പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, March 16, 2014

ഈ രാവ് എനിക്കിങ്ങനെയായിരുന്നു അഥവാ ഒരു ബാർ‌-ബേറിയൻ രാത്രി



dc books


സ്വർഗസീമകൾ കടന്നും  ആനന്ദത്തിന്റെ പൂക്കൾ കൊണ്ട് ഞാൻ ഈ ലോകത്തെ    സുഗന്ധമാക്കുകയാണ്.........

അവർ പാടുകയാണ്.അവർ എന്നു പറഞ്ഞാൽ അഞ്ചുപേരുണ്ട്.മേശക്കു ചുറ്റും ഞങ്ങൾ സുഹൃത്തുക്കളും അഞ്ചുപേരായിരുന്നു. രുചികളുടെ പലതരം കോക്ടെയിലുകൾ പരീക്ഷിക്കുകയായിരുന്നു ഞങ്ങൾ.   ചവർപ്പും  പുളിയും കയ്പും   മധുരങ്ങളും അവയുടെ സമ്മിശ്രങ്ങളുമായി ഞങ്ങൾ മാറിമാറി നുണഞ്ഞുകൊണ്ടിരുന്നു.ചുണ്ടിൽ നിന്നും നാവിലേക്കും അവിടെ നിന്ന് അന്തരാളങ്ങളിലേക്കും പടർന്ന്  ലഹരിയുടെ ഉടൽസഞ്ചാരങ്ങൾ  കുളമ്പടിച്ചുകൊണ്ടിരുന്നു.

കൗണ്ടറിനു തൊട്ടുള്ള വേദിയിലെ  നൃത്തച്ചുവടുകളും പാട്ടും
മദ്യപരായ മനുഷ്യരുടെ ശബ്ദങ്ങളെ മാച്ചുകളയുകയായിരുന്നു. ശബ്ദരഹിതമാക്കി വെച്ച    ടിവിയിലെ ക്രിക്കറ്റിലേക്ക് ഒറ്റയൊരുത്തനും     ശ്രദ്ധ വെക്കുന്നില്ല.ക്രിക്കറ്റിനോടുള്ള ജനങ്ങളുടെ ആവേശം പലതിനുമുള്ള  പകരം വെപ്പായിരിക്കുമോ.ഉയർന്നുപൊങ്ങുന്ന ഉൽസവവേളയിൽ മറ്റെന്ത്  എന്നൊരു ചിന്ത എല്ലാവരിലും നുരഞ്ഞുപൊങ്ങിയിരുന്നു.ലഹരിയുടെ നുരകൾ ഓരോ ചുണ്ടിലും പൊട്ടിയമർന്നു.

എന്റെ ശ്രദ്ധ പാട്ടിനേക്കാളും ശരീരചലനങ്ങളിലായിരുന്നു.പതിഞ്ഞ വെളിച്ചത്തിൽ വെളുത്ത ശരീരങ്ങൾ കഴ്ചയെ ജ്വലിച്ചിച്ചു നിർത്തി,അകക്കണ്ണു പോലും വെളിയിലേക്ക് മിഴിതറന്നു വരുന്നതുപോലെ തോന്നി. വലിയ ഹൈഹീൽ ചെരിപ്പിൽ ഉലയാതെയുലഞ്ഞ  ശരീരങ്ങൾ അധികവസ്ത്രങ്ങൾ മൂടി അശ്ലീലമാക്കിയിരുന്നില്ല .

മറുനാടൻ ഉടലുകൾ മലയാളികൾക്കുനേരെ കൊഞ്ഞനം കുത്തുകയാണോ എന്ന്  സംശയിച്ചു.സദാചാരമെന്ന മലയാളിയുടെ കീറത്തുണി പെണ്ണിന്റെ നിശ്വാസത്തിൽ പോലും അഴിഞ്ഞുപോകുന്നതാണ്. കാഴ്ചയിൽ അഭിരമിക്കേണ്ട സമയത്തുപോലും ഒരുതരം വിധേയത്വം  അനുഭവപ്പെട്ടു,മലയാളത്തിൽ ജനിച്ചതിന്റേതാവും.  ശരീരത്തിന്റെ നിറം വെളുത്തതോ   ഭാഷ ഇംഗ്ളീഷോ  കാരണമായിരിക്കണം അത്.മലയാളികൾ ഏറ്റവും ഭയക്കുന്നത് ഇംഗ്ലീഷിനും സെക്സിനും മുന്നിലാണ്.

ശരീരത്തിന്റെ ആഘോഷവേളയിലൊന്നും  ആരുടെയും നെഞ്ചിടിപ്പ് കുറയുകയോ കൂടുകയോ ചെയ്തില്ല.തികച്ചും സ്വാഭാവികമായത് എന്ന പോലെ എല്ലാവരും.മദ്യത്തിൽ എല്ലാവർക്കും ഏകലോകമാണ്.

മനുഷ്യന്റെ അഭിവാഞ്ഛകൾ   മാതൃഭാഷപോലെ സ്വാഭാവികത നിറഞ്ഞതാണ്.

അപ്പുറവും ഇപ്പുറവും അയ്യഞ്ചുപേർ മാത്രമെന്ന മനോഹരമായ ഭാവനയിലേക്ക് ഞങ്ങൾ ചുരുങ്ങി.ഓരോരുത്തരുടേയുന്മ് താല്പര്യത്തിനനുസരിച്ച് ഞങ്ങൾ അപ്പുറത്തെ അഞ്ചുപേരെയും പകുത്തെടുത്തു.ഉയരം കൂടിയതിനെ ഒരാൾ,തടികൂടിയതിനെ മറ്റൊരാൾ,എപ്പോഴും ചിരിക്കുന്നവളെ   മറ്റൊരാൾ. എനിക്ക് കിട്ടിയത് കൂട്ടത്തിൽ എറ്റവും ഉയരം കുറഞ്ഞതിനെ.അവളെ ഞാൻ  നാടൻ പ്രണയത്തിൽ കിട്ടാതെ പോയ കാമുകിയോടുപമിച്ച് മനസാവരിച്ചു.അവളായിരുന്നു പാട്ടിൽ ഉയർന്നുനിന്നവൾ.

വെട്ടിയൊതുക്കിയ മുടിയും പച്ചനിറം അരികുപാകിയ   വസ്ത്രവുമാണവൾ ധരിച്ചിരുന്നത്.വസ്ത്രങ്ങൾ എന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്.അത് ശരീരത്തെ പൊതിഞ്ഞുവെക്കാനുള്ളതായിരുന്നില്ല.നഗ്നതയെ മികവുറ്റ രീതിയിൽ തർജ്ജമ ചെയ്യാനുള്ളതായിരുന്നു.

വസ്ത്രങ്ങളുടെ സാദ്ധ്യതകൾ പലതാകുന്നു.ഓരോ സംസ്കാരത്തിനും ഓരോ വഴികൾ.ആ വ്യത്യസ്തതകൾ അണ് ലോകത്തിന്റെ സൗന്ദര്യം എന്ന് ഞാൻ ഒരു കൊളുത്തിട്ടു നോക്കി.ആരുമൊന്നും പറഞ്ഞില്ല.ഓരോ സിപ്പിനുമൊപ്പം വാക്കുകളെ വികാരങ്ങളെ അവർ വിഴുങ്ങുകയായിരുന്നു.ആ വിഴുങ്ങലിന്റെ കനം അവരുടെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നത് ഞാനറിഞ്ഞു.

നഗ്നത വെറും കഴ്ചയല്ല. ജീവികൾക്കിടയിലെ  തുറന്ന സംവേദനമാകുന്നു.തുറന്ന കാഴ്ചകൾ അത്ഭുതങ്ങൾ ഉണ്ടാക്കുന്നില്ല.മറച്ചുവെക്കൽ നമുക്കു തരുന്നത് നിലക്കാത്ത നിഗൂഡഭാവനകളും അനന്തമായ വാങ്മയചിത്രങ്ങളുമാണ്.അങ്ങിനെയും ആശ്വസിക്കാവുന്നതാണ്.

വലിയ മീനുകൾ തീൻമേശയിൽ തലകുത്തിപ്പിടഞ്ഞു. അതിന്റെ ചലനമറ്റ ശരീരനഗ്നതകളിൽ ഞങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ കൈകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചു.ഭക്ഷണം കഴിക്കുമ്പോൾ  പെരുകുന്നതാണ് മനുഷ്യന്റെ കൈകൾ. വാലും തലയും വയറും കണ്ണും ചെവിയും ചിതമ്പലുകളിൽ വരെ   ഞങ്ങളുടെ കൈകൾ ഒഴുകിനടന്നു.

മീൻ അതിന്റെ ആകൃതിയിൽ നിന്നും ധൃതിയിൽ പരാവർത്തനം ചെയ്തുകൊണ്ടിരുന്നു.അത്രക്കായിരുന്നു അതിന്മേൽ ഞങ്ങളുടെ കൊതികൾ അള്ളിപ്പിടിച്ചിരുന്നത്. വസ്തു ശില്പമാവുന്നതു പോലുള്ള  അനുഭവത്തെ മീൻ പാത്രത്തിൽ ഞാൻ  ആസ്വദിച്ചുകൊണ്ടിരുന്നു.

കാഴ്ചകളെ സൂക്ഷ്മമാക്കിയാൽ എന്തൊക്കെ സവിശേഷതകളാണ് പ്രത്യക്ഷമാവുക.

ഇപ്പോൾ ഞങ്ങൾക്കു മുന്നിൽ പാടുന്നത് വെറും ശരീരങ്ങൾ മാത്രമല്ല.ഭൂഖണ്ഡങ്ങൾ താണ്ടുന്ന സ്വാതന്ത്ര്യത്തിന്റെ ആർജ്ജവങ്ങളാണ്.സംസ്കാരങ്ങളെ വിനിമയം ചെയ്യുന്ന രൂപകങ്ങളാണ്. നിലനിൽപ്പിനുള്ള  ദൂരങ്ങൾ താണ്ടി ഭൂമികതേടുന്ന അതിജീവനം കൂടിയാവുന്നു.

കാഴ്ചയും കേൾവിയും  ഇല്ലാത്ത ഒരു ലോകത്തെ ചിന്തിക്കുക.ശരീരം കൊണ്ടായിരിക്കില്ലെ നമ്മൾ പരസ്പരം അറിയുക.സ്നേഹം വെറുപ്പ് സൗന്ദര്യം ആർജ്ജവം ആഴങ്ങൾ കാമനകൾ എല്ലാം ശരീരം കൊണ്ടല്ലെ അനുഭവിക്കുക.ആ ലോകത്ത് ആർക്കും പേരുണ്ടാവില്ല.വിളിക്കാനും വിളിക്കപ്പെടാനും ആരുമില്ലാത്ത ലോകം. ദൈവം പോലും ഉണ്ടാവില്ല.എത്ര മനോഹരമാണത്.മനുഷ്യർ ശരീരങ്ങളിലൂടെയും നിശ്വാസങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരിടം ഈ ലോകം.
ശരീരമില്ലെങ്കിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് ശരീരമുള്ളപ്പോൾ ഒന്നും ഉണ്ടാവാത്ത അവസ്ഥയേക്കാൾ നല്ലത്.

 മാംസളതകൾ ചോർന്ന്  അസ്ഥികൂടമായി മീൻ  ചില്ലുപാത്രത്തിൽ അമർന്നു കിടന്നു.നൃത്തത്തിൽ നിന്നും തെറിച്ചുകൊണ്ടിരുന്ന കണ്ണുകളേക്കാൾ ജീവൻ ചില്ലുപാത്രത്തിൽ കിടന്ന കണ്ണുകൾക്കുണ്ടായിരുന്നു. ആരും തൊട്ടില്ല.ജീവനുള്ള കണ്ണുകളെ ആർക്കും പേടിയാണ്. 

നൃത്തം തുടരുകയാണ്. പാട്ടിന്റെ ഭാഷകൾ പല ദേശങ്ങളിലൂടെ സഞ്ചരിക്കുകയാണ്.  ശരീരങ്ങളിലൂടെ സംഗീതവും ചുവടുകളും പെയ്തൊഴിയുകയാണ്. ശരീരത്തിന്റെ തെറിപ്പുകൾ വ്യത്യസ്തമായ സംസ്കാരങ്ങളെ വിനിമയം ചെയ്യുന്നു.

മീൻ മുള്ളുകൾ ഫോസിലുകൾ പോലെ പാത്രത്തിൽ പതിഞ്ഞുകിടന്നു.ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു.
 ക്രിക്കറ്റ് സ്ക്രീനിലെ ദൈവങ്ങൾ വെയിലിൽ ഓടിയും വാടിയും ബാറ്റുയർത്തിയും തളർന്ന് നിലവിളിക്കുന്നത്    ആരും കണ്ടില്ല.എല്ലാവരും പാട്ടിനും നൃത്തത്തിനും ഒപ്പമായിരുന്നു സഞ്ചരിച്ചത്.സ്കോർ ബോർഡുകളേക്കാൾ ബോഡി മൂവ്മെന്റിലായിരുന്നു എല്ലാ ശ്രദ്ധകളും.

മെയ് വഴക്കങ്ങൾ സ്കോർ ചെയ്യാനുള്ളതല്ല ഷെയർ ചെയ്യാനുള്ളതാകുന്നു എന്ന ഉൽസാഹം എല്ലാവരിലും നുരഞ്ഞു. 

ഗ്ളാസുകൾ കൂട്ടിമുട്ടിച്ചും പൊട്ടിച്ചും തീൻപാത്രത്തിൽ കൈകാലിട്ടടിച്ചും നൃത്തക്കാരിലേക്ക്  പണമെറിഞ്ഞും കണക്കുനോക്കാതെ ടിപ്പുകൾ  കൊടുത്തും ഇൻകമിങ്ങ് കോളുകളിൽ നുണ പൊരിച്ചും ഇരിപ്പിടങ്ങളിലേക്ക് ചാഞ്ഞും ചെരിഞ്ഞും മലർന്നടിഞ്ഞും മദ്യത്തിനും കാമനകൾക്കും വിപരീതമല്ലാത്ത മനുഷ്യർ സാഹചര്യത്തെ ആവോളം ആസ്വദിച്ചു.

നൃത്തത്തിനു താൽക്കാലിക വിരാമമിട്ട് നൃത്തക്കാർ പിൻവാങ്ങിയതോടെ  എല്ലാവരും സാധാരണ മനുഷ്യരായിത്തിരുകയും അതിസാധാരണമായ വർത്തമാനങ്ങൾ ഹാളിൽ ഉയരുകയും ചെയ്തു. റിയൽ എസ്റ്റേറ്റും കുടുംബവും വിവാഹവും വേർപ്പിരിയലും  പശ്ചിമഘട്ടവും രാഷ്ട്രീയവും സുധാമണിയും കൊലപാതകവുമൊക്കെ സിപ്പുകൾക്കിടയിലെ വിഷയമായി. സന്തോഷത്തിന്റെ നിമിഷങ്ങളിൽ തൊട്ടുനക്കാൻ പോലും അർഹത നേടാത്തത്.എന്താണ് ഈ ലോകത്തിൽ അശ്ലീലം എന്ന ചിന്തയെ   ബ്ളഡി മേരിയിൽ ഞാൻ അലിയിച്ചിറക്കി.

മാനം നോക്കികളായി മാറിയ മനുഷ്യർ മണ്ണിനെ മറക്കുന്നു.പാതിരിമാരുടെ വർത്തമാനം കേൾക്കുമ്പോൾ മുപ്പത് വെള്ളിക്കാശ് ഓർമ്മവരും.രാഷ്ട്രീയക്കാരുടെ പ്രസംഗ കേൾക്കുമ്പോൾ ചമ്മട്ടിയേയും.ഉച്ഛിഷ്ടം പോലും ബാക്കിവെക്കാതെ ഭൂമിയിലെ സന്തോഷങ്ങൾ ചിലർ പങ്കിട്ടനുഭവിക്കുന്നു.

സ്വയം ആഴങ്ങൾ നിർമ്മിക്കുകയും അതിലേക്ക് ഊന്നുകയും ചെയ്യുന്ന സൗന്ദര്യമുള്ള മനുഷ്യരെ,നിങ്ങൾ ഏതു മറവികളിലാണ് ഒളിച്ചിരിക്കുന്നത്.

 രാത്രിക്ക് ഭംഗി ഉണ്ടാവുന്നത് നിലാവ് പരക്കുന്നതു കൊണ്ടൊ കിളികൾ കൊക്കുരുമ്മന്നതു കൊണ്ടൊ യക്ഷിപ്പാലകൾ ഗന്ധം പരത്തി ജ്വലിക്കുന്നതു കൊണ്ടൊ നക്ഷത്രങ്ങൾ കാഴ്ചകൾക്ക് അലങ്കാരമാവുന്നതുകൊണ്ടൊ   ജാരന്മാർ ജീവന്മരണ പോരാട്ടത്തിലേർപ്പെടുന്നതു കൊണ്ടൊ അല്ല.
മനുഷ്യർ വായ് മൂടുന്നതു കൊണ്ടുമാത്രമാകുന്നു.

ഭൂമിയിലെ മനുഷ്യരുടെ വ്യഗ്രത ആസുരമായ  ലോകം നിർമ്മിക്കുന്നതിലാണ്.
തളർച്ചയും അലസതയും വീഴ്ചകളും   ദൈന്യങ്ങളും  ഭൂമിയിലെ മനോഹരമായ കാഴ്ചകളാക്കി അവതരിപ്പിക്കുന്നത് അതുകൊണ്ടായിരിക്കണം.

നൃത്തം വീണ്ടും ശരീരമിളക്കുകയാണ്.ശരീരത്തിൽ നിന്നും അനന്തതകൾ അണപൊട്ടുകയാണ്.
ഇതിൽ  നിന്നൊക്കെ കാഴ്ചയൂരി ഞങ്ങൾ പുറത്തേക്ക് കടന്നു.ശരീരത്തിന്റെയും സംഗീതത്തിന്റേയും  ലോകം ഞങ്ങൾക്കെതിരെ വാതിലച്ചു.

ഞങ്ങൾ ഏതു ലോകത്തിൽ, ഇരുട്ടിലോ വെളിച്ചത്തിലോ?
ആരു പറഞ്ഞുതരും.




4 comments:

മണിലാല്‍ said...

രാത്രിക്ക് ഭംഗി ഉണ്ടാവുന്നത് നിലാവ് പരക്കുന്നതു കൊണ്ടൊ കിളികൾ കൊക്കുരുമ്മന്നതു കൊണ്ടൊ യക്ഷിപ്പാലകൾ പൂക്കുന്നതുകൊണ്ടൊ ജാരന്മാർ ജീവന്മരണ പോരാട്ടത്തിലേർപ്പെടുന്നതു കൊണ്ടൊ അല്ല.

മനുഷ്യർ വായ് മൂടുന്നതു കൊണ്ടാണ്.

ഭൂമിയിലെ മനുഷ്യർ അദ്ധ്വാനിക്കുന്നത് ആസുരമായ ഒരു ലോകം നിർമ്മിക്കാനാണ്.തളർച്ചയും അലസതയും ഉറക്കവും ഭൂമിയിലെ മനോഹരമായ കാഴ്ചകളാകുന്നത് അതുകൊണ്ടാണ്.

Jijo Kurian said...

I cannot but love these words: "രാത്രിക്ക് ഭംഗി ഉണ്ടാവുന്നത് നിലാവ് പരക്കുന്നതു കൊണ്ടൊ കിളികൾ കൊക്കുരുമ്മന്നതു കൊണ്ടൊ യക്ഷിപ്പാലകൾ ഗന്ധം പരത്തി ജ്വലിക്കുന്നതു കൊണ്ടൊ ജാരന്മാർ ജീവന്മരണ പോരാട്ടത്തിലേർപ്പെടുന്നതു കൊണ്ടൊ അല്ല. മനുഷ്യർ വായ് മൂടുന്നതു കൊണ്ടാണ്."

Sunny Joseph said...

വളരെ മനോഹരമായ വിവരണം, കാഴ്ച, ഭാഷ. നന്ദി മണിലാല്‍.

K.P.Sukumaran said...

സ്വയം ആഴങ്ങൾ നിർമ്മിക്കുകയും അതിലേക്ക് ഊന്നുകയും ചെയ്യുന്ന സൗന്ദര്യമുള്ള മനുഷ്യരെ,നിങ്ങൾ ഏതു മറവികളിലാണ് ഒളിച്ചിരിക്കുന്നത്.


മനോഹരം!


നീയുള്ളപ്പോള്‍.....