പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, May 28, 2013

കയ്യിട്ടുവാരലിന്റെ കാലത്തെ മനുഷ്യത്വമാണ് മണിയേട്ടന്‍


അന്നൊക്കെ ഗ്ലാസുകള്‍ക്ക് നിറമുണ്ടായിരുന്നു,ഇന്നത്തെപ്പോലെ സ്ഫടികസമാനമായിരുന്നില്ല.ഒന്നുകില്‍ ഇളംനീല അല്ലെങ്കില്‍ ചായക്കറയുടെ കരിനീല.ബെഞ്ചും ഡസ്കുമായിരുന്നു ഇരിപ്പിടങ്ങള്‍.ഇവയുടെ   ഇളകിയാട്ടം കുറക്കാന്‍ കാലുകള്‍ തൂണില്‍ കൂട്ടികെട്ടിയിടുകയോ കയറുകൊണ്ട് ഇണക്കുകയോ ചെയ്തത്, അല്ലെങ്കില്‍ ഇരിപ്പുകാരുടെ ബാലന്‍സിലോ ജാതകഫലത്തിലോ നില്‍ക്കുന്നത്.  

 കരിയായിരുന്നു ചായക്ക് വെള്ളം അനത്താനുള്ള ഇന്ധനം.(കരിക്കടകള്‍ അന്ന് സുലഭമായിരുന്നു.ഈ കച്ചവടത്തിലൂടെ ഗതിപിടിച്ചില്ലെങ്കിലും കരിപിടിച്ചവര്‍ എത്രയെത്ര)   സാമ്രാജ്യത്വം പോലെ കുറെ കാലം പതിയിരുന്നതിനു ശേഷമാണ് തഞ്ചത്തില്‍ ഇഡലി മനുഷ്യന്റെ ഉദരങ്ങളിലേക്ക്  ഇടപെടുന്നത്.പ്രത്യേകിച്ച് സാധാരണ ജാതിമതങ്ങള്‍ മാത്രം  പാര്‍ക്കുന്ന  ഗ്രമങ്ങളിലേക്ക്.  (അന്നൊക്കെ ആദ്യമായി ഇഡലി കഴിച്ച ചിലര്‍ ഛര്‍ദ്ദിച്ചവശരായി ആശുപത്രികളിലോ കഷായ വൈദ്യന്റെ അടുത്തോ ചികിത്സക്കെത്തുമായിരുന്നു.ഐ.സി.യുവില്‍ കിടന്നവര്‍ പോലുമുണ്ടായിരുന്നു.)പുട്ടായിരുന്നു ചായക്കൊപ്പം അന്ന് ഇറങ്ങിപ്പോകേണ്ട പണ്ടാരം.ചായരിപ്പ തുണികൊണ്ടായിരുന്നു.അണ്ടര്‍ വെയറിന്റെയും ബോഡീസിന്റെയും കട്ട് പീസില്‍ നിന്നും ടൈലര്‍ മോഷ്ടിച്ചെടുത്ത്  അവ ചായക്കടക്കാര്‍ക്ക് വിറ്റിരുന്നുവത്രെ.അണ്ടര്‍ വെയറോ ബോഡീസോ ചായരിപ്പയുമായി ഒത്തു നോക്കാന്‍ ആരും വരില്ലെന്ന് ടൈലര്‍ക്കും ചായക്കടക്കാര്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു.
അന്ന് റേഡിയോ വാച്ച് റിപ്പയര്‍മാരും തട്ടാന്മാരും ടൈലേഴ്സുമായിരുന്നു ജനമദ്ധ്യത്തില്‍ മോഷ്ടാക്കള്‍.റിപ്പയറിന് കൊടുത്ത വാച്ചില്‍ നിന്നും നല്ലതൊക്കെ അടിച്ചുമാറ്റി പഴയത് ഫിറ്റ് ചെയ്തുകൊടുക്കുന്ന റിപ്പയര്‍മാരേയും തുന്നാന്‍ കൊടുത്താല്‍ സ്വന്തം മക്കള്‍ക്കും ഭാര്യക്കും ആദ്യം ഓരോന്ന് തയ്ച്ച് ബാക്കിയുള്ളതില്‍ നിന്നും കുടുസന്‍ വസ്ത്രങ്ങള്‍ കസ്റ്റമേഴ്സിന് തുന്നിക്കൊടുക്കുന്ന ടൈലേഴ്സും അന്നത്തെ നിലയില്‍ സാമൂഹ്യ വിരുദ്ധരായിരുന്നു.തട്ടാന്മാരെക്കുറിച്ചുള്ള കഥകള്‍ പറയാതിരിക്കുകയാവും ഭേദം.ഇവരുടെയൊക്കെ സ്ഥാനം ഏറ്റെടുത്തവരാണിപ്പോള്‍ സമൂഹത്തിലെ പത്തരമാറ്റ് തങ്കങ്ങള്‍.അവരെ നിങ്ങള്‍ക്ക് രാഷ്ടീയത്തിലും നാടിനെ തീട്ടത്തിന്റെ നിറമുള്ള സ്വര്‍ണ്ണത്തിലും മുക്കാന്‍ വെമ്പുന്ന വ്യാപാരികളിലും കാണാം.പക്ഷെ നമ്മളവരെ കള്ളന്മാരെന്ന് വിളിക്കാന്‍ ഭയക്കുന്നു.അവര്‍ വിചാരിച്ചാല്‍ നമ്മുടെയൊക്കെ കുടിവെള്ളം മാത്രമല്ല കല്യാണവും മുടക്കും.കുടിവെള്ളമില്ലെങ്കിലും കല്യാണമില്ലാത്ത ഒരു ലോകത്തെ നമുക്കെങ്ങിനെ ചിന്തിക്കാനാവും.അപ്പോ ഒരു പണത്തൂക്കം മുന്നേ തന്നെ ക്യൂവില്‍ നില്‍ക്കുക,വിശ്വസ്തതയോടെ വഞ്ചിതരാവുക.പറഞ്ഞു വന്നത് പെരിങ്ങാവിലെ   മണിയേട്ടനെക്കുറിച്ചാണ്.അമ്മന്നൂര്‍ മാധവചാക്യാരെപ്പോലെ പൂച്ചക്കണ്ണുള്ളവന്‍.മുറുക്ക്,മൂക്കീപ്പൊടി,ബീഡിപട്ട,കടുപ്പത്തില്‍ ചായ എന്നിവ യഥേഷ്ടം സേവിച്ചതിന്റെ അനന്തര ഫലമായി പുലരും മുമ്പേ ചുമച്ചും കൊരച്ചും എഴുന്നേറ്റ് പരിസരവാസികളെയെല്ലാം നാഴിക മണി പോലെ ഉണര്‍ത്താന്‍ പാകത്തില്‍ കണ്ഠശുദ്ധി വരുത്തുന്നവന്‍.എഴുന്നേറ്റയുടന്‍   ഇരിക്കപ്പൊറുതിയില്ലാത്തവര്‍ക്കായി മണിയേട്ടന്‍ ഒരു ചായക്ലബ്ബ് നടത്തുന്നു.ഭാര്യയുടെ പേരും മണി.അവരോടൊപ്പം ക്ലബ്ബ് നടത്തുന്ന സ്ഥാപനത്തിന് മണീസ് കഫേ എന്ന് പേരിട്ടിട്ടില്ല.ഇവിടെ ആധുനികമായിട്ടൊന്നുമില്ല.അവര്‍ക്ക് കുട്ടികളുമില്ല. അതു കൊണ്ടു കൂടിയായിരിക്കാം മണിയേട്ടനും മണിച്ചേച്ചിയും പഴമയുടെ താളത്തില്‍ തന്നെ ഇപ്പോഴും ജീവിതം തുഴയുന്നതും.(ചായകുടിക്കാനെത്തുന്നവരുടെ  കാലുകളില്‍ തട്ടി നടക്കുന്ന ഒരു മണിപ്പൂച്ചയുടെ കാര്യം മറന്നുപോയി) അടുത്ത വീട്ടില്‍ നിന്നും ചുളുവില്‍ വലിച്ചെടുത്ത കറന്റില്‍ ഒരു നാല്പതുകാരന്‍ ബള്‍ബ്,പിന്നെ  എഞ്ചിന്‍ തകരാറായ  സിലോണ്‍ ഫാന്‍.വെയില്‍ പോള്ളുന്ന സമയത്തേതെങ്കിലും കസ്റ്റമര്‍ കയറിവന്നാല്‍ അയാള്‍ക്ക് നേരെ ഫാന്‍ തിരിച്ച് വെച്ച് ഷോക്കേല്‍ക്കാതിരിക്കാനായി   കയിലിന്‍ കണ കൊണ്ട് സ്വിച്ചില്‍ മണിയേട്ടന്‍ ഒന്നും മാന്തും.കല്ലേറു കൊണ്ട നായയെപ്പോലെയൊ   കുരച്ച് ,  വാലുമടക്കി മുരളുകയും ചെയ്യും.ശബ്ദം സഹിക്കാന്‍ വയ്യാതെ കസ്റ്റമര്‍ അതൊന്ന് നിര്‍ത്തൂ എന്നു പറയും വരെ മണിയേട്ടന്‍ കയിലിന്‍ കണയുമായി അവിടെത്തന്നെ നില്‍ക്കും.


അതൊന്ന് നന്നാക്കിക്കൂടെ എന്നു ചോദിച്ചാല്‍ “സിലോണ്‍ സാധനമാ,റിപ്പയര്‍മാര്‍ അടിച്ചുമാറ്റും.”എന്ന്   പറയും.(റിപ്പയര്‍മാര്‍ അത് അകത്തേക്ക് കയറ്റാന്‍ സാധ്യതയില്ല.ചില രോഗികളെ ആശുപത്രികള്‍ ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ സമ്മതിക്കാത്തതു പോലെ.എന്തെങ്കിലും കാര്യം വേണ്ടെ).രാഷ്ടീയക്കാരെ വലവീശാന്‍ രണ്ടു പക്ഷത്തേയും   പത്രങ്ങള്‍ വരുത്തുന്നു,മനോരമയും ദേശാഭിമാനിയും.(ദേശാഭിമാനി ഇടതുപക്ഷത്തെ ചിലപക്ഷങ്ങള്‍ക്കേ ദഹിക്കൂ ,മറ്റവന്‍ വലതായ വലതുപക്ഷങ്ങള്‍ക്കൊക്കെ രുചിക്കുമെന്ന് മണിയേട്ടനറിയാം) ഇതില്‍ മാത്രമാണ് മണിയേട്ടനില്‍ രാഷ്ടീയക്കാരന്റെ കൂര്‍മ്മത കാണാന്‍ കഴിയുന്നത്.  മനോരമയുടേയും ദേശാഭിമാനിയുടേയും പേജുകള്‍ ഇടകലര്‍ന്നു കിടക്കുന്നതും ഒന്നെന്ന തോന്നലില്‍ വായിക്കുന്നതും ജനാധിപത്യ കേരളത്തിലെ  മനോഹരമായ  കാഴ്ചയാകുന്നു.വാര്‍ത്തകള്‍ ഇടകലര്‍ന്നാലത്തെ സ്ഥിതിയൊന്നു ആലോചിച്ചു നോക്കൂ. മുപ്പതില്‍പ്പരം രൂപയുടെ ബില്‍ വന്നാല്‍ മണിയേട്ടന് പേടിയാണ്, സെയില്‍ ടാക്സ് കാരെ പേടിച്ചിട്ടൊന്നുമല്ല,ഇത്ര ചെറിയ കടയില്‍ നിന്ന് ഇത്ര വലിയ ബില്ലൊക്കെ വന്നാല്‍ ആളുകള്‍ എന്തു വിചാരിക്കും എന്നൊരു ശങ്ക.അത്രയേയുള്ളു.  സര്‍ക്കാരിന്റെ    തട്ടിപ്പുകളില്‍ പ്രധാനിയായ   ലോട്ടറിയില്‍ മയങ്ങിപ്പോയ ഒരാളാണ് മണിയേട്ടനും മണിച്ചേച്ചിയും.ഇതാണ് ആകെയുള്ള ദുസ്വഭാവം. അവര്‍ വെവ്വേറെ തന്നെ ടിക്കറ്റെടുക്കാന്‍ മത്സരിക്കുന്നത് കാണാം.കസ്റ്റമേര്‍സ് ബില്‍ കൊടുക്കുന്നതും നോക്കി ലോട്ടറിക്കാര്‍ അവിടെ പതുങ്ങിയിരിപ്പുണ്ടാവും.  ഇതോണ്ടെന്താ കാര്യംന്ന് ചോദിച്ചാല്‍ എന്നെങ്കിലും കിട്ടാണ്ടിരിക്ക്വാ എന്നായിരിക്കും മറുപടിയിലെ മണിനാദങ്ങള്‍.എന്നെങ്കിലും കിട്ടും,കിട്ടാതിരിക്കില്ല! അതാണ് ജനാധിപത്യത്തില്‍  ഇപ്പോഴുംജനങ്ങള്‍  ക്യൂ നില്‍ക്കുന്നത്.

“രണ്ടുചായ“

മണിയേട്ടന്‍ കൂട്ടിപ്പറയും

“പത്ത്.“


“ആറുകഷ്ണം പുട്ട്.“


ആറു മൂന്നു പതിനെട്ട്,പതിനെട്ടും പത്തും ഇരുപത്തിയെട്ട് “

രണ്ട് കടല....
അലസമായി മണിയേട്ടന്‍ പറയും“ഒരു മുപ്പത്തി മൂന്നുരൂപ“, മുപ്പത് കഴിഞ്ഞാല്‍ മണിയേട്ടന്‍ അലസനാവും.
പിന്നെ പറയുന്ന പപ്പടത്തിന്റെയും പഞ്ചാരയുടെയും കണക്കൊന്നും മണിയേട്ടന്‍ ചെവിക്കൊള്ളില്ല.
സത്യത്തില്‍ അതിനും മേലെയാണ് യഥാര്‍ത്ഥ വിലയെങ്കിലും.
 പൈസ കൂട്ടിപ്പറയാന്‍ മണിയേട്ടന് മനസ്സില്ല,അതാണ് മണിയേട്ടന്‍.
കോളറാക്കാലത്തെ പ്രണയം പോലെ,കയ്യിട്ടുവാരലിന്റെ കാലത്തെ മനുഷ്യത്വമാണ് മണിയേട്ടന്‍.


1 comment:

മണിലാല്‍ said...

കോളറാക്കാലത്തെ പ്രണയം പോലെ,കയ്യിട്ടുവാരലിന്റെ കാലത്തെ മനുഷ്യത്വമാണ് മണിയേട്ടന്‍.


നീയുള്ളപ്പോള്‍.....