പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, December 19, 2013

ഡിസംബർ എന്ന കാമുകി


മാർ ...
ജാരൻ 
രചന :മണിലാൽ 
അവതാരിക: വി.കെ.ശ്രീരാമൻ 
ഡീസി ബുക്സ് 
 പേജ് 235 
വില 160
അ 
ജനുവരിയുടെ മുടി നിറയെ സുഗന്ധിപ്പൂക്കള്‍ എന്ന പാട്ടു കേട്ട് ജനുവരിക്ക് മുടിയുണ്ടൊ എന്ന് ചോദിച്ച സുഹൃത്തിന്റെ മകള്‍ക്ക്.......)


ഡിസംബര്‍  ,ജനുവരിയിലേക്ക് മലര്‍ക്കെ തുറക്കുന്ന വാതിലായിട്ടാണ്  ഈ മാസത്തെ അനുഭവിക്കുന്നത്.ഡിസംബര്‍ നമ്മെ പിടിച്ചു നിര്‍ത്തി ഒരുക്കുകയാണ് പുതുവര്‍ഷത്തേക്ക് ആനയിക്കാന്‍ .നമ്മള്‍ ഒതുങ്ങി നിന്നുകൊടുക്കുകയും ചെയ്യുന്നു.

എന്നെ ഇത്രമേല്‍ പിടിച്ചുലക്കുകയും ഉഷാറാക്കുകയും ചെയ്ത  വേറെ കാലമില്ല..

നവംബര്‍ മുതലെ ചുറ്റുമുള്ള ഈ  ലോകം ഡിസംബറിലേക്കും ജനുവരിയിലേക്കും ചുവടുകള്‍ വെക്കാന്‍ ആക്കം കൂട്ടുന്നതു കാണാം. നവംബറായാല്‍ ഒരു യാത്രയും ഇഷ്ടമല്ല. നില്‍ക്കുന്നിടം വിട്ടു പോകാന്‍ മടിയാണ്. ഡിസംബര്‍ ലഹരിയുടേതാണ്    .അത് കൃസ്തുമസിലേക്കുള്ള ഒരുക്കമാകുന്നു,പുതുവര്‍ഷത്തിലേക്കുള്ള കുതിപ്പാകുന്നു.കൂടുവിട്ടു കൂടുമാറാനുള്ള തിടുക്കവുമാകുന്നു.

തണുപ്പിന്റെ  ലഹരി കൂടി കുനിഞ്ഞുപോകുന്ന ചില ദേശങ്ങളെ മറക്കുക.അപവാദങ്ങളായി ചിലതു നമുക്കു വേണം,നമ്മുടേതുമായി    തുലനം ചെയ്യാനെങ്കിലും.
ഞങ്ങള്‍ തൃശൂരന്മാര്‍ക്ക് നവംബറിലെത്തുന്ന വൃശ്ചികക്കാറ്റിനൊപ്പം ഡിസംബര്‍  ലഹരികളും എത്തുന്നു.


രാവിലെ നടത്തം എന്ന ചിന്ത പുതപ്പിനുള്ളിലെ സുഖകരമായ അവസ്ഥയില്‍ പലപ്പോഴും  കുതറിപ്പോകുന്നു.ഇതിനെ അതിജീവിച്ച് ചില ദിവസങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ എഴുപതും എണ്‍പതും കഴിഞ്ഞ അമ്മമാര്‍ മുറ്റത്തേക്കിറങ്ങി കാറ്റില്‍ അടര്‍ന്നു വീഴുന്ന ഓരോ ഇലയേയും അവധാനതയോടെയും ശ്രദ്ധയോടേയും കുറ്റിച്ചൂല്‍ കൊണ്ടു അടിച്ചൊതുക്കുന്ന കാഴ്ച ഊര്‍ജ്ജസ്വലമായ ഒന്നാണ്.സൂക്ഷ്മത,ശ്രദ്ധ,ക്ഷമ എന്നീ ബാലപാഠങ്ങൾ  മുതിർന്നവരിൽ   നിന്നാണ്  തുടങ്ങുന്നത്.
. വിശ്രമിക്കെണ്ട ഈ പ്രായത്തിലും അവര്‍ കാലാവസ്ഥയെ അനുഭവിക്കാനിറങ്ങുകയായിരിക്കാം.
ചൂല്‍ അവര്‍ക്ക് അനുഭവത്തിന്മെലുള്ള ഊന്നു വടിയാണ്.
 കാലാവസ്ഥയില്‍ ഓരോ മാസവും
,ഓരോ മരങ്ങളും  ഓരോ   മനുഷ്യരും വ്യത്യസ്തനാകുന്നു.

ഓരോ ദിവസവും ഒന്നിനൊന്നു വേറിട്ടതാണ്,അനുഭവിക്കുന്നവർക്ക് .
നല്ല സാഹചര്യങ്ങൾ  മനുഷ്യരെ മാതമല്ല പക്ഷി മൃഗാദികളേയും സ്വതന്ത്രരാക്കുന്നുണ്ട് .ഈ വീട്ടിൽ   ഡിസംബറിന്റെ ഉന്മേഷത്തിൽ   പലതരം കിളികൾ മനുഷ്യസാന്നിദ്ധ്യം ആഘോഷിച്ച്  പറന്നുരസിക്കുകയാണ് .ഡിസംബർ തരുന്ന സന്തോഷങ്ങളിലൊന്നാണിത്.കിളികൾ ഇവിടെ ആധിപത്യം സ്ഥാപിക്കുമ്പോൾ മനുഷ്യർ   ഇവിടെ അധികപ്പറ്റാണോ എന്ന് സംശയം വരിക സ്വാഭാവികം.
സ്വയം അറിയാതെ നിറയുന്ന ജീവിതങ്ങളാണു    ജീവജാലങ്ങൾ.അറിവ്  സ്വാതന്ത്രമാണെന്ന് ഏതു മണ്ടച്ചാരാണു    എഴുതിവെച്ചിട്ടുള്ളത്.അറിവുള്ള ഒരു മനുഷ്യനും അത് പറയില്ല. ഓരോ നിമിഷത്തിലും നിറയാൻ തുടങ്ങുമ്പോഴാണു   മനുഷ്യനെന്ന്  നമ്മള്‍ അറിഞ്ഞുതുടങ്ങുന്നത് .തലങ്ങും വിലങ്ങും ചുറ്റിവീശുന്ന കാറ്റ്   ഇലകളെ കൊച്ചുകൊച്ചു ഇതളുകളായി കീറുന്നു, അത് തോരണങ്ങളാവുന്നു.
വാഴകള്‍ വാഴത്തോട്ടങ്ങള്‍ വൃശ്ചികകാറ്റില്‍ അരങ്ങുകള്‍ പോലേ പാറുന്നു,പാടുന്നു.      ഈ മാസത്തില്‍ എല്ലാ മരങ്ങളും പാട്ടുകാരാണ് ,ഏല്ലാ   ഇലകളും പാട്ടുകാരാണ് .കാഴ്ചയുടെ തുറസിൽ ,കേൾവിയുടെ തുറസിൽ  മനുഷ്യർ ബുദ്ധനോളം ഉയരുന്നു.
രാവിലെ എത്ര തണുപ്പിലും , അവസ്ഥയിലും കൊടും പുതപ്പിനുള്ളിൽ നിന്നും  തലയും ചെവിയും പുറത്തേക്ക് വരുന്നത്  സുഖദമായ ചുറ്റുപാട്  നമ്മെ തലയാട്ടി വിളിക്കുമ്പോളാണ്  .കാറ്റിൽ  ഉലഞ്ഞു പറക്കുന്ന പക്ഷികൾ  ചിലപ്പോള്‍ ചിറകൊതുക്കി കാറ്റിന്റെ ശീതക്കൈകളിൽ  കുറച്ചു നേരം  അലസമായി  അങ്ങിനെ     കിടക്കും.മരച്ചില്ലയിലോ മണ്ണിലോ തൊടുന്നതിനു മുമ്പ്   അവ ചിറകിന്റെ  ഓര്‍മ്മയിലേക്ക് തിരികെ വരും,   ആകാശത്തേക്ക്    കുതിക്കും.

ഇക്കാലത്ത് അവള്‍ കാറ്റിനൊപ്പമാണ് വരിക.പരസ്യചിത്രത്തിലേതു പോലെ അവളുടെ സാരിത്തലപ്പ് ശരീരം വിട്ട് അനന്തയിലെക്ക് പറക്കും. കാറ്റിന്റെ പശ്ചാത്തലത്തിൽ  സംഗീതം പോലെ അവള്‍ വരുന്നത്  മറ്റൊരു ഡിസംബര്‍ ലഹരിയാണ് . അപ്പോൾ അവളുടെ വിരലുകൾ  ഡിസംബറിന്റെ   ശരീരമാകും.

ജനുവരിക്ക് പടരാൻ വളം വെക്കുന്നത് നവംബറും ഡിസംബറുമാകുന്നു.


ഡിസംബറിൽ ആരും ആത്മഹത്യയെ ചിന്തിക്കാറില്ല.

ജീവന്റെ പുതു വിഭവങ്ങളുമായി ജനുവരിയുടെ ശിഷ്ടപ്രകൃതി  നമ്മെ   കാത്തുനില്പുണ്ട് .    

2 comments:

മണിലാല്‍ said...

ഡിസംബറിൽ ആരും ആത്മഹത്യയെ ചിന്തിക്കാറില്ല.

ജീവന്റെ പുതു വിഭവങ്ങളുമായി ജനുവരിയുടെ ശിഷ്ടപ്രകൃതി നമ്മെ കാത്തുനില്പുണ്ട് .

ഗൗരിനാഥന്‍ said...

ആരൊക്കെ കാത്തുനിന്നാലും ചാകാന്‍ തോന്നിയ ആള്‍ക്കു തോന്നണ സമയത്തു തന്നെ ആത്മഹത്യ..അതിനു ഡിസംബറില്‍ വല്യ മാറ്റൊന്നും വരൂല


നീയുള്ളപ്പോള്‍.....