പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, May 16, 2012

അവിഹിതത്തിന്റെ പേരാണു ബിയോടി
  വാടാനപ്പള്ളിയില്‍ ഭരതന്‍ എന്നൊരാളുണ്ട്,എന്റെ നാടെന്നു പറയാന്‍ പറ്റില്ല.കാരണം എന്റെ മാത്രം നാടല്ല.പിന്നെ പേരിനൊപ്പം നാടിന്റെയും വീട്ടുപേരും ജാതിപ്പേരും അച്ഛനമ്മമാരുടെ പേരൊക്കെ വെക്കുന്നത് ആത്മവിശ്വാസത്തിന്റെ പ്രശ്നമാണ്.അവരെ വെറുതെ വിടുക.പറഞ്ഞു വന്നത് ഭരതന്‍ എന്നൊരാളെപ്പറ്റിയാണ്.ഒരു ദിവസം ഞങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ട  ഗംഗാധരന്റെ  പൈപ്പിന്മേല്‍ ഇരിക്കവെ  
   ഉയരം കുറഞ്ഞ് ഏകദേശം ശങ്കരാടിയെപ്പോലെ ഇരിക്കുന്ന ഒരാള്‍ ഞങ്ങള്‍ക്കു നേരെ നടന്നുവരുന്നു.
 .ആരോ പറഞ്ഞു.'ശങ്കരാടിയെപ്പോലെ '.ഉടന്‍
വന്നു ഭരതന്റെ മറുപടി.പോലെയല്ല, ശങ്കരാടി തന്നെയാണ്.
ഇക്കഥ തല്‍ക്കാലം
ഇവിടെയിരിക്കട്ടെ.ഇപ്പോ പാലിയേക്കരയാണ് നമ്മുടെ ഫോക്കസ്.അവിടെയാണ് കേരളത്തിന്റെ സമരമുഖം.


മുഴുനീള മാര്‍ക്സിസ്റ്റായ സുഹൃത്ത് എന്നെ വിളിച്ചു.അതും നിര്‍ദയമായ സമയത്ത്.ഉറക്കത്തിലായിരുന്ന എന്നെ.

‘കാള്‍ മാര്‍ക്സ് ജെന്നിയുടെ വെറും ഭര്‍ത്താവ് മാത്രമല്ലെന്ന് നിനക്ക് മനസ്സിലായില്ലെ‘!
എന്ന് സുഹൃത്ത്.എനിക്കൊന്നും മനസ്സിലായില്ല.പക്ഷെ വരാന്‍ പോകുന്നത് മാര്‍ക്സിസത്തില്‍ നിന്നുള്ള ഒരടിയായിരിക്കുമെന്ന് ഞാനൂഹിച്ചു. വിളിച്ച 'അവന്‍ സഖാവ് '   ചരിത്രത്തിലും മാര്‍ക്സിസത്തിലും അവഗാഹമുള്ള ഒരാളായിരുന്നു.ബബ്ബബ മാര്‍ക്സിസ്റ്റല്ലായിരുന്നു.സംഗതി
ശരിയായിരുന്നു.ഉദ്ധരിണിയില്‍ പെട്ട് ജീവിക്കുന്ന ഒരാള്‍ കൂടിയായിരുന്നു 'അവന്‍ സഖാവ്'.'അവന്‍ സഖാവ്' രാത്രിയെന്നില്ലാതെ,പാതിരാത്രിയെന്നില്ലാതെ മാര്‍ക്സിസം ഉദ്ധരിച്ചു.

“ലോക വിപണി രൂപികൃതമാവുന്നതോടു കൂടി ബൂര്‍ഷ്വാസിയുടെ ചരിത്രത്തിലെ പുരോഗമനപരമായ മുഖം അസ്തമിക്കും”.ഇതെല്ലാം എത്രയോ മുമ്പേ എഴുതിവെച്ചിരിക്കുന്നു നമ്മുടെ തലമൂത്ത സഖാവ്.മനുഷ്യത്വരഹിതമായ കോര്‍പ്പറേറ്റ് യുഗത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ മാര്‍ക്സിസ്റ്റ് ഉദ്ധരണി.ഇതേക്കുറിച്ച് കുറെ സംസാരിച്ച
ശേഷം ഞാന്‍ ചോദിച്ചു.നമ്മുടെ പാര്‍ട്ടിക്ക് ഈ നിലപാടില്ലല്ലൊ?
.ജനാധിപത്യ പാര്‍ട്ടി ആയതിന്റെതാണ് ഈ പരിമിതിയെന്ന് ‘അവന്‍ സഖാവ്’സമ്മതിച്ചു.സമൂഹത്തിന്റെ അലകും പിടിയുമൊക്കെ കോര്‍പ്പറേറ്റുകള്‍ പിടി മുറുക്കുമ്പോഴും
ഭരണത്തിലേക്കുള്ള എളുപ്പവഴികള്‍ ആണല്ലോ പാര്‍ട്ടി പിന്തുടരുന്നത് എന്നൊക്കെ
പറഞ്ഞ് അവന്‍ സഖാവിനെ പാതിരാത്രിയിലും വിരട്ടാന്‍ നോക്കി,(ഭരണം എന്നാല്‍ ഒരു വിരട്ടാണ്. വിലകയറ്റി വിരട്ടുക,നികുതി കയറ്റി വിരട്ടുക,യുദ്ധമെന്ന് വിരട്ടുക,സദാചാരം പറഞ്ഞ് വിരട്ടുക,വര്‍ഗ്ഗിയത കത്തിച്ച് വിരട്ടുക,വംശീയത കാട്ടി വിരട്ടുക,ചരിത്രം കാട്ടി വിരട്ടുക.ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വാഗ്ദാനങ്ങള്‍ നിരത്തി വിരട്ടുക.ഈ വിരട്ടലില്‍ വീണു പോകുന്നവരാണ് ജനാധിപത്യത്തിന്റെ നെടും തൂണുകളായ "ആധാറി'നുടമകളുമായ സാദാ മനുഷ്യര്‍  .അവന്‍ സഖാവിന്റെ മുന്നില്‍ അതൊന്നും വിലപ്പോവില്ലെന്ന് മനസ്സിലായിട്ടു കൂടി.ബി.ഒ.ടി പോലുള്ള ജനങ്ങളെ പിഴിഞ്ഞു കൊണ്ടു
പോകുന്ന കോര്‍പ്പറേറ്റ് ഭീകരന്മാര്‍ക്കെതിരെ എന്താണ് പാര്‍ട്ടിയുടെ പോളിസി
എന്നൊക്കെ എളിയ ബുദ്ധിയില്‍ ചോദിച്ചു പോയി ഞാന്‍  .പാര്‍ട്ടിയെ പറ്റി ഒരു ചുക്കും മണിലാലിനറിയില്ലെന്ന് കൊമ്പുകുലുക്കി അവന്‍ സഖാവ് പിന്‍വാങ്ങി.ഇന്റര്‍ നെറ്റില്‍ നിന്നും,സഖാക്കളായ സുഹൃത്തുക്കളില്‍ നിന്നും, പാലിയേക്കരയിലെ
സമരമുഖങ്ങളില്‍ നിന്നുമൊക്കെ ബി ഒ ടി അനുബന്ധമായ കുറെ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു
വെച്ചിരുന്നു.അതിന്റെ തിരയിളക്കത്തില്‍ ഞാന്‍ കുറെ അന്തസില്ലാത്ത
രീതിയില്‍ അവന്‍ സഖാവിനോടു സംസാരിച്ചു(ആവേശം മൂത്താല്‍ ആരും അങ്ങിനെയാണ്.അന്തസില്ലാത്ത ഭാഷ അത്ര മോശമല്ലെന്നും ചിലയിടങ്ങളില്‍ അതു നിര്‍ബ്ബന്ധമായി വേണമെന്നും എം.എന്‍ .വിജയന്‍ സഖാവ് പറഞ്ഞതായി ഓര്‍ക്കുന്നു.പാര്‍ട്ടിയെ വിട് മാര്‍ക്സിസത്തെക്കുറിച്ച്
സംസാരിക്കാമെന്ന് അവന്‍ സഖാവ്.അതാണ് നല്ലതെന്നും ഞാന്‍ സഖാവ്.സ്ഥാപനങ്ങള്‍
അങ്ങിനെയാണ്.നേര്‍വഴിക്ക് പോകില്ല.പാര്‍ട്ടിയും ഒരു സാദാ സ്ഥാപനമാവുന്നു.(ആദര്‍ശദാമ്പത്യം എന്നു പറയുന്നതു പോലെ ആദര്‍ശ മാര്‍ക്സിസവും ഒരു തമാശയാണൊ.) അഭിപ്രായങ്ങള്‍  ,താല്പര്യങ്ങള്‍ അതിനെ
അശ്ലീലമാക്കിയിരിക്കും.അതു കൊണ്ടാണ് കാര്യം നടക്കണമെങ്കില്‍ കരുണാകരന്‍
വേണമെന്ന് കേരളം പറയുന്നത്.കരുണാകരന്റെ കഴിവല്ല, ജനാധിപത്യത്തിന്റെ
കുറവാണ് ഒരു വ്യക്തിയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുന്നതിലൂടെ തെളിയുന്നത്.


സത്യം പറഞ്ഞാല്‍ ഇനി മുതല്‍ ജനാധിപത്യത്തിന് ഇന്ത്യയില്‍ യാതൊരു കാര്യമില്ല.എല്ലാം
മേഖലയിലും കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്നു.സംസ്കാരത്തില്‍ ,
കലയില്‍ .  കച്ചവടത്തില്‍ , രാഷ്ട്രീയത്തില്‍ അഴിമതി വിരുദ്ധപോരാട്ടത്തില്‍
എല്ലാം അവര്‍ കലവും ചട്ടിയുമായി സ്ഥിരതാമസമാക്കിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയക്കാരക്കെങ്കില്‍ പത്തു സെന്റുമതി,കൊടികുത്താനും പ്രസംഗിക്കാനും. പത്തായം മുടിച്ചേ കോര്‍പ്പറേറ്റുകള്‍ അടങ്ങു.നിയമം
നിര്‍മ്മിക്കാന്‍ അവര്‍ ജനാധിപത്യത്തിന്റെ പ്രതിനിധികളെ
വിലക്കെടുക്കും,അഴിമതി നടത്തും, അഴിമതിക്കെതിരെയുള്ള സമരം സ്പോണ്‍സര്‍
ചെയ്യും.അങ്ങിനെ വിപ്ലവമുഖമുള്ള കോര്‍പ്പറേറ്റുകള്‍ വരും.അണ്ണാഹസാരെമാരെ അവര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും.കോര്‍പ്പറേറ്റുകളുടെ ചിറകിന്നടിയില്‍ കുറെ നേരം ഇരുന്നു കുണ്ടി ചൂടാവുമ്പോള്‍
നാട്ടാരെ ഒന്നു ബോദ്ധ്യപ്പെടുത്താന്‍ രാഷ്ട്രീയക്കാര്‍ ശരീരം ഒന്നു കുടയും, അത്ര
തന്നെ.വീണ്ടും വീണ്ടും തള്ളക്കോഴി കുട്ടികളോടെന്ന പോലെ വാ വാ എന്ന് കുറുകിക്കൊണ്ടിരിക്കും.ഇതിനും മേലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും
ചെയ്യാനില്ല.ഒട്ടി നില്‍ക്കുക തന്നെ.അത്രക്ക് വിപുലമാകുന്നു അതിന്റെ
സുഖസൗകര്യങ്ങള്‍  .ജനങ്ങളിന്‍ നിന്ന് മാക്സിമം വലിച്ചെടുത്ത് രസിക്കുക തന്നെ ഉത്തമം.
  സംരക്ഷകരോട് നീതി പുലര്‍ത്തുക എന്ന ഒറ്റ അജണ്ടയിലേക്ക്
ഭരണാധികാരികള്‍ മാറ്റപ്പെട്ടിരിക്കുന്നു.തൊഴിലാളികളോടു പോകാന്‍ പറ.

രാഷ്ട്രീയക്കാരെ വെറുതെ വിടുക.അവരുടെ സില്‍ക്ക് ജുബ്ബകള്‍ ചുളിയാന്‍ നമ്മള്‍ അനുവദിക്കരുത്.ആയതിനാല്‍ ബി.ഓ.ടിക്കെതിരെ പാലിയേക്കരയില്‍ ആരംഭിച്ച സമരം കേരളത്തിലെ ജനങ്ങള്‍
ഏറ്റെടുക്കേണ്ട സമരമാകുന്നു.എല്ലാ അര്‍ത്ഥത്തിലും ജനസമ്പത്ത്
കൊള്ളയടിക്കുന്ന ഈ സം വിധാനത്തിനെതിരെ നമ്മള്‍ സംസാരിച്ചു
തുടങ്ങേണ്ടീയിരിക്കുന്നു.അതായിരിക്കും മലയാളത്തിന്റെ പുതിയ രാഷ്ട്രീയം,ലോകത്തിന്റെയും.


അത്രമേല്‍ സാരാംശമുള്ള
സമരമാണത്.കോണ്‍ഗ്രസ്സിനേയും വ്യവസ്ഥാപിത കമ്യൂണിസത്തേയുമൊന്നും ഇവിടെ
പ്രതീക്ഷിക്കേണ്ട.ബി.ഒ.ടി വികസനമാണെന്നവര്‍ പറയും.ആരുടെ വികസനം എന്നു
മാത്രം ചോദിക്കരുത്.ബംഗാളികളും ഉത്തരേന്ത്യയില്‍ നിന്നുള്ളവരും നമ്മുടെ വമ്പന്‍ കെട്ടിടങ്ങള്‍ക്കു മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്നതു കണ്ടിട്ടില്ലെ.ഇതാണ് വികസനം. പാവങ്ങളെ അമ്പരിപ്പിക്കുക.കഴ്ചകളും വികസനമാവുന്നു.അതുകൊണ്ടാണല്ലോ ലുലു സെന്ററിലേക്ക് സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ ടൂര്‍ പോകുന്നത്.വീഗാ ലാന്റ് ഇപ്പോള്‍ രണ്ടാമതെ വരൂ. കാണാന്‍ കാശു വേണ്ടല്ലോ.പക്ഷെ നിങ്ങളവിടെ പോയെ തീരൂ,പിന്നെയും പിന്നെയും.
നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോളുമുണ്ട്,മനുഷ്യത്വത്തിന്റേതായ നടപ്പാതകള്‍ ,മനുഷ്യന്റെതായ കാല്പാടുകള്‍ . വീട്ടില്‍ നിന്നും അകലെയുള്ള മെയിന്‍ റോഡിലേക്കെത്തണമെങ്കില്‍ എത്രയെത്ര വീടുകള്‍ താണ്ടണം.എത്ര മനുഷ്യരെ തൊടണം.എത്ര വര്‍ത്തമാനങ്ങള്‍ കേള്‍ക്കണം. ചില വീടിന്റെ അടുക്കള ഭാഗത്തൂടെ,ചില വീടിന്റെ അകത്തളങ്ങളിലൂടെ,ചിലതിന്റെ പിന്നമ്പുറങ്ങളിലൂടെ ചാച്ചും ചെരിഞ്ഞും നിവര്‍ന്നുമൊക്കെ നടന്നു വേണം കവല പിടിക്കാന്‍  .ഈ യാത്രക്കൊരു സംഗീതമുണ്ട്.മനുഷ്യരുടെ എത്രയെത്ര  അവസ്ഥകള്‍  ,കല്യാണം,മരണം,സ്നേഹം,വിദ്വേഷം എന്നിവയിലൂടെ നമ്മള്‍ കടന്നു പോകുന്നു.തികച്ചും മാനുഷികമായിരുന്നു ഈ യാത്രകള്‍ .ഇപ്പോഴും ഗ്രാമങ്ങള്‍ ഇതെല്ലാം കാത്തു സൂക്ഷിക്കുന്നു.വികസനമധികമായി എത്തതിനാല്‍ തെയ്യം തിറ എന്നൊക്കെ ഇപ്പോഴും പറഞ്ഞു നടക്കുന്ന കണ്ണൂര്‍ കാസര്‍കോട് ഭാഗങ്ങളില്‍ മനുഷ്യരിലൂടെയുള്ള യാത്രകള്‍ മനോഹരമാണ്.തെയ്യം കാണാന്‍ പോയ ഞങ്ങള്‍ അഞ്ചെട്ടു പേരെ ഒന്നു രണ്ടു മൈല്‍ നടക്കേണ്ട ദൂരം ഒരു ഗ്രാമം രണ്ടുമൂന്നു മിനിറ്റ് കൊണ്ട് അവരുടെ ആവാസത്തിലൂടെ കടത്തിവിട്ട് ലക്ഷ്യമെത്തിച്ചത് അത്ഭുതകരമായ അനുഭവമായിരുന്നു,പ്രത്യേകിച്ച് തിരുവിതാം കൂറുകാരായ ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക്.മതിലുകളിലില്ല,വേലികളില്ല.മനുഷ്യന്റെ  കൈകളിലൂടെയാണ് നാം ഇവിടെ സഞ്ചരിക്കുക.

ഇപ്പോള്‍ നമ്മുടെ നടപ്പിനെ,യാത്രയെ,ദൂരത്തെ,സ്വപ്നങ്ങളെ എല്ലാം നിയന്ത്രിക്കാന്‍ ബി.ഒ.ടി.എന്ന കോര്‍പ്പറേറ്റ് വ്യവസ്ഥ വന്നിരിക്കുന്നു.എല്ലാം ഇവരെ ഏല്പിച്ചാല്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന് ഭരണകൂടത്തിന് കൈമലര്‍ത്താം.മന്ത്രിയുടെ കുടുംബകാര്യങ്ങള്‍ നോക്കാന്‍ മുഖ്യമന്ത്രിക്ക് ഇഷ്ടം പോലെ സമയവും കിട്ടും. പോക്കറ്റിലേക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്യും.ജനകീയ പിരിവുകള്‍ നിര്‍ത്തലാക്കിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ ‘നിങ്ങളുടെ കയ്യില്‍ നിന്നൊന്നും വേണ്ടെ ’എന്ന് ജനങ്ങളോട് ഉദാരമതികളാവുന്നു.എന്നാല്‍ അവന്റെ കീശയിലെ ഓരോ തുട്ടും ഊറ്റിയെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.അവിടെ നിന്നൊരുമിച്ച് വാങ്ങിയാല്‍ മതി.

സര്‍ക്കാരും കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കരും  തമ്മിലെ അവിഹിത ബന്ധമാണ് ബി.ഒ.ടി.

ബൈബിളില്‍ പറയുന്നതു പോലെ ‘അവന്‍ പല രൂപത്തിലും വരും’.റോഡിന്റെ രൂപത്തിലും ജലത്തിന്റെ രൂപത്തിലും വായുവിന്റെ രൂപത്തില്‍ പോലും.ഇനി ബി ഒ ടി യുടെ രൂപത്തിലും.

മനുഷ്യ ജീവിതത്തിലെ അവിഹിതമായ(സദാചാരികളുടെ ഭാഷയില്‍  സ്ത്രീപുരുഷബന്ധത്തെ  മാത്രമേ സദാചാര സംരക്ഷകരായ ഭരണകൂടം പിടിച്ച് ജയിലില്‍ അടക്കൂ.ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ ,അതിനു കൂട്ടുനില്‍ക്കുന്നു നമ്മുടെ ജനകീയഭരണകൂടങ്ങള്‍  .ഈ അവിഹിതത്തെ തെരുവില്‍ നിര്‍ത്തി പൊരിക്കേണ്ടത് ജനങ്ങളുടെ കടമയാണ്. സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ബഹു ദൂരം അതിവേഗത്തില്‍ മുന്നോട്ടു പോയിരിക്കുന്നു. 
ഇന്ന് സഞ്ചാരത്തിനു മേലെയാണെങ്കില്‍ നാളെ വെള്ളം വൈദ്യുതി വായു എന്നിവക്ക് മേലെയും ബി.ഒ.ടി ക്കാര്‍ വരും.കുടിക്കണമെങ്കില്‍ ശ്വസിക്കണമെങ്കില്‍ സ്വപ്നം കാണണമെങ്കില്‍ ടോള്‍ കൊടുക്കേണ്ടി വരുന്ന കാലം വിദൂരമല്ല.വെള്ളം ബി.ഒ.ടി യിന്‍ കീഴിലാക്കിയതിന്‍ പേരില്‍ പല രാജ്യങ്ങളിലും നടക്കുന്ന സമരം ദേശീയ പ്രക്ഷോഭമായി വികസിച്ചിരിക്കുന്നു.കോര്‍പ്പറേറ്റുകളില്‍ നിന്നും അവരുടെ ദാസന്മാരായ രാഷ്ട്രീയക്കരില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ മറ്റൊരു സമരമുഖത്തേക്ക് ജനങ്ങള്‍ മാര്‍ച്ചു ചെയ്യുന്ന കാലം അതിവേഗം വരുമെന്നും അത് ബഹു ദൂരം സഞ്ചരിക്കുമെന്നും പ്രത്യാശിക്കുക.

ഭരതന്‍ പറഞ്ഞതു പോലെ ഭരണകര്‍ത്താക്കള്‍  കോര്‍പ്പറേറ്റുകളുടെ പാവകളെ പോലെയല്ല  അവരുടെ  പാവകള്‍ തന്നെയാകുന്നു.

6 comments:

THANKU said...

നന്നായിട്ടുണ്ട് മണി ചേട്ടാ .. പക്ഷെ ഒരു സംശയം , ഈ ബി ഓ ടി ഒരുവിധത്തില്‍ വികസനത്തിന് ആക്കം കൂടാന്‍ സഹായിക്കുന്നില്ലേ ?.
എനിക്ക് തോന്നുന്നത് ഒരു പാലമോ റോഡോ പണിതുകഴിഞ്ഞാല്‍ എത്രനാള്‍ ഈ സംവിധാനം തുടരണം എന്ന കാര്യത്തിലോ അതില്‍ എത്ര രൂപ ഈടാക്കുന്നു എന്നതിലോ അല്ലെ ഈ പ്രശനം.

മണിലാല്‍ said...

അണക്കെട്ടും മൂന്നാര്‍ മുഴുവനും 99 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്ത പാര്‍ട്ടികളാ............

മണിലാല്‍ said...

മനുഷ്യ ജീവിതത്തിലെ അവിഹിത ബന്ധത്തെ മാത്രമേ സദാചാര സംരക്ഷകരായ ഭരണകൂടെം പിടിച്ച് ജയിലില്‍ അടക്കൂ.ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍,അതിനു കൂട്ടുനില്‍ക്കുന്ന ഭരണകൂടം.ഈ അവിഹിതത്തെ തെരുവില്‍ നിര്‍ത്തി പൊരിക്കേണ്ടത് ജനങ്ങളുടെ കടമയാണ്.ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ബഹു ദൂരം അതിവേഗത്തില്‍ മുന്നോട്ടു പോയിരിക്കുന്നു.നൂറുവരിപ്പാതയിലൂടെ കുറെ സഞ്ചരിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ ജനങ്ങള്‍ അത്രക്കെത്തിയിട്ടില്ലല്ലോ എന്ന കുറ്റബോധം.അതിന്റെ പേരില്‍ ജനങ്ങള്‍ക്കുവേണ്ടിയും ഭരണകൂടം ദുര്‍ബ്ബലമായ ഡബ്ബിള്‍ ബെല്‍ മുഴക്കുന്നു, അതിവേഗം ബഹുദൂരം.

കുഞ്ഞൂസ് (Kunjuss) said...

എന്നാണ് നമുക്കൊന്ന് സമാധാനത്തോടെ ശ്വസിക്കാനാവുക...?

കോര്‍പ്പറേറ്റുകളില്‍ നിന്നും അവരുടെ ദാസന്മാരായ രാഷ്ട്രീയക്കരില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ മറ്റൊരു സമരമുഖത്തേക്ക് ജനങ്ങള്‍ മാര്‍ച്ചു ചെയ്യുന്ന കാലം അതിവേഗം വരുമെന്നും അത് ബഹു ദൂരം സഞ്ചരിക്കുമെന്നും പ്രത്യാശിക്കുക.!!

N.PADMANABHAN said...

സഹജഗ്രമത്തെകുറിച്ചുള്ള ഊഷ്മളമായ ചിന്തകളില്‍നിന്നും എപ്പൊഴോ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. പിന്നെ വല്ലാത്തൊരു ബഹളവും ഉച്ചത്തിലുള്ള മുദ്രാവാക്യവിളികളും കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ഗിരീഷ്‌ കാര്‍ റോഡിന്‍റെ മദ്ധ്യേ നിര്‍ത്തിയിട്ടിരിക്കുന്നു. ചുറ്റും ആര്‍ത്തിരമ്പിവരുന്ന ജനം. രോഷാകുലരായ ഒരു വലിയ ജനക്കൂട്ടം ചുവന്ന കൊടികളും പിടിച്ചു മുദ്രാവാക്യം വിളിച്ചു റോഡു മുഴുവന്‍ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. റോഡിന്‍റെ ഇരുവശങ്ങളിലും, പോലീസ് വാനുകളും, ആയുധധാരികളായ പോലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്. ഒരു റോഡു ഉപരോധം നടന്നുകൊണ്ടിരിക്കുകയാണ്. പ്ലക്കാര്‍ഡുകള്‍ വായിച്ചപ്പോളാണ് മനസ്സിലായത്‌, ഞാനിപ്പോള്‍ എത്തിയിരിക്കുന്നത് തൃശൂര്‍, അങ്കമാലി - മണ്ണുത്തി റോഡിലെ പാലിയേക്കര ടോള്‍ ബൂത്തിനരികിലാണ്. അവിടെ ടോള്‍ വിരുദ്ധ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തുന്ന ഒരു ബഹുജന മുന്നേറ്റ സമരം നടന്നുകൊണ്ടിരിക്കുകയാണ്.

ഗിരീഷ് മെല്ലെ കാര്‍ സൈഡിലേക്ക് ഒതുക്കിനിര്‍ത്തി. ഞാന്‍ കാറില്‍ നിന്നും പുറത്തേക്കു ഇറങ്ങി. അസഹനീയമായ ചൂടും ഉഷ്ണവും. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. ദാഹം കൊണ്ട് തൊണ്ട വരണ്ടതുപോലെ. ഞാന്‍ ചുറ്റുപാടും നോക്കി. റോഡരികില്‍ ഒരു പെട്ടിക്കടക്കാരന്‍ ധൃതിയില്‍ കടയടക്കാന്‍ തുടങ്ങുന്നു. ഞാന്‍ അയാളുടെ അടുത്തേക്ക് വേഗം നീങ്ങി. ഒരു സോഡാ കിട്ടുമോ എന്ന് നോക്കാം. ഞാന്‍ പെട്ടെന്നു രണ്ടു സോഡാ വാങ്ങിച്ചു, പിന്നെ കാറിനരികിലേക്ക് നടന്നു. ഒരു സോഡ ഗിരീഷിനു കൊടുത്തു. ഞാന്‍ സോഡാ കുടിച്ചു...പിന്നെ മുഖം ഒന്ന് കഴുകി.

ചുട്ടുപൊള്ളുന്ന വെയിലത്ത്‌, വിയര്‍പ്പില്‍ കുളിച്ചു, ആകാശത്തേക്ക് മുഷ്ടിചുരുട്ടി, ചങ്കുപൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന നൂറുകണക്കിന്‌ സമരസഖാക്കളെ നോക്കികൊണ്ട് നില്‍ക്കുമ്പോള്‍ മനസ്സിന്‍റെ അടിത്തട്ടില്‍ വല്ലാത്തൊരു നിരാശയും ദുഃഖവും അനുഭവപ്പെട്ടു. അതെ, നമ്മുടെ ഹരിത വനങ്ങളും, പരമ്പരാഗത പാടശേഖരങ്ങളും കവര്‍ന്നെടുത്ത്, മുറിച്ചെടുത്ത് കഷണങ്ങളാക്കി കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന അവര്‍ ഇപ്പോള്‍ ഇതാ അവരുടെ "പുത്തന്‍ മൂലധന സഞ്ചിയുമായി" വന്നു, നമ്മുടെ പാതകളേയും മൊത്തമായി വാങ്ങിച്ചെടുത്ത്, നമ്മളില്‍ നിന്നുതന്നെ കപ്പം പിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരു ജനകീയ സമരത്തിന്‍റെ ആത്മരോഷം എന്നിലേക്കും സംക്രമിക്കാന്‍ തുടങ്ങവേ, ഞാന്‍ അങ്ങിനെ ആലോചിച്ചു നില്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു സംശംയം ബാക്കിയായി... സഹജഗ്രാമം...യാത്രക്കിടയില്‍, കാറിലെ ഉറക്കത്തില്‍ ഞാന്‍ കണ്ട ഒരു സ്വപ്നം മാത്രമായിരുന്നോ...?

http://sahajagramam.blogspot.com/

നാമൂസ് said...

നാം ചിന്തിക്കണം. ഇങ്ങനെയൊരു വികസനം നമുക്കാവശ്യമുണ്ടോ..? അല്ലെങ്കിലും ആരാണിതിനെ വികസനം എന്ന് വിളിക്കുന്നത്‌..? മുടക്കുമുതലും അതിന്റെ ആറിരട്ടി ലാഭവുമെന്ന മൂലധനശക്തികളുടെ കച്ചവടനയത്തിന്റെ ഭാഗമായി ഒരു രാജ്യം അതിന്റെ ജനതക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ക്ക്മേല്‍ വിശേഷിച്ചും സേവന മേഖലയിലെ പൊതുസ്വത്തുക്കള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്നു​ം പൂര്‍ണ്ണമായും പന്‍വാങ്ങുന്നതും എന്നിട്ടവയത്രയും മൂലധനശക്തികള്‍ക്ക് യഥേഷ്ടം കച്ചവടം ചെയ്യാന്‍ പാകത്തില്‍ വിട്ട് കൊടുക്കയും ചെയ്യുന്നതിന്റെ പേരാണ് വികസനമെങ്കില്‍ ആ വികസനം ഞങ്ങള്‍ക്ക് വേണ്ടന്നും അതിന് കൂട്ട്നില്‍ക്കാന്‍ ഞങ്ങളൊരുക്കമല്ലെന്നും ആവത്തിച്ചു പ്രഖ്യാപിക്കുന്നുവെന്നതാണ്​ ബി ഒ ടി വിരുദ്ധ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയം. പാലിയേക്കര അടക്കമുള്ള സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നതിങ്ങനെയാണ്.

അതുകൊണ്ടുതന്നെ ബി ഓ ടി വിരുദ്ധ സമരമെന്നത് ജനങ്ങളുടെ സമരമാണ്. നമ്മുടെ സേവന മേഖലകളെ അതേപടി തിരിച്ചുപിടിക്കാനുള്ള, ഇനിയും പൊതുസ്വത്ത് കൊള്ളയടിക്കാതിരിക്കാനുള്ള,​ പൊതുനിരത്ത് അന്യാധീനപ്പെടാതിരിക്കാനുള്​ള, പൌരന്റെ പൊതുജീവിത പരിസരത്തു സ്വതന്ത്രനായി ജീവിക്കാനുള്ള അവകാശത്തിനായുള്ള സമരമാണ്.


നീയുള്ളപ്പോള്‍.....