പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, March 20, 2015

കടൽ കടന്നെത്തിയ രുചി,പുട്ട്


കൊയിലാണ്ടിയിലെ സുഹൃത്തുക്കൾൾ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് വയനാട്  ഉത്തരമായി.കോഴിക്കോട്ടുനിന്നും തോമാസും മനോഹരനും വണ്ടിയുമായി വന്നു.താമരശ്ശേരി ചുരത്തിലേക്ക് ഇടവഴിയിലൂടെ ചായ്ച്ചുവെച്ചു. ചുരം കയറി വൈത്ത്റ്റിരിയിലെത്തിയാൽ പിന്നെ എങ്ങോട്ടും തിരിയാം.


ആദ്യമായിട്ടാണീ വഴി,കാഴ്ചകൾ വ്യത്യസ്തമായിരുന്നു.പതിവുപോലെ പാലങ്ങൾ പുഴകൾ കോൺക്രീറ്റുകൾ ആണെങ്കിലും.അവിടെയും ഒരു മെഡിക്കൽ കോളെജ് കണ്ടു.ഇത്രയധികം മെഡിക്കൽ കോളേജുകൾ വന്നാൽ മനുഷ്യർക്കുപകരം  രോഗികൾ മാത്രം ഉണ്ടാവുന്ന കാലം വരുമോ.പതിവുപോലെ മലയുടെ മുടിയിൽ ഒമ്പതു പിന്നുകൾ പിന്നിവെച്ചിരിക്കുന്നു.
മലകയറിയാൽ ആദ്യത്തെ സുഹൃത്തുക്കൾ രഞ്ജിനിയും രാജഗോപാലുമാണ്.

വിളിച്ചുകൂവി,ഞങ്ങൾ വരുന്നു.

വൈത്തിരി കഴിഞ്ഞാൽ ചുണ്ട.അവിടെയാണവരുടെ കോഫീ കൗണ്ടി.ഊട്ടി റോഡിൽ നിന്നും തിരിഞ്ഞ് ഉള്ളിലേക്ക് തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെയും ഓരത്തുകൂടിയും വേണം അവിടെക്ക് പോകാൻ.

ചുണ്ടയിലെത്തുന്നതിന് മുമ്പേ രഞ്ജിനി പറഞ്ഞു,വൈത്തിരിയിൽ നിർത്തൂ.ഒരത്ഭുതം കാണിച്ചുതരാം.വൈത്തിരി  ഓറിയന്റൽ കോളേജിന്റെ കാറ്ററിംഗ് വിദ്യാർത്ഥികൾ ഗ്വിന്നസ് ബുക്കിലേക്ക് കയറാൻ ഉയരത്തിൽ ഒരു പുട്ട് നിർമ്മിക്കുന്നു,ഞങ്ങൾ വണ്ടി അങ്ങോട്ടു തിരിച്ചു.

അവിടെച്ചെല്ലുമ്പോൾ ഇരുപത്തിനാലടി നീളത്തിൽ നിർമ്മിച്ച ഒരു ഭീമാകരൻ പുട്ടിന്റെ താഴെ എല്ലാവരും തിങ്ങിക്കൂടി കൊതിയോടെ വെള്ളമിറക്കി നിൽപ്പുണ്ട്.കുട്ടികൾ പുട്ടിന്റെ ഉയരങ്ങളിലെ പല ഘട്ടങ്ങളിലായി ശ്രദ്ധയോടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിൽപ്പുണ്ട്.

ഓട്ടുക്കമ്പനി പുകക്കുഴൽ വഴി പുക ചിന്നുന്നതുപോലെ ഭീമാകരൻ പൂട്ടുകുറ്റിക്കുമേലെ പുകച്ചുരുൾ പാറിക്കളിക്കുന്നു.താഴെ അതിഥികൾ പുകച്ചുരുൾ പൊങ്ങുന്നതും നോക്കി കയ്യടിക്കുന്നു പുട്ടുകൾ തിന്നുന്നു.താഴെ പവലിയനിൽ അമ്പതോളം തരം പുട്ടുകൾ കുട്ടികൾ തയ്യാറാക്കുന്നു,മറ്റുള്ളവർ കഴിച്ചുകൊണ്ടിരിക്കുന്നു.

 സ്ഥാപനത്തിന്റെ ഉടമ എൻ.കെ. മുഹമ്മദ് നിർമ്മമനായി തീറ്റയേയും തീറ്റക്കാരേയും കണ്ടുരസിക്കുന്നു..

പുട്ടു നീളത്തിലുള്ള തീറ്റസാധനമാണെങ്കിലും കഴിക്കുന്നവരുടെ വയറുകൾ അങ്ങിനെയല്ല,ഉരുണ്ടിരിക്കുന്നു.അമ്പതോളം പുട്ടുകൾ രസത്തിന് വായിൽ വെച്ചാൽ തന്നെ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചുനോക്കാവുന്നതേയുള്ളു. വൈത്തിരിത്തണുപ്പിൽ ഞങ്ങളും കൈവെച്ചു പലതരം ചൂടൻപുട്ടുകളിൽ.

ഭക്ഷണത്തെ പേടിച്ചെന്നവണ്ണം തോമാസ് മാറിനിന്ന് സിഗാർ പുകച്ചു.ശശിയുടെ നരച്ച വികൃതിയുള്ള താടികളിൽ പലതരം പുട്ടുകൾ പലവർണ്ണങ്ങളിൽ തിളങ്ങിനിന്നു.എല്ലാം കൂടി ഒരുമിച്ച് തൂത്തുകളയാവുന്നതേയുള്ളൂ.

മീഡിയാ സ്കൂളിലേക്ക് ഞങ്ങൾക്ക് ക്ഷണം കിട്ടി,ഇടക്ക് വന്ന് ക്ലാസെടുക്കണം.നിലവിലെ പഠനത്തിന്റെ പീഢനം കുട്ടികൾക്ക് പോര എന്ന് തോന്നി.അവിടെ മീഡിയാ വിഭാഗവുമുണ്ട്.

പുട്ടിന്റെ രുചിഭേദങ്ങൾക്കിടയിൽ എലാറ്റിനും ഞങ്ങൾ ഓകെ പറഞ്ഞു,രുചികൾക്കങ്ങിനെയൊരു സവിശേഷതയുണ്ട്.രുചിയിൽക്കൂടി ഹൃദയത്തിലേക്ക് കടക്കാൻ ആവുമെന്ന് പലരും പറയുന്നു. ജന്മനാൽ ഹൃദയമില്ലാത്തതിനാൽ അതിനേക്കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല.

പുട്ട് എന്ന പലഹാരം എന്റെ ജീവിതത്തിലെ ഇണപിരിയാത്ത ചങ്ങാതിയാണ്.ഓർമ്മ വെച്ച മുതൽ അത് കൂടെയുണ്ട്,ചിരട്ടയുടെ രൂപത്തിലും കുറ്റിയുടെ നീളത്തിലും.

കുട്ടിക്കാലത്ത് കണ്ണുതിരുമ്മിയാൽ കാണുന്നത് അടുക്കളയിലെ പുട്ടുനിർമ്മാണത്തിന്റെ തകൃതികളാണ്.ഇതിനേക്കാൾ വലിയ നിർമ്മാണപ്രവർത്തനം മറ്റൊരിടത്തും  ഇതേവരെ കണ്ടിട്ടുമില്ല.നാളികേരം പൊളിക്കുന്നതോ നാളികേരം ചിരണ്ടുന്നതോ അരിപ്പൊടിയിലെ കട്ട ഉടക്കുന്നതോ അങ്ങിനെ ഏതെങ്കിലുമൊന്ന് അമ്മ ചെയ്യുന്നത് അതിരാവിലെ  കാണാം കേൾക്കാം. തണുപ്പിൽ മൂടിപ്പുതച്ചുകിടക്കുമ്പോൽ എഴുന്നേൽക്കാൻ കുറച്ചുമടിയുണ്ട്..നാളികേരവും ജീരകവും അരിപ്പൊടിയും കൂടിക്കലർന്ന് ഉയരുന്ന മണം മൂക്കിൻ പാലം കടന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ കമ്പിളി മുക്കിലേക്ക് വലിച്ചെറിഞ്ഞ് ഞങ്ങൾ കുട്ടികൾ ഉണരുകയായി.പുട്ടുണ്ടാക്കുന്നവർ ആരോ അതാണമ്മ എന്നാണ് അന്ന് വിചാരിച്ചിരുന്നത്.

മറുഗതിയില്ലാതെ അത് സ്വയം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് വെരി ഈസി എന്ന് മനസിലായത്. മൂക്ക് ആണ് ഭക്ഷണത്തെ ആദ്യം ടേസ്റ്റ് ചെയ്യുന്നത്.മൂക്ക് ലൈവ് അല്ലാത്തവർ ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കാൻ ബുദ്ധിമുട്ടാണ്.ആയതിനാൽ മൂക്ക് പരിശോധനക്ക്  ശേഷം മാത്രമേ ആരെയും അടുക്കളയിൽ പ്രവേശിപ്പിക്കാവൂ.നീളൻ മൂക്കന്മാർ നീണാൾ വാഴ്ക.

ആവിഭക്ഷണങ്ങൾ ബുദ്ധിസത്തിന്റെ സംഭാവനയാണ് എന്ന് പറയപ്പെടുന്നു .പക്ഷെ ആവിയന്ത്രം അവരുടെതല്ല.സിംഹളരാജ്യത്തുനിന്നാണ് പുട്ടും നൂലപ്പം തുടങ്ങിയ പലഹാരങ്ങൾ മലയാളത്തിലേക്ക് കടൽ കടന്നുവരുന്നത്.അതിൽ ചിക്കനും പപ്പടവും മറ്റും ചേർത്ത് നമ്മുടേതായ രീതിയിൽ നമ്മൾ അതിനെ മലിനപ്പെടുത്തി.

നാടൻ ചായക്കടകളിൽ അതിരാവിലെ പുട്ട് കയ്യിലെടുത്ത് ചൂടോടെ അകത്താക്കി പുറത്തേക്ക് പുകയൂതിവിടുന്നവരെ കണ്ടിട്ടുണ്ട്.ആരും കൊതിച്ചുപോകുന്ന  കാഴ്ചയാണത്.ഞങ്ങൾ കുട്ടികൾ ചിരട്ടപ്പുട്ടിന്റെ മുകളിൽ ചക്കരക്കാപ്പി ഒഴിച്ച് അതിനെ കുതിർക്കും.പുട്ടിനോടൊപ്പം എത്ര കളികൾ കളിച്ചിരിക്കുന്നു.

എന്തിനും പകരമുണ്ടല്ലൊ.നമ്മൾ മലയാളികൾ പത്തിരി തുടങ്ങിയ കടുപ്പമുള്ള ഭക്ഷണങ്ങൾ അങ്ങോട്ടുകൊടുത്ത് ശ്രീലങ്കക്കാരോട് പുട്ടിനു പകരം വീട്ടി.നെഞ്ചെരിച്ചിൽ അവരും അറിയണമല്ലൊ.

മറ്റൊരു കഥ കൂടി പുട്ടുകുറ്റി പോലെ ഫണം വിരിച്ചുനിൽപ്പുണ്ട്.പാലക്കാടിന്റെ ചിലഭാഗങ്ങളിൽ ചെന്നാൽ ഈ കഥ മണക്കും.രാമരാവണയുദ്ധത്തിൽ അന്നത്തെ  ഇന്ത്യയും ശ്രീലങ്കയും ഇന്നത്തെ  ക്രിക്കറ്റ്കളി പോലെ രണ്ടായിരുന്നല്ലോ. രാവണന്റെ സഹോദരരാക്ഷസൻ വിഭീഷണൻ രാമന്റെ പക്ഷത്തുമായിരുന്നു.രാവണവധത്തിനുശേഷം രാജ്യം വിഭീക്ഷണന് കൊടുത്തിട്ടായിരുന്നു സീതയേയും കയ്യിൽപ്പിടിച്ചുള്ള രാമന്റെ മടക്കയാത്ര.

 മടക്കയാത്രയിൽ കുറെ സിംഹളരും രാമനും സീതക്കുമൊപ്പം കൂടി. അപ്പ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന ശിലം മനുഷ്യർക്കുമാത്രമല്ല രാക്ഷസന്മാർക്കുമുണ്ട് എന്ന് ഇതിൽ നിന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. 

രാക്ഷസന്മാരേക്കാൾ ഭേദമാണ് മനുഷ്യകുലം എന്ന് തെറ്റിദ്ധരിച്ചതിനാലായിരിക്കാം അങ്ങിനെ യവർ ചെയ്തത്.  പാലക്കാടെത്തിയപ്പോൾ  അതൊരു കാടാണെന്ന് തെറ്റിദ്ധരിച്ച് രാക്ഷസകുലം രാമനെയും സീതയേയും വിട്ട് അവിടെക്കൂടാൻ സിംഹളഭാഷയിൽ തീരുമാനമെടുത്തു.

രാക്ഷസമുഖവും മനുഷ്യസ്വഭാവമുള്ള ചില ഗോത്രങ്ങളെ ഇപ്പോഴും പാലക്കാടിന്റെ ചില ഭാഗങ്ങളിൽ കാണാം.സിരിമാവോ ഭണ്ഡാരനായകെ,ചന്ദ്രിക കുമരതുംഗെ എന്നിവരെപ്പോലെ സൗന്ദര്യമുള്ളവരും എന്നാൽ രാക്ഷസഭാവമുള്ള ആളുകളെ ഇവർക്കിടയിൽ ഇപ്പോഴും കാണാവുന്നതാണ്.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ശ്രീലങ്കയിലേക്ക് കടൽകടന്ന മലയാളികളിലൂടെയാണൊ രാക്ഷസരൂപികളായ ഇവരിലൂടെയാണോ പുട്ടും നൂലപ്പവും ഇവിടെ വന്നെത്തിയതെന്ന്  ഇനിയും ഉറപ്പായിട്ടില്ല.

തിരുവനന്തപുരത്തെ മീൻ വില്പനക്ക് സമാനം പുട്ടും നൂലപ്പവും സ്ത്രീകൾ വഴിയോരങ്ങളിൽ വിൽക്കുന്നത് ശ്രീലങ്കയിലെ പ്രഭാതകാഴ്ചകളാണ്.പുട്ടിലേക്കും നൂലപ്പത്തിലേക്കും അവർ നാളികേരപ്പാലാണ് ഒഴുക്കുക.നാളികേരം ഉണക്കിയാട്ടി കൊളസ്റ്റ്രോളാക്കി അകത്താക്കുന്നത് മലയാളി മാഹാത്മ്യം. രാവിലത്തെ കഞ്ഞിയിൽ നിന്നും പലഹാരം എന്ന ആധുനികഭക്ഷരീതിയിലേക്ക് മലയാളി മാറിയിട്ട് അധികകാലമായില്ല.ഞങ്ങളുടെ നാട്ടിൽ അത് പുട്ട് എന്ന രൂപത്തിലാണ് അവതരിച്ചത്.ദോശ ഇഡലി തുടങ്ങിയ വരേണ്യതീറ്റവസ്തുക്കൾ കാണുന്നത് നഗരങ്ങളിലേക്ക് ചേക്കേറിയതിനുശേഷമാണ് .അതിന്റെ പുളിപ്പ് ആദ്യമൊക്കെ ഛർദ്ദിൽ ഉണ്ടാക്കിയിരുന്നു.പിന്നീട് എത് ഭക്ഷണത്തിലേക്കും വായും വയറും കൊണ്ടുവെച്ചുകൊടുക്കാമെന്നായി.ആധുനികമനുഷ്യന്റെ ഗുണമാണത്.എന്തിനേയും താങ്ങിക്കൊള്ളും.

ഈ ജീവിതത്തിൽ കഴിച്ച പുട്ടുകൾ,ഉരുണ്ടതും നീളത്തിലുള്ളതും വേണമെങ്കിൽ മണിപ്പുട്ടും ചേർത്തുവെച്ചാൽ എത്രയുണ്ടാവും.ഗ്വിന്നസ് പുട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയ ചിന്തയാണത്.

 വാടാനപ്പള്ളി മുതൽ തൃശൂർ വരെ,മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ,കന്യാകുമാരി മുതൽ ന്യൂഡൽഹി വരെ.
ഒന്നു തീർച്ചയാണ്  ജീവിതാസക്തിയുടെ ആഴവും പരപ്പും ഒരു ഗ്വിന്നസ് ബുക്കുകാരനും അളക്കാൻ സാധ്യമല്ല.

പുട്ടുൽസവത്തിൽ നിന്നും ഞങ്ങൾ മുഹമ്മദിന്റെ വൈത്തിരി വില്ലേജിലേക്കാണ് പോയത്,ഇതിന്റെ ഉടമയും അദ്ദേഹമാണ്.വയനാട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്ന മനോഹരമായ റിസോർട്ടാണത്.റിസോർട്ടിന്റെ പൂമുഖത്ത് ഞങ്ങൾ എല്ലാവരും മുഖാമുഖം ഇരുന്നു.വെങ്കിടി(സി.എസ്.വെങ്കിടേശ്വരൻ),ശശി(ടെലഫോൺ ശശി),രഞ്ജിനിമേനോൻ,രാജഗോപാലൻ.

ടൂറിസത്തെക്കുറിച്ചായിരുന്നു സംസാരം.കേരളത്തിലെ കൊള്ളാവുന്ന റിസോർട്ടുകാരെല്ലാം  പറയുന്നു,മലയാളി ടൂറിസ്റ്റുകളെ ആർക്കും താല്പര്യമില്ല.നാട്ടിലും വീട്ടിലും ഇടുങ്ങിജീവിക്കുന്ന അവർ മറ്റൊരിടത്തെത്തിയാൽ മനസു മാറ്റുന്നു ശരിരത്തിന്റെ ഭാഷ മാറ്റുന്നു.ഗോഡൗണിൽ ഒളിപ്പിച്ചുവെച്ച എല്ലാ തുരുമ്പും ആക്രിയും അവർ പുറത്തെടുത്ത് ഭീതിപരത്തുന്നു.ശരീരത്തിന്റെ ഉൽസവങ്ങളെ ഒളിപ്പിച്ചുവെച്ചവരാണധികവും.അതുകൊണ്ടാണല്ലോ ശരണം വിളിച്ച് കഠിനമല കയറുന്നതും പെരുത്ത ശരീരത്തിന്റെ നീരൊക്കെ അലിയിച്ചുകളയുന്നതും.അതുകൊണ്ടാണല്ലോ  സദാചാരപ്പോലീസായി ചമയുന്നതും അവഹേളിതനാവുന്നതും.

പുട്ടിലേക്ക് തിരികെ വരാം.അതാ നല്ലത്.

പുട്ടായിക്കൊള്ളട്ടെ,ദോശയായിക്കൊള്ളട്ടെ,ഇഡലിയായിക്കൊള്ളട്ടെ എന്തുമായിക്കൊള്ളട്ടെ.ഭക്ഷണം ഭക്ഷണമാവുന്നത് മനുഷ്യർ മനുഷ്യനാവുമ്പോളാണ്.
ഹോസ്പിറ്റാലിറ്റി ബിസിനെസ് എങ്ങിനെയായിരിക്കണം എന്നാണ് ഞങ്ങൾ വൈത്തിരി വില്ലേജിൽ ഇരിക്കുമ്പോൾ ഞങ്ങൾ ആലോചിച്ചത്.

ആതിഥേയന്റെ  ഹൃദയ വിശാലതയോടേ വൈത്തിരി വില്ലേജിലേക്ക് ഞങ്ങളെ സ്വീകരിച്ച എൻ.കെ.മുഹമ്മദിന് നന്ദി.


7 comments:

പട്ടേപ്പാടം റാംജി said...

ഇപ്പോള്‍ തന്നെ മനുഷ്യരേക്കാള്‍ കൂടുതല്‍ രോഗികള്‍ ആയിക്കഴിഞ്ഞിരിക്കുന്നു.

ajith said...

യൂ പുട്ട് ഇറ്റ് ഗുഡ്!

Cv Thankappan said...

'കുട്ടിക്കാലത്ത് കണ്ണുതിരുമ്മിയാൽ കാണുന്നത് അടുക്കളയിലെ പുട്ടുനിർമ്മാണത്തിന്റെ തകൃതികളാണ്.ഇതിനേക്കാൾ വലിയ നിർമ്മാണപ്രവർത്തനം മറ്റൊരിടത്തും ഇതേവരെ കണ്ടിട്ടുമില്ല.നാളികേരം പൊളിക്കുന്നതോ നാളികേരം ചിരണ്ടുന്നതോ അരിപ്പൊടിയിലെ കട്ട ഉടക്കുന്നതോ അങ്ങിനെ ഏതെങ്കിലുമൊന്ന് അമ്മ ചെയ്യുന്നത് അതിരാവിലെ കാണാം കേൾക്കാം. തണുപ്പിൽ മൂടിപ്പുതച്ചുകിടക്കുമ്പോൽ എഴുന്നേൽക്കാൻ കുറച്ചുമടിയുണ്ട്..നാളികേരവും ജീരകവും അരിപ്പൊടിയും കൂടിക്കലർന്ന് ഉയരുന്ന മണം മൂക്കിൻ പാലം കടന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ കമ്പിളി മുക്കിലേക്ക് വലിച്ചെറിഞ്ഞ് ഞങ്ങൾ കുട്ടികൾ ഉണരുകയായി.പുട്ടുണ്ടാക്കുന്നവർ ആരോ അതാണമ്മ എന്നാണ് അന്ന് വിചാരിച്ചിരുന്നത്."
പുട്ടുവിശേഷം അസ്സലായി....
ആശംസകള്‍

മണിലാല്‍ said...

ellaavarkkum my putt

മണിലാല്‍ said...

തിരുവനന്തപുരത്തെ മീൻ വില്പനക്ക് സമാനം പുട്ടും നൂലപ്പവും സ്ത്രീകൾ വഴിയോരങ്ങളിൽ വിൽക്കുന്നത് ശ്രീലങ്കയിലെ പ്രഭാതകാഴ്ചകളാണ്.പുട്ടിലേക്കും നൂലപ്പത്തിലേക്കും അവർ നാളികേരപ്പാലാണ് ഒഴുക്കുക.നാളികേരം ഉണക്കിയാട്ടി കൊളസ്റ്റ്രോളാക്കി അകത്താക്കുന്നത് മലയാളി മാഹാത്മ്യം.

Muralee Mukundan , ബിലാത്തിപട്ടണം said...

പുട്ടിട്ട് പൂട്ടൽ

Murali K Menon said...

മണിചിത്ര പൂട്ട് തകര്‍ത്ത് മണി പുട്ട് മഹാത്മ്യം ചൊരിഞ്ഞു.
വയനാടിന്റെ ഭംഗി കൂട്ടുന്നതില്‍ മണിലാലിന്റെ ബ്ലോഗിന് ചെറുതല്ലാത്തൊരു പങ്കുണ്ട്.


നീയുള്ളപ്പോള്‍.....