പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, March 18, 2012

നമ്മുടേതല്ലാത്തത്






ഞങ്ങളെ ആരും ഭരിക്കേണ്ട എന്ന് പറയുന്ന സ്വതന്ത്രമായ ഒരു സമൂഹം ലോകത്തിലുണ്ട്.എന്നെ ആരും ഭരിക്കാന്‍ വരേണ്ട എന്ന് പറയുന്ന നമുക്കു ചുറ്റും പാര്‍ക്കുന്ന അരക്ഷിതരും ഭീരുക്കളുമായ മനുഷ്യരെക്കുറിച്ചല്ല പറയുന്നത്.


ലോകത്തിന്റെ പൊതുധാരയില്‍ കാണുക ഭരണം നോക്കി മരുഷ്യരെയാണ്,വടക്കു നോക്കി യന്ത്രം പോലെ.(അല്ലാത്തവരെയും കാണാം,വേറിട്ട നോട്ടത്തില്‍.ലോകത്തെ മറ്റൊരു രീതിയില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരെ. ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചകള്‍ ഷൂട്ട് സമയത്ത് ഇത് നേരിട്ടറിഞ്ഞിട്ടുണ്ട്.ഇതിന്റെ ഹാങ്ങോവറില്‍ നടന്നപ്പോള്‍ ഇത്തരം മനുഷ്യരെ മാത്രമേ കാണൂ എന്നായി.കാവേരി നദി പൊങ്ങി കുന്ദംകുളത്തെ ഒരു ചെറീയ തോടില്‍ വെള്ളം ഉയരുമെന്ന വേവലാതിയില്‍ സ്വന്തം ഓലക്കൂരയില്‍ കിട്ടുന്ന പൈസക്കൊക്കെ കോണ്‍ക്രീറ്റ് കാലുകള്‍ നിര്‍മ്മിക്കുന്ന വേലയുധനെ,പകല്‍ പലിശക്ക് പണം കൊടുക്കുകയും തിരികെ കൃത്യമായി വാങ്ങിക്കുകയും രാത്രിയായാല്‍ കീരികളും പാമ്പുകളും മറ്റു ജന്തുക്കളും പാര്‍ക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ മുകളില്‍ നിന്ന് ദൈവഘോഷണം നടത്തുകയും ചെയ്യുന്ന കൊച്ചുബേബി എന്നിവരെയൊക്കെ ഞങ്ങളന്ന് കാമറയിലാക്കി.ഇവരെ ഈ ജനുസ്സില്‍ പെടുത്താന്‍ പറ്റില്ല.അവര്‍ വേറിട്ടു നടന്നവരല്ല,മനോനിലയില്‍ വെര്‍പ്പെട്ടു പോയവരാണ്.)


ഭരണത്തെ അപ്പി കണ്ടതുപോലെ മാറിനടക്കുന്ന മനുഷ്യരും ലോകത്തിലുണ്ട്.അവരുടെ മുഖത്ത് വലിഞ്ഞുമുറുക്കങ്ങളില്ല,സാദാ മനുഷ്യരെപ്പോലെ. നാടോടികള്‍ എന്നോ നായടികള്‍ തെമ്മാടികള്‍ എന്നോ വായില്‍ തോന്നിയതോക്കെ നമുക്കവരെ വിളിക്കാം.അവര്‍ക്കത് പ്രശ്നമല്ല,അവര്‍ സ്ഥിരമായി എവിടെയുമില്ല.വീടുവെക്കില്ല,വിദ്യയ്ക്ക് കുട്ടികളെ സ്കൂളില്‍ അയക്കില്ല.ആരോഗ്യത്തിനു വേണ്ടി ആശുപത്രിയില്‍ പോകില്ല,നീതിക്ക് വേണ്ടി കൊഞ്ഞാണന്‍ കോടതിയുടെ തിണ്ണ നിരങ്ങില്ല.വിവാഹം തീരെ കഴിക്കില്ല.ആണും പെണ്ണും തമ്മിലെ ബന്ധങ്ങളെ മണം പിടിച്ചു നടക്കില്ല,ചൂരിനും ചൂടിനും ആരെയെങ്കിലും കൂടെ കൂട്ടിയേക്കാം.അത് ഒരാളില്‍ നില്‍ക്കണമെന്നുമില്ല.അതു കൊണ്ടു തന്നെ അവര്‍ക്കിടയില്‍ സംശയ രോഗങ്ങളില്ല,അവര്‍ക്ക് റേഷന്‍ കാര്‍ഡില്ല.ആധാര്‍ എന്ന് കേട്ടാല്‍ അവര്‍ ചിരിച്ച് ചിരിച്ച് മണ്ണുകപ്പും.ഇതിനു വേണ്ടി വെയില്‍ കൊണ്ടു നില്‍ക്കുന്നവരെ നോക്കി സഹതപിക്കും.ഭരണം കുടത്തില്‍ കെട്ടിപ്പൂട്ടിയ ഭൂതമാണവര്‍ക്ക്.ഒരിക്കലും തുറക്കാത്തത്.


എവിടെയും ഇവരെ കാണാം.ഓരോരോ പണികളില്‍ ജീവിതത്തിന്റെ സംഗീതമാസ്വദിക്കുണ്ടാവാം.മുംബൈയിലാണെങ്കില്‍ മണ്ണെണ്ണ സ്റ്റൌ തൂടങ്ങിയവ കേടുപാടുകള്‍ തീര്‍ക്കുന്നവര്‍,ഭാഗ്യം പറയുന്നവര്‍ എന്നിങ്ങനെ ഗണത്തിലാണവര്‍.കൊല്‍ക്കൊത്തയിലാണെങ്കില്‍ ഇതു പോലെ വേറേ പണികളിലേര്‍പ്പെട്ടവര്‍. ബാവുള്‍ ഗായകരും ഇതേ ഗണക്കാരാണെന്ന് തോന്നുന്നു.അവരുടെ അലച്ചില്‍ കാണുമ്പോള്‍,പാട്ടു കേള്‍ക്കുമ്പോള്‍,ഉദ്യാനം പൊലെയുള്ള അവരുടെ മുഖങ്ങള്‍ കാണുമ്പോള്‍. അവര്‍ ക്യൂ വില്‍ നിന്ന് അപമാനിതരാവില്ല.ആധാര്‍ ഉള്ള എല്ലാ പൌരന്മാര്‍ക്കും ദിവസവും പോലീസിന്റെ അഞ്ചടി നിയമമാക്കിയാല്‍ എത്രയും നേരത്തെ പോയി അതു വാങ്ങി നേരത്തെ പണി തീര്‍ക്കുന്ന സംസ്കാരസമ്പന്നതയാണ് നമ്മെ നയിക്കുന്നത്. ഇവരായിരിക്കും മറ്റുള്ളവരെ പ്രാകൃതര്‍ എന്ന് വിളിച്ചു കളിയാക്കുക.




വരച്ച വരയില്‍ നിന്നും ഒരാളും തെറ്റി നടക്കുന്നത് ഭരണകൂടത്തിന് ഇഷ്ടമല്ല.അവര്‍ അപ്പ കഷ്ണങ്ങള്‍ കാട്ടി കളത്തിലേക്ക് പ്രലോഭിപ്പിച്ചു നിര്‍ത്തും.അപ്പക്കഷ്ണങ്ങളില്‍ കൂടുതല്‍ അഭിരമിക്കുന്നത് എഴുത്തും വായന തുടങ്ങിയ ദോഷങ്ങള്‍ ഉള്ളവരും സിനിമയടക്കം മറ്റു കലാഗണത്തിലുള്ളവരുമാണ്. നട്ടെല്ലു വളക്കാനുള്ള വിദ്യാഭ്യാസമാണൊ സാക്ഷരത എന്ന് സംശയം തോന്നുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.ഇതാണ് ഭരണം നമുക്ക് തരുന്നത്.നട്ടെല്ല് നിവരാതിരിക്കാനുള്ള സിദ്ധൌഷധം.



കാട്ടില്‍ കാറ്റിനൊപ്പം പറന്നു പോയവരാണ് ആദിവാസികള്‍.ഇവരോട് സംസ്കൃതര്‍ കാണിക്കുന്നതും ഇതു തന്നെയാണ്.കാട്ടില്‍ നിന്നിറക്കി അവരെ നാടന്‍ മുണ്ടുടുപ്പിച്ചു,പട്ടയടിപ്പിച്ചു.നമ്മള്‍ കാട്ടില്‍ കയറി കട്ടു മുടിച്ചു.ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ കാടിനെതിരാണ്. വനം വകുപ്പിനും കട്ടിലേക്ക് എന്‍.ഒ.സി കിട്ടിയ എന്‍.ജി.ഓ സംഘങ്ങള്‍ക്കും കാട്ടില്‍ കയറാനും കൊള്ളയടിക്കാനും വേണ്ടിയാണ് വനവാസികളെ കാട്ടില്‍ നിന്നിറക്കിയതെന്നാണ് പുതിയ വര്‍ത്തമാനങ്ങള്‍.



ആനക്ക് വെള്ളം കുടിക്കാന്‍ ചോലകളില്‍ തടയണ കെട്ടുന്നു.ഒരു കാട്ടുചോലയില്‍ തന്നെ അഞ്ചും ആറും അണകള്‍.ഈയിടെ അണകളില്‍ ഒന്ന് പൊട്ടി.തുടര്‍ന്ന് ഓരോന്നോരാന്നായി പൊട്ടി.വലിയ വെള്ളപ്പൊക്കമുണ്ടായി. കുറെ മരങ്ങള്‍ വീണൊഴികിപ്പോയി.വയനാട്ടില്‍ നിന്നുള്ള വാര്‍ത്തകളാണ്. എന്‍.ജി.ഒ കളുടെ കയ്യിലേക്ക് വന സംരക്ഷണത്തിന് കോടികളാണ് ഒഴുകുന്നത്.ആണ്‍ ആനകള്‍ക്ക് സ്വിമ്മിംഗ് പൂള്‍ കുട്ടിയാനകള്‍ക്ക് ചില്‍ഡ്രന്‍സ് പാര്‍ക്ക്,പിടിയാനകള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ നിര്‍മ്മിച്ചാലും അത് മന്ത്രിമാര്‍ ഉല്‍ഘാടനം ചെയ്താലും അത് പ്രകടനപത്രികയില്‍ ഭരണനേട്ടമാക്കിയാലും ആരും മൂക്കത്ത് കൈ വെച്ചു പോകരുത്.ദയാ ബായി എന്ന സാമൂഹ്യ പ്രവര്‍ത്തക പറഞ്ഞതു പോലെ സര്‍ക്കരിതര സംഘടനകള്‍ പ്രൊജക്റ്റ് ഓറിയന്റാണ്,പീപ്പിള്‍/സോഷ്യല്‍ ഓറിയന്റല്ല.ഇതേക്കാള്‍ യോജിച്ച നിര്‍വ്വചനം എന്‍.ജി.ഓ കള്‍ കൊടുക്കാനില്ല.പോക്കറ്റിലേക്ക് വഹയുണ്ടെങ്കില്‍ എന്‍.ജി.ഓ കള്‍ എന്തു പണിയും ചെയ്യും.


വിപ്ലവം പോലും നടത്തിത്തരും.


ഭരണം.മുതലാളിത്തത്തിലായാലും ജനാധിപത്യത്തിലായാലും എന്തിനേറെ സോഷ്യലിസത്തിലായാലും വ്യതസ്തമല്ല.മഴയിലേക്ക് തെറിച്ചു പോകുന്ന കുട്ടികളെ അമ്മമാര്‍ കുടയിലേക്ക് വലിച്ചു കയറ്റുന്നതു പോലെയാണ് ഭരണകൂടം ഭരണത്തെ മാനിക്കാത്തവരോട് പെരുമാറുന്നത്.അമ്മയുടെ പിടിപോലെ അത്ര മൃദുലമല്ലെന്ന് മാത്രം. മുംബയിലെ കാന്തിവില്ലിയില്‍ സുഹൃത്ത് മുരളിയുടെ ഫ്ലാറ്റില്‍ താമസിച്ച ദിവസങ്ങളില്‍ കറങ്ങിയ പരിസരങ്ങളില്‍ ചില മനുഷ്യരെ കാണാന്‍ കഴിഞ്ഞു.നട്ട വെയിലില്‍ പഴയ മണ്ണെണ്ണ സ്റ്റൌ നന്നാക്കുന്ന ഒന്നു രണ്ടാളുകള്‍.വെറുതെ നോക്കി നിന്നു.കുറെ നേരം വെയില്‍ കൊണ്ടത് വെറുതെ.അവര്‍ എന്നെ പരിഗണിച്ചതേയില്ല.സാദാരണ മനുഷ്യര്‍ അവര്‍ക്ക് ഭരണകൂടത്തിന്റെ വളര്‍ത്തുമൃഗങ്ങളാണ്. എന്തിനവര്‍ നോക്കണം.മുരളിയാണ് പറഞ്ഞത്.ഇത്തരം ജോലി ചെയ്യുന്ന ആയിരക്കണക്കിനു മനുഷ്യര്‍ ബോംബെയില്‍ ഉണ്ട്.സെന്‍സസ് സമയത്ത് ഇവരെ ഒന്നിച്ച് പിടിക്കാന്‍ സര്‍ക്കാറിന്റെ പിണിയാളുകള്‍ പദ്ധതി തയ്യാറാക്കും. സമയം നിശ്ചയിച്ച് അവര്‍ വരും,പോലീസ് സന്നാഹത്തോടെ.ഭരണത്തെ പേടിച്ചോ അറച്ചോ അവര്‍ മറ്റൊരിടത്തേക്ക് പാ‍ലാ‍യനം ചെയ്യും.കാര്യങ്ങള്‍ അറിഞ്ഞതോടെ ഇവരോടെനിക്ക് ബഹമാനമായി.



കൊല്‍ക്കൊത്തയിലും ഇത്തരക്കാരെ ധാരാളം കണ്ടു. കലാകാരന്മാരും പണ്ടൊക്കെ ഇങ്ങിനെയൊക്കെ സഞ്ചരിച്ചവര്‍ ആയിരുന്നു.അധികാരത്തില്‍ നിന്നകന്ന്, തെന്നി മാറി.ഫ്യൂഡല്‍ കാലത്തെ മനുഷ്യരെപ്പോലെ. പക്ഷെ ഇവര്‍ പേടികൊണ്ടായിരുന്നില്ല.അഭിമാനികളായതിനാല്‍. ഉയരത്തില്‍ നിന്നത് കലാകാരന്മാരായിരുന്നു.അവര്‍ പട്ടും വളയും കിട്ടാന്‍ വേണ്ടി ശരീരം വില്ലു പോലെ വളച്ചില്ല.ആയതിനാ‍ല്‍ ചരിത്രത്തില്‍ നിന്ന് കാലങ്ങളിലേക്ക് നീണ്ടു നിവര്‍ന്നു കിടക്കുന്നതായി അവരുടെ കലയും വ്യക്തിത്വവും.സ്വാതന്ത്ര്യ ദാഹികളായ മനുഷ്യര്‍ അങ്ങിനെയാണ്.അവര്‍ക്ക് ഏറ്റവും മുകളില്‍ നില്‍ക്കണം.ഏതിനും മുകളില്‍.അധികാരത്തിനും പണത്തിനും പ്രലോഭനങ്ങള്‍ക്കുമെല്ലാം മുകളില്‍. ഉയരങ്ങള്‍ സ്വാതന്ത്ര്യമാണ്.ഉയരങ്ങള്‍ക്കിന്ന് പുതിയ നിര്‍വ്വചനമാണ്.അത് അധികാരത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സ്വന്തം രക്ഷ അതാണത്രെ അവരുടെ മതം.അതാണത്രെ ജീവല്‍ സാഹിത്യം അല്ലെങ്കില്‍ നന്നായി ജീവിച്ചു പോകാനുള്ള സാഹിത്യം.സാഹിത്യകാരന്മാര്‍ മാത്രമല്ല സിനിമക്കാരും ഇതില്‍ പെടുന്നു.ആയതിനാല്‍ ഭരണകൂടത്തിന്റെ ബ്രോയിലര്‍ കോഴികളായി അവര്‍ മാറി,ചിറകൊന്നു വിടര്‍ത്തുവാനോ ഒന്നു കൂകാനോ പറ്റാത്തവരായി അവര്‍ നിശബ്ദരാക്കപ്പെട്ടു.



മലയാള സിനിമയുടെ കാര്യം എടുക്കുക.സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന എത്രയെത്ര സ്ഥാപനങ്ങളാണിന്ന്.സദാചാരം,സെന്‍സര്‍ഷിപ്,മാക്ട,ഫെഫ്ക,അമ്മ,താരങ്ങള്‍ അങ്ങിനെയെത്രയെത്ര വ്യവസ്ഥാപിത സ്ഥാപങ്ങള്‍ക്കു കീഴില്‍ എല്ലാം ചുരുക്കപ്പെടുന്നു.ഒരു കലാരൂപം എന്ന നിലയില്‍ സിനിമയെടുക്കുന്നവന്റെ സ്വാതന്ത്ര്യം എത്രയോ പ്രധാനപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യത്തിലാണ് സ്ഥാപനങ്ങള്‍ അധികാരപ്രയോഗത്തിന്റെ കത്തിവെക്കുന്നത്.


മണ്ടത്തരം കൊണ്ടും മഹത്തരം കൊണ്ടു ചിലര്‍ ചരിത്രത്തില്‍ ചില കോറലുകള്‍ ഉണ്ടാക്കും.സ്ഥാപനങ്ങളെ വെല്ലുവിളിച്ചതാണ് സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്റെ(സിനിമാക്കാരന്റെയല്ല) പ്രസക്തി.സിനിമയുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കാനെ പാടില്ലാത്ത വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് എന്ന് ഞാന്‍ കരുതുന്നു.അയാള്‍ എന്തോ ചെയ്യുന്നു.അത് കാമറയിലായതിനാല്‍ ചാനലുകളും സമാനചിന്തകരായ മനുഷ്യരും അയാളെ സിനിമക്കാരന്‍ എന്ന് വിളിക്കുന്നു.അയാള്‍ മാത്രമല്ല പലരും സിനിമയൊന്നുമല്ല ചെയ്യുന്നത്.ഒരിഞ്ചു വ്യത്യാസത്തിന് സന്തോഷ് പണ്ഡിറ്റ് ആവാതെ പോയവരും ആവാന്‍ പോകുന്നവരും എത്രയെത്ര പേരാണ് മലയാള സിനിമയിലുള്ളത്)


സന്തോഷ് പണ്ഡിറ്റ് സിനിമാ വൃത്തങ്ങളെ അസ്വസ്ഥരാക്കി എന്നറിയാന്‍ ഈയിടെ ഗള്‍ഫില്‍ നടന്ന ഒരു ചാനലിന്റെ അവാര്‍ഡ് ദാന പരിപാടി കണ്ടാല്‍ മതി,സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാന്‍ അവര്‍ എടുത്ത സമയം നോക്കിയാല്‍ മതി.എത്രയെത്ര നടീനടന്മാരാണ് സന്തോഷ് പണ്ഡിറ്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ രംഗത്തുവന്നത്. വിചാരിച്ചതിലും കൂടുതലാണ് സന്തോഷ് പണ്ഡിറ്റ് ഏല്പിച്ച പ്രഹരശക്തി.സ്ഥാപനങ്ങള്‍ എപ്പോഴും അരക്ഷിതരാണെന്ന് ഇത് തെളിയിച്ചു.അരാജക വാദത്തിന്റെ പ്രസക്തി ഇവിടെയാണ്.സ്വതന്ത്രനായ മനുഷ്യനരെ എല്ലാവരും ഭയക്കുന്നു,അയാള്‍ മണ്ടനായാലും സമര്‍ത്ഥനായാലും.സംഘബലം കൂടും തോറും മനുഷ്യര്‍ കൂടുതല്‍ അരക്ഷിതരാവുകയാണോ.അരക്ഷിതരാണ് എന്നും കൈകോര്‍ത്തിരുന്നത്.ഇന്നത് തകിടം മറിയുകയാണൊ.



കൂട്ടായ്മകള്‍ എന്നും മനോഹരമായ നിമിഷങ്ങളാണ് കാലത്തിന് സമ്മാനിച്ചിട്ടുള്ളത്.വേറുതെ കൂട്ടം കൂടിയാല്‍ പോരാ,എന്തെങ്കിലും പുതുചിന്തകളുടെ തുറസ്സതിനു വേണം.സിനിമയുടെ ചരിത്രം കൂട്ടായ്മയുടെയും ചരിത്രമാണ്.ഇതിന്റെ പ്രകടമായ ചിത്രങ്ങള്‍ നമ്മുടെ ചരിത്രത്തിലേക്കൊന്ന് നോക്കിയാല്‍ കാണാം.കഹെര്‍ദു സിനിമ എന്ന കൂട്ടുകെട്ട് ഫ്രാന്‍സില്‍ നിന്നായിരുന്നു.ഈ കൂട്ട് പരസ്പരം ചര്‍ച്ച ചെയ്തും കലഹിച്ചും തെറ്റിപ്പിരിഞ്ഞും ശക്തിപ്പെട്ടതാണ്.അവിടെ കാതലായ മാറ്റത്തിന് സിനിമ വിധേയമായി.



മലയാളത്തിലും ഇത്തരത്തില്‍ വിപുലമായൊരു സംഘം ഉണ്ടായിരുന്നു. നവസിനിമക്കുവേണ്ടി ശ്വാസോച്ഛാസം ചെയ്തവരായിരുന്നു അവര്‍.രാമു കാര്യാട്ടും പി.ഭാസ്കരനും വിന്‍സന്റ് മാഷും ശോഭനാ പരമേശ്വരന്‍ നായരും വയലാറും ദേവരാജനും എം.ടി.വാസുദേവന്‍ നായരും പി.എന്‍.മേനോനും വൈക്കം മുഹമ്മദ് ബഷീറും മലയാറ്റൂരും സേതുമാധവനും. നിരവധി പേര്‍ ഇതില്‍ പെടുന്നു.ഇതിന്റെ തുടര്‍ച്ചകളും സജീവമായിരുന്നു.അരവിന്ദനും കെ.ജി.ജോര്‍ജ്ജും അടൂരും പത്മരാജനും ജോണ്‍ എബ്രഹാമും കെ.ആര്‍.മോഹനനും കെ.പി.കുമാരനും ബക്കറും ജി.എസ്.പണിക്കറും പവിത്രനും രവീന്ദ്രനുമൊക്കെ. സിനിമയെ നേര്‍ വഴിക്ക് നടത്താന്‍ സിനിമക്ക് പുറത്തും ഒരു വലിയ സമൂഹം കര്‍മ്മ ക്ഷമമായിരുന്നു.ഫിലിം സൊസൈറ്റികള്‍ അതിന്റെ പ്രത്യക്ഷ രൂപങ്ങളായിരുന്നു. എഴുപതുകള്‍ നമുക്ക് തന്നത് കൂടിച്ചേരലിന്റെ സൗന്ദര്യമായിരുന്നു.




ഇന്നത്തെ മലയാള സിനിമ പോലെ പ്രേക്ഷകരെ പിഴിയുന്നതിനുള്ള കോക്കസ് ആയിരുന്നില്ല.ഇന്ന് സിനിമ ഇറങ്ങിയാല്‍ പ്രേക്ഷകരടക്കം സംസാരിക്കുന്നത് അതിന്റെ വിറ്റുവരവിനെ കുറിച്ചാണ്.സൊന്ദര്യാത്മകത വേണമെങ്കില്‍ സംസാരിക്കാം എന്നൊരു അലസ നിലപാട്.അടിമുടി മനുഷ്യന്‍ മാറിയിരിക്കുന്നു.



ലാഭത്തില്‍ മാത്രം ഊന്നുന്ന ഒന്നും നിലനില്‍ക്കാന്‍ അര്‍ഹത നേടുന്നില്ല.മനുഷ്യ സമൂഹമെന്ന നിലയില്‍ പ്രത്യേകിച്ചും.പുതിയ കാലം വരും.മുകളില്‍ നിന്നുള്ള ഉത്തരവു കിട്ടിയാല്‍ മാത്രം ശ്വാസം വിടുന്ന ഗതൈകെട്ട കാലത്തെ അതിജീവിക്കുന്ന പുതിയ മനുഷ്യര്‍ വരും. സാങ്കേതികതയുടെ പുതിയ വഴിത്തിരിവില്‍ മലയാള സിനിമക്ക് അടിമുടി മാറും.
വേറെ വഴികളില്ല.
സെന്‍സര്‍ ബോര്‍ഡ്,സര്‍ക്കാര്‍,അമ്മ,ഫെഫ്ക,മാക്ട,മോഹന്‍ ലാല്‍,മമ്മൂട്ടി,സാംസ്കാരികമന്ത്രി,ചലച്ചിത്ര വികസന ഏജന്‍സികള്‍ എന്നിങ്ങനെ സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന സ്ഥാപനങ്ങളെ മറികടക്കുന്ന പുതിയ സിനിമകള്‍ വരും.അടക്കി വെച്ച് ജീവിക്കുന്ന സമൂഹത്തിന്റെ ഒറ്റ നെടുവീര്‍പ്പുമതി ലോകമെല്ലാം മാറി മറയാന്‍.


സിനിമയില്‍ സംഭവിക്കാന്‍ പോകുന്നതും അതാണ്.കിണറ്റുതവളക്ക് സൂര്യനിലേക്കുള്ള ദൂരം എന്നും ഒരു പോലെ ആയിരിക്കില്ല.അതിന്റെ സൂചനകള്‍ വന്നു തുടങ്ങി.വിഗ്രഹങ്ങള്‍ ഉലയുകയും, സ്ഥാപനങ്ങള്‍ പ്രതിഭാവിശേഷങ്ങള്‍ക്കു മുന്നില്‍ അസ്ഥിരമാവുകയും ചെയ്യുന്ന കാലം വരാതിരിക്കില്ല.




3 comments:

മണിലാല്‍ said...

മണ്ടത്തരം കൊണ്ടും മഹത്തരം കൊണ്ടു ചിലര്‍ ചരിത്രത്തില്‍ ചില കോറലുകള്‍ ഉണ്ടാക്കും.സ്ഥാപനങ്ങളെ വെല്ലുവിളിച്ചതാണ് സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്റെ(സിനിമാക്കാരന്റെയല്ല) പ്രസക്തി.സിനിമയുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കാനെ പാടില്ലാത്ത വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് എന്ന് ഞാന്‍ കരുതുന്നു.അയാള്‍ എന്തോ ചെയ്യുന്നു.അത് കാമറയിലായതിനാല്‍ ചാനലുകളും സമാനചിന്തകരായ മനുഷ്യരും അയാളെ സിനിമക്കാരന്‍ എന്ന് വിളിക്കുന്നു.അയാള്‍ മാത്രമല്ല പലരും സിനിമയൊന്നുമല്ല ചെയ്യുന്നത്.ഒരിഞ്ചു വ്യത്യാസത്തിന് സന്തോഷ് പണ്ഡിറ്റ് ആവാതെ പോയവരും ആവാന്‍ പോകുന്നവരും എത്രയെത്ര പേരാണ് മലയാള സിനിമയിലുള്ളത്)

ഗാനൻ said...

ധര്‍മ്മവും നിയമവും എന്ന് തിരിച്ചറിയാതായോ അന്നുമുതല്‍ മനുഷ്യന്റെ അധഃപതനം തുടങ്ങി.

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാള സിനിമയുടെ കാര്യം എടുക്കുക.സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന എത്രയെത്ര സ്ഥാപനങ്ങളാണിന്ന്.സദാചാരം,സെന്‍സര്‍ഷിപ്,മാക്ട,ഫെഫ്ക,അമ്മ,താരങ്ങള്‍ അങ്ങിനെയെത്രയെത്ര വ്യവസ്ഥാപിത സ്ഥാപങ്ങള്‍ക്കു കീഴില്‍ എല്ലാം ചുരുക്കപ്പെടുന്നു.ഒരു കലാരൂപം എന്ന നിലയില്‍ സിനിമയെടുക്കുന്നവന്റെ സ്വാതന്ത്ര്യം എത്രയോ പ്രധാനപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യത്തിലാണ് സ്ഥാപനങ്ങള്‍ അധികാരപ്രയോഗത്തിന്റെ കത്തിവെക്കുന്നത്.


നീയുള്ളപ്പോള്‍.....