പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, February 1, 2021

അമ്മ
അനുഭവമാല...
(അമ്മയനുഭവം)

🥒🥒🥒🥒🥒🥒

 😍*_മണിലാൽ_*

ഞാനും അമ്മയും കീരിയും പാമ്പും പോലെയായിരുന്നു.അത് സ്വാഭാവികവുമായിരുന്നില്ല ഞങ്ങൾ രണ്ടുപേർക്കും.എനിക്ക് രണ്ടുജീവികളിൽ ഒന്നാകണമായിരുന്നു,എന്റെ ദുർനടപ്പിന്.അമ്മക്ക് അമ്മയുമാവണമായിരുന്നു. ഇരുദിശകളിലും രണ്ടുപേരും ശരിയുമായിരുന്നു.

ബാഗും തൂക്കി ഞാൻ പുറത്തിറങ്ങുമ്പോൾ അമ്മ ചോദിക്കും,എവിടേക്കാടാ,ഞാൻ നിസാരമായി ഞാൻ  പറയും,കൽക്കത്തക്ക്.

ഇങ്ങനെയൊരു മകനെ സഹിക്കാൻ ഒരമ്മക്കും എളുപ്പമായിരിക്കില്ല.വീട്ടിൽ നിന്നിറങ്ങാനും വീട്ടിലേക്ക് പോകാനും എനിക്ക് നല്ല മെയ് വഴക്കങ്ങൾ വേണമായിരുന്നു ,ഒരു കാരണവുമില്ലാത്ത യാത്രകളായിരുന്നു,അമ്മക്കതെല്ലാം. കോളേജിനുശേഷമുള്ള ദീർഘസഞ്ചാരങ്ങൾ സിനിമക്കുവേണ്ടിയായിരുന്നു.അന്നൊക്കെ ഫിലിംഫെസ്റ്റിവലുകൾ  പലദേശങ്ങളിലായിരുന്നു,സ്ഥിരം വേദിയില്ലാത്ത കാലം.സ്ഥിരം വേദികൾ എല്ലാവരേയും ബോറഡിപ്പിക്കുന്ന ഒന്നുമാണ്.യാത്രയുടെ സാദ്ധ്യതകൾ ആദ്യം തൂറന്നുതന്നത് ഫിലിം ഫെസ്റ്റിവലുകൾ,സിനിമക്ക് വേണ്ടിയുള്ള യാത്ര,സിനിമയിലൂടെയുള്ള യാത്ര.

മാതൃഭാവമാണ് അടിസ്ഥാന വികാരമെങ്കിലും ഉരുക്കിന്റെ ധാർഷ്ട്യം അമ്മയുടെ  ജീവിതത്തിലുണ്ടായിരുന്നു,ആരേയുംകൂസാതെയുള്ള ഒരു ജീവിതം.തോരാത്ത പ്രതിസന്ധികളിൽ നിന്നും നേരിട്ട .തിക്താനുഭവങ്ങളിൽ നിന്നും കിട്ടിയതാണത്.അടുത്ത വീട്ടിലെ പയ്യൻ മരത്തിൽ തൂങ്ങിമരിച്ച രാത്രി  മരണം പേടിച്ച് ഞാൻ പോലും മാറിനിന്നപ്പോൾ അമ്മ ചെയ്തത് നേരെ പോയി മരണത്തിലേക്ക് ടോർച്ചടിച്ച് അതിനെ സധൈര്യം സ്വീകരിക്കുകയായിരുന്നു.അമ്മയുടെ ഈ താന്തോന്നിത്തം നാട്ടിൽ വലിയ വർത്തമാനമായിരുന്നു,മയപ്പെടുത്തിയാണെങ്കിലും അക്കഥ പലരും എന്നോടും പറയുകയുണ്ടായി.വർഷങ്ങൾക്കുശേഷം കുറസോവയുടെ ആത്മകഥ വായിച്ചപ്പോൾ തോന്നി അമ്മയാണ് ശരി എന്ന്.എന്നെപ്പോലെ ഒളിച്ചോട്ടമല്ല ശരിയെന്നും.യുദ്ധാവശിഷ്ടങ്ങൾ കാണാൻ സഹോദരനോപ്പം പോയ കുറസോവ ദുരന്തം നോക്കാനാവാതെ തിരിഞ്ഞുനിന്നു,സഹോദരൻ പറഞ്ഞു,ഒന്നിനും പുറംതിരിഞ്ഞുനിൽക്കരുത്, അഭിമുഖീകരിക്കൂ,എല്ലാം പിന്നെ അനായാസമാകും.കുറസോവയെ ഏറ്റവും സ്വാധീനിച്ചതായിരുന്നു  സഹോദരന്റെ വാക്കുകൾ.

ദാരിദ്ര്യം ഏകാന്തത  അരക്ഷിതത്വം,എല്ലാറ്റിനേയും അഭിമുഖീകരിച്ചു വളർന്നവളായിരുന്നു എന്റെ അമ്മ. മരങ്ങൾക്ക് വാർഷികവളയമെന്ന പോൽ അത് കരുത്തായി രൂപാന്തരപ്പെട്ടു,ഒന്നിലും ആരേയും കൂസാതെ,ആശ്രയിക്കാതെ.

ആയതിനാൽ എന്റെ ജീവിതം സ്വാതന്ത്ര്യം നിറഞ്ഞതായി.കറന്റ് ബിൽ,ടെലഫോൺ ബിൽ,റേഷൻ കട,പലചരക്ക്,മീൻ മാർക്കറ്റ്,പാൽ വിതരണം,കശുവണ്ടി പെറുക്കൽ ഒക്കെ അമ്മ നേരിട്ടുതന്നെ ചെയ്തുകൊണ്ടിരുന്നു.ഇരുപത് കിലോമീറ്റർ അകലെയുള്ള ആലപ്പാട് പുള്ളിലെ കോൾപ്പാടത്തേക്കുപോലും അപകടം പറ്റി അല്പം മുടന്തുള്ള കാലുമായി അമ്മ നിരന്തരം പോയിക്കൊണ്ടിരുന്നു.കൊയ്ത്തിനുമാത്രം ഞാൻ പോകുമായിരുന്നു. ലോറിക്കു മുകളിലെ കറ്റനിറച്ച ഉയരങ്ങളിൽ  കൊയ്ത്തുകാർക്കൊപ്പം ഇരുന്നുള്ള സഞ്ചാരവും എനിക്ക് ഇഷ്ടമായിരുന്നു.സ്കൂളിൽ പോക്കും അമ്മ ചെയ്തിരുന്നെങ്കിൽ,മടി  എന്ന കൂട്ടുകാരൻ അങ്ങിനേയും  ആഗ്രഹിച്ചുപോയിട്ടുണ്ട്.

തോരാത്ത മഴയിൽ വീടില്ലാതെ  അമ്മയും മൂന്നുമക്കളും അന്തംവിട്ടുനിന്നതും ആടിയുലഞ്ഞ വള്ളത്തിൽ ഞാനും ചേട്ടനും കൂടി കാനോലിക്കനാലിലൂടെ കറ്റനിറച്ച വഞ്ചി തുഴഞ്ഞതും എന്റെ ജീവിതത്തിലെ ഒഴിച്ചുനിർത്താനാവാത്ത വിഷ്വലുകൾ ആവുന്നത് അമ്മ അതിലെ നായികയായതുകൊണ്ടാണ്.അമ്മക്കൊപ്പം ഞങ്ങളും ചുഴിയിലകപ്പെടാതെ തുഴയുകയായിരുന്നു. രാത്രിയിൽ തുള്ളിക്കളിച്ച വലിയ മീനുകൾ കെട്ടിയിട്ട വഞ്ചിയിലേക്ക് മലക്കം മറിഞ്ഞ് ഞങ്ങളുടെ കറിച്ചട്ടിയെ സമൃദ്ധമാക്കിയതും ഒരു വലിയ കാര്യമായി ഓർമ്മയുടെ ശേഖരത്തിലുണ്ട്.

പോകെപ്പോകെ അമ്മ ഒരു തീരുമാനത്തിലെത്തി,എന്നെ വെറുതെ വിടുക. അമ്മയുടെ ആരോഗ്യവും കരുത്തും ധാർഷ്ട്യവുമായിരിക്കാം അതിനുകാരണം.ഇവന്റെ കാലൊന്ന് ഒടിഞ്ഞുകിട്ടിയെങ്കിൽ കുറച്ചുനാൾ വീട്ടിൽ കിട്ടിയേനെ എന്ന് പറഞ്ഞതും ഈ അമ്മയാണ്.

ആരോഗ്യം കുറഞ്ഞുവന്ന കാലത്താണ്  മകനായി ഞാൻ അമ്മയിലേക്ക് തിരികെയെത്തുന്നത്.

നിന്നെയൊന്ന് കാണാൻ എന്ന് ഒറ്റവാക്ക് മൊബൈലിൽ കേൾക്കേണ്ട  താമസം ഞാൻ ' വാടാനപ്പള്ളിയിലേക്ക് ഓടിയെത്തുമായിരുന്നു.മതിലും വേലിയുമില്ലാത്ത വിശാലവിസ്തൃതിയിലേക്ക് നിഴലും രൂപങ്ങളും  മറിയുന്നതും നോക്കിയിരുന്ന കണ്ണുകൾ തിളക്കം വെക്കുന്നതും അതിൽ കുറച്ച് കണ്ണീരുകലരുന്നതും ഞാൻ അനുഭവിച്ചിട്ടുണ്ട്,അത്  ഒരു കാമുകിയിലും ഞാൻ ശ്രദ്ധിച്ചിട്ടില്ല..

വീട് വിടാനുള്ളത് എന്ന സങ്കല്പത്തിൽ മുറുകെപ്പിടിച്ച് എന്നും വീടുവിട്ടുപോവാൻ ആഗ്രഹിച്ചവൻ അമ്മ കിടപ്പായപ്പോൾ  വീട്ടുപക്ഷിയായി.

നഴ്സിംഗിനെ ലോകത്തെ ഏറ്റവും വലിയ സംഭവമായി കാണുന്നതും ഇക്കാലത്ത്.അറിയാതെ അമ്മയുടെ വയറ്റിൽ നിന്നും പോയ ഒരു ദിവസം.ഞാനത് തുടച്ചുകളയുകയായിരുന്നു,അല്പം മടിയോടെ.ഞാൻ പറഞ്ഞു,ഞാൻ എന്താ ചെയ്യുന്നതെന്ന് അമ്മ അറിയുന്നുണ്ടൊ.

അമ്മ പറഞ്ഞു ,ഞാനും കുറെ നിന്റെ കോരിയതല്ലെ.ആ നിമിഷം പമ്പ കടന്നു എന്റെ മടിയും അറപ്പും വെറുപ്പുമൊക്കെ,പിന്നെ എല്ലാം സ്നേഹമായിരുന്നു.

അമ്മ ഓർമ്മകളിൽ നിന്നും പിൻ വാങ്ങിയപ്പോൾ ഞാൻ ആ ശരീരത്തിന് ഏറെക്കുറെ ഒരു കാവൽക്കാരനെപ്പോലെ നിന്നു.ആ ശരീരത്തിലെ ഓരോ ചലനങ്ങളും ഞാൻ ശ്രദ്ധിച്ചുകോണ്ടിരുന്നു,അമ്മ  കുട്ടിയെ എന്നപോലെ.എത്ര പെട്ടെന്നാണ് എല്ലാം തലകീഴായി മറിയുന്നത് .

ഇവിടെ വളരുകയല്ല,തളർന്നുതളർന്നു പോകുകയാണ്,തിരികെ കിട്ടാത്തവിധം..പെട്ടെന്നാണത് ഞാൻ ശ്രദ്ധിച്ചത്.അമ്മ കൈകൾ ഉയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു,തലയുയർത്താനുംപെടാപ്പാടു പെടുന്നു.അമ്മക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നതുപോലെ എനിക്ക്  തോന്നി.ഞാൻ ക്ഷമയോടെ  ശ്രദ്ധയോടെ കാത്തിരുന്നു,ശരീരത്തിൽ തൊട്ടിരുന്നു.അമ്മയെ ആകെ നിരീക്ഷണത്തിലാക്കി.ഒടുവിൽ അമ്മയുടെ അസ്വസ്ഥതക്ക് കാരണവും കണ്ടെത്തി,ഞാൻ കരഞ്ഞുപോയ നിമിഷമായിരുന്നു അത്.മനുഷ്യൻ നിസാരനും  നിസഹായനുമാവുന്ന നിമിഷത്തെ ഞാനും  അമ്മക്കൊപ്പം അന്നനുഭവിച്ചു.

ആരുടേയും കാഴ്ചയിൽ പെടാൻ സാദ്ധ്യതയില്ലാത്ത അത്രക്ക് കുഞ്ഞനുറുമ്പുകൾ വരിവരിയായി  അമ്മയുടെ കണ്ണിലൂടെ സഞ്ചരിച്ചുകോണ്ടിരിക്കുന്നു,കണ്ണിലൂടെ തെളിനീർ ഒഴുകുന്നുമുണ്ടായിരുന്നു.മരണത്തിനും ജീവനുമിടക്കുള്ള അതിർവരമ്പുകൾ ശാന്തതയുടേതാണെന്നും എനിക്ക് മനസിലായി.ആരോഗ്യമുള്ളവർക്കു മാത്രമേ അലോപ്പതി മരുന്ന് കൊടുക്കാവൂ എന്ന അനുഭവവും അമ്മ തന്നു.വേദനയാൽ  അസ്വസ്ഥയായ അമ്മക്ക് ശാന്തമായ മരണം ഹോമിയോ ഡോക്ടറായ സുഹൃത്ത് ദിപു ഉറപ്പുതന്നു.ശാന്തവും സൗന്ദര്യവും നിറഞ്ഞ മരണവഴികളിൽ കാഴ്ച മറയും വരെ ഞാനും കൂട്ടിരുന്നു.

കാഴ്ചകളെ സൂക്ഷ്മമാക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്,കലയിൽ മാത്രമല്ല മനുഷ്യത്വത്തിലും. അമ്മയിലൂടെ ഞാൻ നഴ്സിംഗിന്റെ ബാലപാഠവും അറിഞ്ഞു, അമ്മയിലൂടെ  പലതുമറഞ്ഞിരുന്നു,പരസ്പരമറിയുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നുള്ള പ്രണയപാഠമായിരുന്നു അത്.കാലങ്ങളിലൂടെയുള്ള ജീവിതസഞ്ചാരങ്ങളിൽ  ഞാൻ തൊടുന്നതും അതാണ്.

❤ *മണിലാൽ*

(കൈരളി ബുക്സ് പുറത്തിറക്കിയ ' എന്റെ സ്ത്രീ ' എന്ന പുസ്തകത്തിൽ
നിന്ന്.)

നീയുള്ളപ്പോള്‍.....