പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, March 2, 2014

ദയവായി ഞങ്ങൾക്കു വേണ്ടി സമരം ചെയ്യരുത്


സമരങ്ങളോട്  എനിക്ക് എന്നും അതീവമായ താല്പര്യമായിരുന്നു  ഇപ്പോഴുമുണ്ട്.ഏറ്റവും ബഹുമാനമർഹിക്കുന്നത് സമരക്കാരാണ്. എല്ലാവർക്കും അങ്ങിനെയായിരിക്കണം. ആസുരമായ ഈ കോർപ്പറേറ്റുകാലത്ത് പ്രത്യേകിച്ചും.നാട്ടിലെ സമരങ്ങളിൽ പങ്കാളിയായിരുന്നിട്ടുണ്ട്.


ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിലും   സമരം നൽകുന്ന ഊർജ്ജം വളരെവളരെ പ്രധാനമാകുന്നു.ജിവിക്കാൻ പ്രേരിപ്പിക്കുന്നത്.സാമൂഹ്യജീവി എന്ന നിലയിൽ ഈ മണ്ണിൽ
നില്പുറപ്പിക്കുന്നത്. ആർ സമരം ചെയ്യുന്നുവോ അവർ ജീവിക്കുന്നു എന്ന്  വിക്ടർ യൂഗോ  എക്കാലത്തേക്കും എല്ലാവർക്കുമായി  ഈ മുദ്രാവാക്യം പറഞ്ഞുവെച്ചിട്ടുണ്ട്.

സമരം സർഗ്ഗാത്മകമാവുമ്പോൾ മുദ്രവാക്യം കവിതയാകും എന്നൊക്കെയുള്ള വർത്തമാനങ്ങൾ മനോഹരമായ കേൾവിയാണ്.ഇപ്പോൾ ഭൂരിപക്ഷം സമരങ്ങളും അതിന്റെ ഉള്ളടക്കം കൊണ്ടു തന്നെ പൊള്ളയാവുന്നു.സ്വന്തം മണ്ണിൽ നിന്നും പിഴുതെറിയപ്പെടുന്നതിനെതിരെ സാധാരണമനുഷ്യർ നടത്തുന്ന നിലനില്പു സമരങ്ങൾ, ബി.ഒ.ടി എന്ന നവചൂഷകർക്കെതിരെയുള്ള ജനകീയ സമരങ്ങൾ, പശ്ചിമഘട്ടം സംരക്ഷിക്കാൻ പരിസ്ഥിതിസംഘങ്ങൾ നടത്തുന്ന, വാർത്താമാദ്ധ്യമങ്ങൾ തമസ്കരിക്കുന്ന  സമരങ്ങൾ   കേരളം ഉണർന്നിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന സജീവതകളാകുന്നു. സമരത്തിനു വിഷയമില്ല എന്നത് സിനിമക്ക് നല്ല കഥ കിട്ടാനില്ലെന്നു പറയുന്നതു പോലെയാണ്.  സ്വാതന്ത്ര്യ സമരത്തേക്കാൾ തീഷ്ണമായ സമരങ്ങൾക്ക് ബാല്യമുള്ള കാലവുമാകുന്നു ഇത്.ഓരോ നിമിഷവും മനുഷ്യർ ചൂഷണത്തിനു വിധേയമാവുന്നു അപമാനിതനാവുന്നു.  എന്നിട്ടും സമൂഹം നിശ്ചലാവസ്ഥയിലാണ്.മനുഷ്യനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സമരം ചെയ്യാൻ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ വിമുഖരാണ്.അതുകൊണ്ടാണല്ലോ സരിതമാർ ഉണ്ടാവുന്നതും കിടപ്പറരഹസ്യങ്ങളിലേക്കും പുരോഗമന പ്രസ്ഥാനങ്ങൾ കണ്ണും കാതും കൂർപ്പിച്ചുകൊണ്ടിരിക്കുന്നത്.


സമരബോധങ്ങളെ തളച്ചിടപ്പെടുന്നു.വീര്യത്തിനു മേൽ ഷണ്ഡത്വത്തിന്റെ മരവിപ്പ് പടരുന്നു.

പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിൽ തകരുന്ന സമരങ്ങളും സമീപകാലത്ത് കേരളം കണ്ടു.അതും കമ്യൂണിസ്റ്റുപാർട്ടിക്കാർ നടത്തിയ സമരം.മിച്ചഭൂമി സമരം എന്ന പേരിൽ നടത്തിയ സമരത്തോടു  സർക്കാർ എടുത്ത സമീപനം അവർ വെയിലുകൊള്ളട്ടെ സമരം താനെ അടങ്ങിക്കൊള്ളും എന്നതായിരുന്നു.അതുപോലെ തന്നെ സംഭവിച്ചു.സമരക്കാർ ഒടിയ വഴികളിൽ പുല്ലുപോലും മുളച്ചില്ല.കോർപ്പറേറ്റുകളുടെ സ്വാധീനം അത്രമേൽ ശക്തമാകുന്നു.എല്ലാവരും അവരുടെ കുടക്കീഴിലാണ്.അവരോടു കളിച്ചാൽ എല്ലാം തെറിക്കുമെന്ന് എല്ലാവർക്കും
അറിയാം.ദില്ലിയിൽ കെജ്രീവാളിന്റെ അനുഭവം അതാണ്.അങ്ങിങ്ങു ചില മുറുമുറുപ്പ് ഉയർത്തുന്നുണ്ടെങ്കിലും കോർപ്പറേറ്റുതണലിൽ എല്ലാ രാഷ്ട്രീയകക്ഷികളും ഒരേ തൂവൽ പക്ഷികളാണ്.

തെരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ചെറുചെറു ഗ്രൂപ്പുകൾ മാത്രമാണ് ഇക്കാര്യത്തിൽ അപവാദം. ചെറുഗ്രൂപ്പുകൾ നീണാൽ വാഴ്ക. അധികാരം ആരേയും ദുഷിപ്പിക്കും വിപ്ളവത്തെപ്പോലും.അതാണ് ചരിത്രാനുഭവം.പിന്നെയല്ലെ സാധാ കമ്യൂണിസ്റ്റുകൾ.പാതിരിക്കും പള്ളിക്കുമിടയിൽ സുധീരം നിൽക്കുന്ന പി.ടി.തോമാസിനെപ്പോലെയുള്ള രാഷ്ട്രീയക്കാരെ  പ്രത്യേകം ഓർക്കാമിവിടെ.കോൺഗ്രസിനെതിരെ പള്ളിയും കമ്യൂണിസ്റ്റുകളും ഒന്നിക്കുന്ന മറ്റൊരു വിമോചനസമരം ചരിത്രത്തിലെ മറ്റൊരു അസംബന്ധമായി അവതരിക്കുമോ.പള്ളിയോടും പാതിരിയോടും കളിച്ചിട്ടു കാര്യമില്ല,അരമനകളിൽ മണപ്പിച്ചുനിൽക്കലാണ് ഭേദം എന്ന് പുരോഗമനക്കാരും  തിരിച്ചറിഞ്ഞിരിക്കുന്നു.

  അനുഭവിക്കുന്ന മനുഷ്യർ ഇസങ്ങൾക്കപ്പുറത്ത്  സംഘം ചേരുന്ന അവസ്ഥയാണ് കാലങ്ങളായി കേരളം കണ്ടു വരുന്നത്.മാവൂർ റയോൺസ് ,മുത്തങ്ങ, അതിരപ്പിള്ളി,കാതിക്കുടം,പ്ലാച്ചിമട,വിളപ്പിൽശാല,പെരിയാർ മലിനീകരണം,ബി.ഒ.ടി.കുഴിയൊഴിപ്പിക്കൽ തുടങ്ങി കേരളത്തെ         

നിലനിർത്താനുള്ള പശ്ചിമഘട്ട സംരക്ഷണം വരെ  സമരമുഖത്തുള്ളത് സാധാരണ മനുഷ്യരാണ് രാഷ്ട്രീയ പാർട്ടികളല്ല.അവർക്ക് വേറെ പണികളുണ്ട്.

ബി.ഒ.ടി.ക്കെതിരായ സമരങ്ങളിൽ മുഖ്യധാരാ രാഷ്ട്രീയക്കാരെ കാണാത്തത് എന്തുകൊണ്ട് എന്ന് ചിന്തിക്കുന്നിടത്തുനിന്നും അവർ എവിടെ നിൽക്കുന്നു എന്ന് മനസിലായിത്തുടങ്ങും.


ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാവുക എന്നുവെച്ചാൽ ചിന്ത പണയം വെക്കുക അല്ലെങ്കിൽ മന്ദബുദ്ധിയായി അഭിനയിക്കുക എന്നുള്ളതാകുന്നു.ആർക്കോ ചെയ്യുന്ന ഒരു പണി പോലെ അലസം ജാഥകളിൽ നടന്നുപോകുന്ന ആളുകളെ കണ്ടിട്ടില്ലെ.അവരുടെ മനസിൽ എന്തായിരിക്കും എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.എന്തുതന്നെയായാലും പാർട്ടിമഹിമയും വിപ്ളവവും ആയിരിക്കാനിടയില്ല.കോർപ്പറേറ്റു കാലത്ത്  സായാഹ്നധർണ കോണ്ടൊ കളക്ടറേറ്റു വളയൽ കൊണ്ടൊ ഒന്നും നടക്കില്ലെന്ന് ഏതൊരു പാമരനും അറിയാം. രാഷ്ട്രീയിമായ പാപ്പരത്തം മുഖമുദ്രയാക്കിയ നേതൃത്വത്തിനും അതറിയാം.

ഹർത്താൽ ഒരു കേരളീയ കലാരൂപമാകുന്നു .ലോകത്തൊരിടത്തും ഇങ്ങനെ ഒരു കലാപരിപാടിയില്ലത്രെ .കഥകളി പോലെ കേരളത്തിന്റെ സ്വന്തം കല.ഒന്നു പ്രഖ്യാപിക്കുകയേ വേണ്ടൂ.മലയാളികൾ മുഴുവൻ കോഴിക്കടയിലും ബെവറേജിന്റെ മുന്നിലും ക്യൂ നിൽക്കുകയായി.ബംഗാളികൾ ഓഡീസക്കാർ തുടങ്ങിയ മലയാളേതര വിഭാഗങ്ങളും ഹർത്താൽ ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു.ഹർത്താലിനെ നിനച്ചിരിക്കാതെ വരുന്ന ഒരാഘോഷമെന്നൊക്കെ ആയിരിക്കും നാട്ടിൽ പോയാൽ അവർ വിവരിച്ചുകൊടുക്കുക.

എന്തായാലും ഞാനൊരു ഹർത്താൽ വിരുദ്ധനല്ല.എത്ര ഹർത്താൽ നടത്തിയിട്ടും മറ്റു സംസ്ഥാനത്തേക്കാൾ മികവിൽ തലയുയർത്തി നിൽക്കുന്നില്ലേ നമ്മുടെ ഈ കൊച്ചു കേരളം.ഹർത്താൽ നടത്താത്തതിനാൽ ആയിരിക്കുമൊ മറ്റു സംസ്ഥാനങ്ങൾ വികസിക്കാത്തത് എന്നു പോലും ചിന്തിക്കാവുന്നതാണ്.


ക്വാറി മുതലാളിമാർക്കു വേണ്ടിയും പ്ളാന്റേഷൻ ലോബിക്കു വേണ്ടിയും കമ്യൂണിസ്റ്റുകാർ ഹർത്താൽ  നടത്തി എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒരു കാര്യമാകുന്നു.ഗാഡ്ഗിൽ റിപ്പോർട്ട് ഞാൻ അടിമുടി വായിച്ചു.അതിലൊന്നും കർഷകർക്കോ സാധാരണക്കാർക്കോ എതിരായിട്ടൊന്നുമില്ല.പത്തഞ്ഞൂറോളം പേജുകൾ കുത്തിയിരുന്ന് വായിച്ചു.എന്നിട്ടും കർഷകവിരുദ്ധമായി ഒന്നും കണ്ടില്ല.ഗാഡ്ഗിൽ റിപ്പോർട്ടിനു ഹരികൃഷ്ണൻസ്  സിനിമ പോലെ രണ്ടു വെർഷൻ ഉണ്ടായിരിക്കുമോ.കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും കേരള കോൺഗ്രസ്സുകാരും പാതിരിമാരും വായിച്ചത് ഏതു വെർഷൻ ആയിരിക്കും.ആശ്വാസം കൊള്ളാൻ എങ്ങിനെയും ചിന്തിക്കാം.

രാമായണം മുഴുവൻ വായിച്ചിട്ടും രാമനുക്ക് സീത  എപ്പടി  എന്നു ചോദിച്ചതു മാതിരിയാണോ ഇതും.ഈ  ചെറിയ സംസ്ഥാനത്തിൽ പതിനായിരത്തിൽപ്പരം ക്വാറികൾ പ്രവർത്തിക്കുന്നു.അതിൽ ഭൂരിഭാഗവും അനധികൃതവും  പലതും അനുമതികൊടുത്തതിനേക്കാൾ കൂടുതൽ ഖനനം നടത്തുന്നവയുമാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.ഇതിനെതിരെ ആരെയും കാണാനില്ല.

മഹാരാഷ്ട്രയിൽ പലയിടത്തും ഗ്രാമസഭകൾ  തങ്ങളുടെ ഇടത്തെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു.മണ്ണിനെ കച്ചവടവസ്തു  മാത്രമായി കാണുന്ന ഖനനക്കാരിൽ നിന്നും രക്ഷനേടാനാണ് അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്.ഇവിടെയോ.പള്ളിയും പാതിരിയും കമ്യൂണിസ്റ്റും കോൺഗ്രസ്സും കേരളാ കോൺഗ്രസ്സുമൊക്കെ എന്തൊക്കെയാണ് പറഞ്ഞുവെക്കുന്നത്.

രാഷ്ട്രീയക്കാരെ വെറുതെ വിടാം.അവർക്ക് നുണ ജീവനോപാധിയാണ്.പാതിരിമാർക്കോ.ബൈബിൾ തന്നെ ഒരു നുണയാവുമോ.ബൈബിളിൽ പ്രകൃതിയെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം അവർ മറിച്ചുചൊല്ലുകയാണ്.

പരിസ്ഥിതി ലോലപ്രദേശത്തേക്ക് മൃഗങ്ങളെ കൊണ്ടുവന്നുവിടുമെന്നും തൂമ്പയെടുത്ത് സ്വന്തം മണ്ണിൽ പണിയെടുത്താൽ പോലീസ് പിടിക്കുമെന്നുമൊക്കെയുള്ള ഒരു കുട്ടിസഖാവിന്റെ പ്രസംഗം വയനാട്ടിൽ വെച്ചു കേട്ടു.കുട്ടികൾ രാത്രി കരഞ്ഞാൽ പിഴചുമത്തുമെന്നൊക്കെ എന്തെല്ലാം പുരാതികൾ....

ഗാഡ്ഗിൽ റിപ്പോർട്ട് ചൂരൽക്കഷായത്തോടെ പഠിപ്പിക്കണം.

ഇവരുടെ തലച്ചോറുകൾ ഖനനം ചെയ്താൽ കിട്ടുന്നത് എന്തായിരിക്കുമെന്ന് ആലോചിച്ച് വെറുതെ ചിരിക്കുക.പാവങ്ങളിൽ പാവങ്ങളായ ക്വാറിമുതലാളിമാരുടെ ചിരിയും ഇതോടൊപ്പം ചേർത്തുവെക്കുക.

കർഷകർ തൊഴിലാളികൾ എന്നൊക്കെ ഊന്നിപ്പറഞ്ഞാലെ പുരോഗമനം ആകൂ എന്ന ധാരണ ഇപ്പോഴും കൊണ്ടുനടക്കുകയാണ് കോർപ്പറേറ്റുകാലത്തും രാഷ്ട്രീയപ്പാർട്ടികൾ.കോർപ്പറേറ്റുകൾ അരങ്ങുതകർക്കുന്ന കാലത്ത് എല്ലാ മനുഷ്യരും അനുഭവിക്കുകയാണ് നിസഹായമായ  ദൈന്യത.രാഷ്ട്രീയക്കാരുടെ കൊടിയുടെ തണൽ പോലും അവർക്ക് ആശ്വാസം പകരുന്നുണ്ടാവാം.കോടികൾ കൊഴുക്കട്ടെ.

 സമൂഹത്തിൽ എല്ലാവരും ഒരേ പോലെ ചിന്തിക്കുമ്പോൾ ശ്രദ്ധിക്കണം.അത് നേരായ പോക്കല്ല.പ്രത്യേകിച്ച് രാഷ്ട്രീയക്കാർ ഒന്നിക്കുമ്പോൾ.
നാടോടുമ്പോൾ നടുവെ ഓടുക എന്നത് പിന്തിരിപ്പൻ ആശയമാണെന്നും  അറിയുക.

കൂട്ട ഓട്ടത്തിൽ ഒരു സമൂഹവും രക്ഷപ്പെടില്ല അങ്ങിനെയൊരു ചരിത്രവുമില്ല.ഒറ്റ തിരിഞ്ഞ ചില നടത്തങ്ങളാകുന്നു പുതുവഴികൾ കണ്ടെത്തിയത്.പരന്ന അമേരിക്കൻ ഭൂഖണ്ഡത്തെ കണ്ടെത്തിയതും ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതും അങ്ങിനെയാണ്.

 മണ്ണിനും മനുഷ്യർക്കും ജീവജാലങ്ങൾക്കും ഊർവ്വരത സമ്മാനിക്കുന്ന അക്ഷയഖനിയാണ് പശ്ചിമഘട്ടം എന്ന് ഖനനക്കാർക്കും പ്ളാന്റേഷൻ ലോബിക്കും ചൂട്ടുപിടിക്കുന്ന രാഷ്ട്രീയനേതൃത്വത്തോടു  അണികൾ കലഹിക്കുന്ന കാലം എപ്പോളാണു വരിക. ഇടയലേഖനം കേട്ട് വാലാട്ടുന്നതിനു പകരം പശ്ചിമഘട്ടം എന്ന പച്ചയിലേക്ക് അനുഭാവം കാണിക്കുന്ന കുഞ്ഞാടുകൾ എന്നാണുണ്ടാവുക.

എന്തിനും ഏതിനും നടത്തുന്ന ഹർത്താലുകളിൽ ചൊരിഞ്ഞുകളയുന്ന  ആവേശം  തലച്ചോറു പ്രവർത്തിക്കുന്നതിലും  കാണിച്ചാൽ കേരളം വളരും, വളർന്നു പന്തലിക്കും.


-മണിലാൽ

1 comment:

മണിലാല്‍ said...

പശ്ചിമഘട്ടം മണ്ണിനും മനുഷ്യർക്കും ജീവജാലങ്ങൾക്കും ഊർവ്വരത സമ്മാനിക്കുന്ന അക്ഷയഖനിയാണെന്ന് ഖനനക്കാർക്കും പ്ലാന്റേഷൻ ലോബിക്കും ചൂട്ടുപിടിക്കുന്ന രാഷ്ട്രീയനേതൃത്വത്തോടു പറയുന്ന അണികൾ എന്നാണുണ്ടാവുക. ഇടയലേഖനം കേട്ട് വാലാട്ടുന്നതിനു പകരം യാഥാർത്ഥ്യം മറ്റൊന്നാണ് എന്നറിയുന്ന കുഞ്ഞാടുകൾ എന്നാണുണ്ടാവുക.


നീയുള്ളപ്പോള്‍.....