പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, August 2, 2014

മനുഷ്യർ ലോകത്തെ തിന്നു രസിക്കുമ്പോൾ.....







dc book publication


നാലുമണിയോടടുത്ത സമയം.തൃശൂർ റൗണ്ടിൽ കൊൽക്കൊത്തയിൽ നിന്നുള്ള  സുഹൃത്തുമായി വട്ടംചുറ്റവെ പച്ചക്കറിക്ക് പ്രശസ്തമായ  ഹോട്ടലിൽ കയറി.

അവിടുത്തെ തിരക്കുകണ്ട് അവർക്ക് അത്ഭുതമായി.ഇത് അസമയമല്ലെ എന്നായിരുന്നു അവരുടെ ചോദ്യം.ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനുമിടയിലെ അസമയത്ത് എണ്ണിയാലൊതുങ്ങാത്ത തീറ്റപ്രിയർ മേശക്കുചുറ്റും,കൂട്ടത്തിൽ ഞങ്ങളും.

ചിന്തിക്കുന്നതിനും തർക്കിക്കുന്നതിനും പ്രണയിക്കുന്നതിനുമൊക്കെ പ്രത്യേകം സമയമില്ലാത്തതു പോലെ ഇപ്പോൾ ഭക്ഷണത്തിനും ഒരു നിഷ്കർഷയുമില്ലാതായിരിക്കുന്നു.പലയിടങ്ങളിലും സഞ്ചരിക്കുന്ന അവർ പറഞ്ഞു,നിന്റെ കേരളം കൊള്ളാമെല്ലടാ.
കേരളം ഏതിലും എന്തിലും ഒന്നാമാതാവാൻ പായുകയാണ്.


ബ്രസീലുകാർ പോലും അവരുടെ പതാക ഇത്രക്ക് ഉയരത്തിൽ കെട്ടിയിട്ടുണ്ടാവില്ല.നെയ്മറെത്തീനികൾ അവിടെ ഇത്രക്കുണ്ടാവില്ല.

മറ്റൊരിക്കൽ ഹോട്ടലിൽ ഞാനും മറ്റൊരു സുഹൃത്തും കൂടി ഉച്ചഭക്ഷണത്തിനു കയറുമ്പോൾ തിക്കിലും തിരക്കിലും പെട്ട് സുഹൃത്ത് തീറ്റത്തിരക്കുകാരുടെ ഇടിയിലും തൊഴിയിലും പെട്ട് താഴെ വീണു.അവിടെക്കിടന്ന് സുഹൃത്ത് ഓളിയിട്ടു.

ഡാഷുകൾക്കൊന്നും വീട്ടിൽ ഭക്ഷണമില്ലേ?

സ്വയംബാധകമായ ഒരു അസംബന്ധചോദ്യം കൂടിയായിരുന്നു അത്.സാധാരണഗതിയിൽ സുഹൃത്തിന്റെ ഭാഷാപ്രയോഗത്തിന് അന്ന് ഞങ്ങൾ തല്ലുകൊള്ളേണ്ടതായിരുന്നു.കിട്ടിയില്ല.ആർത്തിപൂണ്ട മനുഷ്യർ ഒന്നിനും ചെവികൊടുക്കില്ല,അവർക്ക് ഒരേയൊരു ലക്ഷ്യം 'ശബരിമാമല'.


എപ്പോഴും തുറന്നുപ്രവർത്തിക്കുന്ന ഭക്ഷണശാലകൾ അധികം രാജ്യങ്ങളിലില്ല.പ്രധാനഭക്ഷണസമയം കഴിഞ്ഞാൽ പാതിയോ പൂർണ്ണമായൊ അവർ ഷട്ടർ താഴ്ത്തും.തൊഴിലാളികൾ ബാക്കിവന്ന പൊറോട്ടപ്പുറത്തോ ആറിയ ദോശത്തട്ടിലോ മലർന്നുകിടന്ന്  സമയങ്ങളിൽ വിശ്രമിക്കും.


ഇരുപത്തിനാലുമണിക്കൂർ തുറന്നുപ്രവർത്തിച്ചാലും ഇരുപത്തഞ്ചാം മണിക്കൂറും തുറക്കുന്നുണ്ടൊ ഗഡികളെ എന്ന് ഹോട്ടലുകളിൽ നമ്മൾ ചെന്നുമുട്ടും.ബെവറേജിനുമുന്നിൽ ക്യൂനിൽക്കുന്നവരെ മാത്രമേ മനുഷ്യർ ശാപവാക്കുകൾ പറയൂ.കരളിനെ ഷെഢിൽ കേറ്റുന്ന സാധനങ്ങൾ ഇവിടെയും സുലഭമാവുന്നു.ജയ് പൊറോട്ട.

ക്വിറ്റ് പോറോട്ട എന്ന മുദ്രവാക്യവുമായി എന്റെ സുഹൃത്തും കൂട്ടുകാരും വർഷങ്ങൾക്കുമുന്നേ രംഗത്തിറങ്ങിയിരുന്നു.ഇതിന്റെ പേരിലും അറിവില്ലാത്തതിന്റെ പേരിലും അന്ന് സുഹൃത്തിന്റെ പേരുവെട്ടി.അങ്ങിനെ പാടില്ലായിരുന്നുവെന്ന് പൊറോട്ടയെക്കുറിച്ചുള്ള പഠനങ്ങൾ എന്നോടുപറയുന്നു.എൻഡോസൾഫാനേക്കാളും കേരളത്തെ പൊറോട്ടകൾ കാർന്നു തിന്നും  എന്ന സുഹൃത്തിന്റെ കമന്റ് വെറും തമാശയുമല്ല.എത്ര വിഷം കലർന്നതെങ്കിലും ഭക്ഷണപദാർത്ഥങ്ങളെ നമ്മൾ വെറുതെ വിടുന്നു.അത്രമേൽ നമ്മൾ പൊറോട്ടപ്രണയിനികളാകുന്നു.ആണുങ്ങൾക്ക് പെണ്ണായും പെണ്ണുങ്ങൾക്ക് ആണായും തോന്നുന്നുണ്ടാവുമോ ഈ ആണും പെണ്ണുമല്ലാത്ത പോറോട്ടകളെ.


ഭക്ഷണമെന്നത് സംസ്കാരത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഇന്നത് വ്യവസായമായി മാറിയിരിക്കുന്നു.രണ്ടിന്റേയും വ്യത്യാസം മനസിലാവണമെന്നുമാത്രം.ഭക്ഷണം കഴിച്ച് മരിക്കുന്ന അവസ്ഥ ഇവിടെ മാത്രമേയുള്ളു.ഭക്ഷണം ഇല്ലാതെ മരിക്കുന്നത് മറ്റൊരു ലോകത്താണ്.


പുറമെ നിന്നുള്ള എന്തിനേയും മനസാ സ്വാഗതം ചെയ്യുന്നവരാണ് നമ്മൾ. ലോകത്താകമാനമുള്ള രസങ്ങളെ പാതാളവായ് തുറന്നാണ് നമ്മൾ സ്വീകരിക്കുന്നത്.
നാവിൽക്കൂടി മാത്രമാണ്  രുചിയറിയറിയുന്നത് എന്ന് നമ്മൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു,അങ്ങിനെ  വിധിക്കപ്പെട്ടിരിക്കുന്നു. ,രുചി മനോഹരമായി അറിയുകയും ആസ്വദിക്കുകയും ചെയ്യുന്ന ആസക്തമായ  വിശാലമായ ശരീരവും മനസും  കൂടി നമുക്കുണ്ടെന്ന കാര്യവും മറന്നുപോകുന്നു,മറച്ചുപിടിക്കുന്നു.അഞ്ചാറിഞ്ചുമാത്രം നീളമുള്ള നാവുരുചിക്കു മാത്രമാണ് നമ്മൾ ലോകകത്തെയാകെ കുത്തിത്തള്ളി അകത്തേക്ക് കയറ്റിവിടുന്നത്. ശരീരത്തിലെ ഉരഗപ്രഞ്ജകളെ നമ്മൾ തിരിച്ചറിയുന്നില്ല.ഉള്ളിൽ എന്തു നടന്നാലും പ്രശ്നമില്ല.

പെറ്റുവീണ ഉടനെ വായിൽ ഉപ്പുതേച്ചു കയ്പിച്ച്, പഞ്ചസാര തേച്ചു മധുരിപ്പിച്ച്, മുളക് തേച്ചു കരയിപ്പിച്ചുമാണ്  കുട്ടികളെ നമ്മൾ രുചിയുടെ മഹാലോകത്തേക്ക് ആനയിക്കുന്നത്.കുട്ടികൾ സ്വന്തം രുചികളിലൂടെ വളരണം.നിർബ്ബന്ധരുചികളിലൂടെ വളർന്നാൽ എല്ലാവരുടേയും മക്കൾ ബിടെക്കിൽ ചെന്നവസാനിക്കും.അവൻ പൊറോട്ടയും ബീഫും കഴിച്ചുതുടങ്ങി എന്ന് ഒന്നരവയസുകാരൻ ചെക്കനെക്കുറിച്ച് അഭിമാനിക്കുന്ന അച്ഛനമ്മമാരെ നമുക്കിന്ന് കാണാം.


വായിലൂടെ മാത്രം രുചിക്കുന്ന ഒരു ജനത പ്രതീക്ഷയറ്റതാകും സംശയമില്ല.തുറന്നുവെക്കേണ്ടത് വായും അതിന്റെ എതിർഭാഗവും മാത്രമല്ല.അവർ വീടിനെയും  വിരുന്നിനേയും ഭക്ഷണശാലകളേയും മാത്രം സ്നേഹിക്കാൻ പഠിക്കും.ലോകം വായിലേക്കും വയറിലേക്കുമാണ് വളരേണ്ടത് എന്ന് തീരുമാനിക്കും.

സമരത്തിന്റെ രുചിയറിയണം തെരുവിന്റെ രുചിയറിയണം സംഗീതത്തിന്റെ രുചിയറിയണം ശരീരത്തിന്റെ രുചിയറിയണം അപരന്റെ രുചിയറിയണം ചരിത്രത്തിന്റെ രുചിയറിയണം ഫാഷിസത്തിറ്റ്നെ രുചിയറിയണം യുക്തിയുടേയും വൈരുദ്ധ്യത്തിന്റേയും രുചിയറിയണം.പ്രണയത്തിന്റെ രുചി നിർബ്ബന്ധമായും അറിയണം.ആവോളം അറിയണം.മനുഷ്യാനാവാനുള്ള യാത്രകൾ അങ്ങിനെയാണ്.

ചരിത്രത്തെ മാറ്റിമറിച്ചവർ ഒരേ രുചിയിലൂടെ സഞ്ചരിച്ചവരല്ല,ഒരേ സംസ്കാരത്തെ പിൻപറ്റിയവരല്ല.ഒരേ രുചിയിൽ അടിയാത്തതിനാലാണ് ചെ ക്യൂബയിൽ നിന്നും ബൊളീവിയയിലേക്ക് വെച്ചുപിടിച്ചത്.

സമയാസമയങ്ങളിൽ ആരാധാനാലയങ്ങളിൽ പോകുന്നവരിൽ നിന്നും, ഇരുപത്തഞ്ചിൽ വിവാഹം മുട്ടുന്നവരിൽ നിന്നും ഏതു സമയത്തും ഭക്ഷണത്തിലേക്ക് തള്ളിക്കയറുന്നവരിൽ നിന്നും സമൂഹം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.അവർ ഏകക്കാഴ്ചകളിലേക്ക് ഒതുക്കപ്പെട്ടവർ മാത്രമാകുന്നു.

പോക്ക് കണ്ടിട്ടായിരിക്കാം പ്രശസ്തനായ ഒരു ഡോക്ടർ പറഞ്ഞത് മാറാവുന്ന മഹാരോഗം എല്ലാവരേയും പിടികൂടട്ടെ എന്ന്.അപ്പോളെങ്കിലും ആർത്തിപിടിച്ച അവസ്ഥയിൽ നിന്നും പിന്തിരിയുമല്ലോ എന്നാവും ഡോക്ടർ സ്വപ്നം കണ്ടത്.

ഭക്ഷണത്തിനും ഫാൻസ് ഉണ്ടാകുന്ന കാലം വിദൂരമല്ല.മോഹൻലാൽ വേണോ ഭക്ഷണം വേണോ എന്നു ചോദിച്ചാൽ ചിക്കനും പൊറോട്ടയും മതി  എന്നായിരിക്കും ഉത്തരം.


ഭക്ഷണത്തോടുള്ള ആരാധന കാണണമെങ്കിൽ  വിവാഹത്തിനു പോയാൽ മതി.
നമ്മൾ തിന്നുകൂട്ടുന്ന മൃഗങ്ങളുടെ ജീവിതം ഒന്നു പഠിച്ചാൽ  നാണംകെട്ടുപോകും.വിശപ്പുകയറുമ്പോൾ മാത്രമെ മൃഗങ്ങൾ ഇരതേടി തുടങ്ങുകയുള്ളു.ആവശ്യം കഴിഞ്ഞാൽ അവർ ഭക്ഷണത്തിനു കാവലിരിക്കാറുമില്ല.തീന്മേശയിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത നേരത്തെ ഭക്ഷണം കേന്ദ്രബജറ്റ് പോലെ ചർച്ച തുടങ്ങും മനുഷ്യർ.


  ഭക്ഷണത്തിന്മേലുള്ള സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ സാമ്രാജ്യശക്തികൾ ഇടപെടുന്നുണ്ടൊ എന്ന വിഷയം രാഷ്ട്രീയവിശാരദന്മാർക്ക് വിടുന്നു.ഇവിടെ സമയമില്ല ഭക്ഷണം കഴിക്കാൻ സമയമായി.

ആസക്തരായ ജനങ്ങൾ ഒരിക്കലും പടക്ക് മുന്നിൽ വരില്ല.
രാഷ്ട്രീയസമരങ്ങൾ കാലത്തെ ഭക്ഷണത്തിനുശേഷം തുടങ്ങുകയും ഉച്ചഭക്ഷണസമയത്ത് നിർത്തുകയുമാണല്ലോ നമ്മുടെ പതിവ്. ഇടവിളപോലേയാണിന്ന് സമരങ്ങൾ.നിരാഹാരസമരങ്ങൾ പോലും.ഘോരഘോരം മൂർദ്ദാബാദ് വിളിക്കുമ്പോൾ നാവിലൂറുന്നത് എന്തായിരിക്കാം.
യുവരക്തങ്ങളെ ക്രിക്കറ്റിലും ഫുട്ബോളിലും കെട്ടിയിടുന്നതു പോലെ ഭക്ഷണത്തിലും മുക്കിക്കൊല്ലാമെന്ന് കോർപ്പറേറ്റുകൾ വിചാരിച്ചിട്ടുണ്ടാവുമോ എന്നും തലപുകഞ്ഞ് ആലോചിക്കാവുന്നതാണ്,എന്തായാലും നമ്മൾ തലപുകച്ചുകൊണ്ടിരിക്കുന്നവരല്ലെ.
അവരുടെ സംസ്കാരം പോലെ അവരുടെ വസ്ത്രങ്ങൾ പോലെ അവരുടെ രീതികൾ പോലെ അവരുടെ നടപ്പുകൾ പോലെ അവരുടെ ഭക്ഷണവുമാണ് നമ്മളുടെ കരളിന്റെ കഥകഴിക്കുന്നത്.നമ്മുടെ സംസ്കാരത്തിന്റെ കഥ കഴിക്കുന്നത്.
പാചകക്കാരൻ ഇന്നെല്ലാ ടി.വി.ചാനലുകളിലും ഏപ്രൺ ഇട്ടു നില്പുണ്ട് ഇത് രുചിക്കൂ ഇത് രുചിക്കൂ എന്ന ചട്ടുകവുമായി.അതിനുമുന്നിൽ ഭക്ഷണപ്രിയർ കടലകൊറിച്ചിരിപ്പുമുണ്ട്.

ഈയടുത്ത കാലത്തായി നാട്ടിൽ സജീവമായിട്ടുള്ള ഒരു കലാപരിപാടിയാകുന്നു ഒളിച്ചോട്ടങ്ങൾ.വെറുതെ ഇരുന്ന് ബോറഡിക്കുമ്പോൾ കളത്തിലിറങ്ങി കളിക്കുന്ന  പരിപാടിയായി മാത്രം ഇതിനെ കാണാൻ കഴിയില്ല. അന്യമതസ്ഥരും അല്ലാത്തവരുമായുള്ള ഒളിച്ചോട്ടങ്ങൾ വിവാഹമെന്ന യാഥാസ്ഥിതികമായ ഏർപ്പാടിനെതിരെ മാത്രമല്ല ഭക്ഷണവ്യവസ്ഥക്കെതിരെയുള്ള സമരമായും ഭാവിയിൽ വിലയിരുത്തപ്പെട്ടേക്കാം.  വിവാഹമെന്ന ബോറൻ ഏർപ്പാടിനെ ഭക്ഷണം പരമബോറക്കി മാറ്റുന്നുണ്ട്.ഇതെല്ലാം എത്ക്ക് എന്ന തമിഴ് പേശ് ഓർമ്മയിൽ എപ്പോഴും ഉണ്ടാവണം.


കുറച്ചുഭക്ഷണം കൂടുതൽ സമയമെടുത്ത് കഴിക്കുന്നവരാണ് ഫ്രഞ്ചുകാർ.നമ്മൾ മറിച്ചും.   മതിയെന്ന് പറയാൻ അത് തലച്ചോറിനു സമയം കൊടുക്കുന്നു.തലച്ചോർ മാറ്റിവെച്ചാണ് നമ്മുടെ കഴിപ്പ്, മറ്റു പലതും പോലെ.
.ഭക്ഷണം, പ്രത്യേകിച്ച് കോഴികൾ കഴിഞ്ഞജന്മത്തിൽ നമ്മുടെ ശത്രുവായിരുന്നോ എന്നതാണ് ഭക്ഷണമേശമേൽ ഉയർന്നുവരേണ്ട ചോദ്യം.


അത്രമേൽ നമ്മൾ കോഴികളെ കഴുത്തുഞെരിച്ചുകൊണ്ടിരിക്കുന്നു.
കുറുക്കനേക്കാൾ സൂത്രക്കാരായിരുന്നു നമ്മുടെ പരിസരങ്ങളെ വൃത്തിയാക്കുകയും അതുപോലെ വൃത്തികേടാക്കുകയും ചെയ്ത നാടൻ കുക്കുടങ്ങൾ.കുടയുംവടിയുമായി വരുന്ന വിരുന്നുകാരെ അകലെ നിന്ന് കാണുന്ന നിമിഷം അവറ്റകൾ മരത്തലപ്പുകളിലേക്കോ പൊന്തകളിലേക്കോ തോടിന്നപ്പുറത്തേക്കോ ശത്രുക്കളുടെ വീട്ടുമുറ്റത്തേക്കോ പറന്നുമറയും.കോഴികൾ പറക്കുന്നത് വിരുന്നുകാരെ കാണുമ്പോൾ മാത്രമാണ്.

ഒരു പ്രതിരോധവുമില്ലാത്ത പാവം ബ്രോയിലുകൾ.മനുഷ്യന്റെ തീറ്റഭ്രാന്തിൽ അവസാനിക്കാൻ വിധിക്കപ്പെട്ടത്.


വേഗങ്ങൾ നമ്മുടെ തീറ്റസ്വഭാവത്തെ അപ്പാടെ അശ്ലീലമാക്കിയിരിക്കുന്നു,അമേരിക്കക്കാരെപ്പോലെ.

എവിടേക്കാണ് തിരക്കിട്ടുപോകുന്നത്.
ബോംബിടാനും അതിൽക്കിടന്നും മരിക്കാനും!

ആഹാരത്തിലൂടെ നമ്മൾ അട്ടിമറിയും.ആഹാരത്തെ നമ്മൾ അട്ടിമറിക്കരുത്.ആഹാരരീതികൾ നമ്മുടെ സർഗാത്മകതയെ ഉണർത്താനുള്ളതാണ്.ഉറക്കാനുള്ളതല്ല.പ്രകൃതിജീവനം കുറച്ചുനാൾ പരിശീലിച്ചപ്പോൾ ചിറകുകൾ എവിടെ എന്ന് ഞാൻ ശരീരത്തിൽ തപ്പിനോക്കി.അത്രക്ക് പറക്കാൻ മോഹിപ്പിച്ചു നാളുകൾ.കോഴിയെ പ്രണയക്കണ്ണുകളോടെ നോക്കുന്ന  കുറുക്കൻസ്വഭാവം എന്നിട്ടും പോയില്ല.


സംഗീതം കേൾക്കുന്നതുപോലെ ലൈംഗീകത അനുഭവിക്കുന്നതുപോലെ പ്രണയത്തിൽ തുളുമ്പുന്നതുപോലെ ആഹാരത്തെ അറിയുക.


ധൃതിയിൽ നിന്ന് ഒന്നും ഉരുത്തിരിയുകയില്ല.
കാലത്തോടും കർമ്മത്തോടും ക്ഷമ കാണിക്കുക.






3 comments:

മണിലാല്‍ said...

സമയാസമയങ്ങളിൽ ആരാധാനാലയങ്ങളിൽ പോകുന്നവരിൽ നിന്നും, ഇരുപത്തഞ്ചിൽ വിവാഹം മുട്ടുന്നവരിൽ നിന്നും ഏതു സമയത്തും ഭക്ഷണത്തിലേക്ക് തള്ളിക്കയറുന്നവരിൽ നിന്നും സമൂഹം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.അവർ ഏകക്കാഴ്ചകളിലേക്ക് ഒതുക്കപ്പെട്ടവർ മാത്രമാകുന്നു.

shelly said...

aarthi nammukku manassilakkam ennal theetaye oru 'orgy' akkukayum thikanja exhibitionistukalude anndathode athu pradarsippikkunathum kudumbasametham malsarabudhiyode e pradarsanam nadatthukuyum cheyyunnavare thrissurille puthiya shopping mallukalil kannuvan kazhiyum.
athe samayam coffee housil oru kattan kappikku munnil neenda manikkurukal dhyanichirikkukakayum kappi vilambunna koppayum saucerum uruvakunna velayaile pakappizhakall avakku nalkunna saundaryam aswadikkunnavarum thrissurilunde ghadi.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭക്ഷണമെന്നത് സംസ്കാരത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഇന്നത് വ്യവസായമായി മാറിയിരിക്കുന്നു.രണ്ടിന്റേയും വ്യത്യാസം മനസിലാവണമെന്നുമാത്രം.ഭക്ഷണം കഴിച്ച് മരിക്കുന്ന അവസ്ഥ ഇവിടെ മാത്രമേയുള്ളു.ഭക്ഷണം ഇല്ലാതെ മരിക്കുന്നത് മറ്റൊരു ലോകത്താണ്.


നീയുള്ളപ്പോള്‍.....