പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, April 17, 2013

ബോധി കോളേജ്,വാടാനപ്പിള്ളി പി.ഒ.(നിലവില്‍ ഇല്ല)

 
 


ണ്ടുപണ്ട്  ട്യൂട്ടോറിയല്‍ കോളേജ് എന്ന പേരോടു കൂടിയ  സ്ഥാപനങ്ങള്‍  നാടുനീളെ   പ്രവര്‍ത്തിച്ചുപോന്നിരുന്നു  .വിദ്യാര്‍ത്ഥികളില്‍ പത്താം ക്ലാസ്സ് തോറ്റ് തുന്നം പാടിയവരുടെയും  കോളേജില്‍ സീറ്റു കിട്ടാത്ത ഇരുന്നൂറ്റിപ്പത്തെന്ന മിനിമം മാര്‍ക്കുകാരുടെയും,   വിവാഹാര്‍ത്ഥികളായ  പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രദര്‍ശനത്തിനു വെക്കാവുന്ന ഒരിടം എന്ന നിലയിലും,കോളേജില്‍ പ്രേമിക്കാന്‍ ഇടം കിട്ടാതെ വന്ന പുരുഷന്മാരുടെ ഇച്ഛാഭംഗം  ഒഴിവാക്കാനുള്ള  അത്താണി എന്ന നിലയിലുമൊക്കെ ഈ സ്ഥാപങ്ങള്‍ അതിന്റെ സാമൂഹികവും മാനുഷികവുമായ നിയോഗങ്ങള്‍  നിര്‍വ്വഹിച്ചു പോന്നിരുന്നു.

   കോളേജ് വിട്ട് എന്തുചെയ്യണമെന്നറിയാതെ എത്തും പിടിയും കിട്ടാതെ മാനത്തു നോക്കി നിന്നവര്‍ക്ക് കണ്ണില്‍ത്തടഞ്ഞത്   ഏതെങ്കിലും ട്യൂട്ടോറിയല്‍ കോളേജിന്റെ സൈന്‍ ബോര്‍ഡായിരിക്കും.അവര്‍ക്കും  ഒരു ഇടത്താവളം കിട്ടി.കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഇനിയെന്ത്   എന്നറിയാതെ ഉഴലുന്നവരാണിവിടെ അധികം വന്നെത്തിയത്.ഒന്നുമില്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ഒന്നിനും കൊള്ളിങ്കില്‍  പൊളിറ്റിക്സ് എന്ന രീതിയില്‍ തൊഴില്‍ സംസ്കാരം ഇന്നത്തെപ്പോലെ അന്ന്  വളര്‍ന്നിരുന്നില്ല അന്ന്.ഇന്നാണെങ്കില്‍ ആര്‍ക്കും എഞ്ചിനീയറിംഗിനു ചേരാം,അല്ലെങ്കില്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാം.   ഇവിടെ ആര്‍ക്കും ചേരാം, എന്തും പഠിപ്പിക്കാം.   ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ നിന്നും  പഠിച്ചിറങ്ങിയ അഥവാ പടിയിറങ്ങിയ  ഡോക്ടര്‍മാര്‍ പി.എസ്.സി. ടെസ്റ്റ് എഴുതിയ കഥ കേട്ടുകാണുമല്ലോ.കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആ‍ര്‍ എന്നതിനുത്തരമായി ചില ഡോക്ടര്‍മാര്‍ എഴുതിയത്,കേരളത്തില്‍ വിദ്യാഭ്യാസത്തിനു മന്ത്രിയുണ്ടോ,അതിന്റെ ആവശ്യമുണ്ടൊ എന്നൊക്കെയാണ്.    അവര്‍ അങ്ങിനെ വിചാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.പി.എസ്.സി.ചെയര്‍മാന്‍ പോലും നാണംകെട്ടുപോയി,വൈദ്യന്മാരുടെ ജെനറല്‍ നോളേജില്‍. യൂണിവേര്‍സിറ്റിയില്‍ പഠിക്കുന്നവരും മന്ത്രിയുണ്ടോ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.എന്തായാലും  പി.എസ്.സി.ടെസ്റ്റ് എഴുതാനും എഴുതിയതിനു ശേഷം കാലാകാലങ്ങള്‍ കാത്തിരിക്കാനുമുള്ളതായി  ഈ സ്ഥലം ഉപകരിച്ചു.സര്‍ക്കാര്‍ ജോലി കിട്ടാത്തവരും ഗള്‍ഫില്‍ പോകാന്‍ കഴിയാത്തവരുമൊക്കെ  സഹപ്രവര്‍ത്തകയെ ഈ കൂരയില്‍ നിന്നും കണ്ടെത്തി ശിഷ്ട ജീവിതം അവിടെത്തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു,ജനിച്ചാല്‍  എവിടെയെങ്കിലും അവസാനിക്കണമല്ലോ.അത് ട്യൂട്ടോറിയലില്‍ ആയാ‍ലെന്ത്. പെണ്ണാലോചിക്കുമ്പോള്‍ നിന്നു തിരിയാന്‍ ഒരു ജോലി നിര്‍ബ്ബന്ധം.ട്യൂട്ടോറിയല്‍ ആണെങ്കിലും അദ്ധ്യാപകരാണല്ലൊ.ചെറിയ ചമ്മലോടെയെങ്കിലും തലയുയര്‍ത്തി പറയാം,വാദ്ധ്യാരാണെന്ന്.എവിടെയെന്ന് ചോദിക്കുമ്പോളാണ് തല ചൊറിയേണ്ടിവരിക.അതു കൊണ്ടു കൂടിയാണ്  ഒരേ കൂരയില്‍ നിന്നു തന്നെ പെണ്ണാലോചിക്കുന്നത്,ഒന്നുകില്‍ വിദ്യാര്‍ത്ഥി,അല്ലെങ്കില്‍ സഹപ്രവര്‍ത്തക.
ട്യൂട്ടോറിയല്‍ കോളേജെന്നെ ഇട്ടാവട്ടത്തില്‍ നിന്നും ജീവിതപരീക്ഷണങ്ങളുടെ ഇരുണ്ട ലോകത്തേക്ക് ഇണയുടെ കൈപിടിച്ചു പൊയവര്‍ അവിടെ നിന്നും പാസ്സായി പോയവരേക്കാള്‍ പതിന്മടങ്ങാകുന്നു.ജയിച്ചവരെ ചെറിയ പരസ്യ പോസ്റ്ററില്‍ ഒതുക്കാം.കൈപിടിച്ചു പോയവരുടെ കാര്യത്തിലാണെങ്കില്‍ കയ്യും കണക്കുമില്ല.വെറും പ്രണയങ്ങള്‍ വേറെയും.പ്രണയപരാജയങ്ങളുടെ കണ്ണീര്‍ക്കടലായിരുന്നു ഒരു കാലത്ത് ട്യൂട്ടോറിയല്‍ കോളേജുകള്‍.
പ്രണയങ്ങള്‍ പൂക്കുന്നതും കൊഴിയുന്നതും കാണാന്‍ എന്തു രസമാകുന്നു.   പ്രണയിച്ചു വിവാഹം കഴിക്കുന്നത്,പ്രണയിച്ചു വഞ്ചിക്കുന്നതിനു സമമാകുന്നു എന്നു തിരിഞ്ഞത് ഇക്കാലത്താണ്.ഏതോ തീരദേശ കവി പാടിയതു പോലെ വേരുകള്‍ക്ക്  അയവിറക്കാന്‍   കൊഴിഞ്ഞ പൂക്കള്‍ വേണം.മനുഷ്യനു അയവിറക്കാന്‍  നഷ്ട പ്രണയങ്ങളും. നഷ്ട പ്രണയങ്ങളുടെ കൂറ്റന്‍ ഫാക്ടറിയാണ് ട്യൂട്ടോറിയല്‍ കോളേജുകള്‍  .ലോകം മുഴുവന്‍ പ്രണയം അയവിറക്കുന്നതു നിങ്ങള്‍ ശ്രദ്ധിച്ചി ട്ടില്ല്ലെ? .പക്ഷെ, അവരെല്ലാം ട്യൂട്ടോറിയല്‍ കോളേജില്‍ പഠിച്ചവരാകണമെന്നില്ല.


ഫിലിം സൊസൈറ്റി,നാടക പ്രവര്‍ത്തനങ്ങള്‍ ,നവരാഷ്ട്രീയ ചിന്തകള്‍,യുക്തിവാദം,മിശ്രവിവാഹ സംഘം, എന്നിവയെല്ലാം  പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ  ഭാഗമായിരുന്നു.പുരോഗമനപരമായ ആശയങ്ങള്‍ ഉല്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്ന ഒരു സ്ഥാപനം കൂടിയായിരുന്നു തോറ്റോടിക്കോളേജ് എന്ന് കുറ്റപ്പേരുള്ള ഈ ട്യൂട്ടോറിയല്‍ കോളെജുകള്‍ .


ലൈബ്രറികള്‍ പോലെ ഒരു പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളാവാനും  വലിയ സംഭാവനകള്‍ നല്‍കാനും ഇത്തരം സ്ഥാപനങ്ങള്‍ ഉതകിയിട്ടുണ്ട്.പ്രകൃതി ,ചരിത്രം,സാഹിത്യം,സിനിമ,നാടകം ,പ്രണയം  തുടങ്ങി മാവോ ചിന്തകള്‍ ഇവിടെ പാഠ്യവിഷയമാവാറുണ്ട്.   വഴിതെറ്റിക്കുന്ന പുസ്തകങ്ങള്‍   ഇത്തരം സ്ഥാപനങ്ങളില്‍   തലതിരിഞ്ഞ ചില യുവാക്കള്‍ വില്പനക്കായി കൊണ്ടുവരുമായിരുന്നു.അന്നിതെല്ലാം കൊണ്ടുവന്നവനെ  ഇന്നു കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്നു തോന്നുന്നുണ്ട്. വിപ്ലവം തോക്കിന്‍ കുഴലിലൂടെ,രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു,കാറ്റിനൊപ്പം ഒരു കുട്ട നിറയെ ഉമ്മകള്‍  എന്നൊക്കെയുള്ള അബദ്ധങ്ങള്‍  ഈ പുസ്തകങ്ങളില്‍ നിന്നും വീണുകിട്ടിയതായിരുന്നു.ഒറ്റവൈക്കോല്‍ വിപ്ലവം,മര്‍ദ്ദനത്തിന്റെ ബോധനശാസ്ത്രം എന്നിങ്ങനെ  ഒരുപാടു ലോകോത്തര ചിന്തകള്‍ ഇവിടെ കയറിയിറങ്ങിയിട്ടുണ്ട്.വാള്‍ടര്‍  ബെഞ്ചമിന്‍ ,അഡോണ,വില്‍ഹം റീഹ്,മാര്‍ക്വേസ്,സെക്കന്റ് സെക്സ്,കാഫ്ക ,നെരൂദ  സില്‍വിയ പ്ലാത്ത്,ഇസഡോറ ഡങ്കന്‍  ,   ,കടമ്മനിട്ട,സ്ച്ചിദാനന്ദന്‍,കെ.ജി.എസ്,ആറ്റൂര്‍,സി.ആര്‍.പരമേശ്വരന്‍,ആനന്ദ്,വിജയന്‍,മാധവിക്കുട്ടി,തര്‍ക്കോവ്സ്കി,ഗോദാര്‍ദ് ,ലൂയി ബുനുവല്‍,ഋതിക്ക് ഘട്ടക്ക് ,അലന്‍ റെനെ,അരവിന്ദന്‍,ജോണ്‍ എബ്രഹാം,അടൂര്‍,സത്യജിത് റായി    എന്നിങ്ങനെ ലോകം ചുറ്റിക്കറങ്ങി നിന്നു, ഞങ്ങളുടെ ബോധി കോളേജ് പരിസരങ്ങളില്‍.പലയിടത്തും ഇതു തന്നെയായിക്കാം സ്ഥിതിഗതികള്‍.


ആശയരൂപീകരണത്തില്‍ ഞങ്ങള്‍ക്കിടയില്‍ പ്രധാനി ടി.അര്‍.രമേഷായിരുന്നു.അന്നും ഇന്നും രമേഷ് വായനയും ചിന്താപദ്ധതിയുമായി ഞങ്ങള്‍ക്കിടയിലുണ്ട്.  രാഷ്ട്രീയപക്ഷം പിടിച്ച്   മികച്ച  ഭാഷയിലെഴുതിയ നോട്ടീസുകളാണ്   എക്കാലത്തേക്കും രമേഷിന്റെ  മികച്ച സൃഷ്ടികള്‍.നിത്യഹരിതം പ്രേംനസീര്‍ രാഷ്ട്രീയത്തിലിറങ്ങി വാടാനപ്പിള്ളിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ രമേഷ് എഴുതിയ നോട്ടീസ് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.മരിച്ചവരെ കുറിച്ച് നല്ലതേ പറയാവൂ എന്നൊരു വഴക്കം ഉള്ളതിനാല്‍ അത് ഓര്‍മ്മയില്‍ തന്നെ കിടക്കട്ടെ.ഇപ്പോള്‍ രമേഷ് രാഷ്ട്രീയ ലേഖനങ്ങളും എഴുതിത്തുടങ്ങിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ രണ്ടു ബോധി കോളേജുകളുണ്ട്,ഒന്ന് ഞങ്ങള്‍  വാടാനപ്പള്ളിക്കാരുടെ.പിന്നെയുള്ളത് വേലൂരുള്ള ശേഖരന്‍ മാഷുടെ.ഈ സ്ഥാപങ്ങള്‍ പരസ്പരം ബ്രാഞ്ചുകളോ ഹെഡ് ഓഫീസോ അല്ല.  പരസ്പരം അറിയാം.ഏകദേശം ഒരേ തൂവല്‍ പക്ഷികളെ പോലെ തോന്നുമെങ്കിലും അങ്ങിനെയല്ല.ശേഖരന്‍ മാഷ് പ്രൊഫഷണലായി ചെയ്യുന്നു.ഞങ്ങള്‍ വാടാനപ്പള്ളിക്കാര്‍ തോന്നിയതു പോലെ ചെയ്യുന്നു,ഏതു കാര്യത്തിലുമെന്നപോലെ.ചിലപ്പോള്‍ ഒരേ പോലുള്ള പരസ്യ പോസ്റ്ററുകള്‍ അടിച്ച് മറ്റുള്ളവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.പോസ്റ്റര്‍ അടിക്കുന്നതിലെ ചിലവു കുറക്കാനായിരുന്നു ഇത്.ബാലചിത്രകാരനായ ക്ലിന്റിന്റെ ചിത്രം വെച്ചിറക്കിയ പോസ്റ്റര്‍ മനോഹരമായിരുന്നു.


ഏതൊരു കോളേജിനും ഒരു പ്രിന്‍സിപ്പല്‍ ഉണ്ടായിരിക്കണം എന്നു ദൈവകല്പനയുള്ളതു പോലെ ട്യൂട്ടോറിയല്‍ കോളേജിനും ഉണ്ടായിരുന്നു  അങ്ങിനെ ഒരേര്‍പ്പാട്.ഫീസ് കൊടുത്തില്ലെങ്കില്‍ മാത്രം കുട്ടികള്‍ പ്രിന്‍സിപ്പലിനെ അറിയും.അതാണയാളുടെ പണി.വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് പിരിക്കുക,ക്ലാസ്സെടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുക.പ്രിന്‍സിപ്പലിനെ കാണുമ്പോള്‍ അടുത്തുള്ള മാവിലോ പ്ലാവിലോ ഓടിക്കയറി യിരിക്കുന്ന  കുട്ടികളെ അന്നൊക്കെ കാണുമായിരുന്നു.പ്രകൃതിസ്നേഹികളായതിനാല്‍ മരങ്ങള്‍ മുറിച്ചുകളയാനും പറ്റില്ല.  ബോധി  വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് അധികം വാങ്ങാറില്ല.ക്ലാസ്സ് സമയത്ത് പലപ്പോഴും ഓഫീസ് മുറിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇവിടെ ട്യൂഷനു വരുന്നതില്‍ വലിയ കാര്യമൊന്നുമുണ്ടായിരുന്നില്ല.അമ്പലത്തിലൊക്കെ പോകുന്നതു പോലെ വരുന്നു,പോകുന്നു.ഒന്നും സംഭവിക്കില്ല.ഓലമറക്കപ്പറത്തിരുന്ന് ചര്‍ച്ച കേട്ട വിദ്യാര്‍ത്ഥികള്‍ ഈ മാഷന്മാര്‍ക്കെന്താ  ഭ്രാന്തായൊ എന്ന് ഉല്‍ക്കണ്ഠപ്പെട്ടിട്ടുണ്ടായിരിക്കണം. (അതിന്റെ ഓര്‍മ്മയിലാണെന്നു തോന്നുന്നു  പഴയ വിദ്യാര്‍ത്ഥിനി പൂനെയില്‍  വെച്ചു കണ്ടപ്പോള്‍ അമ്പരന്നു നിന്നു, ഒരു നിമിഷം). ആയതിനാല്‍ പ്രിന്‍സിപ്പല്‍ ആയ ഗഫൂറിനു ഏതിന്റെ പേരിലാണ് ഫീസ് വാങ്ങുക എന്നൊരു ശങ്കയും കുറ്റബോധവുമുണ്ടായിരുന്നു.നാലു മുളയും രണ്ടുകെട്ടു ഓലയുമുണ്ടെങ്കില്‍ ആര്‍ക്കും പ്രിന്‍സിപ്പല്‍ ആവാന്‍ കഴിയുമെന്നൊരു വിചാരം ഗഫൂറിനു മാത്രമല്ല, എല്ലാവര്‍ക്കും ഉണ്ടായിരുന്നു.(പക്ഷെ ഇപ്പോള്‍ ഗഫൂര്‍ സീരിയസ് ആണ്.നല്ല നിലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു.ഇതു കണ്ടു ഞാന്‍ മൂക്കത്തു വിരല്‍ വെച്ചു പോയി.ഗഫൂറും നല്ല ശമരിയക്കാരനായിരിക്കുന്നു.)ചര്‍ച്ചകള്‍ ഒരുവഴിക്കും പിള്ളേര്‍ മറ്റൊരു വഴിക്കും എന്നുള്ളതാണിവിടുത്തെ രീതി.ചര്‍ച്ചക്കിടവേളകളില്‍ മാധവേട്ടന്റെ ചായക്കടയിലേക്ക് മാഷന്മാര്‍ ഒന്നടങ്കം മാര്‍ച്ച് ചെയ്യും.(ടീച്ചര്‍മാര്‍ക്ക് അന്നൊന്നും ടീഷോപ്പില്‍ പ്രവേശനമില്ലായിരുന്നു.)   അവിടേയും ചര്‍ച്ച.പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്നു പറയുമ്പോലെ. ഞങ്ങള്‍ ചായക്കടയിലേക്ക് പോകുന്നതും കാത്ത്  ബേബി വാച്ച കമ്പനി എന്ന പേരില്‍      ഒരാള്‍ കണ്ണില്‍ ഐ ഗ്ലാസ്സും വെച്ചിരിപ്പുണ്ടാകും.കൈവാച്ചോ ടൈമ്പീസോ,ക്ലോക്കോ റിപ്പയറിനു വന്നവരുടെ കയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങി ഞങ്ങളുടെ ബില്‍ കൊടുക്കാനുള്ള പണവുമായി സുകുവേട്ടന്‍   വെയിലിലേക്കിറങ്ങും.അല്ലെങ്കില്‍ സുകുവേട്ടന്‍ വരുന്നതു വരെ ചര്‍ച്ച തുടരേണ്ടി വരും (ബേബി വാച്ച കമ്പനിയിലെ സുകുവേട്ടന്‍ .കടുത്ത കമ്യൂണിസം കൊണ്ടു കറുത്തു പോകുകയും ബീഡിവലി ചായ എന്നിവയുടെ അമിതമായ ഉപയോഗത്താല്‍ ശോഷിച്ചു പോകുകയും ചെയ്ത ഒരു മാന്യദേഹം.ഈയിടെ സുകുവേട്ടന്‍ ഡോക്ടറെ കണ്ടു.എന്താ രോഗം എന്നതിന് ബീഡിവലിച്ചു പുക അകത്തേക്കെടുക്കാന്‍ വലിയ ബുദ്ധിമുട്ടെന്നു പറഞ്ഞ് ഡോക്ടറെ കുടുകുടാ ചിരിപ്പിച്ച മാന്യദേഹമാകുന്നു .പിടിച്ചപിടി ഡോക്ടര്‍ കത്തിച്ച സിഗാര്‍ കുത്തിക്കെടുത്തി സുകുവേട്ടന്റെ പുകവലി എല്ലാക്കാലത്തേക്കും നിരോധിച്ചു ഉത്തരിവിറക്കി.ഇപ്പോ കടക്കാര്‍ പോലും സുകുവേട്ടനു സിഗാര്‍ കൊടുക്കില്ല.ഇപ്പോള്‍ സുകുവേട്ടന്റെ പ്രായം തെറ്റായി നന്നാക്കിയ വാച്ചു പോലെ പിറകോട്ടു പോയ്ക്കൊണ്ടിരിക്കുന്നു.)സഖാവ് രാഘവേട്ടനും സുകുവേട്ടനൊപ്പം കൂടും.(ശാഠ്യകമ്യൂണിസ്റ്റായ രാഘവേട്ടന്‍ അടിച്ചാല്‍ തിരിച്ചടിക്കുന്ന ആളാണ്.ഒരിക്കല്‍ സബ് ഇന്‍സ്പെക്ടറേയും ഇങ്ങിനെ തിരിച്ചടിച്ചു.ഒരു ചെവിക്കടിച്ചാല്‍ മറുചെവി കാണിച്ചു കൊടുക്കുന്നതാണ് ഗാന്ധിജിയുടെ നാട്ടില്‍ പിഴച്ചുപോകാന്‍ നല്ലതെന്ന് പാര്‍ട്ടി ഉപദേശിച്ചു.രാഘവേട്ടന്‍    കേസ് കോടുത്ത്           

സബ്  ഇന്‍ സ്പെക്ടറെ         വട്ടംകറക്കി   സര്‍ക്കിള്‍ ഇസ്പെക്ടറാക്കി.മരിച്ചാല്‍ ബോഡി മെഡിക്കല്‍ കോളേജില്‍ ഏല്പിക്കാന്‍ പറഞ്ഞ് രാഘവേട്ടന്‍ ഞങ്ങളുടെ നാട്ടിലെ  റിയല്‍ കമ്യൂണിസ്റ്റായി മാറി.) സൗമ്യമായി പുകവലിച്ചും കുറുകിയും   സുകുവേട്ടന്‍  ചര്‍ച്ചയില്‍ പങ്കെടുക്കും.ഇരുതലയന്‍ പാമ്പുകളെ പോലെ   പുകയും കുറുകലും  സന്തോഷത്തിന്റെ രണ്ടറ്റങ്ങളായിരുന്നു  സുകുവേട്ടന്.

  ചായ പരിപ്പുവട പുഴുങ്ങിയ മുട്ട ബോണ്ട സുഗിയന്‍ പഴമ്പൊരി എന്നിവക്കു ശേഷം വീണ്ടും ഓഫീസ്,ചര്‍ച്ച.ചര്‍ച്ചകളാണോ സമൂഹത്തെ നിലനിര്‍ത്തുന്നത് എന്ന് അന്നൊക്കെ തോന്നിയിട്ടുണ്ട്,അന്നത്തെ തീപ്പൊരി ചിതറും ചര്‍ച്ചകള്‍ കേട്ടിട്ട്.ചര്‍ച്ചകള്‍ ട്യൂട്ടോറിയല്‍ കോളേജുകളെ നിലനിര്‍ത്തില്ല എന്ന് അക്കാലം തന്നെ മനസ്സിലായി.സ്വാഭാവികമായും ബോധിജീവിതം സ്വാഭാവികമരണത്തിലെത്തി.


പരസ്പരം ചര്‍ച്ച ചെയ്തു ബോറടിക്കുമ്പോള്‍ പുറമെ നിന്ന് ആളുകളെ കൊണ്ടു വരും.അപ്പോ ജീവന്‍ കലാവേദിയെന്നോ,ലെഫ്റ്റ് പ്ലാറ്റ് ഫോം എന്നൊ തിയ്യട്രിക്കള്‍ ഗാതറിംഗ് എന്നോ സ്ക്രീന്‍ ഫിലിം സൊസൈറ്റി എന്നൊ പേരിടും.സച്ചിദാനന്ദന്‍ , ആനന്ദ്  ,രാജന്‍ കുരിക്കള്‍ ,കെ.വേണു ,കടമ്മനിട്ട , ബാലചന്ദ്രന്‍ ചുള്ളിക്കാട് ,എം. ഗംഗാധരന്‍ ,കെ.ജി.ശങ്കരപ്പിള്ള,നീലന്‍ ,ഐ.ഷണ്മുഖദാസ്,അയ്യപ്പന്‍ ,  എന്നിങ്ങനെ പ്രഗല്‍ഭന്മാര്‍ പലരും വന്നു,ഞങ്ങളെ ചര്‍ച്ചകള്‍ കൊണ്ട് പൊറുതിമുട്ടിക്കാന്‍ .ജോണ്‍ പല വട്ടം വരനൊരുങ്ങിയതായിരുന്നു.എവിടെയോ വഴിമുട്ടി.ജോണ്‍ അനുസ്മരണത്തിന് എം.എന്‍.വിജയനെ ക്ഷണിക്കാന്‍ ധര്‍മ്മടത്തു പോയി.ഒരിക്കലെങ്കിലും ജോണിനെ നേരില്‍ കണ്ടെങ്കില്‍ അനുസ്മരണത്തിനു വരുമായിരുന്നു എന്ന് എം.എന്‍.വിജയന്‍.ഒരിക്കല്‍ കാണലിന്റെ വക്കില്‍ എത്തിയതായിരുന്നു.പക്ഷെ ജോണ്‍   തെന്നിപ്പോയി.ചിവീടുകളുടെ ശബ്ദം പശ്ചാത്തലമായ ആ  വീട്ടില്‍ ഒന്നൊന്നര മണിക്കൂര്‍ എം.എന്‍.വിജയനൊപ്പം ചിലവിട്ടത് നല്ലൊരോര്‍മ്മയാണ്.തളിക്കുളം കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ എം.എന്‍.വിജയനെ കൈക്കലാക്കുന്നതിനു മുമ്പാണിതൊക്കെ.ജോണ്‍ എബ്രഹാമും ഒഡേസയും അമ്മ അറിയാനുമായി മുന്നോട്ടു പോയപ്പോള്‍ ഞങ്ങള്‍ വാടാനപ്പള്ളിയില്‍ സ്ക്രീന്‍ ഫിലിം സൊസൈറ്റി തുടങ്ങി.മണലൂര്‍ കേന്ദ്രമാക്കി കാരമുക്കിലെ വിശ്വന്റെ നേതൃത്വത്തില്‍ പ്രേരണ ഫിലിം സൊസൈറ്റി ഉണ്ടായിരുന്നു.പ്രേരണ നിന്നു പോയപ്പോളാണ് ഞങ്ങള്‍ പുറപ്പെട്ടത്. ആദ്യ സിനിമ പുഡോവ്ക്കിന്റെ അമ്മ (മാര്‍ക്സിം ഗോര്‍ക്കി അമ്മയുടെ സിനിമാരൂപം)തന്നെ ആവട്ടെ എന്നുറച്ചു.അമ്മ അറിയാനു വേണ്ടി പണം പിരിച്ചു നല്‍കി.ഗള്‍ഫില്‍ നിന്നും തമ്പിയേട്ടനും സാമിയുമൊക്കെ ഇതിലേക്ക് സഹകരിച്ചു.അന്നത്തെ സമൂഹത്തില്‍ നിലവാരത്തിനു വേണ്ടി ശാഠ്യം പിടിക്കുന്ന ഒരു വിഭാഗം സജീവമായി ഉണ്ടായിരുന്നു,ഇന്നില്ലാതെ പോകുന്നതും അതാണ്.നിസാര്‍ അഹമ്മദ് പറഞ്ഞതു പോലെ സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്നും സ്വതന്ത്ര്യം നേടിയ ഒരു ജനതായണിന്ന്.തറ സിനിമകളെ ചുമന്ന് ക്ലാസ്സിക്കുകള്‍ എന്നു കൂവിവിളിച്ചുകൊണ്ട് നടക്കുന്നത് അതു കൊണ്ടാണ്.

ബാദല്‍ സര്‍ക്കാരിന്റെ ഭോമക്ക്   ജോസ് ചിറമല്‍ മലയാളത്തില്‍ രംഗഭാഷയൊരുക്കിയപ്പോള്‍ ഒട്ടനവധി വേദികള്‍ ഞങ്ങളൊരുക്കിക്കൊടുത്തു.സതീഷ് മായന്നൂര്‍, ഷാജി വര്‍ഗീസ്,കെ.കെ.രാജന്‍,രാജുമാഷ്,ജയചന്ദ്രന്‍,ശ്യാം,ഷാജന്‍, എ.വി.ശ്രീകുമാര്‍ എന്നിവരൊക്കെയാണ് ഓര്‍മ്മയില്‍.ജോസേട്ടനും,ശ്യാമും ഇന്നില്ല.


കെ.കെ.രാജനും,സി.ആര്‍.രാജനും ജയചന്ദ്രനുമൊക്കെ അരങ്ങിലെത്തിച്ച ടാഗോറിന്റെ സ്കെച്ചുകളും    നാടകത്തെക്കുറിച്ചുള്ള നല്ല  ഓര്‍മ്മകളാകുന്നു.
ഡ്രാമ സ്കൂള്‍ സമരകാലത്ത് മനുജോസ് (ഇടക്കിടെ ഞങ്ങള്‍ കൂട്ടിമുട്ടുന്നു),ടി.വി.ബാ‍ലകൃഷ്ണന്‍(യു.എ.ഇ യില്‍ പോയപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു.ബാലകൃഷ്ണന്‍ നാടകം കളിച്ചു,ഞാന്‍ സിനിമ കാണിച്ചു.ഒരേ വീട്ടില്‍ താമസിച്ചു,ഒരേ ഗ്ലാസില്‍ കുടിച്ചു.സഞ്ജുവിന്റെ വീടായതിനാല്‍ സഞ്ജുവും അവിടെ ഉണ്ടായിരുന്നു.) ,ശ്രീലത(ഇന്റര്‍നെറ്റില്‍ ചെന്നാല്‍ അമേരിക്കയിലിരുന്ന് ശ്രീലത ഹായ് പറയുന്നത് കാണാം),പ്രേംകുമാര്‍(ഇന്നത്തെ നടന്‍,അന്നും ഇന്നും പരിചയമില്ല.ഈ ടീമില്‍ പ്രേം പ്രസാദും ഉണ്ടായിരുന്നു എന്നും ഓര്‍മ്മ പറയുന്നു.) തുടങ്ങിയവര്‍ റീഫണ്ട് എന്ന നാടകവുമായി ഇതു വഴി വന്നിട്ടുണ്ട്.നന്നായി അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു അത്.സമരമുഖത്ത് മുദ്രാവാക്യങ്ങളും കവിതയായി മാറുമെന്നു പറയും പോലെ ഒരനുഭവം.ജാതിമതപരിഗണനക്കപ്പുറത്തേക്ക് കയറി പ്രണയിക്കുന്നവര്‍ വീട്ടില്‍ നിന്നും കുറ്റിയും പറിച്ച് ബോധിയിലേക്ക് ഓടിവരാറുണ്ട്.മണി മാസ്റ്റര്‍,പ്രിന്റിംഗ് പ്രസ് നടത്തുന്ന ഗനി എന്നിവര്‍ക്ക് യുക്തിവാദത്തിന്റെയും തദ്വാര മിശ്രവിവാഹ സംഘത്തിന്റേയും അസ്കിതയുള്ളവരാകുന്നു.ഇവര്‍ വഴിയാണ് പ്രണയാര്‍ത്ഥികള്‍ ഇവിടെയെത്തുക.സാദാവിവാഹമാണെങ്കില്‍ ദൈവം തുണ,കുറ്റിയും പറിച്ചുള്ള  പരിപാടിയാണെങ്കില്‍ യുക്തിവാദികള്‍/മിശ്രവിവാഹിതര്‍  തുണൈ.ചില പെണ്‍കുട്ടികള്‍ പ്രണയം മൂക്കുമ്പോള്‍   
ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് മറക്കും.അവര്‍ക്ക് പ്രായം തികയുന്നതുവരെ  പുറത്തറിയിക്കാതെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു.അങ്ങിനെ എന്തൊക്കെ കാര്യങ്ങള്‍ ഈ ഓലഷെഡിന്റെ തണലില്‍ നടന്നിരിക്കുന്നു. 

വിവാഹത്തില്‍ പ്രണയത്തില്‍ കുടുംബത്തില്‍ സിനിമയില്‍ സാഹിത്യത്തില്‍ നാടകത്തില്‍ എന്തിനു ഭക്ഷണത്തിന്റെ കാര്യത്തില്‍  പോലും ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു.നിര്‍മ്മല ടീച്ചറുടെ കാര്യമാണോര്‍മ്മ വരുന്നത്.ഞങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള ടീച്ചറായിരുന്നു അവര്‍.ഞങ്ങള്‍ ചര്‍ച്ചചെയ്യുന്നത് എന്താണെന്ന് ബോധ്യം ഇല്ലെങ്കിലും ഞങ്ങളുടെ പ്രാന്തിനോട് അനുഭാവമോ സഹതാപമോ അവര്‍ക്കുണ്ടായിരുന്നിരിക്കണം.അങ്ങിനെയിരിക്കെ മൂടും മുലയും വളര്‍ന്ന എല്ലാ പെണ്ണുങ്ങളും ഒരിക്കലെങ്കിലും നേരിടേണ്ട ഒരവസ്ഥ അവര്‍ക്കുമുണ്ടാകുന്നു.ഒരു കോന്തന്റെ ആലോചന.ടി കോന്തന്‍ സി.ബി.ഐയില്‍ നിന്നുള്ളവന്‍.ബോധിയിലെ പുരോഗമനക്കാര്‍ ടീച്ചറെ തലങ്ങും വിലങ്ങും ബോധവല്‍ക്കരിക്കുന്നു.ഭരണകൂടത്തിന്റെ പിച്ചാം കത്തിയാണ് സി.ബി.ഐ എന്നും മര്‍ദ്ദനോപകരണത്തെ  എന്തിനെടുത്ത് മടിയില്‍ വെക്കുന്നു എന്നൊക്കെ ടീച്ചറെ പ്രബുദ്ധവല്‍ക്കരിക്കാന്‍ എല്ലാവരും മത്സരിച്ചു.എല്ലാം കേട്ടിരുന്ന ടീച്ചര്‍ക്ക് സി.ബി.ഐ.എന്നാല്‍ മമ്മൂട്ടിയെപ്പോലെ കയ്യും കെട്ടി നടപ്പല്ലെന്നും എന്തോ പന്തികേടുണ്ടെന്ന് മനസിലായിട്ടോ എന്തോ,

"നിങ്ങള്‍ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി.ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു കൂടി ഒന്നു പറഞ്ഞു തരിക”  നല്ല മലയാളം അദ്ധ്യാപികയായ അവര്‍ പച്ച മലയാളത്തില്‍ തന്നെ എല്ലാവരോടുമായി ചോദിച്ചു.മറുപടിക്കു പകരം എല്ലാവരും സ്വയം രക്ഷാപരമായ നിശബ്ദത പാലിച്ചു .ചോക്കും ചൂരലും ഓഫീസ് മുറിയില്‍ ഉപേക്ഷിച്ച് സാരി നേരെയാക്കി  ടീച്ചര്‍ പടിയിറങ്ങിപ്പോകുന്നത് മറ്റൊരു ബോധിയോര്‍മ്മയാണ്.  

ഈ ടീച്ചറെ കാണാന്‍ എന്റെ അമ്മ ബോധി കോളേജില്‍ വന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.മാര്‍ക്കറ്റില്‍ പോയി വരുന്ന വഴിക്ക് കോളേജ് വഴി വെച്ചു പിടിച്ചതാണ്.കയ്യില്‍ മീന്‍പൊതിയുമുണ്ടായിരുന്നു. ക്ലാസെടുക്കുന്ന ടീച്ചറെ അമ്മ ചെറ്റ പൊക്കി നോക്കി കുറച്ചു നേരം നിന്നുവത്രെ.   എന്തിനു കണ്ടു,എന്തു തോന്നി എന്നൊന്നും മരിക്കുന്നതുവരെ  അമ്മ പറഞ്ഞതുമില്ല.

നിര്‍മ്മല ടീച്ചറിപ്പോള്‍ മര്‍ദ്ദനോപകരണത്തിന്റെ മൃദുലഭാവമായി ദാമ്പത്യം തകര്‍ക്കുകയാണെന്നാണ് ഈയിടെ വാടാനപ്പിള്ളിയില്‍ നിന്നും കിട്ടിയ വിവരം.

ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി പോലെയായി ഞങ്ങള്‍.  ആവിഷ്കാര സ്വാതന്ത്ര്യ സമര കാലമായിരുന്നു തലക്ക് തീപിടിച്ച മറ്റൊരു  കാ‍ലം. പി.എം.ആന്റണിയുടെ കുരിശിന്റെ വഴി നാടകനിരോധനമായിരുന്നു ഇതിനു കാരണമായിത്തീര്‍ന്നത്. സംസ്ഥാനത്തൊട്ടാകെ ഇതിന്റെ അലയൊലികള്‍ ഉണ്ടായി.ഞങ്ങളും സമരമുഖത്തേക്കിറങ്ങി നിന്നു.തൃശൂരില്‍ നടന്ന ആവിഷ്കാര സ്വാതന്ത്ര്യ കണ്‍വെന്‍ഷനു വേണ്ടി ഉണര്‍ന്നു.പിന്നെ കവിതയായ്,സംഗീതമായ്,നാടകമായ് ഒക്കെ ഞങ്ങള്‍ പരാവര്‍ത്തനം ചെയ്യുകയായിരുന്നു.മനുഷ്യരെ ഊര്‍ജ്ജിതപ്പെടുത്തുന്നത് സമരമാണെന്ന് അറിയുകയായിരുന്നു.ആര്‍ സമരം ചെയ്യുന്നുവോ അവര്‍ ജീവിക്കുന്നു  എന്ന വിക്ടര്‍ യൂഗോ വചനം ജീവിതത്തത്തോടൊപ്പം വന്നത് അങ്ങിനെയാണ്.തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനാര്‍ഹമായ ഒരു ഇടപെടലായി ഇന്നും ആ സമരം കൊടിപറത്തി നില്‍ക്കുന്നു.
നാടക റിഹേര്‍സല്‍,പോസ്റ്ററൊട്ടിക്കലൊക്കെ കഴിഞ്ഞ് ബോധിയുടെ ബെഞ്ചിലോ ഡെസ്കിലോ മലര്‍ന്നു കിടക്കുമ്പോള്‍  എന്തൊക്കെയായിരിക്കും സ്വപ്നം കണ്ടിരിക്കുക,എന്തായാലും ഇന്നത്തെ ഈ ലോകമല്ല.ഏതൊരു പുതിയ ചിന്തകള്‍ക്കും വാടാനപ്പിള്ളിയിലൂടെ സില്‍ക്ക് റൂട്ടുണ്ടായിരുന്നു അന്ന്.കല്‍ക്കരിഖനിത്തൊഴിലാളികളുടെ കഥകളുമായി വസുധാ 
ജോഷി വോയ്സസ് ഫ്രം ബാലിയാപാല്‍ എന്ന സിനിമയുമായി വന്നു.ചെന്നെയില്‍ നിന്നും സൌദാമിനി സിനിമയുമായി വന്നു.കെ.ജെ.ബേബി വയനാട്ടില്‍ നിന്നും നാടുഗദ്ദികയുമായി വന്നു.പല പല സാ‍ഹിത്യങ്ങള്‍ വന്നു.ചിന്തകള്‍ വന്നു. ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി ഞങ്ങള്‍ മാറുകയായിരുന്നുവോ?

 


ബോധി അങ്ങിനെ ഒരു വലിയ  വിലാസമായി മാറി. ബോധി ഒരൊഴിയാബാധയായി.അറിയാതെ ഈ മെയിലിലും ബോധി വന്നു കയറി.ബോധി എന്ന പേരും ഒരു ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിട്ട്യൂട്ടും  പിന്നീട് മണിമാഷും സുനന്ദട്ടീച്ചറും കോണ്ടു നടന്നു.അന്നവിടെ ഇരുന്നു തുരുമ്പു കയറിയ ടൈപ്പ് റൈറ്ററില്‍ എ.ബി.സി.ഡി എന്നൊക്കെ വിരല്‍ കൊണ്ടു കുത്തിപ്പിടീച്ചിരുന്നതിന്റെ ഓര്‍മ്മയിലാണ് ഇന്നീ എഴുത്തെല്ലാം സംഭവിക്കുന്നത്,മണിമാസ്റ്റര്‍ക്ക് ലാല്‍ സലാം,വേണമെങ്കില്‍ സുനന്ദടീച്ചര്‍ക്കും.  ബോധി എന്ന  പേരില്‍ കവി സച്ചിദാനന്ദനും ബുദ്ധന്റെ സ്വാധീനവും കൂടിക്കുഴഞ്ഞു കിടപ്പുണ്ട്.സച്ചിദാനന്ദന്റെ ഇരിഞ്ഞാലക്കുട വീടിനും ഇതേ പേരാകുന്നു.അന്നവിടെ ഞങ്ങള്‍ നിത്യ സന്ദര്‍ശകരായിരുന്നു.ആ സ്റ്റോപ്പും ആ വീടും ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്,സച്ചിദാനന്ദന്റെ ജീവനുള്ള  കവിത പോലെ.ബുദ്ധനെക്കാള്‍ ഞങ്ങള്‍ക്കന്നു സച്ചിദാനന്ദനായിരുന്നു.പിന്നെ കുരിശിന്റെ വഴി നാടക നിരോധനം വരുന്നു.ഞങ്ങള്‍ ഉഷാര്‍ ആവുന്നു.നാടകം കളിക്കുന്നു,കവിത എഴുതുന്നു,സിനിമ കളിക്കുന്നു,രാത്രിയെ പകലാക്കുന്നു.ആര്‍ക്കും വീട്ടില്‍ പോകണമെന്നില്ല.അന്നൊക്കെ വാടാനപ്പള്ളിയില്‍ ഗൂര്‍ഖകളെ ആവശ്യമുണ്ടായിരുന്നില്ല.ഉറക്കമില്ലാതെ സ്വപ്നം കണ്ടു നടക്കുന്ന കുറെ യുവാക്കള്‍ വാടാനപ്പള്ളിയെ ഉണര്‍ത്തി നിര്‍ത്തിയിരുന്നു.പല പല സമരങ്ങളിലും ഞങ്ങള്‍ പങ്കു കൊണ്ടു.തൊഴിലാളികള്‍ ഞങ്ങളുടെ കൂട്ടക്കാരായി.ആവിഷ്കാര സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരുപതോളം പേര്‍ വാടാനപ്പള്ളിക്കാരായിരുന്നു.ഞങ്ങള്‍ വാടാനപ്പള്ളിക്കാരും വിയ്യൂര്‍ ജയിലിലെ ഗോതമ്പുണ്ട തിന്നിട്ടുണ്ട്. പോക്കറ്റടിക്കാര്‍ സുഹൃത്തുക്കളാവുന്നത് അവിടെ വെച്ചാണ്.


 കേസും കൂട്ടവും പിടികിട്ടാത്ത രാഷ്ട്രീയപ്രവര്‍ത്തനവുമൊക്കെ ആയപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും പിടിപ്പതു പണിയായി. അവരും ബോധിയില്‍    കയറിയിറങ്ങാന്‍ തുടങ്ങി.ഒന്നിനും ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ ആരെ സമീപിക്കണമെന്നറിയാതെ പോലീസ് കുഴങ്ങി.ഒടുവില്‍ ഗഫൂര്‍ എന്ന സഖാവിനോടു പോലീസ് കാര്യങ്ങള്‍ തിരക്കുന്നു.


'ആരാ നിങ്ങളുടെ നേതാവ് ' പോലീസിന്റെ ആദ്യ ചോദ്യം.
ഞങ്ങള്‍ക്ക് നേതാവില്ലെന്ന് ഗഫൂര്‍
ഒരാള്‍ നയിക്കാന്‍ വേണ്ടെയെന്ന് പോലീസ്


കൂട്ടമായിട്ടുള്ള തീരുമാനമെന്ന് ഗഫൂര്‍അങ്ങിനെയെങ്കില്‍ നിങ്ങളില്‍ ഒരാള്‍ക്ക് തെക്കോട്ടു പോകാന്‍ താല്പര്യം,മറ്റൊരാള്‍ക്ക് വടക്കോട്ടു പോകാനും,ബാക്കിയുള്ളോര്‍ക്ക് കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകാന്‍ താല്പര്യമെങ്കില്‍ എന്തു ചെയ്യും.


പോലീസ് ഗഫൂറിനെ കുടുക്കാന്‍ നോക്കി.


പൊതുവെ സൊമ്യനും ശാന്തസ്വരൂപനുമായ ഗഫൂര്‍ പറഞ്ഞു.
കിഴക്കോട്ടു പോകേണ്ടവന്‍ കിഴക്കോട്ടും ചിലപ്പോള്‍ പടിഞ്ഞാറോട്ടും,
പടിഞ്ഞാറോട്ടു പോകേണ്ടവന്‍ പടിഞ്ഞാറോട്ടും അതുമല്ലെങ്കില്‍ തലതിരിഞ്ഞു തെക്കോട്ടും,  


മറ്റിടങ്ങളില്‍ പോകേണ്ടവന്‍ അവിടേക്കും അല്ലെങ്കില്‍ എവിടേക്കും പോകും.


ആര്‍ക്കും വിരോധമൊന്നുമില്ലല്ലോ...........
ഗഫൂര്‍ പറഞ്ഞത് സത്യമായിരുന്നു.ഒരു ചട്ടക്കൂടിനകത്തും ഒതുക്കി വെക്കാന്‍ പാകത്തിലുള്ളവരായിരുന്നില്ല അന്നത്തെ ഞങ്ങള്‍ .കാലം മാറി പലരും ചട്ടക്കൂട്ടിനകത്തേക്ക് കയറി വാതില്‍ അടച്ചു കുറ്റിയിട്ടു.എന്നിട്ടും ചിലര്‍ ബാക്കിയാവുന്നു.കിഴക്കോട്ടെങ്കില്‍ കിഴക്കോട്ട്,വടക്കോട്ടെങ്കില്‍ വടക്കോട്ട് എന്ന സ്വഭാവത്തില്‍  .


ഇത്യാദികളുടെ ഓര്‍മ്മയില്‍  വാടാനപ്പള്ളിയിലേക്ക് സ്ഥലം മാറ്റം എഴുതിത്തരല്ലെ എന്നാണ് ഇപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ചിലുള്ളവരുടെ ആവശ്യം.ഞങ്ങള്‍ പലവിധമായിരുന്നുവെങ്കിലും പല കാര്യത്തിലും സമാന സ്വഭാവക്കാരായിരുന്നു.കുരിശിന്റെ വഴി നാടകക്കേസില്‍ പെട്ടവരില്‍ വാടാനപ്പള്ളിയിലെ കോണ്‍ഗ്രസ്സ് നേതാവായ ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു.അന്നവര്‍ യൂത്തായിരുന്നു.ഇപ്പോ മൂത്തു മൂത്തു ഫ്ലക്സിലൊക്കെ കയറി. കോണ്‍ഗ്രസ്സ് സ്വഭാവമുള്ള വിശ്വനാഥന്‍ വയക്കാട്ടിലും ലെഫ്റ്റ് പ്ലാറ്റ് ഫോമിന്റെ പ്രധാന പ്രസംഗകനായിരുന്നു.വിശ്വന്‍ മാഷ് ഇസ്ലാമിയ കോളേജിലെ അദ്ധ്യാപകനായിരുന്നു.അദ്ദേഹം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പ്രചരണം നടത്തിയത് ഇപ്രകാരമായിരുന്നു.(മാഷുടെ പ്രചരാണാര്‍ത്ഥം ബാറ്റില്‍ ഷിപ്പ് പൊട്ടംകിന്‍ എന്ന സിനിമ കളിച്ചത് മറ്റൊരു തമാശ.മാഷെ തോല്പിക്കാന്‍ കപ്പലില്‍ തന്നെയുള്ള ചില കള്ളന്മാര്‍ ചെയ്തതാണ്.പക്ഷെ മാഷ് ജയിച്ച് വഴിയാധാരമായി.)


'അയാള്‍ (വിശ്വന്‍ മാഷ് ) കോളേജില്‍ പോകുമ്പോള്‍ ഇടത്തോട്ടു മുണ്ടുകുത്തുന്നു,തിരിച്ചു വരുമ്പോള്‍ മുണ്ടു വലത്തോട്ടു മാറ്റിക്കുത്തി ഗാന്ധിത്തൊപ്പിവെച്ച്  കോണ്‍ഗ്രസ്സാവുന്നു. ഇതെല്ലാം അഴിച്ചുവെച്ച്  ബോധി കോളേജില്‍ എത്തി കമ്യൂണിസ്റ്റ് തീവ്രവാദിയാവുന്നു..മാഷിപ്പോള്‍ രണ്ടുമല്ലാത്ത അവസ്ഥയിലാണ്.ഇപ്പോള്‍ ഇടതുപക്ഷമാണെന്നാണ്  വാടാനപ്പള്ളിക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.ഈ പ്രായത്തില്‍ അതാണ് ഉത്തമം.ഷട്ടര്‍ സംവിധായകന്‍ ജോയ് മാത്യു നാടകവുമായി വാടാനപ്പള്ളിയില്‍ കുറെ നാള്‍ അലഞ്ഞതാണ്.അതില്‍ നിന്നൊരു നാടകവും ഉണ്ടായി,ജോസഫ് ‘എന്തു കൊണ്ടു ആത്മഹത്യ ചെയ്തു ‘എന്ന പേരില്‍ .ടി.ആര്‍ .രമേശ് ,പ്രേംപ്രസാദ് ,ചന്ദ്രു എന്ന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,തിലകന്‍ ,അശോകന്‍ , മണിമാസ്റ്റര്‍ , രാജു  , ഗോകുലന്‍,രഞ്ജിത്,  അസ്ലം ,നജീബ് ,പ്രകാശ് മേനോന്‍ ,പ്രകാശന്‍ ,നജീബ് ,ഷാജഹാന്‍,ഷാനവാസ്,ബാബുരാജ് എന്നിങ്ങനെ ഒരു വലിയ സംഘമായിരുന്നു അത്.അദ്ധ്യാപകരുടെ നിര വേറെയും.വിദ്യാര്‍ത്ഥികളുടെ നിര പിന്നെയും.പ്രേം പ്രസാദ് ഡ്രാമ സ്കൂളില്‍ ചേര്‍ന്നതോടെ നാടകവും ഞങ്ങളോടു ചേര്‍ന്നു നിന്നു.ഡ്രാമ സ്കൂളില്‍ പോയി കുറെ നാടകങ്ങള്‍ കണ്ടു.
ഷേക്സ്പിയര്‍ നാടകങ്ങള്‍ കുറെ കണ്ടിട്ടുണ്ട്, മൂക്കത്ത് വിരല്‍ വെക്കാന്‍ പാകത്തില്‍.ഷേക്സ്പിയര്‍ വായനയേക്കാള്‍ ബഹുദൂരം പിന്നിലായിരുന്നു കണ്ട  എല്ലാ ഷേക്സ്പിയര്‍ നാടകങ്ങളും.ആരോഗ്യവും പരിശീലനവുമില്ലാത്ത നടന്മാര്‍ അരങ്ങില്‍ അപഹാസ്യരാവുന്ന കാഴ്ച ദയനീയമാണ്,ജര്‍മ്മന്‍ സംവിധായകനായ വിം വെന്‍ഡേഴ്സിന്റെ ‘പിന’ എന്ന സിനിമ കണ്ടതിനു ശേഷം പ്രത്യേകിച്ചും.
  മനുഷ്യര്‍ക്ക് എന്തുമാത്രം ചടുലതയും മെയ്‌വഴക്കവും എന്ന്  ഈ ഡോക്യൂമെന്ററി കണ്ടു അതിശയപ്പെട്ടിട്ടുണ്ട്.പലതും പൂട്ടിവെച്ച കള്ളന്മാരാണ് മനുഷ്യന്മാര്‍ എന്നും തോന്നിയിട്ടുണ്ട്.
ബോധി എന്ന പേരിനൊപ്പം ഇപ്പോള്‍ അധികം കാണാനില്ലാത്ത വിജയന്‍,രാധാകൃഷ്ണന്‍,സുട്ട,റാഫി എന്നിവരെയും ഇതെഴുതുമ്പോള്‍  ഓര്‍ക്കേണ്ടതാകുന്നു.പുതുയുഗത്തില്‍ ട്യൂഷനില്‍ അശ്വമേഥം നയിക്കുന്നവരില്‍  പീതുവുമുണ്ട്. 

ഈ എഴുത്തിലെ കാലം തികഞ്ഞ സാഹോദര്യത്തിന്റേതായിരുന്നു.ഏതു കാലത്തും എന്തിനും മീതെ നിര്‍ത്തേണ്ടതും ഇതാണെന്ന  തോന്നലില്‍ നിന്നാണീ എഴുത്ത് തുടങ്ങുന്നത്.

   (പാഠപുസ്തകം മാറിയപ്പോള്‍   ട്യൂട്ടോറിയല്‍ കോളേജ് പൊളിച്ചു പോയ സംഭവവും ഞങ്ങളുടെ നാട്ടിലുണ്ടായി.ആ സ്ഥാപത്തിന്റെ പ്രിന്‍സിപ്പലും  ഫുള്‍ടൈം അദ്ധ്യാപകനുമായ ആള്‍ എബ്രഹാം ലിങ്കന്റെ പാഠം എടുക്കുന്നതു കണ്ടാല്‍ ആരുടെയും കണ്ണു തള്ളിപ്പോകും.പുസ്തകം പോലും കയ്യിലെടുക്കാതെ സിനിമാ പാട്ടു പാടുന്നതു പോലെയായിരുന്നു ആ മാഷ് ക്ലാസ്സെടുത്തിരുന്നത്.കുട്ടികള്‍ മയങ്ങിപ്പോകുമായിരുന്നു മാഷിന്റെ ക്ലാസ്സില്‍. പത്തിരുപത് വര്‍ഷമായി ആ പുസ്തകം നിലവില്‍ വന്നിട്ട്.ഇത്രയും വര്‍ഷങ്ങളിലെ പരിചയമായിരുന്നു മാഷിന്റെ മൂലധനം.പെട്ടെന്നൊരു വര്‍ഷം പുസ്തകം മാറിയതോടെ കോളേജ് പൂട്ടി മാഷ് ഒളിച്ചോടുകയായിരുന്നു.ആദ്യമൊക്കെ എബ്രഹാം ലിങ്കനെ എബ്രഹാം ലിങ്കോളന്‍ എന്നാണ് ഈ മാഷ് ഉച്ചരിച്ചത്.ഇന്നത്തെപ്പോലെ അമേരിക്കന്‍ സാമ്രാജ്യത്വവുമായി നമുക്ക് അന്നത്ര ബന്ധമുണ്ടായിരുന്നില്ല. )
   


8 comments:

മണിലാല്‍ said...


(പാഠപുസ്തകം മാറിയപ്പോള്‍ ട്യൂട്ടോറിയല്‍ കോളേജ് പൊളിച്ചു പോയ സംഭവവും ഞങ്ങളുടെ നാട്ടിലുണ്ടായി.ആ സ്ഥാപത്തിന്റെ പ്രിന്‍സിപ്പലും ഫുള്‍ടൈം അദ്ധ്യാപകനുമായ ആള്‍ എബ്രഹാം ലിങ്കന്റെ പാഠം എടുക്കുന്നതു കണ്ടാല്‍ ആരുടെയും കണ്ണു തള്ളിപ്പോകും.പുസ്തകം പോലും കയ്യിലെടുക്കാതെ സിനിമാ പാട്ടു പാടുന്നതു പോലെയായിരുന്നു ആ മാഷ് ക്ലാസ്സെടുത്തിരുന്നത്.കുട്ടികള്‍ മയങ്ങിപ്പോകുമായിരുന്നു മാഷിന്റെ ക്ലാസ്സില്‍. പത്തിരുപത് വര്‍ഷമായി ആ പുസ്തകം നിലവില്‍ വന്നിട്ട്.ഇത്രയും വര്‍ഷങ്ങളിലെ പരിചയമായിരുന്നു മാഷിന്റെ മൂലധനം.പെട്ടെന്നൊരു വര്‍ഷം പുസ്തകം മാറിയതോടെ കോളേജ് പൂട്ടി മാഷ് ഒളിച്ചോടുകയായിരുന്നു. )santhoshhrishikesh said...

പാരലൽ കോളേജ് ഒരു പാരലൽ സംസ്കാരമായിരുന്നു. നമ്മുടെ സമാന്തരസംസ്കാരത്തോടൊപ്പം സമാന്തര കോളേജിന്റെ സംസ്കാരവും അവസാനിച്ചു.

ജ്യോതീബായ് പരിയാടത്ത് said...

Yes Lincoln was dressed for the job .. Ha Ha.... ( veruthe chirichu thallukayalla . Nannaayi ezhuthiyirikkunnu)

കുഞ്ഞൂസ്(Kunjuss) said...

ഒരു കാലഘട്ടത്തിന്റെ ജീവനാഡിയായിരുന്ന പാരലൽ കോളേജുകൾ , അന്നത്തെ ചൂടും ചർച്ചകളുമൊക്കെ മനോഹരമായി വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നുവല്ലോ മാർജ്ജാരാ ....

സപ്ന said...

ഇന്നു പാരലൽ കോളേജ് എന്നു പറഞ്ഞാൽ ജനം രോഷാകുലരാകും, സൈൽ പോര...... നന്നായിരിക്കുന്നു മണിലാൽ...

Echmukutty said...

ഒരു കാലഘട്ടം... കുറെ ഓര്‍മ്മകള്‍... വളരെ മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍.

Anonymous said...

ennikku english tution edutha vijayan maashaano avitatheyum enilish maash . daivame njanethra kaalam" linkolan" ennu paranju nadannu.....

BIJO'S PRIMETIME said...

മതിലകത്ത് ഒരു ബോധി ഫിലിം സൊസൈറ്റി ഉണ്ടായിരുന്നു. കുട്ടന്‍മാഷുടെ(ഗോപാലന്‍)നേതൃത്വത്തില്‍. എന്തെങ്കിലും ബന്ധമുണ്ടോ?..എഴുത്ത് സൂപ്പറായിട്ടോ..
ബിജോ സില്‍വേരി


നീയുള്ളപ്പോള്‍.....