പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, February 17, 2019

എന്റെ ഉറക്കങ്ങൾ

                   


സുഹൃത്തിനെപ്പോലെ ഒഴിയാബാധയും ബോധ്യവുമായി  ഉറക്കം കൂടെയുണ്ട്. എന്തിലേക്കും  ചായാന്‍ തോന്നുന്ന  മാനസികനിലയാണത് .ഈ   ശീലം നല്ലതല്ലെന്ന് പലരും പറയുന്നു.ഉറക്കപ്രാന്തിന്റെ പേരിൽ അമ്മ   വഴക്കും വക്കാണവും ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്.ഉറക്കം തെളിയാത്ത ദിവസങ്ങളിൽ സ്കൂളിലോ കോളേജിലോ പോയിട്ടില്ല, പോകുന്നത്  ആനക്കാര്യമല്ല എന്നതും ഒരു കാരണമായി ഉറക്കത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്. മടിയുറക്കം ചിലപ്പോൾ നാളുകളിലേക്ക് നീണ്ടു പോകുകയും ചെയ്യും.   ഇന്ത്യയിലായതിനാൽ ഇത്തരം അപരിചിതസ്വഭാവങ്ങൾ  മാനസികാരോഗമായി എഴുതുകയൊ എഴുതിത്തള്ളുകയോ ചെയ്യില്ല, പ്രാന്തിന്റെ വൈവിധ്യം കൂടിയാണ് ലോകത്തിന്റെ സൗന്ദര്യം . മനുഷ്യരുടെ ആരോഗ്യം ആർക്ക് വേണം, മാനസികാരോഗ്യത്തെ രാഷ്ടീയക്കാർക്കും ഭരണകൂടത്തിനും പേടിയുമാണ്.  ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു മനുഷ്യദൈവത്തെ പറ്റി സംസാരിക്കുന്നതിനിടയിൽ യു.കെ.യിൽ മനശാസ്ത്രഞ്ജനായ മലയാളി സുഹൃത്ത് പറഞ്ഞു,അവിടെയാണെങ്കിൽ കാര്യങ്ങൾ ഇത്ര നീണ്ടു പോകില്ല, പിടിച്ചുകെട്ടി കൂട്ടിലടിച്ചേനെ.പൊതുവിൽ ഭ്രാന്തിനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ.അതുകൊണ്ടാണല്ലോ ദാരിദ്യം പങ്കുവെക്കലാണ് സോഷ്യലിസം എന്നു പറഞ്ഞ പ്രധാനമന്ത്രിയും നമുക്ക് പ്രിയങ്കരമായത്. ഒരുതരം കുറ്റബോധത്തിൽ വീഴുമെങ്കിലും   ഉറക്കത്തെ ഞാന്‍ മറ്റെന്തിനുമുപരിയായി സ്നേഹിക്കുന്നു, ഉറക്കം എന്നെ നിർവ്വചിക്കാനാവാത്തവിധം സമനിലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അകത്തും പുറത്തും ഉറഞ്ഞു തുള്ളുന്ന ഭ്രാന്തിൽ നിന്നുള്ള മോചനം കൂടിയാണത്. ഒരാൾ രാവിലെ വന്ന് എന്നോട് ചോദിക്കുന്നു, നമ്മൾ ഹിന്ദുവല്ലെ. ഞാൻ പറയുന്നു, അല്ല. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ നമ്മൾ വിശ്വാസികൾ സമ്മതിക്കുമോ. ഞാൻ പറയുന്നു, എനിക്ക് വിശ്വാസം മനുഷ്യരിൽ മാത്രം. അയാളെ അവഗണിച്ച് കഴിഞ്ഞാൽ എനിക്ക് കുറച്ചുറങ്ങണം, അയാൾ തേച്ച വിഷം പോകാൻ. കണ്ണുകളിൽ നിന്ന് വെളിച്ചം മായുന്നതോടെ ഞാൻ മറ്റൊരു ലോകത്തേക്ക് സ്വതന്ത്രനാവുന്നു.അവിടെ എനിക്ക് പ്രിയപ്പെട്ടതെല്ലാം ഉണ്ട്,യഥാര്‍ത്ഥ ജീവിതത്തിൽ സങ്കല്പിക്കാൻ പറ്റാത്തത്.കണ്ണു തുറന്നു കാണുന്നതിനേക്കാൾ മനോഹരമാകുന്നു കണ്ണടച്ചാൽ സംഭവിക്കുന്നത്.പ്രണയത്തിലേക്ക് ചായുന്നതിനേക്കാൾ ലഹരിയോടെയാണ് ഞാൻ ഉറക്കത്തിലേക്ക് വീഴുന്നത്. അവിടെ ശാന്തതയുടെ ചാരുകസേരകൾ നിരവധി. ഒരു ചായ കുടിക്കാം എന്ന് വിചാരിക്കുന്നതു പോലെ ലളിതമായി, ഒന്നുറങ്ങിക്കളയാം എന്ന് എല്ലായ്പ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നു.പൊട്ടിമുളക്കുന്നതിനു മുമ്പേയുള്ള വിത്തിന്റ മഹാനിദ്ര ഞാനെപ്പോഴും സ്വപ്നം കാണുന്നു.  അമ്മയേക്കാളും  താരാട്ടിന്റെ കരുതലിൽ  എന്നെ ഉറക്കിയിട്ടുള്ളത് യാത്രകളാണ് . എനിക്കുള്ള താരാട്ട്  യാത്രകളിൽ    ഉണര്‍ന്നിരിപ്പുണ്ട്  .ബസിന്റെ താളത്തിൽ ,ട്രെയിനിന്റെ താളത്തിൽ ഞാൻ സ്വരൂപിച്ചുണര്‍ത്തിയ സ്വപ്നങ്ങളെത്ര,സംഗീതങ്ങളെത്ര,പ്രണയങ്ങളെത്ര.  മറ്റു  യാത്രകളിലൊന്നിലും കിട്ടാത്ത താളം കെ.എസ്.അര്‍.ടി.സി ബസ് യാത്രകളിൽ  ഞാൻ അനുഭവിച്ചിട്ടുണ്ട്. കട്ടപ്പുറത്തിരിക്കുന്ന വണ്ടികളെ ആലോചിച്ച് ഞാൻ  ആശങ്കപ്പെട്ടിട്ടുണ്ട്. കര്‍ണാടക,തമിഴ്നാട് സ്റ്റാന്റുകളിൽ കേരളത്തിന്റെ സ്വന്തം ബസുകൾ കാണുമ്പോൾ എനിക്ക് കിട്ടുന്നത് കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മകളല്ല,   സ്വപ്നത്തിലേക്ക് കുടിയിരുത്തിയ  പ്രിയപ്പെട്ട സ്വരൂപങ്ങളേയാണ്.  പകൽയാത്രകളിൽ എനിക്കേറ്റവും ഇഷ്ടം സർക്കാർ ബസുകളാകുന്നു.   ഡബ്ബിൾ ബെല്ലടിച്ച് കൊണ്ടാണ് യാഥാര്‍ത്ഥ്യങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും അത് കയറിയിറങ്ങുന്നത്.  കാഴ്ചകളെ മറയ്ക്കുന്ന രാത്രിയാത്രകൾ ട്രെയിനിലായാലും തരക്കേടില്ല.എത്ര മനോഹരമായ  കാഴ്ചകളായാലും യാത്രകളിൽ ഇടക്കിടെ  ഉറങ്ങാതെ വയ്യ.തണുപ്പിൽ നിന്നും  ,കാറ്റിൽ നിന്നും  ,സംഗീതത്തിൽ നിന്നും   ,ഓര്‍മ്മകളിൽ നിന്നും  ആലസ്യത്തിലേക്ക് എറിയപ്പെടുകയാണ്,മറിച്ചും സംഭവിക്കും.   അത്യധികം മനോഹരമായ കാഴ്ചകളാണ് പുറത്തെങ്കിലും  വയനാടൻ ചുരം കയറുമ്പോൾ എത്ര ഹെയര്‍പിൻ വളവുകളുണ്ടൊ അതിലധികം തവണ ഞാനുറങ്ങിയുണരും.യാഥാര്‍ത്ഥ്യങ്ങളേയും സങ്കല്പനങ്ങളേയും ചേരുമ്പടി ചേര്‍ത്ത് പുതിയൊരു ലോകം നിർമ്മിക്കാനുള്ള അവസരം കൂടിയാവുന്നു ഈ ഉറക്കങ്ങളും ഉണര്‍ച്ചകളും സമ്മാനിക്കുന്നത്. ഉറക്കമില്ലാതെ യാത്രയില്ല, അവ ഈടുറ്റ ഉണർച്ചകൾ കൂടിയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം വയനാട്ടിലേക്കുള്ള   യാത്രയെ വഴിയിൽ ഉപേക്ഷിച്ച് കാറിൽ തൃശൂര്‍ക്ക് മടങ്ങുമ്പോൾ വഴി സംഘര്‍ഷഭരിതങ്ങളായിരുന്നു.ആക്രമോൽസുകരായ ജനങ്ങൾ റോഡ് നിറയെ. രോഷാകുലരായ മനുഷ്യർ ആളിക്കത്തുന്നു, പെയിന്റിംഗിന്റെ  ദൃശ്യചാരുതയോടെ തെരുവിനെ  തീയിടുന്നു.  വീട്ടുമനുഷ്യർ അങ്ങിനെയാണ്,വീട്ടിൽ നനഞ്ഞ പടക്കം പോലെ  ഉറഞ്ഞിരിക്കും,വീട്ടിൽ നിന്നും അകലം കിട്ടിയാൽ ഉറഞ്ഞു തുള്ളും. വീട്ടു മനുഷ്യനെതിരെ നിതാന്തജാഗ്രത വേണം.  കൂടെയുണ്ടായിരുന്ന ആകാശവാണിയിലെ പി. ബാലൻ,ഏഷ്യാനെറ്റിലെ എം.ആർ.രാജന്‍, അസലു, ശ്രീനി എന്നിവരൊക്കെ വീടെത്തുമൊ എന്ന ആശങ്കയെ ഭീതിയോടെ പെരുപ്പിക്കുകയും ആശങ്കപ്പെടുകയുമായിരുന്നു വഴി നീളെ. തിരിച്ചുവരവ് എനിക്ക് പ്രിയപ്പെട്ടതായിരുന്നില്ല ഒരിക്കലും.ഈ യാത്രയിലും ഞാനൊന്നുറങ്ങിപ്പോയി.അവർ എന്നെ വിളിച്ചുണര്‍ത്തി, കണക്കില്ലാതെ ശകാരിച്ചു.ഭയത്തിൽ കൂട്ടിരിക്കേണ്ടവർ സുഖിച്ച് ഉറങ്ങിയാലോ.  ഉറക്കത്തിനു പകരം എന്തു വെച്ചാലും അത് ഞാനെടുക്കില്ല,പ്രണയം പോലും.ഉറക്കത്തിൽ വരുന്ന ഏത് ഉണർത്തലിനേയും ഞാൻ ശത്രുപക്ഷത്ത് നിര്‍ത്തും,കുറച്ചു നേരമെങ്കിലും.ഉറക്കത്തിന്റെ ആഴങ്ങളിൽ നിന്നും തിരിച്ചുവരുന്നത് പലപ്പോഴും  സര്‍ഗ്ഗാത്മകമായ അന്തരീക്ഷത്തിലേക്കായിരിക്കും.ഉറക്കത്തിൽ നിന്നും കണ്ണുതിരുമ്മാതെ എഴുത്തിലേക്ക് കയറിയിരിക്കുന്നതിനെപ്പറ്റി മാധവിക്കുട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നു.  വായനയിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഉറക്കത്തിൽ നിന്നും കിട്ടും.വായന കൂടിയാല്‍ നിങ്ങൾ ഒരു കോപ്പിയടിക്കാരൻ മാത്രമായി ചുരുങ്ങും, അതിന്റെ ഓർമ്മ പുതുക്കൽ മാത്രമായി ജീവിതം ചുരുങ്ങും.സര്‍ഗ്ഗാത്മകതയെ തട്ടിച്ചു നോക്കാൻ മാത്രം പുസ്തകം കയ്യിലെടുക്കുക.സിനിമയുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് പ്രധാനം, ഒന്നിനേയും കാണാപാഠമാക്കരുത്.  എഴുത്തുകാരൻ അല്ലാത്തതിനാൽ ഞാൻ പാട്ടുകേട്ടോ,വായിച്ചോ,ആലോചിച്ചോ  വെറുതെയിരിക്കുന്നു.മറിച്ച് സിനിമ ചെയ്യുമ്പോഴോ മറ്റൊ ഉറക്കമില്ലാതെയുമിരിക്കും,അലാറത്തിന്റെ അമറൽ കേള്‍ക്കാതെ തന്നെ ഉണരും.  ഉറക്കത്തെ കീഴ്പ്പെടുത്തിയായിരിക്കും ആ സമയം ഉത്തരവാദിത്വങ്ങൾ മുന്നേറുക.ഉണര്‍ച്ചയോടടുത്ത  ഉറക്കമാണ് കൂടുതൽ  ഇഷ്ടം,പൈപ്പിൽ നിന്നുള്ള തുള്ളിതുള്ളിയായി വീഴുന്ന ശബ്ദം പോലും അറിയുന്ന ഉറക്കം. പതിഞ്ഞ കാലടികളാൽ  തൊടാൻ വരുന്ന പ്രണയത്തെ അറിയുന്നതു പോലെയുള്ള മയക്കം. മഴക്കാലത്തെ ഉറക്കം പോലെ ലോകത്തില്‍ മറ്റൊന്നുമില്ല.മഴയോടൊപ്പമുള്ള യാത്രകൾ,ഉറക്കമല്ല.പാതിയുറക്കത്തെ മഴ കൊണ്ടു പോകുന്നു, മറുപതിയിൽ മയക്കം. രണ്ട് കടവുകൾ തമ്മിലെ പരസ്പരമാണത്. മദ്യപിച്ചാൽ തളർന്നുറങ്ങും.ആയതിനാൽ മദ്യം എനിക്ക് ക്രിയേറ്റിവിറ്റിയോ സന്തോഷമോ അല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ആറാടാനുള്ള  അസുലഭമായ സാഹചര്യം മാത്രമാണത് .എന്നിട്ടും മദ്യപിക്കുന്നത് മാന്യനാക്കി ഒറ്റപ്പെടുത്താതിരിക്കുന്നതിനു വേണ്ടിയാണ്. ഭക്ഷണം കഴിച്ചാലും ഉറക്കം വരും.പ്രണയത്തിനൊടുവിലും ഗാഢമായ ഉറക്കം വരും.പ്രണയക്കൂടുതൽ ഉറക്കം കെടുത്തും,പ്രായക്കൂടുതലും. വേനലിൽ വിയര്‍ത്തുറങ്ങാനും മഴയിൽ തണുത്തുറങ്ങാനും ഇഷ്ടമാണ്.കാറ്റിനൊപ്പം പറന്നുറങ്ങാറുമുണ്ട്.മഴക്കൊപ്പം പെയ്തുറങ്ങാ‍റുണ്ട്. മഴകൊണ്ടുറങ്ങുന്ന തെരുവുമനുഷ്യരെ കാണുമ്പോൾ അസൂയ തോന്നാറുണ്ട്.മഴകൊണ്ടു നടക്കണമെന്ന ആഗ്രഹം പോലെ തന്നെയാണ്  മഴകൊണ്ടുറങ്ങണമെന്ന ആഗ്രഹവും.   രാത്രി ആരും കാണാതെ മഴനനഞ്ഞുനില്‍ക്കാറുമുണ്ട്.അതിന് ശേഷമുള്ള ഉറക്കത്തെ എങ്ങിനെ നിർവ്വചിക്കുമെന്നറിയില്ല,അത്രക്ക് ലഹരിദായകം, അകത്തും പുറത്തും മഴപ്രതീതി.ഭ്രാന്തെന്നു കൂകിയാലും  കുഴപ്പമില്ല .മഴയുണ്ടെങ്കിൽ പിന്നൊന്നും വേണ്ട.മഴയുണ്ടെങ്കിൽ ലോകത്തെ കൈവെള്ളയിൽ വെച്ചുറങ്ങാം. ചില സമയങ്ങളിലെ ഉണര്‍ച്ച ആത്മഹത്യാപരമാകുന്നു.  ഒരു രാത്രിയിൽ ഉറക്കമില്ലാതെ എനിക്ക് ഭ്രാന്തായി, മനസ് കീഴ്മേൽ മറിഞ്ഞു.ആരെയെങ്കിലും ഒന്നു തൊട്ട് അസ്വസ്ഥത തേച്ചുമാച്ചു കളയാന്‍ പറ്റാത്ത പാതിരാ സമയം.ശബ്ദങ്ങളെ മാത്രമല്ല സ്വാഭാവികമായ എല്ലാറ്റിനേയും നിയന്ത്രിക്കുന്ന കുറഞ്ഞ നിലവാരത്തിലുള്ള വീടായിരുന്നു അത്.  പുറത്തേക്കിറങ്ങിയാൽ ഗൃഹനാഥൻ ഉല്‍കണ്ഠയോടെ വലിയ ടോര്‍ച്ചെടുത്ത്   മുറി തുറന്നുവരും.താനറിയാതെ ആ വീട്ടിൽ ഒന്നും സംഭവിക്കരുതെന്ന് തീരുമാനിച്ച പിച്ചമനസിന്റെ ഉടമ.എന്റെ മനോനില അയാളോടു വിവരിക്കാനും പറ്റില്ല. അടച്ചിട്ട മുറിയിൽ ഞാൻ വെരുകിനെപ്പോലെ വെപ്രാളപ്പെട്ടു. ഒരു തരത്തിലും മനസിനെ ശാന്തമാക്കാന്‍ പറ്റുന്നില്ല. തല കിടക്കയിൽ പൂഴ്ത്തി നോക്കി,നിലത്തിഴഞ്ഞു,തലയിൽ വെള്ളമൊഴിച്ചു,ഇഷ്ടമുള്ളവരെ,ഇഷ്ടമുള്ളതിനെ ഓര്‍ത്തുനോക്കി.....  മുഴുഭ്രാന്തിലേക്ക് ഞാന്‍ വീഴുന്നതു പോലെ, സ്വയംഹത്യയിലേക്ക് മനസ്സ് നീങ്ങുന്നത് പോലെ...  ചാനലിലെ എഡിറ്റിംഗ് പണിയിൽ ഭ്രാന്തുപിടിച്ച അവൾ അപ്പോളാണ് വിളിക്കുന്നത്.അതവളുടെ സ്ഥിരം പരിപാടിയാണ് പാതിരാത്രിവരെ ജോലി ചെയ്ത് തല തരിക്കുമ്പോൾ സുഹൃത്തുക്കളിൽ  ആരെയെങ്കിലും വിളിച്ച് തെറിവിളിക്കുക. ആയതിനാൽ പാതിരാത്രിയിൽ ഒരു തെറിവിളി ഞങ്ങൾ സുഹൃത്തുക്കൾ എപ്പോളും പ്രതീക്ഷിക്കുന്നുണ്ട്, നിങ്ങൾ അങ്ങിനെ ഉറങ്ങി സുഖിക്കേണ്ട എന്നൊരു ടോണിൽ.    എന്നെയും അന്ന് വിളിച്ചു ടൺ ഭാരമുള്ള തെറികൾ  .സ്നേഹം പശ്ചാത്തലമാക്കിയ ആ ഒറ്റത്തെറിയിൾ ഞാൻ പെട്ടെന്ന് നോർമൽ ആയി.പിന്നെ നല്ല ഉറക്കമായിരുന്നു.ആ ഉറക്കത്തില്‍ നിന്നും  ഞാന്‍ പ്രണയത്തിലേക്കാണ് ഉണര്‍ന്നത്, മറുപുറത്ത് അവളായിരുന്നില്ല. ഉണര്‍ന്നാൽ ഉഷാറാവാൻ  അടുപ്പമുള്ള എന്തെങ്കിലും വേണം,പ്രണയമാണെങ്കിൽ കൂടുതൽ രുചികരം. ഒന്നും കിട്ടിയില്ലെങ്കിൽ  വീണ്ടും ഉറങ്ങും, മറ്റൊന്നിലേക്ക് ഉണരാൻ വേണ്ടി,പ്രണയ സൂര്യൻ ഉദിക്കുന്നതുവരെ.  മറ്റുള്ളവരുടെ വീട്ടിൽ ഉറക്കം കിട്ടാത്തവരുണ്ട്,സ്വന്തം വീട്ടിൽ ഉറക്കം വരാത്തവരുണ്ട്. നല്ല വീടുകൾ തരുന്നത് നല്ല ഉറക്കമാകുന്നു,നല്ല സൌഹൃദങ്ങൾ തരുന്നതും മറ്റൊന്നല്ല.ഈയിടെ തളിക്കുളത്തെ  മധുവിന്റെ വീട്ടിൽ പോയിരുന്നു.ഓടിട്ട പഴയ വീടായിരുന്നു അത്.ചിതൽ കേറി വീട്ടുകാരെ ഉറക്കം കെടുത്തുന്ന വീട്. ഈര്‍പ്പം മണക്കുന്ന ഇത്തരം വീടുകൾ  അമ്മമാരെ ഓര്‍മിപ്പിക്കും.അത് പൊളിച്ചുമാറ്റുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവിടെ ഉറങ്ങണമെന്ന് മധുവിനെ ഓര്‍മ്മിപ്പിച്ചു.അത്രക്ക് സുഖകരമായിരുന്നു ആ വീട്ടിലെ രാത്രിയുറക്കം, ഉറക്കത്തിനുവേണ്ടി ഏതറ്റവും വരെ പോകാനും തയ്യാർ.   ഉറങ്ങാൻ തോന്നുമ്പോൾ അത് വേണ്ടെന്നുവെക്കരുതെന്ന് തിരൂർ പ്രകൃതിജീവനകേന്ദ്രത്തിലെ  ഡോ:രാധാകൃഷ്ണന്‍ പറയും.നിയമസഭയിലായാലും കോടതിയിലായാലും പെണ്ണുകാണുന്നതിനിടയിലായാലും അത് ചെയ്യണം.തൃശൂർ റൌണ്ടിലൂടെ ഞാനും ശില്പി രാജനും ഒരിക്കൽ നടക്കുകയായിരുന്നു.അലുക്കാസിന മുന്നിൽ ഞങ്ങളുടെ സുഹൃത്ത് കൃഷ്ണൻ അഴുക്കുചാലിലേക്ക് തലവെച്ച് കിടക്കുന്നു.ഞാനും ശില്പിയും മുഖത്തോടുമുഖം നോക്കി,എന്തു ചെയ്യണമെന്ന്.ശില്പി പറഞ്ഞു,അവന്‍ വിശ്രമിച്ചോട്ടെ,നമുക്ക് പോകാം. സുഹൃത്തിനെ വിട്ടു പോന്നതിന് ശില്പിയെ ഞാന്‍ കുറ്റം പറഞ്ഞു.ഇപ്പോൾ  അറിയുന്നു,എന്തിനൊരാളെ ഒരു കാരണവുമില്ലാതെ ഉറക്കത്തിൽ നിന്നുണര്‍ത്തണം.    ഞങ്ങളുടെ പ്രിയ സുഹൃത്ത് കോഴിക്കോട്ടേ ശശി നല്ലൊരു സംഘാടകനും നല്ല കൂര്‍ക്കം വലിക്കാരനുമായിരുന്നു.മുംബൈയിൽ  ഫിലിം ഫെസ്റ്റിവലിന് ഞങ്ങൾ ഒരു മുറിയിൽ തിങ്ങിനിറഞ്ഞു താമസിക്കുകയായിരുന്നു.ശശിയുടെ കൂര്‍ക്കം വലി ഞങ്ങളെ മാത്രമല്ല ആ ലോഡ്ജിലെ മറ്റു മുറിയിലുള്ളവരേയും ഉറക്കിയില്ല.സമാനതകളില്ല ആ കൂര്‍ക്കംവലിക്ക്. രാവിലെ നോക്കുമ്പോൾ ശശി കൂര്‍ക്കംവലിയൊന്നുമില്ലാതെ ശാന്തമായി ഉറങ്ങുന്നു. സിനിമക്ക് പോകാൻ എല്ലാവരും തിടുക്കപ്പെടുകയാണ്, ശില്പി പറഞ്ഞു, ശശിയ ഉണര്‍ത്തേണ്ട, വിശ്രമിച്ചോട്ടെ....   ഉറക്കം ഒരു മഹാപാതകം പോലെയാണ് സാധാരണ മനുഷ്യരും അതിനേക്കാൾ സാധാരണക്കാരായ  മാദ്ധ്യമപ്രവര്‍ത്തകരും  കാണുന്നത്.അല്ലെങ്കിൽ പൊതുവേദിയിലേയും നിയമസഭയിലേയും ഉറക്കം അവർ ഫോട്ടോ ആക്കില്ലല്ലോ.ആ വിശ്രാന്തിയെ   സാമാന്യബോധമുള്ള മനുഷ്യർ അഭിവാദ്യം  ചെയ്യുകയാണ് ചെയ്യേണ്ടത്.സദാ ഉണർന്നിരിക്കുന്നവരെ ശ്രദ്ധിക്കണം,അവർ അപകടകാരികളാണ്,ഹിറ്റ്ലർ അങ്ങിനെയായിരുന്നു.  എന്റെ പുസ്തകം ‘മാര്‍ജാരന്‍’ എങ്ങിനെയുണ്ട് എന്നു ചോദ്യത്തിന്   വടുക്കുഞ്ചേരിയിലെ  സുജ പറഞ്ഞത് വായന തീര്‍ന്നില്ല, പുസ്ത്കം കയ്യിലെടുത്താൽ എവിടെയുമില്ലാത്ത ഉറക്കം വന്ന് പുണരുമെന്ന്. ഉറക്കം സമ്മാനിക്കുന്ന പുസ്തകം നല്ല പുസ്തകം, നല്ല ഉണർച്ച അവരെ കാത്തിരിക്കുന്നു.   അസ്വസ്ഥമാക്കുന്ന പുസ്തകത്തേക്കാൾ ഉറക്കുന്ന പുസ്ത്കമാണ് നല്ലത്.എന്നെ പുസ്ത്കം കൊണ്ടു പോകുന്നത് ഭാവനകളിലേക്കാണ്.അത് പിന്നീട് മയക്കവും ഉറക്കവുമാകും.ആയതിനാൽ ഒരു പുസ്ത്കവും ഒറ്റയടിക്ക് അവസാനിപ്പിക്കുക ഒരിക്കലും പറ്റാത്ത കാര്യവുമാണ്.  ഒരു പുസ്തകം ഒറ്റയടിക്ക് വായിച്ചു തീർക്കുന്നവർ സ്വന്തം നിലയിൽ ഭാവനാ രഹിതരാണ്.  ഒറ്റയടിക്ക് വായിച്ച   പുസ്തകങ്ങളിൽ ഓര്‍മ്മ വരുന്നത് ‘ക്ളാന്റസ്റ്റൈൻ  ഇന്‍ ചിലി’ ആണ്, മാര്‍ക്വേസിന്റെ ചെറിയ പുസ്തകം. ഒരിക്കൽ ഞാനും ഇമബാബുവുമൊത്ത്  കല്ലിന്റെ ജന്മാന്തരങ്ങൾ എന്ന ഡോക്യൂമെന്ററിക്ക് വേണ്ടി പടങ്ങൾ എടുക്കാൻ തഞ്ചാവൂരിലേക്ക് പോയി.രാത്രി ട്രെയിനിൽ വാഷ് റൂം ഭാഗത്ത് ഞങ്ങൾ പരസ്പരം തലയിണയാക്കി ഉറങ്ങി തഞ്ചാവൂരിൽ ഉണരുകയായിരുന്നു. നല്ല ക്ഷീണം നല്ല കിടക്കയാവുന്നു. വണ്ടിയോടിക്കുമ്പോളും ഞാന്‍ ഉറങ്ങാ‍റുണ്ടായിരുന്നു.ചില ഓര്‍മ്മകൾ,ചില ചിന്തകൾ ലഹരി പിടിപ്പിക്കുമ്പോൾ  മയക്കവും കൂടെ വരും.  അപകടം മണത്ത വാടാനപ്പിള്ളിയിൽ കട നടത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ പറഞ്ഞു,നിന്റെ ലൈസന്‍സ് ക്യാൻസൽ ചെയ്തിരിക്കുന്നു.അതിൽ പിന്നെ ടൂവീലർ അധികം ഓടിച്ചിട്ടില്ല.  ലോകത്ത് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് ഡ്രൈവര്‍മാരോടാണ്.നമ്മൾ ഉറങ്ങിയും ഉണര്‍ന്നും അലസവും വിലസവുമായി യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ അനുഭവിക്കുന്ന ഏകാന്തത എന്നെ അലട്ടാറുണ്ട്.രാത്രിയാത്രകളിൽ യാത്രക്കാരുടെ ഉറക്കങ്ങളുമായി വളയം പിടിക്കുമ്പോൾ ശവവണ്ടി ഓടിക്കുന്നതു പോലെയാണ് തോന്നുക.  ഉറക്കം വമ്പിച്ച സ്വകാര്യതയാകുന്നു. കള്ളയുറക്കം നല്ല അഭിനയം വേണ്ട ഒന്നാണ്.വിവാഹം കഴിച്ചവർക്ക് ഇതിൽ പ്രത്യേക പ്രാഗത്ഭ്യം നേടാറുണ്ട്. വിവാഹം പലതിന്റേയും പരിശീലനക്കളരിയാണ്. കിടക്കുമ്പോൾ കാലാട്ടികൊണ്ടിരിക്കുന്നതിനാൽ ഉറക്കത്തിലും ഞാൻ കാലാട്ടിക്കൊണ്ടിരിക്കുന്നു.ഇത് തെറ്റിദ്ധാരണകൾ പരത്തും.പക്ഷെ ആരെയും ബോധ്യപ്പെടുത്തേണ്ടാത്തതാണ് എന്റെ ഉറക്കങ്ങൾ. എന്താ ഇത്ര നേരത്തെ,എത്ര നേരമായി ഈയുറക്കം,പകലുറങ്ങാന്‍ നാണമില്ലെ,വാതിൽ തുറന്നിട്ടാണൊ കിടപ്പ് എന്നിങ്ങനെ ഉറക്കം കെടുത്തുന്ന വര്‍ത്തമാനങ്ങൾ പറയാന്‍ ഞാൻ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ല.  രാത്രി വളരെ വൈകി മദ്യപിച്ചും ചര്‍ച്ച ചെയ്തും ഉറക്കത്തിലേക്ക് വീഴുമ്പോൽ ഉറക്കത്തിലും ചര്‍ച്ച തുടരുന്ന ചിലരുണ്ട്.അതിലൊരാൾ ശില്പി രാജനാണ്.നേരെ ചൊവ്വേ ഭാര്യയോടു പറയാന്‍ കഴിയാത്ത കാര്യങ്ങൾ ഉറക്കത്തില്‍ കയർത്ത് സംസരിച്ച് തീര്‍ക്കുന്നവരുമുണ്ട്,അതിലൊരാൾ ഞങ്ങളുടെ പ്രേമേട്ടനാണ്. ഞങ്ങൾ ഇത് പ്രേമേട്ടനോടും ശില്പിയോടും  നേരിട്ടു പറഞ്ഞ് അവരുടെ ഉറക്കം കെടുത്തിയിട്ടില്ല.  എഴുത്ത് പോലെ വമ്പിച്ച സ്വകാര്യതയാണ് ഉറക്കവും അനുഭവിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പയ്യന്നൂരിലെ ഒരുള്‍നാടൻ ഗ്രാമത്തില്‍ തെയ്യം കാണാന്‍ പാതിരാത്രിയിൽ പോയി.തോണി കയറിയും പാലം കടന്നും കുറെ ദൂരങ്ങൾ.തെയ്യം കഴിഞ്ഞ്  തെങ്ങിൻ തോപ്പിൽ അടിച്ചു പൂസായി കിടന്നുറങ്ങി.രാവിലെ എഴുന്നേല്‍ക്കുമ്പോൾ അമ്പരപ്പിക്കുന്ന പ്രകൃതിദൃശ്യത്തിലേക്കാണ് ഞങ്ങൾ ഉണര്‍ന്നത്.തെയ്യത്തേക്കാളും ഭംഗിയുള്ള കാഴ്ച അത് തന്നു.ഉറക്കവും ഉണർച്ചയും വ്യത്യസ്ത കാഴ്ചകളാകുന്നു,അതും പലസ്ഥലത്താവുമ്പോൾ. ഒരു ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാനും കെ.ആർ. മോഹനേട്ടനും പ്രിയനന്ദനനും  കെ.ജി.ജയനും കൃഷ്ണകുമാറുമൊക്കെ പയ്യന്നൂരിലെ ഒരു ബാർ ഹോട്ടലിൽ താമസിച്ചു. അന്നേരം പുറത്ത് സംഘര്‍ഷമുണ്ടായി.ഞങ്ങളുടെ മുറിയുടെ ജനല്‍ച്ചില്ലുകൾ കല്ലേറിൽ തകര്‍ന്നു വീണു കൊണ്ടിരുന്നു.കുറച്ച് നേരം പുറത്തെ തെരുവുവിളക്കിന്റെ പശ്ചാത്തലത്തില്‍ ചില്ലുകൾ പൊട്ടിത്തകരുന്നതിന്റെ ഭംഗി നോക്കി ഞാൻ നിന്നു.പിന്നെ കട്ടിലിന്റെ താഴേക്ക് ഊര്‍ന്നു പോയി   പാതികെട്ട ബോധത്തോടെ നിലംപറ്റി.പിറ്റെ ദിവസമാണ് ഞാനറിയുന്നത് മോഹനേട്ടനും കൂട്ടരുമൊക്കെ അകത്തളത്തിൽ ഇരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. ഉറക്കമൊഴച്ച് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനേക്കാളും ഉറങ്ങി അതിനെ നേര്‍പ്പിക്കുകല്ലെ നല്ലത്.  അകത്തെ സംഘര്‍ഷത്തേയും പുറത്തെ സംഘര്‍ഷത്തേയും വേർതിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം.  ശ്വാസം തടഞ്ഞ് ഞെട്ടി ഉറക്കമുണരുമ്പോൾ ഒരു നിമിഷത്തേക്ക് മരണം മണക്കും. മലർന്ന് കിടപ്പ് തുടർന്നാൽ ശ്വാസം തിരികെ വരില്ല, ഒന്ന് ചെരിഞ്ഞു കിടന്നാൽ ശ്വാസ സഞ്ചാരം സ്വാഭാവികമാവുകയും ചെയ്യും.  മരണവും ജീവിതവും തമ്മിലെ ഈയൊറ്റ നിമിഷത്തിലെ നേർക്കുനേർ ഈയിടെയായി ഉറക്കത്തിന്നിടയിൽ അനുഭവിക്കുന്ന മറ്റൊരു ലഹരിയാണ്.  നിശാവിശാലതയിൽ നീണ്ടുനിവര്‍ന്നു കിടക്കുമ്പോൾ ചില അസ്വസ്ഥ രാത്രികളിൽ കൈവിരൽ തുമ്പത്ത്  അവളുടെ തണുപ്പ് കിട്ടിയെങ്കിലെന്ന് വിചാരിക്കാറുണ്ട്,നിമിഷനേരത്തേക്കെങ്കിലും. ഉണ്ട് എന്നതിനേക്കാൾ ഇല്ല എന്ന അറിവ് തരുന്ന ആഹ്ളാദം ചേറുതല്ല. ആയതിനാൽ മറ്റെന്തിനേക്കാളും ഉറക്കത്തിലേക്കാണ് എന്റെ ചെരിവ്.  ❤

മണിലാൽ  

1 comment:

Cv Thankappan said...

ഉറക്കവിശേഷങ്ങൾ നന്നായി
ആശംസകൾ


നീയുള്ളപ്പോള്‍.....