പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, February 11, 2014

വയനാട്ടിലെ കോഫീ കൗണ്ടി
ചുറ്റുപാടും കലപില കൂട്ടുന്ന കിളികളുടെ ശബ്ദം പോരാഞ്ഞ് വളർത്തുജീവികളായ വാത്ത,എമു,നായ,പശു എന്നിവയുടേയും പ്രഭാത ബഹളങ്ങൾ കേട്ടപ്പോൾ കിടക്കപ്പൊറുതിയില്ലാതെയായി.കോഫീ കൗണ്ടിയിൽ പ്രഭാതം ആരംഭിക്കുകയായി.ആനവലിപ്പത്തിനു പോലും കടന്നു വരാവുന്ന വലിയ വാതിലിന്റെ   പാളി തുറന്ന് തണുപ്പിനെ അകത്തേക്ക് കടത്തി ഒന്നു കൂടി മൂടിപ്പുതച്ചു.ഉറക്കത്തിലേക്കും ഉണർച്ചയിലേക്കും മാറിമാറി ചാഞ്ചാട്ടുന്ന  ഒരുണർവ്വ് കുറച്ചുനാളായിട്ട്
കൂട്ടിനുണ്ട്.എഴുത്തായും വായനയായും സംഗീതമായും   സജീവമായി എന്നിലത് കവിയുന്നു.


  റിപ്പൺ എസ്റ്റേറ്റിൽ കയറി മുകളിലേക്ക് നടന്നു.നെറുകെയിലെ ചെറിയ മലയ്ക്കു ചുറ്റും മൂന്നുവട്ടം കറങ്ങി.ഒന്നു കറങ്ങി വരാനാണ് വിചാരിച്ചത്,    മുന്നോട്ട് മുന്നോട്ട് എന്ന് മലയും മഞ്ഞും പരിസരങ്ങളും എന്നെ    പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു.രാവിലെ മഞ്ഞിലേക്ക് ഇറങ്ങുമ്പോൾ രഞ്ജിനിയും രാജഗോപാലും അമ്മുവും ഉണ്ണിക്കുട്ടനും മലകറക്കത്തിനു ശുഭയാത്ര പറഞ്ഞു.അവർ നോക്കിനിൽക്കെ ഞാൻ മഞ്ഞിൽ മാഞ്ഞുപോയി.തിരിഞ്ഞുനോക്കിയപ്പോൾ അവരും അവർ നിന്ന പൂമുഖവും പൂമുഖം ഉൾക്കൊള്ളുന്ന വീടും അവിടെയില്ല.


ഞാൻ തികച്ചും ഒറ്റയായിപ്പോയിരുന്നു.  


മഞ്ഞിൻപെരുക്കങ്ങളിൽ നിന്നും എത്തിനോക്കിയ വെയിൽപ്പാളികൾ കാഴ്ചകളെ തിരിച്ചുനൽകുകയായിരുന്നു.  മലമുകളിൽ നിൽക്കുകയായിരുന്നു.ചുറ്റും ചെറീയ വീടുകൾ/പാടികൾ തെളിഞ്ഞുവരുന്നുണ്ടായിരുന്നു.അവിടെ നിന്നും കുട്ടികൾ വീട്ടുകാരോടു യാത്രപറയുകയാണ്. സ്കൂളിലേക്കോ മദ്രസയിലേക്കോ യാത്രയായ കുട്ടികൾ തേയിലത്തോട്ടത്തിന്റെ ചില വെളിമ്പ്രദേശങ്ങളിൽ കാണപ്പെടുകയും പെടുന്നനെ അപ്രത്യക്ഷപ്പെടുകയോ ചെയ്തുകൊണ്ടിരിന്നു.അവരുടെ കൗതുകം നിറഞ്ഞ വർത്തമാനങ്ങൾ അകന്നകന്നു പോകാൻ കുറച്ചുകൂടി സമയമെടുത്തു.  തേയിലക്കിളുന്തുകൾ സംസാരിക്കുന്നതായി തോന്നും കുട്ടികളുടെ കാണാവർത്തമാനങ്ങൾ കേട്ടാൽ.

മൂന്നുവട്ടം കഴിഞ്ഞപ്പോൾ തേയില ശേഖരിക്കുന്ന താൽക്കാലിക ഷെഢിൽ ഇരുന്നു. തോട്ടത്തിന്റെ അതിരുകൾ ചുറ്റി ഊട്ടിയിലേക്കും ബാംഗ്ലൂർക്കും പോകുന്ന റോഡുകളിലൂടെ വാഹനഗതാഗതം വർദ്ധിച്ചു വരികയാണ്.ചുണ്ടേൽ തെരുവ് മഞ്ഞിൽ നിന്നും തെളിഞ്ഞുവരുന്നതെയുള്ളൂ.


വഴി നിർമ്മിക്കാൻ വെട്ടിനിർത്തിയ മണൽത്തിണ്ടുകളിൽ നിറയെ പൊത്തുകൾ.വെയിലിലേക്ക് തലനീട്ടുന്ന പാമ്പുകളെ ഞാൻ വെറുതെ സങ്കല്പിച്ചു ഭയപ്പെടുകയോ ആശ്ചര്യപ്പെടുകയോ ചെയ്തു. കിളിർക്കാൻ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു തേയിലച്ചെടികൾ.തൊഴിലാളികൾ മറ്റൊരിടം തേടിപ്പോയിരുന്നു കിളൂന്തുനുള്ളാൻ. കേരളത്തിലെ ആദ്യത്തെ ടീ എസ്റ്റേറ്റ് വൈത്തിരിയിലും  പരിസരങ്ങളിലുമായിരുന്നു ആരംഭിച്ചത്.ഇവിടെ  ആറുവില്ലേജുകളിൽ ഭൂരിഭാഗം ഭൂവിഭാഗവും ഹാരിസൺ മലയാളത്തിന്റെ കൈവശമാണെന്ന് തലേന്ന് പരിചയപ്പെട്ട ബത്തേരിയിലെ താഹസിൽദാർ പറഞ്ഞു.

  ഉടമകളേയും അടിമകളെയും സൃഷ്ടിച്ച് ബ്രിട്ടീഷ് ഭരണം വർഗവിഭജനം തുടങ്ങിവെച്ചു, ജനാധിപത്യ സർക്കാരുകൾ   അതേപടി നിലനിർത്താൻ സഹായിക്കുകയും ചെയ്തുപോരുന്നു.അടിമജീവിതം കാണണമെങ്കിൽ കേരളത്തിലെ തേയിലത്തോട്ടങ്ങൾ മതി.

 വിജനമായ വഴി ലഹരി പിടിപ്പിച്ചു,  ചില സമയത്ത് മനുഷ്യർ ലഹരിപിടിപ്പിക്കുന്നതു പോലെ.

തഴെ നിരപ്പിലേക്ക് വന്നപ്പോൾ മുന്നിൽ പാത്തുമ്മ.തലേ ദിവസം പാത്തുമ്മയുടെ വീടുപാർക്കലിനു പോയിരുന്നു.രഞ്ജിനിയുടെ വീട്ടിലെ പാചകക്കാരിയാണ് പാത്തുമ്മ.അവരുടെ പാചകവിശേഷം ഞാൻ 'മാർജാരൻ' പുസ്തകത്തിൽ എഴുതിച്ചേർത്തിരുന്നു.പാത്തുമ്മ എല്ലാവരേയും   മുന്നിൽ അണിനിരത്തി  പറഞ്ഞു എന്നെ പുസ്തകമാക്കിയ ആൾ.   മുഖങ്ങൾ ചിലത് മുഴുവനായിക്കണ്ടു,ചിലത് കണ്ണൊഴികെ  ഭാഗങ്ങൾ മറച്ചവരായിരുന്നു.മദ്രസയിൽ കുട്ടികളെ ഏല്പിച്ച ശേഷം മടങ്ങുകയായിരുന്ന അവർ കിതക്കുന്നുണ്ടായിരുന്നു.

പാത്തുമ്മയെ വിട്ട് ഭാവനായക്ഷികൾക്ക് പ്രിയപ്പെട്ട പാലയുടേയോ ഭൂമിയിലെ യക്ഷികൾക്ക് അടുപ്പമുള്ള  മുല്ലയുടേയോ എന്ന് വേർതിരിച്ചെടുക്കാനാവാത്ത വിധം ഉന്മാദം  കലർന്ന കപ്പിപ്പൂ ഗന്ധത്തിലമർന്ന്     തിരിച്ചു  കയറുമ്പോൾ മഞ്ഞിൽ നിന്നും പുറത്തുവന്ന  കോഫീ കൗണ്ടി  ഫാം ഹൗസ് മലയുടേ നെറുകെ മനോഹരമായ കാഴ്ചയായി  എന്നെ അതിലേക്ക് ക്ഷണിച്ചു.


കോഫീ കൗണ്ടി പൂത്തുലയുകയാണ്.കാപ്പിക്കു പുറമെ ഓറഞ്ച്,മുരിക്ക്,ചെമ്പകം,ഞാവൽ,മുല്ലകൾ എല്ലാം പൂത്തുലയുകയാണ് പൂവും കായുമായി പരിലസിക്കുകയാണ്. പക്ഷികൾ മാത്രമല്ല തേനീച്ചകൾ ,തുമ്പികൾ എല്ലാം ഉല്ലാസങ്ങളിലാണ്.പൂന്തോട്ടപ്പൂക്കൾ വേറെയും. മനുഷ്യർ അതിൽ ചേർന്നുനിന്നാൽ മാത്രം മതി.കാപ്പിപ്പൂ  ഉണ്ടു നടക്കുന്ന ഈച്ചകളുടെ തേനിൽ കാപ്പിയുടെ മണമുണ്ടാവുമോ എന്ന് രഞ്ജിനി സങ്കല്പിച്ചു.


പൂവും തേനും വിളയുന്ന ഒരു സാങ്കല്പികഭൂഖണ്ഡമായി ഞാൻ മാറി.

1 comment:

മണിലാല്‍ said...

ഉടമകളേയും അടിമകളെയും സൃഷ്ടിച്ച് ബ്രിട്ടീഷ് ഭരണം വർഗവിഭജനം തുടങ്ങിവെച്ചു, ജനാധിപത്യ സർക്കാരുകൾ അതേപടി നിലനിർത്താൻ സഹായിക്കുകയും ചെയ്തുപോരുന്നു.അടിമജീവിതം കാണണമെങ്കിൽ കേരളത്തിലെ തേയിലത്തോട്ടങ്ങൾ മതി.


നീയുള്ളപ്പോള്‍.....