പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, February 28, 2019

ഇറാനി കഫേ









  ✳ഇറാനി കഫെ

മണിലാൽ✳



ഭൂമിയിലെ സ്നേഹം പിടിച്ചു നിര്‍ത്താന്‍ പാടുപെടുന്നൊരു സ്ഥലമുണ്ട് ഊട്ടിയില്‍ .അതിന്റെ പേരാണ് മുകളില്‍ പറഞ്ഞത്, ഇറാനി കഫെ. കറുത്ത കുതിരയില്‍ കയറുന്ന വെള്ളച്ചികൾ,വെളുത്ത കുതിരയില്‍ കയറി മസിലു വീര്‍പ്പിക്കുന്ന കറുപ്പന്മാര്‍,ബോട്ട് ഹൌസും ബോട്ടാണിക്കല്‍ ഗാര്‍ഡനും കണ്ട് ഊട്ടിയുടെ അകം കാണാതെ പോകുന്ന ടൂറിസ്റ്റുകള്‍, നീണ്ടക്യൂവിന്റെ സുരക്ഷിതങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിര്‍ത്തി സ്വന്തം ഉല്ലാസങ്ങളിലേക്ക് പോകുന്ന മാഷന്മാരും ടീച്ചറത്തികളും,യാത്രികരെ ഇറക്കി വിട്ട് ഫസ്റ്റ് എയിഡ് ബോക്സില്‍ നിന്നും കുപ്പികള്‍ പുറത്തെടുക്കുന്ന ഡ്രൈവറന്മാർ,ടൂറിസ്റ്റുകളെ പറന്നു കൊത്തി കുടല്‍ പുറത്തെടുക്കുന്ന ഓട്ടോറിക്ഷകള്‍,മുറുകിപ്പൊട്ടാറായവരെ പിന്‍പറ്റി വേണൊ എന്നന്വേഷിക്കുന്ന പിമ്പുകള്‍..... ഈ ബഹളത്തില്‍നിന്നൊക്കെ ഒഴിഞ്ഞുമാറി ഇറാനി കഫെ. ഇവിടെ വാക്കും നോട്ടവും സ്നേഹമാണ്.ചായയും കാപ്പിയും സ്നേഹമാണ്.ജോലിക്കാരും വരുന്നവരും സ്നേഹമാണ്.ഭക്ഷണം നിറയെ അതാണ്. പഴമ മണക്കുന്ന ഇരിപ്പിടവും ഭഷണം വിളമ്പുന്ന മേശയും ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും     ചുറ്റും ഒരുക്കിയ കാഴ്ചകളും സ്നേഹമാണ്. ഇവിടെ ഒരു വലിയ ചരിത്രമുറങ്ങുന്നു,ഉറങ്ങുകയല്ല വര്‍ത്തമാനത്തിലേക്ക് പടരുകയാണ്. മനുഷ്യരെ ഒരേ ഭാവത്തോടെ സ്വീകരിക്കുന്ന ഒരിടം.എല്ലാം ശരിയെന്നുറപ്പുവരുത്തിക്കൊണ്ട് കൗണ്ടറിലെ ഉയരം കൂടിയ കസേരയില്‍ സ്വസ്ഥതയോടെ ഇരിക്കുന്ന  കവാരി എന്ന ഇറാനി വനിത. തൊള്ളായിരത്തി അമ്പത്തിമൂന്നില്‍ അവരുടെ അച്ഛന്‍ സ്ഥാപിച്ചതാണ് ഈ കഫെ.ഭര്‍ത്താവിന്റെ മരണശേഷമാണ് അവര്‍ ഈ കസേരയില്‍ ഉറച്ചത്.കട നടത്തുന്ന കവാരിയുടേയും ജോലിക്കാരുടേയും ശ്രദ്ധിക്കുന്നതിൽ മാത്രം. പണപ്പെട്ടി നിറക്കലിന് പ്രഥമ പരിഗണന നല്‍കുന്ന ലോകം കഫേക്ക്  പുറത്താണ് . ഇവിടെ  എല്ലാം സാവധാനമാണ്.സപ്ലെ ചെയ്യുന്നവർ അറുപത് പിന്നിട്ടവര്‍. കവാരിയുടെ ഇരിപ്പിടത്തിന് പിറകില്‍ പഴയ മാതൃകയില്‍ പണി കഴിപ്പിച്ച അലമാരകളാണ്.അതിന് പൂട്ടും താക്കോലും ഉണ്ട്.കടയില്‍ വരുന്നവര്‍ കാപ്പി,ചായ ആവശ്യപ്പെടുന്നതനുസരിച്ച് അടുക്കളയില്‍ നിന്നും ചുടുവെള്ളവും തിളപ്പിച്ച പാലുമായി സപ്ലയര്‍മാര്‍ കൌണ്ടറിനു മുന്നില്‍ വന്നു നില്‍ക്കുന്നു.വലിയ സീറ്റില്‍ നിന്നിറങ്ങി താക്കോല്‍ എടുത്ത് അലമാര തുറന്ന് കവാരി കാപ്പിപ്പൊടി ചായപ്പൊടി,പഞ്ചസാര ശ്രദ്ധയോടെ പുറത്തെടുത്ത് കപ്പിലേക്കിട്ടു കൊടുക്കുന്നു.വീണ്ടും കാപ്പിപ്പൊടി ചായപ്പൊടി പഞ്ചസാര    അലമാരയുടെ സുരക്ഷിതത്വത്തിലേക്ക്  തിരികെ വെക്കുന്നു.  വൃത്തി ഇവിടെ ദൈവങ്ങളെപ്പോലെയാണ്,തൂണിലും തുരുമ്പിലും. തിങ്ങിയ കോടയില്‍ നിന്നും തലയൂരി ഞങ്ങള്‍ കഫേയില്‍ കടക്കുമ്പോള്‍ സ്തീപുരുഷസംഘങ്ങള്‍ ലിംഗവ്യത്യാസത്തിന്റെ മറക്കുടപിടിക്കാതെ മനസ്സ് തുറന്ന് സുഗന്ധം പൊഴിക്കുകയായിരുന്നു അവിടെ.  തിരക്കില്ലത്തവരുടെ ഗുഹയാണ് ഇറാനി കഫെ.ഭക്ഷണം പാതിവഴിയില്‍ മതിയാക്കി ചാടിപ്പോകുന്നവരും ഭക്ഷണത്തിനു വേണ്ടി തിരക്കു കൂട്ടുന്നവരും ഇവിടെ കാണില്ല.ഭക്ഷണം വരുന്ന വഴിയും പോകുന്ന വഴിയും നമ്മളറിയും. ഞങ്ങള്‍ അസ്ലം,അജിത്,ടോജോ,ജോഷി  ചിത്രാങ്കിത മേശക്കിരുവശമിരുന്ന് ഇറാനി കഫെ അന്തരീക്ഷത്തെ കുറെ നേരം അനുഭവിച്ചു,കവാരി പകര്‍ന്ന കോഫിയും ചായയും പലഹാരങ്ങളും ആസ്വദിച്ചു. പോരുമ്പോള്‍ കഹാരി ബഹായി മതത്തെ പരിചയപ്പെടുത്തുന്ന ലഘുരേഖ ഞങ്ങള്‍ക്ക് തന്നു.അവിടെ നമ്മള്‍ അനുഭവിക്കുന്നതു മതത്തെ.പരസ്പരവിശ്വാസത്തിന്റേതായ ഒരു ആദർശത്തെ,മതനിരപേക്ഷമായ ഒരു തത്വത്തെ. എസ് യു സി ഐ ക്കാരെ പോലെ ആദര്‍ശത്തിന്റെ കാര്യത്തില്‍ ഒരടി പിന്നോട്ടും മുന്നോട്ടും ഇല്ല എന്ന കര്‍ക്കശ നിലപാടുള്ളവരാണ് ഈ ബഹായികള്‍ . കോച്ചുന്ന തണുപ്പിലും സ്വസ്ഥതയും ഊര്‍ജ്ജവുമുള്ള മനുഷ്യരുണ്ടെന്നതിന്‍ തെളിവായി ഇറാനി കഫെ. ഒരു ജാതി ഒരു മതം ഒരു സമൂഹം എന്ന ദര്‍ശനമുയര്‍ത്തിയ ബാഹുള്ള എന്ന ഇറാന്‍ പ്രവാചകന്റെ അനുയായികളാണ് കവാരിയും കുടുംബവും.ദര്‍ശനത്തില്‍ നമ്മുടെ ശ്രീനാരായണഗുരുവിന്റെ ഗണത്തില്‍ വരും ഈ ബാഹുള്ള.ജാതി മതം വര്‍ണ്ണം വംശം ഭാഷ ലിംഗം എന്നിവക്കുമേലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രയത്നിച്ച ബാഹുള്ളയെ പ്രകീര്‍ത്തിക്കുന്ന വചനങ്ങളും ചിത്രങ്ങളും സാഹിത്യവും ഇവിടെ കാണാന്‍ കഴിയും. പുരുഷന്മാരെപ്പോലെ തന്നെ സ്തീകളും മനുഷ്യരാണെന്നും വാടകെക്കെടുത്തതോ ബാക്കി വന്നതോ ആയ നട്ടെല്ലുകൊണ്ടല്ല സ്തീകളെ സൃഷ്ടിച്ചതെന്നും ഈ മതം ഊട്ടിയുറപ്പിക്കുന്നു,ഈ വിശ്വാസത്തിന്റെ ഉറച്ച കാവല്‍ക്കാരിയായി കവാരി. വിളമ്പുന്ന ഭഷണത്തില്‍ കൂടി മനുഷ്യനെ ഒന്നിപ്പിക്കാന്‍ കഴിയുമോ എന്നതാണ് ഇറാനി കഫെ അന്വേഷിക്കുന്നത് .ബഹായ് വിശ്വസത്തിലൂന്നിക്കൊണ്ടാണ്  ഓരോ ചലനവും. മതം സമാധാനത്തിലേക്കും വികാസത്തിലേക്കുമുള്ള പാതയാണെന്ന്   ബഹായ് മതം പറഞ്ഞുറപ്പിക്കുന്നു. അതിലേക്കുള്ള ഒരു വഴി മാത്രം ഇറാനി കഫെയും കവാരിയും. തൃശൂര്‍ റൌണ്ടിലെ ഇന്ത്യന്‍ കോഫീ ഹൌസിൽ കവാടത്തിന് ഇടതു വശത്തെ എട്ട് പത്ത് കസേരകളില്‍ വൈകീട്ട് അഞ്ചുമണി മുതല്‍ കളിച്ച് രസിക്കുന്ന പ്രായമേറിയവരുടെ സൌഹൃദത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഊട്ടി മാർക്കറ്റിനടുത്തുള്ള ഈ കഫേ.




✳മണിലാൽ




2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ജാതി ഒരു മതം ഒരു സമൂഹം എന്ന ദര്‍ശനമുയര്‍ത്തിയ ബാഹുള്ള എന്ന ഇറാന്‍ പ്രവാചകന്റെ അനുയായികളാണ് കവാരിയും കുടുംബവും.ദര്‍ശനത്തില്‍ നമ്മുടെ ശ്രീനാരായണഗുരുവിന്റെ ഗണത്തില്‍ വരും ഈ ബാഹുള്ള.ജാതി മതം വര്‍ണ്ണം വംശം ഭാഷ ലിംഗം എന്നിവക്കുമേലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രയത്നിച്ച ബാഹുള്ളയെ പ്രകീര്‍ത്തിക്കുന്ന വചനങ്ങളും ചിത്രങ്ങളും സാഹിത്യവും ഇവിടെ കാണാന്‍ കഴിയും. പുരുഷന്മാരെപ്പോലെ തന്നെ സ്തീകളും മനുഷ്യരാണെന്നും വാടകെക്കെടുത്തതോ ബാക്കി വന്നതോ ആയ നട്ടെല്ലുകൊണ്ടല്ല സ്തീകളെ സൃഷ്ടിച്ചതെന്നും ഈ മതം വിശ്വസിക്കുന്നു...

Cv Thankappan said...

നല്ല വിവരണം
ആശംസകൾ


നീയുള്ളപ്പോള്‍.....