പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, August 12, 2013

ബുള്‍ബുള്‍ എനിക്ക് സഹജീവിതമാകുന്നു

dc books



രു കിളി കുറെ നാളായി ഈ വീടിനുള്ളില്‍ കറങ്ങുന്നു.ചിറകൊച്ചയും കുറുകലുമാണ് ഇപ്പോളീ  വീടിന്റെ പശ്ചാത്തലസംഗീതം. പകലന്തിയോളവും  തുറന്നിട്ട ജനാലകള്‍ വേറെയില്ലാത്തതു കൊണ്ടോ,ചോദിക്കാനും പറയാനും ആരുമില്ലാത്തതു കോണ്ടൊ എന്തോ,ഈ കിളിയിപ്പോള്‍ ഇവിടെ തലസ്ഥാനമാക്കിയിരിക്കുന്നു. വിക്കിപീഡിയായില്‍ പോയി ഈ കിളിരൂപവുമായി ഒത്തുനോക്കിയപ്പോള്‍ ബുള്‍ബുള്‍ എന്നാണതിന്റെ പേരെന്നറിഞ്ഞു.തലയില്‍ നിന്നും  കൊമ്പുപോലെ ഒന്ന് ഉയര്‍ന്നുനില്‍ക്കുന്നു.ആയതിനാല്‍ ഇതിന്റെ പേരു ബുള്‍ബുളെന്ന് പക്ഷിനിരീക്ഷക സുഹൃത്തുക്കളും പറയുന്നു.തലക്കിരുവശത്തും ചുവന്ന പാടുകള്‍ വ്യത്യസ്തമായ ചന്തത്തിലേക്ക് ബുള്‍ബുളിനെ ഉയര്‍ത്തുന്നു.

വീട്ടില്‍ എപ്പോഴും ഉണ്ടാവുന്ന തീറ്റ പഴങ്ങളാകുന്നു.പലപ്പോഴും കുലയുടെ രൂപത്തില്‍ സുഹൃത്തുക്കളായ പ്രേമേട്ടനും അജിതുമൊക്കെ അത് അടുക്കളഭാഗത്ത് കെട്ടിത്തൂക്കിയിടും. വീട്ടില്‍ പൊതുവെ ആളനക്കമില്ലെങ്കിലും പഴക്കുലകള്‍ ഈ കിളിയും കൂട്ടുകാരും   തിന്നു തീര്‍ത്തുകൊള്ളും.പഴങ്ങള്‍ കൂടുതല്‍ കണ്ടാല്‍ കിളികള്‍ക്കും കളിയാവും.ഓരോ പഴത്തിലും ഓരോ കൊത്തുകൊത്തി അവ ചിത്രപ്പണികള്‍ തീര്‍ക്കും,ഓരോ പഴങ്ങളിലേക്കും മാറിമാറി ചാടിയിരുന്നു കളിച്ചുരസിക്കും. ദേഷ്യം വരുമെങ്കിലും നമ്മെപ്പോലെ പറവകളല്ലെ  എന്ന് സ്നേഹം തോന്നിത്തുടങ്ങും.നമ്മള്‍ മനുഷ്യരും ഒന്നില്‍ ഉറക്കുന്നില്ലല്ലോ. അടുക്കളയിലെ ചെറിയ ഗ്രില്‍ ബുള്‍ബുളിനു മാത്രം വരാന്‍ പാകത്തിലുള്ളതാണ്.ബുള്‍ബുളിനു വേണ്ടി ഉണ്ടാക്കിയതെന്നു തോന്നിപ്പിക്കും വിധമാണത്.

 അയല്‍ക്കുട്ടികള്‍   ഫുട്ബോള്‍ കളിക്കുമ്പോള്‍ പന്തുതട്ടി  ചില്ലുജനവാതിലിൽൽ ഉടഞ്ഞുണ്ടായ മനോഹരമായ വിടവാണിപ്പോൾ ബുള്‍ബുളിന്റെ ഇടവഴി.ഇണക്കിളിയും അമ്മക്കിളിക്കൊപ്പം ചിലനേരങ്ങളില്‍ അതിലേ ഊര്‍ന്നു വരാറുണ്ട്.ആളനക്കം കേട്ടാന്‍ ആണ്‍കിളി സ്ഥലം വിടും.പെണ്‍വർഗത്തിന്റെയത്ര വഴക്കം ആണ്‍കിളികള്‍ക്കുണ്ടാവില്ലെന്നു തോന്നുന്നു.ഉളിയും കൊട്ടുവടിയുമായി ജനല്‍ച്ചില്ലുകള്‍ പുനസ്ഥാപിക്കാന്‍ വന്ന കാര്‍പ്പനെ ഞാന്‍ പറഞ്ഞുവിട്ടു,മറ്റുജീവികൾക്കുനേരെ വാതിൽ കൊട്ടിയടക്കരുത്.


വീടിനും ചുറ്റും  വര്‍ണ്ണത്തോരണം പോലെ പാറിപ്പറന്ന   ബുള്‍ബുള്‍ജീവിതം ഈ വാസസ്ഥലത്തിന്റെ ഭാഗമായി.  പഴം കഴിഞ്ഞാൽ രാത്രിയാണെങ്കിലും   സംഘടിപ്പിച്ചുവെക്കും.നീ പഴം തിന്നില്ലെങ്കിലും ബുള്‍ബുളിനെ തീറ്റിപ്പിക്കണം എന്നൊരു  തോന്നല്‍ മനസില്‍ പറ്റിപ്പിടിച്ചു . അങ്ങിനെയിരിക്കെയാണ് ഒന്നാം മുറിയിലെ ഇലക്ട്രിക് ബള്‍ബിനു ചുറ്റും ഘടിപ്പിച്ച അലങ്കാരച്ചില്ലില്‍ ബുള്‍ബുള്‍ കൂടുകൂട്ടാന്‍ തുടങ്ങിയത്.വീട്ടില്‍ ആരുമില്ലാതിരുന്ന ഒരാഴ്ചകൊണ്ടാണത് കൂടൊരുക്കിയത്.വീട്ടില്‍ വരികയും കൂട്ടുകാര്‍ കൂട്ടം കൂടുകയും ചെയ്തതോടെ   കൂടും പറിച്ച് മറ്റൊരിടം തേടി ബുള്‍ബുള്‍ പോകുകയായിരുന്നു.ആ ബള്‍ബിനു നേരെ ചുവട്ടിലെ മേശമേല്‍ ആയിരുന്നു ഞങ്ങളുടെ കുടിയും തീറ്റയും കൂട്ടം കൂടലുമെല്ലാം.


പക്ഷെ ബുള്‍ബുള്‍ വീടിനോടു പറ്റിത്തന്നെ പറന്നു കളിച്ചു,പഴം തിന്നു രസിച്ചു.


പഴങ്ങളുടെ വൈവിധ്യമായിരിക്കണം ബുള്‍ബുളിനെ ഈ വീട്ടിലേക്ക് അടുപ്പിച്ചതെന്ന് തോന്നുന്നു.കഴിഞ്ഞ ദിവസം ഞാന്‍ മറ്റൊരു സംഭവം ശ്രദ്ധിച്ചു.പുസ്തകങ്ങള്‍ വെച്ച ചെറിയ ഷെല്‍ഫിനു മുകളില്‍ ഒരു കൂടുപൂര്‍ത്തിയായിരിക്കുന്നു,

‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം’ ഷൂട്ടിംഗിനു വേണ്ടി ഉപയോഗിച്ച ചൂലുപോലുള്ള അലങ്കാര വസ്തുവിലാണത് കൂടുവെച്ചത്. ബുള്‍ബുള്‍ അതില്‍ താമസം തുടങ്ങിയിരിക്കുന്നു,മഴക്കാലത്ത് ഏറ്റവും സൌകര്യമായ ഇടം ഇതു തന്നെ .മുറിയുടെ ഓരോ മൂടും മൂലയും ഓരോ നിമിഷവും  ശ്രദ്ധിക്കുന്ന വീട്ടുജീവികളാണെങ്കില്‍  ഈ കിളിക്കൂടുനിര്‍മ്മാണം ശ്രദ്ധിക്കാതെ പോകില്ല.കിടക്കുന്ന പായ,ഇരിക്കുന്ന കസേര, പല്ലുതേക്കാനുള്ള ബ്രഷ്,പല്ലുഡോക്ടര്‍ തന്ന പേസ്റ്റ്,പഞ്ചസാരായും തേയിലയും,ചായയുണ്ടാക്കാനുള്ള ചെറിയ പാത്രം,ഇടക്കിടെ ശ്രദ്ധിക്കാറുള്ള മുറ്റത്തെ മരുന്നുചെടി,മുറുക്കി അടക്കേണ്ട ടാപ്പ്,  കുളിമുറി,കമ്പ്യൂട്ടര്‍,കണ്ണില്‍ മരുന്നൊഴിക്കാനുള്ള ചാരുയന്ത്രം എന്നിങ്ങനെ ചെറിയ സ്ഥലങ്ങള്‍ മാത്രം പരിഗണിക്കുന്ന ഒരാള്‍ കിളിയല്ല,പുലി തന്നെ പെറ്റുകിടന്നാലും   അറിയാതെ പോകും.


കിളി എന്തായാലും രാപ്പകല്‍ അടയിരിക്കുകയാണ്.മുള്ളാനോ ഇരതേടിയോ പോയ തക്കം നോക്കി ഞാന്‍ കാമറ ഉയര്‍ത്തിപ്പിടിച്ച് കൂടിനകം ഫോട്ടൊ   എടുത്ത് നോക്കി.അതില്‍ രണ്ടു മുട്ടകള്‍.അപ്പോ അതാണ്.

ബുള്‍ബുളിന്റെ രാപ്പകല്‍ അടയിരിക്കല്‍ എന്റെ  ചര്യകളെ മാറ്റി മറിക്കുന്നു.ഷെല്‍ഫില്‍ നിന്നും പുസ്തകങ്ങൾ  ഒന്നും എടുക്കാന്‍ പറ്റുന്നില്ല. പുസ്തകം, വാരികകള്‍, ഡിവിഡികള്‍ എല്ലാം അനക്കമില്ലാതെ അവിടെയിരിക്കുന്നു .അടയിരിക്കുന്നതിന്‍ ചൂടില്‍ അവയും പൊട്ടിവിരിയുമോ.
ഒരിക്കല്‍ പതിഞ്ഞ താളത്തില്‍  ബുള്‍ബുളെ, എന്നു ഞാൻ വിളിച്ചനോക്കി.ബുള്‍ബുള്‍ ശ്രദ്ധിച്ചതേയില്ല.അതിനതിന്റെ പേരറിയില്ലല്ലോ.മനുഷ്യര്‍ സ്വയം പേരിടുക മാത്രമല്ല,ചുറ്റുമുള്ള ജീവജാലങ്ങള്‍ക്കും പേരു നല്‍കി പരിഹസിക്കും.

മേശയില്‍, മുറ്റത്തെ മുല്ലയില്‍, വസ്ത്രങ്ങളില്‍ ,കമ്പ്യൂട്ടറില്‍ ,ജനല്‍ക്കമ്പികളില്‍, പുസ്തകങ്ങളില്‍ ,ഫാനില്‍ ,ഗേറ്റില്‍, ട്യൂബ് ലൈറ്റില്‍ എന്നിങ്ങനെ  ഈ കൂട്ടില്‍ എപ്പോഴുമുണ്ട് ഈ കിളി.


 ആകാശത്തിലെ പറവകളെപ്പറ്റി ബൈബിള്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്നു നോക്കാന്‍ ഷെല്‍ഫനങ്ങാ‍തെ   ആ പുസ്തകം വെച്ചിടം പരതി.  മുന്‍വൈരാഗ്യമുള്ളതു പോലെ ബൈബിളിനുമേലെ   ബുള്‍ബുള്‍ കാഷ്ഠിച്ചിരിക്കുന്നു.മറ്റൊരിടത്തും ബുള്‍ബുള്‍ കാഷ്ഠിച്ചിട്ടുള്ളതായി ഇതുവരെ കണ്ടതുമില്ല.


ഒരിക്കല്‍ ബാംഗ്ലൂരില്‍ വെച്ചു കണ്ടുമുട്ടിയ കണ്ണും കാതുമില്ലാത്ത ഒരാള്‍ തന്റെ ജീവിതത്തെ അട്ടിമറിച്ച കഥ പേരാമ്പ്രയിലെ അശോകന്‍ പറഞ്ഞുകേട്ടിട്ടുണ്ട്.അയാള്‍ക്ക്  പാക്കിംഗ് സെക്ഷനില്‍ ജോലിയും ഭാര്യയും മക്കളുമൊക്കെ ഉണ്ടായിരുന്നു. അയാളെ കണ്ടതു മുതല്‍ അശോകന്‍ അതുവരെയുള്ള ജീവിതത്തിനു അടിവരയിട്ടു പുതിയതൊന്നു തുടങ്ങുകയായിരുന്നു. അശോകന്‍ കണ്ടുമുട്ടിയ ആള്‍ സ്വന്തം പേരുപോലും ഉണ്ടെന്നറിയാത്ത ഒരാളായിരുന്നു.ബുള്‍ബുളിന്റേതു പോലെ.ഒന്നുരണ്ടേക്കറില്‍ സമം എന്ന പേരില്‍  ട്രസ്റ്റുണ്ടാക്കി മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കായി ഒരിടമൊരുക്കി  പൂമരം പോലെ  ഒരാള്‍ അശോകൻ.  നമ്മുടെ കവി അയ്യപ്പന്‍ അവസാനത്തെ മൂന്നുനാലു വര്‍ഷക്കാലം  അശോകനും വീട്ടുകാര്‍ക്കുമൊപ്പം സമമായി ജീവിച്ചതിവിടെയായിരുന്നു.


മനുഷ്യര്‍ ഒന്നു തൊട്ടാല്‍ മതി,ആന തന്റെ കുട്ടിയെ  തിരിച്ചെടുക്കില്ല എന്നു കേട്ടിട്ടുണ്ട്.ഊട്ടിയില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായി.റോഡരികില്‍   ഒരാന പ്രസവിച്ചു. ദീവാളിയില്‍ നാടാകെ   പൊട്ടിത്തെറിച്ചപ്പോള്‍    ആന പേടിച്ചരണ്ട്  കാട്ടിലേക്ക് മാറി നീങ്ങിനിന്നതാണ്.ഫോറസ്റ്റുകരും ജനങ്ങളും കൂടി ആനക്കുട്ടിയെ താങ്ങിയെടുത്ത് സുരക്ഷിതസ്ഥലത്ത് കൊണ്ടു വെച്ചു.ആന അതിനെ തിരിഞ്ഞു നോക്കിയില്ല.ആനപ്പിണ്ഡം കുഴമ്പാക്കി ദേഹത്ത് പുരട്ടിനോക്കി.എന്നിട്ടും ആന അതിനെ കൊണ്ടുപോയില്ല.ഇപ്പോള്‍ അതിനെ ഫോറസ്റ്റുകാ‍രാണ് മുലയൂട്ടി വളര്‍ത്തുന്നത്.


കിളിക്കൂടില്‍ നമ്മള്‍ തൊട്ടുനോക്കരുതെന്ന് കാടിനെ ചിത്രമാക്കുന്ന നസീര്‍ പറയുന്നു. ഞാനിപ്പോൾ

 കൂടിനോടു അകലം പാലിച്ച് വഴിമാറി നടക്കുകയാണ്.പതുക്കെ സംസാരിക്കണം,പാട്ടുപാടരുത് എന്നൊക്കെ മദ്യസദസ്സുള്ളപ്പോള്‍ ഞാന്‍ വിലക്കുന്നു.മദ്യപിച്ചാല്‍ അട്ടഹസിക്കുന്ന ശില്പിയെ ഈ പരിസരത്തുനിന്നും വിലക്കി.
രാവിലെ ഫട്ടേ അലിഖാന്‍ വെച്ചുള്ള വ്യായാമവും ഇപ്പോള്‍ ഇല്ല.ഇരുമ്പു ഗേറ്റ് പതുക്കെ തുറക്കുന്നു,വാതില്‍ വലിച്ചടക്കുന്നില്ല,മിക്സി ഉപയോഗിക്കുന്നില്ല,ചിരവ ഉപയോഗിക്കുമ്പോള്‍ ശബ്ദം പുറത്തു വരാതെ നോക്കുന്നു.മൊബൈലിന്റെ റിംഗ് ടോണില്‍ ആബിദാ പര്‍വീണിന്റെ ഉച്ചസ്ഥായി വോക്കലിനു പകരം ബാബുക്കയുടെ പതിഞ്ഞ സംഗീതമാക്കി. ഫട്ടേ അലിഖാനെ യൂട്യൂബില്‍ തന്നെ അടക്കി നിര്‍ത്തി. പെടുന്നനെയുള്ള അദ്ദേഹത്തിന്റെ ആരോഹാവരോഹണങ്ങള്‍ ബുള്‍ബുള്‍ ജീവിതത്തെ പ്രതികൂലമായി ബാധിച്ചാലോ!. ഇപ്പോള്‍ സനം മര്‍വിയാണ് ഇവിടുത്തെ സംഗീതം.ഈ സാഹചര്യത്തിനു സൂഫിസംഗീതം ഫിറ്റായിരിക്കും.

കഴിഞ്ഞ ദിവസം ബുള്‍ബുളിനേയും അതിന്റെ വീട്ടുജീവിതവും   കണ്ടപ്പോള്‍ അജിത് തൃശൂര്‍ ഭാഷയില്‍ പറഞ്ഞു,

'ഇത് ഭയങ്കര സംഭവമാണ്'

ശരിയാണ്.ഒരേ വീട്ടില്‍ തന്നെ എത്രയെത്ര ജീവിതങ്ങള്‍ സാധ്യമാണ്.എല്ലാവര്‍ക്കും ഓരോ പോംവഴികളാകുന്നു.  ബുള്‍ബുളിനു അതിന്റെ വഴി,മറ്റുള്ളവര്‍ക്കു വേറെ വഴിയും.എങ്കിലും ഈ വീട്ടില്‍ ഞങ്ങള്‍ പരസ്പരമാകുന്നു.

ശ്രേഷ്ഠഭാഷയായ  നിശബ്ദതയാണ് ഞങ്ങള്‍ക്കിടയിലെ സംവേദനം. എന്റെ   വോളിയം കുറച്ചിരിക്കുന്നു, സംഗീതം കുറച്ചിരിക്കുന്നു,ചടുലത കുറച്ചിരിക്കുന്നു.എല്ലാ ചുവടുവെപ്പുകളും വളരെ അവധാനതയോടെയാണ് വെക്കുന്നത്.ഇന്നു രാവിലെ അടുക്കളയില്‍ പോയപ്പോള്‍ ഗ്യാസ് അടുപ്പ് തുറന്നിട്ടിരിക്കുന്നു,  ഗ്യാസ് കുറ്റിയും കാലിയായിരിക്കുന്നു.ഞാന്‍ പെട്ടെന്നാലോചിച്ചത് ഗ്യാസിന്റെ മനം മടുപ്പിക്കുന്ന ഗന്ധത്തില്‍ നിന്നും ബുള്‍ബുള്‍ രക്ഷപ്പെട്ടിട്ടുണ്ടായിരിക്കുമോ എന്നാണ്.എന്റെ ആകാംക്ഷയെ തെറ്റിച്ച് അതിന്റെ വാല്‍ കൂട്ടിനു പുറത്തേക്ക് നീണ്ടുകിടപ്പുണ്ടായിരുന്നു.വിരിയാന്‍ വെമ്പുന്ന   ജീവന്റെ തുടിപ്പുകള്‍ അത്രമേല്‍ കിളിയമ്മയെ പിടിച്ചു വലിക്കുന്നുണ്ടായിരിക്കണം.


സഹജീവിതം എങ്ങിനെ മനോഹരമാക്കാമെന്ന് ഈ കിളിയാണ് എനിക്കിപ്പോള്‍ ട്യൂഷന്‍ എടുത്തു കൊണ്ടിരിക്കുന്നത്. 







17 comments:

മണിലാല്‍ said...

സഹജീവിതം എന്ന അദ്ധ്യായം ഞാനിപ്പോള്‍ ഈ പക്ഷിയില്‍ നിന്നാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിന്റെ വോളിയം കുറച്ചിരിക്കുന്നു,ഒരു കിളിക്കു വേണ്ടി.സംഗീതം കുറച്ചിരിക്കുന്നു,ചടുലത കുറച്ചിരിക്കുന്നു.എല്ലാ ചുവടുവെപ്പുകളും വളരെ അവധാനതയോടെയാണ് വെക്കുന്നത്.ഇന്നു രാവിലെ അടുക്കളയില്‍ പോയപ്പോള്‍ ഗ്യാസ് അടുപ്പ് തുറന്നിട്ടിരിക്കുന്നു,ഏതോ പുകവലിയന്മാരുടെ പണിയാണ്.തീപ്പെട്ടിയും ലൈറ്ററുമില്ലെങ്കില്‍ ഗ്യാസടുപ്പു തന്നെ ശരണം.ഗ്യാസ് കുറ്റിയും കാലിയായിരിക്കുന്നു.ഞാന്‍ പെട്ടെന്നാലോചിച്ചത് ഗ്യാസിന്റെ മനം മടുപ്പിക്കുന്ന ഗന്ധത്തില്‍ നിന്നും ബുള്‍ബുള്‍ രക്ഷപ്പെട്ടിട്ടുണ്ടായിരിക്കുമോ എന്നാണ്.എന്റെ ആകാംക്ഷയെ തെറ്റിച്ച് അതിന്റെ വാല്‍ കൂട്ടിനു പുറത്ത് കാണുന്നുണ്ടായിരുന്നു.മുട്ടയില്‍ നിന്നുള്ള ജീവന്റെ തുടിപ്പുകള്‍ അത്രമേല്‍ അതിനെ പിടിച്ചു വലിക്കുന്നുണ്ടായിരിക്കണം.

J P Palakkad said...

oru pakshi snehiyaya Maarjaran aanennu pakshikalkku thonnikkanum....

മുകിൽ said...

Bloginte Peru bulbulinodu parayanda...!

Anonymous said...

enthoru virudhyam!!! maarjaaaraninl viswasamarppichoru bulbul!!!

വേണു venu said...

Enjoyed reading.:)

BABURAJ said...

ninne nerayakkan veruthe sramickunna bulbulinu ente asansakal...
baburaj

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സഹജീവിതം എങ്ങിനെ മനോഹരമാക്കാമെന്ന് ഈ കിളിയാണ് എനിക്കിപ്പോള്‍ ട്യൂഷന്‍ എടുത്തു കൊണ്ടിരിക്കുന്നത്.

അതു കലക്കീട്ടോ'ജീവിതത്തിൽ വല്ലപ്പോഴും അരെയേലും ഒന്നു പേടിക്കുന്നതു നല്ലത.

രസായിട്ടു വായിച്ചു

mini//മിനി said...

നന്നായിരിക്കുന്നു, ഇവിടെയും ഒരു കിളിജന്മം ഉണ്ട്. http://minilokanarmakathakal.blogspot.in/2013/07/white-throated-ground-thrush.html

Unknown said...

മണിയെട്ടന്റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും വരുത്തിയ പ്രിയ ബുല്‍ബുല്ലേ.. നിനക്കും നിന്റെ ജനിക്കാന്‍ ഇരിക്കുന്ന മക്കള്‍ക്കും എന്റെ നന്ദി രേഖപെടുത്തുന്നു...

മണിലാല്‍ said...

ഒരിക്കല്‍ ബാംഗ്ലൂരില്‍ വെച്ചു കണ്ടുമുട്ടിയ കണ്ണും കാതുമില്ലാത്ത ഒരാള്‍ തന്റെ ജീവിതത്തെ അട്ടിമറിച്ച കഥ പേരാമ്പ്രയിലെ അശോകന്‍ പറയാറുണ്ട്.അയാള്‍ക്ക് ഒരു പാക്കിംഗ് സെക്ഷനില്‍ ജോലിയും ഭാര്യയും മക്കളുമൊക്കെ ഉണ്ടായിരുന്നു. അയാളെ കണ്ടതു മുതല്‍ അശോകന്‍ അതുവരെയുള്ള ജീവിതത്തിനു അടിവരയിട്ടു പുതിയതൊന്നു തുടങ്ങുകയായിരുന്നു. അശോകന്‍ കണ്ടുമുട്ടിയ ആള്‍ സ്വന്തം പേരുപോലും ഉണ്ടെന്നറിയാത്ത ഒരാളായിരുന്നു.ബുള്‍ബുളിന്റേതു പോലെ.ഒന്നുരണ്ടേക്കറില്‍ സമം എന്ന പേരില്‍ ട്രസ്റ്റുണ്ടാക്കി മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കായി ഒരിടമൊരുക്കി അശോകന്‍ പൂമരം പോലെ സ്വാഗതമായി നില്‍ക്കുന്നു.നമ്മുടെ കവി അയ്യപ്പന്‍ അവസാനത്തെ മൂന്നുനാലു വര്‍ഷക്കാലം അശോകനും വീട്ടുകാര്‍ക്കുമൊപ്പം സമമായി ജീവിച്ചതിവിടെയായിരുന്നു.

Anonymous said...

ആ കിളിയെ കാണാൻ കൊതിയാകുന്നു! ഓണക്കാലം വരെയെങ്കിലും അവിടെ കൂടാൻ പ്രയണേ....

madhu.

sarala said...

കണ്ണില്‍ മരുന്നൊഴിക്കാനുള്ള ചാരുയന്ത്രം .......!!!!!

Jeeva - The Life said...

ഈ കിളി നിങ്ങളെ മാറ്റി മറിച്ചിരിക്കുന്നു...സന്തോഷം...

കുഞ്ഞൂസ്(Kunjuss) said...

സഹജീവിതത്തിന്റെ സഹിഷ്ണുതയും സ്നേഹവും പഠിപ്പിച്ച ബുള്‍ബുളേ നിനക്കെന്റെ സ്നേഹം ...

മനോഹരമായ എഴുത്ത് ...!

മണിലാല്‍ said...

എന്റെ പേരിലും ബുള്‍ബുളിന്റെ പേരിലും എല്ലാര്‍ക്കും നന്ദി

ayatha said...

പ്രിയ മണിലാൽ പക്ഷിസങ്കേതം കണ്ടു കഴിഞ്ഞതിനു ശേഷമായിരുന്നു എന്റെ ഈ വായന.ഈ അക്ഷരങ്ങളെ ഇമ എത്ര മനോഹരമായാണ് പകർത്തി വച്ചത്.നിങ്ങളുടെ വിവരണക്കുറിപ്പിലും ഉണ്ട് ഒരു കിളിചാരുത.ഏതായാലും പക്ഷിസങ്കേതം നന്നായി.ബുൾബുളിനും മുന്പും പിമ്പും ,മനുഷ്യരാകുന്ന എത്ര പറവകൾ വന്നു പോയും ഇരുന്ന ഇരിക്കുന്ന ഒരു വലിയ സങ്കേതം ആണല്ലോ ആവീടും. സ്നേഹത്തോടെ .ബിജു.ആർ.

Unknown said...

ഏന്റ കുട്ടികാലത് വെലികൽ ഉള്ള ചെമ്പരത്തി ചെടിയിൽ മാൽ കൂട് കൂടി മുട്ട ഇട്ട ഒരു സൂജി കിളി യുട കൂട്ടിൽ ഞാൻ ഏന്നും വിരല്ൽ കൊണ്ട് തടവി നോകാരുണ്ടിയിരുന്നു .പിന്നീട് ഏന്ദു അന്ന് സംബവിചാദ് ഏന്നു അനിക് ഓര്മ ഇല്ല. ഇപ്പോൾ ഏന്റ മനസ്സിൽ ഒരു ചെറിയ വേദന ഞാൻ അനുഭവിക്കുന്നു .ബുൾ ബുൾനു ഏന്റ നന്ദി .


നീയുള്ളപ്പോള്‍.....