പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, February 11, 2012

യാത്രകളില്‍ സംഭവിക്കുന്നത്



യാത്രകളില്‍ സംഭവിക്കുന്നത്

ലോകമെമ്പാടും സഞ്ചരിക്കാറുള്ള കോഴിക്കോട്ടെ സുഹൃത്ത് അബ്ദുള്ളക്കോയ എന്ന ഞങ്ങളുടെ കോയ പറയാറുണ്ട്, സഞ്ചാരത്തിന്റെ പത്തുമുപ്പത് കിലോമീറ്ററിനുള്ളില്‍ കാഴ്ചകളുടെ വ്യത്യസ്ത ലോകം തരുന്ന ഒരേ ഒരു സ്ഥലമാണ് കേരളം.സമതലങ്ങള്‍, കടല്‍, കായല്‍, മലക,ള്‍ താഴ്വരകള്‍, കയറ്റിറക്കങ്ങള്‍,  വയല്‍,    റബ്ബര്‍, തെങ്ങിന്‍ തോപ്പുകള്‍, കാടുകള്‍.......അങ്ങിനെയങ്ങിനെ വ്യത്യസ്തതയുടെ മായികോന്മേഷം തരുന്നതാണ് ,മനുഷ്യശരീരം പോലെ ഹൃദയപൂര്‍വ്വം അളന്നെടുക്കാവുന്നതാണ് നമ്മുടെ സുന്ദരമലയാളം.


ഇത്രയും കാലം കണ്ണില്‍പ്പെടാതെ മറഞ്ഞുനിന്ന   സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി.ഒരു  ചെറുകഥാവായനയുടെ അകലമേയുള്ളു തൃശൂരില്‍ നിന്നും   നെല്ലിയിലേക്ക്.പ്രകൃതിയുടെ ഭാഷ അതിനേക്കാള്‍ മനോഹരമാണ്.പ്രത്യേകിച്ച് മഴയില്‍ക്കുളിച്ച്  ഹരിതം  ചേര്‍ന്ന് ഉഷാറായി നില്‍ക്കുമ്പോള്‍.


കൃഷിയില്‍ നിന്നും ക്ഷീണിതനായ കൃഷിക്കാരന്‍ നടുനിവര്‍ത്തുന്നതുപോലെ പാലക്കാടിന്റെ കാര്‍ഷിക ഭൂമികയില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്നൊരു കൂട്ടമല.നെന്മാറയില്‍ നിന്നും ഒരു മണിക്കൂറ് കൊണ്ട് പുലയമ്പാറയിലെത്താം.അവിടെ നിന്ന് എവിടെക്കും തിരിയാം.അലസമായി കിടക്കുന്ന ഭൂവിവിഭാഗങ്ങള്‍,അലതല്ലുന്ന വനനിബിഢതകള്‍.
വീണ്ടും ഒരു മണിക്കൂറോളം സമയമെടുത്ത് മാന്‍ പാറയിലേക്ക്.ഏതൊരു പ്രദേശവും അതിന്റേതായ നിഗൂഢഭംഗി ഒളിപ്പിച്ചു വെച്ചിരിക്കും,പ്രത്യേകിച്ചും കാനനങ്ങള്‍.
ഒരേയൊരു ലക്ഷ്യം ശബരിമാമല എന്നൊക്കെ പറയുമ്പോലെ ഞങ്ങള്‍   പായുകയായിരുന്നു,വഴികളിലൊന്നും മനസ്സുടക്കിയില്ല.


മണ്ണുത്തിയില്‍ മേരിച്ചേച്ചിയുണ്ട്.വടുക്കുംചേരിയില്‍ നിന്നും പീടികപ്പറമ്പ് കോളനിയിലേക്കൊന്നു തിരിഞ്ഞാല്‍   ജ്യോതിയും സുജയും അമ്മുവും അനുവുമൊക്കെയുണ്ട്.അവിടെ നിന്നും എതിര്‍ദിശയിലേക്കൊന്നു ചായ്ചുവെച്ചാല്‍ ചിത്രകാരന്‍ സുനിലുണ്ട്.ജ്യോതിബായ് പരിയാടത്തുണ്ട്. പിന്നെ മുന്നിലും പിന്നിലും ഇടത്തും വലത്തുമൊക്കെയായി പിള്ളച്ചേട്ടനുണ്ട്,പി.രാമന്‍ കവിയുണ്ട്.കുരുവിക്കൂടുമരം സ്റ്റോപ്പില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ഒരമ്മയുണ്ട്.ചിങ്ങന്‍ചിറയും,അതിനു ചുറ്റും  കോഴിയേയും ആടിനെയും ചുട്ടുതിന്നുന്ന നോണ്‍ വേജിറ്റേറിയന്‍ ഭക്തരുമുണ്ട്.

നെന്മാറ വല്ലങ്ങി വേല നടക്കുന്ന നെല്‍പ്പാടം പിന്നിട്ടാല്‍ നെല്ലിയിലേക്കുള്ള കയറ്റം ആരംഭിക്കുകയായി.പിന്നെ  മല നമ്മെ തൊടുകയായി,ഉണര്‍ത്തുകയായി, അതീവമായ ശാന്തത കൊണ്ടും ഉള്ളലിയിക്കുന്ന തണുപ്പ് കൊണ്ടും.ഒരിരുപത് മിനിറ്റിനുള്ളില്‍ പോത്തുണ്ടി ഡാം. ആഴങ്ങള്‍ നോക്കി കുറച്ചു നേരം വിസ്തൃതമാ‍യ ആഴങ്ങള്‍ കണ്ട് അതിശയിക്കാം.ഇരുട്ടി ജനവാസം കുറഞ്ഞാല്‍ ആനകള്‍ തുടങ്ങിയ മൃഗസഞ്ചയങ്ങള്‍ റോഡിലേക്കിറങ്ങി നില്ക്കുന്ന ഇടങ്ങളാണ് പിന്നിടങ്ങോട്ട്.പകല്‍ മതി നിങ്ങളുടെ കളി എന്ന് മനുഷ്യരോടവര്‍ പറയുന്നതു പോലെ തോന്നും.



കഥ തുടങ്ങുന്നത് പെരിങ്ങാവില്‍ നിന്നാണ്.ഒരു ദിവസം കോയ മനോഹരമായ കുപ്പിയുമായി കടന്നു വന്നു. കൊടും വേനല്‍ കാലം,നട്ടുച്ച. ഞങ്ങള്‍ നിന്നു കത്തുകയായിരുന്നു.ഷാജി അജിത് സുധീഷ് ആന്റോ(ഏഷ്യാനെറ്റ്) അങ്ങിനെ കുറെ പേരുണ്ട്.ഒരു കുപ്പിക്ക് ഉള്‍ക്കൊള്ളാനാവത്ത അത്രക്ക് പുരുഷോത്തമന്മാര്‍ ചുറ്റുമുണ്ട്. മനോഹരമായ കുപ്പി അത്രക്ക് മനോഹരമായ സ്ഥലത്ത് വേണം ഓപ്പണ്‍ പണ്ണാന്‍ എന്ന പൊതു അഭിപ്രായത്തിന്റെ പേരിലായിരുന്നു അന്നത്തെ നെല്ലി യാത്ര.(കുപ്പി ഒരു കാരണമാകുന്നു എന്നേയുള്ളു) നെന്മാറയില്‍ നിന്ന് ചിത്രപ്പണികളുള്ള ഗ്ലാസ്സുകളും വാങ്ങി.ചിലപ്പോള്‍ അങ്ങിനെയാണ്.കാര്യങ്ങള്‍ രാജകീയമാവും.പലപ്പോഴും ചിരട്ടയോ ചട്ടിയോ മതിയെന്ന ജനകീയതയും.സോഡയും ചെറുനാരങ്ങയുമൊക്കെ വാങ്ങി ഞങ്ങള്‍ മലകയറ്റം ആരംഭിച്ചു.അന്നത്തെ കുപ്പി വോഡ്കയോ വൈറ്റ് റമ്മോ ആയിരിക്കണം.പോത്തുണ്ടിയിലെത്തിയപ്പോള്‍ സൂര്യന്‍ മരങ്ങള്‍ക്കിടയിലേക്ക് അസ്തമിക്കണോ വേണ്ടയോ എന്ന് തീരുമാനമാകാതെ നില്‍ക്കുകയായിരുന്നു.
ഈ അസുലഭ നിമിഷത്തെ കുപ്പിയുമായി ചേര്‍ത്തു വെക്കാന്‍ തീരുമാനമായി.മദ്യത്തിലേക്കുള്ള യാത്രകള്‍ എപ്പോഴും ഏകകണ്ഠമായിരിക്കും.എതിര്‍പ്പുകളുടെ മന്മഥന്മാരെ മഷിയിട്ടു നോക്കിയാല്‍ കാണില്ല.ഗ്ലാസ്സ് കഴുകി പോത്തുണ്ടി ഡാമിന്റെ വീതിയേറിയ തിണ്ടിന്മേല്‍ നിരത്തി വെച്ചു.മദ്ധ്യാഹ്നസൂര്യന്റെ രശ്മികളില്‍ ചിത്രാങ്കിതമായ ഗ്ലാസ്സുകള്‍ തിളങ്ങി.സോഡയും അവിടെ പ്രത്യക്ഷമായി.അടുത്തതായി രംഗപ്രവേശം ചെയ്യേണ്ടത് കുപ്പിയാണ്.ആ തരുണന്റെ പ്രവേശത്തിനായി ഞങ്ങള്‍ കണ്‍ മലര്‍ക്കെ തുറന്നു പിടിച്ചു.ആദ്യത്തെ ബെല്‍ മുഴങ്ങി ,രണ്ടാമത്തെ ബെല്‍ മുഴങ്ങി, മൂന്നാമത്തേതും മുഴങ്ങിയതിനു ശേഷമാണ് കഥാപാത്രം കൂടെയില്ലെന്നറിഞ്ഞത്.രണ്ടുകാറുകളും തകിടം മറിച്ച് തിരഞ്ഞിട്ടും സാധനം കിട്ടിയില്ല.അത് വെച്ചിടത്ത് തന്നെ ആയിരുന്നു,പെരിങ്ങാവിലെ ‘ഉഷസി’ല്‍.മനുഷ്യര്‍ക്ക് ജിവന്‍ വെപ്പിക്കുന്ന സാധനങ്ങള്‍ക്കൊന്നും ജീവനില്ലെന്ന് അന്നാണറിഞ്ഞത്.അല്ലെങ്കില്‍ ഞങ്ങള്‍ക്കൊപ്പം അത് കാറില്‍ കയറിയിരിക്കേണ്ടതായിരുന്നു.


ഊരിയ കത്തി ചോരപുരളാതെ അറയിലേക്ക് തിരിച്ച് വെക്കില്ലെന്ന് നേപ്പാളിലെ ഗൂര്‍ഖകളെപ്പറ്റിയൊരു വാമൊഴിയുണ്ട് മലയാളത്തില്‍.(തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോവിലെ ജോലിക്കാരനായ ഗൂര്‍ഖ സുഹൃത്തിനോട് ഇത് പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയിലില്ലെന്നേയുള്ളു.പേടിത്തൂറികളായതു കൊണ്ടാണത്രെ അവര്‍ കത്തി എപ്പോഴും കരുതുന്നത്.കേരളത്തിലേക്ക് പോന്നത് സമാനചിന്താഗതിക്കാര്‍ ഇവിടെയുള്ളതു കൊണ്ടാണത്രെ.ധൈര്യശാരിലകളെല്ലാം അവിടെ മാവോയിസ്റ്റുകള്‍ എന്ന പേരില്‍   വിപ്ലവപ്രവര്‍ത്തനങ്ങളിലാണ്.)അതു പോലെ നിരത്തിയ ഗ്ലാസ്സുകള്‍ മദ്യം പകരാതെ പിന്‍ വലിക്കില്ലെന്നൊരു ശപഥം മലയാളികള്‍ക്കുള്ളതിനാല്‍  കാര്‍ പാഞ്ഞു,     നെന്മാറയിലേക്ക്.ഇല്ലാതായ ഒന്നിനു പകരം പലകുപ്പികളുമായി തിരിച്ചു വന്നു.ഗ്ലാസ്സില്‍ നിന്നും സന്ധ്യ പിന്‍ വലിഞ്ഞ് ഇരുട്ടു പരത്തിത്തുടങ്ങിയിരുന്നു. ആ‍നയിറങ്ങിയിട്ടുണ്ടെന്ന് മലമുകളില്‍ നിന്നുള്ള ജോയിയുടെയും ടോമിയുടെയും വാക്കുകളെ ഞങ്ങള്‍ ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല.അന്നാനകളെ പേടിച്ചില്ല,കണ്ടതുമില്ല.അത്രയേറെ ലഹരിപിടിപ്പിക്കുന്നതാണ് രാത്രിയിലെ കാടന്‍ യാത്രകള്‍.പുലയമ്പാറയിലെ ജോയിയുടെ എസ്റ്റേറ്റിലെക്ക് ജീപ്പ് ആശ്രയിക്കണം,രണ്ടു കിലോമീറ്റര്‍.


നാലുപാടും മലകളാല്‍ പൊതിഞ്ഞ എസ്റ്റേറ്റ്.മാനുകള്‍ രാത്രി മുറ്റത്തെത്തും.നിലാവില്‍ അവയങ്ങനെ തൊട്ടുതൊട്ടങ്ങനെ നില്‍ക്കുന്നത് കാണാം.അവയുടെ ചലനങ്ങളില്‍ നിലാവ് പ്രതിഫലിക്കുന്നത് കാണാം.അവയുടെ തിരയിളക്കങ്ങള്‍,വായുവേഗങ്ങള്‍.സ്വപ്നത്തിലെന്ന പോലെ അനുഭവം.ചെന്നായ്ക്കളുടെ വേട്ടകള്‍,ആനയുടെ ചിന്നംവിളികള്‍ .വനസന്നിഭമായ രാത്രിയാഘോഷങ്ങള്‍.


മൊബൈല്‍ ഓഫാക്കുക.അല്ലെങ്കില്‍ നാട്ടില്‍ നിന്നുള്ള പാലം ഉയരും.നമ്മള്‍ അവിടെയുമിവിടെയും എന്ന അവസ്ഥയില്‍ ചിതറിപ്പോകും.ഒന്നിലേക്കുള്ള ലയനം അസാദ്ധ്യമാവും.


നെല്ലിയാമ്പതിയുടെ മാന്‍പാറ. വഴികള്‍ ആപത്ത് പതിയിരിക്കുന്നതാ‍ണെന്ന് പറയാം,അങ്ങിനെ തോന്നിപ്പിക്കാം. സര്‍ക്കസ്സുകാരെക്കാള്‍ വഴക്കം നേടിയ ജീപ്പ് ഡ്രൈവറന്മാര്‍ ഈ സാഹസികത യാത്രയെ നിസ്സാരമെന്ന് തോന്നിപ്പിക്കും. ഓരോ യാത്രയും മാന്‍പാറയുടെ നെറുകെയവസാനിക്കുമ്പോള്‍ അവര്‍ സ്വകാര്യമായി നെടുവീര്‍പ്പിടും.മുകളിലെത്തിയാല്‍ മറ്റൊരു ലോകമാണ്. യാത്രികര്‍ അഗാധമായ തുറസ്സുകളിലേക്ക് സ്വതന്ത്രരാവും.

അവസാനത്തെ ചെങ്കുത്തായ കയറ്റം ശ്വാസത്തെ നിശ്ചലമാക്കിയിട്ടേ നമുക്ക് നേരിടാനാകൂ.മുകളില്‍ നമ്മെ കാത്ത് തണുത്ത കാറ്റ് ചുറ്റിയടിക്കുന്നുണ്ടാകും.വലിയ കുന്നും പിന്നെ കൂര്‍ത്ത പാറക്കെട്ടും.ഇവിടെ നിന്ന് നമുക്ക് പാലക്കാടിനെയും കേരളത്തെയും ശുദ്ധവായുവില്‍ കാണാം,ശ്വസിക്കാം.രാത്രിയില്‍ ഇവിടെ മൃഗങ്ങളുടെ കേളിയാണ്. വിസര്‍ജ്യങ്ങളിലും മറ്റവശിഷ്ടങ്ങളിലും നമുക്കവയുടെ കാനന ജീവിതം കണ്ടറിയാം. നമ്മെ താഴേക്ക് വലിച്ചിടാന്‍ കാറ്റിന്റെ ഒരൂക്കു മതി.

നമ്മെ കഴുകിവെളുപ്പിക്കുന്ന ഈ ഏകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച്ചും മറിച്ചുമിടുകയും  ചെയ്യാം.പലപ്പോഴും യാത്രയില്‍ സംഭവിക്കുന്നത് ഇതൊക്കെത്തന്നെ.

10 comments:

മണിലാല്‍ said...

ഈയേകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച്ചിടുകയും ചെയ്യാം.പലപ്പോഴും യാത്രയില്‍ സംഭവിക്കുന്നത് ഇതൊക്കെത്തന്നെ.

ഒരു യാത്രികന്‍ said...

മണിയേട്ടാ ഈ യാത്രികനെ കൊതിപ്പിച്ചു. കൊതിപ്പിക്കുന്ന ഭാഷയും കൂടിയായപ്പോള്‍ കൊരിപ്പിനു ഏറെ ഭംഗി..........സസ്നേഹം

ഗാനൻ said...

വെറുതെ ഓരോന്നെഴുതി കൊതിപ്പിക്കല്ലെ.
നെല്ലിയാമ്പതി തൃശൂർ ഡിസ്റ്റിക്കാണെന്ന് പണ്ടെന്നോ വായിച്ച ഓർമ്മ. ഏതെങ്കിലും ഇലക്ഷനിൽ അതിർത്തി മാറ്റി വരച്ചതാകുമോ? നെല്ലിയാമ്പതിയിലെ മധുരനാ‍രങ്ങ പണ്ട് ബ്രിട്ടീഷ് രാജ്ഞിക്കുവേണ്ടി ഇവിടന്ന് പാർസൽ ചെയ്യാറുണ്ടായിരുന്നത്രെ.

മണിലാല്‍ said...

ഊരിയ കത്തി ചോരപുരളാതെ അറയിലേക്ക് തിരിച്ച് വെക്കില്ലെന്ന് ഗൂര്‍ക്കകളെപ്പറ്റിയൊരു വരമൊഴീയുണ്ട് മലയാളത്തില്‍.(തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോവിലെ ജോലിക്കാരനായ ഗൂര്‍ക്ക സുഹൃത്തിനോട് ഇത് പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയിലില്ലെന്നേയുള്ളു.)അതു പോലെ നിരത്തിയ ഗ്ലാസ്സുകള്‍ മദ്യം പകരാതെ പിന്‍ വലിക്കില്ലെന്നൊരു ശപഥം മലയാളികള്‍ക്കുള്ളതിനാല്‍(മദ്യപാനികളായ) കാര്‍ പാഞ്ഞു നെന്മാറയിലേക്ക്

ഗാനൻ said...

ചിമ്മിനി ഡാമിന്റെ അടുത്തായതുകൊണ്ട് തൃശൂരില്‍ തന്നെയെന്നു തോന്നിയതാണ്‌.ഇപ്പോള്‍ ബോധ്യമായി. കാലിക്കുപ്പിയും കാലി ഗ്ലാസ്സുമായി അവിടെ ഇതുവരെയും പോയിട്ടില്ലാത്തതുകൊണ്ടാവും ഡിസ്റ്റിക് മാറി എന്നു തോന്നാതിരുന്നത്. അടുത്ത വരവിന്‌ ഒന്നിച്ചു പോകാം.

മണിലാല്‍ said...

ഇത് പോകേണ്ട സ്ഥലമാണ്......മിസ്സ് ചെയ്യരുത്.

കുഞ്ഞൂസ് (Kunjuss) said...

കൊതിപ്പിക്കുന്ന മറ്റൊരു യാത്രാ വിവരണവും...
കാടിന്റെ വന്യതയിലേക്ക് കേറിപ്പോകാന്‍, ഏകാന്തതയില്‍ സ്വയം തിരിച്ചറിയാന്‍ ഇനിയൊരു ജന്മം വേണ്ടി വരുമോ...?

eccentric said...

yaathra poyathu pole thonni.
nannayirikkunnu vivaranam.
avasanathe punch ishtamaayi
'ekanthathayil namukku namme thirichariyam.."
true..all the best ..:)

Echmukutty said...

യാത്രകൾ അങ്ങനെയാണ്....നല്ലെഴുത്ത്, നല്ല വാക്കുകൾ.......അതുകൊണ്ട് പോസ്റ്റ് വളരെ ഇഷ്ടമായി

Muralee Mukundan , ബിലാത്തിപട്ടണം said...

ഈയേകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച്ചിടുകയും ചെയ്യാം.പലപ്പോഴും ഓരൊ സഞ്ചാരത്തിലും സംഭവിക്കുന്നത് ഇതൊക്കെത്തന്നെ....


നീയുള്ളപ്പോള്‍.....