പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, April 8, 2018

ശിരസിൽ തീപിടിച്ച കാലം






ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറ് നവംബർ പതിനാറിന് തൃശൂർ ജില്ലയിലെ ആലപ്പാട് നിന്നും വൈകീട്ട് നാലു മണിയോടെ ഒരു നാടകം ആരംഭിക്കുന്നു. കുരിശിന്റെ വഴി എന്ന പേരിൽ.പല സംഘങ്ങൾ പല സ്ഥലങ്ങളിലായി നടത്തിയ റിഹേര്‍സലുകൾ ആലപ്പാട് ഒത്തൊരുമിച്ച് നാടകമായി ക്രമപ്പെടുകയായിരുന്നു. പത്തു കിലോമീറ്റർ സഞ്ചരിച്ച് തൃപ്രയാറിൽ സമാപിക്കുന്ന രീതിയിലാണ് നാടകാവതരണം ആസൂത്രണം ചെയ്തത്. ഓരോ തെരുവു മൂലയിലും ഓരോ വിഷയങ്ങൾ നാടകാവതരണങ്ങളായി അരങ്ങേറും.അത്രയേറെ വിഷയങ്ങളാണ് അന്നത്തെ സർക്കാർ ജനാധിപത്യകേരളത്തിന് നല്‍കിയത്.


പി.എം.ആന്റണിയുടെ കൃസ്തുവിന്റെ ആറാം തിരുമുറിവ് വോട്ടു ബാങ്കായ കൃസ്ത്യൻ സഭക്കു വേണ്ടി ഭക്തിരസം തുളുമ്പുന്ന കരുണാകരൻ സർക്കാർ നിരോധിച്ചു.ഇതിനെതിരെ സാംസ്കാരിക കേരളം ഉണർന്നതിന്റെ പ്രതിഫലനമായിരുന്നു നാടകപ്രതിഷേധം. സഭയുടെ സമ്മർദ്ദത്തിന്  മുന്നിൽ ഉലഞ്ഞുപോയപ്പോഴാണ് നാടകം നിരോധിക്കാൻ സര്‍ക്കാർ മുന്നോട്ടു വന്നത്.ജാതിക്കോമരങ്ങളും കോമാളികളും ജനാധിപത്യരംഗം കയ്യടക്കുന്നതിനെതിരെയുള്ള മതാത്മകവിരുദ്ധ പ്രസ്ഥാനം കൂടിയായിരുന്നു അന്നത്തെ നാടകാവതരണവും പിന്നിടുണ്ടായ കൂട്ടംചേരലുകളുമെല്ലാം.

തൃശൂരിലെ കെ.എസ്.ആര്‍.ടി.സി.ക്കടുത്തുണ്ടായിരുന്ന വാഞ്ചി ലോഡ്ജ് ആയിരുന്നു ഇത്തരം ചിന്തകളുടെ ഒരു കേന്ദ്രം.ലെഫ്റ്റ് ഫ്ലാറ്റ് ഫോം, വാടാനപ്പള്ളിയിലെ തിയ്യട്രിക്കൽ  ഗാതറിംഗ്സ്,സ്ക്രീൻ ഫിലിം സൊസൈറ്റി എന്നിങ്ങനെ രാഷ്ട്രീയമായ സംഘടിത രൂപങ്ങൾ വാടാനപ്പള്ളിയിലും സക്രിയമായിരുന്നു.ആലപ്പാട്ടെ സംഘങ്ങളും തെരുവിൽ ഇറങ്ങിനിന്നിരുന്നു.എല്ലാം ശ്വാസങ്ങളും ചേർന്ന് വലിയൊരു ഇടിമുഴക്കമായി പരിണമിക്കുകയായിരുന്നു.

അന്നത്തെ സാംസ്കാരിക മണ്ഡലത്തിലേക്ക് പലതും പൊട്ടിവിടർന്നത് ഇത്തരം സംഘങ്ങളിൽ നിന്നാണെന്ന് ചരിത്രം പറയുന്നു.അന്ന് വാഞ്ചി സകലമാന തെറിച്ച മനുഷ്യരുടെയും താവളമായിരുന്നു.യുക്തിവാദികൾ,നക്സലൈറ്റുകൾ തുടങ്ങി നാനാതരം മനുഷ്യർ  അവിടെ കയറിയിറങ്ങുകയും പാർക്കുകയും ചെയ്തിരുന്നു..വാഞ്ചി ലോഡ്ജ് ഇന്നില്ല.അത് പൊളിച്ചുമാറ്റപ്പെട്ടപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ട മനുഷ്യർ കേരളത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും പല തരം സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മനുഷ്യജന്മം സഫലമാക്കിക്കൊണ്ടിരിക്കുന്നു.സിവിക് ചന്ദ്രൻ കോഴിക്കോടുണ്ട്,പ്രകാശ് മേനോൻ ചെന്നൈയിലുണ്ട്.പി.എ.എം.ഹനീഫ് മലബാറിലുണ്ട്.മോഹൻ കുമാർ കണ്ണൂരിലുണ്ട്,നാസ്തികൻ സണ്ണി എവിടെയുണ്ടെന്ന് ദൈവത്തിനറിയാം.ജോണ്‍ എബ്രഹാം പലപ്പോഴും അവിടെ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്,മുൻ സ്പീക്കർ ശങ്കരനാരായണൻ തമ്പിയെ അവിടെ വെച്ച് കാണുമാറായിട്ടുണ്ട്.

പ്രേരണ,ഉത്തരം,നാസ്തികൻ,സഹ്യാദ്രി,രംഗഭാഷ,വാക്ക്,പാഠഭേദം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഇവിടെ നിന്നാണ് പിറവി.ലിറ്റിൽ മാഗസിനുകളുടെ കൂട്ടുകാരൻ കെ.എൻ.ഷാജിയെ അവിടെ തീർച്ചയായും വന്നിട്ടുണ്ടായിരിക്കണം.ജോയ് മാത്യു നാടകം കളിയുമായി ഇവിടെ കുറച്ചു നാൾ ഉണ്ടായിരുന്നു.സുരാസുവിനും അമ്മുവേടത്തിക്കും പ്രണയത്തിന്റെ തണൽ ഈ കെട്ടിടം നല്‍കിയിട്ടുണ്ട്.സാംസ്കാരിക കേരളം ശ്വസിച്ചത് ഇവിടെ നിന്നാണെന്നും അതിശയോക്തിയോടെ പറയാം.

സൂര്യവേട്ട,മുദ്രാ‍രാക്ഷസം,ഭോമ എന്നിങ്ങനെ നാടകങ്ങളുമായി ജോസ് ചിറമ്മൽ കത്തി നിന്ന കാലമായിരുന്നു.സ്വാഭാവികമായും നാടകത്തിന്റെ മുൻ നിരയിൽ ജോസ് വന്നു.

തങ്കമണിയിലും കീഴ്മാടിലും നടന്ന പോലീസ് തേർവാഴ്ചയുടെ നേരത്താണ് നാടകവും നിരോധിക്കുന്നത്.കീഴ്മാടിൽ അന്ധവിദ്യാലയത്തിൽ നടത്തിയ തേർവാഴ്ച കേരള ചരിത്രത്തിലെ മാറാക്കറയാണ്.പ്രതിപക്ഷം സർക്കാരിനെതിരെ വൻ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുന്ന സമയമായിരുന്നു അത്.നാടക നിരോധത്തോടെ കേരളത്തിൽ മതേതരമായ ഒരു പ്രതിപക്ഷം രൂപപ്പെടുകയായിരുന്നു.അത് സാംസ്കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സിനിമാക്കാരുടെയുമൊക്കെ നേതൃത്വത്തിലായിരുന്നു.മുഖ്യധാരയിൽ നിന്നും തെറിച്ചു നിന്ന യൗവ്വനങ്ങൾ

കേരളമാകെ കൈകോർക്കുന്ന അസുലഭനിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അതിന്റെ തൃശൂർ വെര്‍ഷൻ ആയിരുന്നു പത്തു കിലോമീറ്റർ നീളത്തിൽ ആസൂത്രണം ചെയ്ത കുരിശിന്റെ വഴി എന്ന തെരുവുനാടകം.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും അണിചേരാൻ ആളുകൾ  വന്നു.ജോസ് ചിറമ്മൽ അതിന്റെ തലപ്പത്ത് നിന്നു.

വാടാനപ്പള്ളിയിലും ആലപ്പാടുമൊക്കെ റിഹേഴ്സൽ ക്യാമ്പുകൾ സജീവമായി.അന്നത്തെ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നടപടികളെ തെരുവിൽ ആവിഷ്കരിക്കുകയായിരുന്നു നാടകത്തിന്റെ ലക്ഷ്യം.ഓരോ തെരുവുമൂലയിലും ഓരോ പ്രമേയങ്ങൾ നാടകമായി അവതരിപ്പിച്ചു മുന്നേറൂക.സാംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറമേനിന്നും ഈ പ്രസ്ഥാനത്തിന് പിന്തുണ കിട്ടി.ശാന്തിനികേതനിൽ വിദ്യാര്‍ത്ഥികളായ ടി.വി.സന്തോഷ്,മുരളി ബറോഡയിൽ ചിത്രകല പഠിച്ചിരുന്ന മുഹമ്മദ്,നാടക രംഗത്തെ സി.എസ്.ഗോപാലൻ,സുർജിത്,ശില്പി രാജൻ,ശാന്തൻ,കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ഇ.പി.കാർത്തികേയൻ,എ.വി.ശ്രീകുമാര്‍,വാടാനപ്പള്ളിയിൽ നിന്നും ഗഫൂർ,ഷാജഹാൻ,രമേശ്,പ്രേം പ്രസാദ്,അസലം,കോൺഗ്രസ്സുകാരനായ ഇ.ബി.ഉണ്ണികൃഷ്ണൻ,ഭരണം മറന്ന് പ്രതികരിക്കുന്ന ആളാണ് ഉണ്ണികൃഷ്ണന്‍.തീരദേശത്തെ ജനകീയ സമരങ്ങൾക്കൊപ്പം എന്നും ഉണ്ണികൃഷ്ണനെ കാണാം, എന്നിങ്ങനെ രാഷ്ട്രീയസുന്ദരമായ മനുഷ്യരുടെ ഒരു കൂട്ടം ഉടലെടുക്കുന്നു.


ആലപ്പാട് വെച്ച് കെ.കെ.രാജൻ നാടകാവതരണത്തിന്റെ അദ്യ ഡയലോഗ് ഒരു പഴയകെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ഉച്ചത്തിൽ  വിളിച്ച്  പറഞ്ഞതും നൂറുകണക്കിന് വരുന്ന പോലീസുകാർ നാടകസംഘത്തെ വളഞ്ഞുവെച്ച് അറസ്റ്റ് ചെയ്തു.റിഹേര്‍സൽ സമയത്തു തന്നെ രഹസ്യപ്പോലീസുകാർ ആലപ്പാട് നിറഞ്ഞിരുന്നു.ചായക്കടങ്ങളിലും കള്ളുഷാപ്പുകളിലും കല്ലോവിന്മേലും അതുവരെ കണ്ടിട്ടില്ലാത്ത മുഖങ്ങളെ കണ്ട് ഇതേതു കൂട്ടക്കാർ എന്ന് ഗ്രാമം മൂക്കത്ത് വിരൽ വെച്ചതിന്റെ ഗുട്ടൻസ് ഈ അറസ്റ്റോടെയാണ് നാട്ടുകാർക്ക് മനസ്സിലായത് .തുടർന്ന് സംഘർഷങ്ങളുടെ വേദിയായിത്തീർന്നു ആലപ്പാട് മുതൽ അന്തിക്കാട് പോലീസ് സ്റ്റേഷൻ വരെ.അറസ്റ്റ് ചെയ്തവരെ കയറ്റിയ പോലീസ് ജീപ്പിനെ കടത്തി വിടാതെ വലിയൊരു ജനസഞ്ചയം പ്രകടനമായി മുന്നേറി.എന്തും സംഭവിക്കാവുന്ന അവസ്ഥ.നാലഞ്ചു കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷൻ വരെ പ്രകടനം പോലീസ് വണ്ടിയെ കടത്തി വിടാതെ മുന്നേറി.ആയിരങ്ങളാണ് പാതക്കിരുവശവും സമരക്കാർക്ക് ആവേശമായി അണിനിരന്നത്.അന്തിക്കാടിന്റെ മഹത്വം തിരിച്ചു പിടിച്ച മുഹൂർത്തമായിരുന്നു അത്.നാടകത്തിൽ കയറി അഭിനയിക്കാൻ ഓരോ തെരുവിലും കാത്തു നിന്ന കുറെ നടന്മാർ നാടകസംഘത്തെ കാണാതെ തിരിച്ചു പോയി.


എൻ.ആർ ഗ്രാമപ്രകാശൻ,വി.ജി.തമ്പി,വിശ്വനാഥൻ വയക്കാട്ടിൽ,ടി.ആര്‍.രമേശ് ,കെ.ഗോപിനാഥൻ,ചന്ദ്ര ബോസ് ,ഗോപിനാഥ് പനമുക്കത്ത് എന്നിവരൊക്കെ മാർച്ചിന്റെ മുന്നണിയിലുണ്ടാന്നു.

പോലീസ് സ്റ്റേഷൻ പരിസരത്തെത്തിയ ജനങ്ങൾ സ്റ്റേഷൻ വളഞ്ഞു നിന്നു,മതിലിൽ കയറിയിരുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ.രാത്രിയോടെ എല്ലാവരെയും മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജാരാ‍ക്കുവാ‍നായി അയ്യന്തോളിലേക്ക് കോണ്ടു വന്നു. രാത്രി മുഴുവൻ അയ്യന്തോൾ പോലീസ് സ്റ്റേഷന്റെ ഇടുങ്ങിയ മുറിയിൽ എല്ലാവരും കിടന്നു,സാഹോദര്യത്തിന്റെ മെയ്‌വഴക്കത്തോടെ.

ജോസ് ചിറമ്മൽ ഒന്നാം പ്രതിയും കെ.കെ.രാജൻ രണ്ടാം പ്രതിയും കെ.ജെ.ജോണി മൂന്നാം പ്രതിയുമായി കേസ് രജിസ്റ്റര്‍ ചെയ്തു.കേസ്സിൽ പെട്ടിരുന്ന പരിസ്ഥിതി പ്രവർത്തകനായ സാമി നാഥൻ,കാരമുക്കിലെ ശ്യാം,ഏഷ്യാനെറ്റിൽ എഡിറ്റര്‍ ആയിരുന്ന ഷാജു ജോസ് ഇന്ന് ജീവിതത്തിലില്ല.


പരസ്പരം അറിയുന്ന അൻപത്തിയേഴ് പേർ.ചിത്രകലാ വിദ്യാർത്ഥിയായിരുന്ന സന്തോഷ് സ്റ്റേഷനകത്ത് കരിക്കട്ട കൊണ്ടു ചുമരില്‍ വരച്ച പോലീസുകാരന്റെ ചിത്രം ഭരണകൂട ഭീകരതയുടെ കടുംഛാ‍യ പകരുന്നതായിരുന്നു.ടിവി.സന്തോഷ് ഇന്ന് ലോകപ്രശസ്തനായ ചിത്രകാരനാണ്. കേസ് വര്‍ഷങ്ങൾ നീണ്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കരുണാകരൻ സർക്കാർ തോറ്റമ്പി.നായനാർ സര്‍ക്കാർ വന്നിട്ടും കേസ് പിൻവലിക്കപ്പെട്ടില്ല. 

കേസ്സ് നാടകമായതിനാൽ കോടതിയിൽ പോക്കും തമാശയായിരുന്നു.പ്രതികളുടെ കയ്യിലിരിപ്പ് കൊണ്ട് കേസുള്ള ദിവസം മുഴുവവൻ സമയവും കോടതി പരിസരത്ത് പലതരം കൊഞ്ഞാണന്മാരെ നോക്കിയിരിക്കേണ്ടിവന്നിട്ടുണ്ട്.ഹാജർ എടുക്കാൻ   സ്വയമെണ്ണാൻ ഞങ്ങളോട്  ജഡ്ജി ആവശ്യപ്പെടും.
വൺ
ടൂ
ത്രീ
ഫോർ
ഫൈവ്
സിക്സ്
സെവൻ
 എയിറ്റ്
ണയൻ
എന്നിങ്ങനെ എണ്ണുന്ന നേരത്തായിരിക്കും ഞങ്ങൾക്കിടയിലെ ബൂർഷ്വാ കോടതിവിരുദ്ധൻ മലയാളത്തിൽ ‘പത്ത് ‘’ എന്ന് പറയുക.അതോടെ കോടതിയിൽ പൊട്ടിച്ചിരിയാകും.ചിരിക്കാൻ നിമമമനുവദിക്കാത്ത ജഡ്ജി മൂക്കിന്റെ തുമ്പത്തേക്ക് ദേഷ്യം വരുത്തി ഞങ്ങളെ വരാന്തയിലേക്ക് കുത്തിയിരിപ്പിന് ശിക്ഷിക്കും..പിന്നെ കോടതി പിരിയുന്ന നേരത്തുമാത്രമേ വിളിക്കുകയുള്ളു.ഞങ്ങളുടെ കേസ്സ് ഫീസൊന്നും വാങ്ങാ‍തെ ഏറ്റെടുത്ത പ്രകാശൻ വക്കീൽ പിടിച്ച പുലിവാൽചില്ലറയല്ല,എണ്ണം അൻപത്തേഴാണ്. കോടതിപരിസരത്ത് ഇത്രയധികം താടിമീശക്കാരെ ഒന്നിച്ച് കാണുന്നതും ജനം അന്നാണ്.

ഈ സംഭവത്തിന്റെ തുടരച്ചയായിരുന്നു,തൃശൂർ ടൌണിൽ ആവിഷ്കാര സ്വാതന്ത്ര്യ കൺവെൻഷൻ എന്ന് പേരിട്ടു നടന്ന സാംസ്കാരിക സമരം. വാക്കുകൊണ്ടും വരകൊണ്ടും അരങ്ങുകൊണ്ടുമൊക്കെ സൌന്ദരമായി ഉയർത്തിയ  ഈ സമരത്തിന്റെ മുന്നണി പോരാളികളായിയായത് സർഗ്ഗാത്മക വ്യക്തിത്വങ്ങളായിരുന്നു.സമരം സർഗ്ഗാത്മകമാവുമ്പോൾ മുദ്രവാക്യം കവിതയാവുമെന്നത് ഈ സമരമുഖത്ത് നിന്നും പഠിച്ച നേർപാഠം.സർഗ്ഗാത്മക ആവിഷ്കാരങ്ങൾ അവതരിപ്പിച്ചായിരുന്നു ഓരോ ഗ്രുപ്പും ഓരോ മനുഷ്യനും ഇതിൽ പങ്കാളികളായത്.

കേരള ചരിത്രത്തിൽ നിവർന്ന് നില്‍ക്കുന്നൊരു മഹാസംഭവമാ‍യി മാറി ഈ സമ്മേളനം.സച്ചിദാനന്ദൻ,കെ.ജി.എസ്,പൌലോസ് മാർ പൌലോസ്,സുകുമാർ അഴീക്കോട്,നീലൻ,കെ.എ.മോഹൻ ദാസ് ,സോമശേഖരൻ,എം.എം.ഡേവിസ് ,ശിവശങ്കരൻ എന്നിവരൊക്കെ അതിൽ സജീവ പങ്കാളികളായി.പൊതുബോധത്തിന്റെ അടിസ്ഥാനത്തിൽ തെളിച്ചമുള്ള രാഷ്ട്രീയമായിരുന്നു ഇവിടെ അരങ്ങേറിയത്..


തിരിഞ്ഞുനോക്കുമ്പോൽ ആർക്കും കുറ്റബോധമില്ലാത്ത ഒരു സമരമായിരുന്നു ആവിഷ്കാര സ്വാതന്ത്ര്യ സമരം. നിരന്തരം പ്രസക്തമാവുന്ന ഒരു മുദ്രാവാക്യം അതിനെ കാലങ്ങളിൽ ജീവസ്സുറ്റതാക്കി നിലനിർത്തുന്നു.


ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തിയഞ്ച് വർഷമായി.



നടുക്കഷ്ണം:
ബൂർഷ്വാ കോടതി തുലയട്ടെ എന്ന് മുദ്രവാക്യം വിളിച്ചില്ലെങ്കിലും വിളിച്ച തീയ്യതിക്ക് പലപ്പോഴും കോടതിയിൽ പോകാൻ കഴിയാറില്ല.പകരക്കാരനെ വെക്കാനും പറ്റിയില്ല. ഹാജാരാവത്തതിനാൽ ഗഫൂർ,ഷാജഹാൻ,അസലം അടക്കം ഞങ്ങൾ നാലു പേരെ വിയ്യൂർ ജയിലിലേക്ക് ഉണ്ട തിന്നാൻ കോടതി വിട്ടു.പിന്നീടൊരിക്കൽ വാടാനപ്പള്ളിയിലെ ബോധി കോളേജിലിരിക്കുമ്പോൾ ഞങ്ങളെ ഉണ്ടതീറ്റിച്ച ജഡ്ജിയേക്കാൾ മാന്യനെന്ന് തോന്നിപ്പിക്കുന്ന ഒരാൾ എന്റെ മുന്നിൽ നെടുനീളത്തിൽ വന്നു നിന്ന് കൂളിംഗ് ഗ്ലാസ്സ് ഊരി സ്വയം പരിചയപ്പെടുത്തി.അയാൾ പോക്കറ്റടിക്കാരനായ സലീം ആയിരുന്നു.
ഡ്യൂട്ടി വാടാനപ്പള്ളി ബസ് റൂട്ടിലായിരുന്ന ദിവസമാണ് എന്നെ കാണാൻ വന്നത്. വീടു പോലെയല്ല ജയിൽ,അതിൽ ഒരുമിച്ചു കിടന്നവർ ജീവിത കാലം മറക്കില്ല.പോക്കറ്റടിക്കാരനായാലും വിപ്ലവകാരിയായാലും.അയാൾ  മൂന്നു ദിവസം വിയ്യൂർ ജയിലിൽ എന്നോടൊപ്പം  ഉണ്ടതിന്ന മനുഷ്യനായിരുന്നു.പോക്കറ്റടി ഒന്നുമില്ലാത്തവന്റെ ജീവനകലയാണെന്ന്  ജയിലിൽ നിന്നാണ് ഞാൻ പഠിച്ചത്.


മണിലാൽ
manilalbodhi@gamil.com

3 comments:

മണിലാല്‍ said...

aarum ithile varunnille

Arun Meethale Chirakkal said...

ഉണ്ട്, കാലങ്ങൾക്ക് ശേഷം വീണ്ടും ഈ വഴി വന്നു. ഉജ്ജ്വലമായ എഴുത്ത്.
സ്കൂൾ കാലത് കേട്ട പഴയ മുദ്രാവാക്യം ഓര്മ വന്നു 'തങ്കമണിയും കീഴ്മാടും പിന്നെ എന്തെല്ലാമെന്തെല്ലാം നേട്ടങ്ങൾ.'

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർക്കുന്നു ...
'തിരിഞ്ഞുനോക്കുമ്പോൽ ആർക്കും കുറ്റബോധമില്ലാത്ത ഒരു സമരമായിരുന്നു ആവിഷ്കാര സ്വാതന്ത്ര്യ സമരം. നിരന്തരം പ്രസക്തമാവുന്ന ഒരു മുദ്രാവാക്യം അതിനെ കാലങ്ങളിൽ ജീവസ്സുറ്റതാക്കി നിലനിർത്തുന്നു.

ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തിയഞ്ച് വർഷമായി...!


നീയുള്ളപ്പോള്‍.....