പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, May 11, 2012

പ്രണയത്തില്‍ ശരീരമുണ്ടോ



പ്രണയത്തില്‍ ശരീരമുണ്ടോ?
വേണം,പ്രണയിക്കാന്‍ ഒരു ശരീരം വേണം !


അല്‍ഫോന്‍സാമ്മ വാഴ്ത്തപ്പെട്ടപ്പോള്‍ തോന്നിയ ഒരെഴുത്താണ്,'പ്രണയത്തിലൊരുവള്‍ വാഴ്ത്തപ്പെടും വിധം'.അല്‍ഫോന്‍സാമ്മയെ റോമില്‍ നിന്നും വാഴ്ത്തപ്പെടുത്തിയ സമയം. അന്നത്തെ മൊത്തം പത്രങ്ങള്‍ അരിച്ചുപെറുക്കി വായിച്ചിട്ടും വാഴ്ത്തപ്പെടാന്‍ തക്ക ഒരു കാരണം എനിക്ക് ലഭ്യമായില്ല.ചിലപ്പോള്‍ ഭക്തിരസ പ്രധാനമായ കാര്യങ്ങള്‍ എന്റെ റാഡിക്കല്‍ മനസ്സ് കാണാതെ പോയതായിരിക്കും.
നാ‍യികയെ വാഴ്ത്തപ്പെടുത്താന്‍ പ്രണയത്തെ നിമിത്തമാക്കുകയായിരുന്നു.



എന്തായാലും ഭക്തിയോടെനിക്കൊരിക്കലും വിരോധമുണ്ടായിരുന്നില്ല,ഞാനൊരു ദൈവ വിശ്വാസി അല്ലായിരുന്നെങ്കിലും.ചുറ്റുമുള്ളവര്‍ പലരും പഴനി മല കയറുന്നവരും അമ്പലത്തില്‍ പോയി കെട്ടുന്നവരും ശബരിമലയെ വര്‍ഷത്തിലൊരിക്കല്‍ പ്രാപിക്കുന്നവരുമൊക്കെയാണ്.വാഹനമോടിച്ചു പോകുമ്പോള്‍ അമ്പലമോ പള്ളിയോ കണ്ടാല്‍ അപകടകരമായി സഡന്‍ ബ്രേക്കിട്ട് ദൈവത്തെ വണങ്ങുന്ന കൊഞ്ഞാണന്മാരും എന്റെ കൂട്ടുകാരായിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ എനിക്കൊരു കോമിക് റിലീഫ് മാത്രമാണ്.


എന്തായാലും ‘മാര്‍ജാരന്‍‘ ബ്ലോഗില്‍ ഞാനെഴുതിയ ഈ പാവം കഥ അത് ഒരു പാവം ബ്ലോഗായി നെറ്റില്‍ അങ്ങിനെ കിടക്കുകയായിരുന്നു.പിന്നീടത് എന്റെ പ്രിയ സുഹൃത്തും യു. എ. ഇ. യിലെ നാടകപ്രവര്‍ത്തകനായ സഞ്ജു മാധവ് അത് സിനിമയാക്കാമെന്ന നിര്‍ദ്ദേശവുമായി കണ്ടെത്തുകയായിരുന്നു.

കഥയെ സിനിമാ പരുവത്തിലേക്ക് ഉയര്‍ത്തി.ഭാഷാപരമായ ചെറിയൊരാഘോഷമായിരുന്നു ,പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം.പൈങ്കിളിയില്‍ തുടക്കം,വേറിട്ടൊരു ഫിലോസഫിയില്‍ പര്യാവസാനം.


അങ്ങിനെ കാമറയില്‍ ഷെഹ്നാദ് ജലാലിനെയും അഭിനയത്തില്‍ സുരഭിയേയും പ്രതീഷിനേയും കലാ സംവിധാനത്തില്‍ സന്ദിപിനെയും എഡിറ്റിംഗില്‍ ബി.അജിത് കുമാറിനേയും, വസ്ത്രാലങ്കാരത്തില്‍ കൊല്‍ക്കൊത്തയിലെ ശോഭാ ജോഷിയേയും ഒപ്പം കൂട്ടി.സഞ്ജുവിന്റെ നിര്‍മ്മാണ പ്രതിനിധിയായി ജോളി ഷാര്‍ജയില്‍ നിന്നും വന്നു.അവളും ഷാര്‍ജയില്‍ നാടകത്തോടൊപ്പമാണ്.ഒരു ഫ്രണ്ട്ഷിപ് സെലിബ്രേഷന്‍,പ്രണയം പോലെ.

പ്രേമേട്ടനും അജിതും അസ്ലാമും പരമുവും മേലുകാവിലെ മാത്യൂസുമൊക്കെ പ്രണയത്തിനൊപ്പം കൂടി.പതിവു പോലെ വെങ്കിടി (സി.എസ്.വെങ്കിടേശ്വരന്‍)സബ് ടൈറ്റില്‍ എഴുതി തന്നു.പാരീസിലുള്ള ചന്ദ്രന്‍ വേയാട്ടുമ്മല്‍ സംഗീതം ചെയ്തു തന്നു.ക്ലബ് എഫ്.എം.ലെ രാഹുലും അമൃത ടി.വി. റീയാലിറ്റി ഷോവിലെ ദിവ്യയും, ചോതിയും ചങ്ങനാശ്ശേരിയിലെ വിഷ്വല്‍ മീഡിയ കോളേജിലെ ജെസ്നയും ശബ്ദം തന്നു.മുംബയില്‍ നിന്നും എം.ഹരികുമാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തു.ചിത്രാഞ്ജലിയിലെ ഹരികുമാര്‍ ശബ്ദം മിക്സ് ചെയ്തു.എല്ലാം ചേര്‍ന്നപ്പോള്‍ പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെട്ടവളായി.


ചെറുവത്താ നിയില്‍ പോയി ശ്രീരാമേട്ടനും മുളങ്കുന്നത്തുകാവില്‍ പോയി സാറാ ടീച്ചര്‍ക്കും ഓരോ കോപ്പി ഡീവിഡി ഏല്പിച്ചു.ശ്രീരാമേട്ടനും ഗീതേച്ചിയും ശുഭയുമൊക്കെ സ്വീകരണമുറിയിലിരുന്നു സിനിമ കാണുമ്പോള്‍ ഞാന്‍ അടുക്കളയിരുന്ന് ഏതോ വിദേശ മദ്യം മോന്തിക്കൊണ്ടിരുന്നു.അത്രക്കായിരുന്നു എന്റെ ടെന്‍ഷന്‍.ശ്രീരാമേട്ടനു ഇഷ്ടമായാല്‍ ഇഷ്ടം അല്ലെങ്കില്‍ തെറി.പക്ഷെ സിനിമ കഴിഞ്ഞപ്പോള്‍ പഴയൊരു സി ക്ലാസ്സ് സിനിമാ കൊട്ടകയില്‍ നിന്നെന്ന പോലെ കയ്യടിയും ആര്‍പ്പും കേട്ടു.അത് ശ്രീരാമേട്ടന്റെ വകയായിരുന്നു.അതോടെ ഞാന്‍ ഗ്ലാസ് വിട്ടെഴുന്നെറ്റു.പിന്നെ പ്രിവ്യൂ വെക്കാമെന്നായി.സാറാടീച്ചറും പ്രണയത്തോടൊപ്പം നില്‍ക്കാമെന്നേറ്റു. ഐ.ഷണ്മുഖ ദാസും ഗോപീ കൃഷ്ണനും തുടങ്ങി കുറെ ആളുകള്‍ പങ്കെടുത്തു.ശ്രീ തിയ്യറ്റര്‍ കൊഴുത്തു.എല്ലാവരും നേരിട്ടറിയാവുന്നവര്‍.


പിന്നെ പല സന്ദര്‍ഭങ്ങളില്‍ പ്രണയം പ്രദര്‍ശിപ്പിച്ചു.ഫെസ്റ്റിവലു കളില്‍ കാമ്പസുകളില്‍ കോളേജുകളില്‍.കേരളത്തിനു പുറത്ത് കൊല്‍ക്കൊത്തയില്‍, മുംബയില്‍,ഗുവാഹട്ടിയില്‍,ബാംഗ്ലൂരില്‍,ദുബായില്‍,ഷാര്‍ജയില്‍,ബെഹറിനില്‍,അബുദാബിയില്‍.................

പല വിഭാഗത്തില്‍ പെട്ടവര്‍ സിനിമ കാണുന്നതും അഭിപ്രായം പറയുന്നതും രസാവഹമായ കാഴ്ചയാണ്.(എതിരായാലും മറിച്ചായാലും അത് സന്തോഷകരമാണ്.നല്ലത് എന്നത് എന്ന് പറയുന്നിടത്ത് ചര്‍ച്ചകള്‍ അടയുന്നു.വിമര്‍ശനമുയരുന്നിടത്ത് സംസാരം വിശാലമാവുന്നു.)


ഫെമിനിസ്റ്റുകള്‍ കാണുന്നത്,പുരുഷപക്ഷക്കാര്‍ കാണുന്നത്,സാദാ സ്ത്രീകള്‍ കാണുന്നത്,സാദാ പുരുഷന്മാര്‍ കാണുന്നത്,കുടുംബക്കാര്‍ കാണുന്നത്,കുടുംബ വിരോധികള്‍ കാണുന്നത്,രാഷ്ട്രീയക്കാര്‍ കാണുന്നത്,അരാഷ്ട്രീയ വാദികള്‍ കാണുന്നത്,നാടകക്കാര്‍ കാണുന്നത്,എഴുത്തുകാര്‍ കാണുന്നത്,എഴുത്തും വായനയും ഇല്ലാത്തവര്‍ കാണുന്നത്,എത്ര പഠനം നടത്തിയിട്ടും എട്ടും പൊട്ടും തിരിയാത്തവര്‍ കാണുന്നത്,ഭാഷ അറിയാതെ സബ് ടൈടിലില്‍ സിനിമ കാണുന്നവര്‍,വിമര്‍ശന ബുദ്ധ്യാ സിനിമ കാണുന്നവര്‍,ബുദ്ധിയില്ലാതെ സിനിമ കാണുന്നവര്‍,അവാര്‍ഡുകമ്മിറ്റിക്കാര്‍ സിനിമ കാണുന്നത്,വെറുതെ സിനിമ കാണുന്നവര്‍..................എത്രയോ തരം ആള്‍ക്കാര്‍ കാണുന്നു.........ഇവരെയെല്ലാം അപ്പാടെ രുചിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.ചാപ്ലിനു കഴിഞ്ഞെന്നിരിക്കും.ചിലപ്പോള്‍ നീല ചിത്രങ്ങള്‍ക്കും.

അടുത്ത സുഹൃത്തായ ഫെമിനിസ്റ്റ് ചോദിച്ചു.ഇതില്‍ ശരീരമെവിടെ ? ചോദ്യം ഫെമിനിസ്റ്റിനു ചേര്‍ന്ന രീതയില്‍ തന്നെയായിരുന്നു.ബസില്‍ വെച്ച് ആണുങ്ങള്‍ നുള്ളി ഞെരടി എന്നൊക്കെ എപ്പോഴും പരാതിക്കാരിയാണിവര്‍.ഈ സിനിമ ആലോചിക്കുമ്പോള്‍ ഈ ചൊറിമാന്തല്‍ എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം.‘ശരീര‘ത്തില്‍ തൊട്ടു കളിക്കരുത് എന്നൊരു താക്കീത് എപ്പോഴും എല്ലാവരും നിലനിര്‍ത്തേണ്ട ഒന്നാണ്.ഈ സിനിമയും അതാണ് പറയാന്‍ ശ്രമിച്ചത്.ശാരീരികാവബോധത്തിന്റെ ഭാഗമായാല്ല, വേറിട്ടൊരു ചിന്തയുടെ ഭാഗമായി.


പതിനേഴു മിനിറ്റുള്ള സൈബര്‍ പശ്ചാത്തലമുള്ള ഈ സിനിമയിലെ പെണ്‍കുട്ടി പ്രണയമാവുന്നതോടെ ഭൗതികതയുടെ പ്രലോഭനനങ്ങളെ വിട്ട് മറ്റൊരു ദിശയിലേക്ക് സ്വതന്ത്രമാവുകയാണ് . ഒരിക്കലും കാണാതെ ഇന്റര്‍നെറ്റിന്റെ സ്വകാര്യതയിലിരുന്ന് സ്വരൂപിക്കുന്ന മാനസികതലമാണ് ഈ കഥാപാത്രത്തിന്റെ കാതല്‍.എല്ലാ അര്‍ത്ഥത്തിലും ശരീരത്തെ അകലങ്ങള്‍ കൊണ്ടു മറച്ചു പിടിച്ച അവസ്ഥ.ഈ നിലയില്‍ പോലും മാനസിക പിരിമുറുക്കത്താല്‍ ചികിത്സ തേടി വരുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി സൈക്യാട്രിസ്റ്റ് സുഹൃത്ത് പറയാറുണ്ട്.


വിര്‍ച്വല്‍ ശരീരമാണ് ഇതില്‍ പ്രത്യക്ഷമാവുന്നതും അപ്രത്യക്ഷമാവുന്നതും. ഇക്കിളിപ്പെടുത്താനും മുറിവേല്പിക്കാനും ശരീരം ഇതില്‍ നിവേദിക്കപ്പെടുന്നുമില്ല.
എന്നിട്ടും ഈ സിനിമക്കൊരു ശരീരമുണ്ടെന്ന് ഞാനറിയുന്നു.അത് പ്രണയത്തിന്റെതാണ്.പ്രണയത്തിനൊരു ശരീരം വേണം.മനുഷ്യനൊരു ശരീരമുള്ളതു പോലെ,മരത്തിനൊരു ശരീരമുള്ളതു പോലെ,കാറ്റിനൊരു സംഗീതമുള്ളതു പോലെ,സംഗീതത്തിനൊരു ശരീരമുള്ളതു പോലെ.ഈ മൂഡിലാണ് സിനിമ വളര്‍ന്നത്.പ്രണയത്തെ ഭൌതികശരീരത്തില്‍ നിന്നടര്‍ത്തി മറ്റൊരവസ്ഥയെ അനുഭവിച്ചവര്‍ ധാരാളം.

ഫെയിസ് ബുക്കിലൂടെ ഈ സിനിമയെ അറിഞ്ഞ് ഒറീസയിലെ സാഹിത്യകാരി സരോജിനി സാഹു ഡിവിഡി ആവശ്യപ്പെട്ടു.സൈബര്‍ സ്പേസിലൂടെ പാക്കിസ്ഥാന്‍ -ഇന്ത്യാ സ്ത്രീ പുരുഷ പ്രണയം പ്രമേയമാക്കിയ ഒരു നോവല്‍ അവരുടെതായിട്ടുണ്ട്.മലയാളത്തിലും അതിറങ്ങിയിട്ടുണ്ട്.


സാധാരണ സ്ത്രികള്‍, കോളേജ് കുട്ടികള്‍(പെണ്‍) മറ്റൊരു വിധത്തില്‍ ഈ സിനിമയെ സമീപിച്ചപ്പോള്‍ എനിക്ക് മനസ്സിലായി.സ്ത്രീ പക്ഷം ഒന്നല്ല,പലതാണ്.ശ്രീ കേരളവര്‍മ്മ കോളേജില്‍ പ്രദര്‍ശനം നടന്നപ്പോള്‍ സിന്ദൂരക്കുറിയിട്ട പീജി വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഇറങ്ങി കോളേജു വരെയുള്ള യാത്രാ‍ ബുദ്ധിമുട്ടു വിവരിച്ചു. അവര്‍ പറഞ്ഞു,ശരീരം ഞങ്ങള്‍ക്കൊരു ഭാരമാകുന്നു.ഈ സിനിമയും ഞങ്ങളുടേതാണ്.

ഇതേ അനുഭവം ഷാര്‍ജയിലെ മാസ് എന്ന സംഘടനയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച പ്രദര്‍ശത്തിലും തെളിഞ്ഞു.എഴുത്തുകാരന്‍ ബെന്യാമിനും അവിടെ ഉണ്ടായിരുന്നു.

ചര്‍ച്ചകള്‍ക്ക് നിമിത്തമാകാനുള്ള കരടു രേഖയായി സിനിമ മാറുന്നത് സന്തോഷകരമായ കാര്യമാണ്.‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം‘ എന്ന ചെറിയ സിനിമയിലൂടെ അറിഞ്ഞ വലിയ കാര്യവും അതാണ്.








1 comment:

മണിലാല്‍ said...

വിര്‍ച്വല്‍ ശരീരമാണ് ഇതില്‍ പ്രത്യക്ഷമാവുന്നതും അപ്രത്യക്ഷമാവുന്നതും. ഇക്കിളിപ്പെടുത്താനും മുറിവേല്പിക്കാനും ശരീരം ഇതില്‍ നിവേദിക്കപ്പെടുന്നുമില്ല.
എന്നിട്ടും ഈ സിനിമക്കൊരു ശരീരമുണ്ടെന്ന് ഞാനറിയുന്നു.അത് പ്രണയത്തിന്റെതാണ്.പ്രണയത്തിനൊരു ശരീരം വേണം.മനുഷ്യനൊരു ശരീരമുള്ളതു പോലെ,മരത്തിനൊരു ശരീരമുള്ളതു പോലെ,കാറ്റിനൊരു സംഗീതമുള്ളതു പോലെ,സംഗീതത്തിനൊരു ശരീരമുള്ളതു പോലെ.ഈ മൂഡിലാണ് സിനിമ വളര്‍ന്നത്.പ്രണയത്തെ ഭൌതികശരീരത്തില്‍ നിന്നടര്‍ത്തി മറ്റൊരവസ്ഥയെ അനുഭവിച്ചവര്‍ ധാരാളം.


നീയുള്ളപ്പോള്‍.....