പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, October 22, 2012

മുല്ലന്‍ മാഷ്
മുല്ലന്‍ മാഷെക്കുറിച്ചുള്ള ഓരോ ഓര്‍മ്മകളും വ്യത്യസ്തമാണ്.ഭാഷ പണിയുന്നതിനു മുമ്പുള്ള വാക്കുകള്‍          പോലെ, അവ സൌന്ദര്യത്തോടെ ചിതറിക്കിടക്കുന്നു.  തൃശൂര്‍ പ്രസ്സ് ക്ലബിന്റെ മുകളിലേക്കുള്ള വാതിലിനരികില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി മുഖാമുഖം കാണുന്നതും ഉടക്കുന്നതും.എണ്‍പതിന്റെ അവസാനത്തില്‍ തൃശൂര്‍   എക്സ്പ്രസില്‍  പേനയുന്തുന്ന കാലത്ത്.പ്രസ് ക്ലബ്ബിന്റെ മുകളിലെ ഹാളില്‍ അയ്യപ്പപ്പണിക്കര്‍ കവിത ചൊല്ലുകയായിരുന്നു.  പണിക്കരല്ലാത്ത  അയ്യപ്പനും അന്ന് പ്രസ് ക്ലബ്ബില്‍  ഉണ്ടായിരുന്നിരിക്കണം, അങ്ങിനെയായിരുന്നു ശ്രുതി.അയ്യപ്പനായിരുന്നു  ഞങ്ങളുടെ പ്രധാന ലക്ഷ്യം.ഒപ്പം കവിതയോടൊപ്പം അല്പ നേരം നിരങ്ങാനും.ശില്പിരാജനായിരുന്നു കൂടെ.അയ്യപ്പന്‍ നഗരത്തിലിറങ്ങിയാല്‍ ശില്പിയും നഗരത്തിലേക്കിറങ്ങും. അയ്യപ്പനെ കണ്ടാല്‍ ഓട്ടോ റിക്ഷ നിര്‍ത്തിച്ച് ചാടിയിറങ്ങാറുണ്ടായിരുന്ന അപൂര്‍വ്വം ചിലരില്‍ ശില്പിയുമുണ്ടായിരുന്നു.ഓടുന്ന ഓട്ടോയില്‍ നിന്നും അയ്യപ്പനിലേക്ക് ചാടാനൊരുങ്ങിയ ശില്പിയെ ഞാനൊരിക്കല്‍ തടഞ്ഞിട്ടുണ്ട്,ശില്പി അതില്‍ ഗര്‍വ്വിച്ചിട്ടുമുണ്ട്.പ്രസ് ക്ലബ്ബ്  വാതിലില്‍ വെച്ച് മുല്ലന്‍ മാഷ് എന്നൊട് ഉടക്കി.എന്തിനാണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല.കവി അയ്യപ്പനെ വെറും അയ്യപ്പന്‍  എന്നു പറഞ്ഞതിനാണോ എന്ന് കുഞ്ഞുണ്ണിക്കവിത പോലെ ചെറിയൊരോര്‍മ്മയുണ്ട്.


അതിനടുത്ത ദിവസം മലയാളം എക്സ് പ്രസിന്റെ അമ്പാടി ബില്‍ഡിംഗില്‍ വെച്ച് മുല്ലന്‍ മാഷ് എന്നെ കണ്ടു.കസേരക്കു പിറകില്‍ വന്നു പിറകിലൂടെ  എന്നെ തൊട്ടു.  വല്ലാത്തൊരു അടുപ്പത്തോടെയായിരുന്നു അത്.അന്നു പറ്റിപ്പിടിച്ചതാണ്,പിന്നെ മാഷ് പോയിട്ടില്ല. പ്രസ് ക്ലബ്ബില്‍ നിന്നുള്ള തുടര്‍ച്ച പോലെ എനിക്കതനുഭവപ്പെട്ടു.  പിന്നെ പല സ്ഥലങ്ങളില്‍ പല സമയത്ത്.ആയിടക്കാണ് മാഷ് വാടാനപ്പള്ളിയിലേക്ക്  സ്ഥലം മാറി വരുന്നത്.ബീച്ചില്‍ പോകുന്ന വഴിയിലെ സ്കൂളിലായിരുന്നു  മാഷ്  കുറച്ച് കാലം.എന്തിനധികം കാലം. സാദാ സ്കൂള്‍ ആയിരുന്നു അത്.മാഷ് വന്നതിനുശേഷം എനിക്കത് ഹൈസ്കൂളായി.   ഇടക്ക് ഞാന്‍ അവിടെ പോകുമായിരുന്നു. എന്നാല്‍ മാഷിന്റെ പൊടിപോലും കിട്ടില്ലായിരുന്നു. മാഷെ  അന്വേഷിച്ചു ഇവിടെ എന്തിനു വരുന്നു  എന്നൊരു മട്ട് ടീച്ചേര്‍സ് റൂമിലെ മട്ടും  ഭാവങ്ങളില്‍ നിന്നുമറിഞ്ഞു. .അന്ന് ഷാജി എന്‍ കരുണിന്റെ പിറവിയുടെ ചിത്രീകരണം നടക്കുന്ന കാലമായിരുന്നു.ഞാനും അതിലുണ്ട് എന്നൊരു മേനിയില്‍
 മാഷ് സ്കൂളില്‍ വരാറില്ലായിരുന്നു,ലീവിലല്ല താനും.ലീവ് വേണ്ടാത്ത ഒരു മാഷായിരുന്നു. മാഷ് അഭിനയിക്കാന്‍ പോയിരിക്കുന്നു എന്ന് ടീച്ചേര്‍സ് റൂമും കുട്ടികളും ഒരേ സ്വരത്തില്‍ സന്തോഷത്തോടെ പറഞ്ഞു.കുട്ടികളിലാണ് സന്തോഷത്തിര അധികം കണ്ടത്.ടീച്ചറന്മാരില്‍ അധികഭാരത്തിന്റെയും. ഒരിക്കല്‍ മാഷുണ്ടോ എന്നന്വേഷിച്കപ്പോള്‍  അവിടുത്തെ പ്രധാന അദ്ധ്യാപിക മൃദുല ടീച്ചര്‍ എന്നോടു ആവശ്യപ്പെട്ടു,മാഷെ കണ്ടു കിട്ടുകയാണെങ്കില്‍ ഇങ്ങോട്ടൊന്നു ഇറങ്ങാ‍ന്‍ പറയണം അല്ലെങ്കില്‍ കൊണ്ടു വരണം.ടീച്ചര്‍ തളിക്കുളം ഹൈസ്കൂളില്‍ എന്റെ അദ്ധ്യാപികയായിരുന്നു.കാണാത്തതില്‍ കുറ്റപ്പെടുത്തുമ്പോഴും മൃദുല ടീച്ചറില്‍ മാഷോടുള്ള  ബഹുമാനം പ്രകടമായിരുന്നു.


കവിതയുടെ കൂട്ട് പള്ളിക്കൂടത്തിനു മാത്രമല്ല സമൂഹത്തിനും നല്ല പശ്ചാത്തലമാകുന്നു.പി.കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മ വരുന്നു,വൈലോപ്പിള്ളിയെ ഓര്‍മ്മ വരുന്നു,കുഞ്ഞുണ്ണി മഷെ ഓര്‍മ്മ വരുന്നു.കേരളവര്‍മ്മ കോളേജ് ഓര്‍മ്മ വരുന്നു.പലതും ഓര്‍മ്മ വരുന്നു.


   പലപ്പോഴും മാഷ് വാടാനപ്പിള്ളി സെന്ററില്‍ പ്രത്യക്ഷപ്പെടുകയും നിമിഷ നേരത്തില്‍   മാഞ്ഞു പോകുകയും ചെയ്യുമായിരുന്നു.ആ സ്കൂളില്‍ ഒന്നു രണ്ടു അദ്ധ്യാപകര്‍ ഇതേ പോലെ നിന്ന നില്പില്‍ മാഞ്ഞുപോകുന്നവരായിരുന്നു.ചിലര്‍ ജീവിതത്തില്‍ നിന്നും മാഞ്ഞുപോയി എന്നു തോന്നുന്നു.  പിന്നിടായിരിക്കണം നിന്നനില്പില്‍  മാഞ്ഞുപോകുന്ന ഈ അഭ്യാസം മുതുകാട് പോലുള്ള മാന്ത്രികന്മാര്‍ മാജിക്കില്‍ തുടങ്ങിവെച്ചതും കയ്യടി നേടിയതും.


ദൂരദര്‍ശനുവേണ്ടി   അഷ്ടമൂര്‍ത്തിക്കഥകള്‍ ചിത്രീകരിക്കുമ്പോള്‍ യയാതി എന്ന കഥയില്‍ മുല്ലന്‍ മാഷായിരുന്നു പ്രധാന ഭാഗം അഭിനയിച്ചത്.മറ്റൊരു അരാജകവാദിയായ കോട്ടയത്തെ വര്‍ക്കിച്ചനും അതില്‍ അഭിനയിച്ചു.  കണ്ടു മുട്ടിയ അതേ നിമിഷം  അവര്‍  ആത്മബന്ധം  സ്ഥാപിച്ചുകഴിഞ്ഞിരുന്നു.അരാജകവാദികളുടെ ഖജനാവില്‍ കാത്തിരിക്കാന്‍ അധിക സമയമില്ല.  മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയും അതില്‍ ഉണ്ടായിരുന്നു.എഴുത്തിലെ മറ്റൊരു മാനവികതയായിരുന്നു മുണ്ടൂര്‍ മാഷ്. സീരിയലില്‍ അഭിനയവുമായി നടക്കുന്ന സമയത്ത് റെയില്‍ വേ സ്റ്റേഷനുകളിലാണ് മുണ്ടൂര്‍ മാഷെ കാണുക.  .സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാഹിത്യത്തെ,സംസ്കാരത്തെ,സദാചാരത്തെ,രാഷ്ട്രീയത്തെ,സൌഹൃദത്തെ മുല്ലന്‍ മാഷ് എപ്പോഴും  മുഷ്ഠി ചുരുട്ടി പരിഹസിച്ചു കൊണ്ടിരുന്നു.അതിനു വേണ്ടി ഗുണ്ട എന്ന പദത്തെ തോരാ മഴ പോലെ ഉപയോഗിക്കുകയും ചെയ്തു.


  ‘പേരറിയാത്തൊരു പെണ്‍ കിടാവെ നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍..’ എന്ന് അയ്യപ്പന്‍ കവി പാടുന്നതും കേട്ടിട്ടുണ്ട്.അയ്യപ്പന്റെ മറ്റൊരു പാഠഭേദമായിരുന്നുവോ മുല്ലന്‍ മാഷ്.  ഇക്കാരണങ്ങള്‍ കൊണ്ടു കൂടിയായിരിക്കണം അക്കാദമി സ്ഥാനമാനങ്ങളില്‍ മുല്ലന്‍ മാഷ് ലിസ്റ്റ് ചെയ്യപ്പെടാതിരുന്നത്.അക്കാദമിയില്‍ മാഷ് ഇരുന്നിരുന്നെങ്കില്‍ ഞാനിത് എഴുതുമായിരുന്നില്ലല്ലോ.


‘തലയെന്നു പറയുമ്പോള്‍ ചീര്‍പ്പെടുക്കാനോങ്ങുന്ന തലമുറയാണെന്റെ ശത്രു‘ എന്ന് കവിതയിലും ‘മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു,മനുഷ്യന്‍ കാണാത്ത പാതകളില്‍  ‘ എന്ന് സിനിമയിലും പാട്ടായി കേട്ടിട്ടുണ്ട്.കവിത മാത്രമായിരുന്നില്ലല്ലോ      മുല്ലന്‍  മാഷ്.അതിനു മീതെയുള്ള പലതായിരുന്നു. പലര്‍ക്കും അങ്ങിനെയായിരിക്കണം.പെരിങ്ങാവിലെ   ചായക്കട നടത്തിയിരുന്ന മണിയേട്ടന് മാഷ് നല്ലൊരു സുഹൃത്തായിരുന്നു.മണിയേട്ടനെ കാണാന്‍ ഇടക്കിടെ വരുമായിരുന്നു.മണിയേട്ടനു വേണ്ടി മാഷ് വരുമ്പോഴൊക്കെ എന്തെങ്കിലും പ്രത്യേകമായി   കരുതുമായിരുന്നു.   മാഷിന്റെ കവിത വായിച്ചിട്ടുണ്ടൊ എന്നു ചോദിച്ചപ്പോള്‍ അങ്ങിനെയൊരു ഏര്‍പ്പാടും മാഷിനുണ്ടായിരുന്നോ എന്നൊരു മട്ടായിരുന്നു മണിയേട്ടന്റെ മുഖത്ത്.ഒരിക്കല്‍ പെരിങ്ങാവിലെ ശ്രീരാമേട്ടന്റെ സ്റ്റുഡിയോവില്‍ കരിമുകള്‍ എന്ന ഡോക്യൂമെന്ററിയുടെ എഡിറ്റിലിരിക്കുമ്പോള്‍ മാഷ് കയറി വന്നു.കയ്യില്‍   പ്ലാസ്റ്റിക്ക് കവര്‍.അതില്‍ നിറയെ പണം. ഏതോ ആല്‍ബം നിര്‍മ്മാതാക്കാള്‍ നിര്‍ബ്ബന്ധിച്ചേല്‍പ്പിച്ചതാണ് എന്നു പറഞ്ഞു.  .മാഷ് കവര്‍ റിസപ്ഷന്‍ കൌണ്ടറിനു മേലെ വെച്ചു.ആവശ്യമുള്ളതെടുക്കാന്‍ എന്നോടു ആവശ്യപ്പെട്ടു.ഇപ്പോള്‍ പൈസക്ക് ആവശ്യമില്ല എന്നു പറഞ്ഞിട്ടും ആയിരം രൂപം  തന്നതിനു  ശേഷമാണ് മാ‍ഷ് സ്ഥലം വിട്ടത്.തിരിച്ചു പോകുമ്പോള്‍ മണിയേട്ടന്റെ ചായക്കടയിലെ കൂട്ടിക്കെട്ടിയ കാലുകളുള്ള മേശമേലും മാഷ് ഈ പ്ലാസ്റ്റിക് കവര്‍ വെച്ചിട്ടുണ്ടാവും.ഇതു പോലെ   ഒരു ദിവസം  ആശാന്റെ നാട്ടില്‍ കവിത ചൊല്ലാന്‍ വന്നപ്പോള്‍ ഞാന്‍ തമസിക്കുന്ന തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയില്‍ വന്നു,വെങ്കിടിയുടെ വീട്ടില്‍ .അവിടെ നിന്നും കവിതയുമായി മാഷ് കായിക്കരക്ക്.കൂടെ അസലുവിനേയും കൊണ്ടു പോയി.അസലുവായിരുന്നു അഷ്ടമൂര്‍ത്തിക്കഥകള്‍ ചെയ്യുമ്പോള്‍ മുല്ലന്‍ മാഷുടെ  മാനേജര്‍ .വഴി തെറ്റിപ്പോകാതിരിക്കാന്‍ അസ്ലു ചൂരല്‍ വടിയുമായി നിന്നു.മാഷ് ഒരു കുട്ടിയുടെ പോലെ അസലുവിനെ അനുസരിച്ചു,അല്ലെങ്കില്‍ അങ്ങിനെ അഭിനയിച്ചു.രാത്രിയാവുമ്പോള്‍ വടിയെല്ലാം ഒരു മൂലക്കെറിഞ്ഞ് അസലുവും മാഷും മുങ്ങും.രാവിലെ വീണ്ടും മാഷും കുട്ടിയുമായി റെഡിയായി നില്‍ക്കും.കായിക്കരക്ക് പോയ അസലു വഴിക്ക് വെച്ച് മാഷുമായി വഴക്കുകൂടി വഴിക്കു വെച്ചു തന്നെ പിരിഞ്ഞു.പാതിരാ പന്ത്രണ്ടു മണിക്ക് മാഷുടെ ഫോണ്‍  .കെ.പി.കുമാരന്റെ വീട്ടില്‍ പോകയാണെന്നും കാത്തിരിക്കേണ്ടെന്നും.സൌഹൃദത്തില്‍ മാഷ് കിറുകൃത്യമാകുന്നു,ഏതവസ്ഥയിലും.
 കവിതക്കപ്പുറമുള്ള മാഷിനെ പലര്‍ക്കും അലര്‍ജിയായിരുന്നു,പേടിയായിരുന്നു.മാഷിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ  പ്രഭാഷകനായിരുന്ന മോഹനേട്ടന്‍ പറഞ്ഞു,ഞാനും മാഷിനെ മാറിനടന്നിട്ടുണ്ട്.മോഹനേട്ടന്റെ സിനിമയിലെ പാട്ടെഴുത്ത് പേടിച്ച് മുല്ലാന്‍ മാഷും കുറെ മാറിനടന്നിട്ടുണ്ടല്ലോ.പക്ഷെ അവര്‍ തമ്മില്‍ നല്ല സൌഹൃദമായിരുന്നു.മോഹനേട്ടനെപ്പറ്റി നല്ലതു മാത്രമേ പറഞ്ഞുകേട്ടിട്ടുള്ളൂ,എല്ലാവരും പറയുന്നതു പോലെ. ജോണ്‍ എബ്രഹാമും അയ്യപ്പനും ഇതേ അനുഭവത്തിലൂടെ ജീവിതം ആഘോഷിച്ചവരാണ് .മാറിനടക്കല്‍ കുറെ കണ്ടിട്ടുള്ളവരാകുന്നു.റോഡില്‍ കുടിച്ചു കിടക്കുമ്പോഴും നാട്ടുകാര്‍ തിരിച്ചറിഞ്ഞ് ഇതു നമ്മുടെ ജോണ്‍ എബ്രഹാം അല്ലെ എന്നു പറയുന്നത്  അഹംഭാവത്തോടെ ജോണ്‍ അത് കേട്ടുകിടക്കാറുള്ള  കാര്യം കെ.ജി.ശങ്കരപ്പിള്ള പറഞ്ഞത് ഓര്‍മ്മ വരുന്നു.കവിത മാഷിനു പശ്ചാത്തലമായിരുന്നു.അതിന്റെ പിന്‍ ബലം കൊണ്ടു കൂടിയായിരിക്കണം കലഹിക്കാനുള്ള ആര്‍ജ്ജവം കിട്ടിയത്.വീട്ടുമര്യാദകളോടും നാട്ടുനടപ്പുകളോടും കലഹിച്ചു. മദ്യം ഒരു മറയായിരുന്നിരിക്കണം.കാണിക്കുന്ന ധിക്കാരങ്ങള്‍ക്കുള്ള ഒരു മറ.അപ്പോഴൊക്കെ കെട്ടവാക്കുകള്‍  കെട്ടിക്കിടന്നതിന്‍ കനം  മാഷ് ഇറക്കിവെച്ചിട്ടുണ്ടായിരിക്കണം.

അടുത്തവരുടെ മരണം കാണുക സുഖകരമല്ല.മാഷ് മരിക്കുമ്പോള്‍ ഞാന്‍ പുറത്തായിരുന്നു. എന്റെ    ‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം’ സിനിമയും ടി.വി.ബാലകൃഷ്ണന്‍ സഞ്ജു മാധവ് ടീമിന്റെ നാടകവും ദുബായ് ചില്‍ഡ്രന്‍സ് ക്രീക്ക് പാര്‍ക്കില്‍ അരങ്ങേറുകയായിരുന്നു മരണ ദിവസം.ഞങ്ങള്‍ പാലക്കാട്ടെക്ക് വിളിച്ച് ജ്യോതിബാ‍യ് പരിയാടത്തിനോട് മാഷിന്റെ   കവിത ആലപിച്ച് പെട്ടെന്നയക്കാന്‍ പറഞ്ഞു.പരിപാടികള്‍ക്കു മുമ്പായി ഞങ്ങള്‍ മാഷെ അനുസ്മരിച്ചു,ജ്യോതിബായ് അയച്ചു തന്നെ ‘നാറാണത്ത് ഭ്രാന്തന്‍’ എന്ന കവിതയും പ്ലേ ചെയ്തുകൊണ്ട്.മാഷുടെ കവിത ആഴത്തില്‍ തൊട്ട നിമിഷമായിരുന്നു അന്ന്.മരിച്ചാലും ചിലര്‍ തൊടുന്നത് മരിക്കാത്ത വിരലുകള്‍ കൊണ്ടാവണം,കവിതയായിരുന്നു അന്ന് സദസ്സിനെയാകെ തൊട്ടത്.


സാധാരണ മനുഷ്യര്‍ നടന്നു പോയ വഴികളില്‍ മാത്രമെ മാഷെ കണ്ടിട്ടുള്ളൂ,കവിതയുടെ വഴി വേറെ.പലിശക്ക് പണം തൊടാത്ത,റിയല്‍ എസ്റ്റേറ്റ് നടത്താത്ത,അധികാരത്തെ ഓര്‍ക്കുമ്പോള്‍ നട്ടെല്ലു വളയാത്ത മനുഷ്യര്‍ തരുന്നത് അപാരമായ സൌന്ദര്യമാണ്.അങ്ങിനെയൊരു സൌന്ദര്യമായിരുന്നു മുല്ലന്‍ മാഷ്.ഒരു കളത്തിലും ഒതുക്കാന്‍ പറ്റാത്തവന്‍,ഒരു കളത്തിലും ഒതുങ്ങാത്തവന്‍.
ഏതു പ്രകാരത്തിലും എല്ലാമായവനും,ചിലതില്‍ ഒറ്റയായവനും.


3 comments:

മണിലാല്‍ said...

മുല്ലന്‍ കവിത ആഴത്തില്‍ തൊട്ട നിമിഷമായിരുന്നു അത്.മരിച്ചാലും മനുഷ്യര്‍ തൊടുന്നതിങ്ങനെയായിരിക്കും.

സാധാരണ മനുഷ്യര്‍ നടന്നു പോയ വഴികളില്‍ മാത്രമേ മാഷെ കണ്ടിട്ടുള്ളു,കവിതയുടെ വഴി വേറെ.പലിശക്ക് പണം കൊടുക്കാത്ത,റിയല്‍ എസ്റ്റേറ്റ് നടത്താത്ത, അധികാരത്തെ കാണുമ്പോള്‍ നട്ടെല്ലു വളയാത്ത മനുഷ്യര്‍ തരുന്നത് അപാരമായ സൌന്ദര്യമാണ്.അങ്ങിനെയൊരു സൌന്ദര്യമായിരുന്നു മുല്ലന്‍ മാഷ്.ഒരു കളത്തിലും ഒതുക്കാന്‍ പറ്റാത്തവന്‍,ഒരു കളത്തിലും ഒതുങ്ങാത്തവന്‍.

ഏതുപ്രകാ‍രത്തിലും എല്ലാമായവനും, ചിലതില്‍ ഒറ്റയായവനും.

മണിലാല്‍ said...

ദൂരദര്‍ശനുവേണ്ടി ഞാന്‍ അഷ്ടമൂര്‍ത്തിക്കഥകള്‍ നിര്‍മ്മിക്കുമ്പോള്‍ യയാതി എന്ന കഥയില്‍ മുല്ലന്‍ മാഷായിരുന്നു പ്രധാന ഭാഗം അഭിനയിച്ചത്.മറ്റൊരു അരാജകവാദിയായ കോട്ടയത്തെ വര്‍ക്കിച്ചനും അതില്‍ അഭിനയിച്ചു. കണ്ടു മുട്ടിയതും അവര്‍ ആത്മബന്ധം സ്ഥാപിച്ചുകഴിഞ്ഞിരുന്നു.അരാജകവാദികളുടെ ഖജനാവില്‍ കാത്തിരിക്കാന്‍ അധിക സമയമില്ല. മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയും അതില്‍ ഉണ്ടായിരുന്നു.എഴുത്തിലെ മറ്റൊരു മാനവികതയായിരുന്നു മുണ്ടൂര്‍ മാഷ്. സീരിയലില്‍ അഭിനയവുമായി നടക്കുന്ന സമയത്ത് റെയില്‍ വേ സ്റ്റേഷനുകളിലാണ് മുണ്ടൂര്‍ മാഷെ കാണുക. വീട്ടുകാരനായിരുന്നുവെങ്കിലും സ്ഥാപനങ്ങളെ അതേപടി അംഗീകരിക്കാന്‍ മുല്ലന്‍ മാഷിനാവുമായിരുന്നില്ല.സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാഹിത്യത്തെ,സംസ്കാരത്തെ,സദാചാരത്തെ,രാഷ്ട്രീയത്തെ,സൌഹൃദത്തെ മാഷ് എപ്പോഴും മുഷ്ഠി ചുരുട്ടി പരിഹസിച്ചു കൊണ്ടിരുന്നു.അതിനു വേണ്ടി ഗുണ്ട എന്ന പദത്തെ തോരാ മഴ പോലെ ഉപയോഗിച്ചു കൊണ്ടിരുന്നു.

Narippatta Raju - Theatre said...

Manilal, Thanks.


നീയുള്ളപ്പോള്‍.....