പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, October 30, 2018

പ്രദീപ് അഥവാ സ്ക്രീൻ പ്രിന്റർ


❤❤❤

അച്ചടിമേഖലയിൽ നിന്ന് തെറിച്ച ഒരു കലാരൂപമാണ് സ്ക്രീൻ പ്രിന്റിംഗ്.

കേരളത്തിൽ സ്ക്രീൻ പ്രിന്റിംഗ് എന്ന കലാരൂപത്തെ ആദ്യമായി ആവിഷ്കരിച്ചത് സി.എൻ.കരുണാകരനായിരുന്നു,അടിയന്തിരാവസ്ഥക്കാലത്ത്.

കെ.സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവർ പുറത്തിറക്കിയ ഇന്ന് എന്ന പ്രസിദ്ധീകരണത്തിന്റെ മുഖചിത്രമൊരുക്കിയാണ് സ്ക്രീൻപ്രിന്റിംഗ് എന്ന കല കേരളത്തിൽ പിറവി കുറിക്കുന്നത്.വ്യത്യസ്തമായ ദൃശ്യാനുഭവമായിരുന്നു, ഇന്ന്,പക്ഷെ പ്രസിദ്ധീകരണം അധികകാലം നീണ്ടുനിന്നില്ല.

പിന്നീട് സ്ക്രീൻ പ്രിന്റിംഗ് എന്ന കല കമേർസ്യലായി,  വിപുലമായി.

സ്ക്രീൻ പ്രിന്റിംഗിനെ ജനകീയമാക്കിയത് തൃശൂർ തളിക്കുളത്തെ പ്രദീപ്,എല്ലാവർക്കും പ്രദീപേട്ടൻ.പുതിയ പ്രിന്റിംഗ് കലയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി പ്രദീപ് കേരളത്തിന്റെ ശ്രദ്ധയെ തളിക്കുളത്തെ  സ്റ്റുഡിയോവിലേക്ക്  ആകർഷിച്ചു.
കോളേജ് മാഗസിനുകൾ പ്രദീപിന്റെ കവർപേജിനായി ക്യൂ നിൽക്കുന്ന  കാലമുണ്ടായിരുന്നു.നൂറുകണക്കിനാണ്  പ്രദീപ് കവർ ചെയ്ത കോളേജ് മാഗസിനുകൾ.

നാട്ടിക എസ്.എൻ.തൃശൂർ  കേരളവർമ്മ എന്നി കോളേജ് മാഗസിനുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി സ്ക്രീൻ പ്രിന്റിംഗും പ്രദീപും.
ഒട്ടേറെ പുസ്തകങ്ങൾക്കും പ്രദീപ് കവർ ചെയ്തു.

യു.പി.ജയരാജിന്റെ നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്,രാവുണ്ണിയുടെ പതിനഞ്ച് മുറിവുകൾ തുടങ്ങിയ നൂറോളം പുസ്തകങ്ങൾക്ക് പ്രദീപിന്റെ ഭാവനവിലാസത്തിന്റെ പിൻബലമുണ്ടായിരുന്നു.

എസ് എൻ കോളേജിൽ ഈ.ജെ.പ്രദീപ് എഡിറ്ററായിരുന്ന കാലത്ത് പ്രദീപ് ചെയ്ത മുഖചിത്രം കുറെക്കാലം ഒഴിയാബാധയായി മനസിൽ നിന്നതാണ്.ഒരാൾ കഴുത്തിൽ നിന്നും വേറിട്ട തന്റെ തല കൈകൊണ്ട് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ചിത്രം.

ഡി.വിനയചന്ദ്രന്റെ കനൽ എന്ന പ്രസിദ്ധീകരണത്തിനും കവർ പ്രദീപിന്റെ സ്ക്രീൻ പ്രിന്ററിൽ നിന്നും മഷിയൂർന്ന് പിറവികൊണ്ടതാണ്.

എൺപതുകളിൽ കേരളത്തിന്റെ മതിലുകളെ രാഷ്ട്രീയമായും സാംസ്കാരികമായും ഊർജ്ജസ്വലമാക്കിയ പോസ്റ്ററുകൾ ഇവിടെ നിന്നായിരുന്നു. പ്രിന്റ് ചെയ്ത മാറ്ററുകൾ തളിക്കുളത്തെ സ്റ്റുഡിയോവിന്റെ അകത്തും പുറത്തും  ഉണങ്ങാനിട്ടിരിക്കുന്നത് രസമുള്ള കാഴ്ചയാണ്.ഇത് കാണാൻ ഇടക്കിടെ അവിടെ പോകുമായിരുന്നു.സ്ക്രീൻ പ്രിന്റിംഗിൽ നിന്നുള്ള ഓരോ പിറവിയും തരുന്ന കൗതുകമുണ്ട്.

നരേന്ദ്രപ്രസാദിന്റെ സൗപർണ്ണിക എന്ന നാടകത്തിന്റെ പരത്തിയിട്ട വ്യത്യസ്തങ്ങളായ പോസ്റ്ററുകൾ  വലിയൊരു കൊളാഷായി കിടക്കുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്.
പ്രിന്റിംഗ് കണ്ടുപിടിച്ചതിനുശേഷമുള്ള അതിൽ നടന്ന ക്രിയാത്മകമായ പരീക്ഷണമായിരിക്കണം  സ്ക്രീൻ പ്രിന്റിംഗ്.
ഇതിൽ കാലിഗ്രാഫിയുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കാലിഗ്രാഫിയിൽ എന്നെ ഞെട്ടിച്ചത് തളിക്കുളത്ത് നിന്ന് തന്നെയുള്ള രണ്ടുപേരാണ്,ഇരുവരും സുഹൃത്തുക്കൾ,തളിക്കുളം സ്കൂളിലെ സഹപാഠികൾ.

  ഷൗക്കത്തും ഇ.ജെ.പ്രദീപും.ഷൗക്കത്ത് ഇന്ന് ലെൻസ്മാൻ ഷൗക്കത്താണ്.
നിരവധി പേജുകളുള്ള ഷൗക്കത്തിന്റെ അബുദാബി കത്തുകൾക്കായി ഞാൻ കാത്തിരിക്കുന്ന ഒരു കാലവുമുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ കാമറയിൽ അത്ഭുതങ്ങൾ കാണിക്കാൻ തുടങ്ങിയിരുന്നു ഷൗക്കത്ത്.

ഒ.വി.വിജയൻ,ജി.അരവിന്ദൻ,വി.കെ.ശ്രീരാമൻ,ചിന്ത രവീന്ദ്രൻ,ഇവരൊക്കെ കാലിഗ്രാഫിയിലെ ഉസ്താദുമാരാണ്,എന്നെ പ്രചോദിപ്പിച്ചവരുമാണ്.

പ്രദീപ്  ചെയ്ത ക്ഷണക്കത്തുകൾക്ക് കണക്കുണ്ടാവില്ല.പ്രിന്റ് ചെയ്ത ക്ഷണക്കത്തുകളിലെ പെയിന്റ് വലിയുന്നതും കാത്ത് നിൽക്കുന്ന കസ്റ്റമേർസിനെ  അവിടെ എപ്പോഴും കാണുമായിരുന്നു.

എൺപതുകളായിരുന്നു ഈ പ്രിൻറിംഗിന്റെ പൂക്കാലം. അക്കാലം കല്യാണക്കത്തുകൾക്ക് സ്ക്രീൻ പ്രിന്റിംഗ്  ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു.

ഒരേ താളത്തിൽ ഒരേ ഊക്കിൽ ഒരേ വേഗത്തിൽ  പ്രിന്ററിൽ ബ്രഷ് ചലിപ്പിക്കലാണ് സ്ക്രീൻ പ്രിന്റിംഗ് പ്രക്രിയയിലെ സൂക്ഷ്മതലങ്ങളിലൊന്ന്.

ഇടക്കൊക്കെ ഇത് പരീക്ഷിച്ച ഞാൻ പരാജയപ്പെട്ടിട്ടുമുണ്ട്.

ചിത്രകാരന്റെ, ശില്പിയുടെ സ്വർണ്ണപ്പണിക്കാരന്റെ, വാച്ച് റിപ്പയറുടെ ഏകാഗ്രത ഇതിൽ നിന്നും തൊട്ടറിഞ്ഞിട്ടുണ്ട്.

കുഞ്ഞുണ്ണി മാഷിന്റെ തെരഞ്ഞെടുത്ത കവിതകൾ ചിത്രസഹിതം സ്ക്രീൻ പ്രിന്റ് ചെയ്യണമെന്ന ആഗ്രഹം നിലനിർത്തിക്കൊണ്ടാണ് പ്രദീപ് തന്റെ
ജീവിതം
ആഘോഷിച്ചുകൊണ്ടിരിക്കുന്നു. വിവാഹശേഷം അനിതയും ബ്രഷ് പങ്കിട്ടുതുടങ്ങി.

നൂറു കണിക്കിന് വിദ്യാർത്ഥികൾ വലപ്പാട് പോളിടെക്നിക്കിൽ വെച്ച് പ്രദീപിന്റെ പക്കൽ നിന്ന് ഈ വിദ്യ അഭ്യസിച്ചിട്ടുണ്ട്.

സ്ക്രീൻവിദ്യ പോലെത്തന്നെ പ്രദീപിനെ ഇടക്ക് കാണുന്നതും ഒരു സുഖം.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊൻപതിലാണ്  സ്ക്രീൻ പ്രിന്റിംഗിലേക്ക് പ്രദീപിന്റെ രംഗപ്രവേശം.വഴികാട്ടിയത് സി.എൻ.കരുണാകരനും.

മണപ്പുറത്ത് ആദ്യം ഞാൻ കണ്ട ഒരു  കല സ്ക്രീൻ പ്രിന്റിംഗും ആതിന്റെ കുലപതി  പ്രദീപുമാണ്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളത്തിന്റെ സ്‌ക്രീൻ പ്രിന്റർ
കുലഗുരു പ്രദീപ് ഭായിയെ നന്നായി
പരിചയപ്പെടുത്തിയിരിക്കുന്നു


നീയുള്ളപ്പോള്‍.....