പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, June 23, 2011

കല്‍ക്കത്താ നഗരമെനിക്കൊരു കല്‍ക്കണ്ടത്തരിയാണല്ലോ !
സത്യജിത് റായിയും ഘട്ടക്കും രവീന്ദ്ര നാഥ ടാഗോറും താരാ ശങ്കര്‍ ബാനര്‍ജിയും ബിമല്‍ മിത്രയും യശ്പാലും ബങ്കിം ചന്ദ്രയും ബംഗാളിനെ മഹാനഗരമാക്കി ഉയര്‍ത്തിപ്പിടിച്ചു.മലയാളികളുടെ മഹാകാഥികനായ സാംബശിവന്‍ കൊല്‍ക്കൊത്താ നഗരം ഒരു കല്‍ക്കണ്ഠത്തരിയാണെന്നുവരെ പറഞ്ഞുവെച്ചു,പാടി.ആധുനിക ബംഗാളിന്റെ നാടകക്കാരനായ ബാദല്‍ സര്‍ക്കാറിനെ കേരളത്തില്‍ വ്യത്യസ്തതയോടെ തന്നെ അവാതരിപ്പിച്ചു,ഭോമയിലൂടെ.യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ കൊല്‍ക്കൊത്ത ചങ്കില്‍ തടഞ്ഞുനിന്നു.തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ കോട്ടയം വഴി വേണ്ട എന്നു കട്ടായം പറയും പോലെ പശ്ചിമഭാഗത്തേക്ക് ചെരിഞ്ഞുള്ള യാത്ര പലപ്പോഴും വഴിയെക്കുറിച്ചുള്ള പേടിയാല്‍ മുടങ്ങി.
ഫിലിംഫെസ്റ്റിവലുകളില്‍ പോയി സര്‍ഗപൂജനടത്തി രണ്ടുതവണ പോയിവന്നതൊഴിച്ചാല്‍.അന്നൊക്കെ ചൌരംഗിയിലും നൊന്ദന്‍ കോംപ്ലക്സിനു ചുറ്റുമായി യാത്രകള്‍ നുരഞ്ഞമര്‍ന്നു.അന്നൊക്കെ ബാവുള്‍ സംഗീതവും ശാന്തിനികേതനും ബംഗാളിന്റെ ആദര്‍ശഗ്രാമവുമൊക്കെ യാത്രക്കു പുറത്തായിരുന്നു.കാടും മേടും കുന്നുമിറങ്ങി പാട്ടും പാടി സ്കൂളിലേക്കു പോകുന്ന കുട്ടികളെക്കുറിച്ച് ശാന്തിനികേതനില്‍ പഠിച്ച ചങ്ങായിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കടുകെണ്ണ തേച്ച് കടുകുപാടത്തിന്റെ ഗന്ധവുമായി യാത്ര ചെയ്യുന്ന സ്ത്രീകളും,അതില്‍ തന്നെ പൊരിച്ച മീനും,മുഷിഞ്ഞുറങ്ങുന്ന പുരുഷന്മാരും ബാവുല്‍ നാടോടികളും അന്യമായിരുന്നു ആ യാത്രയിലൊക്കെ.

ഇത്തവണത്തെ യാത്ര മറ്റൊരു തരത്തില്‍ ആവിഷ്കരിക്കുകയായിരുന്നു.ഒറ്റക്ക്,തോന്നിയ ദിക്കുകളിലേക്ക്,ഒതുക്കുകളിലേക്ക്,തുറസ്സുകളിലേക്ക്.തീവണ്ടിയില്‍ പട്ടാളക്കാരായിരുന്നു സഹയാത്രികരില്‍ അധികവും.പിന്നെ ഒരു ചണസഞ്ചി നിറയെ പുഴുങ്ങിയ കോഴിമുട്ടയുമായി കയറിയ ബംഗാളി മദ്ധ്യവര്‍ഗ്ഗ കുടുംബവും.പട്ടാളക്കാര്‍ നോര്‍ത്ത് ഈസ്റ്റില്‍ അധിക കാലം സര്‍വ്വീസിലിരുന്നതിനാല്‍ ആയിരിക്കണം ബംഗാളികള്‍ ആദ്യത്തെ കോഴിമുട്ട പൊളിച്ച് തൊണ്ട് താഴെ ഇട്ടതോടെ അവരോട് ശത്രുത പ്രഖ്യാപിച്ചു.വൃത്തികെട്ടവര്‍, ബുദ്ധിയില്ലാത്തവര്‍ എന്നൊക്കെ തൃശൂര്‍ തിരുവല്ല ആലപ്പുഴ ഭാഷകളില്‍ അവരെ ചീത്തവിളിച്ചു,ചീട്ടുകളിച്ചു.(മനുഷ്യരെപ്പറ്റി പൊതുവില്‍ ഇങ്ങനെ പറയാന്‍ പാടുണ്ടൊ എന്നൊന്നും ചോദിച്ചില്ല,ഹൌറവരെയുള്ള കൂട്ടല്ലെ)ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്ന ഭാവത്തോടെ യുവദമ്പതികളില്‍ കലപിലവെക്കാന്‍ അര്‍ഹതപ്പെട്ടവള്‍ മുട്ടയുടെ തോട് പൊളിച്ചുകൊണ്ടിരുന്നു.അവള്‍ എന്ന ഭാര്യ കറുമുറെ പൊളിക്കുന്നു,അവന്‍ എന്ന ഭര്‍ത്താവ് കറുമുറെ തിന്നുന്നു.ഉറങ്ങിക്കൊണ്ടിരുന്ന പുരുഷവിഭാഗം ഉണരുമ്പോഴൊക്കെ അയാള്‍ കൈകള്‍ നീട്ടും,അവള്‍ അതില്‍ മുട്ട വെക്കും.മുട്ട കഴിക്കുന്നതും അയാള്‍ ഉറക്കത്തിലേക്ക് വീണ്ടും.പൊളിച്ച മുട്ടയുമായി ആ താപസ്വിനി ഭര്‍ത്താവിന്റെ ഉണര്‍ച്ച ക്ഷമയോടെ കാത്തിരിക്കും.(മുട്ടക്ക് ക്ഷാമം വരുന്ന അവസ്ഥയില്‍ ആ കുടുംബത്തില്‍ എന്തും സംഭവിക്കാം)ഫസ്റ്റ് റമ്മിയും സെക്കന്റ് റമ്മിയും റണ്ണും കളറും മറിച്ചും തിരിച്ചും ഉണ്ടാക്കുന്നതിനിടയിലും ബംഗാള്‍ വിരുദ്ധ ഒളിയമ്പുകളില്‍ പട്ടാളക്കാര്‍ വ്യാപൃതരായി.നല്ല ഇന്ത്യന്‍ പട്ടാളം.


ഓരോ സ്റ്റേഷനുകളും അതിന്റെ അനുബന്ധ ചേരികളും ഇന്ത്യയുടെ ഓരോ മുഖം കാട്ടിത്തന്നു.പതിനേഴു വര്‍ഷത്തിനു ശേഷവും മാറ്റം കലണ്ടറിനുമാത്രം.മേരാ ഭാരത് മഹാന്‍!
........എവിടെയെന്നു മാത്രം ചോദിക്കരുത്?മോനായി എന്ന മേലുകാവുകാരന്‍ ഇടക്കിടെ മുകള്‍ ബര്‍ത്തിലേക്ക് വലിഞ്ഞുകയറും. എന്തൊക്കെയോ തപ്പിത്തിരഞ്ഞ് മുഖം തുടച്ച് താഴെക്ക് തിരിച്ചു പോരും.കുഴയുന്ന നാവിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് ഇടക്കിടെയുള്ള കയറ്റം.പട്ടാളക്കാര്‍ നാട്ടില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ പിശുക്കന്മാരാവും(വരുമ്പോളും വ്യത്യസ്ഥമല്ല,മാന്ദ്യകാലത്തെ ഗള്‍ഫുകാരെപ്പോലെ).അതിന്റെ ഉദാഹരണമാണീ ഒറ്റയാന്‍ ഹണ്ടിംഗ്.ചായ മണ്‍പാത്രത്തില്‍ കിട്ടാന്‍ തുടങ്ങിയതോടെ വണ്ടി ബംഗാളില്‍ കടന്നു എന്ന് തിരിഞ്ഞു.ചായ ചട്ടിയിലെങ്കില്‍ സ്ഥലം ബംഗാള്‍ തന്നെ.(എനിക്കിഷ്ടമാണ് തേയിലയും പാത്രത്തിന്റെ മണ്‍വാസനയും ചേര്‍ന്ന ആ പ്രാചീനമായ രുചി)
ഖരക്പൂറിലെത്തി.(ഞാന്‍ പുറത്തേക്ക് പാളി നോക്കി,മാവോ വാദികളെ എങ്ങാനും കാണാനുണ്ടൊ എന്ന്.തൊട്ടടുത്ത ദിവസം ഇതേ പാളമാണ് ട്രെയിനിന്റെയും മനുഷ്യരുടെയും യാത്ര തെറ്റിച്ചത്)

അവിടുത്തെ ഐ ഐ ടിയില്‍ തൃശൂരുള്ള രാജു ഗവേഷണം നടത്തുന്നുണ്ട്.സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിദഗ്ദനായ രാജുവാണ് കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഗ്രാമമുഖം പറഞ്ഞുതരാറ്.
മഴക്കാലത്ത് വീടു ഒലിച്ചു പോകുമ്പോള്‍ എന്റെ വീടെ എന്റെ വീടെ എന്ന് വാവിട്ട് കരയാതെ ,വില്ലേജ് ഓഹീസില്‍ പോയി അപമാനിതരാവാതെ വല്ല സ്കൂളിലോ ഓലച്ചെരിവിലോ മരച്ചോട്ടിലോ പെരുമഴക്കാലം കഴിച്ചു കൂട്ടി വേനലില്‍ എവിടെയെങ്കിലും വീണ്ടും കൂടുകൂട്ടുന്ന മനുഷ്യരെപ്പറ്റിയും രാജു പറഞ്ഞിട്ടുണ്ട്.ഭരണകൂടത്തോടൊപ്പം നില്‍ക്കുന്ന കുതന്ത്രരായ ആ‍ധുനികമനുഷ്യര്‍ക്കൊപ്പമല്ല ഋതുഭേദങ്ങള്‍ക്കൊപ്പം നിറം മാറ്റുന്ന പ്രകൃതിക്കൊപ്പമാണവരുടെ സഞ്ചാരം.എ.പി.എല്ലോ ബി.പി.എല്ലൊ ഒന്നും അവരെ അലട്ടുന്നില്ല.അന്നത്തെ അന്നത്തിലാണ് അവരുടെ കൈമെയ്മനസ്സ്.
സ്കൂളുകള്‍, ആശുപത്രികള്‍, പോലീസ് സ്റ്റേഷന്‍, അതിര്‍ത്തി തര്‍ക്കം, വൈദ്യുതി,പുസ്തകം,പാക്കറ്റ് പാല്‍,ലോകകപ്പ്,റിസര്‍വ്വേഷന്‍,സ്ത്രീ പീഡനം,സ്നഗ്ഗി,നിരോധനസാമഗ്രികള്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സേഫ്റ്റി ടാങ്ക്,തീവ്രവാദം ഇതൊക്കെ കേട്ടാല്‍ എന്തൊന്നിതെന്ന് അവര്‍ മൂക്കത്ത് വിരല്‍ വെക്കും.

സ്വത്വ രാഷ്ടീയം, കുഞ്ഞുമുഹമ്മദുമെന്നൊക്കെ പറഞ്ഞാല്‍ അവര്‍ തലചുറ്റിവീഴും.
സ്വന്തമായി വീടും വരാന്തയും വീട്ടുനമ്പറും ഇല്ലാത്തതിനാല്‍ അയല്‍ക്കൂട്ടവുമില്ല,തൊഴിലുമില്ല,തൊഴിലുറപ്പുമില്ല.നാടോടികളാണെങ്കിലും നാടോടുമ്പോള്‍ ആര്‍ത്തി പൂണ്ട് നടുവെ ഓടുന്നുമില്ല.ഇങ്ങനെയൊക്കെയുള്ള ഖരക്പൂരില്‍ ആണ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ വേ സ്റ്റേഷന്‍ എന്നതും വിസ്മയമുളവാക്കി.കയറിക്കിടക്കുന്ന നാടോടികളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാനായിരിക്കും ഫ്ലാറ്റ് ഫോം വലിച്ചു നീട്ടുന്നത്.
ദാരിദ്യം പങ്കുവെക്കലും സോഷ്യലിസമാണോ?


ഒറീസയുടെ അതിര്‍ത്തിയായ ഖരക്പൂര്‍ വിട്ടാല്‍ അവിടിന്നങ്ങോട്ട് ട്രെയിന്റെ പോക്ക് ഷുഗര്‍ തലക്കടിച്ച ആളുടെ മട്ടാണ്,ദിക്കും കണ്ണും തെരിയാത്തതുപോലെ ഒരു പകപ്പില്‍.ബുദ്ധനെയോ മമതയേയോ ?
ബംഗാളില്‍ ഇനി ആരെ അനുസരിക്കണം!
സംശയമുള്ള മട്ടില്‍ വണ്ടി പതുക്കെ ഇഴഞ്ഞും നിരങ്ങിയും.

കാത്തുനിന്ന ശോഭ കൊല്‍ക്കൊത്തയിലെ ഹുമിഡിറ്റിയില്‍ മുഷിഞ്ഞു.അവരുടെ കൌതുകത്തില്‍ പൊതിഞ്ഞ മമത നിറഞ്ഞ മുഖം പഴയ പടി.തേടുന്നതിനേക്കാളേറെ സ്നേഹം സ്വയം പ്രസരിപ്പിക്കുന്നവള്‍ ശോഭ. വര്‍ഷങ്ങള്‍ക്കു ശേഷം ശോഭയെ നേരിടുകയാണ്.കൊല്‍ക്കത്തയെ 17 വര്‍ഷങ്ങള്‍ക്കു ശേഷവും. കാറില്‍ എന്നെയും ലഗ്ഗേജിനേയും ശോഭ നിറച്ചുവെച്ചു.കാറിനെ കാറ്റിനൊപ്പം പറത്തി.നഗരത്തിന് മാറ്റമൊന്നുമില്ല,കെട്ടിടങ്ങളും മനുഷ്യരും മുഷിഞ്ഞു തന്നെ.കേരളത്തിലെ സര്‍ക്കാര്‍ യാത്രാ‍ ബോട്ടിനു സമാനമാണ് ഇവിടുത്തെ ബസുകള്‍.നേരത്തെ ഞാന്‍ കണ്ടത് സീറ്റിനു പകരം ബഞ്ചായിരുന്നെങ്കില്‍ ഇപ്പോള്‍ ചാരുബെഞ്ചാണ്.നമ്മുടേതു പോലുള്ള സീറ്റിലേക്കുള്ള മാറ്റത്തിന് ഇനിയും വര്‍ഷങ്ങള്‍ എടുക്കും.(ദാരിദ്യം ഒരു സാദ്ധ്യതയാണോ?)എവിടെയും തിരക്കുതന്നെ,റെയില്‍ വേ സ്റ്റേഷനില്‍,മാര്‍ക്കറ്റില്‍,റോഡില്‍ എല്ലാം തിരക്കോടു തിരക്ക്.
എവിടേക്കും പോകാനല്ല പലരും തിരക്കു കൂട്ടുന്നത്.വെറുതെ തിരക്കു കൂട്ടുക അല്ലെങ്കില്‍ ഒരു കേരളാ മോഡല്‍ തിരിഞ്ഞുകളി.
(പോക്കറ്റടിക്കാര്‍ രൂപപ്പെടുന്നത് ഇവിടേ നിന്നായിരിക്കും)
തിരിഞ്ഞുകളിയില്‍ മാത്രം ബംഗാളികള്‍ക്ക് മലയാളികളോട് മുട്ടാം.ഒരു ബ്രസീൽ അർജന്റീന മുട്ട് പ്രതീക്ഷിക്കാം.


ട്രെയിനിലെ ബംഗാളി മുങ്ങിയത് മുട്ടയിലാണെങ്കിൽ ബംഗാളിലെ ബംഗാളി വഴിമുട്ടി നിൽക്കുന്നത് ഉരുളക്കിഴങ്ങിലാ‍ണ്.
നാലു കറിയുണ്ടെങ്കിൽ അഞ്ചിലും ഉരുളൻ കിഴങ്ങ് കമിഴ്ന്നുകിടപ്പുണ്ടാകും.(മോര് വേണോ എന്നു ചോദിച്ചാൽ ഉരുളക്കിഴങ്ങുകൊണ്ടാണെങ്കിൽ വേണ്ടാ എന്ന് പറയേണ്ടി വരും).ശങ്കു ഉണ്ടാക്കിയ ഉപ്പുമാവിലും ഉരുളൻ കിഴങ്ങ് കണ്ടതിനെത്തുടർന്ന് ഞാൻ താമസം മാറ്റി.ശോഭയുടെ ഫ്രിഡ്ജിലെ മീൻശേഖരം ഗൌതം ഘോഷിന്റെ പത്മാ നദീർ മാജീ എന്ന സിനിമയെ ഓർമ്മിക്കാൻ ഇടയാക്കി,മത്സ്യം ഗംഗയുടേ ഉപാഖ്യാനമായ ഹൂഗ്ലിയിലേതാണെങ്കിലും.കിംവദന്തി എന്ന പദം നമ്മുടെ നാട്ടിൽ രാഷ്ടീയക്കാരുടെയും ജർണ്ണലിസ്റ്റുകളുടെയും ജീവരക്തമാണെങ്കിൽ ഇവിടെ അത് ജുബ്ബകൾ വിൽക്കുന്ന പ്രശസ്തമായ ഷോപ്പിന്റെ പേരാണ്.(ദേശാഭിമാനിയിലെ ജയിൻ താമസിക്കുന്നത് കിംവദന്തി റോഡിലാണ്,കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.)കേരളത്തിൽ കേസിൽ കുടുക്കാൻ പോലീസ് ഉപയോഗിക്കുന്ന ഇനങ്ങളാണ് കഞ്ചാവും ബ്ലു ഫിലിമും.അതിനവർ വീട്ടിൽ നിന്നും നീലനേയും സ്റ്റേഷനിൽ നിന്നും കഞ്ചാവും കയ്യിൽ കരുതും.(മദ്യത്തിന് നാന്നൂറൂം അഞ്ചൂറും ശതമാനം പിടുങ്ങുന്ന കൊള്ളപ്പിരിവുകാരാണ് ഇവിടെ ഭരിക്കുന്നതെന്നും ഓർക്കുക).നമ്മുടെ ബെവറേജിനു മുന്നിലെ അച്ചാർ പാക്കറ്റുകൾ പോലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിനു മുന്നിലെ ഘോഷിന്റെ കടയിൽ കഞ്ചാവ് പാക്കറ്റുകൾ ഞാന്നുകിടന്നു.തൊപ്പി കയ്യിൽ പിടിച്ച ഒരു പോലീസുകാരനും മറ്റുള്ളവർക്കൊപ്പം അതു വാങ്ങുന്നതു കണ്ടു.പരിക്കേല്‍ക്കാത്ത കാറുകള്‍ ഇവിടെ വിരളം.ചുളുങ്ങിയും ചളുങ്ങിയും.
മരണക്കിണറുകളില്‍ വാഹനമോടിക്കുന്നവരുടെ ജന്മസ്ഥലമെന്ന് തോന്നിപ്പിക്കും ഇവിടുത്തെ വാഹനങ്ങളുടെ പോക്കുവരത്ത് കണ്ടാല്‍.
അക്ഷമര്‍,അസ്വസ്ഥര്‍.
ഇവരെയാണ് രാഷ്ടീയക്കാര്‍ എവിടേയും അമ്മാനമാടുന്നത്,ഇപ്പോള്‍ പന്ത് മമതയുടെ കയ്യിലും.അവര്‍ അടിക്കുന്നതൊക്കെ ഗോള്‍ ആകുന്നു,അവര്‍ അന്തംവിടുന്നു.
മറഡോണയെപ്പോലെ താടിവെച്ച് വായില്‍ക്കൊള്ളാത്ത വാചകമടിച്ച് നടന്നിട്ട് ഇനി കാര്യമില്ല,കളത്തെ തിരിച്ചറിയണം,കാണികളെ ബഹുമാനിക്കണം.
അതാണ് ഇവിടെ ജനങ്ങള്‍ രാഷ്ടീയക്കാര്‍ക്ക് നല്‍കുന്ന പാഠം.


കൊല്‍ക്കത്തെയെ അറിയാന്‍ പല വഴിക്ക് സഞ്ചരിച്ചു.
കൊല്‍ക്കൊത്തയിലേക്ക് വന്ന ദേശാഭിമാനിയിലെ ജെയിന്‍,ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് വിദ്യാര്‍ത്ഥികളായ രശ്മി,പ്രത്യുഷ്,സോളങ്കി,രഞ്ജിത് എന്നിവരും സി.ഐ.ടി.യു നേതൃത്വം വഹിക്കുന്ന നാരായണന്‍ സഖാവ്,ഷിപ്പിംഗ് കമ്പനിയിലെ ശങ്കു(സംഗമേശ്വരന്‍),മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന പ്രേം ഇവരൊക്കെ പലയിടങ്ങളിലേക്കും അനുഭവങ്ങളിലേക്കും ചൂണ്ടുപലകകളായി.പുതു സ്ഥലത്തിന്റെ അന്യത ഇവരിലൂടെ അലിഞ്ഞുപോയി.

ബംഗാളിന്റെ അവസ്ഥ അവിടുത്തെ സൈക്കിള്‍ റിക്ഷയിലുണ്ട്.ഭാരം വലിക്കുന്ന മനുഷ്യരിലുണ്ട്.തെരുവു ജീവിതത്തിലുണ്ട്.ഘട്ടക്കിന്റെ സിനിമയിലുണ്ട്.കൃഷിയിടങ്ങളിലുണ്ട്.നന്ദിഗ്രാമിലെ വെടിയൊച്ചയിലുണ്ട്.
(ടാഗോറിന്റെ എഴുത്തിലുണ്ടൊ?)
ശാന്തിനികേതനിലേക്ക് റെയില്‍ വേ സ്റ്റേഷനിൽ നിന്നും 2 കി.മീറ്റര്‍ ദൂരമുണ്ട്.
സ്റ്റേഷനു പുറത്ത് റിക്ഷക്കാർ നമ്മെ പൊതിയും.കയ്യിൽ വണ്ടിയും ഉണ്ടാവും.ആർത്തിയല്ല,ദാരിദ്യമാണവരെ നയിക്കുന്നത്.അവരുടെ മുഖം കണ്ടാൽ പിന്നെ ഒന്നും പറയാൻ പറ്റില്ല.തിരുവല്ല സ്റ്റേഷനിലെ ഓട്ടോറിക്ഷക്കാരെപ്പോലെ അവരെ സംശയിക്കേണ്ടതില്ല.

ടയറിനു പകരം റബ്ബര്‍പട്ട ചുറ്റിട്ട സൈക്കിള്‍ റിക്ഷയില്‍ ശാന്തിനികേതന്‍* വരെ പോകാന്‍ ചോദിക്കുന്ന വലിയ തുക 20 രൂപ.തര്‍ക്കിച്ചാല്‍ 10.അവിടെ ചെന്ന് പറഞ്ഞുറപ്പിച്ച തുകക്ക് മേലെ കൊടുത്താല്‍ അവിശ്വസീയതയോടെ അവര്‍ നമ്മെ തുറിച്ചു നോക്കും.100 രൂപയാണ് കൊടുക്കുന്നതെങ്കില്‍ ടാഗോറിനേക്കാളും ഉന്നതിയില്‍ നിങ്ങളെ അവര്‍ പരിഗണിക്കും. അതില്‍ കയറുന്നതും അവരെക്കൊണ്ടു ഏന്തിവലിപ്പിക്കുന്നതും ഇന്നത്തെ ലോകത്തില്‍ മനുഷ്യത്വരഹിതമായ കാര്യമാണ്.
ബംഗാളിന്റെ മുഖം അതാണ്.

ഇത്തരം മനുഷ്യപ്രകൃതിയില്‍ കൂടി ഉല്ലാസത്തോടെ യാത്ര അസാധ്യമാണ്.

നമ്മള്‍
ബംഗാള്‍ ഓ.... ബംഗാള്‍
എന്നൊക്കെ കവിതയും കഥയും കഥാപ്രസംഗവുമൊക്കെ ഉണ്ടാക്കും.
മുദ്രാവാക്യവും വിളിക്കും.

കമ്യൂണിസ്റ്റുകളുടെ ഒരു ദോഷം അതാണ്.അക്കരപ്പച്ചയില്‍ അവര്‍ അബ്നോര്‍മല്‍ ആവും.ഇവിടെയിരുന്നു അവിടുത്തെ സ്വര്‍ഗ്ഗത്തെപ്പറ്റിയും അവിടെയിരുന്ന് ഇവിടുത്തെ സ്വര്‍ഗ്ഗത്തെപ്പറ്റിയും വാഴ്ത്തും.

ഓ...റക്ഷ്യ
ഓ..ബംഗാള്‍
എന്നൊക്കെ അലറിയത് അങ്ങിനെയാണ്.

(ആകെയുള്ളത് ബാവുല്‍ സംഗീതവും അതിന്റെ ഉപാസകരായ ഗായകരുമാണ്.അവര്‍ പാടുന്ന നിമിഷങ്ങള്‍ അവര്‍ക്കുള്ളതാണ്,കേള്‍ക്കുന്ന നമുക്കും.അവരാണ് ഈ സമൂഹത്തിന്റെ അവകാശികള്‍.തെരുവില്‍,തീവണ്ടിയില്‍,ഗ്രാ‍മങ്ങളില്‍ എവിടെയും നമുക്കവരെ കാണാം,കേള്‍ക്കാം.ശാന്തിനികേതനില്‍ വെച്ച് ഒരു മണിക്കൂര്‍ ഒരു ബാവുല്‍ ഗായകനൊത്ത് പാട്ടുകേട്ടു.അതായിരുന്നു ബംഗാളിലെ എന്റെ നല്ല ഒരു മുഹൂര്‍ത്തം.)


അരവിന്ദന്‍ സിനിമയിലെ കഥാപാത്രം പോലെ .......
“ഞാന്‍ നേരിട്ട് കേട്ടതാണ്”
എന്നൊരു സത്യപ്രസ്താവത്തില്‍ അവര്‍ ആധികാരികത നിറക്കും.

കൊല്‍ക്കത്ത നഗരജീവികള്‍ ശ്വാസം വിടാന്‍ പോകുന്നത് വിശാലമായ മൈതാനത്തേക്കാണ്.ബ്രിട്ടിഷുകാരുടെ പണിയാണ്.കുട്ടികള്‍ ശ്വാസം മുട്ടുന്നതുവരെ കളിക്കുന്നതും ഇവിടെയാണ്.മൊഹമ്മദിന്‍സിന്റേയും ഈസ്റ്റ് ബംഗാളിന്റെയും ക്ലബ്ബുകള്‍ കണ്ടു.ഐ.എം.വിജയനും ഇവിടെ പന്തൂരുട്ടുകയും ഉയര്‍ത്തുകയും നീട്ടുകയും ചെയ്തിട്ടുണ്ട്.മനോഹരമാണീ പ്രദേശം.ബ്രിട്ടീഷുകാരുടെ പഴയ കെട്ടിടങ്ങള്‍ മാത്രം ഭംഗിയില്‍ നിലനിര്‍ത്തിയിരിക്കുന്നു.കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലൂടെ ശോഭ കാറോടിച്ചു.ഈ സ്ഥലങ്ങള്‍ എല്ലാം ഇന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഓഫീസുകള്‍ ആണ്.ലെറ്റനന്റ് കേണലായ ശോഭക്ക് അവിടെ എല്ലാ വഴികളും ചിരപരിചിതം,അവരുടെ ഇന്ത്യന്‍ ഭാഷകള്‍ പോലെ.(അതിലുപരി അവര്‍ മലയാളത്തെ സ്നേഹിക്കുന്നു,പറയുന്നു,എഴുതുന്നു.വൈക്കത്തെ തലയോലപ്പറമ്പിലെ പത്തിരുപത് വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഒരു കഥാപുസ്തകത്തിന്റെ അദ്ധ്യായങ്ങള്‍ പോലെ ചിട്ടയോടെ പറയാന്‍ പാകത്തില്‍ അവരുടെ മനസ്സിന്നും സജ്ജമാണ്.)ഇതിനു പുറത്താണ് കൊല്‍ക്കൊത്തയുടെ മലിനമുഖം.പഴയ കെട്ടിടങ്ങള്‍.ഒരു ദുരന്തമുണ്ടായാല്‍ എല്ലാവരും അമര്‍ന്നടങ്ങുന്ന പഴഞ്ചന്‍ മാതൃകകള്‍.തീപിടുത്തമുണ്ടായി അനേകങ്ങള്‍ മരിച്ച കെട്ടിടം ഇപ്പോഴും അതേപടി പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുന്നു.പുതുമയിലേക്കുള്ള വഴി ഇപ്പോഴും തിരിയാത്ത സമൂഹം.
ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്സും സയന്‍സ് സിറ്റിയും ശാന്തിനികേതനും സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടും ചൈനീസ് സിറ്റിയുമാണ് ബംഗാളില്‍ ഞാന്‍ കണ്ട നല്ല സ്ഥലങ്ങള്‍.അമൃതാനന്ദമയിയുടെ ആശ്രമം പുറത്തുനിന്ന് നോക്കിയപ്പോള്‍ കൊള്ളാം.ചൈനീസ് സിറ്റിയില്‍ നിന്നും എന്തെങ്കിലും കഴിക്കാതെ,ന്യൂ മാര്‍ക്കറ്റില്‍ നിന്നും എന്തെങ്കിലും വാങ്ങാതെ,ലിച്ചിപ്പഴം രുചിക്കാതെ കൊല്‍ക്കൊത്താ അനുഭവം അപൂര്‍ണ്ണം.ഗുന്തര്‍ ഗ്രാസ് പ്രസ്താവിച്ചതു പോലെ
കൊല്‍ക്കത്ത മരിക്കുന്ന നഗരമാണ്.
പക്ഷെ
സത്യജിത് റായിയും ടഗോറും ഘട്ടക്കും യശ്പാലും ബിമല്‍ മിത്രയും താരാശങ്കര്‍ ബാ‍നര്‍ജിയും ബെങ്കിംചന്ദ്രയും എണ്ണിയാലൊതുങ്ങാത്ത സംഗീതജ്ഞരും
അര്‍ദ്ധനഗ്നരായ കൃഷീവലന്മാരും ബംഗാളിന്റെ നിശ്വാസങ്ങളെ പ്രതീക്ഷാനിര്‍ഭരമായി ഉയർത്തുന്നു,ദീര്‍ഘിപ്പിക്കുന്നു.
ഓ.....ബംഗാള്‍ !
ഈ ഭൂമിയിൽ ഒരിടം ഏവരുടേയും അവകാശമാണ്.
ബംഗാളിനെ കുറിച്ചുള്ള എന്റെ കവിത ഈ ഒറ്റവരിയിലൊതുങ്ങുന്നു.


* (ശാന്തിനികേതന്‍ പല പ്ലോട്ടുകളായാണ് തിരിച്ചിരിക്കുന്നത്,ഭൂമി വിശാലമായി കിടക്കുന്നത് കണ്ടാല്‍ സഹിക്കാത്ത കേരളത്തിലെ റിയലല്ലാത്ത ഏസ്റ്റേറ്റ് മാഫിയകളെ ഓര്‍മ്മിക്കും വിധം.മൂപ്പര്‍ക്കും ഈ പണിയുണ്ടായിരുന്നോ എന്ന് കൂടെയുണ്ടായിരുന്ന സംഗമേശ്വരന്‍ തമാശരൂപത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.ഭാഷ മലയാളമായതിനാല്‍ ഞാനവന്റെ വായ പൊത്തിയുമില്ല)

2 comments:

മണിലാല്‍ said...

ഗുന്തര്‍ ഗ്രാസ് പ്രസ്താവിച്ചതു പോലെ
കൊല്‍ക്കത്ത മരിക്കുന്ന നഗരമാണ്.
പക്ഷെ
സത്യജിത് റായിയും ടഗോറും ഘട്ടക്കും യശ്പാലും ബിമല്‍ മിത്രയും താരാശങ്കര്‍ ബാ‍നര്‍ജിയും ബെങ്കിംചന്ദ്രയും എണ്ണിയാലൊതുങ്ങാത്ത സംഗീതജ്ഞരും
അര്‍ദ്ധനഗ്നരായ കൃഷീവലന്മാരും ബംഗാളിന്റെ നിശ്വാസങ്ങളെ പ്രതീക്ഷാനിര്‍ഭരമായി ഉയർത്തുന്നു,ദീര്‍ഘിപ്പിക്കുന്നു.

Manoj vengola said...

മാതൃഭൂമിയില്‍ വായിച്ചാരുന്നു.
ഉവ്വ്.
സത്യജിത് റായിയും ടഗോറും ഘട്ടക്കും യശ്പാലും ബിമല്‍ മിത്രയും താരാശങ്കര്‍ ബാ‍നര്‍ജിയും ബെങ്കിംചന്ദ്രയും എണ്ണിയാലൊതുങ്ങാത്ത സംഗീതജ്ഞരും
അര്‍ദ്ധനഗ്നരായ കൃഷീവലന്മാരും ബംഗാളിന്റെ നിശ്വാസങ്ങളെ പ്രതീക്ഷാനിര്‍ഭരമായി ഉയർത്തുന്നു,ദീര്‍ഘിപ്പിക്കുന്നു.


നീയുള്ളപ്പോള്‍.....