പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, February 24, 2012

പ്രണയം പറയുന്നു :ബൈ, ടേക്ക് കെയര്‍




വിദേശ സഞ്ചാരിയെ തിരുവനന്തപുരത്തെ ഓട്ടോക്കാരന്‍ ചുറ്റിച്ച കഥയുണ്ട്,സത്യമാവണമെന്നില്ല.വഴിതെറ്റിച്ച് ദൂരം കൂട്ടുന്നതിനിടയില്‍ സായ്പ്പ് രണ്ടു മൂന്നു പ്രാവശ്യം സെക്രട്ടേറിയറ്റ് കാണാനിടയായി.ഒരേ തരം കെട്ടിടം പല തവണ കണ്ട സായ്പ്പ് തന്റെ അത്ഭുതം തല പുറത്തേക്കിട്ടു രേഖപ്പെടുത്തി.ഇതില്‍ മുതലെടുപ്പ് നടത്തിയ ഓട്ടോ ഡ്രൈവര്‍ പറഞ്ഞുവത്രേ.സായ്പ്പേ ഇനിയുമെത്ര സെക്രട്ടേറിയറ്റ് കാണാനിരിക്കുന്നു.പുതിയ സ്ഥലമായതിനാല്‍ പുതിയ കാലാവസ്ഥയായതിനാല്‍     പുതിയ മനുഷ്യവാസമായതിനാല്‍ സായ്പ് ഒന്നും സംശയിച്ചില്ല.മനസ്സില്‍ ആനന്ദമെങ്കില്‍ എന്തും എപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും. സെക്രട്ടേറിയറ്റ് പല തവണ   പുതിയ കാഴ്ചകളായി മാറും.ഓരോ കാഴ്ചയിലും എന്തെങ്കിലുമൊക്കെ പുതുമ കണ്ടെത്തിക്കൊണ്ടിരിക്കും.


പ്രണയം  പുതുമയാണ്.എന്നും എപ്പോഴും അതങ്ങിനെയാണ്.പ്രണയത്തില്‍ പെട്ട ആളുടെ കാഴ്ച മാത്രമല്ല ജീവിതം മൊത്തത്തില്‍ മാ‍റും.മനുഷ്യരില്‍ പ്രകൃതിയില്‍ യാത്രയില്‍ ഭക്ഷണത്തില്‍ എല്ലം ആകര്‍ഷണം കൂടും,ട്രെയിനിന് നീളം  കൂടും.മൊബൈലിന്റെ ബില്ലും.സംഗീതം സീഡിയില്‍ നിന്നും വേണ്ട,അതുള്ളില്‍ നിന്നും ഉണ്ടാവും,ചിലപ്പോള്‍ ശൂന്യതയില്‍ നിന്നു പോലും.  യാത്രയില്‍ നമ്മള്‍ എത്രയെത്ര സംഗീതം ചിലമ്പിച്ച തീവണ്ടി ശബ്ദത്തില്‍ നിന്നും കണ്ടെത്തി ആസ്വദിച്ചിരിക്കുന്നു.
പ്രണയം,അത്രക്ക് മാന്ത്രികമാണത്.എന്തിനോടും ഉന്നം വെക്കാവുന്ന ഒന്ന്.ഉന്നത്തിന്റെ തുഞ്ചത്ത് മനുഷ്യര്‍ തന്നെ വേണമെന്നില്ല.



ചിലര്‍ക്കത് ചിലവഴിക്കാന്‍ മടിയുള്ള വലിയ സംഖ്യയുടെ  നോട്ടാണ്.അകലെയിരുന്ന് പ്രണയമാഘോഷിച്ച    സുഹൃത്തുണ്ടായിരുന്നു.വളരെ കാലത്തിനു ശേഷം അപ്രം കക്ഷിയെ കാണാന്‍   തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നു.ഹൃദയം തുളുമ്പി,ശരീരം വിറച്ച്.കാമുകന്മാരെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ വേണ്ടി മാത്രം പേട്ട കഴിഞ്ഞ് എന്തി വലിഞ്ഞുമാ‍ത്രം വരാറുള്ള   കുര്‍ള എക്സ്പ്രസ്സ്  ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ വന്നു നിന്നു നെടുവീര്‍പ്പിട്ടു.പെട്ടിയും പ്രമാണവുമായി കൈവീശി വാതിലില്‍ ഞാന്നുകിടന്ന   അവളോട് വേഗം വേഗം എന്ന് പറഞ്ഞിറക്കി     തിക്കിത്തിരക്കി ആള്‍ക്കൂട്ടത്തിലൂടെ അവന്‍ കൊണ്ടു പോയി.എത്രയോ കാത്തിരിപ്പിനു ശേഷം കാണുന്നതാണെന്നോര്‍ക്കണം.കാത്തിരുന്ന കാമുകന്റെ അക്ഷമയാണ് അവന്റെ വെപ്രാളത്തില്‍ അവള്‍ കണ്ടത്.  അവനവളെ കൊണ്ടു പോയത് കനകക്കുന്നിലെ കൈതക്കൂട്ടിലേക്കൊ വെജിറ്റേറിയന്‍ റസ്റ്റോറണ്ടിലേക്കൊ ആയിരുന്നില്ല.രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ കാത്തുകിടന്ന ചെന്നൈ മെയിലിന്റെ  അണ്‍ റിസര്‍വേര്‍ഡ് കമ്പാര്‍ട്ട്മെന്റില്‍ അവളെ കുത്തിത്തിരുകാനായിരുന്നു.
‘കണ്ണു നിറച്ചു കണ്ടില്ലേ, ഇനി സ്ഥലം കാലിയാക്കിക്കോളൂ’എന്നൊരു തീരുമാനത്തില്‍.

ആ പോക്കു പോയതാണ്,വണ്ടിയല്ല അവള്‍.വണ്ടി തിരിച്ചു വന്നു,അവള്‍ വന്നില്ല.നഷ്ടപ്രണയം ഇപ്പോഴും ആഘോഷിക്കുകയാണ് ബാറായ ബാറെല്ലാം അടക്കുന്നതു വരെ ഈ കാമുകകൊഞ്ഞാണന്‍.


 ലോകത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് പ്രണയം.(ചിലര്‍ നോക്കു കൂലിയില്‍ തൂങ്ങി  കാലം കഴിക്കും)വിവാഹത്തിലെത്തി അശ്ലീലമാകുന്നതു വരെ.

ഇന്നലെ നെറ്റില്‍ ഞാന്‍ തിരക്കിട്ടെഴുതുകയായിരുന്നു.ഉച്ച മൂക്കുന്നതിനു മുമ്പേ ചിലത് തീര്‍ക്കാനുണ്ടായിരുന്നു.(വെയില്‍ ചാഞ്ഞു തുടങ്ങുന്നതോടെ കൂട്ടുകാരുടെ ചിറകടികള്‍ കേട്ടു തുടങ്ങും.നമ്മളും തൂവല്‍ വിരിരിച്ച് കാത്തിരിക്കും.)ചെവിട്ടിലേക്ക് ഇയര്‍ ഫോണ്‍ കുത്തി നിറച്ച് പട്ടു കേട്ട്,മറ്റൊന്നും കേള്‍ക്കാതെ.ചാറ്റില്‍ വരുന്നവരുടെ ഡിം ഡിം എന്ന ശബ്ദത്തെയാണ് കൂടുതല്‍ പേടി.പെട്ടെന്നുത്തരം പറഞ്ഞില്ലെങ്കില്‍ അമ്പും വില്ലുമെടുത്ത് നെഞ്ചിലേക്ക് നീട്ടുന്നവര്‍ പോലുമുണ്ട്   ഇന്റര്‍നെറ്റെന്ന പരദേശത്ത്.ഒരിക്കലും കാണാത്തവര്‍ പോലും ഇങ്ങനെയാണ്.നേരിട്ടാണെങ്കില്‍ വെക്കടാ വെടി അല്ലെങ്കില്‍ വെക്കെടീ വെടി എന്ന് പറഞ്ഞ് നെഞ്ചു വിരിച്ചു നില്‍ക്കാമായിരുന്നു.എല്ലാ ബന്ധങ്ങളും സ്ഥാപനങ്ങളാണ്. നിയമപുസ്തകം എപ്പോഴും അത് ക്വാട്ട് ചെയ്തു കൊണ്ടിരിക്കും.പറക്കുന്നവരെ ചിറകരിഞ്ഞ് കൂട്ടിലടക്കാന്‍ തയ്യാറെടുക്കുന്നവരുടെ ലോകമാണിത്.

  രണ്ടു സുഹൃത്തുക്കള്‍ ഇന്നലെ വന്നു.രണ്ടു പേരും ആദ്യമായി വരികയാണ്.ഇരുവരും പേരു കൊണ്ട് കൌതുകമുള്ളവര്‍.ഗാനനും മാതുലാമണിയും.ഒരാള്‍ കോട്ടപ്പടിക്കാരനെങ്കില്‍ മറ്റവന്‍ സാധനം പാലക്കാട്ടുനിന്നാണ്,എവിടീ എന്ന് ചോദിച്ചു കൊണ്ടാണ് ഫോണില്‍ സംസാരം ആരംഭിക്കുക.ഇവിടീ എന്ന് പറയാന്‍ തോന്നും ചിലപ്പോള്‍.

രണ്ടുപേരും  മേശക്കുചുറ്റുമിരുന്നു,വട്ടമേശയായിരുന്നില്ല.മദ്യമേശയായിരുന്നു.ഞാനുമിരുന്നു.ശില്പിയും അജിതും ഉണ്ടായിരുന്നു.ഇരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ അസ്ലാം പീതു എന്നിവര്‍ അന്തിമയക്കത്തിലേക്കിറങ്ങി. മാതുലാമണി   മെഡിക്കല്‍   റെപ് ആണ്.ഗാനന്‍ ദുബായില്‍   ടെലിവിഷന്‍ സ്റ്റുഡിയോവില്‍ എഞ്ചിനീയര്‍.രണ്ടു സ്ഥലത്തു നിന്നുള്ളവര്‍,രണ്ടു തരം ജോലി ചെയ്യുന്നവര്‍,രണ്ട് സ്വഭാവക്കാര്‍.എത്രയോ വിഷയങ്ങളുണ്ട്.പക്ഷെ അവര്‍   വട്ടപ്പാലം തിരിഞ്ഞ് എത്തിയത് പ്രണയത്തില്‍.മറ്റവന്‍ അകത്തേക്ക് കയറി പ്രണയമായി തിരിച്ചു വരുന്നതു പോലെ ഒരു മാജിക്,പക്ഷിയെ തൂവാലയാക്കുന്നതു പോലെ



ആദ്യമൊക്കെ പലതരം  വിഷയങ്ങളായിരുന്നു മാതുലാമണി പറഞ്ഞു കൊണ്ടിരുന്നത്.മുണ്ടൂര്‍ രാവുണ്ണി സഖാവ് മുതല്‍ പാലക്കാടന്‍ വിശേഷങ്ങള്‍ വരെ.ഹൃദ്രോഗത്തിനുള്ള മരുന്ന് ഒടുവില്‍ മുടി വളരാനുള്ള മരുന്നായി മാറിയ,മാറ്റിയ കഥ.ആധുനിക മെഡിസിന്റെ കഥ. മോഡേണ്‍ യുഗത്തിലെ എറ്റവും ശാസ്ത്രീയ ചികിത്സാ സമ്പ്രദായമായ അലോപ്പതിയുടെ  എരണം കെട്ട രീതിയെ കാണിച്ചു തരുന്നു.

ഹൃദ്രോഗത്തിനു പരിക്ഷിച്ചപ്പോള്‍ രോഗം മാറുന്നതിനേക്കാള്‍ മരുന്നിന്റെ സൈഡ് ഇഫക്ട് മുടി വളരാന്‍ കാരണമായി.അപ്പാത്തിക്കിരിയും വിപണിയും ഇപ്പോള്‍ ഈ മരുന്ന്   മുടി വളര്‍ച്ചക്കാണ് പാവം മനുഷ്യന്റെ തലയില്‍ കെട്ടിവെക്കുന്നത്.അതിന്റെ സൈഡ് ഇഫക്ടെന്തെന്ന് ദൈവം തമ്പുരാനോട് തന്നെ ചോദിക്കണം.  വിവാഹിതരാവാന്‍ പോകുന്ന കഷണ്ടിക്കാര്‍ അല്ലെങ്കില്‍ പെണ്ണുകാണാന്‍ പോകുന്ന ടിയാന്മാര്‍ ഇത് കഴിച്ച് മുടി കിളിര്‍പ്പിച്ച് ചുള്ളനായി പോകുമത്രേ.മരുന്ന് അധികം കഴിക്കാന്‍ പറ്റില്ല.മരുന്ന് തുടര്‍ച്ചയായി കഴിച്ചില്ലെങ്കില്‍ മുടി പോകുകയും ചെയ്യും.വിവാഹം കഴിഞ്ഞാല്‍ കുഴപ്പമില്ല.ഭാര്യയുടെ അക്കൌണ്ടിലെഴുതാം കഷണ്ടിയുടെ കണക്ക്.അവള്‍ തന്ന ടെന്‍ഷന്‍ കൊണ്ടാണെന്ന്  രക്ഷപ്പെടാം,ഇതിന്റെ പേരില്‍ ഒരുമിച്ച് ജീവിക്കുന്ന നാള്‍ വരെ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടിരിക്കാം. അങ്ങിനെ ഹൃദ്രോഗം,മരുന്ന്,കഷണ്ടി,പെണ്ണുകാണല്‍,വിവാഹം എന്നിങ്ങനെ വട്ടം കറങ്ങി വിഷയം പ്രണയത്തിലെത്തുന്നു.

രോഗമുള്ള ഭാര്യ,പിണങ്ങിനില്‍ക്കുന്ന ഭാര്യ,വഴക്കടിക്കുന്ന ഭാര്യ....ഇവരുടെ ഭര്‍ത്താക്കന്മാരെല്ലാം ബാച്ചിലേഴ്സ് ആണെന്ന് ശില്പി വാദിച്ചു.(ശില്പിയുടെ ഭാര്യക്ക് എന്തോ പനിയാണ്.നാളെ ബാച്ചിലര്‍ അല്ലാതാവും.അതിനു മുമ്പേ ഒരു പ്രണയം കിട്ടിയെങ്കില്‍ എന്നൊരു ധൃതി ശില്പിയില്‍ നൃത്തം വെക്കുന്നുണ്ടായിരുന്നു.)



വിഷയം പ്രണയമാവുമ്പോള്‍ അന്തരീക്ഷം  മാജിക്കല്‍ ആവും.മദ്യത്തിനും മദിരാക്ഷിക്കും ഇടയിലുള്ള ഒരവസ്ഥയാണിത്.
എല്ലാവരും കസേര ശരിയാക്കി ഫിറ്റെല്ലാം തട്ടിത്തെറിപ്പിച്ച്   ഉണര്‍ന്നിരിക്കും.ഇനിയും എത്രയോ അങ്കങ്ങള്‍ക്ക് ബാല്യമുണ്ടെന്ന  രീതിയില്‍ ഉടുമുണ്ടിന്റെ കയറ്റിക്കുത്ത് എല്ലാവരും പ്രകടിപ്പിക്കും.ഒരു മനുഷ്യനു വേണ്ടുന്ന പ്രണയം ഒറ്റക്കൌണ്ടറില്‍ കൈയ്യിട്ടാല്‍   കിട്ടുമെന്നില്ലെന്ന് ഒരാള്‍.സൂപ്പര്‍മാര്‍ക്കറ്റ് നമ്മെ വശീകരിക്കുന്നതു പോലെയാണ് പ്രണയമെന്ന് മറ്റൊരാള്‍.ഇതൊന്നുമല്ലെന്ന് ഞാന്‍.പിന്നേതെന്ന് ശില്പി.


ചര്‍ച്ചയെ സംഗീതാത്മകമാക്കാന്‍ ഞാന്‍ ‘ബിന്‍   ബര്‍സാത് ന ഹോഗി ’എന്ന പാട്ടു വെച്ചു.എല്ലാവരും കുറച്ചു നേരം ഉരുകിയൊലിച്ചു.പിന്നെ വീണ്ടും പ്രണയത്തിലേക്ക്,കുപ്പി കമഴ്ത്തി വെച്ച് അവരവരുടെ സ്വരൂപങ്ങളിലേക്ക് മടങ്ങുന്നതു വരെ.

  ചാറ്റില്‍ സ്മിത പച്ച ലൈറ്റ് കത്തിച്ച് കാത്തിരിപ്പുണ്ടായിരുന്നു. അവള്‍ എന്റെ സുഹൃത്താണ്,സുഹൃത്തിന്റെ പ്രണയമാണവള്‍.അവളുടെ ജീവിതം ലണ്ടനിലാണ്.ഞാന്‍ സംഭവിച്ച പകലിനെ പറ്റി പറഞ്ഞു.പോയ സ്ഥലങ്ങള്‍ പറഞ്ഞു.കണ്ട സുഹൃത്തുക്കളെ പറഞ്ഞു.കേട്ട വര്‍ത്തമാനം ചുരുക്കി പറഞ്ഞു.

അവള്‍ പറഞ്ഞു.
‘എല്ലാം ഞാനറിഞ്ഞു.’
അടിച്ചതിന്റെ  അളവു പോലും അവള്‍ പറഞ്ഞു.
(പ്രണയം ലോകത്തെ ചുരുക്കുയോ വികസിപ്പിക്കുകയോ)



'അതെങ്ങിനെ അറിയുന്നു, ഇത്ര പെട്ടെന്ന് !' ഞാന്‍ ആകാക്ഷയുടെ കയറു പൊട്ടിക്കാന്‍ ശ്രമിച്ചു.
‘ഞാന്‍ ദൈവമാണ് ‘അവള്‍ പറഞ്ഞു.
(പ്രണയം ഹൃദയങ്ങള്‍ തമ്മിലുള്ള   കലപിലയാണ്.
‘  എന്താ ഭൂതം പോലെ മിണ്ടാട്ടമില്ലാതിരിക്കുന്നേ...............’
.......... ഇങ്ങിനെ  ഒരാളും പ്രണയത്തില്‍ പറയില്ല.
'ഒന്നു നിര്‍ത്തുന്നുണ്ടൊ'
എന്ന് ചോദിക്കണമെന്നുണ്ടെങ്കിലും യേശുദാസിന്റെ   പാട്ട് പ്രേംനസീര്‍ പാടുന്നതു പോലെ അഭിനയിക്കും.
 ഒരാള്‍ക്ക് എപ്പോ വേണമെങ്കിലും ദൈവമാകാനുള്ള സ്കോപ്പുണ്ട്.  സുഹൃത്ത് ദൈവമായിപ്പോയാലത്തെ വിഷമം ഒന്നാലോചിച്ചു നോക്കൂ.സുഹൃത്തുക്കള്‍ കുറയുകയും ദൈവങ്ങള്‍ കൂടുകയും ചെയ്താലുള്ള അവസ്ഥയൊന്നാലോചിച്ചു നോക്കൂ.)




ദൈവമോ...? ഞാന്‍ ഭയചകിതനായി.
 ‘അതെ,എല്ലാം അറിയുന്നവന്‍(ള്‍) ദൈവം’.സ്മിത പറഞ്ഞു.
(കുഴപ്പമില്ല, രോദനം പ്രണയത്തിന്റെതാണ്.)

ഞാന്‍ മംഗ്ലീഷില്‍ ഒരുപമ ടൈപ്പ് ചെയ്തു വിട്ടു.
‘നീ പ്രണയക്കാവിലമ്മ’ ഞാന്‍ പറഞ്ഞു.
മറുപടി ഉടന്‍ നെറ്റിന്‍ മുറ്റത്ത് പറന്നെത്തി.

‘ഇപ്പറഞ്ഞത് എനിക്കിഷ്ടമായി,ഇന്നത്തേക്കിതു മതി.ബൈ,ടേക്ക് കെയര്‍.’
എന്നെഴുതി അവള്‍  നെറ്റില്‍ നിന്നും    മാഞ്ഞുപോയി.

സ്മിത പറഞ്ഞതെത്ര   ശരി,പ്രണയം ലോകത്തോടു എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.
‘ബൈ,ടേക്ക് കെയര്‍‘.
പ്രണയം വായു ജലം തുടങ്ങിയ ഊര്‍ജ്ജപ്രവാഹങ്ങള്‍  ഉറവ പൊട്ടുന്ന ഈ ഭൂമിയിലെ വാസക്കാര്‍      ഭാഗ്യവാന്മാര്‍.

4 comments:

മണിലാല്‍ said...

വിഷയം പ്രണയമാവുമ്പോള്‍ അന്തരീക്ഷം മാജിക്കല്‍ ആവും.മദ്യത്തിനും മദിരാക്ഷിക്കും ഇടയിലുള്ള ഒരവസ്ഥയാണിത്.
എല്ലാവരും കസേര ശരിയാക്കി ഫിറ്റെല്ലാം തട്ടിത്തെറിപ്പിച്ച് ഉണര്‍ന്നിരിക്കും.ഇനിയും എത്രയോ അങ്കങ്ങള്‍ക്ക് ബാല്യമുണ്ടെന്ന രീതിയില്‍ ഉടുമുണ്ടിന്റെ കയറ്റിക്കുത്ത് എല്ലാവരും പ്രകടിപ്പിക്കും.ഒരു മനുഷ്യനു വേണ്ടുന്ന പ്രണയം ഒറ്റക്കൌണ്ടറില്‍ കൈയ്യിട്ടാല്‍ കിട്ടുമെന്നില്ലെന്ന് ഒരാള്‍.സൂപ്പര്‍മാര്‍ക്കറ്റ് നമ്മെ വശീകരിക്കുന്നതു പോലെയാണ് പ്രണയമെന്ന് മറ്റൊരാള്‍.ഇതൊന്നുമല്ലെന്ന് ഞാന്‍.പിന്നേതെന്ന് ശില്പി.

ഗാനൻ said...

സുരക്ഷിതബോധമുണ്ടെങ്കിൽ മാത്രമെ ആത്മാർത്ഥമായ പ്രണയം വിടരുകയും വളരുകയും ചെയ്യുന്നുള്ളൂ.

kuriappy said...

മണീ ... ഉമ്മ്മ ,,,ഈ എഴുത്തിനു .....

Muralee Mukundan , ബിലാത്തിപട്ടണം said...

ലണ്ടനിൽ പ്രണയവും,മണ്ണാങ്കട്ടയുമൊക്കെ വെറും സെക്കന്ററിയാണ് കേട്ടൊ ഭായ്
ഒന്നാം ചോയ്സ് സെക്സിനാണ് ഏവർക്കും....
സെക്സ് ഗിവ്സ് ലൌവ് എന്നാണിവിടെ പറയുക...!


നീയുള്ളപ്പോള്‍.....