പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, January 3, 2011

നായക നായ

രാസേതുവും സേതുസമുദ്രവും ഉണ്ടായതിനു ശേഷം, പുലിയുംപുലിത്തലയന്മാരും ഉണ്ടാവുന്നതിനു മുന്‍പ് വാവുനിയ എന്ന സിലോണ്‍പട്ടണത്തില്‍ ഒരു നായ സിംഹളരെ മാത്രമല്ല സ്വന്തം നാട്ടില്‍ ഗതിയില്ലാതെ പ്രവാസികളായ തമിഴ് മലയാളമടങ്ങുന്ന ഇന്ത്യന്‍ വംശജരെയും കിടുകിടാ വിറപ്പിച്ചിരുന്നു.കണ്ണില്‍ പെട്ടവരെ കടിച്ചും കുരച്ചോടിച്ചും വഴിനടത്താതെയും നായവാണിരുന്ന കാലം.പട്ടാളാത്തെ ഇറക്കാൻ മാനക്കേടായതിനാൽ നായ യഥേഷ്ടം വിഹരിച്ചു പോന്നു.

ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത് അന്‍പതുകളില്‍ സിലോണിലെവാവുനിയായില്‍ സംഭവിച്ചത് രണ്ടായിരത്തിയാറില്‍ കേരളത്തിലെ ഒരുകായലോര ഗ്രാമമായ കാക്കത്തിരുത്തിയിലെ ഒരു ഇടത്തരം വീടിന്റെഉമ്മറത്തിണ്ണയിലിരുന്ന് എക്സ് സിലോണിയാ‍യ ധീരപാലന്‍ ചേട്ടന്‍വിവരിക്കുകയാണ്.......


ധീരപാലൻ എന്ന പേരു പോലെത്തന്നെയാണ് ആളുടെ പ്രകൃതവും.ആരെയും വഴങ്ങില്ലെന്ന മട്ടിൽ കൊമ്പൻ മീശ.


ധീരപാലന്‍ ചേട്ടന് വാവുനിയയില്‍ചായക്കച്ചവടമായിരുന്നു.മദിരാശിപ്പട്ടണത്തിലെ ചായക്കട സാമാന്യംപച്ചപിടിച്ചപ്പോള്‍ തോന്നിയ മോഹമായിരുന്നു സിലോണ്‍.അന്നത്തെ മലയാളിയുടെ സ്വപ്നനങ്ങളുടെ അറ്റം സിലോണിൽ മുട്ടി നിൽക്കുന്ന കാലമായിരുന്നു.

നാട്ടിലെ ചെത്തുകാരും വിറകുവെട്ടുകാരുമൊക്കെയായി കുറെപ്പേര്‍ കടംവേടിച്ചും കഷ്ടപ്പെട്ടും കടല്‍ കടന്നു സിലോണ്‍ പൂകിയതിന്റെ ആര്‍ഭാടങ്ങള്‍ നാട്ടിലും കാണപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്.സ്വാഭാവികമായും ധീരപാലന്‍ ചേട്ടന്റെയും മനസ്സൊന്നിളകി.

വിസ പാസ്പോര്‍ട്ട്, എമിഗ്രേഷന്‍, ബോര്‍ഡിങ്ങ് പാസ്സ്, റിപ്പോര്‍ട്ടിഗ് ടൈം,കെട്ടിപ്പിടിച്ചുള്ള കരച്ചിൽ, തുടങ്ങിയ കലാപരിപാടികള്‍ കണ്ടുപിടിക്കാത്ത കാലമായിരുന്നു.

ധീരപാലന്‍ ചേട്ടന്‍ തീരുമാനിച്ചു.പുറപ്പട്ട് വാവുനിയയില്‍ ചെന്ന് പതിക്കുകയും ചെയ്തു.

ചേർപ്പിൽ ചെന്നപ്പോ അവിടെയും ഞായറാഴ്ചയെന്നു പറയും പോലെവാവുനിയായിലും ധീരപാ‍ലന്‍ ചേട്ടന് ചായക്കട തന്നെയായിരുന്നു തലവര.
ചായയടിച്ചാൽ എവിടെയും പിടിച്ചുനിൽക്കാമെന്നായി. അതിന് ഭാഷയില്ലല്ലോ.

പിന്നെ മടിച്ചില്ല.എല്ലാ മലയാളികളും സിലോണില്‍ എത്തിയാല്‍ ചെയ്യുന്നത് ധീരപാലന്‍ ചേട്ടനും ചെയ്തു.നാട്ടിലൊരു പെണ്ണോരുത്തിയുള്ളപ്പൊ തന്നെ മറ്റൊന്നിനെ കൂടി കെട്ടി.എന്തിനാന്നു ചൊദിച്ചാല്‍.....സിലോൺപെണ്ണുങ്ങൾ മലയാളിക്ക് ഹരമായിരുന്നു അന്നൊക്കെ.എന്തുവന്നാലും അവർ മലയാളം പറയില്ലല്ലോ.അതു തന്നെ വലിയ കാര്യം.

പിന്നെ ഒരു സുഖത്തിന്...ഒരു രസത്തിന്...എന്നും പറയാം.രസക്കേടൊന്നുമില്ലല്ലോ.മലയാളം അറിയുകയുമില്ല.പരാതി അറിയാത്ത ഭാഷയിലാണെങ്കിൽ ചീന്തിക്കളയാൻ ആരോടും ചോദിക്കേണ്ടതുമില്ല.


കുട്ടികളുടെ കാര്യത്തില്‍ കണക്ക് പുസ്തകമില്ലാത്ത കാലമായിരുന്നുവല്ലൊ അത്.പിന്നെ ദൈവാധീനവും കൂടിയുണ്ടെങ്കി...പറയുകേം വേണ്ട.


അതുകൊണ്ടു തന്നെ കൈയ്യും കണക്കുമില്ലാതെ കുറെ സിംഹളക്കുട്ടികള്പിറന്നു.അവര്‍ പച്ച മലയാളവും സിംഹളവും കൂട്ടിക്കലർത്തി കലപിലവെച്ച് സിംഹളഭാഷക്ക് തലവേദന സൃഷിച്ചുകൊണ്ടിരുന്നു.
ധീരപാലന്‍ ചേട്ടന്‍ ഇതെല്ലാം കണ്ട് കോള്‍മയിര്‍ കൊണ്ടു.അങ്ങനെ കുട്ടീംചട്ടീം വട്ടീമൊക്കെയായി അവിടെം ഇവിടെം കടലിനപ്പുറവും ഇപ്പുറവുമായി ആവശ്യത്തിനു കുടുംബങ്ങള്‍,അനാവശ്യത്തിനുള്ള കുട്ടികളും‍.

ധീരപാലന്‍ ചേട്ടന്‍ എവിടെയാണെങ്കിലും കഥാപാത്രങ്ങള്‍ മാറുന്നതല്ലാതെ കഥ ഒന്നു തന്നെ എന്ന നിലയില്‍ നാട്ടിലും സിലോണിലും ധീരപാലന്‍ ചേട്ടന്റെ കുടുംബജീവിതം നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരുന്നു.


ഒരിക്കൽ നാട്ടില്‍ വന്ന് സിലോണീല്‍ തിരിച്ചെത്തിയപ്പോഴാണ് ചെറിയചട്ടമ്പിയായ ധീരപാലന്‍ ചേട്ടന്‍ വാ‍വുനിയയില്‍ പുതിയ ചട്ടമ്പിരംഗപ്രവേശം നടത്തിയ കാര്യം അറിയുന്നത്.

ഒരു നായ

വലിപ്പത്തിലും ശൌര്യത്തിലും ആരെയും വെല്ലാന്‍ പോന്നഒരുത്തന്‍.പുലിവംശത്തില്‍ പെട്ട ഒരിനം എന്നേ തോന്നൂ.നായയെപേടിച്ച് ആര്‍ക്കും വഴിനടക്കാന്‍ വയ്യെന്നായി.

സ്വന്തം വംശത്തിലെ പെണ്ണുങ്ങളെപ്പോലും(പട്ടിക്കഴുവേറിമക്കളെ) വഴിനടത്താന്‍ പോലും നായിന്റെ മോന്‍ സമ്മതിച്ചില്ല

ഏതെങ്കിലും പട്ടി ഇവന്റെ മുന്നില്‍ പെട്ടാല്‍ എന്തും സംഭവിക്കാം.

പലവഴിക്കും നാട്ടുകാർ അവനെ കുടുക്കാന്‍ നോക്കി.കെണിയൊരുക്കി,തീറ്റയില്‍ വിഷം കലര്‍ത്തി.അതില്‍ നിന്നൊക്കെ അവന്‍ ഒരഭ്യാസിയെപ്പോലെ കുതറി മാറി.

മനുഷ്യരെപ്പോലെ ബുദ്ധിയില്ലെങ്കിലും മൃഗങ്ങള്‍ക്കു വേണ്ടവകതിരിവുണ്ടായിരുന്നു അവന്.

മനുഷ്യര്‍ മൃഗ ആഭാസനെതിരെ മുനിസിപ്പലിറ്റിയില്‍ പരാതിപറഞ്ഞുനോക്കി.എങ്ങനെയെങ്കിലും നായയെ ഒതുക്കണമെന്നു പൌരാവലി ഒന്നടങ്കം ഒത്തുകൂടി ആവശ്യപ്പെട്ടു.ഇതെന്താ മൃഗാധിപത്യ രാജ്യമൊ എന്നു ബാലരമ സ്റ്റൈലില്‍ അധികാരികള്‍ പരാതിക്കാരെ കളിയാക്കി,ഒഴിവാക്കി.
ഇങ്ങനെ നായകനായ വാവുനിയയില്‍ വിലസിയിരുന്ന കാലം.
നമ്മുടെ ധീരപാലന്‍ ചേട്ടന്‍ ഒരു രാത്രിയില്‍ കടപൂട്ടി സിംഹളത്തിയുടെയും സിംഹളകിടാത്തങ്ങളുടൈയും സവിധത്തിലേക്ക് വെച്ചു പിടിക്കുമ്പൊള്‍ അതാ അങ്ങകലെ നമ്മുടെ നായക നായ മീശപിരിച്ച് നില്‍ക്കുന്നു.
എന്തിനും തയ്യാര്‍ എന്ന ഭാവേനയുള്ള നില്‍പ്പ് കണ്ടതും ധീരപാലന്‍ചേട്ടന്റെ ധീരം ചോര്‍ന്നുപോയി
ധീരപലന്‍ ചേട്ടന്‍ മുകളിലേക്കു പിരിച്ചു വെച്ച തന്റെ കൊമ്പന്‍ മീശ താഴേക്ക് തെറുത്തു വെച്ച് ഭവ്യനായി.

ഇതു കൊണ്ടൊന്നും രക്ഷയില്ല.ഇനി എന്തു ചെയ്യും.സിംഹളന്മാരോട്കാണിക്കുന്ന ത്രാട്ട് ഇവന്റെ മുന്നില്‍ നടപ്പില്ല.
പെട്ടെന്നാണ് ഒരൈഡിയ ധീരപാലന്‍ ചേട്ടന്റെ മനോമുകുരത്തിലേക്കുപൊന്തി വന്നത്.

തന്റെ അജാനുബാഹുവായ ശരീരത്തെ ഭൂമിയിലേക്കു വളച്ച് കൈ നിലത്തു കുത്തി നായയെ പോലെ നില്‍ക്കുക.തന്റെ വര്‍ഗത്തിലെ മറ്റൊരു കൂറ്റനെ കാണുമ്പോള്‍ തീര്‍ച്ചയായും അവൻ പത്തി മടക്കും

ധീരപാലന്‍ ചേട്ടന്‍ സധൈര്യം അതു തന്നെ ചെയ്തു.ശരീരം വില്ലു പോലെ വളച്ചു നായയെപ്പോലെ നിന്നു.വിചാച്ചതു പോലെ തന്നെ നായ അതിന്റെ പാട്ടിനു പാട്ടും പാടിപ്പോയി.
കഥ പറഞ്ഞു തീര്‍ന്നതും ഒരു പയ്യന്‍ ധീരപാലന്‍ ചേട്ടന്റെ നേര്‍ക്ക് ഒരു പീക്കിരി ചോദ്യം കാച്ചുന്നു.

“ആ നായക്ക് മാമനെ പട്ടിയാണെന്നു തോന്നാതിരുന്നത് മാമന്റെ ഭാഗ്യം”

(ശുനകരിൽ ആൺ വർഗത്തിന് നായ എന്നും പെൺ വർഗ്ഗത്തിന് പട്ടി എന്നും തൃശൂർക്കാർ വിളിക്കും.ബാക്കിയുള്ളോർ എന്തു വിളിച്ചാലും തൃശൂർകാർക്ക് വിരോധമില്ല)

നീയുള്ളപ്പോള്‍.....