പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, May 4, 2014

ദയ

 പാളം മുറിച്ചുകടക്കവെയാണ് അവനെ   ആദ്യമായി കാണുന്നത്. മുഷിഞ്ഞ് പ്രാകൃതനായി, എന്തൊക്കെയൊ മനസ്സിലൊളിപ്പിച്ച്   ദുരൂഹത നിറഞ്ഞ മുഖത്തോടെ.  ഇളവെയിലിൽ  തിളങ്ങുന്ന   പാളങ്ങൾക്കിടയിലാണ് അവൻ  നിൽക്കുന്നത്. നിരാശ അവന്റെ കണ്ണുകളിൾ നുരഞ്ഞു പൊന്തുന്നതുപോലെ. പാലക്കൽ വളവു തിരിഞ്ഞു പരശുറാം കൂകിപ്പാഞ്ഞു വരുന്നുണ്ട്. എന്തോ അത്യാഹിതം സംഭവിക്കാൻ  പോകുന്നതായി എനിക്കു മണത്തു.ഇവിടെ എത്രയെത്ര അപകടങ്ങൾക്ക് സാക്ഷിയായിരിക്കുന്നു.പാളത്തിനരികെ താമസിക്കുന്നതിന്റെ ദുര്യോഗമാണത്.മനുഷ്യനായി ജനിച്ചതിന്റേയും.  പാളത്തിലേക്കു എടുത്തുചാടി അവനെ പുറത്തേക്ക് തള്ളിയിട്ടു. ഞാ‍ൻ ഇപ്പുറത്തും അവൻ അപ്പുറത്തുമായി. തൊട്ടടുത്ത നിമിഷം ഞങ്ങൾക്കിടയിലൂടെ പരശുറാം ആരുടെയൊക്കെയൊ  ജീവനും കൊണ്ട് പാഞ്ഞുപോയി. പാളത്തിനു പുറത്തു   ദൈന്യതയോടെ      അവൻ കിടന്നു.
ഞങ്ങളുടെ കണ്ണുകൾ ഉടക്കി.എനിക്കധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല,അത്രക്ക്   ആഴങ്ങൾ അവന്റെ കണ്ണിൽ നിന്ന്  വായിച്ചെടുക്കാമായിരുന്നു. അവന്റെ ഉറച്ച തീരുമാനത്തെ ഞാൻ  തകിടം മറിച്ചു എന്നവനു തോന്നിക്കാണും.  എന്തെങ്കിലുമാവട്ടെ എന്നും കരുതി . ഇത്രയൊക്കെയല്ലെ മനുഷ്യർക്ക് ചെയ്യാൻ കഴിയുക.ഞാൻ സമാധാനിച്ചു. അവനെ വിട്ടു   റോഡിലേക്കുള്ള ചെത്തുകല്ലിൽ തീർത്ത പടവുകൾ കയറി.എല്ലാ കാര്യങ്ങളിലും തലയിട്ട് എന്തിന് സമയം മെനക്കെടുത്തുന്നു.മനുഷ്യനാണ് ,അതൊക്കെ ശരിതന്നെ. പടികൾ  കയറി തിരിഞ്ഞുനോക്കിയപ്പോൾ   അവന്റെ നോട്ടം എന്നെ പിന്തുടരുന്നു.  മുൻപരിചയമൊന്നുമില്ലെങ്കിലും എന്താണവനു പറ്റിയതെന്നു   ആലോചിക്കാതിരിക്കാൻ കഴിഞ്ഞില്ല.   മാർക്കറ്റിൽ പതിവുപോലെ  മാംസദാഹികളുടെ തിക്കും തിരക്കും. ഇറച്ചി വാങ്ങി തിരിച്ചു നടക്കുമ്പോൾ അതാ അവൻ വീണ്ടും. ഈനാശുവിന്റെ തട്ടുകടയുടെ മുന്നിൽ എന്നെ പിടിവിടാതെ നോക്കിനിൽക്കുന്നു. അവനെ  നോക്കുമ്പോഴൊക്കെ   കള്ളത്തരത്തോടെ   നോട്ടം മറുദിശയിലേക്ക്  തിരിച്ചു. എനിക്കെന്തൊ പന്തികേടു തോന്നി. അധികം ശ്രദ്ധ കൊടുക്കതെ   വീട്ടിലേക്ക് നടന്നു. റെയിൽവേഗേറ്റ് തുറന്നു കിടന്നിരുന്നു. 
പാതയുടെ ഓരത്തുകൂടി വീട്ടിലേക്ക് നടക്കുമ്പോൾ മദ്യഷാപ്പിനു മുന്നിൽ  പാമ്പുപോലെ വളഞ്ഞുപിരിഞ്ഞ് വലിയ  ക്യൂ .വാങ്ങേണ്ട ദിവസമാണ്,പിന്നെയാകാം.
ആദ്യം കൂട്ടിലെ പട്ടിയുടെ കാര്യം.  പെണ്ണുമ്പിള്ള വീട്ടിലിരുത്തില്ല. വീട്ടുപടിക്കലെത്തിയതും എനിക്കു കലി വന്നു.
അതാ അവൻ  വീടിന്റെ ചവിട്ടുപടിയിൽ കയറിയിരിക്കുന്നു. വീട്ടുകാരനെപ്പോലെ അധികാരത്തിൽ.   വീട്ടിൽ രാ‍ധ മാത്രമേയുള്ളു.എനിക്കാധിയായി. ഇവനെ  ഇങ്ങനെ വിട്ടാൽ പറ്റില്ല, എന്തും വരട്ടെയെന്നു കരുതി    വേലിക്കുറ്റി വലിച്ചൂരി അവനു നേരെ ഓങ്ങി. എന്നെ നോക്കി  ഒന്നു  മുരടനക്കി  വാലും മടക്കി കവലപ്പട്ടിയുടെ മെയ് വഴക്കത്തോടെ വേലിപ്പഴുതിലൂടെ അവൻ  എവിടെയൊ  മറഞ്ഞു.   

3 comments:

മണിലാല്‍ said...

നിക്കധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല,അത്രക്ക് ആഴങ്ങൾ അവന്റെ കണ്ണിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു. അവന്റെ ഉറച്ച തീരുമാനത്തെ ഞാൻ തകിടം മറിച്ചു എന്നവനു തോന്നിക്കാണും. എന്തെങ്കിലുമാവട്ടെ എന്നും കരുതി . ഇത്രയൊക്കെയല്ലെ മനുഷ്യർക്ക് ചെയ്യാൻ കഴിയുക.ഞാൻ സമാധാനിച്ചു. അവനെ വിട്ടു റോഡിലേക്കുള്ള ചെത്തുകല്ലിൽ തീർത്ത പടവുകൾ കയറി.

BABURAJ said...

at last you changed my thoughts.....nice....

Muralee Mukundan , ബിലാത്തിപട്ടണം said...

പാളത്തിനു പുറത്തു ദൈന്യതയോടെ അവൻ കിടന്നു.
ഞങ്ങളുടെ കണ്ണുകൾ ഉടക്കി.എനിക്കധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല,അത്രക്ക് ആഴങ്ങൾ അവന്റെ കണ്ണിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു. അവന്റെ ഉറച്ച തീരുമാനത്തെ ഞാൻ തകിടം മറിച്ചു എന്നവനു തോന്നിക്കാണും. എന്തെങ്കിലുമാവട്ടെ എന്നും കരുതി . ഇത്രയൊക്കെയല്ലെ മനുഷ്യർക്ക് ചെയ്യാൻ കഴിയുക.ഞാൻ സമാധാനിച്ചു. അവനെ വിട്ടു റോഡിലേക്കുള്ള ചെത്തുകല്ലിൽ തീർത്ത പടവുകൾ കയറി.എല്ലാ കാര്യങ്ങളിലും തലയിട്ട് എന്തിന് സമയം മെനക്കെടുത്തുന്നു.മനുഷ്യനാണ് ,അതൊക്കെ ശരിതന്നെ. പടികൾ കയറി തിരിഞ്ഞുനോക്കിയപ്പോൾ അവന്റെ നോട്ടം എന്നെ പിന്തുടരുന്നു. മുൻപരിചയമൊന്നുമില്ലെങ്കിലും എന്താണവനു പറ്റിയതെന്നു ആലോചിക്കാതിരിക്കാൻ കഴിഞ്ഞില്ല


നീയുള്ളപ്പോള്‍.....