പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, January 14, 2014

ആം ആദ്മി അഥവാ നമ്മൾ മനുഷ്യരാണ്.

ഡീസി ബുക്സ് 

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കള്ളനും പോലീസും കളിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി.ഈ കളിയിൽ കേരളവും അതിലെ ജനങ്ങളും പുറത്താണ്,ഓരോ വിഷയമെടുത്തു നോക്കിയാലും.മാഞ്ഞുപോകാത്ത ഓർമ്മകളിൽ കാടുകയ്യേറ്റത്തിന്റെ മതികെട്ടാനുണ്ട്,ഭൂമികയ്യേറ്റത്തിന്റെ മൂന്നാറുണ്ട്,നിബിഢവനം വെട്ടിയൊതുക്കി മരുഭൂമിയാക്കിയ അട്ടപ്പാടിയുണ്ട്, പുഴയെ മരുപ്പറമ്പാക്കുന്ന അതിരപ്പിള്ളി പദ്ധതിയുണ്ട്,ഒരു ജനതയുടെ കുടിവെള്ളം മുട്ടിച്ച പ്ളാച്ചി  മടയുണ്ട്,വിഷഭീകരത വിതച്ച കാതിക്കുടമുണ്ട്,ഏതിനുമുപരി ഭൂക്കൊള്ളക്കാർക്കു വേണ്ടി അട്ടിമറിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുമുണ്ട്.

ഇതിലൊക്കെ ഒരു വ്യക്തി എന്ന നിലയിൽ ഉണ്ടായ രോഷം ഒരിക്കലും മാച്ചുകളയാൻ പറ്റാത്തതാണ്,മാഞ്ഞുപോകാത്തതാണ്.

ഇതിലൊക്കെ  അധികാരവർഗ്ഗങ്ങളായ രാഷ്ട്രീയ പാർട്ടികൾ കളിച്ച കളികൾ കേരളം കണ്ടതാണ്.
ജനകീയ സമരങ്ങളായി മാറേണ്ട ബി ഒ ടി സമരത്തിൽ  കരിമണൽ ഖനനത്തിനെതിരെ സമരത്തിൽ ജനങ്ങളെ തെരുവിലേക്ക് എറിയുന്ന ഹൈവേ വിരുദ്ധ സമരത്തിൽ ഇതിലൊന്നും ഇല്ലാത്തവരെ ഇടപെടാത്തവരെ   രാഷ്ട്രീയ പാർട്ടികൾ എന്നാണ് നമ്മൾ കാലാകാലങ്ങളായി വിളിച്ചു പോരുന്നത്.


 പന്തൽ കെട്ടി നാലാംകിട കവിതാ കാസറ്റ് വെച്ച് കോർപ്പറേറ്റുകൾക്കെതിരെ  സമരം നടത്തുന്ന സായാഹ്ന വിപ്ളവകാരികളെ കാണുമ്പോൾ മൂക്കത്താണൊ മറ്റെവിടെയെങ്കിലുമാണോ വിരൽ വെക്കേണ്ടത് എന്നോർത്തുപോയിട്ടുണ്ട്.ഓരോ പക്ഷത്തേക്കും കാലാകാലങ്ങളിൽ മാറിമാറിയിരുന്ന്  കുണ്ടിയുടെ  ചൂട് മാറ്റിയതല്ലാതെ യാതൊന്നും ജനങ്ങൾക്ക് സംഭവിച്ചില്ല.മുദ്രാവാക്യം ഇപ്പോഴും ഗരീബി ഹഠാവോ തന്നെ.
കോർപ്പറേറ്റുവിരുദ്ധത ഈ കാലത്തെ ഓരോ മനുഷ്യന്റെയും രക്തത്തിൽ അലിഞ്ഞിരിക്കേണ്ടതാകുന്നു.    ഇതിനായി ഒരു  പ്രസ്ഥാനത്തെ ചെവിയോർത്തിരിക്കുകയായിരുന്നു .ഇപ്പോൾ സരിത എന്ന സ്ത്രീയിലാണ് അധികാരത്തിന്റെ കുതിരകയറ്റം.ഇതിനു പിന്നിലെ രസതന്ത്രം ആർക്കാണറിഞ്ഞുകൂടാത്തത്.സെക്സ് എന്നും പ്രധാനവിഷയമാകുന്നു നമുക്ക്.ആയതിനാൽ ഒരെണ്ണത്തിനെ കിട്ടിയാൽ പപ്പും പൂടയും എടുക്കുന്നതുവരെ നമുക്ക്  ഉറക്കമില്ല.

കോർപ്പറേറ്റുകൾ രാജ്യത്തിന്റെയും കേരളത്തിന്റെയും  കട അറുക്കുമ്പോഴാണ് സരിതയെ നായികയാക്കിയ ഈ അസംബന്ധ നാടകം അരങ്ങേറുന്നത് എന്നോർക്കണം.ഒരു വഴിയാത്രക്കാരി നേതാക്കൾക്കുനേരെ  വിരൽ  ചൂണ്ടിയപ്പോൾ സമരം എങ്ങോ പോയ് മറയുകയും ചെയ്തു.

പറഞ്ഞു വരുന്നത് ഭരണകൂടപ്രസ്ഥാനങ്ങൾ എപ്പോഴും ഒരേ തൂവൽ പക്ഷികളാകുന്നു.ഒന്നു ചിറകു കുടയുന്നത്,മറ്റൊന്ന് ചിറകൊതുക്കുന്നത്.അധികാരത്തിന്റെ ഇരിപ്പിടങ്ങൾ മാറുമ്പോൾ ഇത് മാറിയും മറഞ്ഞും വരാം എന്നേയുള്ളു.
പാർലമെന്ററി ജനാധിപത്യം വോട്ടിലും വോട്ടറിലും തട്ടിത്തടഞ്ഞ് മുന്നേറുന്ന അസംബന്ധതായി മാറിയിരിക്കുന്നു.അതിൽ മനുഷ്യരില്ല. പ്രകൃതിയുമില്ല.ആയതിനാൽ മനുഷ്യത്വവുമില്ല.'അ'കാരം ലോപിച്ച് അധികാരം ധിക്കാരമായി മാറിയിരിക്കുന്നു.

പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ എവിടെ കുത്തണമെന്നറിയാത്ത   പ്രതിസന്ധി  മാനസിക പിരിമുറുക്കത്തിൽ എത്തിയതോടെ    ഞാൻ ആ പണി നിർത്തി.അധാർ വാങ്ങിയില്ല.ഗ്യാസില്ലാത്തതിനാൽ അരിയും വേവുന്നില്ല.പൂവും കായും പഴങ്ങളും തിന്നു ഇങ്ങനെ പറന്നു കൊണ്ടിരിക്കുന്നു.മനുഷ്യരെ അതല്ലാക്കുന്നുണ്ട് ഈ കൊടിയ  വ്യവസ്ഥ.

കാടിളക്കി വന്ന സോഷ്യലിസ്റ്റുസ്വപ്നങ്ങളുടെ സ്വപ്ന വ്യാപാരികളെ   ഇപ്പോൾ ഒരിടത്തും കാണുന്നുമില്ല.


ജനങ്ങളുടെ  മൂന്നാം മുന്നണി എന്നത്  ഇലക്ഷൻ കാലത്ത്  തട്ടിക്കൂട്ടിയെടുക്കുന്ന വ്യാജസ്വപ്നം മാത്രമാകുന്നു.

കോർപ്പറേറ്റുകളെ ശത്രുപക്ഷത്ത് നിർത്തുന്ന  ഒരു പ്രസ്ഥാനം ഇന്ത്യയിലെ ഏതൊരു മനുഷ്യന്റെയും ആഗ്രഹമായിരിക്കണം.ഈ ആഗ്രഹചിന്തയിൽ നിന്നായിരിക്കും നാളത്തെ ഇന്ത്യ,നാളത്തെ കേരളം,നാളത്തെ നമ്മൾ.


 ഈയൊരു ദിശാബോധത്തിൽ ഒരു പുതിയ ശബ്ദമാകുന്നു,ആം ആദ്മി പാർട്ടി.അതിന്റെ രാഷ്ട്രീയ ഫിലോസഫിയുടെ ആഴങ്ങൾ എന്താണെന്ന്  ഇവിടെ ആലോചിക്കുന്നില്ല.വേറിട്ട ഒരു ശബ്ദം എന്ന നിലയിൽ മാത്രം ഇതിനെ പരിഗണിക്കുന്നു.കേരളത്തിലെ പൊതുപ്രശ്നങ്ങളുമായി ബദ്ധപ്പെട്ട്   ഈ പാർട്ടിയിൽ നിന്നും ചില   പൊന്തിവരുന്ന നിലപാടുകൾ സന്തോഷപ്രദമാകുന്നു.ഇതിനേക്കാൾ ദിശാബോധമുള്ള പ്രസ്ഥാനങ്ങൾ ഇനിയും വന്നേക്കാം.വരണം.

കെട്ടിക്കിടന്ന എന്റെ രോഷങ്ങൾ കുറഞ്ഞു വരുന്നതു പോലെ.


ഈ പാർട്ടിയുടെ പ്രധിനിധിയായ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ   പ്രസംഗത്തിലെ ഊന്നൽ ശ്രദ്ധേയമായിരുന്നു.  പ്ലാച്ചിമട,കാതിക്കുടം,പശ്ചിമഘട്ടം തുടങ്ങിയ കേരളം അകമഴിഞ്ഞ് സമരം ചെയ്യേണ്ട പ്രശ്നങ്ങളിൽ ഈ പാർട്ടി ഇടപെടാൻ പോകുന്നു എന്നതാണതിലെ ആകർഷണം.ചിന്തിക്കുന്ന തലകൾ , ഭാവന പെയ്യുന്ന തലകൾ ഒന്നിളകി പ്രവർത്തിക്കേണ്ട കാലമാണിത്.സാറാ ജോസഫിന്റെ പ്രവേശം സ്വാഗാതാർഹമാണ്.എൻ.പ്രഭാകരനുമൊക്കെ കൂടെയുമുണ്ട്.

അധികാരകസേരകളിലേക്ക് കുണ്ടിനീട്ടിയിരിക്കുന്ന സാംസ്കാരിക അപചയങ്ങൾക്ക് ഒരു അവമതിയെങ്കിലും ഇതിലൂടെ സമ്മാനിക്കാൻ കഴിയും.

പുതിയൊരു സഖ്യം വരട്ടെ.നൂറുപൂക്കൾ വിരിയുമ്പോൾ അതിൽ തലയുയർത്തി നിൽക്കുന്ന ഒന്നാവട്ടെ ഇത്.മനുഷ്യരുടെ ചാലകശക്തിക്കത് ഉന്മേഷം പകരും.മണ്ണിന്റെ മനസ്സറിയാനും മനുഷ്യന്റെ ഉള്ളറിയാനും പ്രകൃതിയുടെ ശക്തിയറിയാനും സാറാജോസഫിനെ പോലുള്ളവരുടെ സാന്നിദ്ധ്യം അനിവാര്യമാകുന്നു.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് വോട്ടർമാരെ നിലനിർത്താനുള്ളതല്ല,കേരളത്തെ ജീവിപ്പിക്കാനുള്ളതാണ് എന്ന മിനിമം ബോധമാണ് കേരളം ആർജ്ജിക്കേണ്ടത്.പള്ളിയും പാതിരിയും തുടങ്ങി കയ്യേറ്റക്കാരും ക്വാറി ഭൂമാഫിയകൾ വരെ   മലയാളിക്ക് ബാദ്ധ്യതയാവുകയാണ്.ഹൈറേഞ്ച് സംരക്ഷണം എന്ന പേരിൽ പശ്ചിമഘട്ടസംരക്ഷണത്തെ എതിർത്ത് സമരം ചെയ്ത ഒരാൾ വ്യാജപട്ടയത്തിലൂടെ ഭൂമി സ്വന്തമാക്കി എന്നത് ഇന്നത്തെ വാർത്തയാണ്.അയാൾ ഇടുക്കിയിൽ സ്ഥാനാർത്ഥിയുമാണ്.ഇതില്പരം എന്തുവേണം ഇന്നത്തെ രാഷ്ട്രീയത്തെ മനസിലാക്കാൻ.

രാഷ്ട്രീയമില്ലെങ്കിലും രാഷ്ട്രീയക്കാരില്ലെങ്കിലും ഒരുപക്ഷെ കേരളം നിലനിൽക്കും.പശ്ചിമഘട്ടമില്ലെങ്കിൽ കേരളമുണ്ടാവില്ലെന്നും അറിയുക.  മഴനനയാനുള്ള കാത്തിരിപ്പെങ്കിലും നമുക്ക് അവകാശപ്പെട്ടതാണ്.ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ ജയിക്കാൻ കഴിയുന്ന ഒരു പാർട്ടിയായി മാറാൻ സാധിക്കാതെ വരാം. നാളെ ആ പാർട്ടി ഉണ്ടായില്ലെന്നും വരാം.പക്ഷെ പുതിയൊരു പ്രസ്ഥാനത്തിനുള്ള ജനവാഞ്ഛ ഇപ്പോഴും ഈ സമൂഹത്തിലുണ്ട്.ഇടതും വലതും കളങ്ങൾ ഭേദിക്കാനുള്ള ഒരു ത്വര.  ജയവും പരാജയവുമാകരുത് ഒരിക്കലും രാഷ്ട്രീയലക്ഷ്യങ്ങൾ.പ്രശ്നങ്ങളെ ഉൾക്കൊള്ളുകയും അതിനായി പ്രവർത്തിക്കുകയുമാണ് വേണ്ടത്.ജനങ്ങളാണ് എപ്പോഴും വിജയിക്കേണ്ടത്.


ചില സത്യങ്ങൾ പറഞ്ഞ് ജനങ്ങളെ ഉണർത്താൻ ഇവർക്ക് കഴിയും,യാഥാർത്ഥ്യങ്ങളെ  മൂടിവെച്ച് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന  ഇതര രാഷ്ട്രീയ പ്രസ്ഥാങ്ങളുടെ ഉറക്കം കെടുത്താനെങ്കിലും.
 ജനങ്ങൾക്കു വേണ്ടിയുള്ള ബദൽ എന്നത് നിയമസഭയിലോ പാർലമെന്റിലോ കയറിക്കൂടൽ മാത്രമാവരുത്.  തിരുത്തൽ ശക്തിയായി സമരമുഖത്ത് ജ്വലിക്കുക എന്നുള്ളതാകുന്നു.


വരും തലമുറ നമ്മോടു ചോദിക്കും,പശ്ചിമഘട്ടം പോലുള്ള    പൊക്കിൾക്കൊടികൾ പൊട്ടിച്ച് കേരളത്തെ വോട്ടു രാഷ്ട്രീയക്കാർ തകർത്തപ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്ന്.രക്ഷക്ക് ഏതൊരു വൈക്കോൽ തുരുമ്പിലും കയറിപ്പിടിക്കാവുന്ന മാനസികാവസ്ഥയിലാണ് നാമിന്ന്.നിലവിലെ രാഷ്ട്രീയാക്കാരിൽ ഇനി വിശ്വസമർപ്പിക്കേണ്ടതില്ല.അവർ കോർപ്പറേറ്റുകളുടെ മടിശ്ശീലയുടെ കിലുക്കത്തിനൊത്ത് ആശയത്തെ ആദർശത്തെ വളച്ചൊടിക്കട്ടെ.

വയറ്റപിഴപ്പു കോമാളികളായി അവർ സ്വയം താണിരിക്കുന്നു.ജനങ്ങൾക്ക് ജീവൽപ്രശ്നങ്ങളുന്നയിക്കാൻ     സമരവേദി വേണം,ആത്മാർത്ഥമായ   നേതൃത്വം വേണം.ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത വംശീയ സംഘങ്ങളും തോളോടു ചേർന്നു പങ്കിട്ടെടുത്ത കേരളത്തിൽ നിന്നും ഒരു പുതിയ കേരളം വളർന്നു വരണം.ജനങ്ങളുടെ കേരളത്തെ ഉയർത്തിക്കൊണ്ടുവരിക,വോട്ടർമാരുടെ കേരളത്തേക്കാളും.......
5 comments:

മണിലാല്‍ said...

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കള്ളനും പോലീസും കളിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി.ഈ കളിയിൽ കേരളവും അതിലെ ജനങ്ങളും പുറത്താണ്,ഓരോ വിഷയമെടുത്തു നോക്കിയാലും.മാഞ്ഞുപോകാത്ത ഓർമ്മകളിൽ കാടുകയ്യേറ്റത്തിന്റെ മതികെട്ടാനുണ്ട്,മൂന്നാറുണ്ട്,പുഴയെ മരുപ്പറമ്പാക്കുന്ന അതിരപ്പിള്ളി പദ്ധതിയുണ്ട്,ഒരു ജനതയുടെ കുടിവെള്ളം മുട്ടിച്ച പ്ലാച്ചിമടയുണ്ട്,വിഷഭീകരത വിതച്ച കാതിക്കുടമുണ്ട്,ഭൂക്കൊള്ളക്കാർക്കു വേണ്ടി അട്ടിമറിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുണ്ട്.ഇതിലൊക്കെ ഒരു വ്യക്തി എന്ന നിലയിൽ ഉണ്ടായ രോഷം ഒരിക്കലും മാച്ചുകളയാൻ പറ്റാത്തതാണ്,മാഞ്ഞുപോകാത്തതാകുന്നു.
ഇതിലൊക്കെ അധികാരവർഗ്ഗങ്ങളായ രാഷ്ട്രീയ പാർട്ടികൾ കളിച്ച കളികൾ കേരളം കണ്ടതാണ്.
ജനകീയ സമരങ്ങളായി മാറേണ്ട ബി ഒ ടി സമരത്തിൽ കരിമണൽ ഖനനത്തിനെതിരെ സമരത്തിൽ ജനങ്ങളെ തെരുവിലേക്ക് എറിയുന്ന ഹൈവേ വിരുദ്ധ സമരത്തിൽ ഇതിലൊന്നും ഇല്ലാത്തവരെ നാം രാഷ്ട്രീയ പാർട്ടികൾ എന്നു വിളിച്ചു പോരുന്നത്.

Loudspeaker Noble said...

ആം ആദ്മിക്ക്‌ ഇവിടെ ജയിക്കണമെങ്കിൽ അവർ ജനങ്ങളിലേക്ക്‌ ഇറങ്ങണം..

Unknown said...

ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ ജയിക്കാൻ കഴിയുന്ന ഒരു പാർട്ടിയായി മാറാൻ സാധിക്കാതെ വരാം(അങ്ങിനെ ആവണമെന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു). ???
എന്താണ് ഈ ആഗ്രഹം?

CK Raju said...

സന്തോഷ്‌ പണ്ഡിറ്റ്‌ പോലെയുള്ള കലാകാരന്മാരെ വിജയിപ്പിച്ച നാടാണ് കേരളം... എന്തും സംഭവിക്കാം.

Unknown said...

എല്ലാ സ്വപ്നങ്ങൾക്കുംചിറകു വെക്കട്ടെ


നീയുള്ളപ്പോള്‍.....