പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, September 27, 2010

സർഗാത്മകതക്ക് ആർത്തിപിടിക്കുമ്പോൾ

കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം ഗിന്നസ് കയറ്റാനുള്ള ശ്രമം വിജയകരമായി സമാപിച്ചു.ഇനി അവർ രംഗത്തവതരിപ്പിച്ചത് മോഹിനിയാട്ടം ആണോ വേറെ എന്തെങ്കിലും ഉഡാൻസാണോ എന്നു മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ.


സ്വന്തം നേട്ടത്തിനു വേണ്ടി നടത്തുന്ന (അവനവനിസം) നൃത്തമെന്നോ മറ്റോ വിളിച്ചാലും തരക്കേടില്ല.കാരണം മോഹിനിയാട്ടം എന്ന കലാരൂപത്തെ ജനങ്ങളിൽ നിന്നകറ്റാനെ ഈ കപടവേഷം ഉപകരിക്കൂ.(അവനവനിസം രാഷ്ടീയം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകാര്യമാകുന്ന പുതിയ ലോകത്ത് ഹേമലതയും വാഴ്ത്തപ്പെടും)ഈ കലാരൂപം രണ്ടു മണിക്കൂർ തന്നെ സ്റ്റേജിൽ അവതരിപ്പിക്കനുള്ള തയ്യാറെടുപ്പും സമർപ്പണവും ശ്രമകരമാണെന്ന് ഈ രംഗത്ത് സ്വാഭാവിക താല്പര്യത്തോടെ നിൽക്കുന്ന ഈ നൃത്ത രൂപത്തിൽ സ്വയം സമർപ്പിച്ചവർ പറയുന്നു.ഇവിടെ ഇരുനൂറോളം മണിക്കൂർ !

മോഹിനിയാട്ടംരൂപപ്പെടുത്തിയ ആൾ ഉയിത്തെഴുന്നേറ്റുവന്ന് അത്മഹത്യ ചെയ്യാനുള്ള സാധ്യതയും ഇല്ലാതില്ല,ശ്രദ്ധിക്കണം.

യഞ്ജം തുടങ്ങി മൂന്നാം ദിവസം ഞാൻ ഇതെന്തു കൂത്തെന്നന്വേഷിക്കാൻ റീജിയണൽ തിയ്യറ്ററിൽ പോയി.അവർ നൃത്തം(?) ചെയ്യുന്നതുകണ്ടപ്പോൾ.എൺപത് കഴിഞ്ഞ എന്റെ അമ്മയെ ഓർമ്മ വന്നു.ഉണക്കാനിട്ട നെല്ല് വേച്ചു വേച്ചു ചിക്കുന്നതുപോലെ അവർ സ്റ്റേജിൽ ചലിക്കുന്നു.യന്ത്രവൽകൃതമായ ചുവടുകളോടെ ലവലേശം ആർജ്ജവമില്ലാതെ. ചിക്കുന്നതിനിടയിൽ കണ്ണിൽ‌പ്പെടുന്ന കല്ലോ മറ്റോ എടുത്തു കളയുന്നതുപോലെ ഹേമലതയും സ്റ്റേജിൽ നിന്ന് എന്തോക്കെയോ എടുത്തുമാറ്റുന്നു.(സർപ്പയഞ്ജത്തിൽ പാമ്പു വേലായുധന് വിഷമേൽക്കുമെന്നു പേടിച്ചാൽ മതിയായിരുന്നു)

ഒരു കലാകാരിയെ/കലാകാരനെ ഭരിക്കേണ്ടതല്ല ഇത്തരം പ്രലോഭനങ്ങൾ.

മാനസികവും ശാരീരികവുമായ ആഘോഷത്തിലൂടെ നർത്തകിയുടെ ഓരോ സ്റ്റേജും കീഴടക്കുന്നത് എത്രയോ വലിയ ഉയരങ്ങളാണ്,ഗ്വിന്നസ് ബുക്കിലവസാനിപ്പിക്കാനുള്ളതല്ല അതിന്റെ മെയ്യും മനസ്സും.ഉയരത്തെക്കുറിച്ച് പറയുമ്പോൾ എവറെസ്റ്റിലേക്ക് നോക്കുന്ന ഒരു മണ്ടനെ എല്ലാവരിലുംസൃഷ്ടിച്ചെടുത്തിരിക്കുന്നു ഈ സമൂഹം.തലയെന്നു കേൾക്കുമ്പോ ചിർപ്പെടുക്കാനോങ്ങുന്ന.........എന്നു ചോദിക്കുന്ന മുല്ലനേഴിക്കവിത പോലെ.


ഒന്നാമനെ രണ്ടാമനാക്കുവാനുള്ള ആർത്തിപിടിച്ച പുതിയ ലോകം ആഞ്ഞുപിടിക്കുമ്പൊൾ കുട്ടികൾ മാത്രമല്ല ഭാരം ചുമക്കുന്നത് മുതിർന്നവരും കൂടി ആണെന്ന് ഈ സ്വയം പീഢനം(ഈ പ്രായത്തിൽ നിർബ്ബന്ധങ്ങൾക്കു വഴങ്ങിയാണെങ്കിലും ഇത് സ്വയം പീഢനത്തിന്റെ പട്ടികയിലാണ് പേടുത്തേണ്ടത്)സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യരെ പിടിച്ച് വാഴ്ത്തപ്പ്ടുത്തുന്നവരാക്കുന്ന മതത്തിന്റെ പിന്തുണയുണ്ടെങ്കിൽ ഈ സ്വയം പീഢനത്തിന് ഹേമലതയുടെ സ്ഥാനം അങ്ങു വത്തിക്കാനിലായിരിക്കും.



കേരളത്തിൽ സാംസ്കാരിക രംഗം നിരന്തരമായ കസേരകളിയിൽ ഏർപ്പെട്ടിരിക്കയാണ്.അക്കാദമികളിൽ ഇടം കിട്ടിയവരും കിട്ടുമെന്ന് സ്വപ്നം കാണുന്നവരും കിട്ടില്ലെന്നുറപ്പുള്ളവരും നടത്തുന്ന കസേരകളി.സ്റ്റേജിൽ കയറിയില്ലെങ്കിൽ വിറ വരുന്ന, പത്രത്തിൽ പേരു വന്നില്ലെങ്കിൽ സമൂഹത്തിൽ നിന്നും പുറത്താവുമെന്നു ഭയമുള്ള രോഗികളുടെ താവളമായി സാംസ്കാരിക തലസ്ഥാനം മാറിയിരിക്കുന്നു.എന്റർടെയിന്മെന്റിന് കൊട്ടകയിൽ പോയി പ്രാഞ്ചിയേട്ടനെ കാണണമെന്നില്ല,അല്പന്മാരായ ഒരു പാടു പ്രാഞ്ചിയേട്ടന്മാരുടെ അരിയങ്ങാടിയായി സാംസ്കാരിക രംഗം മാറിയിരിക്കുന്നു.ഹേമലതയുടെ ഈ കോപ്രായത്തിനു പിറകിലും അണിനിരന്നു തൃശൂരിലെ സാംസ്കാരിക രംഗത്തെ ചെറുപൂരങ്ങൾ.ഈ സാംസ്കാരിക രോഗത്തെ സ്പോൺസർ ചെയ്യാൻ ആനപ്പുറത്തിരിക്കാൻ കൊതിക്കുന്ന പുതുപ്പണക്കാരും സജീവം.


ഹേമലതമാർ ഇനിയും ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും,അല്ലെങ്കിൽ ഇവന്മാർ ഉണ്ടാക്കിക്കൊണ്ടിരിക്കും.

No comments:


നീയുള്ളപ്പോള്‍.....