പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, January 27, 2014

ലാസറേട്ടൻ എന്ന കൊട്ടേക്കാട്ടു സിംഹം

 സൂര്യൻ  മുട്ടോളം പൊന്തിയതും   നടത്തം പാതിവഴിയിൽ അവസാനിപ്പിച്ചതും കൃഷ്ണൻകുട്ടിയുടെ ഫോൺ വന്നു.അവൻ ഇപ്പോൾ വിളി   പതിവാക്കിയിരിക്കുന്നു.  പ്രകൃതിജീവനത്തെക്കുറിച്ചൊരു ഡോക്യൂമെന്ററി ചെയ്യണം,ഉടനെ ചെയ്യണം എന്നൊക്കെ പറഞ്ഞാണ് വിളി.ആലോചിക്കാം എന്ന് പറഞ്ഞൊഴിയും,അതേക്കുറിച്ച് ആലോചിക്കുകയും ചെയ്യും.പ്രകൃതികൃഷി,പ്രകൃതിജീവനം ഇവയിലൂടെയാണ് കൃഷ്ണൻ കുട്ടിയുടെ ഇപ്പോഴത്തെ ജീവിതവും സ്വപ്നവും യാത്രകളും

 .പ്രകൃതിയിലൂന്നുന്ന   സിനിമക്ക് തീം ഉറഞ്ഞുവരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ.ഇക്കാര്യം പറഞ്ഞപ്പോൾ കൃഷ്ണകുട്ടി മതി മറന്ന് ഫോൺ വെച്ചു.അവനെ വിട്ട് ഞങ്ങൾ വാടാനപ്പള്ളിയിലേക്ക് തിരിച്ചു.പുതിയ കാറുമായി ചേർപ്പിൽ നിന്നും കേരളവർമ്മ തൊട്ടെ   സുഹൃത്തായിരുന്നു ബാബുരാജ് വന്നു.ഡ്രൈവർ സീറ്റിൽ മകൻ നിധിനെ കണ്ടപ്പോൾ   തോന്നി പടപ്പുറപ്പാടിനുള്ള ഒരുക്കമാണ്.കടപ്പുറത്തുകൂടെ വെറുതെ കുറച്ച് യാത്ര ചെയ്യാം എന്ന തീരുമാനമായി,ഞായറാഴ്ചയല്ലെ.ഈ ദിവസം എന്തെങ്കിലും ചെയ്തില്ലെങ്കിൽ ആളുകൾ  കുത്തിനുപിടിച്ചു   ചോദിക്കും.അമേരിക്കയിലുള്ള ഒരു സുഹൃത്ത് എന്താണ് സൺ ഡെ പ്രോഗ്രാം എന്ന് നെറ്റിൽ വളഞ്ഞുവെച്ച് ചോദിച്ചു.ഞായറാഴ്ച ആഘോഷിക്കാനുള്ളതെന്ന് പറഞ്ഞു തരാൻ അമേരിക്കക്കാരി വേണ്ടിവന്നു.


d c books 
page 235
price 160


  കാരമുക്കിൽ ഇറങ്ങി.വിശ്വന്റെ വീട്ടിലേക്ക്.ഇതു വരെ പോവാത്ത വീടാണ്.അമ്മ മരിച്ചിട്ടും പോയില്ല.ഇന്ന് സഞ്ചയനമാണ്.എല്ലാവരും ഉണ്ടാവും.മരത്തണലിൽ കസേരയിട്ട് സുഹൃത്തുക്കളായ കമ്യൂണിസ്റ്റുകളും അല്ലാത്തവരും അവിടെയുണ്ട്.റോഡിൽ നിന്നും കുളക്കരയിലൂടെയുല്ല   ഇടുങ്ങിയ വഴിയിലൂടെ തിരിച്ചു പോരുമ്പോൾ ഇതിൽ മീൻ വളർത്തിക്കൂടെ എന്നാരോ വിശ്വനെ ഉപദേശിച്ചു.നിങ്ങൾക്കു പറഞ്ഞുപോകാം,ഞാനല്ലെ ചെയ്യേണ്ടത് എന്നൊരു ഭാവത്തിൽ വിശ്വൻ മറുപടി പറയാതെ നിന്നു.

വാടാനപ്പള്ളിയിൽ ബോധി കോളേജിന്റെ സ്മരണക്കുമുന്നിൽ 'മാർജാരൻ' കഥാപാത്രങ്ങളായ സുകുവേട്ടൻ ഗഫൂർ രമേശ് എന്നിവരെ ബാബുവിനു പരിചയപ്പെടുത്തി,ബാബുവിനു സന്തോഷമായി.ബോധി കോളേജിന്റെ പഴയ ഓലഷെഡിന്റെ  സ്ഥാനത്തെ പുതിയ കെട്ടിടവും കാണിച്ചു കൊടുത്തു.


തീരദേശത്തുകൂടെ സഞ്ചരിക്കുമ്പോൾ പഴയ പല സ്നേഹങ്ങളും ഓർമ്മ വന്നു.സഞ്ചരിച്ച വഴികൾ കണ്ടുമുട്ടിയ സുഹൃത്തുക്കൾ.പലയിടങ്ങളിലായി ചിതറിക്കിടക്കയാണ്. ഹൈവേയിൽ നിന്നും തിരിയുന്നതിനു മുമ്പേ ബെവറേജിൽ കയറി രാമജയന്മാർ എന്ന ഇരട്ടകളിൽ ജയനെ കണ്ടു,രാമനിന്നില്ല. ആയിരക്കണക്കിനു  ലഹരിക്കുപ്പികൾ കൈമാറിയ കയ്യിൽ 'മാർജാരൻ'  കോപ്പി സന്തോഷത്തോടെ കൊടുത്തു.വിറയലില്ലാതെ വായിക്കണമെന്നാശംസിച്ചു. തിരിച്ചു ചെല്ലുമ്പോൾ ജോസഫ്  വലിയ കുപ്പി  ചെറിയ ഭാരത്തോടെ  ഓമനമകളെ എന്നോണം മടിയിൽ വെച്ച് കാറിൽ കാത്തിരിക്കയായിരുന്നു.ജോസഫ് വാടാനപ്പള്ളിയിൽ നിന്നും കയറിയതാണ്.പള്ളിയിൽ നിന്നും വരുമ്പോൾ ഞങ്ങളെ കണ്ട് ഭാര്യയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.  കുടുംബത്തിൽ പാലിക്കേണ്ട സാമാന്യമര്യാദകളെക്കുറിച്ച് പാതിരി പ്രസംഗത്തിൽ പറഞ്ഞതൊക്കെ മറന്നു പോയി ഞങ്ങളെ കണ്ട മാത്രയിൽ.പാതിരി പള്ളിയിൽ പലതും പുറത്താണ് എന്നൊരു മട്ട് ജോസഫിന്റെ ഭാവങ്ങളിൽ ഉണ്ടായിരുന്നു.


സുഹൃത്തുക്കളായ ഓരോരുത്തരേയും അവരുടെ വീട്ടുപരിസരത്ത് വെച്ചോർമ്മിച്ചു കൊണ്ടിരുന്നു.  കാണുന്ന ആരോടെങ്കിലും ചോദിക്കും അവരുടെ വീട്.അറിയില്ലെന്ന് കൈമലർത്തിയാൽ കാർ വീണ്ടും മുന്നോട്ടു നീങ്ങും.ഇപ്പോൾ വീടുകൾ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടാണ്.  വ്യത്യസ്തമായ അടയാളങ്ങൾ  ഭൂമിയിൽ  ഇല്ലാതായിരിക്കുന്നു.കോൺക്രീറ്റ് കെട്ടിടങ്ങൾ,കൊട്ടിയടച്ച വീടുകൾ,ചങ്ങലക്കിട്ടഗേറ്റുകൾ, ആൾപ്പെരുമാറ്റം തീരെയില്ലാത്ത പരിസരങ്ങൾ എന്നിങ്ങനെ എല്ലാം ഒരുപോലെ.

  സുഭാഷിന്റെ വീട്ടിൽ എത്തിച്ചേർന്നു,വക്കീലാണ്.നാടകക്കേസിൽ എന്നെയും സുഹൃത്തുക്കളേയും ജയിലേക്കയച്ചിട്ടുണ്ട്.കുറ്റം വക്കീലിന്റെയല്ല ഞങ്ങൾ പ്രതികളുടേതായിരുന്നു.വിളിക്കുമ്പോൾ ചെല്ലില്ല,വാറണ്ട് കിട്ടിയിട്ടുപോലും. ഏതു 'ഈശ്വരൻ'വക്കീൽ വിചാരിച്ചാലും ജഡ്ജി വെറുതെ വിടില്ല. വീട്ടുകാർക്കൊക്കെ ഇപ്പോൾ സന്ദർശകരെ ഭയമാകുന്നു, പുരുഷസന്ദർശകരെ പ്രത്യേകിച്ചും.   സൺഡെ സുഹൃത്തുക്കളാണെങ്കിൽ പറയുകയും വേണ്ട. കാണാനെത്തിയ കക്ഷികൾക്ക് സുഭാഷിനെ വിട്ടുകൊടുത്ത് ഞങ്ങൾ ദ്വീപിലേക്ക് യാത്രയായി.  കക്ഷികളേക്കാൾ ലഹരിയെന്തുണ്ട് വക്കീലന്മാർക്ക്.   കടലിനോടൊട്ടിക്കിടക്കുന്ന ദ്വീപ് ഞങ്ങൾക്ക് സുരക്ഷിത സ്ഥലമാണ്. കടൽ ശാന്തവും കാഴ്ചക്കാർ അപൂർവ്വവുമായ ഒരു കടൽത്തീരം.   ഇടക്ക് പോകുന്നതും    പോകാവുന്നതുമായ ഇടമാണ്.വിദേശ സിനിമയിലൊക്കെ കാണുന്നതു പോലെ വിശാലവും വിജനതയും   ഇവിടെ അനുഭവിക്കാം. സ്നേഹതീരം എന്നൊക്കെ പൈങ്കിളിപ്പേരിട്ട്  കടലിനെയും തീരത്തേയും കളിയാക്കാതിരുന്നാൽ മതി.

ഹൈവേയിലേക്കും തിരിച്ച് ബീച്ചിലേക്കും ഇടവഴികൾ സുഖവഴികൾ  കറങ്ങി     കോതകുളം ബീച്ചിൽ പണിത ദീപുവിന്റെ മുളവീട്ടിലെത്തി,കാറ്റുകൊണ്ടു.എല്ലാ ബീച്ചുകളിലുമെന്ന പോലെ മനുഷ്യവിസർജ്യത്തെപ്പോലെ   പോലീസിന്റെ വൃത്തികെട്ട  സാന്നിദ്ധ്യമുണ്ടെങ്കിലും  ഇത് മനോഹമായ ബീച്ചാണ്.മനോഹരമായ സ്ഥലങ്ങളിൽ കാക്കിയും തൊപ്പിയും നിരോധിക്കേണ്ടതാകുന്നു.പോലീസിന്റെ ഊതിക്കൽ സാധന ഏതെങ്കിലും സുക്ഷിരവാദ്യ  കലയായി വളർത്തിയെങ്കിൽ കേരളം ഇന്ന് ലോക സംഗീതത്തിന്റെ തലസ്ഥാനമായേനെ....

പോലീസ് ഭീകരതയുടെ മറ്റൊരോർമ്മ,ജനുവരി 26.  1947 ഇതേ ദിവസം ഇത് നമ്മുടെ റിപ്പബ്ലിക് അല്ല എന്ന് മുദ്രാവാക്യം വിളിച്ച് മുന്നേറിയപ്പോൾ പോലീസ് മർദ്ദിച്ചു കൊന്ന സർദാർ ഗോപാലകൃഷ്ണന്റെ സ്മരണകൾ തീരദേശത്ത് അലയടിച്ചുകൊണ്ടിരുന്നു.പല സ്ഥലങ്ങളിലായി പല കമ്യൂണിസ്റ്റുകൾ സർദാർ ദിനം ആഘോഷിക്കുന്നുണ്ടായിരുന്നു.ഇതിലെല്ലാം ഉണ്ടായിരുന്ന സമാനത അവർ വരച്ചുവെച്ച സർദാർ ചിത്രങ്ങളിലെ  കൂറ്റൻ മീശയായിരുന്നു.റിപ്പബ്ലിക് ദിനം ഞങ്ങൾ മണപ്പുറത്തുകാർക്ക് സർദാർ ഓർമ്മ കൂടിയാകുന്നു.സർദാറിന്റെ ചങ്കൂറ്റത്തെക്കുറിച്ചോർക്കുമ്പോൾ കുറിച്ചോർക്കുമ്പോൾ ഞങ്ങളുടേത് ഭയജീവിതമാകുന്നു.


പുതിയ ടീമിനെ അണിനിരത്തി ഞങ്ങൾ  അഴിമാവിലെത്തി,പുഴക്കരെ പോയില്ല. ജ്യോതിസും ,ഇമ ബാബുവും,രതിയും.വിനുവിന്റെ വീടുപണി കണ്ടു.തൊട്ടടുത്താണ് ഷൗക്കത്തിന്റെ മകന്റെ നിക്കാഹ് നടക്കുന്നത്.അടുത്ത ലക്ഷ്യം അതാണ്. ഷൗക്കത്ത് എന്റെ 'പച്ചക്കുതിര'യുടെ നിർമ്മാതാവാണ്.അതിൽ അഭിനയിച്ച ഊത്തക്കവിളുകാരൻ സിജോ നീണ്ടുനിവർന്ന   യുവാവായി വളർന്നിരിക്കുന്നു.   തിരക്കിൽ നിന്നും സിജോവിനെ കണ്ടെത്തുകയായിരുന്നു.


താഹിറ നിറഞ്ഞ പ്ലേറ്റുമായി ഓടിവന്നു,വലിയ ഇടവേളകൾ ഉണ്ടെങ്കിലും കാണുമ്പോൾ തിളക്കം കൂടുന്ന സൗഹൃദമാണ്.കുറെ സംസാരിച്ചു.സംസാരിക്കുമ്പോൾ ആലോചിച്ചുറച്ച് പാടില്ലെന്ന്  സ്വതസിദ്ധമായ ശൈലിയിൽ താഹിറ.ആലോചിച്ചുപറയാൻ ശ്രമിച്ചാൽ പലതും പറയാൻ പറ്റില്ലെന്നവൾ.അധികം സംസാരിച്ചു നിൽക്കാൻ പറ്റിയില്ല.വർത്തമാനത്തിന്റെ സരസതയിൽ  താഹിറയോളം എത്തുന്നവർ അപൂർവ്വം.പുരുഷന്മാരുടെ അഹങ്കാരത്തെ പറ്റി പറയുമ്പോൾ അവൾ ബീജങ്ങളെപ്പറ്റി പറയും.കോടികളുടെ കണക്കുമായി   പുരുഷന്മാർ വരുമ്പോൾ    ഒറ്റ കൊണ്ടു സ്ത്രീകൾ നേരിടുന്നതിനെപ്പറ്റി അവൾ  ഊറ്റം കൊള്ളൂം.ഫെമിനിസം റിയൽ ആയിരിക്കണം.സ്വയം അറിയലിൽ നിന്നാണത് തുടങ്ങുന്നത്. താഹിറയെപ്പോലുള്ള സ്ത്രീകളിൽ നിന്നും അത് ഊർജ്ജസ്വലത നേടുന്നു.

പലരേയും പല വഴിക്കാക്കി   തൃശൂർക്ക് പോന്നു.പുഴക്കൽ പാടത്തെ ഒരു ഹോട്ടലിൽ കേരളവർമ്മയിലെ  സുഹൃത്ത് അബ്ദുൾ റസാക്കിന്റെ പുസ്തക പ്രകാശനമുണ്ട്.കേരളവർമ്മയുടെ ചുമരുകൾ എന്ന പേരിൽ എഴുതിയ കാമ്പസ് കുറിപ്പുകൾ.എം.പി.സുരേന്ദ്രൻ ആണ് പ്രകാശിപ്പിക്കുന്നത്.പ്രശ്നം ഒന്നേയുള്ളു.ലയൺസ് ക്ലബുകാരാണ് സംഘാടകർ.അവിടെച്ചെന്നാണറിയുന്നത് സിംഹക്കൂട്ടിലാണ് അകപ്പെട്ടിരിക്കുന്നത്.    തിരിഞ്ഞോടാൻ പറ്റാത്ത അവസ്ഥ.   ഫ്രാൻസിസ് എന്ന പ്രാഞ്ചിയെ കണ്ടു,കേരളവർമ്മക്കാരൻ.അഭിനയരംഗത്തുണ്ടായിരുന്നെങ്കിൽ ഒരു ചാർളിചാപ്ലിൻ പതിപ്പായി വളരേണ്ടവൻ എന്നു   തോന്നിയിട്ടുണ്ട്.റസാക്കും ഇതേ പാതയിലായിരുന്നു.ഇന്ന് രണ്ടാളും വേറെ വഴികളിലാണ്.ഇവർ ഒന്നിച്ചു സ്റ്റേജിൽ കയറിയാൽ സദസ്സ് ഇളകിമറിയുന്ന കാഴ്ച പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.

പരിപാടിക്കു ശേഷം വീണ്ടും  പരിപാടിയുണ്ടായിരുന്നു.അടച്ചിട്ട ശീതീകരിച്ച മുറിയിൽ അഞ്ചെട്ട് സിംഹങ്ങളോടൊപ്പം ഞാൻ.സിംഹക്കൂട്ടിൽ പെട്ട ചാർളി ചാപ്ലിനെ ഓർത്തു. പാമ്പിൻ കൂട്ടിനകത്തെ വേലായുധനെ ഓർത്തു. സുരേന്ദ്രനുമുണ്ടായിരുന്നു,ഭാഗ്യം.കൂട്ടിനകത്ത് പരിചയപ്പെട്ട  കൊട്ടേക്കാട്ടെ ലാസറേട്ടൻ   എന്നൊരു സിംഹം എന്നെ വീട്ടിൽ കൊണ്ടുവിട്ടു.കൊട്ടേക്കാട്ടും ലയൺസ് ക്ലബ്ബ് ഉണ്ടെന്നത് മൂക്കത്ത് വിരൽ വെക്കാൻ പാകത്തിലുള്ള ഒരു അറിവ് ആയിരുന്നു.രാജ്യത്തിന്റെ പുരോഗമിച്ച പുരോഗതി ചില്ലറയല്ല.മറ്റുള്ള നഗരവാസികളുടെ മുന്നിൽ കൊട്ടെക്കാട്ടുകാർ ഇത്തിരി ഇടിവുള്ളവരായിരുന്നു. കൊട്ടെക്കാട്ടുകാർക്കിനി ആരുടെയും മുന്നിൽ തലകുനിക്കേണ്ടതില്ല.സിഹം കൂട്ടിനുള്ളപ്പോൾ എലികളേയും പുലികളേയും  എന്തിനു  പേടിക്കണം.


രാത്രി 11 മണി.
വണ്ടിയിൽ നിന്നും പെരിങ്ങാവിലെ നിലാവു വീണ ഇടവഴിയിൽ  ഇറങ്ങി നിന്നപ്പോൾ ലാസർ സിങ്കവുമായി കുറച്ച് സംസാരിച്ചു.ഞാൻ സിനിമ എഴുത്ത് എന്നൊക്കെ പറഞ്ഞപ്പോൾ  ലാസർ ലാൽ ജോസിന്റെ ബന്ധുവാണെന്നു പറഞ്ഞു.എങ്കിൽ വർഗ്ഗീസ് മേച്ചേരി,ഷാജി മേച്ചേരി,പോളി മേച്ചേരി,റോജി മേച്ചേരി തുടങ്ങിയ കലാകാരന്മാരും അല്ലാത്തവരുമായ അസംഖ്യം മേച്ചേരിമാരെ അറിയുമോ എന്ന് ചോദിച്ചു.ഇല്ലെന്ന് ലാസറേട്ടൻ.
ഇവരുടെയും ബന്ധുവാണല്ലോ ലാൽ ജോസ്.
അറിഞ്ഞ് വിവരം പറയാമെന്ന് ലാസറേട്ടൻ.

വെളിച്ചമില്ലാത്ത വീട്ടിലേക്ക് കയറുമ്പോൾ ലാസറേട്ടൻ വിളിച്ചു ചോദിച്ചു,ഒറ്റക്കാണോ.ഞാൻ ഒറ്റവാക്കിൽ  ഞാൻ ഒറ്റയായ കഥ പറഞ്ഞു.ലാസറേട്ടൻ പറഞ്ഞു ഞാനും ഒറ്റക്കാണ്.ഭാര്യ മരിച്ചു ഒരു മകൻ ജോലിയുമായി പുറത്ത് മറ്റൊരുത്തൻ ജോലിതേടി പുറത്ത്.  കെട്ടിയ മകളും  പുറത്ത്.ഞാനിവിടെ സിംഹമായി ഒതുങ്ങി ജീവിക്കുന്നു.

ഒറ്റക്ക് താമസം രസമല്ലെ.
അത്ര രസമില്ല.
അതെന്താ.
ഒറ്റക്കാവുന്നില്ല അത്ര തന്നെ,ബന്ധുക്കൾ അയൽക്കാർ പിരിവുകാർ  എപ്പോഴും ശല്യം തന്നെ.

ലാസറേട്ടൻ എന്ന സിങ്കം ആയിരുന്നു ഇന്നലെ ഞാൻ കണ്ട ' പുലി '.ജനുവരി 26/2014
വാടാനപ്പള്ളി

3 comments:

മണിലാല്‍ said...

താഹിറ നിറഞ്ഞ പ്ലേറ്റുമായി ഓടിവന്നു,ഇവിടുത്തുകാരിയാണ് .കുറെ സംസാരിച്ചു.സംസാരിക്കുമ്പോൾ ഒന്നും ആലോചിക്കരുതെന്ന് സ്വതസിദ്ധമായ ശൈലിയിൽ താഹിറ.ആലോചിച്ചുപറയാൻ ശ്രമിച്ചാൽ പലതും പറയാൻ പറ്റില്ലെന്നവൾ.അധികം സംസാരിച്ചു നിൽക്കാൻ പറ്റിയില്ല.വർത്തമാനത്തിന്റെ സരസതയിൽ താഹിറയോളം എത്തുന്നവർ അപൂർവ്വം.പുരുഷന്മാരുടെ അഹങ്കാരത്തെ പറ്റി പറയുമ്പോൾ അവൾ ബീജങ്ങളെപ്പറ്റി പറയും.കോടികളുടെ കണക്കുമായി പുരുഷന്മാർ വരുമ്പോൾ ഒറ്റ കൊണ്ടു സ്ത്രീകൾ നേരിടുന്നതിനെപ്പറ്റി അവൾ ഊറ്റം കൊള്ളൂം.ഫെമിനിസം റിയൽ ആയിരിക്കണം.താഹിറയെപ്പോലുള്ള സ്ത്രീകളിൽ നിന്നും അത് ഊർജ്ജസ്വലത നേടുന്നു.

Unknown said...

policinte oothikal sadhanam oru sushira vadhya kalayayi vikasippichal keralam lokathu onnaam sthanathu...

ഗൗരിനാഥന്‍ said...

പരിചയമുള്ള തീരവും, വാടാനപ്പള്ളിയും, ത്രിശ്ശൂരും കണ്ട് കയറിയതാണ്..


നീയുള്ളപ്പോള്‍.....