പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, March 25, 2010

കേരളവര്‍മ്മ കോളേജിലെ ചുമരുകള്‍


ഭാഗം 1
കോളേജിനു പിന്നാമ്പുറത്തെ ഊട്ടി എന്ന് വിളിക്കുന്ന ഹരിതംഭംഗി അതേപടി.

വാ‍ര്‍ഷികവളയങ്ങള്‍ മരങ്ങളെ കൂടുതല്‍ പ്രൌഢമാക്കി മാറ്റിയിരിക്കുന്നു.

ഊഞ്ഞാലാടാന്‍ പാകത്തില്‍ ഉണ്ടായിരുന്ന വള്ളിപ്പടര്‍പ്പുകള്‍ കരുത്തിന്റെ ധാര്‍ഷ്ട്യത്തോടെ കാറ്റിലും ഇളകാന്‍ മടിച്ചുനില്‍ക്കുന്നു.

ഓഡിറ്റോറിയത്തിന്റെ പിറകില്‍ കമിതാക്കള്‍(ശുഷ്കമാണെങ്കിലും) ആരേയും ശ്രദ്ധിക്കാതെ.

താടിയും ചിരിയുമായി തമ്പിമാഷ് പഴയതുപോലെ .

അലസമീ ജീവിതമെന്നുല്‍ഘോഷിച്ച് വിനോദ്ചന്ദ്രന്‍ പതിവു പോലെ.അദ്ധ്യാപകനായിട്ടും സതീശന്‍ മാഷ് കുട്ടിക്കവിതകളില്‍ തന്നെ.

മഞ്ഞക്കിളികളും മലയാളം ഡീപ്പാര്‍ട്ട്മെന്റും കൈകോര്‍ത്ത് പഴയപടി.

പഴയ രാമേട്ടന്റെ സ്ഥാനത്ത് ആധുനികമായ കാന്റീന്‍.

കാന്റിനിനു മുന്നില്‍ കാമ്പസിന്റെ പുതിയ കവിത ശ്രീദേവി,തൃപ്രയാറില്‍ നിന്നാണ്.

മരത്തറകള്‍ക്കും അവിടുത്തെ ഇരിപ്പുകള്‍ക്കും യൌവ്വനത്തുടര്‍ച്ച.

കാമ്പസില്‍ സൌഹൃദമായി നിറഞ്ഞാടിയ കെ.ആര്‍.ബീനയെപ്പോലെയുള്ളവരെ ഇന്ന് കണ്ടുമുട്ടില്ല.

“എത്ര മുറിവുകള്‍ വേണം
ഒരു മരണമാകാന്‍,
എത്ര മരണങ്ങള്‍ വേണം
ഒരു ജീവിതമാകാന്‍ ”

എന്ന് ചോദിച്ച എഴുത്തിലെ ഒറ്റയാന്‍ മേതില്‍ ഇനിയുമുണ്ടാവണമെങ്കില്‍ കാമ്പസ് എത്ര കാത്തിരിക്കണം.
കാമ്പസില്‍ കാളവണ്ടിയില്‍ വന്നിറങ്ങുന്ന താടി ഡേവിസിന്റെ കാലവുമല്ല ഇത്.പഠിപ്പിലും രാഷ്ട്രീയചിന്തയിലും ഒന്നാമതെത്തിയ നീലനെപ്പോലെയുള്ളവരും ചുരുക്കം.
അടവ് പിഴച്ചതും അല്ലാത്തതുമായ പുത്തന്‍ വണ്ടികള്‍ കാമ്പസ് നിറഞ്ഞ് അതിന്റെ വിസ്തൃതികളെ ചുരുക്കിയിരിക്കുന്നു.

തണലിലും നില്പിലും ഹൃദയസംവേദനങ്ങള്‍ തൊട്ടു തലോടിയും.

കൊമ്പന്‍ മീശയും അതുയര്‍ത്തുന്ന ഭീതിയെ തുരത്തുന്ന ചുണ്ടിലെ സൌമ്യതയും ചേര്‍ന്ന് വിദ്യാര്‍ത്ഥിള്‍ക്ക് പ്രിയനായിരുന്ന പി.കെ.ടി മാഷുടെ സ്മരണ പുതുക്കുന്ന സന്ദര്‍ഭത്തിലേക്കാണ് വര്‍ഷങ്ങള്‍ക്കുശേഷം കേരളവര്‍മ്മയിലെത്തുന്നത്.പികെടിയുടെ മകള്‍ ലണ്ടനില്‍ നൃത്താദ്ധ്യാപികയും സോഷ്യല്‍ വര്‍ക്കറുമായ ശ്രീകല വിളിച്ചു പറഞ്ഞിരുന്നു ഇക്കാര്യം.ശ്രീകല നൃത്തം വെച്ച കാമ്പസാണിത്.

ഹാളിലേക്ക് കയറുമ്പോള്‍ ശ്രദ്ധിച്ചത് ചുമരിലെ എഴുത്തിലേക്കാണ്.
ഹാളിനടുത്ത ക്ലാസ്സ് റൂമിന്റെ പുറത്തെ ചുമരില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു.
“ഓരോ ചുമരും ഓരോ ചിത്രത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ”

ഒരു സമൂഹത്തിന്റെ മനസ്സാണ് ഓരോ ചുമരും മതിലുകളും വെളിപ്പെടുത്തുന്നത്. ഫ്ലക്സുകള്‍ ഇപ്പോള്‍ ആ സ്ഥാനത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.ഫ്ലക്സുകള്‍ നോക്കിയാല്‍ കേരളത്തിന്റെ നിലവാരം എന്താണെന്ന് ഉറപ്പിക്കാം,നിലവാരത്തകര്‍ച്ചകളും.എല്‍.ഐ.സി.ഏജന്റുമാര്‍ മുതല്‍ പത്മശ്രീ അവാര്‍ഡ് ജേതാക്കള്‍ വരെ സ്വന്തം ഫ്ലക്സില്‍ നോക്കി രതിമൂര്‍ച്ഛ അനുഭവിക്കുന്നത് കേരളത്തിലെ പുതിയ കാഴ്ചകളാണ്.


25 വര്‍ഷങ്ങള്‍ക്കു ശേഷം കേരളവര്‍മ്മയില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും കാണുക, പുതുതായി കിട്ടുക എന്നൊക്കെ ഉല്‍കണ്ഠയുണ്ടായിരുന്നു. ഈ ഒറ്റ ചുമര്‍സാഹിത്യത്തില്‍ ഞാന്‍ കാമ്പസ് വസന്തത്തിന്റെ നിത്യത കണ്ടു.മാറുന്നത് കാമ്പസ് വിടുന്നവര്‍ മാത്രമാണ്,മാറ്റമില്ലാതെ തുടരുന്നത് കാമ്പസും.
സെമിനാറില്‍ പങ്കെടുത്ത ഇ.രാജന്‍ മാസ്റ്റരും,ചുമതലക്കാരനായ വിനോദ് ചന്ദ്രനും ലളിതടീച്ചറും പി.കെ.ടിയുടെ ബന്ധുവായ ഡോ:സര്‍വ്വോത്തമനും മുഖ്യാതിഥിയായ എം.ജി.എസ്.നാരായണനും കേരളവര്‍മ്മയിലെ കാലങ്ങളെ ഓര്‍മ്മിച്ചു,പികെടിയിലെ മനുഷ്യസ്നേഹത്തെ പുതു തലമുറയ്ക്കായി അവതരിപ്പിച്ചു.മലയാളികള്‍ ചരിത്രരചനയില്‍ വിമുഖരാണെന്ന് എം.ജി.എസ്.സമര്‍ത്ഥിച്ചു.കേരളവര്‍മ്മയുടെ മനസ്സ് വര്‍ത്തമാനത്തിന്റെതാണ്.എന്നും കാലങ്ങളെ പുതുമയോടെ സ്വീകരിക്കുന്നത്.അകവും പുറവും നവീനമായ വരകള്‍ കൊണ്ടും ചിത്രം കൊണ്ടും നിറക്കുന്നത്.


എല്‍.പി,യു.പി,ഹൈസ്കൂളുകളിലെ സൌഹൃദങ്ങള്‍ ഗാഢമാണെന്നായിരുന്നു,അന്നൊക്കെ വിശ്വസിച്ചിരുന്നത്.പക്ഷെ പൊടി മീശ വളര്‍ന്നുതുടങ്ങിയപ്പോള്‍ യൌവ്വനത്തിലേക്ക് വിരിഞ്ഞ പെണ്‍കുട്ടികളൊക്കെയുമായി ചങ്ങാത്തം തുടങ്ങിയപ്പോള്‍ പഴയ എല്‍കേജി ചിന്തകളെല്ലാം കടലെടുത്തു.നാടകം,കവിത,സൌഹൃദമൊക്കെയായി കേരളവര്‍മ്മ ജീവിതത്തില്‍ നിറഞ്ഞു.കേരളവര്‍മ്മയിലെ വര്‍ത്തമാനം എപ്പോഴും പഴമക്കാരെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കും.പ്രത്യേകിച്ചും വിദ്യാര്‍ത്ഥി നേതാക്കളെക്കുറിച്ച്,പിന്നീടുള്ള അവരുടെ വളര്‍ച്ചയെക്കുറിച്ച്.പിന്നെ പ്രകമ്പനം കൊള്ളിച്ച പെണ്‍കുട്ടികളെക്കുറിച്ച്,ബുദ്ധിയുള്ള അദ്ധ്യാപകരെക്കുറിച്ച്,കവിതയുള്ള ജീവിതത്തെക്കുറിച്ച്.കേരളവര്‍മ്മയില്‍ പഠിച്ചു എന്ന ഒറ്റക്കാരണത്താല്‍ മുന്മുറക്കാരും പിന്മുറക്കാരും നമ്മുടെ സൌഹൃദത്തില്‍ വരുന്നു പിന്നീടുള്ള കാലങ്ങളില്‍.


ഭാഗം 2


ഭാരതീയ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന സുധാകരന്‍ മാഷോട് ലോക സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനക്കാര്‍ക്ക് സ്വാഭാവികമായും ചെറിയൊരു വിരോധം.അങ്ങിനെയിരിക്കെ ഒരു ദിവസം തന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്നും വടിവൊത്ത റിബേറ്റ് ഖദര്‍ മൂണ്ടും ഷര്‍ട്ടും കാണാതായ വിവരം മാഷ് അറിയുന്നു,അതും കോളേജില്‍ പോകാന്‍ തേച്ചുമിനുക്കിവെച്ചത്.പോയതുപോകട്ടെ എന്നും വിചരിച്ച് ഉള്ള തുണിയെടുത്ത് ചുറ്റി കോളേജില്‍ ചെല്ലുമ്പോള്‍ കണ്ട കാഴ്ച മാഷെ അത്ഭുതപ്പെടുത്തി.തന്റെ ഷര്‍ട്ടും മുണ്ടുമിട്ട് അന്നത്തെ അഭ്യന്തരമന്ത്രിയായ വയലാര്‍ രവി കോളേജില്‍ നില്‍ക്കുന്നു.അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.എവിടെയോ ഉള്ള വിദ്യാര്‍ത്ഥികളെ അന്നത്തെ കോണ്‍ഗ്രസ്സ് പോലീസ് എന്തോ കാരണത്താല്‍ തല്ലിയതിലോ തലോടിയതിലോ പ്രതിഷേധിച്ച് കത്തിക്കാനുള്ള മന്ത്രിയുടെ കോലം ഉണ്ടാക്കാന്‍ സൂപ്പന്റെ നേതൃത്വത്തില്‍ മാഷുടെ റൂമില്‍ നിന്നും ചൂണ്ടിയതായിരുന്നു ആ വസ്ത്രങ്ങള്‍.ഒരു വെടിക്ക് രണ്ടു പക്ഷി.(കോണ്‍ഗ്രസ്സും,ബിജെപിയും)


ഭാഗം 3


ഇനി സൂപ്പന്‍ പറഞ്ഞ കഥ.ബ്രാക്കറ്റിലെങ്കിലും തന്റെ സ്വന്തം പേരിടണമെന്ന് സൂപ്പന്‍ പറഞ്ഞതു പ്രകാരം അതു ചെയ്യുന്നു.(സൂരേഷ്)
കുരിശിന്റെ വഴി നിരോധിച്ച കാലം.1987.ശ്രീ കേരളവര്‍മ്മയിലെ സഖാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.എന്തെങ്കിലും ചെയ്തേപറ്റൂ.അങ്ങിനെ നാ‍ടകം ചെയ്യാന്‍ തീരുമാനമായി.അന്നു നാടകമായിരുന്നു പുരോഗമനം.(കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാറും ലോണ്‍ തിരിച്ചടക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുമൊക്കെ നാടകം കളി(പ്പി)ക്കുന്ന കാലമായിരുന്നു.)പക്ഷെ പ്രിന്‍സിപ്പള്‍ അനുമതി നല്‍കിയില്ല.നാടകമെന്നാല്‍ പേപ്പട്ടിയെപ്പോലെ പേടിക്കുന്നൊരു കാലമായിരുന്നു അത്.(രൂപതയും എണ്ണിയാലൊതുങ്ങാ‍ത്ത ആട്ടിന്‍ പറ്റങ്ങളും കൊലവിളിയുമായി ചെന്നായ്ക്കളെ തിരഞ്ഞ കാലം.)പി.എം.ആന്റണിയാണ് ഈ ഭൂതത്തെ കുടത്തില്‍ നിന്നും ഇറക്കിവിട്ടത്.മതാത്തിനൊരു വികാരമുണ്ടെന്നും അത് വൃണപ്പെടുത്തുന്ന ഒരുതരം വഹകള്‍ സമൂഹത്തില്‍ ഉണ്ടെന്നുമുള്ള സന്ദേഹം കേരളത്തിന്റെ ഇടവകകളില്‍ പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്.ആയതിനാല്‍ എവിടെയും നാടകമെന്നു കേട്ടാല്‍ അധികാരികള്‍ അതിനെ മുളയിലെ നുള്ളും.കാരണം അത്രക്ക് വലിയ വോട്ട് ബാങ്കാണ് കൃസ്ത്യന്‍ വര്‍ഗ്ഗത്തില്‍പെട്ട ആട്ടിന്‍ പറ്റങ്ങള്‍.പോരാത്തതിന് അജബാലപാലകനായ കെ.കരുണാകരന്‍ മുഖ്യമന്ത്രിയും.കേരളവര്‍മ്മയിലും പ്രിന്‍സിപ്പല്‍ നാടകത്തെ നിരോധിച്ചു.
അങ്ങിനെയിരിക്കെയാ‍ണ് ചൊല്ലിയാട്ടം എന്നൊരു കലാരൂ‍പത്തെക്കുറിച്ച് യൂണിയന്‍ ഭരിക്കുന്ന സഖാക്കള്‍ക്ക് അറിവുകിട്ടുന്നത്.അതിന്റെ ഉപജ്ഞാതാവും പ്രയോക്താവും സുരാസു എന്നൊരു അരാജകവാദിയും മനുഷ്യസ്നേഹിയുമാണ് എന്നും കണ്ടു പിടിക്കപ്പെട്ടു.സ്റ്റേജില്‍ ഒറ്റക്ക് നിന്ന് കവിതയും പാട്ടും പ്രസംഗവുമൊക്കെയായി അരങ്ങു തകര്‍ക്കുന്നൊരു രാഷ്ടീയ കലാപരിപാടിയായിരുന്നു അത്.കേരളത്തിലതൊരു പുതിയ തരംഗമായി മാറിയ സമയമായിരുന്നു അത്.പള്ളീലൊക്കെ നടത്താറുള്ള ഒരു കലാപരിപാടിയാണെന്നാ പ്രിന്‍സിപ്പ്ലിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയത്.ഒരു കള്ളിയിലും ഒതുക്കാന്‍ കഴിയാത്ത സുരാസുവിനെ എങ്ങിനെയും അവതരിപ്പിക്കാവുന്നതുമാണ്.
എഴുത്തിന് ചുമരുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതാംബയുടെ മക്കളുമായി സഖാക്കള്‍ ഉരസല്‍ നടക്കുന്ന സമയമായിരുന്നു അത്.ഏത് നിമിഷവും പരസ്പരം ആക്രമിക്കാവുന്ന അവസ്ഥ.വടിവാള്‍,ഉറുമി,കത്തി,പട്ടിക,കരിങ്കല്ല്,ചിരട്ട(എന്തിനാണെന്നറിയില്ല)തുടങ്ങിയ ആയുധങ്ങള്‍ ഇരുവശത്തും ശേഖരിക്കപ്പെട്ടു.ഇങ്ങിനെ ഒരു സംഘര്‍ഷാവസ്ഥയിലാണ് ചൊല്ലിയാട്ടം നടക്കുന്നത്.ഉച്ചക്കുള്ള ഇടനേരത്താണ് പരിപാടി പ്ലാന്‍ ചെയ്തത്.സുരാസുവും സന്തത സഹചാരി അമ്മുവേടത്തിയും എത്തുന്നു.പരിപാടിക്ക് സുരാസു തയ്യാറെടുക്കുന്നു.


പരിപാടി തുടങ്ങുന്നതിനുമുമ്പ് അമ്മുവേടത്തി നമ്മുടെ സഖാവ് സൂപ്പന്റെ കാതില്‍ അടക്കം പറയുന്നു,ആവേശം മൂത്താല്‍ ആശാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടും!
സൂപ്പന് ആകാംക്ഷ,അങ്കലാപ്പ്.എവിടേക്കായിരിക്കും ഓടുക.പാമ്പ് ഓടിയാല്‍ മാളം വാരെ,സുരാസു ഓടിയാല്‍..........ഒരെത്തും പിടിയുമില്ല.
എവിടെക്ക് പോകുമെന്ന് പറയാന്‍ പറ്റില്ലെന്ന് അമ്മുവേടത്തി.

അമ്മമ്മോ.......സൂപ്പന്‍ തലയില്‍ കൈവെച്ചു.
എവിടേക്കോടിയാലും പിന്നാലെ ചെന്ന് പിടീച്ചു കൊണ്ടുവരേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമെന്ന് അമ്മുവേടത്തി തീര്‍ത്തു പറഞ്ഞു.പുതിയ ഉത്തരവാദിത്വമോര്‍ത്ത് അരാജകവാദിയായ സൂപ്പന്‍ നിന്നു വിയര്‍ത്തു.ഇതുകണ്ട്,സൂര്യാഘാതമെന്നോ മറ്റൊ പെണ്‍കുട്ടികളടക്കം അടക്കം പറഞ്ഞു.
നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........


ചൊല്ലിയാട്ടം കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതു തന്നെ സംഭവിച്ചു.
സുരാ‍സു ഇറങ്ങിയോടി.
ഒരു നിമിഷം പകച്ചുനിന്ന സൂപ്പനും പിറകെയോടി.ചില വിദ്യാര്‍ത്ഥികള്‍ ഗേറ്റുവരെ ഓടി അവരെ അനുഗമിച്ചു,തിരിച്ചു പോന്നു.ചിലര്‍ അന്തം വിട്ടു നിന്നു.ഇങ്ങിനെയൊരു കലാപരിപാടി ആദ്യമാണ്.ഓടിപ്പോയവരുടെ തിരിച്ചു വരവ് എങ്ങിനെയെന്ന് കാണാന്‍ കുറെ പേര്‍ അവിടെത്തന്നെ നിന്നു.

ഗേറ്റും കടന്നും ഓടിയ സുരാസുവിനൊപ്പമെത്താന്‍ സൂപ്പന്‍ കിണഞ്ഞു ശ്രമിച്ചു.സുരാസു കുതിക്കുകയാണ്.ഉടുത്തത് കാവി ആയതിനാല്‍ ഓട്ടത്തിനൊരു അദ്ധ്യാത്മകപരിവേഷവുമുണ്ട്.ആ പരിവേഷത്തിനു പിറകെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ വെച്ചു പിടിക്കുന്നതില്‍ ഒരു പന്തികേടുമുണ്ട്.ഓടുന്നതിനിടയിലാണ് സൂപ്പന്റെ അരയില്‍ ചുറ്റിയ ഉറുമി നിലത്തുവീഴുന്നത്,ഉയര്‍ന്ന ശബ്ദത്തോടെ.
ശബ്ദത്തോടെ ഉറുമി വീണതു കേട്ട സുരാസു ഒന്നു തിരിഞ്ഞു നോക്കുകയും മാരകായുധം കണ്ട് ഓട്ടത്തിന്റെ വേഗത കൂട്ടുകയും ചെയ്തു.കളി കാര്യമാവുകയാണെന്ന് സുരാസു ഓര്‍ത്തിട്ടുണ്ടാവണം.അഴിഞ്ഞുപോയ ഉറുമി വീണ്ടും അരയില്‍ ചുറ്റണമെങ്കില്‍ വലിയ പാടാണ്,ചേകവനൊന്നുമല്ലല്ലോ സൂപ്പന്‍.അത് കാനയിലേക്ക് വലിച്ചെറിഞ്ഞ് സൂപ്പന്‍ ഓട്ടം തുടര്‍ന്നു. കുന്നംകുളം റൂട്ടിലെ കേരളവര്‍മ്മ ബസ് സ്റ്റോപ്പില്‍ സുരാസു തളര്‍ന്നിരിക്കുന്നതു വരെ സൂപ്പന്‍ പിന്തുടര്‍ന്നു.


ഒരു വിധത്തില്‍ സുരാസുവിനെ ഓട്ടോയില്‍ കയറ്റി കോളേജിലേക്ക് തിരിച്ചു പോരുമ്പോള്‍ അതാ വരുന്നു ആയുധങ്ങളുമായി ഒരു സംഘം സഖാക്കള്‍.കാവിധാരിയായ സുരാസുവിന് പിന്നാലെയുള്ള സൂപ്പന്റെ ഓട്ടം കോളെജിനു ചുറ്റും പാ‍ത്തും പതുങ്ങിയും ഇരുന്ന സഖാക്കളെ തെറ്റിദ്ധരിപ്പിച്ചതാണ്.
ഇതിനിടയില്‍ കാവിയുടുത്ത ഒരാളെ സൂപ്പന്‍ ഓടിക്കുന്നത് കണ്ട് മറ്റേ സംഘവും ആയുധങ്ങളുമായി സംഘടിക്കുന്നുണ്ടായിരുന്നു.


ചൊല്ലിയാട്ടം ചീറ്റിപ്പോയെങ്കിലും വലിയ സംഘര്‍ഷം ഒഴിവായി എന്നതു മാത്രമാണ് സംഗതികളുടെ ബാക്കി പത്രം.സൂപ്പനാണെങ്കില്‍ ഒരു വിപ്ലവം നടന്ന പോലത്തെ ഒരനുഭവവും. എല്ലാ തരം വിപ്ലവങ്ങളെയും സ്നേഹിച്ചിരുന്നു സൂപ്പന്‍.
ഇവിടെ കാര്യങ്ങളുടെ പോക്കത്ര ശരിയല്ലാത്തതിനാല്‍ സൂപ്പന്‍ വിപ്ലവ ചൈനയിലെ ഹോങ്കോങ്ങില്‍ കുടുംബജീ‍വിതം തകര്‍ക്കുകയാണിപ്പോള്‍.

19 comments:

മണിലാല്‍ said...

നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........

ചൊല്ലിയാട്ടം കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
സുരാ‍സു ഇറങ്ങിയോടി.

മണിലാല്‍ said...

“എത്ര മുറിവുകള്‍ വേണം ഒരു മരണമാകാന്‍,എത്ര മരണങ്ങള്‍ വേണം ഒരു ജീവിതമാകാന്‍ ”


എന്ന് ചോദിച്ച മേതിലിന്റെയും കാലമല്ല.

വേണു venu said...

ചുമർ ചിത്രങ്ങൾ മൌനമായി സംവേദിക്കുന്നുണ്ട്.
ഭാഷയും ഇഷ്ടമായി.

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നത്തെ ഊട്ടി പറമ്പിലേയും ചുറ്റുവട്ടത്തേയും ചരിത്രങ്ങളുടെ സത്യാന്വേഷങ്ങലൂടെ നേർചിത്രങ്ങൾ ശരിക്കും വരച്ചുകാട്ടിയിരിക്കുന്നു മണിലാൽ..
പഴയ പല വിപ്ലവകാരികളും ഇപ്പോൾ വിപ്ലവാരിഷ്ട്ടവും കഴിച്ച് ദൂരങ്ങളിൽ പോയി രാപ്പാർക്കുകയും ചെയ്യുന്നൂ...

ശ്രീനാഥന്‍ said...

കേരളവര്‍മയിലൂടെ ഞാന്‍ എന്റെ പഴയ കാമ്പസ് കണ്ടു. നന്ദി

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ കുറച്ച് നാളായി ഈ വഴിക്ക് വരാറില്ല.
കൃതി വായിച്ചു, ഇടക്കുള്ള കവിതകളും.നന്നായിരിക്കുന്നു.
++ എന്റെ ഒരു ബ്ലോഗ് നോവല്‍ എഡിറ്റ് ചെയ്ത് കിട്ടാന്‍ എന്താ വഴി. പിന്നീട് പുസ്തകമായി പ്രകാശനം ചെയ്യാനും അഗ്രഹമുണ്ട്.
സഹായിക്കാമോ?
+++ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞതല്ലാതെ വന്നില്ല. പൂരത്തിന് കൂടാമല്ലോ?
അതിന് മുന്‍പ് ഞാന്‍ ചോദിച്ചതിന് മറുപടി വേണം.
ഫോണില്‍ കൂടി പറഞ്ഞാലും മതി.

abhayam suresh said...

Manilalea....,
As usual good language and narrative skill.
Few add ons :-
Sudhakaran mashudea kader juba konde kollam undakiyadhu namudea Shilpi Rajan ayirunu.

Surasu :- I didn't run inside the collage campus, I was only walking up to the gate, cause if I ran inside the campus, then it could have end up in a big fight.
"Cholliyatam" was a great success as Surasu ran in the End, only thing we both were tired for nothing.

Billathypatanem :- Here "viplavarishtem" not available, so compromising with Vodka & Whisky..:)

ഹേനാ രാഹുല്‍ said...

നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........

riyaz ahamed said...

പഴയ വിപ്ലവകാരികളെ വെറുതെ വിടൂ ബിലാത്തിപ്പട്ടണം. അവർ അന്നെങ്കിലും അങ്ങനെയായിരുന്നല്ലോ. "നമ്മളോ"?

Anonymous said...

ആ ദിനം ഇപ്പോഴും സ്മരണയില്‍...
ரொம்ப தேங்க்ஸ் மணிலால்!

Madhu

മണിലാല്‍ said...

അഭയം എന്ന പേരില്‍ മുകളില്‍ കമന്റിയ ആളാണ് ഈ കഥയിലെ കഥാപാത്രമായ സൂപ്പന്‍

മണിലാല്‍ said...

നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........

മനോഹര്‍ കെവി said...

ഇന്നലെ ( ഏപ്രില്‍ മൂന്നു ) രാത്രി ദോഹയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ സുരേഷിന്റെ മെയില്‍ വഴിയാണ് മാര്‍ജാരന്റെ ഈ കുറുങ്ങല്‍ കേട്ടത്....പൂച്ചയെ തഴുകി തഴുകിയിരുന്നപ്പോള്‍ ഒന്ന് കമന്റാനും തോന്നി.
മാര്‍ച്ച്‌ 31 വൈകീട്ട് വേണ്ടും കേരളവര്‍മ കാണാന്‍ പോയി...രേഖയും കൂടെ വന്നു....സാഹിത്യ അകാദെമി ഹാളില്‍ പലരെയും കണ്ടു.... ഷീബ, കെ ബി ശ്രീദേവി, രേഖ, പാര്‍വതി പവനന്‍, പീ ജിയുടെ മകള്‍ പാര്‍വതി, മധു നായര്‍, തമ്പി മാഷ്‌, ഉമ ........... പെട്ടെന്നാണ് കേരളവര്‍മ കാണാന്‍ തോന്നിയത്..
മാര്‍ജാരന്റെ കേരളവര്‍മ എനിക്ക് ശേഷം വന്ന കേരളവര്‍മയാണ്..പുറകിലുള്ള പാടം നോക്കി, ഈ വഴിയിലൂടെ സുധീരന്‍ ഓടിയെന്നു പറഞ്ഞു സഖാക്കള്‍ ആഹ്ലാദിച്ചു,,, വിക്രമാദിത്യന്‍ സര്‍ ബോയ്സ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആയപോള്‍, സര്‍ ന്റെ മുറിയുടെ കുറ്റിയില്‍ കെട്ടിയിട്ട നിരോധിന്റെ ഉറകള്‍ , ഫിസിക്സ്‌ ലാബിന്റെ അടുത്തുള്ള 48- മുറിയില്‍ നിന്നാണ് സഖാക്കള്‍ ജനറല്‍ ബോഡി കഴിഞ്ഞു മുദ്രാവാക്യവുമായി ഇറങ്ങിയിരുന്നത്...പീ ജി ബ്ലോക്കിന്റെ മുകളില്‍ നിന്ന് മുണ്ടുടുത്ത് വീ.ജി, തമ്പി ഇറങ്ങി നടക്കുന്നു ( അന്ന് മാഷല്ല, വിദ്യാര്‍ത്ഥിയാണ് ).....കെ. ഗോപിനാഥന്റെ മുദ്രാവാക്യം വിളിയില്‍ ക്യാമ്പസ്‌ നടുങ്ങുന്നു...
വീണ്ടും ഇതൊക്കെ ഓര്‍മിപിച്ചതിനു വീണ്ടും നന്ദി...

ഞാന്‍ ഹേനാ രാഹുല്‍... said...

നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........

ജോളി ചിറയത്ത് said...

നന്നായിരിക്കുന്നു

എന്‍.ബി.സുരേഷ് said...

മതൃഭൂമിയിലാണ് വായിച്ചത്. നല്ല എഴുത്ത്. തികച്ചും നൊസ്റ്റാള്‍ജിക്. ഞാന്‍ വന്നിട്ടുണ്ട് കേരളവര്‍മ്മയില്‍. തമ്പിമാഷേ കാണാന്‍. മാഷുടെ ഒരുപാടു കവിതകള്‍ വായിച്ചു മനസ്സു വിങ്ങി ഒരുപാടു കത്തെഴുതി, പിന്നെ വന്നു കണ്ടു. പഴക്കം ചെന്ന ക്ലാസ്സ്മുറിയില്‍, പഴയ ബെഞ്ചിലും ഡെസ്കിലുമിരുന്ന് ഒരുപാടു വര്‍ത്തമാനം പറഞ്ഞു. മാഷുടെ സിനിമയില്‍ അഭിനയിച്ച പ്രിയ എന്ന കുട്ടിയെ കണ്ടു. അതിരിക്കട്ടെ മേതില്‍ ഇപ്പോഴും തന്റെ പി.ജി.സെര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു കൈപ്പറ്റിയിട്ടില്ലേ?

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗനയിൽ വായിച്ചു. നന്നായിട്ടുണ്ട്. ആശംസകൾ

nostalgia via said...

നിങ്ങളുടെ കളത്തിലെ കേരളവര്‍മ്മയെ കാണിച്ചുതന്നതിനും,
കേള്‍ക്കാത്തകഥകള്‍ പറഞ്ഞുതന്നതിനും ഒരുപാട് നന്ദി,
എത്ര പെട്ടെന്നാ വയിച്ചുതീര്‍ന്നത്‌,കേരളവര്‍മ്മയെ പറ്റി എത്ര വായിച്ചാലും മതിവരില്ല,
അതുകൊണ്ടാണെന്നു തോന്നുന്നു വളരെ കുറച്ചേ ഉള്ളോ എന്നൊരു തോന്നല്‍.....
ഞങ്ങള്‍ക്കും ഒരുപാട് പറയാനുണ്ട്.......ഞങ്ങളുടെ കേരളവര്‍മ്മയ പറ്റി.........

Murali K Menon said...

ഞാന്‍ 3 മാസം മുമ്പ് കേരളവര്‍മ്മയില്‍ പോയിരുന്നു. ചില മാറ്റങ്ങള്‍. ഞാന്‍ കണ്ടു. പഴയ ലൈബ്രറിയുടെ സ്ഥലത്ത് പുതിയൊരു കെട്ടിടം. ഓഫീസ് അതിലേക്ക് മാറ്റിയിരിക്കുന്നു. കുറച്ചുകൂടി congested ആയതുപോലെ തോന്നി.. നമ്മുടെ പഴയ കാമ്പസ് ആയിരുന്നു വിശാലവും, ഭംഗിയാര്‍ന്നതും. നമ്മുടെ പരിചയമുള്ള സാറന്മാരെ ആരെയും അന്ന് കണ്ടില്ല.


നീയുള്ളപ്പോള്‍.....