പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, August 7, 2013

മരിക്കാതിരിക്കാന്‍ എന്തു ചെയ്യണം
ഴരാത്രിയെ പുതച്ചുകിടക്കുമ്പോളാണവള്‍ വിളിച്ചത്.
ഹരിപ്പാട്ടുനിന്നാണ്.സമയം പാതിര.
പാതിരാ‍ ഫോണുകളെ ഭയമാകുന്നു.അത് പലപ്പോഴും മരണം കൊണ്ടു വരുന്നു.അല്ലെങ്കില്‍ കടലിനക്കരെ നിന്ന് അടിച്ചു ഫിറ്റായി ചങ്ങാതിമാര്‍ ലൈനില്‍ തുളുമ്പും.രണ്ടിനേയും പേടിയാണ്.

ഇതതല്ല.

പക്ഷെ വാക്കുകളില്‍ മരണമുണ്ടായിരുന്നു.അവളുടെ പേര് കല.ആദ്യത്തെ വാക്കില്‍ തന്നെ അവള്‍ പറഞ്ഞു.

“മരിക്കാതിരിക്കാന്‍ എന്തു ചെയ്യണം”.

സമയം പാതിരയാണ്,അധികം വിളിക്കാത്തവള്‍ ആണ്.ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭാഷണം വേണോ വേണ്ടയോ എന്ന് സംശയിക്കും.ഞാന്‍ തണുപ്പില്‍ നിന്നുണര്‍ന്നു.അത്രക്കായിരുന്നു അവളുടെ ഒച്ചയിലെ നിരാശതാഭാവം.


ഞാന്‍ പറഞ്ഞു,ജീവിച്ചു കൊണ്ടിരിക്കണം.ഓരോ ദിവസത്തേയും പുതിയതാക്കണം.

ജീവിതം എന്നെ വരിഞ്ഞു മുറുക്കുന്നു,അവള്‍ പറഞ്ഞു.

മക്കള്‍,ഭര്‍ത്താവ്,അച്ഛന്‍,അമ്മ,ജോലി,കൂലി എന്നിങ്ങനെ പോകുന്നു അവളുടെ വിരിഞ്ഞുമുറുകലുകള്‍.

എല്ലാ നിയമങ്ങളും   പഠിക്കരുത്,ശീലിക്കരുത്.  മനസിലുറച്ച നിയമങ്ങള്‍ പോലും തെറ്റിക്കാന്‍ പഠിക്കണം.( സ്കൂളില്‍ പോകാന്‍ പറ്റുമെങ്കില്‍ അതും ചെയ്യണം.)


ഞാന്‍ ഉറക്കച്ചടവില്‍ എന്തൊക്കെയോ പറഞ്ഞു.

അവളുടെ പ്രശ്നങ്ങള്‍ കുടുംബത്തില്‍ നിന്നും തുടങ്ങുന്നു,എല്ലാവരേയും പോലെ,എവിടെയുമെന്ന പോലെ.ഇവിടെ ഭര്‍ത്താവില്‍ നിന്നല്ല,ഭര്‍ത്താവിനെ ഓര്‍ത്താണ് അവളുടെ പ്രധാന പ്രശ്നങ്ങള്‍ തുടങ്ങുന്നത്.ഭര്‍ത്താവിനെ ഓര്‍ത്ത് അവള്‍ അരക്ഷിതയാകുന്നു.അയാളുടെ പ്രവൃത്തികളെ അവള്‍ സംശയത്തോടെ കാണുന്നു.ആയതിനാല്‍ ആകെയൊരു ഇരിക്കപ്പൊറുതിയില്ലായ്മ.ഉറക്കം നഷ്ടമാവുന്നു,ഭക്ഷണത്തിനു രുചി നഷ്ടപ്പെടുന്നു,ജോലിയില്‍ പിരിമുറുക്കം വരുന്നു,മക്കളോട് മമത കുറയുന്നു,മാതാപിതാക്കളെ കയര്‍ക്കുന്നു.ആകാശം എപ്പോഴും ഇരുണ്ടുനില്‍ക്കുന്നു.

 ആര്‍ത്തിയില്‍ നിന്നും, അമര്‍ത്തിപ്പിടിക്കുന്ന സ്വഭാവത്തില്‍ നിന്നുമാണ് ഓരോ മനുഷ്യനും സ്വതന്ത്രമാകേണ്ടത്.

പത്താം ക്ലാസിലെ ഓട്ടോഗ്രാഫില്‍ ഒരു സുഹൃത്ത് കുത്തിവരച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്.

സൌഹൃദം കിളിക്കുഞ്ഞുങ്ങളെപ്പോലെയാകുന്നു.അമര്‍ത്തിപ്പിടിച്ചാല്‍ ചത്തുപോകും,തുറന്നുവിട്ടാല്‍ പറന്നു പോകും.

എന്തു ചെയ്യും.അമര്‍ത്തിപ്പിടിക്കുക തന്നെ.ലോകത്തില്‍ ഒന്നിനേയും പൊസ്സസ് ചെയ്യരുത്,പ്രത്യേകിച്ച് ഏറ്റവും ഇഷ്ടപ്പെട്ടതിനെ,മനോഹരമായതിനെ.

ചെറുപ്പത്തില്‍ പരീക്ഷിച്ചിട്ടുള്ളതാണ്. ചെറുകിളികളെ അതിന്റെ ആവാസത്തില്‍ നിന്നും പിടിച്ചെടുത്ത് കൂട്ടിലാക്കും.ഒറ്റ ദിവസം കൊണ്ട് അത് വൃത്തികെട്ട ഒരു ജീവിയായി മാറും.അതിനെ തുറന്നുവിട്ടുനോക്കു, അത് ആകാശനീലിമയിലേക്കു ലയിച്ചു പോകും.മനുഷ്യരും ഇതു പോലെയാകുന്നു,അവനെ തുറന്നുവിടുമ്പോള്‍.

ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണെങ്കില്‍പ്പോലും.

ഇരുമെയ്യാണെങ്കിലും ഒരു മനസ്,ഒരേ തൂവല്‍പ്പക്ഷികള്‍,ഇണക്കുരുവികള്‍,പങ്കുവെക്കാന്‍ രഹസ്യങ്ങളില്ല,പറയാത്ത കാര്യങ്ങളില്ല,എന്തൊക്കെയാണെങ്കിലും കിടക്കയില്‍ എല്ലാം തീരും,വീട്ടിലെത്തിയില്ലെങ്കില്‍ അവള്‍ വിഷമിക്കും,അവള്‍ ഒറ്റക്കല്ലെ,അവന്‍ ഒറ്റക്കെങ്ങിനെ കഴിയും....


ഇത്യാദി പൈങ്കിളി വാക്കുകളുടെ വ്യാജസ്വര്‍ഗ്ഗത്തിലേക്കാണ് ഓരോ ആണും പെണ്ണും ഏതു കാലെന്നാലോചിക്കാതെ എടുത്ത് ചാടുന്നത്.തൊട്ടടുത്ത ദിവസം ചെളിയില്‍ ചവിട്ടി എന്ന് കാലുകഴുകാനിരിക്കുന്നതും കാണാം.

ഒരാളുടെ സ്വകാര്യത അയാളുടെ സുരക്ഷിതമായ താവളമാകുന്നു.ഒരാള്‍ക്ക് ആകെയുള്ളത് അതാകുന്നു.അതില്‍ കശക്കാതിരിക്കുക.

അത് മൊബൈല്‍ ഫോണ്‍ ആവട്ടെ,  ഇന്റര്‍നെറ്റാവട്ടെ,അടിവസ്ത്രമാവട്ടെ,സ്വപ്നാടനമാവട്ടെ,ശാരീരികവും മാനസികവുമായ ദൌര്‍ബല്യമാവട്ടെ, കുപ്പായത്തിന്റെ പോക്കറ്റാവട്ടെ,ഏതു നിമിഷവും നിലക്കുന്ന ഹൃദയവുമാവട്ടെ.അതിലിറങ്ങി കശക്കി നോക്കരുത്.നിന്റെ  എന്നതിനെ  മാനിക്കാതെ എന്റെ എന്ന സ്വാര്‍ത്ഥമായ വാക്കില്‍   നിന്നാണ് എല്ലാം തുടങ്ങുന്നത്.എന്റെ, നിന്റെ എന്ന നിശബ്ദമായ അതിര്‍ത്തികള്‍ ഭാസുരമായ ഒരു ലോകത്തെ സമ്മാനിക്കുന്നു.ഏതു നിമിഷവും ഞാനാവാനും നീയാവാനും അവസരം കൊടുക്കുന്ന ഒരു ലോകത്തെ സ്വീകരിക്കുക.കര്‍ണാടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഒരേ വേദിയില്‍ അവതരിപ്പിക്കുന്നതിനെ   ഒന്നാലോചിച്ചു നോക്കൂ.ദാമ്പത്യത്തിന്റെ പ്രശ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ എപ്പോഴും ഇതോര്‍മ്മ വരും.വ്യത്യസ്ത സ്വരസ്ഥാനങ്ങള്‍ എങ്ങിനെ ചേരുമ്പടിചേരും.അകമേ പാടിത്തീര്‍ക്കുക ചില സ്വപ്നങ്ങള്‍.


തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന എന്ന പോലെയാണ് ഇണകളെ എല്ലാവരും അടക്കിയൊതുക്കി വെക്കുന്നത്.പുറമെ നിന്നുള്ള പരിക്കുകള്‍ വേണ്ട,അകമെ നിന്നുള്ളതു മതി എന്നൊരര്‍ത്ഥത്തില്‍.

എല്ലാ കലാകാരന്മാരേയും എഴുത്തുകാരേയും തടഞ്ഞുനിര്‍ത്തിയിട്ടുള്ളൊരു കാര്യം എന്തു കൊണ്ട് മനുഷ്യര്‍ക്ക് സന്തോഷകരമായൊരു ലോകം നിര്‍മ്മിക്കാന്‍ കഴിയുന്നില്ല എന്നുള്ളതാണ്.സന്തോഷകരമായ   ലോകത്തില്‍ ഒരു കലയുടേയും ആവശ്യവുമില്ല.മനുഷ്യര്‍ തമ്മിലെ അടിയില്‍ നിന്നാണ് കലയുണ്ടാവുന്നതെന്ന് തലതിരിച്ചിട്ട് പറയുകയും ചെയ്യാം.വീട്ടില്‍ നിന്നാണ്  നല്ല ലോകം ഉണ്ടാവുന്നതെന്ന് പറഞ്ഞ ആ മഹാന്‍ ആരാണ്.ഈ ലോകം അടിയുടേയും വെടിയുടെയും ലോകം ആയതിനാല്‍ ഇതിന്റെ ഉല്‍ഭവം തേടി മറ്റൊരിടത്തും പോകേണ്ടതില്ലെന്നാണൊ!എന്തായാലും കാര്യങ്ങള്‍ കൊള്ളാം.എവിടെ നോക്കിയാലും തമാശക്ക് വകയുണ്ട് .കലാഭവന്‍ പിരിച്ചുവിടേണ്ട കാലമായിരിക്കുന്നു.


നിസാര്‍ അഹമ്മദ് നിരീക്ഷിച്ചതു പോലെ “നിലവാര”ത്തില്‍ നിന്നും നമ്മള്‍ മോചനം നേടിയിരിക്കുന്നു.രാഷ്ട്രീയത്തില്‍,സാഹിത്യത്തില്‍,സിനിമയില്‍,മറ്റേതു മണ്ഡലങ്ങളിലും ഇതാണവസ്ഥ.കുടുംബജീവിതത്തില്‍ മാത്രം നിലവാരം വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കേണ്ട കാര്യമുണ്ടോ!തറയായി അമര്‍ന്നു കിടക്കുമ്പോഴും ഉന്നതനിലവാരം എന്ന് പറഞ്ഞുരസിക്കരുതെന്നു മാത്രം.

നിശബ്ദത പരിശീലിക്കുക,അതിന്റെ സംഗീതം ആസ്വദിക്കുക.ഒരു വീട് ഒറ്റ ലോകമല്ല,പല ലോകങ്ങള്‍ കൂടിയതാകുന്നു.വൈവിധ്യങ്ങളുടെ സൌന്ദര്യങ്ങള്‍ കലര്‍ന്നതാകുന്നു.അതിനെ സ്വാഭാവികമായ ഒരിടമായി സ്വീകരിക്കുക.

കലയോടു ഞാന്‍ പറഞ്ഞു,നിന്റെ ജോലിയില്‍,നിന്റെ ആരോഗ്യത്തില്‍,നിന്റെ പ്രവൃത്തിയില്‍,   നിന്റെ ലോകത്തില്‍, നിത്യവിസ്മയങ്ങളില്‍ നീ മുഴുകുക.മറ്റുള്ളത് താനെ കൊഴിഞ്ഞു പോകും.

രാവിലെ ഒറ്റവാക്കില്‍ അവള്‍ മെസ്സേജ് തന്നു.നന്ദി.
7 comments:

മണിലാല്‍ said...

ചെറുപ്പത്തില്‍ പരീക്ഷിച്ചിട്ടുള്ളതാണ്. ചെറുകിളികളെ അതിന്റെ ആവാസത്തില്‍ നിന്നും പിടിച്ചെടുത്ത് കൂട്ടിലാക്കും.ഒറ്റ ദിവസം കൊണ്ട് അത് വൃത്തികെട്ട ഒരു ജന്തുവായി മാറും.അതിനെ തുറന്നുവിട്ടുനോക്കു, അത് നീലാകാശത്തേക്ക് ലയിച്ചു പോകും.മനുഷ്യരും ഇതു പോലെയാകുന്നു.

ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണെങ്കില്‍പ്പോലും.

Unknown said...

സൌഹൃദം കിളിക്കുഞ്ഞുങ്ങളെപ്പോലെയാകുന്നു.അമര്‍ത്തിപ്പിടിച്ചാല്‍ ചത്തുപോകും,തുറന്നുവിട്ടാല്‍ പറന്നു പോകും...അമര്ത്തി പിടിക്കണോ.. തുറന്നു വിടണോ...ഒറ്റപെടലിന്റെ ഭയം അവിടെയില്ലേ...തുറന്നു വിട്ടു നോക്കി.. തിരിച്ചു വരും എന്ന് മനസ്സിനെ പഠിപ്പിച്ചുകൊണ്ട്...

suma said...

അതെ...
ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണെങ്കില്‍പ്പോലും.

suma said...

അതെ...ഓരോ മനുഷ്യനും ഓരോ ആവാസമാകുന്നു,ഒരേ വീട്ടിലാണെങ്കില്‍പ്പോലും.

Beena said...

വൈവിദ്ധ്യം അംഗീകരിക്കുക. നാനാത്വത്തിൽ ഏകത്വം കുടുംബത്തിനകത്തും വേണം.കുടുംബം വ്യത്യസ്ഥ ആവാസവ്യവസ്ഥകളല്ല. ഒരു ആവാസവ്യവസ്ഥയിലെ വൈവിദ്ധ്യങ്ങളുടെ ജൈവം. സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ ഞാൻ എന്റെ എന്നൊക്കെ അധിക സ്വകാര്യതയ്ക്ക് വേണ്ടി സ്വാർത്ഥരാവാതിരിക്കുന്നതാണ് നന്ന്. എന്നാൽ ഒരു പരിധിവരെ കുടുംബാംഗങ്ങളുടെ സ്വകാര്യത പരസ്പരം അംഗീകരിക്കുക. പ്രകൃതിയിലെ എല്ലാ ജൈവത്തിന്റേയും അതിജീവനം ഒരു പ്രകൃതിസ്നേഹിയുടെ വേവലാതി ആവുന്നതുപോലെ കുടുംബാംഗങ്ങളുടെ കാര്യങ്ങളിൽ പരസ്പരം വേവലാതി ഉണ്ടാവും. കുടുംബം സമൂഹത്തിലെ ആദ്യ ഘടകമല്ലോ.

Unknown said...

സത്യം. പരമമായ സത്യം

മണിലാല്‍ said...

തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന എന്ന പോലെയാണ് ഇണകളെ നമ്മള്‍ അടക്കിയൊതുക്കി വെക്കുന്നത്.പുറമെ നിന്നുള്ള പരിക്കുകള്‍ വേണ്ട,അകമെ നിന്നുള്ളതു മതി എന്നൊരര്‍ത്ഥത്തില്‍.എല്ലാ കലാകാരന്മാരേയും എഴുത്തുകാരേയും തടഞ്ഞുനിര്‍ത്തിയിട്ടുള്ളൊരു കാര്യം എന്തു കൊണ്ട് മനുഷ്യര്‍ക്ക് സന്തോഷകരമായൊരു ലോകം നിര്‍മ്മിക്കാന്‍ കഴിയുന്നില്ല എന്നുള്ളതാണ്.സന്തോഷകരമായ ലോകത്തില്‍ ഒരു കലയുടേയും ആവശ്യവുമില്ല.മനുഷ്യര്‍ തമ്മിലെ അടിയില്‍ നിന്നാണ് കലയുണ്ടാവുന്നതെന്ന് തലതിരിച്ചിട്ട് പറയുകയും ചെയ്യാം.വീട്ടില്‍ നിന്നാണ് നല്ല ലോകം ഉണ്ടാവുന്നതെന്ന് പറഞ്ഞ ആ മഹാന്‍ ആരാണ്.ഈ ലോകം അടിയുടേയും വെടിയുടെയും ലോകം ആയതിനാല്‍ ഇതിന്റെ ഉല്‍ഭവം തേടി മറ്റൊരിടത്തും പോകേണ്ടതില്ലെന്നാണൊ!എന്തായാലും കാര്യങ്ങള്‍ കൊള്ളാം.എവിടെ നോക്കിയാലും തമാശക്ക് വകയുണ്ട്.കലാഭവന്‍ പിരിച്ചുവിടേണ്ട കാലമായിരിക്കുന്നു.


നീയുള്ളപ്പോള്‍.....