പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, May 6, 2014

പൊട്ടിത്തെറിയിലാണ് സൗന്ദര്യം

dc books



കള്ളവണ്ടിയിൽ   നാടുവിട്ടുപോയ രക്തബന്ധു കൊച്ചുവിനെ തേടി മുംബയിൽ പോയ എന്റെ പ്രിയ സുഹൃത്ത് രാജൻ അവിടെ കടുക് വാങ്ങാൻ പീടികയില്‍ പോയ കഥ ടി സുഹൃത്തിന്റെ നാവിൽ നിന്നു തന്നെ കേട്ടിട്ടുണ്ട് ഒന്നല്ല പല തവണ.

അരി പഞ്ചസാര ഉപ്പ് കപ്പ  അടക്ക സബാള കയർ വെട്ടുകത്തി കൊടുവാൾ ചൂൽ ചിരവ തുടങ്ങിയ അത്യാവശ്യ സാധങ്ങൾ പോലെ കടുക് പലപ്പോഴും മുൻ നിര പ്രദർശന വസ്തുവല്ല.തിളച്ച എണ്ണയുടെ സാന്നിദ്ധ്യമില്ലെങ്കിൽ പൊട്ടിത്തെറിക്കുകയോ വെറൂതെ ഇരുന്നാൽ നാശമാവുകയോ ചെയ്യാത്ത വസ്തു എന്ന നിലയിലാവണം അതിന്റെ സ്ഥാനം പിന്നാമ്പുറത്തേക്ക് പോയത്.തന്റേതായ ശേഷിയില്ലെങ്കിൽ അടുക്കളയിലോ പിന്നാമ്പുറത്തോ ആയിരിക്കും ആരുടെയും സ്ഥാനം,കടുകിന്റെ മാത്രമല്ല .ആയതിനാൽ ചൂണ്ടിക്കാണിച്ച് കടുക് കൈക്കലാക്കാനും പറ്റില്ല.റൂട്ട് എന്ന നാടകസംഘത്തിൽ അഭിനയം പരിചയിച്ചതിന്റേയും ജോസ് ചിറമ്മൽ ഗോപാലൻ സുരാസു തുടങ്ങി നാടകപ്രവർത്തകരുടെ സഹവാസം കൊണ്ടും കൈവന്ന അഭിനയത്തിന്റെ ബാലപാഠങ്ങൾ എടുത്ത് പ്രയോഗിക്കുന്നു രാജൻ. അടുപ്പ് കത്തിച്ച് ചീനച്ചട്ടിവെച്ച് വെളിച്ചെണ്ണ തൂവി കടുകിടുന്നതും അത് പൊട്ടി ച്ചിതറുന്നതുമെല്ലാം പത്തുമിനിറ്റിൽ ലഘുനാടകമാക്കി അഭിനയിച്ചു കാണിക്കേണ്ടിവന്നു രണ്ടു രൂപക്കുള്ള പത്തുമണി കടുക് കയ്യിൽ കിട്ടാൻ.

ഉത്തരേന്ത്യൻ സൌന്ദര്യങ്ങളിലൊന്നാണ് കടുകു പാടങ്ങൾ.എണ്ണയില്ലാതെ കടുക് വറുക്കുന്ന വിദ്യ തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ വിശ്രാന്ത സമയത്ത് ഡോക്ടർ രാധാകൃഷ്ണൻ പറഞ്ഞുതന്നിട്ടുണ്ട്.എണ്ണയില്ലാതെ ചൂടാക്കിയ ചട്ടിയിൽ ഇട്ടാലും കടുക്  അതിന്റെ  ജന്മ ദൌത്യം നിർവ്വഹിക്കുക തന്നെ ചെയ്യും.


യൌവ്വനയുക്തകളാ യുവതീയുവാക്കളെപ്പോലെയാണ്   കടുക്, പൊട്ടിത്തെറി ഒതുക്കിവെച്ച്,അവസരങ്ങൾ കാത്ത്.

ഉത്തരേന്ത്യയിലെ കൊടും ചൂടിൽ ചിലപ്പോൾ പാടത്തു നിന്നുതന്നെ കടുക്  അതിന്റെ ജന്മ ദൌത്യമായ പൊട്ടിത്തെറികൾക്ക് തുടക്കം കുറിക്കുന്നുണ്ടാവും.അവശേഷിക്കുന്നത് മാത്രമായിരിക്കും ഒതുക്കത്തിന്റെ ലോകമായ അടുക്കളയിൽ പൊട്ടിത്തെറിക്കാൻ ശാപം സിദ്ധിച്ചവ.കടുകെണ്ണയിലാണൊ ബംഗാളികൾ കടുകു വറുക്കുകയെന്ന് സംശയം തോന്നിയിട്ടുണ്ട്.  സംശയനിവാരണം നടന്നിട്ടില്ല.


പണ്ടൊക്കെ കൊൽക്കൊത്ത ഫിലിം ഫെസ്റ്റിവലിനൊക്കെ പോകുമ്പോൾ കൊഴമ്പിന്റേയും എണ്ണയുടെയും പ്രായമായ ബന്ധുക്കളും വേലിക്കപ്പുറത്തെ അയൽക്കാരും കടുകെണ്ണ മറക്കരുത് എന്ന് ആവശ്യപ്പെടാറുണ്ട്.ഒന്നുരണ്ടു തവണ കൊണ്ടു വന്നതിനു ശേഷമാണ് തൃശൂർ അങ്ങാ‍ടിയിൽ ഇത് സുലഭമെന്നറിഞ്ഞത്.പിന്നെ അവിടെ നിന്നായി ശേഖരണം.കൊൽക്കൊത്തയിൽ നിന്നാണെങ്കിൽ ട്രെയിൻ യാത്രയിൽ കുപ്പികൾ തമ്മിൽ മാറിപ്പോകാനുമിടയുണ്ട്.

ഈയിടെ കൊൽക്കൊത്തക്ക് പാറാനൊരുങ്ങവെ സുഹൃത്ത് ശോഭ വീട്ടിലേക്ക് ക്ഷണിച്ചു.കടുകെണ്ണയുള്ള അടുക്കളയെങ്കിൽ ഞാൻ ടിക്കറ്റ് കാൻസൽ ചെയ്യുമെന്ന് പറഞ്ഞു.പേടിക്കേണ്ട ഞാനും കടുകെണ്ണയെ പേടിക്കുന്ന അസൽ മലയാളിയാണെന്ന് ശോഭ കട്ടായം പറഞ്ഞു.പട്ടാളത്തിൽ സാഹചര്യത്തിനനുസരിച്ച് എന്തിനെയും തിന്നാനുള്ള മാനസികാവസ്ഥ ഉണ്ടാക്കലാണ് ആദ്യകാല പരിശീലനം.വീട്ടിലാണെങ്കിൽ ചേമ്പ്,കാട്ടിലാണെങ്കിൽ പാമ്പ്.ശോഭ പട്ടാളത്തിൽ കേണൽ പദവി അലങ്കരിച്ച ആളാണ്.പാമ്പിനെ തിന്നേണ്ടി വന്നിട്ടില്ലെന്ന് പറയുന്നു.കടുകെണ്ണഫ്രീ വിടായതിനാൽ താമസിക്കാൻ മറ്റു വഴികളന്വേഷിക്കതെ കഴിയാമെന്നായി.
ആദ്യത്തെ കൊൽക്കൊത്ത പോക്കിൽ കടുകെണ്ണയോട് ദ്വേഷ്യമൊന്നും തോന്നിയിരുന്നില്ല.ഒരു ദിവസം പനി പിടിച്ചപ്പോൾ ഭക്ഷണത്തോടെല്ലം വെറുതെ ഒരു ശത്രുത തോന്നി. മുഖ്യധാരാ പത്രങ്ങൾക്കും രാഷ്ടീയക്കാർക്കും പാകിസ്ഥാനോടെന്ന പോലെ എനിക്ക് കടുകെണ്ണ അന്നും മുതൽ നിത്യ ശത്രുവായി,ഒരു കാരണവുമില്ലാതെ.ഫടേ അലിഖാനും, അബിദ പർവീണും സാബ്രി ബ്രദേർസും  ,മേദി ഹസനും,ഗുലാം അലിയും,കോമൾ റിസ്വിയും, അസീസ് മിയാനുമൊക്കെ സംഗീതമായി നിറയാൻ തുടങ്ങിയതോടെ പാക്കിസ്ഥനും ഇന്ത്യയും ഒരമ്മ പെറ്റവരെ പോലെയായി എനിക്ക്.പിളർപ്പിൽ പാകിസ്ഥാൻ കൊണ്ടുപോയത് ഭൂവിഭാഗത്തേയും അവിടുത്തെ മനുഷ്യരെയും മാത്രമല്ല,സമ്പന്നമായ സംസ്കാരത്തെ കൂടിയാകുന്നു.

അമ്മമാരെ കുറിച്ചു പറഞ്ഞപ്പോളാണ്,
കൊൽക്കത്തയിൽ അമ്മമാർ കുട്ടികൾക്ക് കടുക് നിറച്ച തലയിണ ഉണ്ടാക്കും തലയുരുണ്ട് സുന്ദരമാവാൻ .തലവേദനയും മാറുമത്രെ,അമ്മയുടെയല്ല.തലയിലാണല്ലോ കാര്യം,കേരളത്തിലാണെങ്കിലും കൊൽക്കത്തയിലാണെങ്കിലും. കിരുകിരുപ്പിന്റെ സംഗീതസുഖവും കുട്ടികൾക്ക് കിട്ടുണുണ്ടാവും.തിരുവനന്തപുരത്തെ ബീനയുടെ വീട്ടിലും കടുകു തലയിണ കണ്ടിട്ടുണ്ട്.ബീന മലയാളിയാണെങ്കിലും  കൊൽക്കൊത്തയിൽ നിന്നാണ് കടുകും കൊണ്ടു വരുന്നത്.അടുക്കളയിൽ കടുകു തീരുമ്പോൾ
 ബീന   തലയിണയിൽ നിന്നും കടുകെടുക്കാറുണ്ട്. ഈ തലയിണയിൽ കുട്ടികളെ കൂടുതൽ കിടത്തുകയുമരുത്.  ഉരുണ്ടു പോകുന്നതിനു പകരം തല പരന്നു പോകും.ബംഗാളികളെ കാണുമ്പോൾ  ശ്രദ്ധിക്കുക.പരന്ന തലയന്മാരേയും നിങ്ങൾക്ക് കാണാം, തൃണമൂൽ കമ്യൂണിസ്റ്റു ഭേദമില്ലാതെ.
കടുക് കുടുംബ ജീവിതം പോലെയാണ്.ആദ്യം നുരയും പിന്നെ തിളച്ചു മറിയും.ഒടുവിൽ പൊട്ടിത്തെറി. ശാന്തസമുദ്രമാകും പിന്നെ. ആദ്യം പൂത്യം കഥ തുടരും.ബാധ ഒഴിവാക്കാൻ(എന്തു ബാധ എന്നൊന്നും ചോദിക്കരുത്)കടുക് തലയിലുഴിഞ്ഞ് തീയിലേക്കിടുന്ന രീതി ഇന്നും ഉണ്ടൊ എന്നറിയില്ല,പണ്ടുണ്ടായിരുന്നു.

നായയെ കൊല്ലാനും കടുക് ഉപയോഗിക്കറുണ്ട്,പണ്ടത്തെ നാട്ടു ബുദ്ധിജീവികൾ.കുറച്ച് കടുകെടുത്ത് നായയുടെ ചെവിയിൽ ഇടുക.കിരുകിരുപ്പിന്റേതായ മ്യൂസിക്കിൽ നായ സ്വയം തലതല്ലിച്ചാവും,എത്ര നേരം സഹിക്കാൻ പറ്റും ഏതു സംഗീതവും.താലിബാനേക്കാൾ മഹാന്മാരാണ് ഇക്കര്യങ്ങളെല്ലാം ചെയ്യുക.മനേക ഗാന്ധി അറിഞ്ഞാൽ കടുകു പാടങ്ങൾ തന്നെ ചുട്ടെരിക്കും.കടുക് ചെവിയിൽ വിതറിയ പോലെ എന്ന് പരസ്പരം കുറ്റപ്പെടുത്തുന്നവരെ ദാമ്പത്യത്തിൽ കാണാൻ കഴിഞ്ഞേക്കും.

രണ്ടു സുഹൃത്തുക്കളുണ്ട്,ഉണ്ണിയും രാധാകൃഷ്ണൻ എന്ന രാധയും. യാത്രകൾ,താമസങ്ങൾ, പാചകം,പാനം എന്നിങ്ങനെ ഒരുമിച്ചാണ് പറക്കൽ.പങ്കുവെക്കലിന്റെ സൌന്ദര്യമാണവരുടെ ചങ്ങാത്തം.അവർ ഇണക്കുരുവികളെ പോലെയാണ്,വിവാഹിതരെ പോലെയല്ല.എന്നിട്ടും അവർ തെറ്റിപ്പിരിഞ്ഞു.നിമിത്തമായത് എള്ളിനേക്കാൾ ദുർബലനായ കടുക്.ഉണ്ണി യാഥാസ്ഥിതികനായ പാചകക്കാരനാണ്.അടുക്കള മാത്രമല്ല ലോകം തന്നെ തകർന്നു വീണാലും കയിലും കോരിയും തലേക്കെട്ടും ആർക്കും വിട്ടു കൊടുക്കാത്ത പിടിവാശിക്കാരനായ ദേഹണ്ഡക്കാരൻ.

സാമ്പാർ അവസാന റൌണ്ടിലെത്തുമ്പോഴാണ് ഉണ്ണി കടുകില്ലെന്ന കാര്യം ഓർമ്മിക്കുക.കാര്യങ്ങൾ കായം വിതറിയോ, മുളകു വറുത്തിട്ടോ, വെളിച്ചെണ്ണ തൂവിയോ അവസാനിപ്പിക്കുന്നതേയുള്ളൂ.രുചി മഴവില്ലു പോലെയാണ്.ആസ്വദിക്കും മുമ്പേ ഇല്ലാതാവുന്നവൻ.വായ്ക്കകത്ത് കഷ്ടിച്ച് അരച്ചാൺ ദൂരമേ രുചിക്കുള്ളു എന്നൊക്കെ രാധ ഫിലോസഫിച്ചു നോക്കി.ഒരു ബി.എ.ഫിലോസഫറാണ് രാധ.കടുക് വറുക്കാത്ത അടുക്കള പോലീസ് സീലുവെച്ചതായോ കേസ്സെടുത്തതായോ ഒരിടത്തു നിന്നും ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ആണുങ്ങൾ അടുക്കളയിൽ അങ്ങിനെയാണ്.എവിടെ നിന്നെങ്കിലും തുടങ്ങും.പിന്നെ കാര്യങ്ങൾ കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമാണ്.സ്ഥലം തിരുനെല്ലിയിലാണ്.കടകളുണ്ട്,പക്ഷെ കടുക് കിട്ടുന്ന കട കണ്ടു കിട്ടണമെങ്കിൽ രണ്ടര കിലോമീറ്റർ കുന്നും മലയും കയറിയിറങ്ങി പോകണം,പോലീസ് സ്റ്റേഷനും കടന്നും പോകണം.വഴിയിൽ ആനത്താരയും ഉണ്ട് .എപ്പോൾ വേണമെങ്കിലും കോലം വെക്കാത്ത, പാപ്പാന്റെ ഭാരമില്ലാത്ത  ,ചങ്ങല കുരുങ്ങി വ്രണം പഴുക്കാത്ത  ആനകളെ ഇവിടെ കാണാം.കടുക്,സാമ്പാർ  ,ഉണ്ണി എന്നൊക്കെ പറഞ്ഞാലൊന്നും കരിവീരൻ കടത്തി വിട്ടെന്നു വരില്ല,വിരട്ടുകയും ചെയ്യും.കുറിച്യരാണെങ്കിൽ പത്തുമിനിറ്റ്,സാധാരണമനുഷ്യരാണെങ്കിൽ  ഒരു മണിക്കൂർ ബുദ്ധിജീവികളാണെങ്കിൽ അരദിവസം യാത്രയാണ്.കുറിച്യർ കാട്ടിൽ യാത്ര ചെയ്യുകയല്ല,കാറ്റിനൊപ്പം പറക്കുകയാണ്.


സാമ്പാറല്ലെ,കടുകില്ലാതെയും അത് അതിന്റെ  വഴിക്ക് പൊക്കോളും എന്നൊന്നും പറഞ്ഞിട്ടും ഉണ്ണി വഴങ്ങിയില്ല.കടുക് മുല്ലപ്പെരിയാറും ഉണ്ണി-രാധമാർ തമിഴ്നാടും കേരളവുമായി വഴിപിരിയുന്നതിലേക്ക് കാര്യങ്ങൾ കടക്കുന്ന അവസ്ഥയായി.ഒടുവിൽ ദേഷ്യത്തിൽ വീടു വിട്ട രാധ വഴിയിലെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കടുക് കൊണ്ടു വന്നു.അയ്യപ്പൻ കൊണ്ടു വന്ന പുലിപ്പാലിനേക്കാൾ മഹത്വമുണ്ട് ഈ പാക്കറ്റ് കടുകിന്. എണ്ണയിലിട്ട് പൊട്ടിച്ച് കാത്തിരിപ്പിന്റെ ദേഷ്യം ഉണ്ണി തീർക്കുകകയും ചെയ്തു.
അവർ ഇപ്പോഴും കൂട്ടുകാരാണ്.ആരോക്കെയോ ഇടപെട്ട് കോമ്പ്രമൈസ് ആക്കുകയായിരുന്നു.ഇപ്പോൾ ഇവരുടെ ജീവിതത്തിൽ സാമ്പാറേ ഇല്ല എന്നല്ല ആ പേരു പറഞ്ഞു പോകുകയുമരുത് എന്ന നിബന്ധനയുമുണ്ട്.


രുചി മാത്രമല്ല പൊട്ടിത്തെറിയുടെ സൌന്ദര്യം കൂടിയാകുന്നു കടുക്.

2 comments:

മണിലാല്‍ said...

നായയെ കൊല്ലാനും കടുക് ഉപയോഗിക്കറുണ്ട്,പണ്ടത്തെ നാട്ടു ബുദ്ധിജീവികൾ.കുറച്ച് കടുകെടുത്ത് നായയുടെ ചെവിയിൽ ഇടുക.കിരുകിരുപ്പിന്റേതായ മ്യൂസിക്കിൽ നായ സ്വയം തലതല്ലിച്ചാവും,എത്ര നേരം സഹിക്കാൻ പറ്റും ഏതു സംഗീതവും.താലിബാനേക്കാൾ മഹാന്മാരാണ് ഇക്കര്യങ്ങളെല്ലാം ചെയ്യുക.മനേക ഗാന്ധി അറിഞ്ഞാൽ കടുകു പാടങ്ങൾ തന്നെ ചുട്ടെരിക്കും.കടുക് ചെവിയിൽ വിതറിയ പോലെ എന്ന് പരസ്പരം കുറ്റപ്പെടുത്തുന്നവരെ ദാമ്പത്യത്തിൽ കാണാൻ കഴിഞ്ഞേക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

നായയെ കൊല്ലാനും കടുക് ഉപയോഗിക്കറുണ്ട്,പണ്ടത്തെ നാട്ടു ബുദ്ധിജീവികൾ.കുറച്ച് കടുകെടുത്ത് നായയുടെ ചെവിയിൽ ഇടുക.കിരുകിരുപ്പിന്റേതായ മ്യൂസിക്കിൽ നായ സ്വയം തലതല്ലിച്ചാവും,എത്ര നേരം സഹിക്കാൻ പറ്റും ഏതു സംഗീതവും.താലിബാനേക്കാൾ മഹാന്മാരാണ് ഇക്കര്യങ്ങളെല്ലാം ചെയ്യുക.മനേക ഗാന്ധി അറിഞ്ഞാൽ കടുകു പാടങ്ങൾ തന്നെ ചുട്ടെരിക്കും.കടുക് ചെവിയിൽ വിതറിയ പോലെ എന്ന് പരസ്പരം കുറ്റപ്പെടുത്തുന്നവരെ ദാമ്പത്യത്തിൽ കാണാൻ കഴിഞ്ഞേക്കും.


നീയുള്ളപ്പോള്‍.....