പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, January 23, 2014

:നേർവഴികൾ ഒഴിവാക്കുക


മാർ...ജാരൻ
ഡീസി ബുക്സ്
പേജ് 235
വില 160



പാലക്കാടൻ ചുരം കടന്നാലേ പഴയമദിരാശി എന്ന ഇപ്പോഴത്തെ ചെന്നൈ പട്ടണത്തിൽ എത്താൻ കഴിയൂ എന്നായിരുന്നു പഠിച്ച പാഠം ശീലിച്ച രീതി,പഠിച്ചതേ പാടൂ എന്നതിലുറച്ച്  ഒന്നു വഴിമാറി സഞ്ചരിക്കാൻ ആർക്കും പേടിയാണ്.അന്യദേശത്ത് അധികകാലം കഴിച്ച് തിരിച്ചുവരുന്നവർക്ക് ചുരം കടക്കൽ ലഹരിയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് അവർക്ക് വേറെ വഴിയില്ല.

വഴിവിട്ടു നടക്കരുത്,തോന്നിയതു പോലെ ചിന്തിക്കരുത്,അരിഭക്ഷണമല്ലാതെ തൊട്ടുപോകരുത്,കക്കൂസിൽ അധികനേരം ഇരിക്കരുത്,പാരസറ്റമോൾ ഭക്ഷണത്തോടൊപ്പം മൂന്നുനേരം  കഴിക്കാൻ മറക്കരുത്,തമിഴ് നാടിൽ നിന്നുള്ള പച്ചക്കറികളെ പാടുള്ളു,  തൊപ്പിവെച്ച ആരെയും പേടിക്കണം  എന്നൊക്കെ നിയമങ്ങൾ കെട്ടിത്തൂക്കിയ വീടുകളിൽ ജനിക്കാൻ നിർഭാഗ്യം സിദ്ധിച്ചവരാകുന്നു അൻപത്തിരണ്ടു അക്ഷരങ്ങളിൽ തൂങ്ങി ജീവിക്കാൻ വിധിക്കപ്പെട്ട     കൊച്ചുമലയാളം.

ഗ്രാമങ്ങളിൽ ഇടവഴികൾ കണ്ടിട്ടില്ലെ,ഒരാൾ പോയ വഴിയെ നടന്നു നടന്നു പുല്ലു പോലും പേടിച്ച് മാറുന്ന വഴികൾ.ഇരുട്ടു മാത്രമാണ് നമ്മെ വഴിതെറ്റിക്കുന്നത്.കള്ളന്മാരുടെ വഴികൾ കണ്ടു പഠിക്കണം.എന്നും ഓരോ വഴികൾ വേറിട്ട വഴികൾ .എത്ര സന്തോഷമായിരിക്കും പിറകിൽ   ഉപേക്ഷിച്ചു പോകുന്ന വഴികൾ.ഉപേക്ഷിച്ചു പോകാൻ കഴിയുമെങ്കിൽ എല്ലാം മനോഹരമാണ്.


പട്ടികൾ മൂത്രമൊഴിച്ച് വഴിയോർക്കുന്നു,മനുഷ്യർ മറ്റൊരാളെ അനുകരിച്ച് പെരുവഴിയാവുന്നു.രണ്ടുകാലിലല്ല,നാലുകാലിലാണ് സംസ്കാരം എന്നു തോന്നിപ്പോകും പട്ടികളുടെ സ്വയം വഴികൾ കാണുമ്പോൾ.

പുതുവഴികളാകുന്നു സംസ്കാരം,സന്തോഷം.

 മക്കൾ എഞ്ചിനീയറിംഗിനും മെഡിസിനും പഠിക്കുന്നു എന്നു കേൾക്കുന്നത് ഇപ്പോൾ ബോറടിച്ചുതുടങ്ങിയിരിക്കുന്നു മറ്റൊരു വഴിയും ഇല്ലാത്തതുപോലെ.


മനുഷ്യർക്ക് ഒരു വഴി കാണിച്ചു കോടുക്കാമെന്നു വെച്ചാൽ   അതുവഴിയല്ലാതെ പരഗതിയില്ലാത്തതു  പോലെ അവർ മാറും.
ഗർഭപാത്രത്തിൽ നിന്നും ഇപ്പോൾ കുട്ടികൾ  ആൺപെൺ വ്യത്യാസമില്ലാതെ അമ്മയുടെ കണ്ണുവെട്ടിച്ച് കുറുക്കുവഴികളിൽ കൂടി  പുതുലോകത്തേക്ക് ഇറങ്ങിപ്പോരുകയാണ്   .കാലെടുത്തുവെച്ചാൽ തൊടുന്ന യാത്രകളെ ആർക്കും ഇഷ്ടം.എന്തിനു വളഞ്ഞു പുളഞ്ഞു പോകണം.മലകയറ്റത്തിൽ വളവുതിരിവുകളെ പ്രാകുന്നവരെ കണ്ടിട്ടുണ്ട്.



നായയെക്കുറിച്ചല്ല പറയാൻ വന്നത്,മലയാളികളായ നായന്മാർ തിങ്ങിപ്പാർക്കുന്ന മദിരാശിയെക്കുറിച്ചാണ്.നായരായിട്ടൊന്നുമല്ല ജോലികിട്ടാൻ ഈ ജാതി നന്നെന്നു കരുതി പലരും അതായതാണ് അതും ടീ സ്റ്റാളുകളിൽ. മദിരാശിയിൽ പ്രസാദ് സ്റ്റുഡിയോവിനു മുന്നിൽ വെച്ച് പരിചയപ്പെട്ട പേരുകൾ ജോസ് നായർ ,ഉസ്മാൻ നായർ, കുര്യാക്കോസ് നായർ,മുസ്തഫ നായർ, ഫിലിപ്പോസ് നായർ എന്നിങ്ങനെയാണ്.തിരിച്ചുവന്നാൽ മഹല്ലുകളിലും  രൂപതകളിലും ഇവർക്ക് ഇടം കിട്ടുമോ?.

ഇതൊന്നുമല്ല സത്യത്തിൽ പറയാൻ ഉദ്ദേശിച്ചത്.നേർവഴിയാത്ര കടുകോളം തെറ്റിക്കാത്ത മലയാളികളെക്കുറിച്ചാണ്.കുറച്ചു സമയവും ക്ഷമയും ഉണ്ടെങ്കിൽ കേരളം വട്ടംകറങ്ങി തമിഴ്നാടിനു കുറുകെയൊരു യാത്രയുണ്ട് ചെന്നെയിലേക്ക്.തിരുവന്തപുരം നാഗർകോവിൽ വഴി അങ്ങിനെയങ്ങിനെ.  തൃശൂരിൽ രാത്രി തെറിക്കണം രാവിലെ കണ്ണുതിരുമ്മുന്നത് തമിഴ്നാട്ടിലാവും.



ആനയോ മറ്റൊ ആണെങ്കിൽ മറിച്ചിട്ട് മറുപുറം കാണാം.എത്ര  തിരിച്ചും മറിച്ചുമിട്ടാലും ഒന്നും പുറത്തുകാണിക്കാത്ത മനുഷ്യരെ വെറുതെ വിടൂക.സ്ഥലകാലങ്ങൾ   തലങ്ങും വിലങ്ങും പോയി കാണുക തന്നെ വേണം.അങ്ങിനെയെങ്കിൽ കേരളം  അകമഴിഞ്ഞ് കാണാൻ   ഒറ്റജന്മത്തിൽ   സമയം പോരാതെ വരും.


ചെരിഞ്ഞുള്ള ഈ മദിരാശി യാത്ര എത്ര സുന്ദരമാണെന്ന് വിവരിക്കാൻ വാക്കുകളില്ല,ഉള്ള വാക്കുകൾ തേഞ്ഞതിനാൽ അവ പ്രയോഗിക്കുന്നതിൽ അർത്ഥവുമില്ല  ആനന്ദവുമില്ല.പകൽ പോകണം,രാത്രി പുറത്തെന്തെന്നറിയാതെ ആകാംക്ഷ നിങ്ങളെ സമ്മർദ്ദത്തിലാക്കും.ഇടക്ക് കാണുന്ന ഒറ്റവെളിച്ചങ്ങൾ മനുഷ്യരെയല്ല അതല്ലാത്ത എന്തിനെയൊക്കെയാണ് ഓർമിപ്പിക്കുക.

ഒരു ചെറിയ കാര്യം പറയാനാണ് ഇത്രയും നീട്ടിവലിച്ചെഴുതിയത്. വളച്ചുകെട്ടിപ്പറയൽ ഒരു കലയാണ്,  ക്ഷമിക്കുക.ഒരിക്കൽ ഈ വഴി പോകയായിരുന്നു.ട്രയിൻ തമിഴ് നാട്ടിലെ ഏതോ ഗ്രാമത്തിൽ എത്തുമ്പോൾ വെളിച്ചം  ഇരുട്ടിനെ തൂത്തുവാരുന്നതേ ഉണ്ടായിരുന്നുള്ളൂ.കരിമ്പനകളും വിശാലമായ നെൽവയലുകളും പേരറിയാത്ത ചെറുമരങ്ങളും ചേർന്ന് ബന്ദിയാക്കിയ ഒന്നിനെപ്പോലെ   തീവണ്ടി എന്ന പഴയ പേരുള്ള വണ്ടി കൂകാതെ പോകുകയായിരുന്നു.  വണ്ടിക്കകത്ത്  രാത്രിയിൽ അത് വലിയ തോതിൽ ഉണ്ടായിരുന്നു താനും. ശരീരവും ജീവനും തമ്മിലെ വടംവലികൾ പോലെ നിശ്വാസങ്ങൾ,കൂർക്കംവലികൾ  എന്നിങ്ങനെ വിപുലമായ രൂപങ്ങളിൽ.

എല്ലാവരും ജനവാതിലുകൾ തുറന്നു വെച്ച് കാഴ്ചകൾ കാണാതെ അടുത്ത സ്റ്റേഷൻ ഏതാണെന്നും അവിടെ അകത്താക്കാൻ എന്തൊക്കെ കിട്ടും എന്നൊക്കെ  അക്ഷമരായി ഇരിക്കുകയായിരുന്നു.എല്ലാവരും വയറുഴിയുന്നവർ ചിലർ പുറത്തേക്ക് കളയാനുള്ളവർ  മറ്റുള്ളവർ അകത്തേക്ക് കയറ്റാനുള്ളവർ. ചിന്തയുടെ കേന്ദ്രസ്ഥാനത്ത് ഭക്ഷണത്തെ നിർത്തുന്നതിൽ ഭാഷാലിംഗ  ഭേദമില്ല.അതു കൊണ്ടാണല്ലോ ഭരണാധികാരികൾ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തിനു അവധികൊടുത്ത് അവസാനിപ്പിക്കാത്തത്.

നെൽപ്പാടങ്ങൾ മഞ്ഞുമൂടിക്കിടക്കുകയാണ്.വീടുവെക്കണമെങ്കിൽ നെൽ വയലിന്നരികെ എന്ന് ചിന്തിച്ചിട്ടുണ്ട് അവിടെ ഏതു വേനലിലും രാവിലെ മഞ്ഞായിരിക്കും.മഞ്ഞിൽ കളിക്കാനെത്തുന്ന കൊക്ക് തുടങ്ങിയ പക്ഷിവർഗ്ഗങ്ങളും സുലഭം.


പെട്ടെന്നാണത് കാഴ്ചയെ തൊട്ടത്.ട്രെയിൽ കുതിപ്പു മതി  നിരങ്ങാം എന്ന മട്ടിൽ.  സ്വർണ്ണമണികൾ കതിരിട്ട വയലിൽ നിന്ന് പെണ്ണുങ്ങളും കുട്ടികളും അടങ്ങിയ ജനസഞ്ചയം ഉദിച്ചു പൊങ്ങുന്നു വെളിച്ചം കെട്ട സൂര്യനെപ്പോലെ. പ്രഭാതവെയിൽ   മഞ്ഞിൽ നിന്നും അവരെ പുറത്തെടുത്തതായിരുന്നു.അവരുടെ കൈകളിൽ നീളത്തിൽ എന്തോ,ചുമലിലും തലയിലും ഭാണ്ഡക്കെട്ടുകൾ  പോലെ എന്തോ.പണ്ടൊക്കെ ചമ്പൽ കാടുകളുടെ അടുത്തുകൂടെ യാത്രചെയ്യുമ്പോൾ ചില പേടികളും കൂടെയുണ്ടായിരുന്നു.ഫൂലാൻ ദേവിയും സംഘവും കടന്നുവന്ന് തലയറുത്ത് കൊണ്ടുപോകുമോ എന്നൊക്കെ കാത്തിരുന്നിട്ടുണ്ട്,ഭയത്തോടെ തന്നെ.


അതു പോലെ ഒരു പേടി എനിക്കും തോന്നാതിരുന്നില്ല,അവിചാരിതമായ ഇടങ്ങളിൽ അപരിചിതരായ മനുഷ്യരിൽ നിന്നും എന്തും പ്രതീക്ഷിക്കാം. എന്തും എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മറുചിന്തയിൽ കൗതുകവുമുണ്ട്.ഒരു വശത്തു മാത്രമല്ല ഇരുവശത്തും ഇത്തരം കൂട്ടങ്ങൾ പൊട്ടിമുളക്കാൻ തുടങ്ങി.

രാജീവ് ഗാന്ധി എന്നൊരാൾ മരിച്ച ദിവസം  രാജ്യം പ്രതിഷേധത്തിൽ കത്തിയെരിയുമ്പോൾ എല്ലാവരും വീടെത്താൻ അക്ഷമരായിരിക്കവെ കാറിൽ ഞാൻ കൂർക്കം വലിച്ചുറങ്ങിയത് സുഹൃത്തുക്കൾ ഇപ്പോഴും ഓർമ്മിച്ചു പറയുന്ന തമാശയാണ്.വീടില്ലാത്തതിനാൽ കൂടണയാൻ അത്ര താല്പര്യം ഉണ്ടായിരുന്നില്ല എന്നത് സത്യം.

അവർ ലക്ഷ്യം വെക്കുന്നത് ട്രെയിൻ ആണെന്നു തോന്നുന്നു.തിടുക്കം കണ്ടാൽ എന്തോ വലിയൊരു കാര്യം മനസിലുറപ്പിച്ചാണ്   വരുന്നതെന്ന് തീർച്ച. തീവ്രവാദത്തിന്റെ വിത്തുകൾ എവിടെയും പൊട്ടിമുളക്കാൻ പാകത്തിലുള്ള മണ്ണ് ഭരണാധികാരികൾ   ഒരുക്കിവെച്ചിട്ടുള്ളതിനാൽ അത്ഭുതത്തിനും വകയുമില്ല. ഞാൻ എന്തും വരട്ടെയെന്ന് കുണ്ടിയുറപ്പിച്ചിരുന്നു.മറ്റു മുഖങ്ങളിൽ വലിയ ഭാവവ്യത്യാസം കാണാത്തതിലാണ് എന്റെ അതിശയം.ബുദ്ധിയും ചിന്തയും ഇല്ലാത്തവരെന്ന് ഞാൻ അവരെ മനസ്സിലിട്ട് ചെറുതാക്കി.ട്രെയിൽ നിന്നു.അവർ നിർത്തിച്ചതോ അവർക്കു വേണ്ടി നിന്നു കൊടുത്തതൊ,സംശയമായി. കേട്ടാൽ അറിയാത്ത ഒരു ഭാഷയിലുള്ള  ആരവത്തോടെ അവർ ട്രയിനിൽ ഇരച്ചുകയറി.ഒന്നിച്ചുള്ള കലപിലയിൽ ഭാഷ കൈമോശം വന്നതുമായിരിക്കാം. കേരള നിയമസഭയിലെ ബഹളങ്ങൾ കാണുമ്പോൾ ഇതേതു ഭാഷ എന്ന് നമ്മൾ മലയാളികൾ  സംശയിക്കാറില്ലെ.

മലയാളമൊഴികെ മറ്റൊരു ഇന്ത്യൻ ഭാഷയും കൈവശമില്ലാത്തതിനാൽ തമിഴിൽ കണ്ട ചെറിയ സ്റ്റേഷന്റെ പേരു മയിലാടുംതുറൈ എന്നോ ഉസിലാംപെട്ടി എന്നോ ഞാൻ സങ്കല്പിച്ചു.ട്രെയിൻ ആക്രമണത്തോടെ ഈ സ്റ്റേഷൻ ലോകശ്രദ്ധ നേടുന്നതും ഞാൻ ഭാവനയിൽ കണ്ടു.

ട്രെയിനകത്തേക്ക് അവരുടെ അതിക്രമത്തിനു അധിനിവേശസ്വഭാവമുണ്ടായിരുന്നു.

പക്ഷെ ആശങ്കകൾ കുഴഞ്ഞുമറിഞ്ഞത് പെട്ടെന്നായിരുന്നു.
യാത്രക്കാർ അവർക്കു വേണ്ടി കാത്തിരിക്കയായിരുന്നു. സ്വാദിഷ്ടമായ ഭക്ഷണത്തിനു വേണ്ടിയുള്ള ധ്യാനമായിരുന്നു ഞാൻ അവരിൽ   കണ്ടത്.   അവർ ചുരുട്ടിപ്പിടിച്ചിരുന്നത് തോക്കായിരുന്നില്ല,തേക്കിലയായിരുന്നു.വിപ്ലവം തേക്കിൻ കുഴലിലൂടെ  ചുമരിൽ തെറ്റിയെഴുതിയ ഒരു വിപ്ലവകാലം ഓർമ്മയിൽ വന്നു.  ഇലകൾ ഓരോന്നായി അവർ യാത്രക്കാരുടെ നീട്ടിയ കൈകളിൽ വെച്ചു കൊടുത്തു.ഇലകൾ ഓരോന്നിലേക്കും ഇഡ്ലികൾ ഊർന്നു വീഴുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. പ്രതീക്ഷ   പണത്തൂക്കം പോലും  തെറ്റിക്കാതെ സാമ്പാർ പിറകെ വന്നു.പക്ഷെ പുതുവഴിയാത്രകൾ അങ്ങിനയല്ല.

  സ്വരച്ചേർച്ച ഉണ്ടായാലും ഇല്ലെങ്കിലും സാമ്പാറും ഇഡ്ലിയും പിരിയാൻ പറ്റാത്ത  ദാമ്പത്യാമാണെന്ന് വെറുതെയൊരു   തമാശ ആലോചിച്ച് ചൂടുള്ള ഇഡ്ലിയിൽ കൈവെച്ച് വയലിൽ  നിന്നും അകലാൻ തുടങ്ങിയ മഞ്ഞിൻ പറവകളെ നോക്കിയിരുന്നു.



2 comments:

മണിലാല്‍ said...

ആനയോ മറ്റൊ ആണെങ്കിൽ മറിച്ചിട്ട് മറൂപുറം കാണാം.എത്ര മറിച്ചിട്ടാലും ഒന്നും പുറത്തുകാണിക്കാത്ത മനുഷ്യരെ വെറുതെ വിടൂക.സ്ഥലങ്ങൾ പക്ഷെ തലങ്ങും വിലങ്ങും പോയി കാണുക തന്നെ വേണം.അങ്ങിനെയെങ്കിൽ കേരളം മാത്രം കാണാൻ പോലും ഒറ്റജന്മത്തിൽ ഒരാൾക്ക് സമയം പോരാതെ വരും.

Anonymous said...

vazhivitta sanchaarangalanallo veritta anubhavangale tharunnathu.veritta anubhavangale ava ethra nissaramanenkilum puthiya veekshana koniloote anubhavikkukayum vyakhyanikkukayum cheyyalanu manilalinte ezhuthine bhangiyullathakkunnathu..ishtaayi..


നീയുള്ളപ്പോള്‍.....