പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, July 10, 2014

ഓർമ്മകൾ നിർമ്മിക്കുന്നവർ

  രു ദിവസത്തെ ജീവിതം മതിയാക്കി വടക്കേ ബസ്സാന്റിലെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്നും ഇറങ്ങുമ്പോൾ കൂടെ സഗീറും ബാബുവേട്ടനും ഉണ്ടായിരുന്നു.ഇതിൽ ബാബുവേട്ടൻ ഗായകനും പ്രത്യേകിച്ച് ജയചന്ദ്രന്റെ ഗാനങ്ങളിൽ സ്പെഷ്യലൈസ് നേടിയ ആളും സഗീർ സംഗീത ആസ്വാദകനും ആണ്.കോഫീ ഹൗസിൽ വെച്ച് ഞാൻ പറഞ്ഞു ബാബുവേട്ടന്റെ ഒരു മെഹ്ഫിൽ സന്ധ്യയിലേക്ക് എന്നേയും കൂട്ടണം.തീർച്ചയായും,   ബാബുവേട്ടൻ എന്റെ പുറകിൽ തട്ടി സത്യം ചെയ്തു.
  തിരക്കേറിയ ആ കോഫീഹൗസ് സന്ധ്യയിൽ ഞാൻ ബാബുവേട്ടന്റെ ചെവിയിൽ ഒരു പാട്ടുമൂളിക്കൊടുത്തു. ബാബുവേട്ടൻ ഉൽസാഹഭരിതനായി ബ്രെഡ് ടോസ്റ്റിൾ കടിച്ചു.പിന്നെ ബാബുവേട്ടന്റെ പാട്ടുകൾ ഇന്ത്യൻ കോഫീ ഹൗസിൽ മുഴങ്ങിക്കൊണ്ടിരുന്നു.ബാബുവേട്ടനോട് ഇറങ്ങിപ്പോകാൻ ആരും പറയില്ലെന്നറിയാം.അദ്ദേഹം അവിടെ നിത്യസന്ദർശകനാണ് ഇടക്കിങ്ങനെ  കൈവിട്ടുപോകുകയും ചെയ്യും.പാട്ടുപാടിയതിന്റെ പേരിൽ ആരേയും അവിടെ നിന്ന് ഇറക്കിവിടാൻ സാദ്ധ്യതയില്ല. തൊഴിലാളികളോടു പോവാൻ പറ, കോഫീഹൗസ് ഒരു എ.കെ.ജി.സംരംഭമാണല്ലോ.

പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു പത്മരാഗം പുഞ്ചിരിച്ചു,മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ മനോരമേ നിൻ നയനങ്ങൾ,തൊട്ടേനെ ഞാൻ മനസു കൊണ്ട് കെട്ടിപ്പിടിച്ചേനെ..എന്നു തുടങ്ങിയ ഗാനങ്ങൾ ബാബുവേട്ടൻ മേജർ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു.സഗീർ കൈകൊണ്ട് മേശയിൽ താളമടിക്കാൻ തുടങ്ങിയപ്പോൾ അത് വേണ്ടെന്ന് ഞാൻ കണ്ണുകൊണ്ട് പറഞ്ഞു.
ബാബുവേട്ടന് ഒരു കാമുകന്റെ ഭാവമാണ്,എല്ലാ ഗായകർക്കുമെന്നപോലെ.തടിച്ച ശരീരമായതിനാൽ ഘനഗാംഭീര്യവുമുണ്ട് ശബ്ദത്തിൽ.ആളൊരു വിജയിച്ച ബിസിനെസ്കാരനാണ്.പക്ഷെ കാണുന്നത് അധികവും കോഫീഹൗസിൽ വെച്ചാണ്.ഓരോ സമയത്തും ഓരോരോ കൂട്ടുകാർ കൂടെയുണ്ടാവും.ഓരോരുത്തരും കഴിച്ചതിന്റെ ബിൽ ഒരു കെട്ടായി ബാബുവേട്ടന്റെ മുന്നിൽ ഇരിപ്പുണ്ടാവും.

പൗർണ്ണമി ചന്ദ്രിക എന്ന പാട്ടിന്റെ റെക്കോർഡുകളിൽ ശബ്ദസുഖം തീരെ കുറവാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ ആ പാട്ടുപാടുമ്പോൾ   ജലദോഷമായിരുന്നുവെന്ന്  യേശുദാസ്  ഇന്റർവ്യൂവിൽ പറഞ്ഞതായി ബാബുവേട്ടൻ പ്രസ്താവിച്ചു.
പെരിങ്ങാവിലുള്ള   ഹോട്ടലിനെ പറ്റി   പൊതുവെ ഭക്ഷണപ്രിയനായ ബാബുവേട്ടനോടു ഒരിക്കൽ   പറഞ്ഞിരുന്നു.അവിടെക്കൊരു ദിവസം   കൊണ്ടുപോകണമെന്നും ബാബുവേട്ടൻ  എന്നും ബാബുവേട്ടൻ ആവശ്യപ്പെടും.ഓട്ടോറിക്ഷക്കാരും വർക്ക്ഷോപ്പുകാരും  ഭക്ഷണം കഴിക്കുന്നൊരിടമാണത്.അവിടുത്തെ ഭാഷ അസംസ്കൃതമാണ്.ഭക്ഷണം വിളമ്പുന്നതിനിടയിലൊക്കെ പൊതുവെ കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന അപൂർവ്വമായ പദങ്ങൾ അവിടെ ജോലിക്കാരുടെ വായിൽ നിന്നും കേൾക്കാം.ഡീക്ഷ്ണറിയിൽ ഇല്ലാത്തതിനാൽ ആ പദങ്ങൾ ഇവിടെ പ്രയോഗിക്കുന്നില്ല.അർത്ഥങ്ങൾ തേടി വായനക്കാരിൽ ചിലർക്കെങ്കിലും അലയേണ്ടി വരും.
പൂ.കു.മൈ,പു,

തുടങ്ങിയവയിൽ തുടങ്ങുന്ന നാലഞ്ചുവാക്കുകൾ അവിടെ സുലഭമാണ് അവിടുത്തെ രുചികരമായ ഭക്ഷണങ്ങൾക്കൊപ്പം.ഓരോ വാക്കിലും അവർ ഈ ചേരുവകൾ ചേർക്കുന്നു.അവിടെ നിന്ന് പരിചയിച്ചവർക്ക് മറ്റൊരു ഹോട്ടൽ അലർജിയായിരിക്കും.ഉച്ചയൂണിന്റെ സമയത്ത് ഇവിടെ നിരന്നുകിടക്കുന്ന വാഹങ്ങൾ കണ്ടാൽ മതി അതു മനസിലാക്കാൻ.

ഒരിക്കൽ ഞാനവിടെ പോയിരുന്നു.എന്നെ കണ്ട് ഒരു തൊഴിലാളിയുടെ സൗകുമാര്യം ഇല്ലാത്തതിനാൽ അവർ കുറച്ചു നേരം കഷ്ടപ്പെട്ട് മൗനം പാലിച്ചു. പിന്നെയവർ പതിവുപോലെ അസംസ്കൃതചിത്തരായി, തെറിയുടെ പദാവലിയിൽ സന്തോഷവാന്മാരായി.
..ന് മീൻ വറുത്തതു കോടുക്ക്……….
 പ്രസ്തുത അസംസ്കൃതഹോട്ടൽ ഞങ്ങൾ സുഹ്രുത്തുക്കൾക്കിടയിൽ   പ്രചുരപ്രചാരം നേടിയെങ്കിലും അവിടെ സധൈര്യം പോകാനുള്ള ആർജ്ജവം  പൊതുവെ വൈറ്റ് കോളറുകാരായ സുഹൃത്തുക്കൾക്കുണ്ടായിട്ടില്ല.അവിടുത്തെ വർത്തമാനങ്ങൾക്കുള്ള മറുപടി എന്തായിരിക്കുമെന്ന  ആകാംക്ഷയിൽ നല്ലൊരു ഭക്ഷണം കഴിക്കാനുള്ള അവസരമാണ് എല്ലാവരും ഇല്ലാതാക്കുന്നത്.


ഒരിക്കൽ ഞാൻ അവിടെ പോയിട്ടുള്ളതിനാൽ ആ ഭക്ഷണക്കട വഴി നടന്നു പോകുമ്പോൾ അറിയാത്ത ഭാവത്തിലാണ്   നടക്കുക ഒരുതരം പേടിയോടെ.  കഴിക്കാൻ കയറാതെ ഒഴിഞ്ഞുമാറി നടക്കുന്ന എന്നെ പറ്റി അവർ പരസ്പരം എന്തായിരിക്കും   പറയുന്നുണ്ടാവുക!
കോഫീ ഹൗസിനുമുന്നിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു ഇതൊക്കെ.സഗീർ കൊടുങ്ങല്ലൂർക്കുള്ള വണ്ടി സ്റ്റാർട്ടാക്കി.ഞാൻ പെരിങ്ങാവിലേക്കും തിരിഞ്ഞുനിന്നു.
കോഫീ ഹൗസിനുമുന്നിലെ റോഡിൽ ഇറങ്ങിനിന്നതും കാറിൽ അവരെത്തി.അജിതും ശരത്തും.ഓർമ്മയിൽ നിന്നും വിട്ടുപോയ ഒരാളായിരുന്നു ശരത്ത്.പഴയ പ്രിന്റെക്സ് കമ്പനി.കല്ലൻ എന്ന പേരിലായിരുന്നു ശരത്ത് അറിയപ്പെട്ടിരുന്നത്.ശരീരം കൊണ്ടുണ്ടായ പേരാണ്.ഞാൻ അവന്റെ  നെഞ്ചിൽ തൊട്ടുനോക്കി.വർഷങ്ങൾ കഴിഞ്ഞെങ്കിലും കല്ലുപോലെത്തന്നെയിരിക്കുന്നു.കല്ല് കരിങ്കല്ല് ആയോ എന്നു പോലും സംശയിച്ചു. ആൾ  മസ്കറ്റിലാണ് .കൊല്ലം തോറും വരാറുണ്ട്.ഞാൻ കാണാറില്ല.പത്തിരുപത് വർഷങ്ങൾക്കുശേഷം സൗഹൃദം തിരിച്ചുവരികയാണ്.അന്ന് രാത്രിയെ ഞങ്ങൾ പകലാക്കി.നമ്മുടെ ജീവിതം എഴുതുന്നത് നമ്മളല്ല.ഓരോരുത്തരും അവരുടെ  രീതിയിൽ നമ്മുടെ ജീവിതം എഴുതുകയും പൂരിപ്പിക്കുകയും ചെയ്യുന്നു.ശരത്തിന്റെ ഓർമ്മയിൽ നിന്നും പഴയൊരു കാലത്തെ മറന്നുപോയ കുറെ കാര്യങ്ങൾ മറനീക്കി പുറത്തുവരികയായിരുന്നു. നമ്മളെപ്പറ്റി നമ്മൾ അറിയാതെ പോയ കാര്യം വരെ.കൈവിട്ട രാത്രിയായിരുന്നു അത്.പാതിരക്ക് നഗരത്തിൽ ചുറ്റി പഴയകാലത്തെ പുന:സൃഷ്ടിച്ചു.എത്ര രാത്രികൾ എത്ര സുഹൃത്തുക്കൾ എത്ര ഹോട്ടൽ മുറികൾ എത്രയെത്ര മധുശാലകൾ പ്രണയങ്ങൾ മരണങ്ങൾ…….


നൂറുനാൾ മാത്രം നീണ്ടുനിന്ന എന്റെ ഒരു പ്രണയത്തെ ഞാൻ അറിയുന്നത് ഇങ്ങനെ വരുന്ന ചില സുഹൃത്തുക്കളിലൂടെയാണ്.
പ്രണയങ്ങളും മരണങ്ങളും ഓർമ്മകളെ തട്ടിയുണർത്തുന്നു, ജീവിതത്തേക്കാളേറെ.

  നടന്നുപോയ വഴികൾ കൂട്ടിമുട്ടിയ മനുഷ്യർ പിണങ്ങിപ്പോയ പ്രണയങ്ങൾ നുരഞ്ഞുപൊന്തിയ ലഹരികൾ വഴക്കടിച്ച രാഷ്ട്രീയങ്ങൾ  നിലംപരിശാക്കിയ ചുഴലികൾ ചവിട്ടിമെതിച്ച കാമ്പസ്
കൈവിട്ടുപോയ ബാല്യകൗമാരങ്ങൾ ഇവയൊക്കെ മജീഷ്യന്റെ കൈവിരുതോടെ  പ്രത്യക്ഷമാവുന്നത് ഓരോരൊ കാലങ്ങളിൽ നിന്നും വീണ്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുന്ന  കൂട്ടുകാരിലൂടെയാണ്.


സുഹൃത്തുക്കൾ ഇല്ലായിരുന്നെങ്കിൽ    നമ്മൾ സമ്പൂർണമായ   മറവിയായി എന്നേ അടിഞ്ഞുപോകുമായിരുന്നു.

.

3 comments:

മണിലാല്‍ said...

ഓട്ടോറിക്ഷക്കാരും വർക്ക്ഷോപ്പുകാരും ഭക്ഷണം കഴിക്കുന്നൊരിടമാണത്.അവിടുത്തെ ഭാഷ അസംസ്കൃതമാണ്.ഭക്ഷണം വിളമ്പുന്നതിനിടയിലൊക്കെ പൊതുവെ കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന അപൂർവ്വമായ പദങ്ങൾ അവിടെ ജോലിക്കാരുടെ വായിൽ നിന്നും കേൾക്കാം.ഡീക്ഷ്ണറിയിൽ ഇല്ലാത്തതിനാൽ ആ പദങ്ങൾ ഇവിടെ പ്രയോഗിക്കുന്നില്ല.അർത്ഥങ്ങൾ തേടി വായനക്കാരിൽ ചിലർക്കെങ്കിലും അലയേണ്ടി വരും.
പൂ.കു.മൈ,പു,…

തുടങ്ങിയവയിൽ തുടങ്ങുന്ന നാലഞ്ചുവാക്കുകൾ അവിടെ സുലഭമാണ് അവിടുത്തെ രുചികരമായ ഭക്ഷണങ്ങൾക്കൊപ്പം.

V.K.Joseph said...

വാക്കുകള്‍ നഷ്ടമാവുമ്പോള്‍ ജീവിതമാണ് പിണങ്ങി പോകുന്നത്.ജീവിതം ചിലപ്പോള്‍ തെറിയും കൂടിയാണ് . ഇപ്പോള്‍ ആളുകള്‍ തെറി പറയുന്നില്ല. തെറിയേക്കല്‍ ക്രൂരമായി അത് ചെയ്തു കൊണ്ടിരിക്കുകാന്. തെറി പറയുന്ന സാധാരണക്കാര്‍ ആള്‍മാവില്‍ നന്മ ഉള്ളവരായിരിക്കും..പരിഷ്ക്കരികള്‍ മഹാ തെമ്മാടികളും ...ആഞ്ജലോ പൌലോയുടെ ഒരു സിനിമയില്‍ കടല്‍തീരത്ത് വാക്കുകള്‍ പെറുക്കി വിക്കുന്ന ഒരു കുട്ടിയുണ്ട്. മണിലാലിന്നത് ഓര്‍മ്മയുണ്ടോ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയങ്ങളും മരണങ്ങളും ഓർമ്മകളെ തട്ടിയുണർത്തുന്നു, ജീവിതത്തേക്കാളേറെ


നീയുള്ളപ്പോള്‍.....