പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, November 30, 2010

ഗോവ:സിനിമാ പാരഡൈസോ...........!


അന്തർദ്ദേശീയ ഫിലിംഫെസ്റ്റിവൽ സ്ഥിരം വേദി ഗോവയിലാക്കിയതിൽ പിന്നെ സിനിമയോടൊപ്പം ചിന്തിക്കുന്നവർ മാത്രമല്ല അനുബന്ധ
ആഘോഷക്കാരും ഗോവയിലേക്ക് വെച്ചു പിടിച്ചു തുടങ്ങി.ശരിക്കും ഫെസ്റ്റിവലായത് ഗോവയിൽ നിന്നു തുടങ്ങിയതിനു ശേഷം എന്നു വരെ ഏതു സന്ദർഭത്തേയും ആഘോഷമാക്കി മാറ്റുന്ന സർഗാത്മക പ്രതിഭകൾ പ്രഖ്യാപിച്ചു.

എണ്ണിയാലൊതുങ്ങാത്തതും വായിൽ കൊള്ളാത്തതുമായ ദേശീയവും അന്തർദ്ദേശിയവുമായ സിനിമാ-സംവിധായക പേരുകൾക്കു പകരമോ പേരുകൾക്കൊപ്പമോ മീൻ റവ ഫ്രൈ, മാർക്കറ്റിനടുത്ത് ബ്രാണ്ടി ഷോപ്പ് നടത്തുന്ന ബെറ്റി ഫെർണാണ്ടസ്, പന്നിയിറച്ചി സ്പെഷ്യൽ ജോർജ്ജേട്ടൻ, സൂപ്പർ ഫെനി കിട്ടുന്ന ഊടുവഴി, മദ്യക്കടത്തിനെ പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒറീസ്സ പെർമിറ്റ്,ഗോവയുടെ മധുരമായ ബെബിൻക,മാങ്കോ ബാർ,കടലിലെ ഉപരിജലബാറുകൾ( (കാസിനോകൾ),ചൂതാട്ടങ്ങൾ,സൌജന്യ ഫെറി കടന്നാൽ കയറാവുന്ന ടെറി ബാർ.


ഗോവ ഒരു തുറന്ന സ്ഥലമാണ് എല്ലാ അർത്ഥത്തിലും.പോലീസ് ഇവിടെ മദ്യപാനികളോടാണ് ഏറ്റവും നന്നായി പെരുമാറുക.പോലീസിനെ ഒന്നു കണ്ടെങ്കിൽ ഒന്ന് ഊതാമായിരുന്നു എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചു പോകുന്ന മദ്യപാനികൾ ഇവിടെ കാണാം.മദ്യപാനികളോട് കേരളാഭരണം കാണിക്കുന്ന കൊടുത്തകൈക്ക് കടിക്കുന്ന പട്ടിസ്വഭാവം ഗോവക്കില്ല.വാതിൽ തുറന്ന് സ്വാഗതം ചെയ്യുന്ന ഒരു വീട്ടുകാരനെയാണ്/വീട്ടുകാരിയേയാണ് ഗോവ ഓർമ്മയുണർത്തുക.സ്ത്രീകൾ പുറത്തും പുരുഷകേസരികൾ അകത്തും എന്നൊരു ധ്വനി ഗോവയുടെ കാഴ്ചകളിലുണ്ട്.മീൻ മാർക്കറ്റിൽ,പച്ചക്കറിച്ചന്തയിൽ,ബാർ നടത്തിപ്പിലുമൊക്കെ സ്ത്രീകളുടെ പങ്കാളിത്തം സജീവം.



പുറംകടലിൽ പോയി ഡോൾഫിനെ തൊട്ടു മടങ്ങാ‍ൻ ബോട്ടുകാർ ഈടാക്കുന്നത് ഇരുന്നൂറു രൂപ, ബ്രാണ്ടിഷോപ്പിലാണെങ്കിൽ എങ്ങിനെ തലകുത്തി മറഞ്ഞാലും ഇരുനൂറിൽ കവിയില്ല എന്നിങ്ങനെയുള്ള വിശേഷങ്ങൾ സിനിമക്കൊപ്പം കഥകളാവുന്നു.

മീൻകാരികളും പച്ചക്കറി പഴവർഗ്ഗങ്ങൾ വിൽക്കുന്ന സ്ത്രീകളും വാങ്ങാനെത്തിയ സ്ത്രീകളും നിറഞ്ഞ മാർക്കറ്റ് വിട്ട് ചെറിയ ബസുകൾക്ക് നിൽക്കാനിടമുള്ള സ്റ്റോപ്പിനരികിലൂടെ ഒരു ചെറിയ സ്ലാബ് ചായ്ച്ചുവെച്ചാൽ ഐനോക്സ് കോമ്പ്ലക്സിലെത്താം,ആ വിശാലതയിൽ നിറയെ സിനിമക്കാരും സിനിമയേയും സിനിമാക്കാരെയും പ്രണയിക്കുന്നവരുമാണ്.അതൊരു സ്വതന്ത്രമായ ഒരിടം.കോമ്പൌണ്ടിൽ തന്നെ ബീർ പാർലറും.വന്മരങ്ങളുടെ തണലൊരുക്കങ്ങളിൽ ഇരുന്ന് ബീർ വലിക്കുക,ഒന്ന്,രണ്ട്,മൂന്ന്,നാല് എന്നിങ്ങനെയുള്ള അത്യന്താധുനികമായ ഐനോക്സിലേക്ക് വലിഞ്ഞു കയറി ഒരു സിനിമ കാണുക.പിന്നെ തിരികെ ബീർ കുപ്പികളിലേക്കോ ചായ കാപ്പി ഭഷണപദാർത്ഥങ്ങളിലേക്കോ.



ഒരു വശത്ത് സ്ലം ഡോഗ് മില്ല്യണയറീലെ നായിക,നാനാ പടേക്കർ,ത്രീ ഇഡിയറ്റ് ഹിറാനി ഒളിമിന്നൽ പോലെ ചുവപ്പു പരവതാനിയിലൂടെ,ക്യാമറക്കരുടെയും പത്രക്കാരുടെയും വലയത്തിനുള്ളിലൂടെ കടന്നു പോകുമ്പോൾ...........
നമ്മുടെ സംവിധായകരായ കെ.ആർ.മോഹനനും,ഹരികുമാറും,രഞ്ജിത്തും ലെനിനും,ലാൽ ജോസും മലയാളിക്കുതിപ്പിനൊപ്പം ഇപ്പുറത്തെ മരച്ചുവട്ടിൽ സൊറ പറഞ്ഞോ ചായ കുടിച്ചൊ ബീർ വലിച്ചോ ഇരിപ്പുണ്ടാവും.മേളയുടെ യുവത്വമായി നിറയുന്ന സി.വി.ബാലകൃഷ്ണൻ ഇത്തവണ ഒരു മിന്നായം പോലെ വന്നു പോയി.അദ്ദേഹത്തിന്റെ എഴുത്ത് കേരളത്തിൽ ഷൂട്ട് ചെയ്യുന്നുണ്ട്.അവിടേക്കാണ് സി.വി.മുങ്ങിയത്. സംവൃതാ സുനിലും വിനീതും രേവതിയുമൊക്കെ സ്വന്തം വീട്ടിലെന്ന പോലെ സ്വതന്ത്രരായി.ഭാഷയിൽ പുറത്താണെങ്കിലും പത്മപ്രിയ മലയാളികൾക്കൊപ്പം കൂടാൻ വന്നു.ഷോർട്ട് ഫിലിം വിഭാഗത്തില് സമ്മാനിതമായ “ചാരുലതയുടെ ബാക്കി“ നായികയായിട്ടാണവരുടെ ഈ വർഷത്തെ വരവ്.മലയാളികളുടെ മുഴുവൻ ചുമതലക്കാരനായ ഗോവാ പ്രകാശൻ എവിടെയും നിറയുന്നു.

കറന്റ് ജോണിയും വാസ്തുകം ശ്രീനിയും മോൻസി ജോസഫും തിരക്കഥ ഗിരീഷ് കുമാറും കൂട്ടം തെറ്റാതെ കൈപിടിച്ചു നടന്നു.പത്രക്കാരുടെഅന്തർദ്ദേശീയ സമ്മേളനത്തിൽ നിന്നും ഊരി ഇടക്ക് മേളയിൽ തെളിയുന്ന ഗൌരീദാസൻ നായർ പിന്നെ പൊടുന്നനെ പൊഴിയുകയും ചെയ്യും.ചാനലുകാർ ചട്ടിയും കലവുമായി അന്നന്നത്തെ അന്നത്തിന് കറങ്ങി നടപ്പാണ്.


കോഴിക്കോട്ടിരുന്ന് ഫിലിം ഫെസ്റ്റിവൽ മിസ്സ് ചെയ്യുന്നു എന്ന് രഞ്ജൻ പ്രമോദിന്റെ എസ്।എം।എസ്। കമ്പി വന്നു.പഴയകാല മലയാള സിനിമയിലെ കെ.പി.കൊട്ടാരക്കരയുടെ മകനും നടനുമൊക്കെയായ രവി കൊട്ടാരക്കര കപ്പൽ ബാറുകളിലേക്കുള്ള ക്ഷണക്കത്തുകളുമായി മലയാളിക്കൂട്ടങ്ങളെ തിരഞ്ഞുനടന്നു.അദ്ദേഹം ഇപ്പോൾ സൌത്തിന്ത്യൻ ചേംബറിന്റെ സെക്രട്ടറിയാണ്.മേളയിൽ കാണാതാവുന്നവരെ രാത്രി പോയാൽ അവിടെ കാണാം.പല വമ്പൻ സ്രാവുകളെയും അവിടെ വെച്ചാണ് കണ്ടുമുട്ടിയത്.അവരുടെ പേരു പറയുന്നില്ല,അവർ അഹങ്കരിക്കും.

ആഘോഷത്തിമർപ്പിനിടയിൽ ഒരു കുടുംബം ഫെസ്റ്റിവൽ കോമ്പൌണ്ടിലെ തട്ടുകടക്കു മുന്നിൽ ഭക്ഷണം കഴിക്കുന്നു.ചുറ്റും മലയാളി ബഹളം കൊഴുക്കവെ സെക്യൂരിറ്റിയെപ്പോലെ തോന്നിക്കുന്ന ഒരാൾ ഞങ്ങളോട് ഒന്ന് മാറി നിൽക്കാൻ ഭവ്യതയിൽ ആവശ്യപ്പെട്ടു.തട്ടുകടയിൽ നിന്നുള്ള ഭക്ഷണംകഴിപ്പുകാർ ഗോവാമുഖ്യമന്ത്രിയും കുടുംബവുമായിരുന്നു.കോൺഗ്രസ്സുകാരനായ മുഖ്യമന്ത്രി നിലമ്പൂർ മുനിസിപ്പൽ ചെയർമാനായ തന്നെ അറിയേണ്ടതല്ലേ എന്ന് ആര്യാടൻ ഷൌക്കത്തിന്റെ രസികത്വം.


കൊങ്ങിണി സിനിമയുടെ ഛായാഗ്രഹകനായിട്ടാണ് സണ്ണി ജോസഫിന്റെ വരവ്.സണ്ണിക്കിപ്പോൾ മലയാളത്തിനു പുറത്താണ് ജീവിതം.നരച്ച താടിക്കുള്ളിൽ കാമുകത്വം തെളിഞ്ഞുതന്നെ.ക്യാമറാമാന്മാരെല്ലാം കാമുകരാകുന്നു.ക്യാമറക്കണ്ണ് ഒളിക്കണ്ണും.


“അവൾ“ എന്ന പുതിയ സിനിമയുമായി ചെന്നെയിൽ നിന്നും പ്രശാന്ത് കാനത്തൂർ പതിവുപോലെ.ഫോർട്ടി പ്ലസ് മാസികയുടെ ചുമതലക്കാരൻ ഹരീഷ് കടയപ്രത്ത് ഫോർട്ടി മൈനസിന്റെ ചുറുചുറുക്കോടെ.റിപ്പോർട്ടിംഗും സിനിമയുമായി പ്രേംചന്ദും സിനിമ മാത്രമായി ദീദിയും.സിനിമയിലേക്ക് അന്തിക്കാട്ടുനിന്നുള്ള കുതിച്ചു ചാട്ടത്തിന് ഒരുമ്പെടുന്ന സജീവ് ഇപ്പോൾ ബുൾഗാൻ താടിയിലാണ്.


സിനിമാ നിർമ്മിതിയിൽ പുതിയ പ്രതീക്ഷകളായ പ്രകാശ് ബാര,സന്തോഷ് പവിത്രം എന്നിവർ സജീവം.പ്രകാശിന്റെ ഭാവം പി കുഞ്ഞിരാമന്നായരുടെ വിസ്തൃത കാമനകളിലേക്ക് വളർന്നുവോ?.മേഘരൂപൻ മലയാള സിനിമയുടെ പുതുപ്രതീക്ഷയാണ്.



നാട്ടുവട്ടത്തിന്റെ ചേലിൽ സിനിമയെഴുത്തുകാരൻ കെ.ബി. വേണുവിന്റെ ഹെയർ സ്റ്റൈൽ പഴയ മാമാട്ടിക്കുട്ടിയെപ്പോലുണ്ട് എന്നാരോ കമന്റടിച്ചതും അടുത്ത ദിവസം മറ്റൊരു സ്റ്റൈലിൽ വേണു വന്നു.പക്ഷെ പഴയ പാട്ടുകളിൽ വേണു ഉറച്ചുനിന്നു.ഹോട്ടലിൽ ഏതു മുറിയിൽ ഇരുന്നാലും വേണുവിന്റെ പാട്ടു കേൾക്കാം.ഗോവൻ ഫെസ്റ്റിവൽ തുടങ്ങിയതിനു ശേഷം ഒട്ടും മാറാത്തതും ഐനോക്സ് തിയ്യറ്ററും റവയിൽ പൊരിച്ച അയിലയും വേണുവിന്റെ പാട്ടുമാണ്.


ഓരോ ദിവസത്തെയും പനോരമ സിനിമകൾ കഴിഞ്ഞാൽ മരച്ചുവട്ടിലെ വെടിവട്ടത്തിൽ ആ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഉയരും.പിന്നെ അനുബന്ധ കമന്റുകളൂം കഥകളും.
എല്ലാം സൌഹൃദത്തിൽ പൊതിഞ്ഞത്,റവയിൽ പൊരിച്ച ഗോവൻ മീൻ പോലെ.

വി.കെ.ജോസഫും,കെ.ആർ മോഹനനും, എം.ആർ.രാജനും,ഫ്രാൻസിൽ നിന്നുള്ള ആർട് ഡയറക്ടർ ബാർബറയും,സംവിധായിക ജെ.ഗീതയുമൊന്നിച്ച് കടൽക്കരയിലെ ടെറിയിലിരിക്കവെ കാറ്റ് ഞങ്ങളെ ഉണർവ്വുള്ള ഒരു ലോകത്തേക്ക് ഉയർത്തി.ആഗോളീകരണകാലത്തെ കാറ്റെന്ന് വി.കെ.ജോസഫ് കാറ്റിനെ പേരിട്ടു.

ഈ വർഷത്തെ ഒരൊറ്റ സിനിമയും ആരെയും ത്രസിപ്പിച്ചില്ല എന്നതാണ് പൊതുവെ ഉയർന്ന വികാരം.മലയാളത്തിലെ ഒരു സിനിമ കണ്ടിറങ്ങിയ ഒരു സഹൃദയൻ ...........ആ പടം പനോരമയിലേക്ക് തെരഞ്ഞെടുത്ത ജൂറിമക്കളെ ആരെയെങ്കിലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് മോഹൻലാൽ സ്റ്റൈലിൽ കൈപിരിക്കുന്നുണ്ടായിരുന്നു.(മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്ന അപൂർവ്വം കലകളിൽ ഒന്നാണ് സിനിമ.എഴുത്തിൽ നിങ്ങൾ എഴുതി തെളിയിക്കണം എഴുത്തുകാരനാവാൻ.സിനിമയിൽ അതിന്റെ ആവശ്യമേ ഇല്ല.അതിന്റെ അടുത്തു കൂടെ പോയാൽ മതി.എഴുത്തുംവായനയുംഅറിയാത്തവന്റെ കലയാണ് സിനിമ എന്നത് ചിലപ്പോൾ സംവിധായകർക്കു കൂടി ബാധകമാവുന്നു).രുചിക്കുന്നവന്റെ മനസ്സറിയുന്ന തട്ടുകടക്കാരന്റെ സെൻസിബിലിറ്റിയെങ്കിലും സിനിമക്കാർക്കുണ്ടാവണം.


ആ നിലയിൽ ചാരുലതയുടെ ബാക്കി എന്ന സംഗീതയുടെ സിനിമ ഒറ്റപ്പെട്ട അനുഭവവുമായി.അതിൽ സിനിമയുടെ മണമുണ്ട്.നെൽ വയലുകളിലെ ആവാസവ്യവസ്ഥയെ പ്രതിപാദിക്കുന്ന ബാബു കാമ്പ്രോത്തിന്റെ “കൈപ്പാട്“ എന്ന സിനിമയും പ്രകൃതിക്കുമേൽ മനുഷ്യൻ ആക്രമണം നടത്തുന്ന കേരളിയ പരിതസ്ഥിതിയിൽ ശ്രദ്ധേയമാണ്.ഈ രണ്ടു സിനിമകളും സമ്മാനിതമായി.അവസാനിക്കാത്ത മനുഷ്യത്വത്തെ ഈ സിനിമകൾ പുറത്തെടുക്കുന്നു.


ലോക സിനിമയുടെ തളർച്ചയെപ്പറ്റി എല്ലാവരും പരിതപിക്കുന്ന കാ‍ഴ്ചയാണ് ഗോവയിൽ കണ്ടത്.പഴയ മാസ്റ്റേഴ്സിലേക്ക് തിരിയുന്ന കാഴ്ചയും.ഇംഗ്ലീഷ് സബ് ടൈറ്റിൽ ഇല്ലാതെ പോലും ഗോദാർദിന്റെ “സിനിമ സോഷ്യലിസം“ കാണാൻ കാണികൾ നിറഞ്ഞു.കിരോസ്തമിയുടെ “സർട്ടിഫൈഡ് കോപ്പി“ക്കും ഇതേ അനുഭവം.ആഖ്യാനസിനിമയുടെ ഉസ്താദ് ആയ ഋതുപർണഘോസിന്റെ സിനിമക്ക് എന്നും ഗ്യാരണ്ടി ഉറപ്പാണ്.‘അഭോമൻ‘ എന്ന സിനിമയുമായി ഇത്തവണയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.സർജ്ജറിയിലൂടെ സ്ത്രീയായി മാറിയ ആളുടെ കഥ പറയുന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട്,ഋതുപർണ്ണഘോഷ് തന്റെ ജീവിതത്തെ സിനിമയുമായി ബന്ധപ്പെടുത്തി.

കുറെ പേർ അങ്ങിനെയാണ്.കാത്തിരിക്കാൻ അവർക്ക് വയ്യ.
ഒരു കൂട്ടം സിനിമാഭക്തർ മേള തുടങ്ങുന്നതിന് മുമ്പേ വന്ന് മേളയുടെ തിരക്ക് കൂടുന്നതിന് മുമ്പേ സ്ഥലം വിടും.ഞങ്ങൾ മഡ്ഗാവിൽ ട്രെയിനിറങ്ങുമ്പോൾ ഡെലിഗേറ്റ്സ് ബാഡ്ജ് ധരിച്ച ഒരു കൂട്ടത്തെ കണ്ടു.അവർ മടക്കയാത്രയിലാണ്.
മതിയായി എന്നാണവർ ധൃതി പിടിച്ചുള്ള മടക്കത്തെ സൂചിപ്പിച്ചപ്പോൾ പറഞ്ഞത്.മതിയായത് സിനിമയല്ലെന്ന് സാരം.ഗോവ നിങ്ങളെ മതിയാക്കിയിട്ടെ വിടൂ.

ഡിസംബറിൽ തുടങ്ങുന്ന തിരുവനന്തപുരത്തെ ഫെസ്റ്റിവലിൽ കാണാമെന്ന വിചാരത്തോടെ പല സമയത്തെ ട്രെയിനുകളിൽ കയറി ഞങ്ങൾ കേരളത്തിലെ പല സ്റ്റേഷനുകളിൾ ചിതറി.

No comments:


നീയുള്ളപ്പോള്‍.....