പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, May 6, 2011

ഫേണ്‍ ഹില്‍ പ്രണയത്തിന്റെ ഉച്ചകോടി




വാരിയെടുത്ത ജീവിതം ബാഗില്‍ത്തിരുകി രണ്ടിടത്തു നിന്നും ഞങ്ങള്‍ യാത്രയായി.
മുള്ളിയിലേക്കുള്ള പാലം മഴപ്പെരുക്കത്തില്‍  മാഞ്ഞുപോയിട്ടുണ്ടാവുമെന്നും ഒറ്റയാന്‍ ഇറങ്ങിയിട്ടുണ്ടെന്നുമുള്ള കഥയില്ലാക്കഥകള്‍ യാത്രയില്‍ പലരും പറഞ്ഞു കേട്ടു,പക്ഷെ ഞങ്ങള്‍ ചെവി കൊടുത്തില്ല.
ഞങ്ങള്‍ സാഹസികരായിരുന്നു.കാരണം ഞങ്ങള്‍ പ്രണയത്തിന്റെ ഉച്ചകോടിയിലായിരുന്നു,സാധാരണ മനുഷ്യരെ ബാധിക്കുന്നതൊന്നും ഞങ്ങളെ ബാധിക്കുമായിരുന്നില്ല.പ്രണയത്തിന്റെ മൂര്‍ത്തത അതില്‍പ്പെടുന്നവര്‍ക്ക് നല്‍കുന്നു,പുറമെ നിന്നും ഒന്നും പതിക്കാത്ത   ഉറച്ച ഒരു മറ.അതിന്റെ സുരക്ഷിതത്വത്തില്‍ ഞങ്ങള്‍ പറന്നു. അഗ്നി പറത്തുന്ന മത്തിലും മയക്കത്തിലുമായിരുന്നു ഞങ്ങള്‍.ഓരോ നിമിഷത്തേയും നേര്‍പ്പിച്ചെടുക്കുന്ന പുതുപുത്തന്‍ ലഹരി പുതപ്പിക്കുന്ന സഞ്ചാര ലഹരി വേറെയും.



ജീപ്പ് വിട്ട് ഞങ്ങള്‍ പുഴയിലിറങ്ങി.
പാറയിലിരുന്ന് കാല്‍ ജലത്തില്‍ ഇട്ടു, തല നിറയെ സൂര്യനെക്കൊണ്ടു. ശരീരത്തിലെ വേനലിനെ ഞങ്ങള്‍ പുഴയിലിട്ടു നനച്ചു.വസ്ത്രങ്ങള്‍ക്കും നഗ്നതക്കുമിടയിലെ ശരീരഭാവങ്ങള്‍ സംഗീതമായി പ്രകമ്പനം കൊണ്ടു.

മുള്ളി കവലയിലേക്ക് ജീപ്പ് ഇഴഞ്ഞു കയറി.കല്ലുവിരിച്ച പാതയുടെ അപൂര്‍ണ്ണതയെ ഞങ്ങള്‍ ജീപ്പിനുള്ളില്‍ അനുഭവിച്ചു. കുലുങ്ങിയും മറിഞ്ഞും പുളഞ്ഞും ഞങ്ങള്‍.ചായപ്പീടികയും ചില്ലറക്കടയും കോണ്‍ക്രീറ്റ് കുരിശു ചുമന്ന് തളർന്ന പള്ളിയുമാണ് മുള്ളിക്കവല. അനാഥക്കുഞ്ഞുങ്ങളെ പോലെ കുറെ കുട്ടികള്‍   ചുറ്റുപാടും.
  മലയുടെ മുകളിലാണ് ഈ കവല.ജനങ്ങള്‍ എന്നും ഈ മലകയറണം.ശബരിമലയില്‍ ഭക്തിക്കാണ് കാശ്  , ഇവിടെ ഉപജീവന സാധനങ്ങള്‍ക്കാണ് അത് കൊടുക്കേണ്ടത്.ഇതാണ് നല്ല മല,ശബരിമലയേക്കാള്‍.

ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് കയറി നിന്ന് ചുറ്റുപാടും നോക്കി.

അഗാധമായ താഴ്വരകള്‍.സദാചാര സമൂഹം എത്രയോ കാതമകലെയെന്ന് ഞങ്ങള്‍ ആശ്വസിച്ചു.   മുറുക്കിപ്പിടിച്ച് ശരീരങ്ങളെ ഞങ്ങള്‍ ഉത്സവമാക്കി.  ഒരു കന്യാസ്ത്രീ ഞങ്ങള്‍ക്കെതിരെ ആ കുഞ്ഞുപള്ളിയുടെ വാതില്‍ കരകരാ ശബ്ദത്തോടെ ചാരി ഇരുട്ടിലേക്ക് മാഞ്ഞുപോയി.ഞങ്ങള്‍ക്ക് അവരെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ കണ്ണുകളില്‍ ഞങ്ങള്‍ പെട്ടു.   കാണുന്നതിനും   കേള്‍ക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ടായിരുന്നു അപ്പോള്‍ ആ മൂഡില്‍.
മുള്ളിക്കവലയില്‍ നിന്നുംകപ്പടാമീശക്കാരന്‍ ഫോറസ്റ്റ് ഗാര്‍ഡിന്റെ കാടന്‍ നോട്ടത്തെ മറികടന്ന് ഞങ്ങള്‍ തമിഴ് പേശും നാട്ടില്‍ കടന്നു.

ഈ യാത്ര അവളുടെ ഭാവനയും നിര്‍മ്മിതിയുമാണ്.അവളുടെ തലപ്പെരുക്കത്തില്‍ പൊട്ടിമുളച്ചതാണ്.
“എനിക്ക് മൌനത്തിരിലിക്കണം,   ചിതറിപ്പോയ എന്റെ ശബ്ദം വീണ്ടെടുക്കണം.വീട്ടിലിരുന്നാൽ അത് നടക്കില്ല”.
കവിതക്കൊപ്പം അവള്‍ ചിത്രകാരിയും കൂടിയാണ്.
“നമ്മള്‍ എവിടെപ്പോകും“?
ഉറച്ച മനസ്സില്‍ അവള്‍ ചിരിച്ചു.
”ഫേണ്‍ ഹില്‍”
“അതെന്താ ഫേണ്‍ ഹില്‍”
“കാലം അവിടെ ഘനീഭവിച്ച് കിടക്കുന്നു.പകല്‍ക്കാടുകളില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലുകള്‍ പോലെ.അവിടെ ഭാവിയും ഭൂതവുമില്ല.ഉറഞ്ഞ മഞ്ഞ് തൂങ്ങിക്കിടക്കുന്ന നിശബ്ദത മാത്രം.വേരില്ലാതെ,പൊട്ടി മുളക്കാത്ത വിത്തിന്റെ നിദ്രാനിമിഷം പോലെ എനിക്ക് കഴിയണം”
കുണ്ടിലും കുഴിയിലും വളവിലും തിരിവിലും പെട്ട് ജീപ്പുലയവെ എന്റെ ചെവി കടിച്ചവള്‍ പറഞ്ഞു.
“നിന്റെ പോലെയല്ല എന്റെ ശരീരം... തുളുമ്പുന്നു”
“കുറച്ച് നേരം ഇറങ്ങി നടന്നാലോ”.ഞാൻ
“വേണ്ട തണുപ്പില്‍ നമ്മളുരുമ്മി നടന്നാല്‍ തുളുമ്പുന്നത് നീയായിരിക്കും”
ഞങ്ങളുടെ മലയാളച്ചിരിയില്‍ തമിഴത്തികള്‍ കണ്ണുമിഴിച്ചു.

ഊട്ടിയിലെത്തുമ്പോള്‍ സമയം പാതിര.തണുപ്പിന്റെ തിരയിളക്കം.
  മഞ്ഞില്‍ ഡിസംബര്‍ പുതച്ചുകിടന്നു.
ആദ്യം തെളിഞ്ഞ വെളിച്ചത്തിലേക്ക് മഞ്ഞു വിരിച്ചിട്ട നിലാവില്‍ ഞങ്ങള്‍ നടന്നു.
നായ്ക്കുരവകള്‍.
വഴിയോരത്തെ ടെന്റുകളില്‍ അപരിചിതമായ ശബ്ദങ്ങള്‍,മനുഷ്യരുടേതാണ്.
പേടി തോന്നിച്ചതേയില്ല.
കയറിയ കൊച്ചു ഹോട്ടലിന്റെ മുന്‍ ഭാഗത്ത് നിരനിരയായി കിടന്ന് കൂര്‍ക്കംവലിച്ചുറങ്ങുന്ന കമ്പിളിക്കെട്ടുകളെ ആയാസത്തോടെ മറികടന്ന് ഞങ്ങൾ മുറിയിലെത്തി.അതൊരു പഴയ ലോഡ്ജായിരുന്നു. മലര്‍ന്നുകിടന്ന് പുതപ്പും പുതപ്പിന്മേല്‍ പുതപ്പും ഞങ്ങള്‍ തണുപ്പ് കവര്‍ന്ന ശരീരത്തിലേക്ക് വലിച്ചിട്ടു.മാറാലയില്‍ പൊതിഞ്ഞ് ഒരു മടിയന്‍ പഴയ ഫാന്‍.ആരും അതിനെ തിരിക്കാന്‍ നോക്കിയിട്ടില്ല,അതിന്റെ ആവശ്യവുമില്ല ഈ മഞ്ഞുമലയില്‍.തണുപ്പിനെ ഞങ്ങള്‍ ഒന്നിച്ച് നേരിട്ടു.
വെളുത്തപ്പോള്‍ കമ്പിളിയില്‍ നിന്നും ആമയെപ്പോലെ പുറമേക്ക് വന്ന ഞങ്ങളെ മഞ്ഞുപറ്റങ്ങൾ മുറിയിലേക്ക് തലനീട്ടി ഒന്നു നക്കി.


ഫേണ്‍ ഹില്ലിലേക്കുള്ള നടത്തത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ വെയില്‍ കോടയിൽ നിന്നും പതുക്കെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു,ഒരു മടിയന്‍ കുട്ടിയെപ്പോലെ.
വെയില്‍ ഞങ്ങൾക്ക് പുതിയ ലഹരിയായി.
കഴുത വിസര്‍ജ്ജ്യങ്ങള്‍ക്കരികെ നിന്ന് ഞങ്ങള്‍ ചായ രസിച്ചു.
“പതുക്കെ നടന്നാല്‍ മതി,അവിടെ ചെന്നാല്‍ നിന്റെ പ്രേമമൊന്നും നടക്കില്ല”.
“അതെന്താ”
“അതൊരാശ്രമമല്ലെ?”
“യതിയുടെ ആശ്രമല്ലെ,സ്കോപ്പുണ്ട് ”
“അതെന്താ ”
“ ആള്‍ നല്ലൊരു കാമുകനായിരുന്നു”
“ആര്”?
“യതി‘

'പക്ഷെ നിന്നെപ്പോലെയല്ല,നല്ല ഒതുക്കമുണ്ടായിരുന്നു.ലോകാവസാനം മുന്നില്‍ കാണുന്നതുപോലെയാവരുത് പ്രണയചേഷ്ടകള്‍”

  അവള്‍ ഒളികണ്ണിട്ടു.
മഞ്ഞു വേലിക്കകത്തെ ആശ്രമത്തിന് ഇളംവെയില്‍ തിളക്കം.
എന്തിലേക്കോ ഉറയുന്നതു പോലെ ഞങ്ങള്‍ നിശബ്ദരായി.
യതിയൊഴിഞ്ഞ ആശ്രമം വിജനമായിരിക്കുമോ ?
യതിയുടെ കുസൃതികള്‍ കേള്‍ക്കാതെ സസ്യപരിസരങ്ങള്‍ നിര്‍മമാ‍യിത്തീര്‍ന്നിട്ടുണ്ടാകുമോ?

തക്കാളിച്ചെടിയിലെ പൂക്കളും കായ്കളും ജിഞ്ജാസയില്‍ നോക്കി നില്‍ക്കുന്ന ആശ്രമവാസിയെക്കണ്ടു,ജപ്പാനിയാണ്.
അവര്‍ ചിരിച്ചു,ആശ്രമത്തിലേക്ക് സ്വാഗതം.

ഞങ്ങള്‍ക്ക് അകലാന്‍ സമയമായി.
ഷാളുകള്‍ ഞങ്ങള്‍ പരസ്പരം കൈമാറുമ്പോള്‍ തണുത്ത കാറ്റ്.



കാന്‍വാസ്സില്‍ അവളുടെ  ബ്രഷ് നൃത്തം ചെയ്യുന്നത് പിന്നീടൊരിക്കലും ഞാന്‍ കണ്ടില്ല.
എന്റെ വാസസ്ഥലങ്ങളിലെവിടെയൊ അവളുടെ മണം ചിന്നിയ  കോട്ടന്‍ ഷാള്‍ ചുരുണ്ടുകിടപ്പുണ്ടാകും.



dc books - page 235- price `60





7 comments:

മണിലാല്‍ said...

“നിന്റെ പോലെയല്ല എന്റെ ശരീരം, തുളുമ്പുന്നു”
“കുറച്ച് നേരം ഇറങ്ങി നടന്നാലോ”
“വേണ്ട തണുപ്പില്‍ നമ്മളുരുമ്മി നടന്നാല്‍ തുളുമ്പുന്നത് നീയായിരിക്കും”

Shades said...

good piece but looks like u have hurriedly scribbled it.. could have taken a lil more time so that the words reflect those cherished moments with all their beauty.

Karthika said...

nalla language....

റീനി said...

പൊട്ടി മുളക്കാത്ത വിത്തിന്റെ നിദ്രാനിമിഷം പോലെ എനിക്ക് കഴിയണം,വേരില്ലാതെ........സുന്ദരം!

കൂടുതല്‍ രചനകള്‍ വരട്ടെ,വാരിയെടുത്ത ജീവിതം ബാഗില്‍ തിരുകുമ്പോള്‍ കൂട്ടത്തില്‍ വെക്കാനായി!

Muralee Mukundan , ബിലാത്തിപട്ടണം said...

എവിടേയും കെട്ടിയിടാത്ത പ്രണയത്തിന്റെ തുടിപ്പുകളാണ് മണിലാൽ താങ്കളിതിലൂടെ വരച്ചിട്ടിരിക്കുന്നത്...
അഭിനന്ദനങ്ങൾ...

indrasena indu said...

ഫേണ്‍ ഹില്ലിലേക്കുള്ള നടത്തത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ കോടയില്‍ നിന്നും വെയില്‍ പതുക്കെ പുറത്തേക്ക് വന്നു,മടിയന്‍ കുട്ടിയെപ്പോലെ.
വെയില്‍ ഞങ്ങളെ പുതിയ ലഹരിയിലേക്ക് ഉയരത്തി.

anand jyothi said...

LOVE,LOVE ,LOVE AND DO WHAT U DESIRE…LOVE HEALS


നീയുള്ളപ്പോള്‍.....