പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, August 18, 2013

താത്രിക്കുട്ടി മുതല്‍ സരിത വരെ
   നാട്ടില്‍ വത്സല എന്നൊരു പെണ്ണുണ്ടായിരുന്നു.കെട്ടിക്കൊണ്ടുവന്നവളായിരുന്നു.ഭര്‍ത്താവിനു കൂലിപ്പണിയാണ്.ഒന്നൊന്നാന്തരം കുടിയന്‍.കിട്ടിയ കാശിനും കുടിക്കും.അതുക്കുമേലെയും കുടിക്കും. വീട്ടുകാരനാവേണ്ടവന്‍ .എന്നാല്‍ വീടിനൊരു ഗുണവും ചെയ്യാത്തവന്‍.വേണ്ടെന്നു വെക്കാന്‍ വയ്യാത്ത ഒരു കാര്യം പോലെ   ഒരു പെണ്ണിനെ വീട്ടില്‍ കെട്ടിക്കൊണ്ടിടുകയായിരുന്നു.അതോടെ തീര്‍ന്നു തന്റെ പണി എന്ന് കരുതിയവന്‍.പഴയ പണിയിലേക്കും കുടിയിലേക്കും തിരികെ പോയവന്‍. വത്സല കൂലിവേല ചെയ്തിട്ടു വേണം കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍.അങ്ങിനെയിരിക്കെ വത്സലയുടെ ഏകാന്തതയുടെ കൂടുപൊട്ടിച്ചു ഒരാള്‍ ജീവിതത്തിലേക്ക് വന്നു.പാരതന്ത്ര്യത്തിന്റെ കൂടു തട്ടിയുടച്ച വത്സല സ്വാതന്ത്ര്യം കണ്ടെത്തുകയായിരുന്നു എന്നും പറയാം. വത്സലയുടെ ദൈന്യജീവിതത്തിലേക്ക് ഒരിക്കലും സഹാനുഭൂതിയോ സ്നേഹമോ കൊടുക്കാത്തവര്‍ ഒന്നടങ്കം ഉണര്‍ന്നു.സദാചാരമെന്ന ആയുധത്തിന്റെ മുനകൂര്‍പ്പിച്ച് ഞങ്ങള്‍ നാട്ടുകാര്‍ ഒന്നടങ്കം വത്സലക്കു നേരെ പാഞ്ഞു. വഴിതടഞ്ഞുനിര്‍ത്തിയും   ആഭാസച്ചോദ്യങ്ങള്‍ കൊണ്ടും അവരെ നാട്ടുകാര്‍ ചെയ്തു.ആദ്യമൊന്നും ഭര്‍ത്താവിനിതത്ര കാര്യമായിരുന്നില്ല.പക്ഷെ നാട്ടുകാര്‍ വിട്ടില്ല.അവര്‍ പുരുഷനെ വാനോളം ഉയര്‍ത്തി സ്ത്രീയെ ചളിവാരിയെറിഞ്ഞു.മലയാളത്തിന്റെ തനതു കല.പക്ഷെ വത്സല കൂസാതെ അടിയുറച്ചു നിന്നു.വത്സലയുടെ ശരീരഭാഷക്ക് സഹജമായ സ്ത്രീ പക്ഷമായിരുന്നില്ല.ആരേയും കൂസാതെയുള്ള ഒരുവള്‍.എനിക്കവരെ   വളരെ ഇഷ്ടവുമായിരുന്നു.ഈയിടെ അസുഖം ബാധിച്ചു മരിച്ചു.കുറെ നാള്‍ വത്സലയായിരുന്നു ഞങ്ങളുടെ നാട്ടിലെ എരിവും പുളിയുമുള്ള വിഷയം.ഭര്‍ത്താവോ കാമുകനോ അവളുടെ സാഹചര്യമോ നാട്ടുകാരുടെ വിഷയവുമായിരുന്നില്ല.ഇപ്പോള്‍ സരിത കേസ് കൊടുമ്പിരി കൊള്ളുമ്പോള്‍ ഓര്‍മ്മ വരുന്നത് എന്റെയീ നാട്ടുവിശേഷമാണ്.പുരുഷമനസ് വിജ്രുംഭിച്ചു നിര്‍ത്തേണ്ട ഒന്നാണ്.അതിനെപ്പോഴും ഒരിര വേണം.അതെവിടെ നിന്നായാലും പുരുഷസമൂഹം തേടിക്കൊണ്ടിരിക്കും.കഥകളില്‍ നിന്നോ,സിനിമയില്‍ നിന്നോ,ചുറ്റുപാടില്‍ നിന്നോ,അന്യന്റെ സ്വകാര്യ ലോകത്തു നിന്നോ അത് കണ്ടെത്തുകയും ചെയ്യും.ഓരോ കാലത്തും അങ്ങിനെ ഓരോ സംഭവങ്ങള്‍ ഉയര്‍ന്നു വരും,അല്ലെങ്കില്‍ ഉയര്‍ത്തിക്കൊണ്ടു വരും.അങ്ങിനെയങ്ങിനെ പുരുഷനിര്‍മ്മിതികളായ എത്രയെത്ര സംഭവങ്ങള്‍,എത്രയെത്ര സ്ത്രീകള്‍,ഇരകള്‍.ഇന്ന് സരിത.കഴിഞ്ഞുപോയ കഥകളില്‍ എത്രയെത്ര,വരാനിരിക്കുന്നത് എത്രയെത്ര.ഒന്നും തരമായില്ലെങ്കില്‍ കുഴിമാടത്തില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്യും.അങ്ങിനെ എത്ര തവണ താത്രിക്കുട്ടി കുഴിമാടത്തില്‍ നിന്നും പുറത്തേക്കു വന്നു. ലൈവ് ആയി ഒന്നും കിട്ടാതെ വരുമ്പോളാണ് മണ്ണടിഞ്ഞുപോയ താത്രിക്കുട്ടിമാര്‍ പുറത്തേക്ക് വരിക.അവര്‍ക്കിപ്പോഴും അവര്‍ണ്ണനീയമായ ചന്തമാണ്.മലയാളിയുടെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി രൂപത്തെ നെയ്തെടുക്കുക കൂടി ചെയ്യുന്നു.അതിന്റെ ആധികാരികതക്ക് പ്രശസ്തരായ സിനിമാ നടിയെ കൂട്ടുപ്രതിയാക്കും.ആ നടിയുടെ ബന്ധുവാണെങ്കില്‍ അത്ര മോശമാവില്ല എന്ന് ഭാവന നെയ്യാന്‍ വേണ്ടിയാണിത്.ഇതാകുന്നു മലയാളിയുടെ രതിജന്യമായ മര്‍ക്കടമനസ്സ്.

ആയിരത്തിഅഞ്ഞൂറില്‍പ്പരം തവണം സരിതക്ക് ഫോണ്‍ ചെയ്ത കോണ്‍ഗ്രസ്സ് നേതാവിന്റെ പേരും പുറത്തായതോടെ കേരളത്തിന്റെ പൊതുസ്വഭാവം പുറത്തായി.പുരുഷന്മാരെക്കൊണ്ടു പൊറുതിമുട്ടിയ ഒരു സ്തീയാണ് സരിത.അധികാരലോകം പോലും സരിതയെ മാടിവിളിക്കുകയായിരുന്നു,ഒരഴിമതി ചെയ്തിട്ടു പോകൂ കുട്ടീ. സദാചാരകേരളം സ്വയം പൊറുതിമുട്ടി അവസാനിക്കുമോ!
അഴിമതി നടത്തിയ രാഷ്ട്രീയക്കാരെ ആര്‍ക്കും വേണ്ട,കൂടെ രതിയുണ്ടെങ്കില്‍ കൂശാലായി എന്നതാണവസ്ഥ.


പി.ടി.ചാക്കോയില്‍ നിന്നും തുടങ്ങി സരിതയില്‍ എത്തിനില്‍ക്കുന്ന ചരിത്രം അതാണ് പറയുന്നത്.ആസാമികളായ മനുഷ്യദൈവങ്ങളെ പിടിക്കാന്‍ പോകുന്ന പോലീസ് ബ്ലൂഫിലിമുകളും വീട്ടില്‍ നിന്നും കൊണ്ടുപോകുന്നത് മലയാളിയുടെ രതിതാല്പര്യത്തെ കൂടി അഭിസംബോധന ചെയ്യാന്‍ കൂടിയാകുന്നു.അഴിമതിവീരരും തരികിടകളുമായ മന്ത്രിമാരെ അതില്‍  നിന്നും സ്വതന്ത്രമാക്കി   പെണ്‍കേസില്‍ കുടുക്കി മലയാളം എത്ര ആഘോഷിച്ചു.


അതിപ്പോഴും തുടരുന്നു.


ബി.ഒ.ടിക്കാരും,കോര്‍പ്പറേറ്റുകളും വന്‍ കിട മാളുകളും കൊള്ളയടിക്കുന്നതിനെ തട്ടിച്ചു നോക്കുമ്പോള്‍ സോളാര്‍ എന്നു പറയുന്നതു തന്നെ നാണക്കേടാവും.അത്രക്ക് ചീളുകേസാകുന്നു.ജിലാറ്റിന്‍ കമ്പനി നശിപ്പിക്കുന്ന ചാലക്കുടിപ്പുഴയെ ആരും കാണുന്നില്ല.എല്ലാവരും  എരിവും പുളിയുമുള്ള ദൃശ്യങ്ങള്‍ക്കായി,കഥകള്‍ക്കായി കാത്തിരിക്കുകയാണ്.

മലയാള മനസ്സ് പറയുന്നു,അഴിമതി അവിടെ നില്‍ക്കട്ടെ,ഞങ്ങള്‍ക്ക് നീലമതി.


സ്വതന്ത്രലൈംഗീകത ബാലികേറാമല പോലെ നില്‍ക്കുമ്പോള്‍ തൊട്ടുനക്കാന്‍ ഞങ്ങള്‍ക്ക് രതിക്കഥകള്‍ മതി,ശരീരങ്ങള്‍ മതി എന്നൊരു ചിന്താഗതിയില്‍ നിന്നാണ് സരിതമാര്‍ ജനിക്കുന്നത്.സോളാര്‍തിരക്കഥയിലെ ആണുങ്ങള്‍ ചിത്രത്തില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളെപ്പോലെ ഇടക്കെങ്ങാനും വന്നെങ്കിലായി.. അതവര്‍ തന്നെ കോടതിയില്‍ പറഞ്ഞല്ലൊ,എന്നെ കൊണ്ടുനടന്നാഘോക്കരുതെന്ന്.സമൂഹത്തിന്റെ  ആര്‍ത്തി കാമറമാന്മാരിലൂടെ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു..എനിക്ക് അവരുടെ നല്ലൊരു ക്ലിക്ക് കിട്ടി എന്നഹങ്കരിക്കുന്ന കാമറാമാനും നമ്മുടെ മുന്നിലുണ്ട്.

നാറാനും നാറ്റിക്കാനും ഏറ്റവും നല്ലത് പെണ്‍കഥകളാണെന്ന് പുരോഗമനരാഷ്ട്രീയക്കരും കരുതുന്നു.ഒളിക്കണ്ണുകളുടെ സ്ഥാനത്ത് ഇന്ന് ഒളിക്കാമറകളാണെന്നു മാത്രം.ബി.ഒ.ടിക്കാര്‍ ജനങ്ങളെ പിഴിയട്ടെ,കോര്‍പ്പറേറ്റുകള്‍ നമ്മെ മുച്ചൂടും മാന്തിക്കൊണ്ടു പോകട്ടെ.നമ്മള്‍ക്ക് പെണ്‍കഥകളില്‍ ഇക്കിളിപ്പെട്ടിരിക്കാം എന്നൊരു പൈങ്കിളിനിലവാരത്തിലേക്ക് മലയാളം അതിന്റെ ശ്രേഷ്ഠത കൈവിട്ടിരിക്കുന്നു.ഭാഷക്കു മാത്രമായി ശ്രേഷ്ഠമാവാന്‍ കഴിയുമോ.....?

സൂര്യനെല്ലി കേസിനെപ്പറ്റി ഡോക്യൂമെന്ററി നിര്‍മ്മിക്കുന്ന കാലത്ത് ഞാന്‍ ആ പെണ്‍കുട്ടിയെ കാണാന്‍ സൂര്യനെല്ലിയില്‍ പോയിരുന്നു.ഇതറിഞ്ഞ   സുഹൃത്ത് എന്നോടു ചോദിച്ചു.എങ്ങിനെയുണ്ടാ പെണ്‍കുട്ടി,കാണാന്‍ കൊള്ളാമോ?

ഇതാണ് കേരളം.


10 comments:

മണിലാല്‍ said...

സ്വതന്ത്രലൈംഗീകത ബാലികേറാമല പോലെ നില്‍ക്കുമ്പോള്‍ തൊട്ടുനക്കാന്‍ ഞങ്ങള്‍ക്ക് രതിക്കഥകള്‍ മതി,ശരീരങ്ങള്‍ മതി എന്നൊരു ചിന്താഗതിയില്‍ നിന്നാണ് സരിതമാര്‍ ജനിക്കുന്നത്.സോളാര്‍തിരക്കഥയിലെ ആണുങ്ങള്‍ ചിത്രത്തില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളെപ്പോലെ ഇടക്കെങ്ങാനും വന്നെങ്കിലായി.. അതവര്‍ തന്നെ കോടതിയില്‍ പറഞ്ഞല്ലൊ,എന്നെ കൊണ്ടുനടന്നാഘോക്കരുതെന്ന്.സമൂഹത്തിന്റെ ആര്‍ത്തി കാമറമാന്മാരിലൂടെ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു..എനിക്ക് അവരുടെ നല്ലൊരു ക്ലിക്ക് കിട്ടി എന്നഹങ്കരിക്കുന്ന കാമറാമാനും നമ്മുടെ മുന്നിലുണ്ട്.

drpmalankot said...

ഇതാണ് കേരളം......

അതെ, ഇങ്ങിനെയൊക്കെ ആയിരിക്കുന്നു! ആത്മാഭിമാനമുള്ള മലയാളികൾ ചിന്തിച്ചുപോകും.
വീണ്ടും എഴുതുക. ആശംസകൾ.

drpmalankot said...

സൌകര്യംപോലെ എന്റെ ബ്ലോഗ്സ്പോട്ട് സന്ദര്ശിക്കാൻ ക്ഷണിക്കട്ടെ. നന്ദി.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സരിതമാര്‍ മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തില്‍ നിന്നാണ് ജനിക്കുന്നത് ,അത് തടയുക എന്നത് അത്ര ലളിതമല്ല ,,

Echmukutty said...

നന്ദി ഈ എഴുത്തിനു...

ANITHA SARATH said...

BHAASHAYKKU MAATHRAMAAYI SHRESHTTAMAAVAAN KAZHIYUMO...NICE.

മണിലാല്‍ said...
This comment has been removed by the author.
Cartoonist said...

നന്നായി അനുഗ്രഹിക്കുന്നു..
തൽക്കാൽമ് മറയട്ടെ :)

മുകിൽ said...

nannayi paranjathu.

Cv Thankappan said...

ചിന്തിച്ചുപോകും!എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്?
നന്നായി എഴുതിയിരിക്കുന്നു.
ആശംസകള്‍


നീയുള്ളപ്പോള്‍.....