പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, July 30, 2010

സ്ഥലകാലജല വിഭ്രമങ്ങളിൽ ഒരു പ്രണയം

`




രോപകാരത്തിന് ഞങ്ങളുടെ നാട്ടില്‍ മാമന്‍ എന്നാണ് പറയുക.

മാമൻ ഒറ്റവാക്കിൽ സുന്ദരനാണ്.ഏതു ചടങ്ങിനും പാകം.മൂന്നാളുകളുമായി നല്ലകാര്യത്തിന്(മോശം കാര്യങ്ങൾക്ക് ഒറ്റക്കേ പോകാവു) പോകാൻ വയ്യാത്ത വിശ്വാസികൾ വഴിയിൽ നിന്നോ ചായക്കടയിൽ നിന്നോ കലുങ്കിന്റെ കൈവരികളിൽ നിന്നോ ശവഘോഷയാത്രയുടെ ഇടയിൽ നിന്നോ ചക്കമൂത്ത പ്ലാവിൽ നിന്നോ മാമനെ കണ്ടെടുത്ത് പുത്തനുടുപ്പിച്ച് നാലാമനായി കൂട്ടും.വർത്തമാനം പറയുന്നതിൽ നിന്ന് വിലക്കിയാൽ മതി.സംസാരിച്ചില്ലെങ്കിൽ നമ്മുടെ പ്രധാനമന്ത്രി മൻമോഹൻസിംഗിനെപ്പോലെ മാന്യനും വിനീതനും യോഗ്യനുമായി തോന്നും.സംസാരിച്ചുതുടങ്ങിയാൽ കൊഞ്ഞാണൻ മന്ത്രിമാരെപ്പോലെ കത്തിക്കയറി അന്തരീക്ഷത്തെ കുന്നംകുളമാക്കും.(ആരെതിർത്താലും കെ.ഇ.എൻ എന്നൊരു വിദ്വാൻ മാമനു കൂട്ടിനുണ്ടാവുമെന്നു തീർച്ച,വാമൊഴി വഴക്കത്തിന്റെ വാഴക്ക എന്നൊക്കെ പറഞ്ഞ്)


കല്യാണം,മരണം,ആത്മഹത്യ,വിവാഹമോചനം,പെണ്ണുകേസ്,നിക്കാഹ്,മനസ്സമ്മതം,അടുക്കള കാണൽ,വയറുകാണൽ തുടങ്ങിയ ചടങ്ങുകളിലെല്ലാം മാമന്റെ സാന്നിദ്ധ്യം സജീവമാണ്.ഒരു പാർട്ടിയിലും അംഗമല്ല,ആ‍യതിനാൽ ഇലക്ഷൻ സമയത്ത് ചീഫ് ഇലക്ഷൻ കമ്മിഷ്ണറെപ്പോലെ ഇലക്കും മുള്ളിനും കേടു വരാതിരിക്കാൻ ലീവെടുക്കാതെ ജോലിക്കു കയറി നിഷ്പക്ഷമായി ജോലി ചെയ്യും,ഇലക്ഷൻ കഴിഞ്ഞേ തിരികെ വരൂ.ആയതിനാൽ കോൺഗ്രസ്സുകാർക്കും കമ്മ്യൂണിസ്റ്റുകൾക്കും മാമനോട് വിരോധമില്ല.ഇലക്ഷൻ ബഹിഷ്കരണവാദികൾ മാമനെ സ്വന്തം പട്ടികയിൽ പെടുത്തി പ്രകീർത്തിക്കും.


മാമന്‍ സർവ്വവ്യാപിയാണ്. ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തിന് ഉടുത്തൊരുങ്ങി പോകയാണെന്ന് വിചാരിക്കുക.ഒരു ലീലേച്ചി മുരിങ്ങയുടെ ചോട്ടിൽ എത്താ തോട്ടി മുരിങ്ങക്കായില്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഉപ്പുറ്റിയില്‍ നില്‍ക്കുകയാണെന്നും കരുതുക.വിശേഷങ്ങള്‍ എല്ലാം മാറ്റിവെച്ച് മുരിങ്ങ കയറാന്‍ കൊള്ളാത്ത ഉറപ്പില്ലാത്ത മരമാണെന്നൊന്നും ആലോചിക്കാതെ അതില്‍ കയറി മുരിങ്ങക്കായക്കൊപ്പം അടര്‍ന്നു വീണാലും ലീലേച്ചിയുടെ അടുപ്പിലേക്ക് മുരിങ്ങ ഉറപ്പു വരുത്തിയിട്ടേ മമൻ യാത്ര തുടരൂ.


ഇങ്ങനെ ചെയ്യുന്നവരെ നാട്ടിൻപുറത്ത് പരോപകാരി എന്നും നഗരത്തിൽ മന്ദബുദ്ധി എന്നും വിളിച്ചുപോരുന്നു.

മാമനുള്ളപ്പോ ഉപ്പിനു പോലും മുട്ടില്ലെന്നും നാട്ടുകാര്‍ പറയും.
പറയാന്‍ മറന്നു,മാമന്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കിളിയാണ്.തൂത്തുക്കുടിയില്‍ പോയി വരുമ്പോഴൊക്കെ ചരക്കൊഴിഞ്ഞ ലോറിയില്‍ മാമന്‍ രണ്ടു മൂന്നു ചാക്ക് ഉപ്പ് കയറ്റിയിടും.അവിടെ മൂന്നു നാലുറുപ്പിക ഒരു ചാക്കിന്‍ പുറത്ത് വിലക്കുറവുണ്ട് . ഈ ലാഭത്തിൽ ഉടക്കിയാണ് മാമന്റെ ഉപ്പിടപാട്.ചിലരങ്ങിനെയാണ്.നാലണയുടെ ലാഭം മോഹിച്ച് കോണകം വാങ്ങാൻ കൊച്ചിയിലേക്കും വെച്ചു പിടിക്കും.

തൂത്തുക്കുടിയില്‍ നിന്നാണ് ചരക്കുലോറിയുടെ മടക്കമെങ്കില്‍ രാവിലെ മാമന്റെ അമ്മ നാരായണിയേടത്തിയുടെ ഉപ്പു വണ്ടി ഞങ്ങളുടെ അടുക്കളഭാഗത്തും ശബ്ദമുണ്ടാക്കും.മുറത്തിൽ ഉപ്പു പകർച്ചയുമായി പിന്നെ നാരായണിച്ചേച്ചിക്ക് വിശ്രമമില്ല.ചുറ്റുപാടും എല്ലാ വീടുകളിലേക്കും ഉപ്പിന്റെ പറയളക്കണം. മുറം നിറയെ ഉപ്പുമായി നാരായണിയേടത്തി അന്തിവരെയെങ്കിലും നടക്കണം,ഉപ്പു സപ്ലൈ അടുത്ത വീട്ടുകളിലെല്ലാം എത്തണമെങ്കിൽ.

പതിയാമ്പറത്തെ ഉപ്പുതൊട്ടി ഒഴിഞ്ഞു തുടങ്ങുമ്പോഴേക്കും അമ്മ പറയുന്നത് കേള്‍ക്കാം എന്നണാവോ മാമന്‍ തൂത്തുക്കുടിയില്‍ പോയി വരുന്നത്.ഉപ്പു കൂട്ടുന്നവരൊക്കെ മാമനെ ഓർക്കും,പ്രഷറുള്ളവർക്ക് ചതുർത്ഥിയും.
അവന്റെ അമ്മേടെ നായരുടെ ഉപ്പ് എന്നാണവരുടെ നിലപാട്.ഇവിടുത്തെ കുട്ടികൾ സ്കൂൾ പരീക്ഷക്ക്
ഉപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊക്കെ തൂ‍ത്തുക്കുടിയെന്നോർക്കും.
ഗാന്ധിജി ഉപ്പു കുറുക്കാൻ പോയ സ്ഥലത്തിന് നേരെ തൂത്തുക്കുടി എന്നവർ എഴുതിവെക്കും.
(ആരാണ് ഉപ്പു കുറുക്കുവാൻ പോയത് എന്ന് ചോദിക്കാതിരുന്നാൽ മാഷന്മാർക്കു കൊള്ളാം.അല്ലേൽ അവർ വിവരമറിഞ്ഞേനെ)

കേവലം ഉപ്പിന്റെ പേരിൽ ഒരാൾ ഓർക്കപ്പെടുക മഹാഭാഗ്യമല്ലെ,ദണ്ഡിയാത്രയുടെ പേരിൽ ഗാന്ധിജിയെ ഓർക്കുന്നതുപോലെ.

അങ്ങിനെയിരിക്കെയാണ് ഞങ്ങളുടെ വാര്‍ഡ് മെമ്പര്‍ കുരിയാക്കു പുതിയപറമ്പില്‍ ഒരു കാര്‍ ആക്സിഡന്റില്‍ പെടുന്നത്.ആവശ്യത്തിന് ഗൌരവം കൊടുക്കാവുന്ന കേസാണ്,(പോരെങ്കിൽ ഇലക്ഷനൊക്കെ അടുത്തു വരികയുമാണ്.)അന്നൊക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജായിരുന്നു മനുഷ്യന് പുനർജന്മം കൊടുക്കുന്ന സർക്കാർ സംവിധാനം.തൃശൂർ മെഡിക്കൽ കോളേജ് സ്വപ്നത്തിൽ പോലും വന്നിട്ടില്ല.കോൺഗ്രസ്സ് നേതാവുകൂടിയായ കുരിയാക്കു പുതിയപറമ്പിൽ നാട്ടിൽ സ്വീകാര്യനാണ് .എല്ലാവർക്കും വളഞ്ഞുകൊടുക്കുന്നവൻ,വിധേയൻ.എന്തിനും മുന്നിട്ടിറങ്ങുന്നവൻ.

പോലീസ് സ്നേഷൻ ഞങ്ങളുടെ നാട്ടിൽ വന്നതിനുപിറകിൽ കുരിയാക്കു പുതിയപറമ്പിലിന്റെ അത്യുത്സാഹം ഉണ്ടായിരുന്നു.പോലീസും കേസും ഇല്ലെങ്കിൽ വാർഡ് മെമ്പർ എന്നു പറഞ്ഞു നടന്നിട്ടെന്തു കാര്യം.പിന്നീട് പെറ്റി കേസിൽ പോലീസ് പിടിയലകപ്പെട്ടപ്പോൾ സ്റ്റേഷൻ കൊണ്ടുവന്നതിൽ തനിക്കുള്ള പങ്ക് അഭിമാനത്തോടെ പോലീസുകാരൊട് വിവരിക്കുകയും തൽഫലമായി പോലീസിന്റെ കയ്യിൽ നിന്ന് ഒന്നു രണ്ടെണ്ണം കൂടുതൽ
കിട്ടുകയും ചെയ്തു.ഈ ഓണം കേറാമൂലയിൽ കൊണ്ടുവന്ന് ഞങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിച്ചതിനു പിറകിൽ നീയാണല്ലെ എന്നും പറഞ്ഞാണ് ഇടിമുഴക്കം നടത്തിയത്.പോലീസ് സ്റ്റേഷൻ പ്രേമം അന്നത്തോടെ അടങ്ങി.(ഇതിലും നല്ലത് ഫയർ സ്റ്റേഷൻ ആണെന്ന് കുരിയാക്കു നിലപാടുമാറ്റി.)
കോൺഗ്രസ്സുകാരെ ഇടിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് മാർച്ച് നടത്താനും വേണ്ടിയാണല്ലോ താൻ മുൻ കൈയ്യെടുത്ത് സ്റ്റേഷൻ കൊണ്ടുവന്നതെന്ന കുറ്റബോധവും പുതിയപറമ്പിലിനുണ്ടായി.


ഇങ്ങിനെയുള്ള ജനകീയ പ്രവർത്തകനാണ് അപകടം സംഭവിച്ചിരിക്കുന്നത്.പൊതു പ്രവർത്തകൻ നാട്ടുകാരുടെ പൊതുസ്വത്താണ്.അങ്ങിനെയുള്ള നേതാവിന്ന് അപകടം വരുമ്പോൾ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിൽ ഒരേനക്കേടുണ്ട്.ആയതിനാൽ എല്ലാവരും കൂടി ഒരു തീരുമാനമെടുക്കുന്നു.പരിചരണത്തിന് മാമനെ വിട്ടുകൊടുക്കുക.മാമൻ കുറച്ചുനാൾ മാറി നിന്നാലും നാഷണൽഹൈവേയിൽ കൂടി ലോറി ഓടാതിരിക്കില്ല.പിന്നെയുള്ളത് കുറച്ചു വീട്ടുകാരുടെ ഉപ്പിന്റെ പ്രശ്നമാണ്.അത് പരിഹരിക്കാവുന്നതേയുള്ളു.അതിന് ദണ്ഡിയാത്ര പോലെയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.

ഇട്ടിക്കുരുമാപ്പിളയുടെ ഉപ്പുപെട്ടിയിൽ കല്ലുപ്പ് ധാരാളമുണ്ടുതാനും.മാമന്റെ ഉപ്പുവിതരണം മൂലം ഇട്ടിക്കുരു മാപ്പിളയുടെ ഉപ്പുപെട്ടിയിലെ ഉപ്പെല്ലാം വെള്ളമായി നശിച്ചു പോകുകയുമായിരുന്നു പതിവ.ആയതിനാൽ അതിൽ കയറിയിരുന്നുള്ള പത്ര പാരായണക്കാർ പെരുകുകയും ചെയ്തു.ഉപ്പേടുക്കണമെങ്കിൽ അതിന്മേൽ കയറിയിരുന്ന് കാലത്ത് മാതൃഭൂമിയും വൈകീട്ട് ഇടിവാളും വായിക്കുന്നവരെ മാറ്റിയിരുത്തണമെന്നുമാത്രം.കട തുറക്കുന്നതു മുതലുള്ള ആ ഇരിപ്പ് കാണുമ്പോൾ ഇട്ടിക്കുരുമുതലാളിയും ആഗ്രഹിച്ചു പോകാറുണ്ട് ആരെങ്കിലും അരക്കിലോ കല്ലുപ്പിനു വന്നെങ്കിൽ അവരെ കുറച്ചു നേരത്തേക്കെങ്കിലും ഒന്ന്ഏഴുന്നേൽ‌പ്പിച്ച് ദ്വേഷ്യം തീർക്കാമെന്ന്.പലചരക്കു കാരനും കാണില്ലെ പലതല്ലെങ്കിലും ചെറുതല്ലാത്ത ഒരാഗ്രഹമെങ്കിലും.


എന്തായാലും ലോറിയിൽ നിന്നും ലീവെടുത്ത് മംഗലാപുരത്തേക്ക് തിരിച്ചു പോകുന്ന ഒരു മീൻലോറിയിൽ മാമൻ കോഴിക്കോട്ടെ മെഡിക്കൽ കോളേജിന്റെ പടിക്കൽ ഇറങ്ങുന്നു.വണ്ടി നിർത്തിയതും അവിടെ നിന്നവർ മൂക്കത്ത് വിരൽ വെച്ചു നാറിയ മീൻ വണ്ടിയെ ശപിച്ചു.മാമനതു മനസ്സിലായില്ല.ലോറിയിലിരുന്ന മാമനില്ല,പിന്നല്ലെ റോഡിൽ നിൽക്കുന്ന മനുഷ്യർക്ക്.മാമൻ അങ്ങിനെയാണതിനെ നിരൂപിച്ചത്.




രാവിലെഎഴുന്നേൽക്കുന്നു,ചായപ്പാത്രവുമായി മെഡിക്കൽ കോളേജിനു മുന്നിലെ ഹോട്ടലിൽ പോയി
നാലുപേർക്കിരിക്കാവുന്ന ടേബിളിൽ ഇരുന്ന് പൊറോട്ടയും മീൻ മൊളകിട്ടതും ഓർഡർ ചെയ്യുന്നു.മൂക്കറ്റം തിന്നുന്നതിനിടയിൽ സപ്ലയർ വന്ന് ഇനിയെന്തെങ്കിലും വേണൊ എന്ന ചോദ്യത്തിന് ചായപ്പാത്രം എടുത്ത് നീട്ടി മധുരം കുറച്ച് രണ്ട് ചായ എന്ന് ഓർഡർചെയ്യുന്നു.




രോഗികൾ അത്യാസന്ന നില കൈവിട്ടാൽ ബൈസ്റ്റാന്റർക്ക് പിന്നെ മറ്റു പണികളിലേക്ക് പ്രവേശിക്കാം.അടുത്ത് ബേഡിലെ രോഗികൾ, രോഗമില്ലാത്ത ബൈസ്റ്റാന്റർമാർ,ഇടക്കിടെ വന്ന് രോഗിയോടും ബൈസ്റ്റാന്റർമാരോടും കൊച്ചുവർത്തമാനം പറയുന്ന നഴ്സുമാർ,കാഷ്വാലിറ്റി,അപകടങ്ങൾ,മരണങ്ങൾ എന്നിങ്ങനെയുള്ള സമ്മിശ്രങ്ങളിൽ മാമനും മുറുകി.


മാമാ മാമാ എന്നു മാടിവിളിക്കുന്ന ഹോട്ടലുകളാണെങ്കിൽ ഒന്നും രണ്ടുമല്ല.രോഗിക്കല്ലെ നിയന്ത്രണമുള്ളു.മാമനില്ലല്ലോ.



ഞങ്ങളുടെനാട്ടിൽ നിന്നും മെഡിക്കൽ പഠിക്കാൻ പോയി കാണാതായ പ്രകാശനെ മാമൻ കണ്ടുപിടിക്കുന്നു.ആൾ അവിടെത്തന്നെയുണ്ട്.പഠനത്തേക്കാൾ പ്രകാശൻ താല്പര്യം കാണിച്ചത് ബിസിനസ്സിലായിരുന്നു.അവിടെ ചില്ല്ല്ല്ലറ ഇടപാടുകളും ഉണ്ടായിരുന്നു.പ്രകാശന്റെ മേൽവിലാസം കിട്ടിയതോടെ മാമന്റെ നിലയും വിലയും വർദ്ധിച്ചു,പത്തിരുപത് വർഷത്തെ പഠനയോഗ്യതയുള്ള ഡോക്ടറൂടെ സുഹൃത്ത് എന്ന നിലയിലേക്ക് മാമൻ വളർന്നു.പത്തിരുപത് വർഷമായി ബിസിനെസ്സിൽ മുഴുകിനടുക്കുന്നതിനാൽ ഒരു സീനിയർ ഡോക്ടറുടെ ബഹുമാനം പ്രകാശൻവിദ്യാർത്ഥിക്ക് കിട്ടിയിരുന്നു.ഇതു മൂലം നഴ്സുമാർ മാമനു നേരെയുള്ള ചിരിയിൽ കൂടുതൽമധുരം കലർത്തി.


എന്തു പറയാൻ. ഒരു സ്ഥിരം നഴ്സിന് മാമനോടൊരു മമത.ഹൈവേയിൽ ലോറി നിർത്തി ഡ്രൈവർ ഇരുട്ടിലേക്ക് മറഞ്ഞ സമയത്ത് ആ സീറ്റിൽ കയറിയിരുന്ന് സ്റ്റിയറിംഗിൽ കൈ വെച്ച് കണ്ണാടിയിൽ നോക്കുന്ന നിയുക്ത ഡ്രൈവറുടെ അഹംഭാവം മാമനും കൈവന്നു,ഒരു കാമുകഭാവം. നാഷ്ണൽ പെർമിറ്റ് ജീവിതമാണെങ്കിലും ലോകപരിചയം കൂടുതൽ ആണെങ്കിലും മനസിന്റെ ഇളകിയാട്ടം മാമനും ആദ്യമായിരുന്നു.മാമനും ഒന്നിളകി.കട്ട വെച്ചുതടസ്സപ്പെടുത്തിയില്ല.ലോറിയാണെങ്കിൽ അതാണ് പതിവ്.

ഹൃദയങ്ങൾ തമ്മിൽ കൊളുത്തിയതോടെ നഴ്സിന്റെ പെരുമാറ്റത്തിലും നടത്തയിലുമൊക്കെ( പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ എല്ലാവരും ആടാറുള്ള ചുവടുകൾ തന്നെ)മാറ്റംപ്രകടമായി.രോഗിയായ പ്രകാശനോടു മാത്രം സംസാരിക്കും,മാമനോട് പ്രണയത്തിൽ കുതിർന്ന മൌനംമാത്രം.ഒളിഞ്ഞു നോട്ടത്തിലേക്ക് കാര്യങ്ങൾ മാറി.സൈഡ് മിററിലൂടെയെന്ന പോലെ

മാമനും നഴ്സിനെ ഒളിഞ്ഞു നോക്കി.

അങ്ങിനെ പ്രണയത്തിന്റെ ടേർണിംഗ് പോയന്റാവേണ്ട ആദിവസം സമാഗതമായി.
ന്യൂട്രലിൽ മുരടനക്കി,ക്ലച്ചിൽ ചവിട്ടി,ആദ്യത്തെ ഗിയറിൽ മാമനെത്തിച്ചേർന്നു.
പേരെന്താ?
വിമല
ചങ്കിൽ ഉടക്കി തുടർവാക്കുകൾ വന്നില്ല.ആക്സിലറേറ്റർ അമർത്തി റെയിസ് ചെയ്തുനോക്കി.
പിടിച്ചു കയറാൻ ഒരു പിടിവള്ളി കിട്ടിയാൽ പിന്നെ വാക്കുകളിൽ പടർന്നുകയറാം. അടുത്തത് ഏതു കാമുകനും സംശയമില്ലാത്ത രണ്ടാമത്തെ ചോദ്യം.
എവിടെയാ വീട്?
മുക്കം
മാമന് ആവേശമായി.പിടിവള്ളി കിട്ടിയിരിന്നു.തനിക്കറിയുന്ന സ്ഥലം.
പല തവണ പോയിട്ടുള്ള സ്ഥലം.
പെട്ടെന്നായിരുന്നു മാമനിലെ കാമുകൻ ആവേശഭരിതനായതും
സംസാരം ആരംഭിച്ചതും
ഞാനവിടെ വന്നിട്ടുണ്ട്,കോഴിക്കാട്ടം കേറ്റീട്ട്...............
വിമലയുടെ മുഖത്ത് പ്രണയത്തിന്റെ എല്ലാ സൌഭഗവും അസ്തമിച്ചു.
കെ.എസ്.ആർ.ടി.സിയിലെ മൂത്രപ്പുരയിൽ നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാരെപ്പോലെ മുഖം ചുളിച്ച് വാർഡിനു പുറത്തേക്ക് കടന്നു അവൾ.
കുരിയാക്കുവിനെ ഡിസ്ചാർജ്ജ് ചെയ്യുന്നതു വരെ ലോങ് ലീവിൽ പ്രവേശിച്ച വിമലയെ പിന്നെ മാമൻ കണ്ടതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല,കാരണം ഇപ്പോൾ ലീലയെന്നൊരു മൂധേവിയാണ് മാമന്റെ പിള്ളേരുടെ തള്ള.



(ഈ കഥക്ക് പ്രിന്റെക്സ് അജിതിനോടും പൂച്ചെട്ടി എരവിമംഗലം മൂർക്കനിക്കര നിവാസികളോടും കടപ്പെട്ടിരിക്കുന്നു)





നടുക്കഷ്ണം:ആശുപത്രിയിൽ വിലസുന്നിന്നിടയിൽ മാമന് കലശലായ ചുമ വന്നു.പ്രകാശനെ രോഗം ധരിപ്പിച്ചു.പ്രകാശൻ സ്വയം തോന്നിയ മതിപ്പു കാരണം മറ്റൊരു ഡോക്ടറുടേ അടുത്തേക്ക് മാമനെ അയച്ചു.കോഴിക്കോടൻ രീതിയിൽ ഡോക്ടർ മാമനോട് ഒന്നു കുരക്കാൻ പറഞ്ഞു.നാടൻ പട്ടിയുടെ വേണോ അൽ സേഷ്യൻ പട്ടിയുടെ വേണോഎന്ന് മാമനും തൃശൂർ ഭാഷയിൽ തിരിച്ചുകുരച്ചു.








No comments:


നീയുള്ളപ്പോള്‍.....