പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, May 18, 2013

ക്രിക്കറ്റിലെ കോര്‍പ്പറേറ്റു കളികള്‍


എല്ലാവരും ഇപ്പോള്‍ ശ്രീശാന്തിലാണ് കുതിര കയറുന്നത്.
കുറെ നാളായി ഒരാളെ ചാമ്പാന്‍ കിട്ടിയിട്ട് എന്നൊരു മട്ടില്‍.മനുഷ്യര്‍ എപ്പോഴും അങ്ങിനെയാണ്, വിജയങ്ങള്‍ക്കൊപ്പം മാത്രമേ നില്‍ക്കുകയുള്ളു.
എത്ര വേണെമെങ്കിലും പൊക്കിപ്പിടിക്കും.അതേ നിമിഷത്തില്‍ താഴെ ഇടാനും റെഡി .


പത്രങ്ങളില്‍ പേനയുന്തുന്നവരുടേയും ദൃശ്യമാദ്ധ്യമങ്ങളിലെ ഒളിഞ്ഞുനോട്ടക്കാരുടെയും  കാര്യമാണു കഷ്ടം.അഷ്ടിക്ക് എന്തൊക്കെ ചെയ്യണം,ചെയ്യാതിരിക്കണം.കോര്‍പ്പറേറ്റു മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റാവാന്‍ സ്വപ്നം കാണുന്ന മുതലാളിമാര്‍ക്കും വേണ്ടി എന്തോക്കെ ചെയ്തുകൊടുക്കണം.


ഈ ലോകത്തിന്റെ   ഇര(ചിലപ്പോള്‍ പ്രതിനിധിയുമാവാം) മാത്രമാണ് ശ്രീശാന്ത്.നേരേ ചൊവ്വേ പറഞ്ഞാല്‍ കോര്‍പ്പറേറ്റ് യുഗത്തിന്റെ പുത്രന്‍.കോര്‍പ്പറേറ്റുകളാകാനാണ് ഇന്നെല്ലാവര്‍ക്കും താല്പര്യം.അല്ലെങ്കില്‍ അവര്‍ പറയുന്ന വഴിക്കൊപ്പം പോകാന്‍.പണത്തെ ഏറ്റവും നെറുകെ നിര്‍ത്തിയ   സമൂഹത്തിനു ശ്രീശാന്തിനു നേരെ  ചെറുവിരലനക്കാന്‍    പോലും അര്‍ഹതയില്ല.

എന്തു   ചെയ്തിട്ടായാലും മക്കള്‍ വലിയവരാകണമെന്നേ സമൂഹമെന്ന തന്തതള്ളമാര്‍ക്കുള്ളൂ.വലിയവനാകണം എന്നു പറഞ്ഞാല്‍ ധനവാന്‍ ആകുക എന്നതാണ് അതിന്റെ മിതമായ അര്‍ത്ഥം.(എല്ലാ വിഷയത്തിലും നൂറുശതമാനം മാര്‍ക്കു വാങ്ങിയെന്ന് മകനെപ്പറ്റി അഭിമാനിച്ച ഒരച്ഛനോട് സംവിധായകന്‍ പവിത്രന്‍ പറഞ്ഞതായ കമന്റുണ്ട്,”ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് നന്നായിരിക്കും”.)ഈ സമൂഹത്തെ മൊത്തത്തില്‍ പവിത്രന്‍ പറഞ്ഞിടത്തേക്ക് കൊണ്ടുപോകാനായിരിക്കുന്നു.ഇതു കാണാന്‍ ഞങ്ങള്‍ തൃശൂര്‍ക്കാരുടെ പവി ഉണ്ടാവില്ലെന്നു മാത്രം.



ഒന്നു ശ്രദ്ധിച്ചു നോക്കൂ.എവിടെപ്പോയാലും(അമ്പലത്തിലായാലും പള്ളിയിലായാലും പഞ്ചായത്തിലായാലും വീട്ടിലായാലും ഇതു തന്നെയാണ്.)  മൊബൈല്‍ ഫോണുകളില്‍ നമ്മള്‍ കേള്‍ക്കുന്ന സംസാരം പണത്തെപ്പറ്റിയാണ് അധികവും,ചില പ്രണയ സല്ലാപങ്ങള്‍ ഒഴിച്ചാല്‍.(മൊബൈല്‍ വഴി പറമ്പുകച്ചവടം ഉറപ്പിച്ച് ആദ്യരാത്രിയെ മനോഹരമാക്കിയ യുവാവിനെ എനിക്കു  പരിചയമുണ്ട്) പണം കായ്ക്കുന്ന മരത്തിന്റെ തണലാണ് നമ്മളെല്ലാം തേടുന്നത്.മറ്റു തണല്‍ മരങ്ങള്‍ വെട്ടിനിരപ്പാക്കാന്‍ ഒരു മടിയുമില്ല. എല്ലാ മൂലധനത്തിനും അതിന്റേതായ ഒരു മൂല്യമുണ്ട്.


 മൂലധനമാണ് മൂല്യത്തെ നിര്‍ണ്ണയിക്കുന്നത്.മൂലധനത്തിന്റെ ഉറവിടങ്ങള്‍ പ്രധാനപ്പെട്ടതാണ്.മനുഷ്യത്വത്തിന്റെതുണ്ട് ചൂഷണത്തിന്റേതുണ്ട്,ചാരിറ്റിയുടേതുണ്ട്,ക്രൂരതയുടേതുണ്ട്.ഇതില്‍ ഏതിനോടൊപ്പം എന്നതാണ് മനുഷ്യന്‍ എന്ന നിലയില്‍ നമ്മെ വ്യത്യസ്തനാക്കുന്നത്.

(പുഴയില്‍ നിന്ന് മണലെടുത്ത് പ്രകൃതിയുടെ അന്തകനാവാം,പുഴയെ സ്നേഹിച്ച് ഒരു  സംസ്കാരത്തിന്റെ അന്തര്‍ഭാവമാകാം. തെരഞ്ഞെടുപ്പിനുള്ളതെല്ലാം ഭൂമിയിലുണ്ട്.)

 തനത് താല്പര്യങ്ങള്‍ അതിലടങ്ങിയിരിക്കുന്നു.അതു കൊണ്ടാണ് മൂലധനമെന്ന പിശാചിനെ ജോണ്‍ എബ്രഹാം പിടിച്ചുകെട്ടി, ജനങ്ങളില്‍ നിന്ന് പിരിവെടുത്ത്  ‘അമ്മ അറിയാന്‍ ‘ നിര്‍മ്മിച്ചത്.






വെയില്‍ കൊള്ളൂന്ന സാധാരണ മനുഷ്യരോടു കണക്ക് പറയേണ്ടതില്ല.അവര്‍ സമാന ചിന്താഗതിക്കാരായ മനുഷ്യര്‍ക്കൊപ്പം  സര്‍ഗ്ഗാത്മക പ്രവൃത്തിയില്‍ പങ്കു ചേരുകയാണ്.
സ്റ്റേറ്റിന്റെ മുതല്‍ മുടക്കില്‍ സിനിമയെടുത്ത തര്‍ക്കോവ്സ്കി അതിന്റെ തിണ്ണനിരങ്ങല്‍ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.ഇപ്പോള്‍ എല്ലാവരും കോര്‍പ്പറേറ്റു തിണ്ണകളിലാണ് നിരങ്ങുന്നത്,പ്രബുദ്ധരാഷ്ട്രീയപ്പാര്‍ട്ടികളടക്കം.എല്ലാവരും ഇന്ന് പ്രബുദ്ധരാണ്,എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രബുദ്ധരാകുന്നു.പണ്ടൊക്കെ നാ‍ടോടുമ്പോള്‍ നടുവേ ഓടുന്നവരല്ല പ്രബുദ്ധര്‍.ഇന്നങ്ങനെയാണ്.പ്രബുദ്ധത തേടുന്നത് മെച്ചം എവിടെ എന്നാണ്.നെറ്റി വിയര്‍ക്കാതെ എന്തെങ്കിലും തടയുമോ എന്നുള്ളതാണ്.പുഴവറ്റിച്ചും,കാടുവെട്ടിത്തെളിയിച്ചും,കുന്നിടിച്ചുംഎളുപ്പത്തില്‍ പണമുണ്ടാക്കുന്നു.സര്‍ക്കാരാണെങ്കില്‍ സ്വന്തം തറവാട്ടു സ്വത്തെന്ന പോലെ സ്റ്റേറ്റിന്റെ ഭൂമി കോര്‍പ്പറേറ്റു ഭീകരന്മാര്‍ക്ക് ദാനം നല്‍കുന്നു,അതിന്റെ നക്കാപ്പിച്ച നുണയുന്നു.പണ്ടൊക്കെ പൊതുഖജനാവിന്റെ കാവല്‍പ്പട്ടികാളായിരുന്നു ഭരണാധികാരികളെങ്കില്‍ ഇന്ന് കോര്‍പ്പറേറ്റുകളുടെ കാല്‍നക്കികളായി അവര്‍ മാറി.



പറഞ്ഞുവരുന്നത് എല്ലാ മൂലധനത്തിനും അതിന്റേതായ സ്വഭാവമുണ്ടെന്നാണ്.കോര്‍പ്പറേറ്റു മൂലധനത്തിനു ഒറ്റ സ്വഭാവമേയുള്ളൂ.അത് ജനങ്ങള്‍ക്കെതിരാണ്.എങ്ങിനേയും പണമുണ്ടാക്കുകയെന്ന ഭീകരത മാത്രമേ അതിനുള്ളൂ.കോര്‍പ്പറേറ്റുകളുടെ മാളുകളില്‍ നിന്നുള്ള വേണ്ടാതീനങ്ങളാണ് നമ്മുടെ അടുക്കളയിലും വീടുകളിലും നിറക്കുന്നത്.
കോര്‍പ്പറേറ്റുകള്‍ നിര്‍മ്മിച്ച പാതയിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്.പോകുമ്പോള്‍ അവര്‍ നമ്മുടെ കീശയില്‍ കയ്യിടുമെന്നു മാത്രം.അതും ഒരന്തസായിട്ടാണ് ആഭിജാതമെന്ന് സ്വയം നടിക്കുന്ന  ജനവിഭാഗങ്ങള്‍ കരുതുന്നത്.അല്ലെങ്കില്‍ പാലിയേക്കര സമരപ്പന്തലില്‍ ഇത്രയല്ല ആളുകള്‍ ഉണ്ടാവേണ്ടത്.ജനങ്ങളെ എങ്ങിനെ പിഴിയാം എന്നതാണ് ഉറങ്ങുമ്പോഴും കോര്‍പ്പറേറ്റുലോകത്തിന്റെ ചിന്ത.കോര്‍പ്പറേറ്റുകള്‍ ഉറങ്ങാറില്ല.തുട്ടുകള്‍ പെട്ടിയില്‍ വീണുകൊണ്ടിരിക്കുമ്പോള്‍ എങ്ങിനെ ഉറങ്ങും.ജനം മൊബൈല്‍ കയ്യിലെടുത്താല്‍ മതി,ടോള്‍ ബൂത്തില്‍  കൂടിയുള്ള   വണ്ടിയുടെ ഇരമ്പം മതി  കോര്‍പ്പറേറ്റുകളുടെ പണപ്പെട്ടി കിലുങ്ങും.കോര്‍പ്പറേറ്റുകള്‍ പ്രണയങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അതു കോണ്ടാണ്.മൊബൈല്‍ കയ്യിലെടുക്കാത്ത പ്രണയങ്ങളില്ലെന്ന് അവര്‍ക്കറിയാം.ഓരോ വിരഹങ്ങളും ഓരോ സന്തോഷങ്ങളും അവരുടെ പണപ്പെട്ടി നിറയുന്നതിലാണ് കലാശിക്കുന്നത്.പ്രണയിനികള്‍ അറിയുക,കോര്‍പ്പറേറ്റെന്ന മൂന്നാമനാണ് നിങ്ങളേക്കാള്‍ സന്തോഷിക്കുന്നത്.


കോര്‍പ്പറേറ്റുകളുടെ താല്പര്യം മനസ്സിലാവാതെ പോയാല്‍ ശ്രീശാന്തല്ല ആരും കുടുങ്ങും.കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമല്ല സാധാരണ മനുഷ്യര്‍ക്കുമിന്ന് ഏറ്റവും നെറുകേയില്‍ പണമാണ്.ആരും ഇതില്‍ നിന്നും മോചിതരല്ല.അല്ലെങ്കില്‍ മാളുകള്‍ പണിതു ചെറുകിടക്കാരെ വഴിയാധാരമാക്കുകയും കച്ചവടത്തെ കുത്തകവല്‍ക്കരിക്കുകയും ചെയ്യന്ന പണക്കാര്‍ക്ക് ഉമ്മ കൊടുക്കാന്‍  ഭരണ പ്രതിപക്ഷ നേതൃത്വം മുഴുവന്‍ ക്യൂ നില്‍ക്കില്ലല്ലോ.(മാളുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാളേറെ ചെറുകിടക്കാരെ ഈ ലോകത്തുനിന്നും മുച്ചൂടും ഇല്ലാതാക്കുകയാണ്.മിഡിലീസ്റ്റ് അനുഭവങ്ങള്‍ അതാണ്.) അവര്‍ക്ക് നഗരം മുറിച്ച് തീറെഴുതിക്കൊടുമ്പോഴും ആദര്‍ശ രാഷ്ട്രീയ ശബ്ദങ്ങള്‍ ഒരിടത്തും മുഴങ്ങുന്നില്ല.പത്രങ്ങളും മിണ്ടുന്നില്ല.അതിനെതിരെ അറിയപ്പെടുന്ന നേതാവ് പത്രസമ്മേളനം നടത്തിയാലും ഒരു പത്രവും എഴുതില്ല.എല്ലാവര്‍ക്കും വേണ്ടത് പണമാണ്,പണക്കാരെയാണ്.ഭക്ഷണത്തില്‍ വിഷമെന്ന മായം ചേര്‍ത്ത് പിടിയിലായ വന്‍കിട മസാലക്കമ്പനി ഇപ്പോളും മാലോകരെ വിഷം തീറ്റിച്ചു കൊണ്ടിരിക്കുന്നു.അവര്‍ക്കെതിരെ ഒരു പെറ്റിക്കേസുപോലും എടുത്തതായി അറിവില്ല.ഇതാണ് പണാധിപത്യത്തിന്റെ സ്വഭാവം.കമ്യൂണിസ്റ്റുകള്‍ പോലും മുതലാളി ഐക്യം സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് തന്നു കൊണ്ടിരിക്കുന്നത്.


ഞങ്ങളൊന്നുമറിഞ്ഞില്ലേ,ഞങ്ങളുടെ കൈകള്‍ ശുദ്ധമാണ് എന്ന ഭാവത്തില്‍ ശ്രീശാന്തുമാരുടെ സ്വഭാവശുദ്ധിയെ  മുന്‍ നിര്‍ത്തി അപ്പോഴും ആദര്‍ശലോകം പണിതു കൊണ്ടിരിക്കും കോര്‍പ്പറേറ്റുകള്‍.
ആയിരക്കണക്കിനു കോടികളുടെ കളികളാണ് ഐ.പി.എല്ലില്‍ അരങ്ങേറുന്നതെന്ന്  പറയപ്പെടുന്നു.അതില്‍ ഏതാനും ചെറുകോടികളുടെ ഇടപാടുകളാണ് പുറത്തു  വന്നിട്ടുള്ളത്.ബാക്കിയുള്ളതിന്റെ കണക്കും കളികളും നടന്നതെവിടെ എന്ന് അരും ചോദിക്കുന്നില്ല.ശ്രീശാന്തിനെ കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നു മാത്രമല്ല,   ശ്രീശാന്തിനെ മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ ശുദ്ധീകരണത്തിന്റെ ഒരു അന്തരീക്ഷമുണ്ടാക്കാനും കഴിയും.(സ്ത്രീകളാണിപ്പോഴും നമ്മുടെ നാറ്റക്കേസ്.ആയതിനാല്‍ ശ്രീശാന്തിനൊപ്പം പെണ്‍കഥകളും എരിവും പുളിയും വെച്ച് പ്രചാരത്തിലുണ്ട്.ഭാവനാപൂര്‍ണ്ണങ്ങളായ തിരക്കഥകള്‍ ഉണ്ടാവുന്നത് ഇപ്പോള്‍ മാദ്ധ്യമലോകത്തിലാണ്) മാന്യന്മാരുടെ കളിയായതിനാല്‍ എന്തെങ്കിലും പറഞ്ഞാല്‍ മാന്യത പോകുമെന്നു പേടിച്ച് മറ്റുള്ളവരും കോര്‍പ്പറേറ്റുകള്‍ക്ക് തലകുലുക്കിക്കൊടുക്കും. പക്ഷെ വമ്പന്‍ സ്രാ‍വുകള്‍ ഇപ്പോള്‍ കോര്‍പ്പറേറ്റിന്റെ വന്‍കരയില്‍ തന്നെയാണ് തമ്പടിച്സിരിക്കുന്നത്.വമ്പന്‍ സ്രാവുകളുടെ വായില്‍ നോക്കിയിരിക്കാന്‍  എല്ലാവര്‍ക്കും ഒരു സുഖമൊക്കെയുണ്ടായിരിക്കും.ക്രിക്കറ്റും അതു തന്നെയാണ് നമ്മെക്കൊണ്ടു നിരന്തരം ചെയ്യിക്കുന്നത്.


ഒടുക്കത്തെ കുറിപ്പ്:
ചെമ്മീന്‍ എന്ന സിനിമയില്‍ വള്ളം നിറയെ മത്സ്യവും മടി നിറയെ പണവുമാവുമ്പോള്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കഥാപാത്രം അടൂര്‍ ഭവാനി എന്ന ഭാര്യാ കഥാപാത്രത്തോടു പറയുന്നുണ്ട്,’നമുക്ക് സുഖിക്കാടീ’.
എല്ലാവര്‍ക്കും സുഖിക്കണം, ഏതു പ്രകാരത്തില്‍ ആയാലും.




3 comments:

മണിലാല്‍ said...

ആയിരക്കണക്കിനു കോടികളുടെ കളികളാണ് ഐ.പി.എല്ലില്‍ അരങ്ങേറുന്നതെന്ന് പറയപ്പെടുന്നു.അതില്‍ ഏതാനും ചെറുകോടികളുടെ ഇടപാടുകളാണ് പുറത്തു വന്നിട്ടുള്ളത്.ബാക്കിയുള്ളതിന്റെ കണക്കും കളികളും നടന്നതെവിടെ എന്ന് അരും ചോദിക്കുന്നില്ല.ശ്രീശാന്തിനെ കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നു മാത്രമല്ല, ശ്രീശാന്തിനെ മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ ശുദ്ധീകരണത്തിന്റെ ഒരു അന്തരീക്ഷമുണ്ടാക്കാനും കഴിയും.മാന്യന്മാരുടെ കളിയായതിനാല്‍ എന്തെങ്കിലും പറഞ്ഞാല്‍ മാന്യത പോകുമെന്നു പേടിച്ച് മറ്റുള്ളവരും കോര്‍പ്പറേറ്റുകള്‍ക്ക് തലകുലുക്കിക്കൊടുക്കും. പക്ഷെ വമ്പന്‍ സ്രാ‍വുകള്‍ ഇപ്പോള്‍ കോര്‍പ്പറേറ്റിന്‍ കരയില്‍ തന്നെയാണ് തമ്പടിച്സിരിക്കുന്നത്.വമ്പന്‍ സ്രാവുകളുടെ വായില്‍ നോക്കിയിരിക്കാന്‍ എല്ലാവര്‍ക്കും ഒരു സുഖമൊക്കെയുണ്ടേ.ക്രിക്കറ്റും അതു തന്നെയാണ് നമ്മെക്കൊണ്ടു ചെയ്യിക്കുന്നത്.

മണിലാല്‍ said...

ഒടുക്കത്തെ കുറിപ്പ്:
ചെമ്മീന്‍ എന്ന സിനിമയില്‍ വള്ളം നിറയെ മത്സ്യവും മടി നിറയെ പണവുമാവുമ്പോള്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കഥാപാത്രം അടൂര്‍ ഭവാനി എന്ന ഭാര്യാ കഥാപാത്രത്തോടു പറയുന്നുണ്ട്,’നമുക്ക് സുഖിക്കാടീ’.എല്ലാവര്‍ക്കും സുഖിക്കണം ഏതു പ്രകാരത്തില്‍ ആയാലും.

സപ്ന ജോർജ്ജ് said...

മണി, ഇതാര് ആരോട് ആർക്കുവേണ്ടി, എന്തിനു വേണ്ടീ?? ആലോചിച്ചിട്ടു തന്നെയോ അതോ, ആരാ എന്നെ ഒരഭിപ്രായത്തിനുമേൽ ജയിലടക്കാൻ വരുന്നത്, എന്ന വെല്ലുവിളിയോ???
ആർക്കു വേണ്ടിയാ മണീ!!!!
അമ്മമാരുടെ കണ്ണിൽ പൊടിയിടാനോ?
ക്രിക്കറ്റ് ആരാധകരുടെ നേരെയോ?
മന്ദ്രിസഭക്കുനേരെയോ?
സദാചാരപ്രവർത്തകർക്കു നേരെയോ?
ഇത്ര സമയം സമൂഹത്തിനായി ചിന്തിച്ചതിനായി, സ്ത്രീജന്മങ്ങളെ ‘ഇവിടെയും’ ഉപയോഗിക്കപ്പെടുകയല്ല എന്നു ചിന്തിപ്പിച്ചതിനായും,ഇത്ര വക്കുകൾ നമ്മുടെ കേരളത്തിനായി മാറ്റിവെച്ചതിനായും നന്ദി!!!!!


നീയുള്ളപ്പോള്‍.....