുടെ,
പ്രണയത്തിന്റെ,
മഴയുടെ ,
മദ്യത്തിന്റെ ,
ഹർത്താലിന്റെ,...
എല്ലാ ലഹരികളും ഇവിടെ തൊട്ടറിയുന്നു കേട്ടൊ മണിലാൽ


നീയുള്ളപ്പോള്‍.....