പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, August 24, 2010

ലാൻഡ് ഫോണ്‍ കാലത്തെ പ്രണയം








മാവേലിയെപ്പോലെ കള്ളവും ചതിയുമില്ലാത്ത ഒരു ഫോൺ നാടുവാണിരുന്നു.ലാന്റ് ഫോണ്‍  എന്നായിരുന്നു കറുത്തവർഗ്ഗക്കാരനായ ആ പാവം രാജകുമാരന്റെ പേര്.


മാളയിലെ ഫോണ്‍ ചെവിയില്‍ വെച്ച് മാവിലായില്‍ നിന്നാണെന്ന് പറയാൻ അന്നാര്‍ക്കും കഴിയില്ല.ബാറിലിരുന്ന് ഭര്‍ത്താവ് സോഡ പൊട്ടിക്കുമ്പോൾ ടയര്‍ പഞ്ചറായതാണെന്ന് ഭാര്യയോട് അസത്യം പറയാനും കഴിയില്ല.വെക്കടാ ഫോണ്‍ എന്നു പറഞ്ഞാല്‍ ക്രെഡിലില്‍ വെക്കുക തന്നെ വേണം.ആരെയും റേഞ്ചൌട്ട് ആക്കാനും നിശബ്ദമാക്കാനും പറ്റില്ല.ലൈനില്‍  തുടരൂ.... എന്ന് ടെലിവിഷന്‍  വാര്‍ത്താ വായനക്കാരായ അഹങ്കാരികള്‍  ആരെങ്കിലും അജ്ഞാപിച്ചാല്‍ നിന്റപ്പന്‍  അല്ലെങ്കില്‍ നിന്റെ മാപ്ല ബില്‍  കൊടുക്കുമോ എന്ന് ചോദിക്കാനുള്ള ത്രാണി അന്നത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു.അത്രക്ക് ശക്തമായിരുന്നു ആ രാജകുമാരന്റെ  കാലം.



ആ രാജാവിനെ അസുരന്മാരെല്ലാരും കൂടി ചവിട്ടി താഴ്ത്തി.എന്നിട്ട് അദ്ദേഹത്തിന്റെ രാജ്യം റിലയന്‍സ് ഐഡിയ തുടങ്ങിയ നാട്ടു രാജാക്കന്മാര്‍ പങ്കിട്ടെടുക്കുകയും ജനങ്ങളെ പഞ്ചാരപ്പാട്ടുകളില്‍ മയക്കി പിഴിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തുപോരുന്നു.

പഴയ കഥയാണ്.
ലാന്‍ഡ് ഫോണുകളില്‍ കറുത്ത ഭീകരന്മാരും
അപൂര്‍വ്വം ചുവപ്പന്മാരും വാഴുന്ന കാലം.പ്രണയത്തിന്റെ വ്യവഹാരങ്ങളായ ഹംസങ്ങള്‍ക്കും എസ് .എം.എസ് മിസ് കോളുകള്‍ക്കും ഇടയിലെ പ്രണയിനികളുടെ ഇരുണ്ട യുഗം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കാലമായിരുന്നു അത്.



രണ്ടു യുവതീയുവാക്കള്‍ കാണുകയും പ്രണയത്തിന്റെ ദുര്‍ഘടങ്ങളിലേക്ക് വീഴുകയും ചെയ്യുക എന്നുള്ളത് നാട്ടിലെ പ്രധാന അപകടങ്ങള്‍ ആകുന്ന കാലം.പ്രണയത്തിന് അത്ര മതിപ്പുള്ള കാലവുമല്ല.ഏറെ പണിപ്പെട്ടാണ് പ്രണയം പൊട്ടിമുളക്കുക.ഇരുപത്തിനാല് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്താലും മുളപൊട്ടാന്‍ നാല്‍പ്പത് ദിവസമെടുക്കുന്ന കാപ്പിക്കുരു പോലെ കടുപ്പമാണ് അന്നത്തെ പ്രണയത്തിന്റെ അവസ്ഥ.മുളപൊട്ടിയാല്‍  തന്നെ കാലാവസ്ഥ അനുകൂലമായിരിക്കില്ല പലപ്പോഴും.കാട്ടില്‍ വളരും നാട്ടില്‍ വളരില്ല എന്നൊക്കെ പറയാവുന്നത്.

എണ്ണിയാലൊതുങ്ങാത്ത കത്തെഴുത്തിലും കണ്ണേറിലുമൊതുങ്ങുന്നു,അന്നത്തെ ചന്ദ്രികാ രമണ യുദ്ധങ്ങളുടെ പ്രാരംഭദിശകള്‍.
അങ്ങിനെയിരിക്കെയാണ് നാട്ടില്‍.
രണ്ടു പേര്‍ പ്രണയത്തിലാവുന്നത്.ട്യൂട്ടോറിയല്‍ കോളേജിന്റെ ഓലപ്പഴുതിലൂടെ രണ്ടു ക്ലാസുകളിലെ സമാനഹൃദയങ്ങള്‍  ഊര്‍ന്നിറങ്ങി ഒരുമിക്കുകയായിരുന്നു.ഓല എല്ലാ തലത്തിലും ഉപയോഗത്തിലുള്ളതു കൊണ്ടു കൂടിയാണ് തെങ്ങ് കല്പവൃക്ഷമായത്.പുല്ലരിയാന്‍ പോകുമ്പോള്‍ ഉപയോഗിക്കുന്ന വല്ലം(ഇത് കോഴിക്കുട്ടികളെ ഇര്‍ളാടന്‍ എന്നൊരു പരുന്തു വര്‍ഗ്ഗത്തില്‍ രക്ഷിപ്പാനും ഉപയോഗിക്കും),ചൂലിനുള്ള ഈര്‍ക്കിള്‍(ഇത് നാവിനു പണികൊടുക്കാനുള്ള ഒരുപകരണം കൂടിയാണ്.പെണ്‍കുട്ടികളെ നേര്‍വഴിക്കു നടത്താനും ചൂലില്‍ നിന്നും ഊരിയ ഈര്‍ക്കിലി ഉപയോഗിക്കാറുണ്ട്.മീന്‍ പിടിക്കാനുള്ള കുരുത്തിയും ഈര്‍ക്കിള്‍ കൊണ്ടു മെടയുന്നതാണ്.)കല്യാണങ്ങള്‍ക്കുള്ള കുരുത്തോല,(മരണച്ചടങ്ങുകള്‍ക്കും,ഭക്ഷിയാവശ്യങ്ങള്‍ക്കും ഇതുപയോഗിക്കും),


ഓലകൊണ്ടു പുര മേയുമ്പോള്‍ കൂട്ടിക്കെട്ടാനുള്ള കൊതുമ്പ്,അടുക്കളയില്‍ പാചകത്തിന് അകമ്പടിയാവുന്ന ചിരവ സംഗീതത്തിനുള്ള തേങ്ങ, കുട്ടികള്‍ക്കു വണ്ടിയുണ്ടാക്കി കളിക്കാനുള്ള മച്ചിങ്ങ എന്ന വെള്ളക്ക,ഏറ്റവുമൊടുവില്‍ ചെത്തുകാരന്‍ ബാലേട്ടന്‍ ഇറക്കി കൊണ്ടു വരുന്ന ഇളം കള്ള്..............ഇതൊക്കെ ഒരു തെങ്ങിന്‍ നിന്നാണെന്നറിയുക.ഇതിനെ കല്പവൃക്ഷം എന്നല്ല പറയേണ്ടത്.മണ്ഡരിയുടെ പേരിലായാലും എന്തിന്റെ പേരിലായാലും തെങ്ങീനെ മറക്കുക എന്നാല്‍  മൂടിനെ മറക്കുക എന്നുള്ളതാണ്.
പറഞ്ഞു വന്നത് ഓലയെ കുറിച്ചാണ്.ഓലയെങ്കില്‍ പഴുതുണ്ടാവും.പഴുതുണ്ടെങ്കില്‍ അതിലൂടെ ഒളിഞ്ഞു നോട്ടവും ഉണ്ടാവും.ഇവിടെയും ഇതു തന്നെയാ‍ണ് സംഭവിച്ചത്.പഴുതിലൂടെ നോക്കുക എന്നാല്‍ പ്രത്യേക ഭംഗിയാവുന്നു.അതല്ലെ എല്ലാവരും കാമറാ മാന്‍ ആവാന്‍ കൊതിക്കുന്നത്. ആയതിനാല്‍ ആണ് ഓലകൊണ്ടു തിരിച്ച  പാഠശാലകളില്‍  ഇന്റര്‍ ക്ലാസ്സ് റൂം റിലേഷന്‍സ് കൂടുതലായി കണ്ടു വരുന്നത്.മറ സൌന്ദര്യത്തെ ഉയര്‍ത്തുമെന്നാര്‍ക്കാണ് അറിയാത്തത്.സ്വന്തം വീട്ടിലേക്ക് ആരെങ്കിലും ഒളിഞ്ഞു നോക്കാറുണ്ടൊ.


നമ്മ കഥാനായകര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു.പോസ്റ്റ്മാന്‍ കണ്ണന്നായരുടെ നിഴല്‍ വരുന്നുണ്ടൊ എന്നൊന്നും കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു.രണ്ടുപേരുടെയും വീട്ടുകാര്‍ നല്ല നിലയിലായിരുന്നു,വീടുകളില്‍ ഫൊണുകളുമുണ്ടായിരുന്നു.പിന്നെ രണ്ടു പേര്‍ക്കും സൌകര്യപ്പെട്ട ഒരു സമയം,അതുമാത്രമേ അവര്‍ കണ്ടെത്തേണ്ടതുണ്ടായിരുന്നുള്ളു.അതവര്‍ കണ്ടെത്തി.രാത്രി പത്തുമണിക്ക് ശേക്ഷം എത്ര വരെ വേണമെങ്കിലും പോകാം
(അന്നൊക്കെ പത്തുമണി ഇന്നത്തെപ്പൊലെയല്ല,നട്ടപ്പാതിരയുടെ നിശബ്ദതയും കനവുമാണ്.അന്ന് ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ വിവാദങ്ങളെ കുറിച്ച് വേവലാതിപ്പെട്ട് ആരും ഉറങ്ങാ‍തിരിക്കില്ല.അന്നത്തെ ഉറക്കമാണു ഉറക്കം.)
അവര്‍ സംസാ‍രിച്ചു തുടങ്ങി.ഏതൊരു പ്രണയത്തിലുമെന്ന പോലെ മറ്റുള്ളവര്‍ക്ക് ഒരു രസവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ ചമച്ചു.മണിക്കൂറുകളോളം അതു പറഞ്ഞവര്‍ കിതച്ചു.പിന്നെ പ്രണയം പൂക്കള്‍ വിടര്‍ത്തിയ പ്രഭാതത്തിലേക്ക് ഉണരാന്‍ വേണ്ടി മാത്രമവര്‍ കുറച്ചുറങ്ങി. 







മറ്റുള്ളവര്‍ക്ക് താല്പര്യമില്ലാത്ത കാര്യമാണ് പ്രണയം എന്നത്    പിന്‍ വലിക്കുന്നു.പ്രണയത്തെ പിന്തുടരലും രഹസ്യങ്ങള്‍ ചോര്‍ത്തലും ഒളിഞ്ഞു നോട്ടം പോലെ ഒരു സദാചാര കലയാകുന്നു.

ഇവരുടെ പ്രണയം ഒരാള്‍ മാത്രമറിഞ്ഞു.അയാള്‍ക്ക് ഇവരുടെ പ്രണയസംവേദനങ്ങള്‍   വളരെ താല്‍പ്പര്യപ്പെടുകയും ചെയ്തു.അയാളുടെ പേര് സദാശിവന്‍ നായര്‍.ജോലി ടെലഫോണ്‍സില്‍ നൈറ്റ് ഡ്യൂട്ടിക്കാരന്‍.എത്ര ആവശ്യപ്പെട്ടിട്ടും പകല്‍ ഡ്യൂട്ടി കിട്ടാത്തവൻ.മുകളില്‍ സ്വാധീനമില്ലാത്തവന്‍. വെറുതെ നേരം പോയിക്കിട്ടാനും ആരൊക്കെ എന്തൊക്കെയാണ് ഈ പാതിരാ നേരത്ത് വിളിച്ചു പറയുന്നതെന്ന് അറിയാനുമുള്ള ഉല്‍കണ്ഠയില്‍  റെസീവര്‍ എടുത്ത് ചെപ്പിയില്‍ കുത്തി നോക്കിയതാണ്.എന്നും ഒരേ സമയത്ത് പച്ച വെളിച്ചം മിന്നുന്നതിലൊരു കൌതുകമുണ്ടായിരുന്നു.  
കേട്ടപ്പോള്‍ ഭയങ്കര രസം.പ്രണയമല്ലെ,ഇല്ലാതിരിക്കുമോ!
കൊതുകു കടിയേറ്റു കഴിയുന്നതിലും ഭേദമല്ലെ,രണ്ടു ഹൃദയങ്ങളുടെ ഓരിയിടലും കണ്ണീരും കരച്ചിലുമൊക്കെ കേള്‍ക്കുന്നത്.നാട്ടിലും വീട്ടിലുമാണെങ്കില്‍ പ്രണയം റേഷനായി പോലും കിട്ടാത്തതും.ഒരു തരം രക്തദര്‍ശന കൌതുകം.


കമിതാക്കളുടെ പേരു പറയാന്‍ വിട്ടുപോയി.ഷാജഹാനും ഷെഹനാസും.ഒരേ സമുദായക്കാര്‍.ഒരു കീറാമുട്ടിയുമില്ല.മറ്റു സമുദായങ്ങള്‍ക്കിതില്‍ പങ്കുമില്ല.
പത്തുമണി കഴിഞ്ഞാല്‍ പ്രണയത്തിന്റെ പേരില്ലാക്കഥകള്‍, പൊള്ളക്കഥകള്‍.പിള്ളയുണ്ടായാല്‍ വിളിക്കേണ്ട പേരു പോലും അവര്‍ സങ്കല്പിച്ചു.പ്രണയം കേട്ടുകേട്ട് സദാശിവന്നായര്‍ ചേട്ടനും ഇരിക്കപ്പൊറുതിയില്ലാതായി.അനുവദിക്കപ്പെട്ട ലീവ് പോലും അയാള്‍ വേണ്ടെന്ന് വെച്ചു.കേബിള്‍ ചെവിയില്‍ കുത്തിയില്ലെങ്കില്‍ ജീവിതമില്ലെന്നായി.ചുടല വരെയെന്ന് കൂട്ടുകാര്‍ക്കൊപ്പം
പ്രതിജ്ഞ ചെയത സ്മോളടി പോലും വേണ്ടെന്നായി.എരിവും പുളിയും ലഹരിയുമൊക്കെ ഒരേ കൌണ്ടറില്‍ നിന്നും കിട്ടുമ്പോള്‍......



യേശുദാസും ജാനകിയും പോലെയോ മൊഹമ്മദ് റാഫിയും ലതാമങ്കേഷ്കറും ഒരുമിച്ചു പാടുന്ന ഡ്യുയറ്റ് പോലെ കമിതാക്കളുടെ ഫോണ്‍ വിളികള്‍ സദാശിവന്‍ നായരെ കോരിത്തരിപ്പിച്ചു.
പ്രണയം പുഷ്പിച്ചു പുഷ്പിച്ച് സ്വാഭാവിക പ്രതിസന്ധിയിലെത്തുകയും ചെയ്തു.പെണ്‍കുട്ടിക്ക്  വീട്ടില്‍ നിക്കാഹിനൊരുക്കങ്ങള്‍.അന്നൊക്കെ വീടൊരുങ്ങിയിട്ടെ പെണ്ണുകാണലും ആണു കാണലുമൊക്കെ ഉണ്ടാവൂ.  ഷെഹനാസിനെ കാണാന്‍ ഗള്‍ഫീന്നൊരുത്തന്‍ പെട്ടിയും തൂക്കി ഫ്ലൈറ്റും കാത്തു അങ്ങിരിപ്പാണ്. കണ്ണീരും കരച്ചിലുമായി പിന്നെയുള്ള ദിവസങ്ങള്‍.സദാശിവന്‍ നായര്‍ക്ക് ഇടക്കിടക്ക് ഫോണ്‍ തുണി കൊണ്ട് തുടക്കണമെന്നു വരെ തോന്നി,പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടിട്ട്.ആണ്‍ പക്ഷത്താണെങ്കില്‍ മിണ്ടാട്ടം കുറഞ്ഞു കുറഞ്ഞു വന്നു.കളി കാര്യമാവുകയാണെന്നു ആണൊരുത്തനു മനസ്സിലായി.. അതിന്റെ  സ്മെല്‍  സദാശിവന്‍ നായര്‍ക്കും മനസ്സിലായി.

ഇനിയുള്ള ഭാഗം നേരില്‍ കേള്‍ക്കാൻ എല്ലാവരും ഈ കേബിള്‍
ചെവിയില്‍ കുത്തിക്കയറ്റിക്കോളൂ.

“നിക്കിനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.“പെണ്‍കുട്ടി.
അപ്പുറത്ത് ഒരു ദീര്‍ഘനിശ്വാസം, പിന്നെ ശബ്ദം.
“ഞമ്മ എന്തു ചെയ്യും“.
“ഞമ്മക്കൊളിച്ചോടാം.ദുനിയാവിന്റെ ഏതു മുക്കിലേക്കു വിളിച്ചാ‍ലും ഞാന്‍ റെഡി.“കാമുകി.
“പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാല്‍.“കാമുകന്‍ തനി പുറത്തെടുത്തു.
“പെട്ടെന്നല്ലല്ലോ രണ്ടു വര്‍ഷമായില്ലെ ഞമ്മ ഫോണുമ്മെ കുത്തിരിക്കാന്‍ തൊടങ്ങീട്ട്,കൃത്യം പറഞ്ഞാല്‍.........”കാമുകി.
“ന്തായാലും ഇപ്ല് ഒന്നും പെട്ടെന്ന് ചെയ്യാന്‍ കയീല്ല.“കാമുകന്‍.
“വീട്ടുകാര്‍ എന്നെ വല്ലോനെക്കൊണ്ടും കെട്ടിക്കും“കാമുകി.
“അപ്പോപ്പിന്നെ എന്താ ചെയ്യാ”കാമുകന്‍.
“എന്നെ തട്ടിക്കൊണ്ടു പോകൂ,.പ്ലീസ്,നീയില്ലാതെ“കാമുകി.

“നീ ഒരു കാര്യം ചെയ്യ്..........“കാമുകന്‍..
“എന്താ.....? കാമുകി.
“നീയാ കെട്ടിനു മൂളിക്കോളീ......അതാ നല്ലത്,ഞാന്‍ സഹിച്ചോളാം”കാമുകന്‍.
ഷെഹനാസില്‍ നിന്നും ഒരു കരച്ചില്‍ പൊട്ടിപ്പുറപ്പെട്ടു,തുടര്‍ന്ന് ഒരലര്‍ച്ചയും.
“നായിന്റെ മോനെ....“
കരച്ചില്‍  ഷെഹനാസില്‍ നിന്നായിരുന്നുവെങ്കിലും, അലര്‍ച്ച ഷെഹനാസില്‍ നിന്നായിരുന്നില്ല,സദാശിവന്‍ ചേട്ടനില്‍ നിന്നായിരുന്നുവെന്നു മാത്രം.പിന്നെയാണ് മൊബൈല്‍ വന്നതും സദാശിവന്‍ ചേട്ടന്മാരുടെ പണി പോയതും.

1 comment:

ബാര്‍കോഡകന്‍ said...

എന്തെ ഇതാരും കാണാതെ പോയി... .പ്രണയം ഹാസ്യം ...അത്യുഗ്രൻ
മണിലാൽഭായിക്ക് തേങ്ങയ്ക്കൊപ്പം ആശംസകൾ


നീയുള്ളപ്പോള്‍.....