പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, May 19, 2012

ഇല്ലാതാവുന്ന മരുഭൂമികള്‍


ഇല്ലാതാവുന്നമരുഭൂമികള്‍

ഇല്ലാതാവുന്നമരുഭൂമികള്‍

ഇല്ലാതാവുന്നമരുഭൂമികള്‍

ഇല്ലാതാവുന്നമരുഭൂമികള്‍




വീണ്ടും കടലളന്നു. കടല്‍ക്കടന്നു.കഴിഞ്ഞ നവംബറില്‍......

"പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം" പ്രദര്‍ശനം ഉണ്ടായിരുന്നു ദുബായില്‍. പോക്കുവരത്തും കറക്കങ്ങളുമായി പത്തു ദിവസമാണ് പ്ലാന്‍ ചെയ്തത്.പതിവു പോലെ പ്ലാനൊക്കെ കാറ്റില്‍ പറത്തി. മാസം പോയതറിഞ്ഞില്ല.മരുഭൂമിയെങ്കില്‍ മരുഭൂമി.അത് വിട്ടുപോരാന്‍ തോന്നിയില്ല. യാത്ര നരകത്തിലേക്കായാല്‍ പോലും ഇപ്പോള്‍ അസ്വദിക്കാമെന്നായിരിക്കുന്നു. ശീലം കൊണ്ടും വകതിരിവുള്ള സൗഹൃദങ്ങള്‍ കൊണ്ടും ഇപ്പോള്‍ എവിടെയും ഒരേ പോലെയാകുന്നു.ഒന്നുകില്‍ എല്ലായിടവും മരുഭൂമികള്‍ അല്ലെങ്കില്‍ എവിടെയും പച്ചപ്പുകള്‍.

' പ്രണയത്തിന് ' ഒറ്റ പ്രദര്‍ശനമാണ് ദുബായില്‍ തീരുമാനിച്ചത്.പക്ഷെ അത് അഞ്ചായി വളര്‍ന്നു.എല്ലാ സാഹചര്യവും ആഘോഷമാക്കുന്ന നാടക പ്രവര്‍ത്തകനായ സഞ്ജുവന്റെ മുന്‍കയ്യില്‍ പ്രദര്‍ശങ്ങള്‍ ഓരോന്നായി വന്നു ചേരുകയായിരുന്നു.സഞ്ജുവാണ് ‘പ്രണയം’നിര്‍മ്മിച്ചത്.ഷാര്‍ജയില്‍ ദുബായിലും അജ്മാനിലും ഉമ്മുല്‍ ഖൊയ്വാനിലും അല്‍ അയിനിലും അബുദാബിയിലുമൊക്കെയായി ഞങ്ങള്‍ സിനിമ കാണിച്ചു,അര്‍മാദിച്ചു.ഷാര്‍ജയിലെ പ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ ആയിരുന്നു.മാസ്സ് എന്ന സംഘടനയുടെ വനിതാവിഭാഗമാണ് ഒരുക്കങ്ങള്‍ നടത്തിയത്.എഴുത്ത് ബെന്യാമിന്‍ സംസാരിക്കാനുണ്ടായിരുന്നു.കൂര്‍ക്കഞ്ചേരിയിലെ ജേപിയും ഭാര്യയും പ്രേക്ഷരായി വന്നു.അവര്‍ അവിടെ ഡോക്ടര്‍മാരാണ്.ശ്രീപ്രകാശ്,ശ്രീകല,ഹേന എന്നിവരൊക്കെ സംഘാടനത്തില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു.പുറത്തിറങ്ങി ചായക്കടയില്‍ കയറിയപ്പോള്‍ അവിടെയും വാടാനപ്പള്ളിക്കാര്‍.ഞാന്‍ വാടാനപ്പള്ളി വിട്ടതിനു ശേഷമുള്ള തലമുറയാണ്.പരിചയപ്പെട്ടു. ചായക്കടയില്‍ പറ്റു തുടങ്ങാ‍നുള്ള സാഹചര്യം എവിടെയുമുണ്ട്.

നല്ലൊരു ജോലിക്കുവേണ്ടി കറങ്ങുന്നവരും ജോലിയുമായി കറങ്ങുന്നവരും എവിടെയുമുണ്ട്,മരുഭൂമിയിലുമുണ്ട്.ചാലക്കുടിക്കാരി ജീനയും പയ്യന്നൂരിലെ ബിന്ദുവും ന്യൂസ് ഫോട്ടൊഗ്രാഫറായ ബാലുവും സഞ്ജുവുമൊക്കെ ജോലിയുമായി കറങ്ങുന്നവരാണ്.രാവിലെ ആരുടെയെങ്കിലും കാറില്‍ കയറിയിരുന്നാല്‍ മതി.ഇവിടെ യാത്ര എവിടെക്കായാലും വ്യത്യസമില്ല.എവിടെയും കോണ്‍ക്രീറ്റുകള്‍,മരുഭൂമികള്‍.കാലം പോലെയാണ് ഇവരുടെ കാറുകള്‍.ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ല.ലിഫ്റ്റിറങ്ങി പുറത്തേക്കുള്ള വഴിയുടെ ദിശ തെറ്റിയാല്‍ പിന്നെ കെട്ടിടത്തിന്റെ വലിപ്പമാകെ ഒന്ന് ചുറ്റി വരണം.ഒടുവില്‍ കാര്‍ കണ്ടെങ്കിലായി.

അല്‍ അയിനീലേക്ക് പോകും വഴി അനന്തമായ കമ്പിവേലിക്കരികെ ബിന്ദു കാര്‍ ചാരി.പല പല നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു.നാട്ടില്‍ പത്തിരുപത് പശുക്കളെ വാങ്ങി വളര്‍ത്തുകയാണ് ബിന്ദുവിന്റെ സ്വപ്ന പദ്ധതി.മരുഭൂമിയില്‍ പാര്‍ക്കുന്നവര്‍ പണിതുയര്‍ത്തുന്ന സ്വപ്നങ്ങളില്‍ പച്ചപ്പും പശുക്കളും കിളികളുമൊക്കെ പാറുകയും അമറുകയും ചെയ്യുന്നുണ്ടാവും.തൃശൂര്‍ തമാശകള്‍ അവര്‍ക്കിഷ്ടമാണ്.ജയറാം തൃശൂരുക്കാരനാണ്.തൃശൂര്‍ വിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ യാത്രകള്‍ക്കിടയില്‍ ഞങ്ങള്‍ അജിതിനെ തൃശൂരിലേക്കു വിളിക്കും.നടത്തറ കുഞ്ചിയമ്മയെപ്പറ്റി ഒരിക്കല്‍ അജിത് പറഞ്ഞു.പാല്‍ കിട്ടാന്‍ വൈകുമ്പോള്‍ ചായക്കട നടത്തുന്ന കുഞ്ചിയമ്മ സ്വന്തം മുല ചുരത്തി ചായ ഉണ്ടാക്കാറുണ്ടത്രെ.ശില്പി രാജന്‍ ഇവിടെയും പ്രശസ്തനാണ്,ശില്പിയുടെ കഥകളും.

കമ്പിവേലിക്കും പാറക്കെട്ടുകള്‍ക്കുമപ്പുറം ഒമാന്‍ ആണ്.ചില വീടുകളും കണ്ടു,അതില്‍ നിന്നും തല നീട്ടുന്ന ചില മനുഷ്യജീവനേയും,വീടുവെച്ച മനുഷ്യര്‍ എല്ലായിടത്തും ഒരു പോലെയാണ്.ഉടല്‍ ഉള്ളില്‍, തല പുറത്ത്.കൊടുങ്ങല്ലൂര്‍ക്കാരന്‍ ഗഫൂര്‍ അപ്പുറത്തുണ്ട്.വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമേയുള്ളു,കേള്‍ക്കുന്ന ആളുമാണ്.അതിര്‍ത്തി ചാടിക്കടക്കാന്‍ സഹായിക്കുമെന്നുമറിയാം.ബിന്ദു എന്റെ കൈ പിടിച്ചു.ചാടല്ലെ ചാടല്ലെ എന്ന് പറഞ്ഞു,‘ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലെ’ എന്ന ശീലില്‍.കാറില്‍ ചാരിക്കിടന്ന് ഞാന്‍ കണ്ണടച്ചു. മിഴിയടപ്പിനപ്പുറം അതിര്‍ത്തികളില്ലാത്ത എന്റെ ലോകം തെളിഞ്ഞു.എല്ലാ അതിര്‍ത്തികളും മാഞ്ഞു പോകുന്നത് ഞാന്‍ സങ്കല്പിച്ചു നോക്കി.മനുഷ്യരെല്ലാരുമൊന്നു പോലെ,പിന്നെ എന്തിനതിര്‍ത്തികള്‍.സ്വകാര്യതയുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിലും മതില്‍ കെട്ടുന്നതിലും വേലി പാകുന്നതിലും മനുഷ്യര്‍ ഇന്ന് കൂടുതല്‍ ഉല്‍സുകരാവുന്നു.ഒരു വീടിന്റെ ഉമ്മറത്തുകൂടെ കടന്ന് മറ്റൊരു വീടിന്റെ അടുക്കളഭാഗത്തു കയറി.... അങ്ങിനെയങ്ങിനെ പത്തിരുപത് വീടിന്റെ സൗമനസ്യങ്ങളെ തൊട്ടും അളന്നുമാണ് ചെറുപ്പത്തില്‍ ഒന്നര കി.മീറ്റര്‍ ദൂരെയുള്ള വാടാനപ്പള്ളി നടയിലെത്തുക.

ആര്‍ട്ട് ഗാലറികളെക്കാള്‍ മനോഹരമാണ് ബാരക്കുട എന്ന മദ്യ വില്പന ശാല.ഒരു ബിനാലെ പോലെ എന്നും പറയാം.ചില്ലുകുപ്പികളുടെ ആകൃതിയില്‍ മദ്യത്തിന്റെ ലോകോത്തര സൌന്ദര്യവും ലഹരിയും സംയുക്തമായി നിറഞ്ഞു കവിയുന്നു. ഏത് മദ്യവും അവിടെ കിട്ടും.കുപ്പികളുടെ നിറവും ആകൃതിയും ഭംഗിയും ആസ്വദിച്ച് കുറെ നേരം അവിടെ ചുറ്റി.മദ്യം നിറയെ പുറത്താണെങ്കിലും മത്തുപിടിക്കുന്ന മട്ട്. സ്വന്തമാക്കുന്നതിനേക്കാള്‍ സൌന്ദര്യം അസ്വദിച്ചവസാനിപ്പിക്കയാണ് ഉത്തമമായ കാര്യമെന്ന് ഏതെങ്കിലും പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ടാവുമോ.മദ്യത്തേയും അക്കൂട്ടത്തില്‍ പെടുത്താം.കാഴ്ചയാണ് കൂടുതല്‍ സൌന്ദര്യം.കുടിക്കുന്നതിനേക്കാള്‍ കുടിയന്മാരെ കാണുന്നതു പോലെ.


എതെടുക്കണം എന്നത് ചിന്താ കുഴപ്പമുണ്ടാക്കി,തുണിക്കടയില്‍ കയറിയതു പോലെ.തുണികള്‍ ശരീരത്തില്‍ വെച്ചു നോക്കുന്നതു പോലെ കരളിനോടു വെച്ചു നോക്കി.എന്തും വരട്ടെ, കുറച്ച് കുപ്പികള്‍ വാങ്ങി.അന്ന് ബിന്ദുവിന്റെ വീട്ടിലായിരുന്നു തലകുത്തിവീഴല്‍.അധികം പറഞ്ഞു കേള്‍ക്കുകയും അപൂര്‍വ്വമായി മാത്രം കാണുകയും ചെയ്തിട്ടുള്ള റോയല്‍ സല്യൂട്ട് സഞ്ജുവിന്റെ വീട്ടില്‍ നിത്യ സംഭവമായിരുന്നു.റോയല്‍ സല്യൂട്ടിന്റെ താളത്തിലാണ് ബാലകൃഷ്ണന്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതു തന്നെ.ഓരോ മദ്യവും ഓരോ താളമാണ് തരിക. ആയതിനാല്‍ ഇവിടുത്തെ അവിവാഹിതമായ അടുക്കളകള്‍ ഓരോരോ താളത്തിലാണ് ഭക്ഷണം പുറത്തെടുക്കുന്നത്. പല താളങ്ങളില്‍ ഞാന്‍ പാചകം ചെയ്തു,ചിലപ്പോള്‍ താളപ്പിഴകളോടെയും.

കാസര്‍കോടെ ചെറുവത്തൂരില്‍ സി.പി.ശ്രീധരന്റെ തറവാട്ടു വീട്ടില്‍ ഈയിടെ പോയിരുന്നു, തെയ്യം.മകന്‍ വിനോദ് ചന്ദ്രന്റെ സ്നേഹപൂര്‍ണ്ണമായ ഭീഷണിയെ പേടിച്ചായിരിക്കണം വിവിധ ഭാഗങ്ങളില്‍ നിന്നും സുഹൃത്തുക്കള്‍ അവിടേക്ക് വന്നിരുന്നു.വൈകീട്ട് നാടുകാണാനിറങ്ങിയ ഞങ്ങള്‍ക്ക് വഴി തെറ്റി,തെയ്യം തെറ്റിച്ചതാവാന്‍ വഴിയില്ല,ഞങ്ങള്‍ മലബാറുകാരല്ല. ഏതു തരവും തെയ്യങ്ങളാവാന്‍ പാകത്തില്‍ തലതിരിഞ്ഞവരായിരുന്നു ഞങ്ങള്‍. റൌക്കയും മുണ്ടുമുടുത്ത ഒരമ്മ ഞങ്ങളെ വീടിനുള്ളിലൂടെ വഴി നടത്തി പിന്‍ ഭാഗത്തെത്തിച്ചു.പിന്നെ മറ്റൊരു വീടിന്റെ അടുക്കള ഭാഗത്തേക്ക് കൊണ്ടു പോയി ലീലേ എന്നോ സുനന്ദേ എന്നോ നീട്ടിവിളിച്ച് ഞങ്ങള്‍ക്ക് പോകേണ്ട വീട്ടില്‍ എത്തിക്കാന്‍ ഏര്‍പ്പാടാക്കി.ലീലയായാലും സുനന്ദയായാലും ആ നല്ല സ്ത്രീ ഞങ്ങളെ പൊതുവഴിയിലെത്തിച്ചു.വഴിതെറ്റി പോയ തെയ്യങ്ങളെ കാത്ത് വീട്ടുകാരായ സുനിലും രേഷ്മയും കാത്തുനില്പുണ്ടായിരുന്നു. പഴയ സ്കൂളുകളില്‍ ഉപ്പുമാവിന്റെ നേരമായിട്ടും എത്താത്ത കുട്ടികളെ കയിലും പിടിച്ച് കാത്തു നില്‍ക്കുന്ന അദ്ധ്യാപകരെപ്പോലെ. അവര്‍ അദ്ധ്യാപകരുമാണ്.തിരുവനന്തപുരത്തു നിന്നും കോട്ടയത്തു നിന്നുമൊക്കെ എത്തിയ തെക്കന്‍ സുഹൃത്തുക്കള്‍ക്ക് വടക്കന്‍ അനുഭവമമായി മണ്ണും മനുഷ്യനേയും തൊട്ടുള്ള ഈ നടത്തം.

ഷാര്‍ജ അല്‍നാദയിലെ സഞ്ജുവിന്റെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കു വേണ്ടിയുള്ള ഹണ്ടിംഗ് ആരംഭിച്ചു.എത്തി സലാത്തിന്റെ സിം മൊബൈലില്‍ നിറച്ചു.(ഈ യാത്രയില്‍ എനിക്ക് ക്ഷ പിടിച്ച വാക്ക് എത്തി സലാത്ത് എന്നതായിരുന്നു.ആ വാക്ക് പറയുമ്പോള്‍ സംഗീതമുള്ളതു പോലെ)പലയിടങ്ങളില്‍ നിന്നും അവര്‍ വരവായി.കാമറയും തൂക്കി പാതി തുറന്ന ഷട്ടര്‍ ചിരിയുമായി ആദ്യം ബാലുവെത്തി.ജോളിയില്ലാത്ത ബാലു വേറെ ആളാണ്,ഒറ്റയാവുമ്പോള്‍ എല്ലാവരും ബുദ്ധന്മാരാണ്.അതിന്റെ അഴകൊന്ന് വേറെയാകുന്നു.(അകന്നിരുന്ന് ശോഭ വരുത്താവുന്ന ഒന്നാണ് ദാമ്പത്യം) ശോഭ ജീന രാജീവ് ബിന്ദു ജയറാം പ്രദീപ് സതീഷ്,ചാന്ദിനി,ഗാനന്‍,വല്‍സലന്‍.കബീര്‍,ഷീമാബി,പപ്പന്‍,മധു,ലെന്‍സ്മാന്‍ ഷൗക്കത്ത്,വാടാനപ്പള്ളിയിലെ പ്രദീപ് അന്തിക്കാട്ടെ രവികുമാര്‍.ആഘോഷങ്ങളുടെ നാളുകളായിരുന്നു.ശോഭക്കും കാമറക്കണ്ണുകളുണ്ട്.ചാന്ദിനിക്ക് കവിതയുടെ അസുഖമാണ്,പിന്നെ പാട്ടിന്റെയും.കുറ്റം പറയരുത്,പാരമ്പര്യമാണ്.അച്ഛന്‍ ബാലചന്ദ്രന്‍ കവിയാണ്.തപാല്‍ക്കാരന്‍ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്.

നാട്ടിലെ അടുപ്പങ്ങളും ബന്ധങ്ങളും ഞങ്ങളെ വെറുതെ വിട്ടില്ല,തിരിച്ചു ഞങ്ങളും.രാജീവും നീനയും ബിജിയും ജയനും ഷിംനയും പ്രേമനും ലിതയും ലിമയും രെജിനും സ്വരൂപുമെല്ലാം അതില്‍പ്പെട്ടവരാണ്. സംഘമായി തന്നെ എല്ലായിടത്തും ഇരച്ചുകയറി.പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്ന് പറയും പോലെ എന്‍.എസ്.എസിന്റെയും വെള്ളാപ്പിള്ളിയുടേയും ആളുകള്‍ ഇവിടെയുമുണ്ട്.കിട്ടിയ വണ്ടിക്ക് തിരിക്കണോ എന്ന് പോലും ആലോചിച്ചു ഈ കൂട്ടങ്ങളെ കണ്ടപ്പോള്‍.

സൂസന്‍ യാങോവിട്സിന്റെ പ്രശസ്തമായ

ദി ബോക്സസ് എന്ന നാടകത്തിന്റെ റിഹേര്‍സല്‍ സഞ്ജുവിന്റെ വീട്ടില്‍ നടക്കുന്നുണ്ടായിരുന്നു. സഞ്ജുവും സംഘവും ഇതിന്റെ തിരക്കിലേക്ക് പോയി.ദുബായ് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ‘പ്രണയ’ത്തോടൊപ്പം സ്റ്റേജിലെത്തേണ്ടതാണ്.അനൂപ് ചന്ദ്രന്‍,ഷംനാദ്,രാജേഷ് വിശ്വനാഥ്,സുഭാഷ്,ബിജു,വിജു ജോസഫ്.ഇവരൊക്കെ ദുബായ് പ്ലാറ്റ്ഫോം തിയ്യറ്റര്‍ ഗ്രൂപ്പില്‍ നാടകവുമായി അലിഞ്ഞു ചേര്‍ന്നവരാണ്.സംവിധായകന്‍ ടി.വി.ബാലാകൃഷ്ണന്‍ എന്നോടൊപ്പം ഫ്ലൈറ്റില്‍ ചാടിക്കയറിയതിനാല്‍ അവര്‍ക്ക് സമയത്തിനൊരു സംവിധായകനെ കിട്ടി.

ബാലകൃഷ്ണന്‍ ഒപ്പം ഉള്ളതിനാല്‍ സ്വാഭാവികമായും യാത്ര ഉത്സവമായി, രണ്ടുപേരും വിവാഹത്തിലേക്ക് കൂപ്പുകുത്തിയവരായിരുന്നില്ല, ടേക്കോഫ് ചെയ്ത് കുതറിയവരായിരുന്നു.ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ കുറച്ച് മുന്നിലായിപ്പോയി. പേപ്പറിലെ എന്തോ സംശയത്തിന്റെ പേരില്‍ ബാലകൃഷ്ണനെ അറബി ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി.അറബി ഭാഷയും തൃശൂര്‍ ഭാഷയും തമ്മില്‍ കുറച്ചു നേരം ഉരസല്‍ നടന്നു.തീപാറിയില്ല,പക്ഷെ അറബികള്‍ തളര്‍ന്നു.അവിടെ നിന്നും ഊരാന്‍ പറ്റാതെ എന്നെ തിരഞ്ഞ ബാലകൃഷ്ണന്‍ കണ്ടത് യേശുവിനെ കുരിശില്‍ തറച്ച മാതിരിയുള്ള എന്റെ നില്പ്.അവന്‍ പൊട്ടിച്ചിരിച്ചു.പന്തികേട് തോന്നിയ അറബി ബാലകൃഷ്ണനെ വെറുതെ വിട്ടു.(അവിവാഹിതരെ നിയമം കാട്ടി പേടിപ്പിക്കാന്‍ എളുപ്പമല്ല.ജയിലെങ്കില്‍ ജയില്‍ എന്നവര്‍ പറഞ്ഞു കളയും).സുരക്ഷ പരിശോധനാ സമയത്ത് എന്റെ കൈ പൊക്കലിലെ നാടകീയതയാണ് അവനെ ചിരിപ്പിച്ചത്.

ഓരോ ദിവസവും ഓരോ വീടുകളില്‍ കയറിക്കൂടി. പൊടിക്കാറ്റമര്‍ന്ന സന്ധ്യയില്‍ ഹസന്‍ ഷെരീഫ്,മൊഹമ്മദ് കാസിം എന്നീ അറബി പെയിന്റര്‍മാര്‍ക്കൊപ്പം കൂടി,ബെര്‍ ദുബായിയിലെ ബാര്‍ ഹോട്ടലില്‍.കൂടെ കാസിമിന്റെ കാമുകിയായ ഇറ്റാലിയന്‍ പെയിന്റര്‍ ക്രിസ്ട്യാനയും ഉണ്ടായിരുന്നു.വയലാറും ദേവരാജനും യേശുദാസും മുല്ലപ്പെരിയാറും യുഡിയെഫ് എല്‍ഡിയെഫ് ബഹുദൂരം അതിവേഗം എന്നിങ്ങനെ പല കാര്യങ്ങളും മറന്ന ദിവസമായിരുന്നു അത്.മിഡില്‍ ഈസ്റ്റിലെ അരാജകവാദികളാണ് ഹസന്‍ ഷെരീഫും കാസിമും.മതത്തേയും ഭരണത്തേയും അവഗണിച്ച് സ്വതന്ത്രമായി സഞ്ചരിച്ചവര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യൂ നിന്ന് നാണം കെടാത്തവര്‍.റേഷന്‍ കാര്‍ഡും ആധാറും വേണ്ടെന്ന് വെച്ചവര്‍.വിവാഹവും കുടുംബവും തീരെ വേണ്ടെന്ന് വെച്ചവര്‍.ആധുനികയുടെ നടു റോഡില്‍ മൂത്രമൊഴിക്കുന്നവര്‍.അറബി വസ്ത്രം ധരിക്കാത്തവര്‍,തുറന്ന മദ്യപാനികള്‍.സദാചാരത്തെ വെല്ലുവിളിച്ചവര്‍.കാസിം പട്ടാളത്തിലായിരുന്നു.ഇന്ത്യന്‍ പട്ടാളമാണ് നല്ലതെന്ന് കാസിം.അവിടെ പട്ടാളക്കാര്‍ക്ക് മദ്യത്തിന്റെ ക്വോട്ടയില്ല.കുറച്ച് സമാനതകളില്‍ ഞങ്ങള്‍ ഭാഷയെ മറികടന്നു. ആഴക്കടല്‍ മീന്‍ പിടുത്തത്തിനും ആഘോഷങ്ങള്‍ക്കുമുള്ള മറ്റൊരു ദിവസത്തെ അവരുടെ ക്ഷണം സ്വീകരിച്ച് മേഘങ്ങളും നക്ഷത്രങ്ങളുമില്ലാത്ത പാതിരാത്രിയില്‍ അല്‍ നാദയിലേക്ക് മടങ്ങി.അവരുടെ സ്ഥാപനത്തിലെ ആര്‍ട്ട് കുറേറ്ററായ വത്സലനും സംഘത്തിലുണ്ടായിരുന്നു.

അബുദാബി സിനിമാ പ്രദര്‍ശനം കേരള സോഷ്യല്‍ സെന്ററിലായിരുന്നു. കുറെ നാട്ടുകാരെ അവിടെ കണ്ടു.ഫെയിസ് ബുക്കില്‍ നിന്നും കുറെ പേര്‍ ഇറങ്ങി വന്നു,അവര്‍ക്കൊക്കെ വേറൊരു ഛായയായിരുന്നു.സൈബര്‍ സന്നിവേശങ്ങള്‍ മനുഷ്യരുടെ മുഖച്ഛായ മാറ്റുന്നുണ്ടോ.സുഹൃത്തുക്കളായ കോഴിക്കോട്ടെ അബ്ദുള്ളക്കോയയും ജോഹന്നാസ്ബര്‍ഗിലെ മുട്ടീവ് വുസാനെയും അവിടെ വന്നു.മുട്ടീവ് ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി.നാട്ടുകല്യാണങ്ങള്‍ക്ക് പോകും പോലെ ഞങ്ങള്‍ മലയാളികള്‍ ആണും പെണ്ണും പിടക്കോഴികളുമായി അബുദാബിയിലെ മുട്ടീവിന്റെ താവളത്തിലേക്ക് കൂട്ടമായി മാര്‍ച്ച് ചെയ്തു.അവരുടെ മൂന്നു ബെഡ് റൂമുകളുള്ള ഫ്ലാറ്റ് നിറഞ്ഞു തുളുമ്പി.


അവരുടെ ദക്ഷിണാഫ്രിക്കയിലുള്ള മകള്‍ക്ക് എയ്ഡ്സാണ്.കേരളത്തിലെ വൈദ്യമഠം ചെറിയനമ്പൂതിരിയുടെ ഔഷധക്കൂട്ട് മകളുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് മുട്ടീവ് പറഞ്ഞു. പ്രിയ സുഹൃത്ത് സഗീര്‍ നാട്ടില്‍ നിന്ന് മുടങ്ങാതെ മരുന്നെത്തിക്കുന്നു.പരിചയത്തിലുള്ള വേറെ രോഗികള്‍ക്കും മരുന്ന് കേരളത്തില്‍ നിന്നും കൊടുത്തയക്കപ്പേടുന്നുണ്ട്.ഒരു മണ്‍സൂണ്‍ കാലത്ത് മുട്ടിവ് കേരളത്തില്‍ വന്നിരുന്നു.മഴയില്‍ യാത്ര ചെയ്തു,മഴ നനഞു,മഴയില്‍ നൃത്തം ചെയ്തു.പോകുമ്പോള്‍ മേലുകാവിലെ മാത്യുസിന്റെ പെയിന്റിംഗും എന്റെ വീട്ടില്‍ നിന്നും കൊണ്ടു പോയി.

ഫ്ലാറ്റിലേക്ക് വരുമ്പോള്‍ ചപ്പലും കാലുറകളുമൊന്നും അഴിക്കേണ്ടതില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു.ഞങ്ങളുടെ രീതി അതാണെന്ന് ബിന്ദു പറഞ്ഞു.അവരുടെ രീതി അതല്ലെന്ന് മുട്ടിവും. അതിഥികളെ പൊടിയോടും ചളിയോടും കൂടിത്തന്നെ സ്വീകരിക്കാനാണവര്‍ക്കിഷ്ടം.അടുത്ത തവണയാവട്ടെ,കൂടുതല്‍ പൊടിയുമായി വരാം എന്ന് ഞങ്ങള്‍ തമാശ പറഞ്ഞു.അവര്‍ പ്രശസ്തമായ ആശുപത്രിയില്‍ സൈക്കോളജിസ്റ്റാണ്.മുട്ടീവിന് ജീവിതം അടിമുടി ആഘോഷമാണ്. എപ്പോഴും ചുവടുകള്‍ വെക്കും,എന്തു ചെയ്യുമ്പോഴും.ചില മ്യൂസിക് വീഡിയോ അവര്‍ കാണിച്ചു തന്നു.പാട്ടു പാടി.വൈന്‍ പകര്‍ന്നു.ശോഭയും ബാലുവും ഞങ്ങളെ കാമറയിലേക്ക് ക്ലിക്ക് ചെയ്തു കൊണ്ടിരുന്നു. ഒരു രാത്രി കൂടി കലണ്ടറില്‍ അമര്‍ന്നു. ഒരാളെ കുടിപ്പിക്കാതെ എപ്പോഴും ഞങ്ങള്‍ ഒപ്പം നില നിര്‍ത്തി.ദീര്‍ഘമായ രാത്രിയോട്ടങ്ങളാണ്. പോലീസിനെ പേടിക്കണം,ഇവിടെയും ഊത്തു യന്ത്രങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്.ബിന്ദു മദ്യപിക്കാതെ കാറിന്റെ താക്കോല്‍ കൂട്ടം വിരലില്‍ കറക്കി നിന്നു.ഞങ്ങള്‍ക്കത് കുടിക്കാനുള്ള അധികപ്രേരണയായി.

ജീനയുടെയും രാജീവിന്റെയും വീട്ടില്‍ നിന്നിറങ്ങിയ ഒരു രാത്രിയില്‍ കോട മഞ്ഞു പോലെ ഒന്ന് ഞങ്ങളെ വന്ന് അടിമുടി മൂടി.ഞങ്ങള്‍ക്ക് മരുപ്പരിസരങ്ങള്‍ നഷ്ടമായി.റോഡില്‍ നിന്നും വണ്ടികളെല്ലാം പിന്‍വലിഞ്ഞു പോയിരുന്നു. കൈ കോര്‍ത്തു നിന്ന ഞങ്ങള്‍ മഞ്ഞിനാല്‍ ചുറ്റപ്പെട്ട ദ്വീപായി മാറി . എന്തും വരട്ടെ എന്നുറച്ച് ജീന മഞ്ഞു വകഞ്ഞുമാറ്റി കാറോടിച്ചു.മരുഭൂമിയിലെ കാലത്തിന്റെ സ്വഭാവമാറ്റം പുതിയ ലഹരിയായി.അടുത്ത ദിവസം സഞ്ചരിക്കുമ്പോള്‍ ബാലു പറഞ്ഞു.മേഘങ്ങള്‍ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു,കാലാവസ്ഥ മാറുകയാണ്.തണുപ്പിന്റെ കാലം വരുന്നു.

ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ജീവിതത്തെ ആഘോഷത്തില്‍ നിറക്കുന്ന മരുമനുഷ്യരെ സകല ദിവസവും നിരത്തിലിറക്കിയതിന്റെയും നിലാവു കൊള്ളീച്ചതിന്റെയും പാപം ഞങ്ങള്‍ക്കു മാത്രമാണ്. ഞങ്ങള്‍ അവിടെ തുടര്‍ന്നാല്‍ പലരുടേയും ജോലി പോകുമെന്ന അവസ്ഥയായി.ആയതിനാല്‍ ഞാനും ബാലകൃഷ്ണനും എല്ലാം കെട്ടിപ്പൂട്ടി കൊച്ചിക്ക് വണ്ടി പിടിച്ചു.നാട്ടിലെത്താന്‍ ഒരു ആഴ്ചപ്പതിപ്പിന്റെ വായനാദൂരം മാത്രം.


ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യാത്രയാക്കാനെത്തിയ ചുണ്ടുകളിലെ പുഞ്ചിരിയുടെ അര്‍ത്ഥമെന്തായിരുന്നു.സൗഹൃദങ്ങളില്‍ കണക്ക് ഐശ്ചികവിഷയമല്ല.





3 comments:

മണിലാല്‍ said...

ആര്‍ട്ട് ഗാലറികളെക്കാള്‍ മനോഹരമാണ് ബാരക്കുട എന്ന മദ്യ വില്പന ശാല.ഒരു ബിനാലെ പോലെ എന്നും പറയാം.ചില്ലുകുപ്പികളുടെ ആകൃതിയില്‍ മദ്യത്തിന്റെ ലോകോത്തര സൌന്ദര്യവും ലഹരിയും സംയുക്തമായി നിറഞ്ഞു കവിയുന്നു. ഏത് മദ്യവും അവിടെ കിട്ടും.കുപ്പികളുടെ നിറവും ആകൃതിയും ഭംഗിയും ആസ്വദിച്ച് കുറെ നേരം അവിടെ ചുറ്റി.മദ്യം നിറയെ പുറത്താണെങ്കിലും മത്തുപിടിക്കുന്ന മട്ട്. സ്വന്തമാക്കുന്നതിനേക്കാള്‍ സൌന്ദര്യം അസ്വദിച്ചവസാനിപ്പിക്കയാണ് ഉത്തമമായ കാര്യമെന്ന് ഏതെങ്കിലും പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ടാവുമോ.മദ്യത്തേയും അക്കൂട്ടത്തില്‍ പെടുത്താം.കാഴ്ചയാണ് കൂടുതല്‍ സൌന്ദര്യം.കുടിക്കുന്നതിനേക്കാള്‍ കുടിയന്മാരെ കാണുന്നതു പോലെ.

fob said...
This comment has been removed by the author.
fob said...

How can I have the DVD of this film.


നീയുള്ളപ്പോള്‍.....