പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, October 1, 2013

എന്റെ ഉറക്കങ്ങള്‍


For മാര്‍...ജാരന്‍  book contact  DC book stalls in kerala and u a e


 പ്രിയ സുഹൃത്തിനെപ്പോലെ ഒഴിയാബാധയായി   ഉറക്കം എന്റെ കൂടെയുണ്ട്.കട്ടിലിലേക്കോ പായിലേക്കൊ അല്ലെങ്കിൽ ആരിലേക്കോ  ചായാന്‍ എപ്പോഴും തോന്നുന്ന ഒരു മാനസികനിലയാണത് .ഈ   ശീലം നല്ലതല്ലെന്ന് പലരും പറയുന്നു.അമ്മ ഒരുപാടു വക്കാണം ഉണ്ടാക്കിയിട്ടുണ്ട്.ഉറക്കം തെളിയാതെ ചിലദിവസങ്ങളില്‍ സ്കൂളിലോ കോളേജിലോ പോയിട്ടില്ല.ഈയുറക്കം കുറച്ചു നാളുകള്‍ നീണ്ടു പോകുകയും ചെയ്യും. ഇന്ത്യയിലായതിനാല്‍ മാനസികാരോഗ്യകേന്ദ്രങ്ങളിലേക്ക് എറിയപ്പെട്ടില്ല.ഇവിടെ മനുഷ്യരുടെ കാര്യം ആരുനോക്കുന്നു.

ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു മനുഷ്യദൈവത്തെ പറ്റി സംസാരിച്ചപ്പോള്‍ യു.കെ.യില്‍ മനശാസ്ത്രഞ്ജനായ മലയാളി സുഹൃത്ത് പറഞ്ഞു,അവിടെയാണെങ്കില്‍ ഇത്ര നീണ്ടു പോകില്ല, പിടിച്ചുകെട്ടി കൂട്ടിലടിച്ചേനെ.പൊതുവിൽ ഭ്രാന്തിനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ.അതുകൊണ്ടാണല്ലോ ദാരിദ്യം പങ്കുവെക്കലാണ് സോസ്യലിസം എന്നു പറഞ്ഞ പ്രധാനമന്ത്രിയെയും നമ്മള്‍ ഏറ്റിയതാണ്.

ശകാരം കേള്‍ക്കുമ്പോളൊക്കെ കുറ്റബോധം തോന്നുമെങ്കിലും ഉറക്കത്തെ ഞാന്‍ മറ്റെന്തിനുമുപരിയായി സ്നേഹിക്കുന്നു.കണ്ണുചിമ്മുമ്പോള്‍ ഞാന്‍ എന്റെതായ ഒരു ലോകത്തിലേക്ക് സ്വതന്ത്രനാവുന്നു.അവിടെ എനിക്ക് പ്രിയപ്പെട്ടതെല്ലാം ഉണ്ട്,യഥാര്‍ത്ഥ ജീവിതത്തില്‍ സങ്കല്പിക്കാന്‍ പറ്റാത്തത്.കണ്ണു തുറന്നു കാണുന്നതിനേക്കാള്‍ മനോഹരമാകുന്നു കണ്ണടച്ചാല്‍ കിട്ടുന്നത്.പ്രണയത്തിലേക്ക് ചായുന്നതിനേക്കാള്‍ ലഹരിയോടെയാണ് ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നത്. 


  ഒരു ചായ കുടിക്കാം എന്ന് വിചാരിക്കുന്നതു പോലെ ലളിതമായി, ഒന്നുറങ്ങിക്കളയാം എന്ന് എല്ലായ്പ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നു.മുളക്കാത്ത വിത്തിന്റെ മഹാനിദ്ര പോലെ ഉറക്കത്തിന്റെ ആഴത്തില്‍ ഉറഞ്ഞുപോകുന്നത് ഞാനെപ്പോഴും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു.

അമ്മയേക്കാളും  എന്നെ ഒരുപാടുറക്കിയിട്ടുള്ളത് യാത്രകളാണ് . എനിക്കുള്ള താരാട്ട് ദീര്‍ഘദൂരമോടുന്ന യാത്രകളില്‍    ഉണര്‍ന്നിരിപ്പുണ്ട്  .ബസിന്റെ താളത്തില്‍ ട്രെയിനിന്റെ താളത്തില്‍ ഞാന്‍ സ്വരൂപിച്ചുണര്‍ത്തിയ സ്വപ്നങ്ങളെത്ര,സംഗീതങ്ങളെത്ര,പ്രണയങ്ങളെത്ര.  മറ്റു  യാത്രകളില്‍ കിട്ടാത്ത താളം കെ.എസ്.അര്‍.ടി.സി യാത്രകളില്‍ നിന്നും ഞാന്‍ അനുഭവിക്കുന്നു.കര്‍ണാടക,തമിഴ്നാട് സ്റ്റാന്റുകളില്‍  ഈ ബസുകള്‍ കാണുമ്പോള്‍ എനിക്ക് കിട്ടുന്നത് കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മകളല്ല,   സ്വപ്നത്തിലേക്ക് നടയിരുത്തിയ എന്റെ പ്രിയപ്പെട്ട ഓര്‍മ്മകളാകുന്നു.പകൽയാത്രകളിൽ എനിക്കേറ്റവും ഇഷ്ടം കെ.എസ്.ആര്‍.ടി.സി ബസുകളാകുന്നു.ഇടക്കിടെ കാഴ്ചകളിലേക്കും യാഥാര്‍ത്ഥ്യങ്ങളിലേക്കും ഡബ്ബിള്‍ ബെല്ലടിച്ച് ഇറക്കിവിടുന്ന കെ.എസ്.ആര്‍.ടി.സി  ഉറക്കങ്ങള്‍ പ്രിയപ്പെട്ടതാകുന്നു. ഫെയ്ഡ് ഇന്‍ ഫേയ്ഡ് ഔട്ട് പോലെ ഉറക്കവും ഉണര്‍ച്ചയും നിറം മാറിവരുന്ന സന്തോഷങ്ങള്‍.ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്.സങ്കല്പങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക്, തിരിച്ചും.

കാഴ്ചകളെ മറയ്ക്കുന്ന രാത്രിയാത്രകള്‍ ട്രെയിനിലായാലും തരക്കേടില്ല.എത്ര മനോഹരമായ യാത്രകളായാലും കാഴ്ചകളായാലും ഇടക്കിടെ ഒന്നുറങ്ങാതെ വയ്യ.തണുപ്പില്‍ നിന്നും  ,കാറ്റില്‍ നിന്നും  ,സംഗീതത്തില്‍ നിന്നും   ,ഓര്‍മ്മകളില്‍ നിന്നും നമ്മള്‍ ആലസ്യത്തിലേക്ക് വീഴ്ത്തപ്പെടുകയാണ്. അത്യധികം മനോഹരമായ കാഴ്ചകളാണ് പുറത്തെങ്കിലും  വയനാടന്‍ ചുരം കയറുമ്പോള്‍ എത്ര ഹെയര്‍പിന്‍ വളവുകളുണ്ടൊ അതിലധികം തവണ ഞാനുറങ്ങിയുണരും.യാഥാര്‍ത്ഥ്യങ്ങളും സങ്കല്പനങ്ങളും ചേരുമ്പടി ചേര്‍ക്കാനുള്ള ഒരവസരം കൂടിയാവുന്നു ഈ ഉറക്കങ്ങളും ഉണര്‍ച്ചകളും സമ്മാനിക്കുന്നത്.

ഉറക്കമില്ലാതെ യാത്രയില്ല.യാത്രകൾ ഉണർച്ചകൾ ആണെങ്കിലും.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം   ദീര്‍ഘയാത്രയെ വഴിയില്‍ ഉപേക്ഷിച്ച് കാറില്‍ തൃശൂര്‍ക്ക് മടങ്ങുമ്പോള്‍ വഴിനിറയെ സംഘര്‍ഷങ്ങളായിരുന്നു.ആക്രമോൽസുകരായ ജനങ്ങള്‍ റോഡ് നിറയെ,ചിലയിടത്ത് മനുഷ്യര്‍ ആളിക്കത്തുന്നു,കത്തിക്കുന്നു.  വീട്ടുമനുഷ്യര്‍ അങ്ങിനെയാൺ,വീട്ടിൽ നനഞ്ഞ പടക്കം പോലെ  ഉറഞ്ഞിരിക്കും തെരുവില്‍ ആളിക്കത്തും. കൂടെയുള്ള ആകാശവാണിയിലെ പി. ബാലന്‍,ഏഷ്യാനെറ്റിലെ എം.ആര്‍.രാജന്‍ എന്നിവരൊക്കെ വീടെത്തുമൊ എന്ന ആകാംക്ഷയെ ഭീതിയോടെ ഉറ്റുനോക്കുകയും ആശങ്കപ്പെടുകയുമായിരുന്നു.ഒരുറച്ച വീടില്ലാത്തതിനാല്‍ തിരിച്ചുവരവ് എനിക്ക് പ്രിയപ്പെട്ടതല്ല ഒരിക്കലും.ഈ യാത്രയിൽ ഞാനൊന്നുറങ്ങിപ്പോയി.അവര്‍ എന്നെ വിളിച്ചുണര്‍ത്തി. അവരുടെ ശകാരത്തിനു കണക്കില്ല.ഭയത്തില്‍ കൂട്ടിരിക്കേണ്ട ആള്‍ സുഖിച്ച് ഉറങ്ങിയാലോ.

ഉറക്കത്തിനു പകരം എന്തു വെച്ചാലും അത് ഞാനെടുക്കില്ല,പ്രണയം പോലും.ഉറക്കത്തില്‍ വരുന്ന ഏതു വിളികളേയും ഞാന്‍ ശത്രുപക്ഷത്ത് നിര്‍ത്തും,കുറച്ചു നേരമെങ്കിലും.ഉറക്കത്തിന്റെ ആഴങ്ങളില്‍ നിന്നും തിരിച്ചുവരുന്നത്   സര്‍ഗ്ഗാത്മകമായ അന്തരീക്ഷത്തിലേക്കായിരിക്കും.ഉറക്കത്തില്‍ നിന്നും കണ്ണുതിരുമ്മി എഴുത്തിലേക്ക് കയറിയിരിക്കുന്നത് മാധവിക്കുട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.വായനയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ ഉറക്കത്തില്‍ നിന്നും കിട്ടും.വായന കൂടിയാല്‍ നിങ്ങള്‍ ഒരു കോപ്പിയടിക്കാരന്‍ മാത്രമായി ചുരുങ്ങും.സര്‍ഗ്ഗാത്മകതയെ തട്ടിച്ചു നോക്കാന്‍ മാത്രം പുസ്തകം കയ്യിലെടുക്കുക.സിനിമയുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് പ്രധാനം. 

എഴുത്തറിയാത്തതിനാല്‍ പാട്ടുകേട്ടോ,വായിച്ചോ,ആലോചിച്ചോ  വെറുതെയിരിക്കുന്നു.മറിച്ച് സിനിമ ചെയ്യുമ്പോഴോ മറ്റൊ ഉറക്കമില്ലാതെയുമിരിക്കും,അലാറത്തിന്റെ അമറല്‍ കേള്‍ക്കാതെ തന്നെ ഉണരും. അപ്പോള്‍ ഉറക്കത്തെ കീഴ്പ്പെടുത്തി ഉത്തരവാദിത്വങ്ങള്‍ മുന്നേറും.ഉണര്‍ച്ചയോടടുത്ത  ഉറക്കമാണ് കൂടുതല്‍  ഇഷ്ടം.പൈപ്പില്‍ നിന്നുള്ള തുള്ളിതുള്ളിയായി വീഴുന്ന ശബ്ദം പോലും അറിയുന്ന ഉറക്കം. പതിഞ്ഞ കാലടികളാല്‍  തൊടാന്‍ വരുന്ന പ്രണയത്തെ അറിയുന്നതു പോലെ.മഴക്കാലത്തെ ഉറക്കം പോലെ ലോകത്തില്‍ മറ്റൊന്നുമില്ല.അതുറക്കമല്ല..മഴയോടൊപ്പമാണപ്പോളത്തെ ഉറക്കം.പാതിയുറക്കത്തെ മഴ കൊണ്ടു പോകുന്നു. ഉറക്കത്തിലെ ഉണര്‍ച്ചയാണ് മഴ.


മദ്യപിച്ചാല്‍ തളർന്നുറങ്ങും.ആയതിനാല്‍ മദ്യം എനിക്ക് ക്രിയേറ്റിവിറ്റിയോ സന്തോഷമോ അല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ആറാടാനുള്ള വെറും സാഹചര്യമാണത് .എന്നിട്ടും മദ്യപിക്കുന്നത് മാന്യനാക്കി ഒറ്റപ്പെടുത്താതിരിക്കുന്നതിനു വേണ്ടിയാണ്. ഭക്ഷണം കഴിച്ചാലും ഉറക്കം വരും.പ്രണയത്തിനൊടുവിലും ഗാഢമായ ഉറക്കം വരും.പ്രണയക്കൂടുതല്‍ ഉറക്കം കെടുത്തും,പ്രായക്കൂടുതലും. വേനലില്‍ വിയര്‍ത്തുറങ്ങാനും മഴയില്‍ തണുത്തുറങ്ങാനും ഇഷ്ടമാണ്.കാറ്റിനൊപ്പം പറന്നുറങ്ങാറുമുണ്ട്.മഴക്കൊപ്പം പെയ്തുറങ്ങാ‍റുണ്ട്. മഴകൊണ്ടുറങ്ങുന്ന തെരുവുമനുഷ്യരെ കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്.മഴകൊണ്ടു നടക്കണമെന്ന ആഗ്രഹം പോലെ തന്നെയാണ്  മഴകൊണ്ടുറങ്ങണമെന്ന ആഗ്രഹവും.   രാത്രി ആരും കാണാതെ മഴനനഞ്ഞുനില്‍ക്കാറുണ്ട്. ഭ്രാന്തെന്നു കൂകിയാലും 
 കുഴപ്പമില്ല .മഴയുണ്ടെങ്കില്‍ പിന്നൊന്നും വേണ്ട.മഴയുണ്ടെങ്കില്‍ ലോകത്തെ കൈവെള്ളയിൽ വെച്ചുറങ്ങാം.


ചില സമയങ്ങളിലെ ഉണര്‍ച്ച ആത്മഹത്യാപരമാകുന്നു.ഒരു രാത്രിയില്‍ ഉറക്കമില്ലാതെ എനിക്ക് ഭ്രാന്തായി,എന്റെ മനസ് കീഴ്മേല്‍ മറിഞ്ഞു.ആരെയെങ്കിലും ഒന്നു തൊട്ട് അസ്വസ്ഥത തേച്ചുമാച്ചു കളയാന്‍ പറ്റാത്ത പാതിരാ സമയം.ശബ്ദങ്ങളെ മാത്രമല്ല സ്വാഭാവികമായ എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു തറ നിലവാരത്തിലുള്ള വീടായിരുന്നു അത്.നമ്മള്‍ പുറത്തേക്കിറങ്ങിയാല്‍ ഗൃഹനാഥന്‍ ഉല്‍കണ്ഠയോടെ വലിയ ടോര്‍ച്ചെടുത്ത്   മുറി തുറന്നുവരും.താനറിയാതെ ആ വീട്ടില്‍ ഒന്നും സംഭവിക്കരുതെന്ന് തീരുമാനിച്ച പിച്ചമനസിന്റെ ഉടമ.എന്റെ മനോനില അയാളോടു വിവരിക്കാനും പറ്റില്ല. അടച്ചിട്ട മുറിയില്‍ ഞാന്‍ വെരുകിനെ പോലെ വെപ്രാളപ്പെട്ടു. ഒരു തരത്തിലും മനസിനെ ശാന്തമാക്കാന്‍ പറ്റുന്നില്ല. തല കിടക്കയില്‍ പൂഴ്ത്തി നിന്നുനോക്കി,നിലത്തിഴഞ്ഞു,തലയില്‍ വെള്ളമൊഴിച്ചു,ഇഷ്ടമുള്ളവരെ,ഇഷ്ടമുള്ളതിനെ ഓര്‍ത്തുനോക്കി.....  മുഴുഭ്രാന്തിലേക്ക് ഞാന്‍ വീഴുന്നതു പോലെ,ആത്മഹത്യക്കു മുന്നില്‍  നില്‍ക്കുന്നതു പോലെ.


 ചാനലിലെ എഡിറ്റിംഗ് പണി കഴിഞ്ഞ് ഭ്രാന്തുപിടിച്ച അവള്‍ 
അപ്പോളാണ് വിളിക്കുന്നത്.അതവളുടെ സ്ഥിരം പരിപാടിയാണ് പാതിരാത്രിവരെ ജോലി ചെയ്ത് തല തരിക്കുമ്പോള്‍ ആരെയെങ്കിലും വിളിച്ച് തെറിവിളിക്കുക.(പാതിരാത്രിയില്‍ ഒരു തെറിവിളി ഞങ്ങള്‍ സുഹൃത്തുക്കള്‍ എപ്പോളും പ്രതീക്ഷിക്കുന്നുണ്ട്.) നിങ്ങള്‍ അങ്ങിനെ ഉറങ്ങി സുഖിക്കേണ്ട എന്നൊരു ടോണില്‍.    എന്നെയും വിളിച്ചു ടണ്‍ ഭാരമുള്ള തെറികള്‍  .സ്നേഹം പശ്ചാത്തലമാക്കിയ ആ ഒറ്റത്തെറിയില്‍ ഞാന്‍ നോര്‍മല്‍ ആയി.പിന്നെ നല്ല ഉറക്കമായിരുന്നു.ആ ഉറക്കത്തില്‍ നിന്നും ഞാന്‍ പ്രണയത്തിലേക്ക് ഉണര്‍ന്നു.ഉണര്‍ന്നാല്‍ ഉഷാറാവാന്‍ എന്തെങ്കിലും വേണം,പ്രണയമാണെങ്കില്‍ കൂടുതല്‍ ഉന്മേഷകരം.ഒന്നും കിട്ടിയില്ലെങ്കില്‍ വീണ്ടും ഉറങ്ങും,കുണ്ടിയില്‍ സൂര്യന്‍ ചൂടേല്പിക്കുന്നതുവരെ.


മറ്റുള്ളവരുടെ വീട്ടില്‍ ഉറക്കം കിട്ടാത്തവരുണ്ട്,സ്വന്തം വീട്ടില്‍ ഉറക്കം വരാത്തവരുണ്ട്.നല്ല വീടുകള്‍ തരുന്നത് നല്ല ഉറക്കമാകുന്നു,നല്ല സൌഹൃദങ്ങള്‍ തരുന്നതും മറ്റൊന്നല്ല.ഈയിടെ ചേര്‍ക്കരയിലെ മധുവിന്റെ വീട്ടില്‍ പോയി.എന്നെ അവന്‍ കൂട്ടുകാരെ വിട്ടു മുരിയാന്തോടിലെ മുരളിയുടെ വീട്ടില്‍ നിന്നും പൊക്കുകയായിരുന്നു.ഓടിട്ട പഴയ വീടായിരുന്നു അത്.ചിതല്‍ കേറി മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന വീട്.ഈര്‍പ്പം മണക്കുന്ന ഇത്തരം വീടുകള്‍  അമ്മമാരെ ഓര്‍മിപ്പിക്കും.അത് പൊളിച്ചുമാറ്റുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി അവിടെ ഉറങ്ങണമെന്ന് മധുവിനെ ഓര്‍മ്മിപ്പിച്ചു.അത്രക്ക സുഖകരമായിരുന്നു ആ വീട്ടിലെ രാത്രിയുറക്കം.ഞാനുണ്ടെന്നറിഞ്ഞ് കൊടുങ്ങല്ലൂരില്‍ നിന്ന് സഗീറും വന്നു.അവന്‍ ഉണര്‍ത്താന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി. ഉറക്കം തോന്നുമ്പോള്‍ ഉറക്കം വേണ്ടെന്നുവെക്കരുതെന്ന് തിരൂർ പ്രകൃതിജീവനകേന്ദ്രത്തിലെ  ഡോ:രാധാകൃഷ്ണന്‍ പറയും.നിയമസഭയിലായാലും കോടതിയിലായാലും പെണ്ണുകാണുന്നതിനിടയിലായാലും അത് ചെയ്യണം.തൃശൂര്‍ റൌണ്ടിലൂടെ ഞാനും ശില്പി രാജനും നടക്കുകയായിരുന്നു.അലുക്കാസിനു മുന്നില്‍ ഞങ്ങളുടെ സുഹൃത്ത് ചാലിലേക്ക് തലവെച്ച് കിടക്കുന്നു.ഞാനും ശില്പിയും മുഖത്തോടുമുഖം നോക്കി,എന്തു ചെയ്യണമെന്ന്.ശില്പി പറഞ്ഞു,അവന്‍ വിശ്രമിച്ചോട്ടെ.നമുക്ക് പോകാം.അന്ന് ശില്പിയെ ഞാന്‍ കുറ്റം പറഞ്ഞു.ഇപ്പോള്‍ അറിയുന്നു,എന്തിനൊരാളെ ഒരു കാരണവുമില്ലാതെ ഉറക്കത്തില്‍ നിന്നുണര്‍ത്തണം. ഉറക്കത്തെക്കുറിച്ച് നല്ല അവബോധം ഉള്ള ആളായിരിക്കണം ശില്പി.


ഞങ്ങളുടെ പ്രിയ സുഹൃത്ത് കോഴിക്കോട്ടേ ശശി(ഈയിടെ മരിച്ചു)നല്ലൊരു സംഘാടകനും നല്ല കൂര്‍ക്കം വലിക്കാരനും ആയിരുന്നു.മുംബയില്‍ ഫിലിം ഫെസ്റ്റിവലിനു ഞങ്ങള്‍ ഒരു മുറിയില്‍ തിങ്ങിനിറഞ്ഞു താമസിക്കുകയായിരുന്നു.ശശിയുടെ കൂര്‍ക്കം വലി ഞങ്ങളെ മാത്രമല്ല ആ ലോഡ്ജിലെ മറ്റു മുറിയിലുള്ളവരേയും ഉറക്കിയില്ല.സമാനതകളില്ലാത്തതാണാ കൂര്‍ക്കം വലി.രാവിലെ ശശി കൂര്‍ക്കംവലിയൊന്നുമില്ലാതെ ശാന്തമായി ഉറങ്ങുന്നു.ശില്പി പറഞ്ഞു,ഉണര്‍ത്തേണ്ട.ശശി വിശ്രമിക്കുകയാണ്. ഉറക്കം ഒരു മഹാപാതകം പോലെയാണ് സാധാരണ മനുഷ്യരും അതിനേക്കാള്‍ സാധാരണക്കാരായ  മാദ്ധ്യമപ്രവര്‍ത്തകരും  കാണുന്നത്.അല്ലെങ്കില്‍ പൊതുവേദിയിലേയും നിയമസഭയിലേയും ഉറക്കം ഫോട്ടോ ആക്കില്ലല്ലോ.ആ വിശ്രാന്തിയെ   സാമാന്യബോധമുള്ള മനുഷ്യര്‍ അഭിവാദ്യം  ചെയ്യുകയാണ് ചെയ്യേണ്ടത്.എന്റെ പുസ്തകം ‘മാര്‍ജാരന്‍’ എങ്ങിനെയുണ്ട് എന്നു ചോദ്യത്തിനു വടുക്കുഞ്ചേരിയിലെ സുജ പറഞ്ഞത് വായന തീര്‍ന്നില്ല, പുസ്ത്കം കയ്യിലെടുത്താല്‍ അവര്‍ക്കുറക്കം വരുമെന്നാണ്.എന്റെ പുസ്തകമായതിനാലാണൊ ഉറക്കമെന്ന് ഞാന്‍ സംശയിക്കുന്നു.എന്തായാലും അസ്വസ്ഥമാക്കുന്ന പുസ്തകത്തേക്കാള്‍ ഉറക്കുന്ന പുസ്ത്കമാണ് നല്ലത്.എന്നെ പുസ്ത്കം കൊണ്ടു പോകുന്നത് ഭാവനകളിലേക്കാണ്.അത് പിന്നീട് മയക്കവും ഉറക്കവുമാകും.ആയതിനാല്‍ ഒരു പുസ്ത്കാവും ഒറ്റയടിക്ക് അവസാനിപ്പിക്കുക ഒരിക്കലും പറ്റാത്ത കാര്യവുമാണ്.ഒറ്റയടിക്ക് വായിച്ച അപൂര്‍വ്വം  പുസ്തകങ്ങളില്‍ ഓര്‍മ്മ വരുന്നത് ‘ക്ളാന്റസ്റ്റൈൻ  ഇന്‍ ചിലി’ ആണ്.മാര്‍ക്വേസിന്റെ ചെറിയ പുസ്തകം.


ഒരിക്കല്‍ ഞാനും ഇമബാബുവുമൊത്ത് ‘കല്ലിന്റെ ജന്മാന്തരങ്ങള്‍ എന്ന് ഡോക്യൂമെന്ററിക്ക് കുറച്ചു പടങ്ങള്‍ എടുക്കാന്‍ തഞ്ചാവൂരിലേക്ക് പോയതോര്‍മ്മയുണ്ട്.രാത്രി ട്രെയിനില്‍ വാഷ് റൂം ഭാഗത്ത് ഞങ്ങള്‍ പരസ്പരം തലയിണയാക്കി ഉറങ്ങി , തഞ്ചാവൂരിൽ ഉണരുകയായിരുന്നു.ക്ഷീണം നല്ല കിടക്കയാവുന്നു.വണ്ടിയോടിക്കുമ്പോള്‍ ഞാന്‍ ഉറങ്ങാ‍റുണ്ടായിരുന്നു.ചില ഓര്‍മ്മകള്‍,ചില ചിന്തകള്‍ ലഹരി പിടിപ്പിക്കുമ്പോള്‍ പിന്നെ ഒരു മയക്കം കൂടെ വരും.വാടാനപ്പിള്ളീല്‍ കട നടത്തുന്ന സുഹൃത്തുക്കള്‍ പറഞ്ഞു,നിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നു.അതില്‍ പിന്നെ ടൂവീലര്‍ അധികം ഓടിച്ചിട്ടില്ല.


ലോകത്ത് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് ഡ്രൈവര്‍മാരോടാണ്.നമ്മള്‍ ഇങ്ങനെ ഉറങ്ങിയും ഉണര്‍ന്നും അലസവും വിലാസവുമായി യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ അനുഭവിക്കുന്ന ഏകാന്തത എന്നെ അലട്ടാറുണ്ട്.രാത്രിയാത്രകളില്‍ യാത്രക്കാരുടെ ഉറക്കങ്ങളുമായി വളയം പിടിക്കുമ്പോൾ ശവവണ്ടി ഓടിക്കുന്നതു പോലെയാവുമോ ഡ്രൈവര്‍ക്കു തോന്നുക.


ഉറക്കം വമ്പിച്ച സ്വകാര്യതയാകുന്നു.അതു കൊണ്ടാണ് ഉറക്കം വരുന്നില്ലെങ്കിലും ഗൃഹസ്ഥര്‍ അങ്ങിനെ നടിക്കുന്നത്.സുഹൃത്തുക്കള്‍ വരുമ്പോള്‍ കണ്ണു തിരുമ്മാതെ പുറത്തേക്ക് വരുന്നത് അതുകൊണ്ടാണ്.കള്ളയുറക്കം നല്ല അഭിനയം വേണ്ട ഒന്നാണ്.വിവാഹം കഴിച്ചാല്‍ ഇതില്‍  പ്രാഗല്‍ഭ്യം 
താനെ നേടിക്കൊള്ളും. വിവാഹം പലതിന്റേയും പരിശീലന കേന്ദ്രങ്ങളാകുന്നു.കിടക്കുമ്പോള്‍ കാലാട്ടികൊണ്ടിരിക്കുന്നതിനാല്‍ ഉറക്കത്തിലും ഞാന്‍ കാലാട്ടിക്കൊണ്ടിരിക്കുന്നു.ഇത് തെറ്റിദ്ധാരണകള്‍ക്ക് ഇടം കൊടുക്കാറുണ്ട്.പക്ഷെ ആരെയും ബോധ്യപ്പെടുത്തേണ്ടാത്തതാണ് എന്റെ ഉറക്കങ്ങള്‍.എന്താ ഇത്ര നേരത്തെ,എത്ര നേരമായി ഈയുറക്കം,പകലുറങ്ങാന്‍ നാണമില്ലെ,വാതില്‍ തുറന്നിട്ടാണൊ കിടപ്പ് എന്നിങ്ങനെ ഉറക്കം കെടുത്തുന്ന വര്‍ത്തമാനങ്ങള്‍ പറയാന്‍ ഞാന്‍ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ല.


രാത്രി വളരെ വൈകിയും മദ്യപിച്ചും ചര്‍ച്ച ചെയ്തും ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ഉറക്കത്തിലും ചര്‍ച്ച തുടരുന്ന ചിലരുണ്ട്.അതിലൊരാള്‍ ശില്പി രാജനാണ്.നേരെ ചൊവ്വേ ഭാര്യയോടു പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉറക്കത്തില്‍ സംസരിച്ചു തീര്‍ക്കുന്നവരുമുണ്ട്,അതിലൊരാള്‍ ഞങ്ങളുടെ പ്രേമേട്ടനാണ്.ഞങ്ങളും ഇത് പ്രേമേട്ടനോടും ശില്പിയോടും  നേരിട്ടു പറഞ്ഞിട്ടില്ല.ഇതിലൂടെ പറയുന്നു.എഴുത്തും ഉറക്കം പോലെ വമ്പിച്ച സ്വകാര്യതയാണ് അനുഭവിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് പയ്യന്നൂരില്‍ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ തെയ്യം കാണാന്‍ പാതിരാത്രിയില്‍ പോയി.തോണി കയറിയും പാലം കടന്നും കുറെ ദൂരങ്ങള്‍.തെയ്യം കഴിഞ്ഞ്  തെങ്ങിന്‍ തോപ്പില്‍ അടിച്ചു പൂസായി കിടന്നുറങ്ങി.രാവിലെ എഴുന്നേല്‍ക്കുമ്പോല്‍ അമ്പരപ്പിക്കുന്ന പ്രകൃതിദൃശ്യത്തിലേക്കാണ് ഞങ്ങള്‍ ഉണര്‍ന്നത്.തെയ്യത്തേക്കാളും അത് ഭംഗിയുള്ള കാഴ്ച തന്നു.


പയ്യന്നൂരില്‍ തന്നെ ഒരു ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാനും മോഹനേട്ടനും പ്രിയനന്ദനും  കെ.ജി.ജയനും കൃഷ്ണകുമാറുമൊക്കെ ഷൂട്ടിംഗ് സന്നാഹങ്ങളോടെ ഒരു ബാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ പുറത്ത് സംഘര്‍ഷമുണ്ടായി.ഞങ്ങളുടെ മുറിയുടെ ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു വീണു കൊണ്ടിരിക്കുന്നു.കുറച്ച് നേരം പുറത്തെ തെരുവുവിളക്കിന്റെ പശ്ചാത്തലത്തില്‍ ചില്ലുകള്‍ പൊട്ടിത്തകരുന്നതിന്റെ ഭംഗി നോക്കി നിന്നു.പിന്നെ ഞാന്‍ കട്ടിലിന്റെ താഴെ ഊര്‍ന്നു പോയി   പാതികെട്ട ബോധത്തോടെ നിലംപറ്റി.പിറ്റെ ദിവസമാണ് ഞാനറിയുന്നത് മോഹനേട്ടനും കൂട്ടരുമൊക്കെ അകത്തെ വരാന്തയില്‍ ഇരുന്നു നേരം വെളുപ്പിക്കുകയായിരുന്നു എന്ന്.

ഉറക്കമൊഴ്ച്ചിരുന്നു സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനേക്കാളും ഉറങ്ങി സംഘര്‍ഷത്തെ നേര്‍പ്പിക്കുന്നതാകുന്നു മനുഷ്യര്‍ ചെയ്യേണ്ടത്.അകത്തെ സംഘര്‍ഷത്തേയും പുറത്തെ സംഘര്‍ഷത്തേയും വേര്‍തിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം.

വലിയ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ചില അസ്വസ്ഥ രാത്രികളില്‍ കൈവിരല്‍ തുമ്പത്ത്  അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്,നിമിഷനേരത്തേക്കെങ്കിലും. ഇല്ല എന്ന അറിവ് തരുന്ന ആഹ്ളാദം ചേറുതല്ല.മറ്റെന്തിനേക്കാളും ഉറക്കം എന്ന വ്യത്യസ്തയെ സ്നേഹിക്കുന്നതു കൊണ്ടണത്.


11 comments:

മണിലാല്‍ said...

വലിയ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ചില അസ്വസ്ഥ രാത്രികളില്‍ കൈവിരല്‍ തുമ്പത്ത് അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്,നിമിഷനേരത്തേക്കെങ്കിലും. ഇല്ല എന്ന അറിവ് തരുന്ന ആഹ്ലാദം ചേറുതല്ല.മറ്റെന്തിനേക്കാളും ഉറക്കം എന്ന സ്വകാര്യതയെ സ്നേഹിക്കുന്നതു കൊണ്ടണത്.

Anonymous said...

ഉറക്കം നടിക്കാനുള്ള കഴിവുണ്ടെങ്കില്‍ കുടുംബജീവിതം എത്രകാലം വേണമെങ്കിലും മുന്നോട്ട് നയിക്കാം.

Aneesh chandran said...

ഉണരൂ ഉണരൂ...നമ്മള്‍ ഉറക്കം നടിക്കുകയല്ലേ അതുകൊണ്ട് ഉണരുക ബുദ്ധിമുട്ടാണ്.

Unknown said...

ഉറക്കം ഒരു ശാന്തസമുദ്രമല്ലേ...:)

Anonymous said...

nalla urakkangal ullathukondaavanam nalla unarchayote unarchayulla kaazchakal ninte munpil theliyunnathu.uranguka unarnnirikkuka...

Visala Manaskan said...

Nice ezhuthu chullan. Appo book onnu vaanganamallo!! :)

Anonymous said...

"വേറിട്ട ഉറക്കത്തിന്റെ" ഒരു കഥ ഞാനും പറയാം. ജീവിതസാഹചര്യങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന ഭാഗ്യ ദമ്പതികള്‍. വല്ലപ്പോഴും കണവന്റെ guest appearence. ശീലം കൊണ്ടാവാം ഇരുട്ട് കനക്കുന്ന പാതിരായ്ക്ക് ഒരു ജാരനെ പോലെയേ (മാര്‍ പദവി അടുത്ത് തന്നെ കിട്ടും) ഭര്‍ത്താവദ്ദേഹം ഭാര്യയുടെ ക്വാര്‍ട്ടേര്‍സിലെത്തൂ. പക്ഷേ, പിറ്റേന്ന് രാവിലെ മുതലേ ചുറ്റുവട്ടത്തെ സാറമ്മാരും, ടീച്ചര്‍മാരും ചോദിച്ചു തുടങ്ങും "ആള് വന്നിട്ടുണ്ടല്ലേ" ..ചെറുചിരി പുറകേ ..കണവന്റെ കൂര്‍ക്കംവലി കച്ചേരിയാണ് ചിരിയുടെ കാരണം.പല താളങ്ങളില്‍..ഈണങ്ങളില്‍..ഒച്ചയുടെ ഏറ്റക്കുറച്ചിലുകളില്‍...ചിലപ്പോള്‍ പഴയ ബുള്ളറ്റിന്റെ ഗാംഭീര്യം..മറ്റ് ചിലപ്പോള്‍ കുണ്ടും കുഴിയും ഇറങ്ങി ക്കയറി നീങ്ങുന്ന ഓട്ടോറിക്ഷയുടെ ദൈന്യത. ഭാര്യ കൂര്‍ക്കംവലിയുടെ അകമ്പടിയോടെയെത്തുന്ന സംസാരത്തിന് കാതോര്‍ത്ത് കാവലിരിക്കും. ഉറക്കമൊഴികള്‍ക്ക് മറുമൊഴികളും, മറുചോദ്യങ്ങളുമായി ഭാര്യയുടെ cbi മനസ്സ് ഉണരും..പക്ഷേ ഏത് ഗാഢനിദ്രയിലും മനസ്സിന്റെ "ഒളിമുറി" തുറക്കപ്പെടാതിരിക്കാനുള്ള ഭര്‍ത്താവിന്റെ വൈദഗ്ദ്ധ്യത്തിന് മുന്നില്‍ പാവം ഭാര്യ തോറ്റു തലയിലൂടെ പുതപ്പിട്ടു മൂടും.

മണിലാല്‍ said...

eee ezhuthinu sthuthi.........

Anonymous said...

കൈവണ്ണയില്‍ അവളുടെ ശിരസ്സും,മാറില്‍ അവളുടെ കൈയും ഇല്ലെങ്കിലാണ് എന്റെ ഉറക്കത്തിന്റെ സ്വകാര്യത നഷ്ടപ്പെടുക...

Anonymous said...

kaiviral thumpil aval undakanamennu nee aashichittu kaaryamillallo...avalumaarkku koodi thonnande..............aaru sahikkum ninne?????????????????????????

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.

നീയുള്ളപ്പോള്‍.....