മഴയോടൊപ്പം മായുന്നത്
കണ്ടല്‍ വനങ്ങളിലേക്കും കായലിലേക്കും കടലിലേക്കും മറ്റു പ്രകൃതി പരിസരങ്ങളിലേക്കും പുതിയ സിനിമക്ക് വഴികാട്ടിയത് കൊല്‍ക്കൊത്തയില്‍ നിന്നും ശോഭാ ജോഷിയാണ്.അവര്‍ പറഞ്ഞ കഥയില്‍ നിന്നാണ് ഈ സിനിമക്കുള്ള തുടക്കം.പരിസ്ഥിതി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഡോക്യുമെന്ററി പിടിക്കാനാണ് സ്വാഭാവികമായും മനസ്സ് കുതിക്കുക.എന്നാല്‍ കഥാചിത്രമാക്കിയാലോ എന്ന ആലോചനയില്‍ നിന്നാണ് കഥാപാത്രങ്ങളും മറ്റും വരുന്നത്.
ഇത് പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം എന്ന സിനിമയുടെ ചിന്താ തുടര്‍ച്ചയും ആയിരിക്കാം.കഥ വന്നിട്ടും കഥയില്ലായ്മയുടെ അവസ്ഥ ഈ സിനിമക്കും വന്നു ചേര്‍ന്നു.കഥയില്‍ വലിയ കാര്യമില്ല.വിഷയവും അതിനോടനുബന്ധിച്ച് വികസിക്കുന്ന ചില്ലകളുമാണ് പ്രധാനം.ഒരു സാധാരണക്കാരന്റെ സ്വപ്നത്തില്‍ നിന്നും ആദര്‍ശഭൂമികയിലേക്കുള്ള യാത്രയായിട്ടാണ് കഥ സങ്കല്പിച്ചത്.സംഭാഷണങ്ങള്‍ എഴുതി തിരക്കഥയൊരുക്കി കാമാറമാന്‍ ജോമോനെയും സൗണ്ട് റെക്കോര്‍ഡിസ്റ്റ് ഹരികുമാറിനേയും കാണിച്ചു.സ്വപ്നത്തില്‍ ആരും സംസാരിക്കാറില്ലെന്ന് ഹരികുമാര്‍. എഴുതിപ്പിടിപ്പിച്ച സംഭാഷണങ്ങള്‍ എന്തു ചെയ്യും.പിന്നാമ്പുറ ശബ്ദമായി സംഭാഷണങ്ങള്‍ ഉപയോഗിക്കാമെന്ന് തീരുമാനമായി.അത് പ്രണയത്തില്‍ എന്ന മുന്‍ ചിത്രം പോലെ ആയാലോ എന്ന് എനിക്ക് ശങ്കയായി.അതൊന്നും സാരമില്ലെന്ന് ഹരികുമാര്‍. ആകെയുള്ള ഒന്നു രണ്ടു സീനുകളില്‍ ലൈവ് സൗണ്ട് ഉപയോഗിക്കാമെന്നും നിശ്ചയിച്ചു.
വളരെ പെട്ടെന്നായിരുന്നു പ്രമേയപരിസരങ്ങളിലേക്ക് ആഴത്തില്‍ ഇഴുകിച്ചേര്‍ന്നത്. കാമറാമാനുമൊത്തും ഒറ്റക്കും ലോക്കേഷനുകളിലേക്ക് സഞ്ചരിച്ചു. കണ്ടല്‍ വനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുറ്റുപാടുനിന്നും കിട്ടിയത് ധാരാളമായിരുന്നു.വര്‍ഷങ്ങള്‍ക്കുമുമ്പ് അഴിമുഖത്തുനിന്നും ചെമ്മീന്‍ കുഞ്ഞുങ്ങളെ പുറമെയുള്ള ചെമ്മീന്‍ കെട്ടുകാര്‍ക്ക് വേണ്ടി പിടിച്ചു കൊണ്ടു പോകുമായിരുന്നു.ഇതുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ സമരവും നടത്തിയിരുന്നു.അതില്‍ ഞാനും ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സജീവമായി പങ്കു വഹിച്ചിരുന്നു.ചെമ്മീന്‍ കൂട്ടത്തോടെ പ്രജനനത്തിനു വരുന്നത് ഇവിടുത്തെ ശാന്തമായ ജലാശയത്തിലാണ്.കണ്ടല്‍ വനങ്ങള്‍ അവക്ക് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ പെറ്റുവളരുന്നതിന് സുരക്ഷിതമായ വീടായി മാറുന്നതും അന്നറിഞ്ഞിട്ടുണ്ട്.ഈ സ്മരണയിലാണ് കണ്ടല്‍ പ്രധാനപ്പെട്ട ഒരു ലൊക്കേഷനായി മാറുന്നത്.
എത്ര ഷൂട്ട് ചെയ്തിട്ടും ജോമോനു മതിയാവുന്നില്ല.ഇനിയും കുറെ എടുക്കണമെന്ന് ഷൂട്ടിംഗ് കഴിഞ്ഞിട്ടും ജോമോന്‍.സൌണ്ട് ഹരിക്കും എത്ര പകര്‍ത്തിയിട്ടും ശബ്ദം മതിയാവുന്നില്ല.മഴയോടൊപ്പം മായുന്നത് പ്രകൃതിയോടൊപ്പം ചേര്‍ന്നു നിന്ന ചിത്രീകരണമായിരുന്നു.ചേറ്റുവ കണ്ടല്‍ വനത്തിലും ഏങ്ങണ്ടിയൂരിലെ പുഴയിലും കോതകുളം ബീച്ചിലും പരുന്തന്‍ പാറയിലും വാഗമണിലും സൈലന്റ് വാലിയിലും പൂമലയിലുമൊക്കെ പോയപ്പോള്‍ കൂടുതല്‍ അറിഞ്ഞതും അനുഭവിച്ചതും പ്രകൃതിയെക്കുറിച്ചായിരുന്നു.കാമറയില്‍ പതിഞ്ഞതിനേക്കാള്‍ ദൃശ്യങ്ങള്‍ ഓരോരുത്തരുടെയും ഉള്ള് കൂടെ കൊണ്ടു പോന്നിട്ടുണ്ടാവും.
യൂണിറ്റംഗങ്ങള്‍ മാത്രമല്ല പുറമെയുള്ള സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതു പോലെ തോന്നലായിരുന്നു.എല്ലാവരും വിളിച്ചു ചോദിക്കുന്നു.പരുന്തന്‍ പാറയില്‍ മധുവും ചേറ്റുവായില്‍ അനിലും സൈലന്റ് വാലിയില്‍ ജി.പി.രാമചന്ദ്രനും പൂമലയില്‍ ബൈജുവും ജോണ്‍സണ്‍ മാഷും കോതകുളത്ത് ഇമ ബാബുവും ഏങ്ങണ്ടിയൂരില്‍ സുകുവുമൊക്കെ ലോക്കേഷന്‍ സപ്പോര്‍ട്ടുമായി വന്നു.
രാജസ്ഥാനില്‍ താമസിക്കുന്ന പെയിന്റര്‍ സുമിത്ര ഈ സിനിമയുടെ പ്രമേയം കേട്ട് പറഞ്ഞു.നിങ്ങള്‍ ഷൂട്ട് ചെയ്യുന്ന ദിവസം മുതല്‍ ഞാനും മഴയുടെ സ്ക്രിപ്റ്റ് കാന്‍ വാസില്‍ പര്‍കര്‍ത്താന്‍ പോകയാണ്.മഴ സിനിമയുടെ മുഴുവന്‍ ദൃശ്യങ്ങളും ഞാന്‍ എന്റെ ആറടി നീളവും നാലടി വീതിയുമുള്ള എന്റെ കാന്‍ വാസിലേക്ക് ചുരുക്കി പകര്‍ത്തും,നിങ്ങള്‍ ഷൂട്ട് ചെയ്യുന്ന അതേ കാലത്ത്. നിങ്ങളുടെ കേരളാ പ്രകൃതി മുഴുവന്‍ ഇവിടെ നിന്നും ഞാന്‍ സങ്കല്പിച്ചു തുടങ്ങിയിരിക്കുന്നു.ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം അവര്‍ മെസ്സേജ് ചെയ്തു.ഞാന്‍ എന്റെ കാന്‍ വാസില്‍ ആദ്യത്തെ വര വരച്ചു.
നിറമേത്.ഞാന്‍ ചോദിച്ചു.
പച്ച.ജലാശയത്തിന്റെ പച്ച,അവര്‍ പറഞ്ഞു.
അപ്പോള്‍ ഞങ്ങള്‍ സര്‍വ്വ സന്നാഹങ്ങളുമായി ചേറ്റുവാ പുഴയിലെ കണ്ടല്‍ വനത്തോടടുക്കുകയായിരുന്നു.സഞ്ജുവും സ്മിതയും ഹരിയും ജോമോനും ആശയും ഷാജിയും സുനിലും വിനുവും ആല്‍ബിനും അഞ്ജലിയും ഇമ ബാബുവും അനിലും എല്ലാവരും ഒരു കെട്ടുവള്ളം നിറഞ്ഞിരിപ്പുണ്ട്. സൂര്യനുദിക്കും മുമ്പത്തെ പച്ച വീണു കിടന്നിരുന്നു.അവര്‍ പെയിന്റിംഗിന്റെ ഓരോ ബ്രഷ് നീക്കങ്ങളും എനിക്ക് മെസ്സേജ് ചെയ്തു കൊണ്ടിരുന്നു.
ഒരു ദിവസം അവര്‍ വിളിച്ചു.അതിരാവിലെ.അവര്‍ പറഞ്ഞു,ഞാന്‍ നിറങ്ങളില്‍ മുങ്ങിക്കിടക്കുന്നു.എന്റെ ശരീരമാകെ വര്‍ണ്ണങ്ങള്‍ ആണ്.എന്റെ ശരീരം ഒരു കൊച്ചു കേരളമായിരിക്കുന്നു.കണ്ടല്‍ വനങ്ങളും കായലും കുന്നുകളും അരുവികളും കാറ്റും മഴയും എല്ലാം ഇപ്പോ എന്റെ ശരീരത്തിലുണ്ട്.അപ്പോ നിന്റെ ചിത്രം.അത് എന്റെ ശരീരത്തില്‍ പതിഞ്ഞ വര്‍ണ്ണങ്ങളേക്കാള്‍ കുറവോടെ ചുമരില്‍ ചാരിനില്‍പ്പുണ്ട്.മഴയുടെ പ്രമേയം പതിഞ്ഞിരിക്കുന്നത് സത്യത്തില്‍ എന്റെ ശരീരത്തിലാണ്.പക്ഷെ പ്രദര്‍ശനയോഗ്യമല്ലാത്തതിനാല്‍ ഇത് പുറം ലോകമറിയില്ല.
മഴ സിനിമയുടെ ആദ്യ പ്രദര്‍ശനത്തോടൊപ്പം നിന്റെ പെയിന്റിംഗും കൂടി പ്രദര്‍ശിപ്പിച്ചാലോ?
ജീവന്‍ തുടിക്കുന്ന ചിത്രം പോലെ അവര്‍ വാചാലമായ നിശബ്ദതതായി.
2 comments:
mazhayodoppam maayunnathu
നിറമേത്.ഞാന്‍ ചോദിച്ചു.
പച്ച.ജലാശയത്തിന്റെ പച്ച,അവര്‍ പറഞ്ഞു.
Post a Comment